ഓസ്കാര്‍ പിസ്റേറാറിയസിനെ ആര്‍ക്കാണ് പേടി ?…

 
 
 
 
കൃത്രിമകാലുകളുമായി കുതിച്ചെത്തി ഒളിമ്പിക്സിലെ നാനൂറ് മീറ്റര്‍ പോരാട്ടത്തില്‍ ചരിത്രം കുറിച്ച ‘ബ്ലേഡ് റണ്ണര്‍’ ഓസ്കര്‍ പിസ്റ്റോറിയസിന് ഒരു വാഴ്ത്ത്. ഷാജഹാന്‍ എഴുതുന്നു

 

 

ഇനി അവര്‍ നിന്റെ പ്രോസ്തെറ്റിക് കാലുകള്‍ പരിശോധിക്കട്ടെ. ആത്മവിശ്വാസത്തിന്റെ ഡി. എന്‍. എ പിണച്ച് നീ നിവര്‍ന്ന് നിന്ന് കുതിച്ചതിന്റെതല്ലാതെ മറ്റൊരു അടയാളവും ആ കാലില്‍ കണ്ടെത്താനാകാതെ ഒടുക്കം അവര്‍ നിന്റെ കണ്ണുകളില്‍ നോക്കട്ടെ. മനസ്സുറപ്പിന്റെതല്ലാത്ത ഒരു കാന്തികവലയവും സര്‍ക്യൂട്ടും പിണയാത്ത നിന്റെ നോട്ടം അവര്‍ക്ക് പാഠമാകട്ടെ- കൃത്രിമകാലുകളുമായി കുതിച്ചെത്തി ഒളിമ്പിക്സിലെ നാനൂറ് മീറ്റര്‍ പോരാട്ടത്തില്‍ ചരിത്രം കുറിച്ച ‘ബ്ലേഡ് റണ്ണര്‍’ ഓസ്കര്‍ പിസ്റ്റോറിയസിന്റെ ഉജ്വല നേട്ടത്തെക്കുറിച്ച് ഷാജഹാന്‍ എഴുതുന്നു

 

 

കുതിക്കും മുമ്പുള്ള ആ നിശ്ശബ്ദതയില്ലേ…?

പല തൊണ്ടകള്‍ ഒരേ സമയം ആകാംക്ഷ കൊണ്ട് വരണ്ട്, ഇമ വെട്ടാതെ ഒരേ ചരടില്‍ കണ്ണ് ചേര്‍ത്ത് കെട്ടി കാത്തിരിക്കുമ്പോള്‍ പെരുവിരലില്‍ നിവര്‍ന്ന് കൊടുങ്കാറ്റിനെ പിറകിലാക്കിയുള്ള ആ പാച്ചില്‍… അങ്ങിനെ നിവര്‍ന്നു നില്‍ക്കാന്‍ രണ്ട് പെരുവിരലുകളും, വലിച്ച് മുറുക്കാന്‍ മടമ്പിന്റെ പേശിയുമില്ലാതെ കുതിക്കാന്‍ തയ്യാറെടുക്കുന്നവന് തന്റെ 80.5 കിലോഗ്രാം ഭാരം ചലിപ്പിക്കാനാവശ്യമായ 3556 ജൂള്‍ ഊര്‍ജ്ജത്തെക്കുറിച്ച് മാത്രമാകും വേവലാതി.

പക്ഷേ ഓസ്കാര്‍ പിസ്റ്റോറിയസ്, 90 കാര്‍ബണ്‍ ഫൈബറുകള്‍ ചൂളയില്‍ ഉരുക്കിയെടുത്ത് കാലില്‍ വെച്ച് കെട്ടി നീ ഓടിക്കയറിയത് വേവലാതികള്‍ അസ്തമിച്ച ഒരു കുന്നിന്‍ മുകളിലേക്കാണ്…

 

 

പൊയ്ക്കാലുകളില്‍ നടക്കുന്നവരെ നോക്കി ചിരിക്കുന്നതിന് മുമ്പ് ഇനി ഞാന്‍ ഒരു വട്ടം ആലോചിക്കും. ഭൂഗുരുത്വത്തെ മറികടക്കാനാകാതെ മുറിക്കാലില്‍ കൃത്രിമക്കാല്‍ ഘടിപ്പിക്കാന്‍ തെറാപ്പി കേന്ദ്രങ്ങളിലുടെ മുന്നില്‍ കാത്തിരിക്കുന്നവരെ പിസ്റ്റോറിയസിന്റെ ചീറ്റക്കാലുകള്‍ പ്രചോദിപ്പിക്കും. പാരാലിംപിക്സിന്റെ പരിമിതപ്പെടുത്തിയ ട്രാക്കില്‍ നിന്ന് അത്ലറ്റിക് ഫെഡറേഷന്റെ ചുളിഞ്ഞ നെറ്റിക്ക് മുഖം കൊടുക്കാതെ ലണ്ടന്‍ സിന്തറ്റിക്കിലൂടെ 400 മീറ്റര്‍ സെമിയിലേക്ക് പാഞ്ഞുകയറുന്നതിന്റെ സുഖം ഒന്നു വേറെയാണ്.

ഇനി അവര്‍ നിന്റെ പ്രോസ്തെറ്റിക് കാലുകള്‍ പരിശോധിക്കട്ടെ. ആത്മവിശ്വാസത്തിന്റെ ഡി. എന്‍. എ പിണച്ച് നീ നിവര്‍ന്ന് നിന്ന് കുതിച്ചതിന്റെതല്ലാതെ മറ്റൊരു അടയാളവും ആ കാലില്‍ കണ്ടത്തൊനാകാതെ ഒടുക്കം അവര്‍ നിന്റെ കണ്ണുകളില്‍ നോക്കട്ടെ. മനസ്സുറപ്പിന്റെതല്ലാത്ത ഒരു കാന്തികവലയവും സര്‍ക്യൂട്ടും പിണയാത്ത നിന്റെ നോട്ടം അവര്‍ക്ക് പാഠമാകട്ടെ.

 

 

ഓഗസ്റ് 6 തിങ്കളാഴ്ച പുലര്‍ച്ചെ, സെമിയില്‍ എട്ടാമനായി നീ ഒളിംപിക്സില്‍ നിന്ന് നിഷ്കാസിതനാകുമ്പോള്‍ ജോഹനാസ് ബര്‍ഗിലും ചിക്കമംഗലൂരിലും ഒരേ നടുക്കത്തോടെ പിടച്ച ഹൃദയങ്ങളുണ്ട്. ആ കാര്‍ബണ്‍ ഫൈബര്‍ കാലുകള്‍ തങ്ങളോട് കാണിച്ച വല്ലാത്ത “അനീതി” യെക്കുറിച്ച് ഇന്റര്‍ നാഷണല്‍ അത് ലറ്റിക് ഫെഡറേഷന്‍ വിലപിക്കട്ടെ…

തെംസ് ഒഴുകട്ടെ,ലണ്ടന്‍ പാലം തകരട്ടെ… കാല്‍പാദങ്ങളില്ലാതെ ജനിക്കുന്ന ഓരോ കുഞ്ഞും സ്വപ്നം കാണട്ടെ, 90 കാര്‍ബണ്‍ ഫൈബര്‍ പാളികള്‍ പിണച്ച് കിട്ടിയ കാലുകള്‍ കൊണ്ട്, പൂക്കള്‍ മാത്രം വിടരുന്ന മൈതാനത്ത് കുതിക്കുന്നത്…

ഒസ്കാര്‍ പിസ്റ്റോറിയസ്, നിന്നെ ആരും പേടിക്കുന്നില്ല…ചരിത്രത്തിന്റെ പല അടരുകള്‍ക്കിടയില്‍ നീ ആ വളഞ്ഞ കാല് കൊണ്ട് വരച്ചിട്ട ചിത്രം 10000 വര്‍ഷം കഴിയുമ്പോഴും ഖനനം ചെയ്യപ്പടാനായി അണയാതിരിക്കട്ടെ…
 
 
 

 
 

 
 
 
 

Leave a Reply

Your email address will not be published. Required fields are marked *