ആണിടനാഴികളില്‍ ഒരു സൂക്ഷ്മദര്‍ശിനി

 
 
 
 
പി.കെ ശ്രീകുമാറിന്റെ ആദ്യ കവിതാസമാഹാരം
‘ആണടയാളങ്ങളെ’ക്കുറിച്ച് കെ. പി ജയകുമാര്‍

 
 

നവകവിതയുടെ നടപ്പുശീലങ്ങളില്‍നിന്ന് മാറിനടക്കുന്ന ഒരു കവിതാ സമാഹാരം ഇന്നലെ കോഴിക്കോട്ട് പുറത്തിറങ്ങി. കവി എന്ന നിലയില്‍ അധികമൊന്നും പുറത്തറിയാത്ത, മാഗസിന്‍ ജേണലിസ്റ്റും സംസ്കാര -ചലച്ചിത്ര പഠിതാവുമായ പി.കെ ശ്രീകുമാറിന്റെ ‘ആണടയാളങ്ങള്‍’. കോഴിക്കോട്ടെ ഒലിവ് ബുക്സ് പ്രസിദ്ധീകരിച്ച ഈ കവിതാ സമാഹാരം ‘പ്രണയത്തിന്റെയും ലൈംഗികതയുടെയും വ്യവഹാരങ്ങളില്‍ ആണത്തത്തിന്റെ സാംസ്കാരിക രാഷ്ട്രീയം ഏതൊക്കെ രീതിയില്‍ ആഖ്യാനക്ഷമമാകുന്നു’ എന്നു വിളിച്ചു പറയുന്നതാണ്. ആമുഖത്തില്‍ ഡോ. വി.സി ഹാരിസ് നിരീക്ഷിക്കുന്നത് പോലെ ‘വ്യക്തിയുടെയും ചരിത്രത്തിന്റെയും അനുഭവ പാഠങ്ങളെ, വ്യക്തിപരമായും രാഷ്ട്രീയമായും നേരിടാന്‍ ഒരുങ്ങുന്ന പാഠങ്ങളാണ് , അല്ലെങ്കില്‍ പാഠവല്‍കരണത്തിനുള്ള ശ്രമങ്ങളാണ്’ ശ്രീകുമാറിന്റെ കവിതകള്‍.. സമകാലിക മലയാള കാവ്യ പരിണാമത്തെ പ്രതിനിധീകരിക്കുന്ന സമാഹാരത്തെക്കുറിച്ച്, കെ.പി ജയകുമാര്‍ എഴുതുന്നു

 

 
 

ഒരു വിനോദവും
അരാഷ്ട്രീയമല്ല.

നമ്മുടെ രസങ്ങള്‍
ആനന്ദത്തിന്റെ കൈവഴികള്‍
ആസക്തിയുടെ ആരവങ്ങള്‍
അതിന്റെ ആണിടനാഴികള്‍

നമ്മുടെ രതിനിലകള്‍
നമ്മുടെ പുലഭ്യങ്ങള്‍
നമ്മുടെ കളിമ്പങ്ങള്‍
നമ്മുടെ ഫലിതങ്ങള്‍
ഉള്ളടക്കമില്ലാത്ത
പുസ്തകങ്ങളല്ല ഇതൊന്നും.

കാറ്റത്ത് മാമ്പഴം പൊഴിയുംപോലാണ്
കാണാമറയത്തു നിന്ന്
രാഷ്ട്രീയാര്‍ഥങ്ങള്‍ വരിക

-വിനോദ വേളകളെപ്പറ്റിയും-
(ആണടയാളങ്ങള്‍)

 
 

അത്ര മുമ്പല്ല, മലയാളത്തിലെ ഒരു ആഴ്ചപ്പതിപ്പിന്റെ സംവാദത്തില്‍ പങ്കെടുത്തുകൊണ്ട് പ്രമുഖനായ ഒരു ദൃശ്യമാധ്യമപ്രവര്‍ത്തകന്‍ ഇങ്ങനെ നിരാശകൊണ്ടു: കേരളത്തില്‍ ജീവക്കുന്ന യുവാക്കള്‍ക്ക് അനുഭവങ്ങളില്ല. ഇവിടെ കലാപങ്ങളില്ല, പലായനങ്ങളില്ല, വിഭജനങ്ങളും യുദ്ധങ്ങളുമില്ല. അങ്ങനെ ശാന്തമായി, തികച്ചും അരാഷ്ട്രീയമായി ജീവിക്കാന്‍ നിര്‍ബന്ധിതരാക്കപ്പെടുന്ന ജീവിത സാമൂഹ്യ സാഹചര്യത്തിന്റെ ഇരകളാണ് നമ്മുടെ യുവാക്കള്‍. സംഘര്‍ഷ രഹിതമായി കാലത്തിലൂടെ കടന്നുപോകുന്നതിന്റെ, ലോകത്തെ നടുക്കുന്നതൊന്നും റിപ്പോര്‍ട്ട് ചെയ്യാനാവാത്തതിന്റെ ശൂന്യത. സംഭവങ്ങള്‍ക്കായുള്ള വ്യക്തിയുടെ കാത്തിരിപ്പ്.

ഇതിന്റെ എതിര്‍ധ്രുവത്തില്‍ നിന്നുകൊണ്ടാണ് കവി കാലത്തെ വായിക്കുന്നത്. അടിയന്തിരാവസ്ഥക്കുശേഷം ജനിക്കുകയും സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയുടെ കാലത്ത് സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുകയും ആഗോളവല്‍ക്കരണകാലത്ത് സര്‍വ്വകലാശാല വിദ്യാഭ്യാസം നേടുകയും ചെയ്യുന്ന ഒരാള്‍ അപ്പോള്‍ ഏതു തരം സാമൂഹ്യരാഷ്ട്രീയ ജീവിതത്തിന്റെ അടയാളമാണ്?

പി കെ ശ്രീകുമാറിന്റെ ‘ആണടയാളങ്ങള്‍’ എന്ന കവിതാസമാഹാരം മുന്‍നിര്‍ത്തിയാണ് ഒരേ കാലത്തിന്റെ ഈ രണ്ടുതരം അനുഭവാഖ്യാനങ്ങള്‍ പരിശോധിക്കപ്പെടുന്നത്. യുദ്ധവും കലാപങ്ങളും പലായനങ്ങളും വിഭജനങ്ങളും നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്ന കാലത്തില്‍ ഉള്‍പ്പെട്ടുപോകുന്ന വ്യക്തിയുടെ സംഘര്‍ഷങ്ങളില്‍ നിന്നാണ് കവിത ജനിക്കുന്നത്.

കെ. പി ജയകുമാര്‍


കവിത സമരമാണ്. നമുക്കു ചുറ്റും അമര്‍ന്നുമുഴങ്ങുന്ന നിരവധി ഏകാന്തതകളിലേക്കുള്ള ‘നിശ്ശബ്ദായമാനമായ’ നാടുകടത്തലുകളാണ്. മറവിക്കെതിരെയുള്ള സമരവും ഭ്രാന്തും സ്വപ്നങ്ങളുമാണത്. നാടിനെപ്രതി, മനുഷ്യരെപ്രതി, പുഴകളെയും കാടുകളെയും പ്രതി കവിതയുടെ വാറണ്ട്. സ്വയം അവതരിപ്പിക്കുന്ന കുറ്റപത്രം. ചിലപ്പോള്‍ സത്യവാങ്മൂലം.

പി കെ ശ്രീകുമാറിന്റെ ‘ആണടയാളങ്ങള്‍’ അസന്തുലിതമായ സാമൂഹ്യ സാമ്പത്തിക ക്രമത്തില്‍, കവിതയും സമരവും ഒരേ രാഷ്ട്രീയ പ്രക്രിയയുടെ തുടര്‍ച്ചയാണെന്ന് ബോധമാണ് പങ്കിടുന്നത്. കാലത്തിന്റെ, ചരിത്രത്തിന്റെ വരികള്‍ക്കിടയില്‍ ഞെരിഞ്ഞമര്‍ന്നുപോയ നിസ്സഹായതയുടെ നിരവധി ശബ്ദങ്ങളെ നിശിതമായി പുനരാനയിക്കുകയാണ് ശ്രീകുമാര്‍. സ്വന്തം ഉടലിനോട്, ഉടല്‍ വഹിക്കുന്ന പരശ്ശതം ബോധങ്ങളോട്, ബോധ്യങ്ങളെ നിര്‍മ്മിക്കുന്ന പ്രത്യയശാസ്ത്രങ്ങളോട്, ഉടലിന്റെ രാഷ്ട്രീയ നിര്‍വ്വഹണത്തോട് കവി നടത്തുന്ന ചെറുതും വലുതുമായി സംവാദങ്ങളുടെ സമാഹാരമാണ് ‘ആണടയാളങ്ങള്‍’.

ഭൂതം എന്ന കവിതയില്‍ ആണ്‍ (കുട്ടി) ബോധങ്ങള്‍ പലമാതിരി വരച്ചിട്ട ഭൂതം പലതരം ജാതി വര്‍ഗ്ഗ ബന്ധങ്ങളുടെ ഉള്ളടക്കത്തിലൂടെയാണ് നീങ്ങുന്നത്. ഭൂതത്തെക്കുറിച്ച് ബോധ്യമുണ്ടായിട്ടും നിറങ്ങള്‍ അറിയാമായിരുന്നിട്ടും കുട്ടപ്പന് വരക്കാനറിയില്ല, ഭൂതത്തെ. കാരണം ‘കുട്ടപ്പന് സ്സേറ്റില്ലായിരുന്നു’. ക്ലാസ്മുറി എന്ന പൊതുസമൂഹത്തിലെ അസന്തുലിതമായ നിരവധി ജീവിതഖണ്ഡങ്ങളെയാണ് കവിത വെളിപ്പെടുത്തുന്നത്. വര്‍ഗ്ഗ/ ജാതി വിശകലനത്തിന്റെ സാമ്പത്തിക സാമൂഹ്യ വിവക്ഷകളില്‍ മാത്രമല്ല കവിത ചെന്നുതൊടുന്നത്

“സുബൈദ
അത്ഭുതവിളക്കാണ് വരച്ചത്.
നിന്റെയൊക്കെ ഭൂതത്തെ
ഇതിനകത്ത് പിടിച്ചിട്ടിട്ടുണ്ടെന്ന്
അവരെ കോക്രികാട്ടി”

എന്നിടത്ത് സങ്കടം വന്നു നില്‍ക്കുന്ന ആണ്‍കോയ്മയുടെ നിസ്സഹായതകൂടി വെളിപ്പെടുന്നുണ്ട്.

സാമൂഹ്യ -കുടുംബ ബന്ധങ്ങളില്‍ ആഴത്തില്‍ പതിഞ്ഞുകിടക്കുന്ന അധികാര ശ്രേണിയുടെ വഴിക്കണക്കാണ് “ക്ലാസ്നോട്ട് “എന്ന കവിത.

“ബോയ്കട്ട്” ആണ്‍ ശരീരപരികല്‍പ്പനകളെ പരിപാലിച്ചുപോരുന്ന നിരവധി സാംസ്കാരിക നിര്‍മ്മിതികളെയും അതിന് ചെന്നെത്താനാവാത്ത പുല്ലിംഗ അഭിലാഷങ്ങളുടെ ഗൂഢനിലങ്ങളെയും വെളിപ്പെടുത്തുന്നു.

” ഒരേസമയം തിയേറ്ററില്‍
പരശതം ലിംഗങ്ങള്‍ ഉയര്‍ന്നു താഴുന്നത്
സെന്‍സര്‍ബോര്‍ഡ് ശ്രദ്ധിക്കില്ല”

എന്ന് കവിത.

 

Cover Design: Zainul Abid


 

അധികാരത്തിന്റെ നോട്ടങ്ങള്‍ക്ക് വെളിയില്‍ ജീവിതത്തിന് ആഘോഷിക്കാനാവുന്ന ഇടങ്ങള്‍, ആനന്ദത്തിന്റെ ദുരന്തസ്ഥലങ്ങള്‍, പെണ്‍^ ആണ്‍ ഉടലുകളുടെ പിളര്‍പ്പുകള്‍. യുദ്ധവും കലാപവും പലായനവും ആനന്ദ ദുരന്തങ്ങളും ശരീരത്തില്‍ അടയാളപ്പെട്ടുകിടക്കുമ്പോള്‍ “അനുഭവങ്ങള്‍”ക്കായി കവിക്ക് പുറത്ത് പരതേണ്ടിവരുന്നില്ല.

‘പേഴ്സ്’ എന്ന കവിത അലസമെന്നുതോന്നുന്ന സംഭാഷണങ്ങളിലൂടെ, ജീവിക്കുന്ന കാലത്തെ വരഞ്ഞുവയ്ക്കുന്നു. പേഴ്സ് ശരീരത്തിനകത്തും പുറത്തുമായി വിനിമയം ചെയ്യുന്നത് നമ്മെത്തന്നെയാണ്. പുത്തന്‍ലോക സാമ്പത്തിക ക്രമത്തിനുള്ളില്‍

“ഉടുപ്പില്ലാത്ത തെണ്ടിപ്പിള്ളേര്‍
പെഴകള്‍, കള്ളജന്തുക്കള്‍
എന്തിനാണവയ്ക്ക് പോക്കറ്റുകള്‍?”

എന്ന ചോദ്യത്തിന്റെ വിരുദ്ധോക്തിയില്‍ വര്‍ത്തമാന ജീവിതം വികാരഭരിതമായി രേഖപ്പെടുന്നു.

‘വീട്ടച്ഛനി’ല്‍ നിശിതമായി വിചാരണചെയ്യപ്പെടുന്നത് അച്ഛന്‍ എന്ന ജൈവ അധികാര ശരീരത്തില്‍ ഉറഞ്ഞുകൂടിയ പുല്ലിംഗത്തിന്റെ നാനാതരം വിവക്ഷകളാണ്. “അടപ്പുതുറന്നാല്‍ പതഞ്ഞുപോകു”ന്ന “കുടുംബം” തുറക്കപ്പെടാതെ വീര്‍പ്പുമുട്ടുന്ന പരശതം ഞരമ്പുകളുടെ സംഘാതമാകുന്നുണ്ട്. സ്വകാര്യതയില്‍ നിന്ന് സാമൂഹ്യപരതയിലേക്കും ഏകാന്തതയില്‍ നിന്ന് ശബ്ദത്തിലേക്കും കവിതയിലേക്കും പതഞ്ഞൊഴുകിയേക്കാവുന്ന തടവിലാണ് ജീവിതം നുരഞ്ഞുകിടക്കുന്നതെന്ന തോന്നലാണ് ആ കവിത.

 

പി.കെ ശ്രീകുമാര്‍


 

വര്‍ത്തമാന സാമൂഹ്യജീവിതം അനുഭവങ്ങളെ എങ്ങനെ അടയാളപ്പെടുത്തുന്നു, അഥവാ സ്വന്തം ശരീരത്തില്‍ എങ്ങനെ പ്രതിനിധാനം ചെയ്യപ്പെടുന്നു എന്ന അന്വേഷണവും രേഖപ്പെടുത്തലുമാണ് ശ്രീകുമാറിന്റെ ഓരോ കവിതകളും. സമൂഹത്തിന്റെ ഞരമ്പില്‍നിന്നും കവിത പിന്‍വലിഞ്ഞൊഴുകുന്നില്ല. ആത്മവിമര്‍ശനത്തിന്റെ ചായംകൊണ്ട് ഉടലില്‍ പച്ചകുത്തിയതാണ് ഓരോ കവിതയും. ഭിന്നലൈംഗികതാപാഠങ്ങള്‍ തുറന്നിടുന്ന സംവാദ സാധ്യതകള്‍ “ഡ്രില്ല്” പോലെയുള്ള കവിതയില്‍ നീലിച്ചു കിടക്കുന്നു.

“ഡ്രില്ലുള്ള ദിവസം
രാത്രി കിടക്കാന്‍നേരം
ഉഴുതിട്ടതുപോലെയാണ് മേലുവേദന.
അച്ഛന്‍ വരുന്നതിന്റെ പിറ്റേന്ന്
അമ്മ പറയുംപോലല്ലിത്.”

ഉടല്‍ പ്രതിനിധാനം ചെയ്യപ്പെടുന്ന ഭിന്ന ലൈംഗികതയുടെ പ്രത്യയശാസ്ത്ര മണ്ഡലത്തെയാണ് കവിത സംവാദപ്പെടുത്തുന്നത്. അധികാരത്തിന്റെ, അച്ചടക്കത്തിന്റെ, മുന്നേറ്റത്തിന്റെ കീഴ്പ്പെടുത്തലിന്റെ നിരവധി ഡ്രില്ലുകളിലൂടെ ഉരുവപ്പെട്ട ആണുടലിന്റെ എന്തുതരം കാമനകളാണ് പെണ്ണുടലില്‍ നിര്‍വഹിക്കപ്പെടുന്നത്, എന്നതിന്റെ നിശിതമായ പ്രസ്താവമാണ് “അവള്‍ക്കറിയാം മേലുവേദന.” എന്നത്. അമ്മയില്‍ നിന്നും പെണ്‍മക്കളിലേക്ക് ആവര്‍ത്തിക്കപ്പെടുന്ന വേദനയുടെ ചരിത്രത്തെയാണ് കവിത രേപ്പെടുത്തുന്നത്.

‘ജല്ലിക്കെട്ടി’ ല്‍ വന്യമായ ഉടല്‍ ചേതങ്ങളില്‍ തകരുകയും തളിര്‍ക്കുകയും ചെയ്യുന്ന ജീവിത രതിയെ സമകാലിക കാവ്യാനുഭവങ്ങളാക്കി പെരുക്കിയെടുക്കുന്നു. ഈ പെരുക്കങ്ങളാവട്ടെ ‘അത്രമേല്‍ ഉള്‍ക്കനത്തില്‍ ഉദ്ധരിക്കാനാവാതെ മരിച്ചവന്റെ വിരല്‍ വാടിക്കിടക്കുംപോലെ, യുദ്ധം തോറ്റവന്റെ വിയര്‍പ്പുപോലെ അത്” എന്ന നിശിതമായ തോല്‍വിയായി പരിണമിക്കുന്നു.

തുറു, ആണ്, മീന്‍പിടുത്തക്കാരന്‍, കാഴ്ചയുടെ തുരുത്തുകള്‍, കല്യാണ എഴുത്തുകള്‍, റേഷന്‍ കാര്‍ഡ്, ആങ്കുട്ടി, ദൈവത്തിന്റെ കത്തുകള്‍ എന്നിങ്ങനെ ഓരോ കവിതയും ജീവിതത്തിന്റെ അപാരമായ സമരസന്ദര്‍ഭങ്ങളായിത്തീരുന്നു.

‘ആണടയാളങ്ങള്‍’ അനുഭവങ്ങളുടെ കരക്കിരുന്ന് കാഴ്ച കാണുവരുടെ “നിരാശകള്‍”ക്കുള്ള മറുപടിയാണ്. വര്‍ത്തമാനകാലത്താല്‍ ചുറ്റപ്പെട്ട ഒരു സാമൂഹ്യജീവിയുടെ വെളിപാടുകളാണ് ശ്രീകുമാറിന്റെ കവിതകള്‍. ഉഷ്ണവും ഉപ്പും വിയര്‍പ്പും രതിയും ആത്മനിന്ദയും അത്മവിമര്‍ശനങ്ങളുംകൊണ്ട് കവിത ചരിത്രത്തിന്റെ സംഭവബഹുലമായ സ്വരഭേദങ്ങളെ വാക്കുകളിലേക്ക് ആവാഹിക്കുന്നു. അതുകൊണ്ടാണ് ശ്രീകുമാറിന്റെ കവിതകള്‍ സമകാലിക മലയാള കാവ്യ പരിണാമത്തിന്റെ പ്രതിനിധിയാകുന്നത്.

 
 

ഒരു പാവം
ഒരിക്കല്‍
മീന്‍ പിടിക്കാന്‍ പോയി.

ഏറെ നേരം
കരയ്ക്കിരുന്നിട്ടും
ചൂണ്ടേലൊന്നും കൊത്തീല്ല.

പിന്നീടയാള്‍
വെള്ളത്തിലിറങ്ങി
മീന്‍പിടിക്കാന്‍ തുടങ്ങി.

നനഞ്ഞു നില്‍ക്കുന്ന
ആ സഖാവിനെ
വെള്ളം ചൂണ്ടയിട്ടു പിടിച്ചു
എന്നു പറയാമോ?

-ഊഹം-
(ആണടയാളങ്ങള്‍)

 
 
 
 
ആണടയാളങ്ങള്‍
പി.കെ ശ്രീകുമാര്‍

ഒലിവ് ബുക്സ് കോഴിക്കോട്
വില 55 രൂപ

 
 
 
 

3 thoughts on “ആണിടനാഴികളില്‍ ഒരു സൂക്ഷ്മദര്‍ശിനി

  1. പി കെ ശ്രീകുമാറിന്‍റെ കവിതകള്‍ പരിചയപ്പെടുത്തിയതിനു നന്ദി.ഇത്തരം പരിചയപ്പെടുത്തലുകളിലൂടെയാണ് പ്രവാസിയായ എനിക്ക് ബുക്കുകളെക്കുറിച്ചറിയുവാന്‍ കഴിയുക.ആണടയാളങ്ങള്‍ എന്ന പേരാണ് ഈ റിവ്യു വായിക്കുവാന്‍ പ്രേരിപ്പിച്ചത്.ഇമോഷണല്‍ പ്രളയവും പ്രണയവും തിരസ്കാരത്തിന്‍റെ ആധിയും കുത്തിനിറച്ച് സ്ത്രീയെഴുതുന്ന സ്ത്രീകവിതകളുടേയും പുരുഷനെഴുതുന്ന സ്ത്രീപക്ഷ കവിതകളുടേയും ബഹളമയമായ അന്തരീക്ഷത്തില്‍ പുരുഷാനുഭവങ്ങളുടെ വ്യാകുലതകളും ആധിയും സെക്ഷ്വല്‍ ഫാന്‍റ്സിയെക്കുറിച്ചുമൊക്കെ എഴുതുവാന് ആണത്വമുള്ളവ൪ പിറക്കുന്നത് എത്ര സന്തോഷകരമായ കാര്യമാണ്.സാമ്പിളുകള്‍ വച്ചുനോക്കിയാല്‍ ശ്രീകുമാറിന്‍റേത് നല്ല കവിതകളാകണം. അ൪ത്ഥവത്തായതും അതേസമയം ലളിതവും തീഷ്ണവുമായ കവിതകള്‍.വലിയ ആഹ്വാനങ്ങളില്ല.നാട്യമോ വീ൪പ്പിക്കലോ ഇല്ല.പിടലിയില്‍ ഞരമ്പുപിടക്കാതെയും നല്ല കവിതകളെഴുതാമെന്ന് ഈ കവിതകള്‍ നമ്മോട് പറയുന്നു.‌

    വികാരങ്ങളും അനുഭവങ്ങളും അസംസ്കൃതവസ്തുക്കളായി ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നും കറുത്ത/പച്ച രാജ്യങ്ങളില്‍ നിന്നുമൊക്കെ ഇറക്കുമതി ചെയ്താലേ അതില്‍നിന്നുല്പാദിപ്പിക്കുന്ന അച്ചടിച്ച ഫിനിഷ്ഡ് ഉല്‍പ്പന്നങ്ങള്‍ മാ൪ക്കറ്റില്‍ പച്ചപിടിക്കൂവെന്ന മലയാള അങ്ങാടിനിയമത്തെ വെല്ലുവിളിച്ചുകൊണ്ടാണ് ജയകുമാ൪ ഈ നിരൂപണം തുടങ്ങുന്നതു തന്നെ.കവിത വ്യക്തിയുടെ ഫീലിംഗുകളാണെന്നും അതില്‍ ഏതുതരം അനുഭവവും വിഷയമാകാമെന്നും ശ്രികുമാറിന്‍റെ വരികളിലൂടെ ജയകുമാ൪ വെളിവാക്കുന്നു.

    നന്ദി.നിരൂപകനും പുത്തന്‍ കവിക്കും.

    (പോസ്റ്റ് സ്ക്രിപ്റ്റ്: പി കെ ശ്രീകുമാറും അത് തിരിച്ചിട്ടാലുള്ള കെ പി ജയകുമാറും മാറിപ്പോകാതിരിക്കുവാന്‍ എനിക്ക് കൂടുതല്‍ ശ്രദ്ധിക്കേണ്ടി വന്നു.)
    -കാള്‍ഗറിയില്‍ നിന്നും അസീസ്

  2. നല്ല നിരൂപണം. ഈ പുസ്തകം വായിക്കണം എന്ന് ഞാന്‍ ഉറപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *