എമര്‍ജിങ് കേരളത്തില്‍ ഗള്‍ഫ് മലയാളിയുടെ ഇടം

 
 
 
 
പ്രവാസി മലയാളിയുടെ യഥാര്‍ത്ഥ ഇടം കേരളം എന്ന് തിരിച്ചറിയും?
എമര്‍ജിങ് കേരള പശ്ചാത്തലത്തില്‍ ഒരിടപെടല്‍. ദീപ ഷാജി എഴുതുന്നു

 
 
കേരളത്തിന്റെ വിപണന സാധ്യതകള്‍ വന്‍ വ്യവസായികള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്ന ‘എമര്‍ജിംഗ് കേരള നിക്ഷേപ സംഗമം’ കൊണ്ടാടപ്പെടുകയാണ്. നിക്ഷേപകരെക്കുറിച്ചുള്ള ആധികളാല്‍, അവരോടുള്ള വഴിഞ്ഞൊഴുകുന്ന സ്നേഹത്താല്‍ കേരള സംസ്ഥാനം തുടുക്കുന്ന സമയം. എന്നാല്‍, ഏറ്റവും വലിയ നിക്ഷേപകരായ പ്രവാസികളുടെ അവസ്ഥ മാത്രം ഒരു ചര്‍ച്ചയിലും വരില്ല. വന്‍ വ്യവസായികളുടെ വന്‍നിക്ഷേപം സ്വീകരിക്കുന്നതിനൊപ്പം മധ്യവര്‍ഗത്തിന്റെ ‘പല തുള്ളി’ നിക്ഷേപം കൊഴിഞ്ഞു പോകുന്നത് അറിയാതിരിക്കുകയും അത് തടഞ്ഞു നിര്‍ത്താനുള്ള വഴികള്‍ ആലോചിക്കുകയും ചെയ്തില്ലെങ്കില്‍ പഴങ്കഥയിലെ മലര്‍പ്പൊടിക്കാരന്റെ അവസ്ഥ തന്നെയാവും കേരളത്തിനും -കേരളം കണ്ണു തുറക്കേണ്ട കാതലായ പ്രശ്നത്തിലേക്ക് ഒരു വിരല്‍ചൂണ്ടല്‍. എമര്‍ജിങ് കേരള ആഘോഷത്തിന്റെ പശ്ചാത്തലത്തില്‍ ദീപ ഷാജിയുടെ ഇടപെടല്‍

 

 

ഇതു ജോര്‍ജ് കുട്ടി. വിദ്യാ സമ്പന്നനായ ഏതൊരു ചെറുപ്പക്കാരനെയും പോലെ ഒരു പാട് സ്വപ്നങ്ങളുമായി മദ്ധ്യകേരളത്തിലെ ഇടത്തരം കാര്‍ഷിക കുടുംബത്തില്‍ നിന്ന് 20 വര്‍ഷം മുമ്പ് ഗള്‍ഫിലെത്തി.

എല്ലാ മെട്രോ കുഞ്ഞുങ്ങളെയും പോലെ ജോര്‍ജ് കുട്ടി യുടെ മക്കള്‍. തീഷ്ണ സുഗന്ധി യായ ചെണ്ടുമല്ലിക്ക് പോലും ഗന്ധമില്ലാത്ത മരുഭൂമിയില്‍, കാറ്റും വെയിലുമേല്‍ക്കാതെ, പുഷ്പ സുഗന്ധമറിയാതെ, പുതുമഴയില്‍ മുളയ്ക്കുന്ന വിത്തുകളെ കാണാതെ ഇന്റര്‍ നാഷണല്‍ വിദ്യാഭ്യാസം നേടി. കഴിവതും നാടന്‍ ഭക്ഷണം ഒഴിവാക്കി രാജ്യാന്തര ഭക്ഷ്യശൃംഖലകളിലെ ഭക്ഷണത്തിന്റെ ആരാധകരായി.

എന്നാല്‍, ജോര്‍ജ് കുട്ടി മാത്രം അത്രയ്ക്കങ്ങ് മാറിയില്ല. മരുഭൂവിന്റെ ഊഷരമായ പൊടിക്കാറ്റിലും അയാള്‍ മനസ്സിലൊരു പച്ചപ്പ് സൂക്ഷിച്ചു. എല്ലാ ഗള്‍ഫ് മലയാളികളെയും പോലെ നോട്ടില്‍ നല്ലൊരു വീട്, പിന്നെ ഒരു ഓര്‍ഗാനിക് കൃഷിയിടം എന്നിങ്ങനെ ശിഷ്ടകാല സ്വപ്നങ്ങള്‍ സൂക്ഷിച്ചു.

ദീപ ഷാജി


ഏറെ വൈകിയില്ല, പിന്‍വിളികള്‍ ശക്തമായപ്പോള്‍ മൂന്നു വര്‍ഷം മുമ്പ് അയാള്‍ കുടുംബ സമേതം നാട്ടിലേയ്ക്ക് തിരിച്ചു പോന്നു. എന്നാല്‍, പ്രതീക്ഷിച്ചതല്ല കാത്തിരുന്നത്. നാട്ടിലെ സി.ബി.എസ് .ഇ സ്കൂളിലെ പഠനത്തിനും ട്യൂഷനുമൊന്നും മക്കളുടെ ‘മലയാളത്തില്‍’ തട്ടിയുള്ള വീഴ്ച തടയാനായില്ല. നാടന്‍ ഭക്ഷണത്തിന്റെ ശീലക്കേടുകളും അവരെ വലച്ചു.

ജോര്‍ജ് കുട്ടിയ്ക്കും അത് തിരിച്ചറിവുകളുടെ കാലമായിരുന്നു. കൃഷി സംരംഭങ്ങളുടെ ബാലന്‍സ് ഷീറ്റുകള്‍ നഷ്ടം മാത്രം കാണിച്ചു. നാട്ടിലെ മാറിയ സാഹചര്യങ്ങള്‍ അയാള്‍ക്ക് അപരിചിതമായി തോന്നി. ഉള്ളിലെ നാട് എത്രയോ മാറിയെന്ന് ജോര്‍ജ് കുട്ടി തിരിച്ചറിഞ്ഞു. ഗള്‍ഫുകാരനെ ഉള്‍ക്കൊള്ളാന്‍ നാടിന് കഴിയില്ലെന്ന് അയാള്‍ക്ക് ബോധ്യമായി. അയാള്‍ക്കു മുന്നില്‍ വീണ്ടും പ്രവാസത്തിന്റെ കഠിനപാതകള്‍ തന്നെ തെളിഞ്ഞു. നഴ്സ് ആയ ഭാര്യയുടെ സഹായത്തോടെ ഓസ്ട്രേലിയയിലേയ്ക്ക് കുടിയേറിയ അയാള്‍ ഇന്ത്യന്‍ പൌരത്വം ഉപേക്ഷിച്ചു.

തീര്‍ത്തും വ്യക്തി പരമായ തീരുമാനങ്ങള്‍ എന്ന നിലയില്‍ ചിന്തിക്കുമ്പോള്‍ ഇതൊരു വലിയ കാര്യമല്ല. പക്ഷെ വ്യക്തി സമൂഹത്തിന്‍റെ ഭാഗവും ,സമൂഹത്തിന് സ്റ്റേറ്റിന്റെ ഭാഗധേയം നിര്‍ണ്ണയിക്കാനുള്ള കഴിവുമുണ്ടാകുമ്പോള്‍ ജോര്‍ജുകുട്ടിമാരുടെ വ്യക്തി പരമായ തീരുമാനങ്ങള്‍ അതു മാത്രമല്ലെന്നു വരുന്നു. വ്യക്തിപരതയില്‍നിന്ന് വ്യത്യസ്ത മാനങ്ങളുള്ള സാമൂഹികപരതയിലേക്ക് അതു വളരുന്നു.

 

 
പിന്നെയും പിന്നെയും ചൂഷണം
മൂന്നു കോടിയിലേറെ വരുന്ന ഇന്ത്യന്‍ പ്രവാസികളില്‍ ഏറ്റവും അധികം പേര്‍ മലയാളികളും പഞ്ചാബികളുമാണ്. വിദേശ ഇന്ത്യക്കാരില്‍ നിന്ന് വര്‍ഷം തോറും 6200 കോടി ഡോളര്‍ ആണ് ഇന്ത്യക്ക് ലഭിക്കുന്നത്. എന്നിട്ടെന്താണ് പ്രവാസിക്ക് നാട് തിരിച്ചു നല്‍കുന്നത്?

ജനുവരികളില്‍ കൊണ്ടാടുന്ന പ്രവാസി ഭാരതീയ ദിനങ്ങള്‍ ഒന്നുമല്ല സാധാരണ പ്രവാസിയുടെ ആവശ്യം. നാട്ടിലെ എന്‍. ആര്‍. ഐ ഫെസ്റിവലുകളുമല്ല .
ഗള്‍ഫ് നാടുകളിലെ ഇന്ത്യക്കാരെ ബാധിക്കുന്ന ഏറ്റവും വലിയ പ്രശ്നം കാലാകാലങ്ങളായി സകല ഉത്സവ-പെരുന്നാള്‍ സീസണുകളിലും വിമാന ടിക്കറ്റില്‍ വരുന്ന വന്‍ വര്‍ധനയാണ്. ഗള്‍ഫിലെ വേനലവധിക്ക് സ്കൂളുകള്‍ അടക്കുമ്പോഴാണ് ഏറ്റവുമധികം പ്രവാസികള്‍ നാട്ടിലേയ്ക്ക് പോകുന്നത്. ആ സമയത്തും പതിവായി ടിക്കറ്റ് വില വര്‍ധന ഉണ്ടാകുന്നു.

ഏറ്റവും കുറഞ്ഞ ചിലവില്‍ നാട്ടിലേയ്ക്ക് പോവാന്‍ സൌകര്യം ചെയ്യുന്ന ‘നമ്മുടെ എക്സ്പ്രസില്‍’ ഇത്തവണ അവധി തുടങ്ങും മുമ്പേ സമരം തുടങ്ങി. 50 ലേറെ ദിവസം നീണ്ട സമരം പിന്‍വലിച്ചശേഷവും സര്‍വീസ് പഴയ പോലെ പുന:സ്ഥാപിച്ചിട്ടില്ല . ഇടയ്ക്കിടയ്ക്ക് സര്‍വീസ് റദ്ദാക്കുകയും ചെയ്യുന്നു. അതിന്റെ ഫലവും പ്രകടമാണ്. ഈ ഓണം- റംസാന്‍ സീസണില്‍ 60 % ത്തോളമാണ് നിരക്ക് വര്‍ധന. ജൂണില്‍ ഇന്ത്യയിലേക്കുള്ള വിമാന യാത്രികരുടെ എണ്ണം 3.84% കുറഞ്ഞു. മെയ് മാസത്തിലും യാത്രക്കാരുടെ എണ്ണത്തില്‍ കുറവുണ്ടായി. ദുബൈ ^കൊച്ചി^ദുബൈ വിമാന നിരക്ക് ഒരു ലക്ഷത്തിന് അടുത്തെത്തി. അതിനാല്‍ ഈ പെരുന്നാള്‍ -ഓണക്കാലം കുടുംബത്തോടൊപ്പം ആഘോഷിക്കണമെന്നു കരുതിയ എത്രയോ പേരുടെ ആഗ്രഹമാണ് പൊലിഞ്ഞു പോയത്. കൃത്യനിഷ്ഠത ഇല്ലാത്ത സര്‍വിസുകള്‍ നടത്തിയും വിസ തീര്‍ന്ന യാത്രക്കാരെ എയര്‍പോര്‍ട്ടിനു പുറത്തിറങ്ങാന്‍ പറ്റാത്ത വിധം വട്ടം ചുറ്റിച്ചും പണ്ടേ പേര് കേള്‍പ്പിച്ച വരാണവര്‍.

ഇതോടൊപ്പമാണ്, നിലവിലുള്ള 182 ദിവസത്തില്‍ നിന്ന് 60 ദിവസമായി കുറയുന്ന ഡയറക്റ്റ് ടാക്സ് കോഡ് പരിധി എന്ന വാളിന്‍റെ വായ്ത്തല തിളക്കവും. അതും പ്രവാസിക്ക് ആകുലതകള്‍ തന്നെ സമ്മാനിക്കുന്നു. പ്രവാസി നാട്ടിലേയ്ക്ക് അയയ്ക്കുന്ന പണത്തിനു സേവന നികുതി എന്നാദ്യം കേട്ടിരുന്നു. പിന്നീടത് ബാങ്കുകള്‍,മണി ട്രാന്‍സ്ഫര്‍ സ്ഥാപനങ്ങള്‍ ,മറ്റു ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ആണെന്ന് സഥിരീകരിക്കപെട്ടു . പക്ഷെ ഇനിയൊരു കാലത്ത് ഈ നികുതി കൂട്ടുവാനും അത് ഈ സ്ഥാപനങ്ങള്‍ പണമടക്കുന്നവരില്‍ നിന്ന് ഈടാക്കാനും സാധ്യതയുണ്ട് .

പാരിസില്‍ നിന്ന്വന്ന ഒരു യാത്രക്കാരന്‍ ബേബി ഡയപറിനുള്ളില്‍ സ്വര്‍ണ്ണ കള്ളക്കടത്തു നടത്തി എന്ന പേരില്‍, എത്രയോ നേരത്തെ കാലഹരണപ്പെട്ടു പോകേണ്ട നിയമങ്ങളുടെ പരിധിവെച്ച് 20 ,000 രൂപക്കു മേല്‍ വിലവരുന്ന സ്വര്‍ണത്തിന് സ്ത്രീ യാത്രക്കാരിയും 10 ,000 രൂപക്കു മുകളില്‍ ഉള്ള സ്വര്‍ണ ത്തിനു പുരുഷ യാത്രക്കാരനും 10 ഗ്രാമിന് 250 രൂപ വച്ച് നികുതി അടയ്ക്കണമെന്നു കണ്ടു പിടിച്ചവരാണ് നമ്മുടെ ഭരണാധികാരികള്‍. സ്വര്‍ണത്തിനെക്കാള്‍ വിലയേറിയ ആക്സസറീസ് നിലവിലുള്ളത് എന്നാല്‍, 60 കളിലെ മണ്ടന്‍ നിയമത്തിനറി യില്ല. ഭാഗ്യം .

മറ്റു രാജ്യങ്ങളില്‍നിന്ന് ഗള്‍ഫിലെത്തിയ പലര്‍ക്കും സ്വന്തം നാട്ടിലെ ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാവാനുള്ള അവസരമുണ്ട്. അവരവര്‍ ജോലി ചെയ്യുന്ന രാജ്യത്തുനിന്ന് തന്നെ വോട്ട് ചെയ്യാനുള്ള അവസരം. ഏറെ കാലത്തെ ആവശ്യത്തിനൊടുവില്‍ ഇന്ത്യന്‍ പ്രവാസിക്കും ലഭിച്ചു, വോട്ടവകാശം. എന്നാല്‍, നാട്ടില്‍ ആ സമയം ലീവിലുള്ളവര്‍ക്കല്ലാതെ ആര്‍ക്കും ഉപകരിക്കില്ല എന്നു മാത്രം. പ്രവാസിക്ക് വോട്ടവകാശം ലഭിച്ചാല്‍, ഇത്ര കാലം നടത്തുന്ന കണ്ണടച്ചിരുട്ടാക്കല്‍ സാധ്യമല്ലെന്ന് നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ തിരിച്ചറിഞ്ഞു കാണണം.

 

 

എമര്‍ജിങ് കേരളത്തിനറിയുമോ സാധാരണ ഗള്‍ഫുകാരെ?
കേരളത്തിന്റെ വിപണന സാധ്യതകള്‍ വന്‍ വ്യവസായികള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്ന ‘എമര്‍ജിംഗ് കേരള നിക്ഷേപ സംഗമം’ കൊണ്ടാടപ്പെടുകയാണ്. നിക്ഷേപകരെക്കുറിച്ചുള്ള ആധികളാല്‍, അവരോടുള്ള വഴിഞ്ഞൊഴുകുന്ന സ്നേഹത്താല്‍ കേരള സംസ്ഥാനം തുടുക്കുന്ന സമയം. എന്നാല്‍, ഏറ്റവും വലിയ നിക്ഷേപകരായ പ്രവാസികളുടെ അവസ്ഥ മാത്രം ഒരു ചര്‍ച്ചയിലും വരില്ല.

പൌരപ്രയത്നം കയറ്റുമതി ചെയ്ത് സംസ്ഥാന വാര്‍ഷിക ശരാശരിയേക്കാള്‍ എത്രയോ ഇരട്ടി ഓരോ വര്‍ഷവും തിരിച്ചു പിടിക്കുന്ന കേരളം
പാലൊരു സംസ്ഥാനം അര്‍ഹമായ പ്രാധാന്യം പ്രവാസികള്‍ക്ക് നല്‍കുന്നുണ്ടോ? ഭരണം മാറി മാറി വരുമ്പോഴും ഗള്‍ഫ് മലയാളികളോടുള്ള സമീപനത്തില്‍ മാറ്റമൊന്നും വരുന്നില്ല.

തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് സ്റ്റഡീസ് (സി.ഡി.എസ്) നടത്തിയ പഠനപ്രകാരം കഴിഞ്ഞ വര്‍ഷം പ്രവാസി മലയാളികള്‍ അഥവാ നോണ്‍ റസിഡന്റ്സ് കേരലൈറ്റ്സ് നാട്ടിലേക്കയച്ചത് 49,695 കോടി രൂപയാണ്. ഈ വര്‍ഷം അത് 60,000 കോടി രൂപ വരെ ആയേക്കാം എന്നാണ് കണക്കുകള്‍.രൂപയുടെ മൂല്യം ഇതര കറന്‍സികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ കുറഞ്ഞു പോയതിനാല്‍ പരമാവധി തുകയായിരിക്കും പ്രവാസി നാട്ടിലേക്കെത്തിക്കുക. ഈ പണത്തിലേറേയും അയയ്ക്കുന്നത് ഗള്‍ഫ് മലയാളി കളാണ്.

കേരളത്തിന് പുറത്തു താമസിക്കുന്ന മലയാളികളുടെ ക്ഷേമവും, അവര്‍ക്ക് വേണ്ട സഹായവും ഉറപ്പു വരുത്തുക ,വിദേശത്ത് നിന്ന് തിരിച്ചു വരുന്നവരുടെ പുനരധിവാസം, വിദേശ കേരളീയരെ സംസ്ഥാനത്ത് നിക്ഷേപം നടത്തുന്നതിന് പ്രേരിപ്പിക്കുക തുടങ്ങിയ പ്രഖ്യാപിത ലക്ഷ്യങ്ങളോടെ സ്ഥാപിതമായ പ്രവാസി കേരളീയ കാര്യ വകുപ്പാണ് ‘നോര്‍ക്ക’. സാമ്പത്തികമായും ഭരണപരമായും സ്വാതന്ത്രമുള്ള ‘നോര്‍ക്ക റൂട്സ് ‘എന്ന സ്ഥാപനം വഴിയാണ് നോര്‍ക്കയുടെ പ്രവര്‍ത്തനങ്ങള്‍ നടപ്പില്‍ വരുത്തുന്നത് . പ്രവാസികള്‍ക്കായി ഇത്തരമൊരു വകുപ്പ് തുടങ്ങിയ ആദ്യ സംസ്ഥാനമാണ് കേരളം. എന്നാല്‍, ശൈശവം പിന്നിട്ട് കൌമാരത്തിലെത്തിയിട്ടും നോര്‍ക്കയ്ക്ക് ഇതുവരെ പ്രവാസികളുടെ പഞ്ചായത്ത് തല കണക്കെടുപ്പ് പോലും നടത്താനായിട്ടില്ല.

 

 

കാലിനടിയിലെ മണ്ണ്
മിഡില്‍ ഈസ്റ് അഥവാ ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികള്‍ 2830 ലക്ഷം എന്നാണ് ഏകദേശ കണക്ക്. ഇവരില്‍ പകുതിയിലേറെ അവിദഗ്ധ തൊഴിലാളികള്‍ ഉള്‍പ്പെടുന്ന ‘ബാച്ചിലേഴ്സ്’ ആണ്. ബാക്കിയുള്ളവരില്‍ വലിയൊരു വിഭാഗം കുടുംബസമേതം താമസിക്കുന്നവരും.

സ്റ്റേറ്റിന്റെ ഏറ്റവും വലിയ സമ്പത്തായ, പൌെരന്മാരിലെ ക്രീം ആയ, വിദ്യാ സമ്പന്നര്‍ പുറത്തേയ്ക്കൊഴുകിയാല്‍ തിരിച്ചു നാട്ടിലേയ്ക്ക് എത്തണമെന്നില്ല . ഈ വര്‍ഗംഇന്ത്യന്‍ പൌെരത്വം ഉപേക്ഷിച്ച് യൂറോപ്യന്‍ രാജ്യങ്ങളിലെ പൌരത്വം സ്വീകരിക്കാറാണ് പതിവ്. അവരുടെ മക്കള്‍ക്ക് രാജ്യാന്തര നിലവാരത്തിലുള്ള വിദ്യാഭ്യാസമുണ്ടാവുന്നത് കൊണ്ട് ഏതു രാജ്യത്തും തുടര്‍പഠന സാധ്യതകളും, ജോലി സാധ്യതകളും ഉണ്ടാവും.

‘ബ്രെയിന്‍ ഡ്രെയിന്‍’ എന്ന ഒറ്റ വാക്കില്‍ ഒതുക്കാതെ അതുണ്ടാക്കുന്ന സാമൂഹികാഘാതത്തെക്കുറിച്ചും പഠി ക്കേണ്ടതല്ലേ? ഒരു ‘ജോര്‍ജ് കുട്ടി തലമുറ’ നാട്ടിലേയ്ക്ക് ഇനിയും നിക്ഷേപം നടത്തിയേക്കാം. പക്ഷെ അതെത്ര കാലം? ഏറിയാല്‍ 10-15 വര്‍ഷങ്ങള്‍. പിന്നെ വരുന്ന, നാടറിയാത്ത, മണ്ണ്റിയാത്ത മാതാപിതാക്കള്‍ വളര്‍ന്ന സാഹചര്യങ്ങളോട് വൈകാരികമായ ഒരടുപ്പവും തോന്നാത്ത പുതു തലമുറ നാട്ടില്‍ നിക്ഷേപം നടത്തുമോ ? പ്രോപ്പര്‍ട്ടി ,വീട് തുടങ്ങിയവയിലേക്കെല്ലാം നിക്ഷേപം നടത്താവുന്ന രാജ്യങ്ങളിലേയ്ക്ക് കുടിയേറിയവരില്‍ നിന്ന് തിരിച്ച് നാട്ടിലേയ്ക്ക് വരുന്ന നിക്ഷേപത്തിന് പരിധി ഉണ്ടാവുക സ്വാഭാവികമാണല്ലോ.

 

 

ജോര്‍ജ്കുട്ടിമാരെ ഇനിയും തഴഞ്ഞാല്‍…
പ്രവാസികള്‍ നാട്ടില്‍ നടത്തുന്ന ഒട്ടു മിക്ക ചെറുകിട സംരംഭങ്ങളും നഷ്ടത്തില്‍ അവസാനിക്കാറുണ്ട്. ഈ പരാജയങ്ങളെക്കുറിച്ച് വിശദമായി അപഗ്രഥനം നടത്തുകയും , വിജയ സാധ്യതയുള്ള സംരംഭങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുകയും, ചെറുകിട നിക്ഷേപ സൌഹൃദാന്തരീക്ഷം ഉണ്ടാക്കി കൊടുക്കുകയും ചെയ്താല്‍ ഈ ജോര്‍ജ് കുട്ടിമാര്‍ ഇനിയും നാട്ടില്‍ നിക്ഷേപ ങ്ങള്‍ നടത്തും. അവര്‍ നാടുവിട്ടു പോകുകയുമില്ല. എന്നാല്‍, എമേര്‍ജിങ് കേരള കാലാവസ്ഥയില്‍ പോലും ഇത്തരമൊരു ആലോചന ഉണ്ടാവുന്നതേയില്ല.

2011ലെ സെന്‍സസ് പ്രകാരം കേരളത്തില്‍ അടച്ചിട്ട വീടുകള്‍ 10.6 % മാണ്. ഇതിലും എത്രയോ കൂടുതല്‍ ആയിരിക്കും വൃദ്ധമാതാപിതാക്കള്‍ മാത്രമുള്ള വീടുകള്‍. വിദേശ കുടിയേറ്റക്കാരുടെ സ്വന്തം തറവാടായ കോട്ടയം ജിലയുടെ മാത്രം കണക്കെടുത്താല്‍ 2001 സെന്സസിലെ 6.86% ല്‍ നിന്നും ജനസംഖ്യാ വളര്‍ച്ച 2011ല്‍ എത്തിയപ്പോള്‍ 1.32% ആയി . ആറു വയസു വരെയുള്ള കുട്ടികളുടെ എണ്ണം 2,12,622 ല്‍ നിന്നും 1,68,563 ആയി കുറഞ്ഞു. ഇവിടെ കുറഞ്ഞ കുട്ടികളില്‍ വലിയൊരു വിഭാഗം വിദേശ പൌരന്മാരായി പിറന്ന് ഇന്ത്യന്‍ വംശജര്‍ മാത്രമായി മാറിയിട്ടുണ്ടാവും.

ഓസ്ട്രേലിയയില്‍ സ്ഥിരമാക്കുന്ന കുടിയേറ്റക്കാരില്‍ ഏറ്റവുമധികം പേരെത്തുന്നത് ഇന്ത്യയില്‍ നിന്നാണത്രെ. 2011- 12 ല്‍ 29 ,018 ഇന്ത്യക്കാര്‍ ഓസ്ട്രലിയയില്‍ സ്ഥിര താമസമാക്കി.ഇതില്‍ മലയാളികളെത്രെ? ഇന്ത്യയ്ക്ക് ഒരു പ്രവാസി കാര്യ വകുപ്പ് മാത്രമല്ല കേരളത്തിനും പ്രവാസി കാര്യ മന്ത്രിയുണ്ട് . ഇന്ത്യന്‍ പൌരത്വം ഉപേക്ഷിച്ചവരുടെ കൃത്യമായ കണക്കു നല്‍കുവാന്‍ അവര്‍ക്ക് കഴിയുന്നില്ല . വല്ല കണക്കുമുണ്ടോ നോര്‍ക്കയ്ക്ക്?

വന്‍ വ്യവസായികളുടെ വന്‍നിക്ഷേപം സ്വീകരിക്കുന്നതിനൊപ്പം മധ്യവര്‍ഗത്തിന്റെ ‘പല തുള്ളി’ നിക്ഷേപം കൊഴിഞ്ഞു പോകുന്നത് അറിയാതിരിക്കുകയും അത് തടഞ്ഞു നിര്‍ത്താനുള്ള വഴികള്‍ ആലോചിക്കുകയും ചെയ്തില്ലെങ്കില്‍ പഴങ്കഥ യിലെ മലര്‍പ്പൊടിക്കാരന്റെ അവസ്ഥ തന്നെയാവും കേരളത്തിനും.

 
 
 
 

6 thoughts on “എമര്‍ജിങ് കേരളത്തില്‍ ഗള്‍ഫ് മലയാളിയുടെ ഇടം

 1. യാഥാര്‍ത്ഥ്യത്തോട് ചേര്‍ന്ന് ഒഴുകുന്ന രചന…. അവാര്‍ഡുകള്‍ കിട്ടുന്നവന്റെ കോട്ടിന്റെ തിളക്കത്തില്‍ മയങ്ങാതെ യഥാര്‍ത്ഥ പ്രവാസിയെ പൊളിച്ചു കാണിച്ചിരിക്കുന്നു.. അഭിനന്ദനങ്ങള്‍ …

  ഇങ്ങനെ പറയാന്‍ അധികം പേരില്ല.. കാരണം ഭൂരിപക്ഷവും വാക്കുകള്‍ പോലും വിലക്കപ്പെട്ടവര്‍ ആണ് ..ഒന്നുകില്‍ ശമ്പളം പറ്റുന്നവര്‍ അല്ലെങ്കില്‍ ജീവിതത്തെക്കുറിച്ച് പേടി ഉള്ളവര്‍ ..

  വിളിച്ചു പറയാന്‍ കാണിച്ച ധൈര്യത്തിന് അഭിനന്ദനങ്ങള്‍ .. ഇനിയെത്ര പേര്‍ എതിര്‍ത്താലും ഈ എഴുത്തിലെ സത്യങ്ങള്‍ ഇല്ലാതാകുന്നില്ല… കാരണം അത് നഗ്നമായ സത്യങ്ങള്‍ മാത്രമാണ് ..

 2. ദീപാ ഷാജി,

  അഭിനന്ദനങ്ങൾ കണ്ണൂ തുറപ്പിക്കുന്ന ഈ പോസ്റ്റിന്, അതും കണ്ണുള്ളവർക്ക്.
  പറഞ്ഞതെല്ലാം അക്ഷരം പ്രതി ശരിയാണ്.
  പക്ഷെ…
  അത്ഭുതങ്ങളും, ഈഗോയും, സ്വാർഥതയും,പണത്തിന്റെ, ജാതിയുടെ മതത്തിന്റെ മുഷ്ക്കും രാഷ്ട്ര്രിയവും കുടിപ്പകയും കുതികാലുവെട്ടും, എല്ലാമെല്ലാം അതിന്റെ അതിഭീകര രൂപത്തിൽ കേരളത്തിൽ നടക്കുന്നതിനേക്കാൾ ഭീകരമായി താണ്ടവമാടുന്ന ഒരു അവസ്ഥയാണ് പ്രവാസി മലയാളി. ആഫ്രിക്കൻ മലയാളിപ്രവാസത്തിൽ നിന്നാണ് ഞാൻ സംസാരിക്കുന്നത്.
  അതായത്, എല്ലാവരും ഓരോരുത്തരും പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്, അതീവ രഹസ്യമായി, സഭയുടെ, അല്ലെങ്കിൽ നാട്ടിലെ ബെല്യ തറവാട്ടിലെ ബന്ധുക്കളായ മന്ത്രിമാരുടെയും അവരുടെ ക്ലാസിൽ പെട്ടവർക്കും ഒരു ഫോൺ വിളീ മതി എന്ന ഫിലോസഫി.

  ഞാൻ പറയുന്നത്, നമ്മളൊക്കെ അഭിമുഖീകരിക്കുന്നത് ഒരേ പ്രശ്നങ്ങളാണ് എന്ന ബോധത്തോടുകൂടി പ്രവാസികൾ കൂട്ടം ചേർന്ന്, സ്നേഹത്തൊടെ, സഹോദരഭാവത്തോടെ ഒന്നു ചേർന്നു പ്രവർത്തിച്ചിരുന്നെങ്കിൽ ഇന്നത്തെ ഈ ഗതി പ്രവാസിമലയാളിക്കു വരുമായിരുന്നോ എന്ന ചിന്ത മനസിൽ വരുന്നതു കൊണ്ടാണ്.

  അതെ കേരളത്തിൽ ജീവിക്കുന്നവരെ ക്കാൾ കുടുതൽ പലതരത്തിലുള്ള വിഷമം അനുഭവിക്കുന്നവരാണ് പ്രവാസികൾ.

  പക്ഷെ അവർക്കെന്തു പ്രശ്നം? ആരു പറയുന്നു അവർക്കു പ്രശ്നമുണ്ടെന്ന്.

  നോർക്കയിലേക്ക് ഞാനും ഇന്റെർനാഷനൽ വിളികൾ നടത്തിയിട്ടുണ്ട്. അവിടെയിരിക്കുന്ന ‘ഡയറക്റ്റർ‘ മാരെ കാര്യങ്ങൾ ഞാനാണോ പറഞ്ഞു മൻസിലാക്കേണ്ടത് എന്നു തോന്നിയിട്ടുണ്ട്. വിളിക്കാതിരുന്നാൽ ടെലിഫോൺ കുലിയെങ്കിലും ലാഭിക്കാമല്ലോ എന്നും.

  ഇതൊരു തുടക്കമാകട്ടെ. :))

 3. entho valiya kuttam cheythavare poleyanu airportil chennirangunna pravasiyodu avidullavarude sameepanam kettu thali polum pidichu nokkum swarnakkadathanennu panju.urakkam thoongunna kuttikalumayi pathirakku egine nilkkumbol vallatha amarsham undayittundu……..

 4. ആദ്യം പുറം നാടുകളിലീക് പറഞ്ഞു വിടുന്ന നാട്ടുകാരുടെ ആ ഉത്സാഹം കാണണം. പക്ഷെ പിന്നെ തിരിച്ചു വരുകയാണെന്ന് പറഞ്ഞാല്‍ എല്ലാവരും ഒന്നേ പറയു ” ഇവിടെ നിന്നിട്ട് ഒരു കാര്യവുമില്ല. പഴയ നാടല്ല. കല്ലെറിഞ്ഞാല്‍ വീഴുന്നത് ബിരുദക്കാരുടെ തലയിലാനെന്നു “….

 5. ഓരോ പ്രവാസവും ഒരു തുടര്‍ച്ചയെ ആണ് നഷ്ടപ്പെടുതുന്നത് , സൌഹൃടങ്ങലുറെ,ബന്ധങ്ങളുടെ നൈരന്തര്യത്തെ അത് എന്നനെക്കുമായി നിശബ്ദമാക്കുന്നു. ഒരു കാലത്ത് നാട്ടില്‍ നിറഞ്ഞു നിന്നവര്‍,പെരുന്നാളിനും ഉത്സവത്തിനും പ്രകടനത്തിനും കല്യാണ വീടുകളിലും സജീവ സാന്നിധ്യമായിരുന്നവര്‍ എന്നതൊക്കെ ഒരക്കാന്‍ മനോഹരമായ ഓര്‍മ്മകള്‍ മാത്രം … തിരിച്ചു പോക്കുകള്‍ പലപ്പോഴും അത്ര എളുപ്പമല്ല.

  കഴിഞ തവണ നാട്ടില്‍ ലീവ് നു പോയപ്പോള്‍ പതിവ് പോലെ പാര്‍ട്ടി ഓഫിസില്‍ ഒന്ന് കയറി,എന്റെ വീടിനെക്കാള്‍ എനിക്ക് സ്വാതന്ത്ര്യം ഉള്ള ഇടം,ഞാന്‍ അകത്തു കയറിയപ്പോള്‍ പെട്ടെന്ന് ഒരു ചോദ്യം,ആരാ?എന്താ? ആരെയ കാണേണ്ടത്? നോക്കുമ്പോള്‍ പുതിയ ഓഫിസ് സെക്രടറി ആണ്…പെട്ടെന്ന് ഞാന്‍ ഒന്ന് പതറി ,ആ ചോദ്യം എവിടെയോ വല്ലാതെ കൊണ്ട് .. നമ്മള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഇടത്തുനിന്നും പ്രതേകിച്ചു ഏതു സാഹചര്യത്തില്‍ കുടുങ്ങിയാലും രക്ഷപ്പെടുത്താന്‍ വരും എന്നാ ഉറപ്പുള്ള ഒരു അഭയ കേന്ദ്രത്തില്‍ നിന്നുമാണ് ആ ചോദ്യം വന്നത് …
  അത് ഒരു തിരിച്ചറിവ് ആയിരുന്നു ,നീ ഒരു പ്രവാസി ആണ് എന്നാ തിരിച്ചറിവ് …
  പിന്നെ എപ്പോളും നാട്ടില്‍ പോകുമ്പോള്‍ ദുബായിലും യു എ ഇ യിലും ഒക്കെ ജോലി ചെയ്യുന്ന പഴയ സഖാക്കളേ ഒക്കെ വിളിച്ചു ലീവ് ന്റെ സമയം ഒക്കെ ചോദിച്ചു ഞങ്ങള്‍ ഒരുമിച്ചാണ് പോകാറ്..

  പണം എന്നുള്ളത് എളുപ്പം പിഴുതെറിയാന്‍ പറ്റാത്ത വിധത്തില്‍ മനസുകളില്‍ വേരുറച്ചു പോയിരിക്കുന്നു …
  പലപ്പോഴും പത്തോ പതിനഞ്ഞോ കൊല്ലാതെ വിടവ് പലരെയും അവര്‍ അറിയാതെ സമൂഹത്തിന്റെ പൊതു ധാരയില്‍ നിന്നും മാറ്റി നിരുതിയിട്ടുണ്ടാവും ..
  .നാടിന്റെ കള്ളത്തരങ്ങളും ,പുതിയ സ്പന്ദനങ്ങളും മനസിലാക്കി എടുക്കാന്‍ അത്ര എളുപ്പമല്ല ….
  പുതിയ പിള്ളേരുടെ ഭാഷ പോലും വല്ലാതെ മാരിപ്പോയിട്ടുണ്ടാകും….

  പലപ്പോഴും വല്ലാത്ത ഒരു അപരിചിതത്യം ഫീല്‍ ചെയ്യുന്നു നാട്ടില്‍ ഒറ്റയ്ക്ക് പോകുമ്പോള്‍ …

Leave a Reply

Your email address will not be published. Required fields are marked *