എ.ഡി 1341ലെ ആ വെള്ളപ്പൊക്കം

 
 
 
 
കഴിഞ്ഞ മാസത്തെ സുപ്രധാന സാംസ്കാരിക ചലനങ്ങള്‍
രേണു രാമനാഥ് എഴുതുന്നു

 
 
പ്രദര്‍ശനത്തിന്റെ പേര് പ്രധാനപ്പെട്ട സൂചകമാണ്. 1341 എ.ഡി. കേരളത്തെ സംബന്ധിച്ച് ഏറെ ചരിത്രപ്രാധാന്യമുള്ളൊരു കൊല്ലമാണിത്. ആ വര്‍ഷം പെരിയാറിലുണ്ടായ വലിയൊരു വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അന്നുവരെ കേരളത്തിന്റെ കലാലോകത്തേക്കുള്ള കവാടമായിരുന്ന കൊടുങ്ങല്ലൂര്‍ (മുസിരിസ് തുറമുഖം) ചെളിയടിഞ്ഞ് കാലക്രമേണ ഇല്ലാതാവുകയും തൊട്ടടുത്തുള്ള കൊച്ചി തുറമുഖം രൂപം കൊണ്ടുവരികയും ചെയ്തു. കേരളത്തിന്റെ തന്നെ പിന്നീടുള്ള ചരിത്ര ഗതിയെ മാറ്റിമറിച്ചതായിരുന്നു എ.ഡി 1341ലെ ആ വെള്ളപ്പൊക്കം-കഴിഞ്ഞ മാസത്തെ സുപ്രധാന സാംസ്കാരിക ചലനങ്ങള്‍. രേണു രാമനാഥ് എഴുതുന്നു

 

 

ഇന്ത്യയിലെ പ്രമുഖ ആര്‍ട്ട് ഗാലറികളിലൊന്നായ ഒ.ഇ.ഡി എറണാകുളം വാരിയം റോഡില്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നത് 2006ലാണ്. കോഴിക്കോട് സ്വദേശിയായ ദിലീപ് നാരായണന്‍ അതിനേറെ മുമ്പുതന്നെ കലാരംഗത്തെ തന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ‘ഓപ്പണ്‍ ഐഡ് ഡ്രീംസ്’ എന്ന പേരില്‍ ഒട്ടേറെ പ്രദര്‍ശന പരമ്പരകള്‍ കൊച്ചിയിലും കോഴിക്കോട്ടും നടത്തിക്കാണ്ടാണ് ദിലീപ് നാരായണന്‍ രംഗത്തുവരുന്നത്. വാരിയം റോഡിലെ മൂന്നു നില കെട്ടിടത്തിന്റെ ഒന്നാം നിലയിലാരംഭിച്ച ഗാലറിക്ക് സ്ഥലപരിമിതി പെട്ടെന്നു തന്നെ അനുഭവപ്പെടാന്‍ തുടങ്ങി. ഇന്ത്യയിലെ പ്രമുഖ ചിത്രകാരന്‍മാരുടെയല്ലാം ചിത്രങ്ങളും ശില്‍പ്പങ്ങളുമടങ്ങുന്ന പ്രധാന പ്രദര്‍ശനങ്ങള്‍ നടത്താന്‍ കൂടുതല്‍ വിശാലമായൊരു സ്ഥലം കൂടാതെ കഴിയില്ലായിരുന്നു. പക്ഷേ, എറണാകുളം നഗരത്തില്‍ അത്തരമൊരിടം കണ്ടെത്തുക ഏതാണ്ട് അസാധ്യം തന്നെയാണല്ലോ.

 

ഒ.ഇ.ഡി ആര്‍ട്ട് ഗാലറി


 

അങ്ങനെയാണ് ദിലീപ് നാരായണന്‍ പാലങ്ങള്‍ കടന്ന് മട്ടാഞ്ചേരിയിലെത്തുന്നത്. കായലോരത്ത് പാണ്ടികശാലകള്‍ തിങ്ങിനില്‍ക്കുന്ന വ്യാപാര കേന്ദ്രമായ ബസാര്‍ റോഡില്‍ ഒഴിഞ്ഞു കിടക്കുന്ന കൂറ്റന്‍ പാണ്ടികശാല പാട്ടത്തിനെടുത്ത് ഗാലറിയെ അവിടേക്ക് പറിച്ചു നടാനുള്ള ശ്രമം തുടങ്ങിയിട്ട് ഒന്നര വര്‍ഷത്തിലേറെയായി. ഏതാണ്ട് 150 ഓളം വര്‍ഷം പഴക്കമുള്ള ആ കൊളോണിയല്‍ ഗോഡൌണിന് കേടുപാടുകള്‍ ഏറെയായിരുന്നു. അതേസമയം കെട്ടിടത്തിന്റെ പുരാതന പ്രൌഢിക്ക് മാറ്റമൊന്നുമില്ലാതെ സംരക്ഷിക്കുകയും വേണം.

കോഴിക്കോട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ‘കോമണ്‍ ഗ്രൌണ്ട്’ എന്ന ആര്‍ക്കിടെക്ചര്‍ ഗ്രൂപ്പാണ് പാണ്ടികശാലയെ ആര്‍ട്ഗാലറിയാക്കി മാറ്റുന്ന ശ്രമകരമായ പ്രവൃൃത്തി നിര്‍വഹിച്ചത്. ആര്‍ക്കിടെക്റ്റുകളായ നിഖില്‍ മോഹനും സിമി ശ്രീധരനും ബിനോയ് ബാലകൃഷ്ണനും ചേര്‍ന്ന് ഒന്നരവര്‍ഷത്തെ അധ്വാനത്തിലൂടെ 2300 ചതുരശ്ര അടി വിസ്താരമുള്ള ഒന്നാന്തരമൊരു ആര്‍ട്ട് ഗാലറി മെനഞ്ഞെടുത്തു. കെട്ടിടത്തിന്റെ കേടുപാടുകള്‍ തീര്‍ക്കല്‍ തന്നെയായിരുന്നു പ്രധാന പണി.

 

1341 AD പ്രദര്‍ശനം


 

മട്ടാഞ്ചേരിയിലെ പുതിയ ഇടത്തില്‍ ഇക്കഴിഞ്ഞ ജുലൈ 29ന് ഗാലറി ഓ.ഇ.ഡിയുടെ പ്രവര്‍ത്തനം പുനരാരംഭിച്ചത് പ്രധാനപ്പെട്ട ഒരു പ്രദര്‍ശനത്തോടൊപ്പമാണ്. 1341 AD എന്ന് നാമകരണം ചെയ്ത ഈ പ്രദര്‍ശനത്തില്‍ ഇന്ത്യയിലെ പ്രമുഖരായ 13 കലാകാരന്‍മാരുടെ സൃഷ്ടികള്‍ അടങ്ങിയിരിക്കുന്നു.

രാജന്‍ എം കൃഷ്ണന്‍, റിംസണ്‍ എന്‍.എന്‍, ബോസ് കൃഷ്ണമാചാരി, സുമോദ് രാജേന്ദ്രന്‍, റിയാസ് കോമു, റെജി കെ.പി, സുനോജ് ഡി, ബിനോയ് വര്‍ഗീസ്, ഭാഗ്യനാഥ്, ഗോപീകൃഷ്ണ, രഘുനാഥന്‍, സക്കീര്‍ ഹുസൈന്‍ തുടങ്ങിയവരാണ് പ്രദര്‍ശനത്തില്‍ പങ്കെടുത്തത്.

പ്രദര്‍ശനത്തിന്റെ പേര് പ്രധാനപ്പെട്ട സൂചകമാണ്. 1341 എ.ഡി. കേരളത്തെ സംബന്ധിച്ച് ഏറെ ചരിത്രപ്രാധാന്യമുള്ളൊരു കൊല്ലമാണിത്. ആ വര്‍ഷം പെരിയാറിലുണ്ടായ വലിയൊരു വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അന്നുവരെ കേരളത്തിന്റെ കലാലോകത്തേക്കുള്ള കവാടമായിരുന്ന കൊടുങ്ങല്ലൂര്‍ (മുസിരിസ് തുറമുഖം) ചെളിയടിഞ്ഞ് കാലക്രമേണ ഇല്ലാതാവുകയും തൊട്ടടുത്തുള്ള കൊച്ചി തുറമുഖം രൂപം കൊണ്ടുവരികയും ചെയ്തു. കേരളത്തിന്റെ തന്നെ പിന്നീടുള്ള ചരിത്ര ഗതിയെ മാറ്റിമറിച്ചതായിരുന്നു എ.ഡി 1341ലെ ആ വെള്ളപ്പൊക്കം.

 

അംഗുലീയാങ്കം


 

അംഗുലീയാങ്കം
എ.ഡി ഒമ്പതാം നൂറ്റാണ്ടില്‍ കേരളത്തില്‍ ജീവിച്ചിരുന്നുവെന്ന് കരുതപ്പെടുന്ന ശക്തിഭദ്രകവിയുടെ പ്രശസ്തനാടകം ‘ആശ്ചര്യചൂഢാമണി’യുടെ ആറാമങ്കമാണ് അംഗുലീയാങ്കം. കൂടിയാട്ട അരങ്ങിന് ഏറെ പരിചിതമായ ‘ആശ്ചര്യചൂഢാമണിയിലെ ഈ ആറാമങ്കം പക്ഷേ പൊതുവേദികളില്‍ അധികം അവതരിപ്പിക്കപ്പെടാറില്ല. സാധാരണ അമ്പലങ്ങളില്‍ 12 ദിവസത്തെ ചടങ്ങായിട്ടാണ് അംഗുലീയാങ്കം അവതരിപ്പിക്കാറുള്ളത്. അഭിനേതാവിന് മുന്നില്‍ കനത്ത വെല്ലുവിളി ഉയര്‍ത്തുന്നതാണ് അംഗുലീയാങ്കം എന്നാണ് പറയപ്പെടുന്നത്.

അപൂര്‍വമായ ഈ അങ്കത്തിന്റെ ഒരു സമ്പൂര്‍ണ രംഗാവതരണം എറണാകുളം ജില്ലയിലെ മൂഴിക്കുളത്ത് നേപത്യായുടെ ആഭിമുഖ്യത്തില്‍ നടന്നു വരികയാണ്. ജറൂസലമിലെ ഹീബ്രു യൂനിവേഴ്സിറ്റിയുടെ പിന്തുണയോടെ പ്രശസ്ത കൂടിയാട്ടം കലാകാരനായ മാര്‍ഗി മധുവിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഈ രംഗാവതരണം 29 നാള്‍ നീണ്ടുനില്‍ക്കും.

ജുലൈ 29 മുതല്‍ ആഗസ്ത് 27 വരെ നേപത്യാ കൂത്തമ്പലത്തിലാണ് അംഗുലീയാങ്കം അവതരിപ്പിക്കപ്പെടുന്നത്. ഹീബ്രു യൂനിവേഴ്സിറ്റിയിലെ ഇന്‍ഡോളജി വിഭാഗം തലവനും സംസ്കൃതം പ്രൊഫസറുമായ ഡോ. ഡേവിഡ് ഷൂള്‍മാന്റെ സാന്നിധ്യവും ഈ അവതരണ സമയത്തുണ്ടാവും. ജുലൈ 29ന് നടന്ന ഉദ്ഘാടന സമ്മേളനാനന്തരം ഡോ. ഇന്ദു ജി അവതരിപ്പിക്കുന്ന ഗോവര്‍ധനോദ്ധാരണം നങ്ങ്യാര്‍ കൂത്ത് അരങ്ങേറി.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രമുഖ കൂടിയാട്ടം കലാകാരന്‍മാരായ പൈങ്കുളം നാരായണ ചാക്യാര്‍, മാര്‍ഗി രാമചാക്യാര്‍, മാര്‍ഗി സജീവ് നാരായണ ചാക്യാര്‍, മാര്‍ഗി മധു, കലാമണ്ഡലം കൃഷ്ണകുമാര്‍, അമ്മന്നൂര്‍ രജനീഷ് ചാക്യാര്‍, സൂരജ് നമ്പ്യാര്‍, നേപത്യാ രാജന്‍ ചാക്യാര്‍, നേപത്യാ യദുകൃഷ്ണന്‍ എന്നിവരും പങ്കെടുക്കും

 

മണ്‍സൂണ്‍ ഡാന്‍സ് ഫെസ്ററിവല്‍


 

മഴനൃത്തം,സ്ലൈഡ് പ്രദര്‍ശനം
മണ്‍സൂണ്‍ ഈ വര്‍ഷം ദുര്‍ബലമാണ്. എന്നാലും മഴയില്ലാത്ത കര്‍ക്കിടകത്തിലും തൃശൂരിലെ നവനീതം കള്‍ച്ചറല്‍ ട്രസ്ററ് മൂന്ന് ദിവസത്തെ മണ്‍സൂണ്‍ ഡാന്‍സ് ഫെസ്ററിവല്‍ നടത്തി. ജുലൈ 26, 27, 28 തീയതികളില്‍ സംഗീത നാടക അക്കാദമിയുടെ റീജിയനല്‍ തിയറ്ററില്‍ നടന്ന നൃത്തോല്‍സവത്തില്‍ മൂന്ന് നര്‍ത്തകിമാര്‍ പങ്കെടുത്തു. കലാമണ്ഡലം ക്ഷേമാവതിയുടെയും ഗോപികാ വര്‍മയുടെയും ശിഷ്യയാ യഡോ. മൈഥിലി അനൂപിന്റെ മോഹിനിയാട്ടം, പൂജാ പന്തിന്റെ കഥക്, അമൃതാ ലാഹിരിയുടെ കുച്ചുപുഡി, എന്നീ നൃത്തങ്ങളാണ് അവതരിപ്പിക്കപ്പെട്ടത്.

തൃശൂരിലെ കലാകാരരുടെ പുതിയ കൂട്ടായ്മയായ തൃശൂര്‍ ആര്‍ട്ട് എന്‍സെംബിളിന്റെ ആഭിമുഖ്യത്തില്‍ പ്രശസ്ത ശില്‍പ്പിയായ വത്സന്‍ കൂര്‍മ കൊല്ലേരിയുടെ സ്ലൈഡ് പ്രദര്‍ശനം നടത്തി. കേരള സാഹിത്യ അക്കാദമി ഹാളില്‍ നടന്ന പ്രദര്‍ശനത്തിനു മുമ്പ് ആര്‍ട്ട് എന്‍സെംബിളിന്റെ പ്രവര്‍ത്തനങ്ങള്‍ അക്കാദമി സെക്രട്ടറി ആര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

 

'ഭൂമിയുടെ അവകാശികള്‍'


 

‘തിയറ്റര്‍ ഹട്ട്’
കോട്ടയം ജില്ലയില്‍ പൊന്‍കുന്നത്ത് യുവ നാടക പ്രവര്‍ത്തകനായ അഭീഷ് ശശിധരനും സുഹൃത്തുക്കളും പ്രാദേശിക തലത്തിലുള്ള വായനശാലകളും സ്കൂളുകളും കേന്ദ്രീകരിച്ച് ശ്രദ്ധേയമായ നാടക സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. നാഷനല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍നിന്ന് തിയറ്ററില്‍ പഠനം പൂര്‍ത്തിയാക്കിയ അഭീഷ് ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് സ്വന്തം നാട്ടില്‍ തുടങ്ങിവെച്ചതാണ് ‘തിയറ്റര്‍ ഹട്ട്’ എന്ന സാംസ്കാരിക കൂട്ടായ്മ.

പൊന്‍കുന്നം ജനകീയ വായനശാല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ‘തിയറ്റര്‍ ഹട്ട്’ പരിസരത്തെ മറ്റു പല ഗ്രാമീണ വായനശാലകളുമായും ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ഭൂമിയുടെ അവകാശികള്‍’ ആധാരമാക്കി ചെയ്ത ഒരു നാടകം വല്യേപ്പുള്ളി ഗവ. എല്‍.പി സ്കൂളില്‍ ഈയിടെ അവതരിപ്പിച്ചു. വായനശാലാ പ്രവര്‍ത്തകര്‍ ചേര്‍ന്നവതരിപ്പിച്ച നാടകം കുട്ടികളുമായി നേരിട്ടു സംവദിക്കുന്നതാണ്.

പൊന്‍കുന്നം വായനശാലയുടെ യുവജന വിഭാഗമായ ജനകീയ യുവജന വേദിയുടെ തിയറ്റര്‍ വിഭാഗമായ ‘രംഗയൌവനം’ ‘വായനക്കാഴ്ച’ എന്നൊരു പരിപാടിയും അവതരിപ്പിച്ചു വരുന്നു. പ്രശസ്തമായ ഏതെങ്കിലും ഗ്രന്ഥത്തിന്റെ രംഗാവതരണമാണ് വായനക്കാഴ്ച. ബഷീറിന്റെ ‘തേന്‍മാവ്’, ഒ. ഹെന്‍ റിയുടെ ‘ദ ലാസ്റ്റ് ലീഫ്’, എന്നീ കഥകള്‍ ഇതിനകം അവതരിപ്പിച്ചു കഴിഞ്ഞു.

വായനശാലയില്‍ ഈയിടെ നടന്ന ബഷീര്‍- -പൊന്‍കുന്നം വര്‍ക്കി അനുസ്മരണ ചടങ്ങില്‍ ബഷീറിന്റെ ‘ഒരു മനുഷ്യന്‍’ എന്ന കഥയെ അടിസ്ഥാനമാക്കി ചെയ്ത ‘വരത്തന്‍’ എന്ന നാടകം തിയറ്റര്‍ ഹട്ട് അവതരിപ്പിച്ചിരുന്നു.

 

 

‘ദ്രൌപതി’ 26ന്
എറണാകുളത്തെ ലോകധര്‍മിയുടെ പുതിയ നാടകമായ ദ്രൌപതി’ ആഗസ്ത് 26ന് ആദ്യാവതരണം നടത്തും. ചന്ദ്രദാസന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘ദ്രൌപതി’ ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിലാണ് അവതരിപ്പിക്കുന്നത്. സുകന്യാ ഷാജി, വി.ആര്‍ ശെല്‍വരാജ്, ഷൈജു ടി, ഹംസ, ആദിത്യ കെ. നാരായണന്‍ എന്നിവരാണ് അഭിനേതാക്കള്‍.
പ്രശസ്ത ഗായകരായ ശ്രീവല്‍സന്‍ ജെ മേനോനാണ് സംഗീതം. രാധിക ആര്‍ നായര്‍ ഗാനങ്ങളാലപിച്ചിരിക്കുന്നു. ലൈറ്റ് ഡിസൈന്‍ ശ്രീകാന്ത്. പട്ടണം റഷീദാണ് ചമയം. ലൈറ്റ് ഡിസൈന്‍ ശ്രീകാന്ത്. പട്ടണം റഷീദാണ് ചമയം.

Leave a Reply

Your email address will not be published. Required fields are marked *