എത്ര സുരക്ഷിതം നമ്മുടെ ഫോണ്‍വിളികള്‍?

 
 
 
 
നമ്മുടെ ഫോണ്‍ വിളികള്‍ എത്ര മാത്രം സുരക്ഷിതമാണ്?
വി.കെ ആദര്‍ശ് എഴുതുന്നു

 
 

നമ്മുടെ ഫോണ്‍ വിളികള്‍ എത്ര മാത്രം സുരക്ഷിതമാണ്? നമ്മുടെ എസ്.എം.എസുകള്‍ മറ്റാര്‍ക്കു മുന്നിലാണ് തുറന്നിടപ്പെടുന്നത്? മൊബൈല്‍ ഫോണില്‍ മനസ് ലയിപ്പിച്ചുള്ള നമ്മുടെ നീളന്‍ സംവാദങ്ങള്‍ക്ക് മറ്റാരാണ് കാതോര്‍ക്കുന്നത്? കുറച്ചു കാലമായി പൊതുവിടങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഈ വിഷയത്തില്‍ ഇതാ, പുതിയൊരു വഴിത്തിരിവു കൂടി.
നമ്മുടെ വിളികള്‍ കൈകാര്യം ചെയ്യുന്ന മര്‍മപ്രധാനമായ ലൊക്കേഷന്‍ റൂട്ടിങ് നമ്പര്‍ ഡാറ്റാബേസ് ഇപ്പോള്‍ രണ്ട് വിദേശ സ്വകാര്യസ്ഥാപനങ്ങളുടെ കൈകളിലാണ്. അവ കൈകാര്യം ചെയ്യുന്നത് സര്‍ക്കാറോ സര്‍ക്കാര്‍ ഏജന്‍സികളോ അല്ല. ഈ പശ്ചാത്തലത്തില്‍ ഒരന്വേഷണം. സര്‍ക്കാറും പൊതുജനവും ജനപ്രതിനിധികളും അടിയന്തിരമായി ഇടപെടേണ്ട വിഷയത്തിലേക്ക് ഒരു പ്രവേശിക. മലയാള സാങ്കേതിക എഴുത്തിലെ ശ്രദ്ധേയസ്വരം വി.കെ ആദര്‍ശ് എഴുതുന്നു

 

 

പൌരന് അതീവ സ്വകാര്യത ഉറപ്പാക്കുന്ന തരത്തിലാണ് നമ്മുടെ നിയമ സംവിധാനം ടെലിഫോണ്‍ വിളിയെ പരിഗണിക്കുന്നതും സംരക്ഷിക്കുന്നതും. ബ്രിട്ടീഷുകാരുടെ കാലത്തെ ഇന്ത്യന്‍ ടെലഗ്രാഫ് ആക്ടും (1885) ഇന്ത്യന്‍ വയര്‍ലെസ് ടെലഗ്രാഫി ആക്ടുമെല്ലാം സ്വകാര്യതയെ വിശിഷ്ടമായാണ് കാണുന്നത്. അതിഗുരുതരമായ അല്ലെങ്കില്‍ രാജ്യസുരക്ഷ അപകടത്തിലാവുന്ന അപൂര്‍വ അവസരങ്ങളില്‍ വ്യക്തമായ അനുമതിയോടെ മാത്രമേ ഒരാളിന്റെ ഫോണ്‍ വിളി ചോര്‍ത്താനാകൂ. എന്നാല്‍, പിന്നീട് പല അവസരങ്ങളിലും രാഷ്ട്രീയ, ബിസിനസ് മേഖലകളില്‍ കോള്‍ ചോര്‍ത്തല്‍ അരങ്ങേറിയിട്ടുണ്ട്. ഇത് വന്‍വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടിട്ടുമുണ്ട്. പല സര്‍ക്കാരുകളെയും അത് പിടിച്ച് കുലുക്കിയിട്ടുണ്ട്.

 

 

മാറ്റത്തിന്റെ വഴികള്‍
മെക്കാനിക്കല്‍ എക്സ്ചേഞ്ചുകളുടെ കാലത്ത് ഫോണ്‍ വിളി ചോര്‍ത്തല്‍ അത്ര എളുപ്പമുള്ള പണി അല്ല. ടെലികോം സ്വിച്ചിംഗ് കേന്ദ്രങ്ങളില്‍ വച്ച് ഈ ഒളിപ്പണി ചെയ്യുന്നത് അത്ര എളുപ്പമായിരുന്നില്ല. വിളി ചോര്‍ത്താന്‍ ഉദ്യോഗസ്ഥരും ഉപകരണ സഹായവും ഒക്കെ വേണം. അന്നാകട്ടെ പൂര്‍ണമായി ടെലകോം വകുപ്പിന്റെ നാലതിരുകള്‍ക്കുള്ളിലായിരുന്നു നമ്മുടെ വിളികള്‍ എല്ലാം.

എന്നാല്‍ മൊബൈല്‍ ഫോണ്‍ വിപണി സ്വകാര്യ മേഖലയ്ക്ക് തുറന്ന് കൊടുത്ത് ഉഷാറായതും അതിനും ഏതാനും വര്‍ഷം മുമ്പേ ടെലഫോണ്‍ എക്സേഞ്ചുകള്‍ ഡിജിറ്റല്‍ ഉപകരണ വഴിയിലേക്ക് മാറിയതും കോള്‍ ചോര്‍ത്തല്‍ എന്നത് കൂടുതല്‍ എളുപ്പമാക്കി, വിപുലവും. പൌരന്റെ സ്വകാര്യത പവിത്രമായി കണ്ടിരുന്ന ടെലികോം നിയമങ്ങളുടെ കാലം ഡിജിറ്റല്‍ ടെലികോം ലോകത്ത് പിച്ചിച്ചീന്തപ്പെട്ടു.

ഭൌതിക സാന്നിദ്ധ്യം ഇല്ലാതെ തന്നെ കമ്പ്യൂട്ടറിലെ ചില ബട്ടനുകള്‍ അമരുന്നതനുസരിച്ച് വിളിവിവരം എപ്പോള്‍ വേണമെങ്കിലും ഏത് രീതിയിലും പുറത്തെടുക്കാം എന്നതാണ് പുതിയ അവസ്ഥ. രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍ സ്വകാര്യതയെ അങ്ങേയറ്റം സംരക്ഷിച്ച് നിര്‍ത്തുമ്പോള്‍ തന്നെയാണ് അതിനെയൊക്കെ എളുപ്പത്തില്‍ മറികടക്കാനുള്ള മാര്‍ഗങ്ങള്‍ തുറന്നത്.

 

 

നമ്മുടെ വിവരങ്ങള്‍ അവര്‍ക്കുമുന്നില്‍
ഒരു കാലത്ത് ഒളിച്ച് കേള്‍ക്കല്‍ സര്‍ക്കാരിന്റെ മാത്രം കുത്തകയായിരുന്നു. എന്നാല്‍, ഇന്ന് സ്വകാര്യ ടെലകോം ഓപ്പറേറ്റര്‍ മാത്രമല്ല, പൊതുമേഖലാ സ്ഥാപനങ്ങളായ ബി എസ് എന്‍ എല്‍ / എം ടി എന്‍ എല്ലിന് സാങ്കേതിക സഹായം നല്‍കുന്ന പുറം സ്ഥാപനങ്ങള്‍ക്ക് വരെ മുന്നില്‍ നമ്മുടെ വിളികളുടെ ഡാറ്റാബേസ് മലര്‍ക്കെ തുറന്നിട്ടിരിക്കുന്ന അവസ്ഥയാണ്.

സമീപ കാലത്ത് വന്ന ഒരു മാറ്റം മാത്രം ചര്‍ച്ചയ്ക്കെടുക്കാം. വിളി വിവരം എങ്ങനെ ലീക്കാകുന്നു എന്നതിനുള്ള കൃത്യമായ വഴികള്‍ നമ്മെയത് ബോധ്യപ്പെടുത്തും. ഇത് Mobile Number Portability (എം എന്‍ പി)യുമായി ബന്ധപ്പെട്ട കാര്യമാണ്. LRN മായി (ലൊക്കേഷന്‍ റൂട്ടിംഗ് നമ്പര്‍) ബന്ധപ്പെട്ട കാര്യമാണ്.

ലൊക്കേഷന്‍ റൂട്ടിംഗ് നമ്പര്‍
ഉപയോക്താക്കള്‍ക്ക് ഏറെ സ്വാതന്ത്യ്രം നല്‍കുന്ന ഒന്നായി പരക്കെ വാഴ്ത്തപ്പെട്ടതാണ് Mobile Number Portability (എം എന്‍ പി). ഒരു പരിധിവരെ ഇത് ശരിയാണ് . കാരണം കേവലമായ ഒരു ഓപ്പറേറ്ററിലേക്ക് നമ്മള്‍ കീഴ്പ്പെട്ട് നില്‍ക്കേണ്ട ആവശ്യമില്ല. സേവനം കൊള്ളില്ലെങ്കില്‍ എം എന്‍ പി വഴി നമ്പര്‍ മാറാതെ തന്നെ സേവന ദാതാവിനെ മാറാം. നമ്മുടെ നമ്പര്‍ നമ്മുടെ സ്വന്തമായി!

അതായത്, മൊബൈല്‍ നമ്പറിന്റെ ഉടമസ്ഥാവകാശം അതാത് ടെലകോം സേവന ദാതാവില്‍ നിന്നും എടുത്തു മാറ്റപ്പെട്ടു. എങ്ങനെ ഇത് സാധ്യമായി? സാങ്കേതികമായി നമ്മുടെ നമ്പരിനൊപ്പം നാലക്കം കൂടി ചേര്‍ത്തു. ഇതിന്റെ പേരാണ് LRN (ലൊക്കേഷന്‍ റൂട്ടിംഗ് നമ്പര്‍).

ഏത് കോളിന്റെ വിവരവും ഈ LRN ശൃംഖലയില്‍ നിന്ന് എടുക്കാവുന്നതേയുള്ളൂ. ഇത്ര ഗൌരവകരമായ സംവിധാനത്തിന്റെ ഡാറ്റാബേസ് പരിപാലിക്കുന്നത് ആരെന്നു കൂടി ശ്രദ്ധിക്കുക. അത് രണ്ട് വിദേശ സ്വകാര്യ സ്ഥാപനങ്ങളാണ്!

നിലവിലുള്ള നമ്പറില്‍ നിന്ന് മറ്റൊരിടത്തേക്ക് നമ്മള്‍ വിളിക്കുമ്പോള്‍ ആദ്യം ഈ LRN ലേക്ക് പോകും. അവിടെ വച്ച് നമ്മുടെ പത്തക്ക നമ്പറിനൊപ്പം ഒരു നാലക്ക നമ്പര്‍ ഒട്ടിക്കും. ഈ നാലക്കം ആണ് സര്‍വീസ് പ്രൊവൈഡറെ സൂചിപ്പിക്കുന്നത്. ഈ ഡാറ്റാബേസ് കൈകാര്യം ചെയ്യുന്നത് ആദ്യം/ നിലവില്‍ ടെലികോര്‍ഡിയ, സൈനിവേര്‍സ് എന്നീ രണ്ട് വിദേശ സ്വകാര്യ സ്ഥാപനങ്ങളാണ്. ബി എസ് എന്‍ എല്‍ നമ്പരുകള്‍ അടക്കം ഇവരുടെ LRN ഡാറ്റാബേസിന്റെ താഴെ മാത്രം.

 

 

സ്വകാര്യതക്ക് എന്ത് അര്‍ത്ഥം?
അതായത്, ഭരണകൂടത്തിനോ അല്ലെങ്കില്‍ തല്‍പ്പരകക്ഷികള്‍ക്കോ മറ്റേതെങ്കിലും സ്ഥാപനത്തിനോ നമ്മുടെ ഫോണ്‍വിളികളെ എളുപ്പം നിരീക്ഷിക്കാനാവും. കോള്‍ ഉള്ളടക്കം എന്താണ് എന്ന് അറിയാന്‍ പറ്റില്ലങ്കിലും ഏത് സമയം എത്രനേരം ഏത് ഫോണില്‍ നിന്നും ഏത് ഫോണിലേക്ക് വിളി പോയി എന്നറിയാം. അത് തന്നെയാണല്ലോ അടുത്ത സമയത്ത് കേരളത്തിലെ പല വിവാദങ്ങള്‍ക്കും തെളിവായി മാറുന്നത്.

പൊതുമേഖലാ ടെലികോം സ്ഥാപനങ്ങളായ BSNL, MTNL ലെ ജീവനക്കാരുടെ സംഘടന പോലും കടുത്ത സ്വകാര്യതാ ലംഘനത്തിനിടയാക്കുന്ന ഈ ഏര്‍പ്പാടിനെതിരെ ശബ്ദമുയര്‍ത്തിയില്ല. ? ഇത് ബി.എസ്.എന്‍.എല്ലിനെയോ എം.ടി.എന്‍ എല്ലിനെയോ ഏല്‍പ്പിച്ചാല്‍ അത് മറ്റുള്ള സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ സ്വാഭാവികമായും എതിര്‍ക്കും.

ചെയ്യേണ്ടിയിരുന്നത്
ഇവിടെ ചെയ്യേണ്ടിയിരുന്നത് മറ്റൊന്നാണ്. സര്‍ക്കാര്‍ മേഖലയില്‍ തന്നെ ഒരു പുതിയ സ്ഥാപനത്തെ എല്‍ ആര്‍ എന്‍ രജിസ്ട്രാര്‍ ആയി കൊണ്ട് വരണമായിരുന്നു. അല്ലെങ്കില്‍ ഇപ്പോഴുള്ള ഏതെങ്കിലും സര്‍ക്കാര്‍ സ്ഥാപനത്തെ ചുമതലപ്പെടുത്തണമായിരുന്നു. അവിടം കൊണ്ട് തീര്‍ന്നില്ല, സര്‍ക്കാര്‍ ആയാല്‍ പോലും അതീവ സുരക്ഷിതമായി, വളരെ കര്‍ശനമായി പരിപാലിക്കുന്ന ഒരു ഡാറ്റാബേസ് ആയി ഇത് നിലനിര്‍ത്തണമായിരുന്നു. എന്നാല്‍, ഇതൊന്നും ഉണ്ടായില്ല. പൌരന്റെ സ്വകാര്യതയുമായി ബന്ധപ്പെട്ട ഇത്ര വലിയ വിഷയം പോലും വേണ്ട വിധം ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല.

സാങ്കേതികപുരോഗതി അനിവാര്യമാണ്. അതിന് സ്വകാര്യ മേഖലാ നിക്ഷേപവും ആയിക്കോളൂ എന്നാല്‍ ഭരണഘടന തന്നെ ഉറപ്പ് നല്‍കുന്ന സ്വകാര്യത അതിന്റെ പവിത്രതയിലും വിശ്വാസ്യതയോടെയും പരിപാലിക്കേണ്ടത് ജനാധിപത്യ സര്‍ക്കാരിന്റെ കടമയാണ്, ഉത്തരവാദിത്വമാണ്. ഇതൊക്കെ മറക്കുമ്പോള്‍ ഇല്ലാതാകുന്നത് വിശ്വാസ്യതയാണ്. കണ്ണാടി ചുവര് പോലെ ആര്‍ക്കും കാണാനാകുന്ന അവസ്ഥയിലാണ് നമ്മുടെ ജീവിതമെങ്കില്‍, ആശയവിനിമയങ്ങളെങ്കില്‍ അത് നമ്മെ എവിടെ കൊണ്ട് ചെന്നെത്തിക്കും?
 
 
 
 

10 thoughts on “എത്ര സുരക്ഷിതം നമ്മുടെ ഫോണ്‍വിളികള്‍?

 1. ഈ സര്‍വറുകള്‍ ബാംഗ്ലൂര്‍, ഡല്‍ഹി ഉണ്ട്. ഇത് എം എന്‍ പി യുമായി ബന്ധപ്പെട്ട തന്നെ. വിദേശ കമ്പനിയും തന്നെ. പക്ഷെ അവയുടെ ഫങ്ഷന്‍ ഇതൊന്നുമല്ല. ഇത് വഴി ഒരു രഹസ്യവും പോകാന്‍ സാധ്യമല്ല. അല്ലെങ്കില്‍ സാങ്കേതിക പ്രവര്ത്തന വൈകല്യം വേണം.

 2. Good write-up. This is all because of privatization of mobile telephony. Only solution is to nationalize all telecom service and equipment companies today itself.

  It is not just telecom. We heard about pesticides in colas harming pure Indians. Nobody did anything about it. These issues would not have occurred had cola companies been nationalized.

  To top it all, I heard that Pfizer which makes Viagra is a private MNC. No wonder why “peedana” cases are on the rise in India. It should be nationalized today to stop all these….

 3. ‘’സ്ഥാപനത്തിനോ നമ്മുടെ ഫോണ്‍വിളികളെ എളുപ്പം നിരീക്ഷിക്കാനാവും. കോള്‍ ഉള്ളടക്കം എന്താണ് എന്ന് അറിയാന്‍ പറ്റില്ലങ്കിലും ഏത് സമയം എത്രനേരം ഏത് ഫോണില്‍ നിന്നും ഏത് ഫോണിലേക്ക് വിളി പോയി എന്നറിയാം‘’

  അറിയാനും കൂടെ ചോദിക്കയാണ് യാരിദേ? കോളിന്റെ ഉള്ളടക്കം അറിയില്ല അതാശ്വാസം.

  വിളീ എവിടെനിന്നെവിടേക്കു പോയി എന്നറിയുന്നതിനു നല്ല വശവുമില്ലേ?

  സൌത്താഫ്രിക്കയിൽ പ്രമാദമായ ഒരു സൻഡേ സീരിയൽ റേപ്പിസ്റ്റിന്റെ കേസു നടക്കുകയാണ്. ടെൽകോമി ൽ നിന്ന് അയാലുടെ ഫോൺ വിളീ വിവരം നൽകാനായി കോടതി ആവശ്യപ്പെട്ടുകയും അതനുസരിച്ച് പെൺകുട്ടി കൊല്ലപ്പെട്ട സ്ഥലത്തേക്ക് ആ സമയത്ത് കുറ്റാരോപിതന്റെ ഫോണിൽ നിന്നും ഊണ്ടായ ഫോണ്വിളിവിവരങ്ങൾ തെളിവായി അംഗീകരിച്ചിരിക്കുന്നു.

  അതു നല്ലതല്ലേ?

 4. ചോർത്താൻ പറ്റാത്ത ഫോൺ വിളികൾ ഉണ്ട്‌ ഇവമ്മാരുടെ അപ്പൂപ്പന്റെ അപ്പൂപ്പൻ വിചാരിച്ചാൽ ചോർത്താൻ പറ്റില്ല…..

 5. എല്ലാത്തിനെയും പേടിക്കാന്‍ തുടങ്ങിയാല്‍, കതകടച്ചു വീട്ടില്‍ ഇരിക്കാനേ പറ്റുള്ളൂ. നമ്മള്‍ ഉപയോഗിക്കുന്ന ഒട്ടു മിക്ക എല്ലാ സാധനങ്ങളും സ്വകാര്യ കമ്പനികള്‍ ഉണ്ടാക്കിയതാണ്, സേവനങ്ങള്‍ യാധാർത്ഥൃവൽക്കരിക്കപ്പെടുന്നതും അവര്‍ വഴിയാണ്. എത്ര നിയമങ്ങള്‍ ഉണ്ടെങ്ങിലും അവരുടെ ഉപകരണമോ സേവനമോ ഉപയോഗിക്കുമ്പോള്‍ സ്വകാര്യ കമ്പനികള്‍ നമ്മുടെ വിവരങ്ങളില്‍ കണ്ണോടിക്കുന്നില്ല എന്ന് പറയാന്‍ ആവില്ല.

 6. കള്ളത്തരം കാണിക്കുന്നവര്‍ മാത്രം ഭയപ്പെടെണ്ടതാണ് ഈ സൗകര്യം എന്നാണ് എന്റെ അഭിപ്രായം. ഈ അടുത്ത കാലത്ത് തെളിയിക്കപ്പെട്ട പകുതിയിലധികം ക്രിമിനല്‍ കേസുകളിലും പ്രധാന തെളിവ് ഈ പറഞ്ഞ സംവിധാനം ഉപയോഗിച്ച് എടുത്ത വിവരങ്ങളാണ്.

 7. നമ്പര്‍ പോര്‍ട്ടബിലിറ്റി ഡാറ്റാബേസ് (NPDB) ഉപയോഗിച്ചു telecordia എന്ന കമ്പനിക്ക്‌ ടെലിഫോണ്‍ കാള്‍ ട്രാക്ക്‌ ചെയ്യാന്‍ സാധ്യമല്ല. ഇതുപോലുള്ള കാര്യങ്ങള്‍ എഴുതി വിടുമ്പോള്‍ കുറച്ചുകൂടി സൂക്ഷിക്കണം. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ ഷെയര്‍ ചെയ്യരുത്.

  ഏതു നെറ്റ്‌വര്‍ക്ക് ആയാലും ബില്ലിംഗ് സിസ്റ്റം, ഇന്റര്‍സെപ്ഷന്‍ സര്‍വീസ് എന്നിവ ഉണ്ടാകും. ഇത് ടെലികോം ഉള്ള കാലം മുതല്‍ നിലവില്‍ ഉള്ളതാണ്. ബില്ലിംഗ് സെന്ററില്‍ കാള്‍ വിശദാംശങ്ങള്‍ സൂക്ഷിക്കുകയും ചെയ്യും. അതില്‍ ഉണ്ടാകുന്ന വിവരങ്ങള്‍ വിളിച്ച നമ്പര്‍, ലൊക്കേഷന്‍, വിളിച്ച നെറ്റ്‌വര്‍ക്ക്, കാള്‍ സമയം, എന്നീ വിവരങ്ങള്‍ ആണ് ഉണ്ടാകുക. അത് തീവ്രവാദ കേസുകള്‍ മുതല്‍ ഉപഭോക്തൃ കോടതികളിലെ കേസ്‌ ആവശ്യങ്ങള്‍ക്ക് വരെ ഉപയോഗിക്കേണ്ടി വരും. dysp റാങ്കില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാല്‍ മാത്രമേ ഇത് നല്‍കുകയുള്ളൂ. ഇനി ആരെങ്കിലും അനധികൃതമായി വിവരം ചോര്‍ത്തിയാല്‍ അത് സിസ്റ്റം ലോഗ് നോക്കിയാല്‍ അറിയാനാകും. ഓരോ ആളുകള്‍ക്കും അവരുടെ റോള്‍ അനുസരിച്ചുള്ള ആക്സെസ് ആണ് നല്‍കുന്നത്. സംസാരം ഉള്‍പ്പെടെ ചോര്‍ത്തുന്ന ഇന്റര്‍സെപ്ഷന്‍ സര്‍വീസ് കൈകാര്യം ചെയ്യുന്ന സെര്‍വര്‍ ആക്സെസ് ഉള്ളത് CBI, RI, IT,… എന്നിങ്ങനെ എട്ടു ഏജന്‍സികള്‍ക്ക് മാത്രം ആണ്. ടെലികോം ഓപ്പറേറ്റര്‍ക്ക് പോലും അതിലേക്കു ലോഗിന്‍ ചെയ്യാന്‍ പറ്റില്ല.

 8. ഒരു വ്യക്തിയുടെ സ്വൊകാര്യതയേക്കാള്‍ വലുതാണ് ഒരു നാടിന്‍റെ സുസ്ഥിരത.അതുകൊണ്ടുതന്നെ ആവശ്യമെങ്കില്‍ ഫോണ്‍ ചോര്‍ത്തലും ഫോണ്‍ വിവരങള്‍ എടുക്കലും വേണ്ടി വരും.വിദേശ കമ്പനികള്‍ നമ്മുടെ രഹസ്യമെല്ലാം ചോര്‍ത്തൂം എന്നത് വെറും അഭ്യൂഹം മാത്രമാണു.

Leave a Reply

Your email address will not be published. Required fields are marked *