കുടിയേറ്റ തൊഴിലാളികളും കേരളത്തിലെ പൊതു ഇടങ്ങളും

 
 
 
 
കേരളത്തിലെ പൊതു ഇടങ്ങള്‍
അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് നിഷിദ്ധമോ?
സജികുമാര്‍ എസ് ചോദിക്കുന്നു

 
 
കേരളത്തില്‍ പാര്‍ക്കുകള്‍ പോലുള്ള പൊതു ഇടങ്ങള്‍ താരതമ്യേന കുറവാണ്. ഗാന്ധി പാര്‍ക്കും, മ്യൂസിയം പാര്‍ക്കും, മറൈന്‍ ഡ്രൈവും, മാനാഞ്ചിറ മൈതാനവുമെല്ലാം മലയാളിയുടെ മാത്രമാണോ? അന്യ സംസ്ഥാനങ്ങളില്‍ പണിയെടുക്കുന്ന പ്രവാസി മലയാളികള്‍ക്ക് അതാത് സംസ്ഥാനങ്ങളിലെ പൊതു ഇടങ്ങളില്‍ പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നുവങ്കില്‍ സംസ്കാരിക കേരളം ഇളകി മറിഞ്ഞ് തിളച്ച് പൊന്തുമായിരുന്നില്ലേ? മലയാളികള്‍ക്ക് മാത്രമേ മനുഷ്യാവകാശങ്ങളും തൊഴിലവകാശങ്ങളുമുള്ളോ? – തിരുവനന്തപുരത്തെ ഗാന്ധിപാര്‍ക്കില്‍നിന്ന് അന്യസംസ്ഥാന തൊഴിലാളികളെ തല്ലിയോടിച്ച കേരള പൊലീസിന്റെ നടപടിയുടെ പല തലങ്ങള്‍ പരിശോധിക്കുന്നു, സജികുമാര്‍ എസ്
 
 

 
 

തിരുവനന്തപുരത്തെ കിഴക്കേകോട്ടയിലെ ഗാന്ധി പാര്‍ക്കില്‍ പ്രവേശിച്ചതിനും കൂട്ടം കൂടിയതിനും തലസ്ഥാനത്തെ അന്യസംസ്ഥാന തൊഴിലാളികളെ പോലീസ് തല്ലിചതയ്ക്കുകയും ഇനിമേല്‍ ഒഴിവു ദിവസങ്ങളില്‍ പാര്‍ക്കില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ പ്രവേശിക്കാന്‍ പാടില്ലായെന്ന് കേരളാ പോലീസ് നിര്‍ദ്ദേശം പുറപ്പെടുവിക്കുകയും ചെയ്തത് ഏറെ മുമ്പല്ല. (മാതൃഭൂമി, ജൂലൈ 16, തിരുവനന്തപുരം എഡിഷന്‍). ഈ ‘ഗാന്ധി പാര്‍ക്ക് നിഷ്കാസന’ ഉത്തരവ് സാംസ്കാരിക കേരളത്തിന് അപമാനമാണ്. സ്വതന്ത്ര ഭാരതത്തിലെ പൌരന്‍മാരുടെ അടിസ്ഥാന അവകാശങ്ങളുടെ ലംഘനവും, അങ്ങേയറ്റം ദൌര്‍ഭാഗ്യകരവുമായ ഒന്നാണ്.

സജികുമാര്‍ എസ്


കേരളത്തിലെത്തുന്ന അന്യ സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെട്ട കേസുകള്‍ പെരുകുന്നുവെന്ന കാരണമാണ് ഈ ഉത്തരവിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഇതേ രീതിയില്‍ ചിന്തിച്ചാല്‍, മലയാളികളില്‍ ചിലര്‍ കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നതിനാല്‍ മലയാളികളാരും പാര്‍ക്കുകള്‍ പോലുള്ള പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ പാടില്ലായെന്നും കേരളാ പോലീസിന് ഉത്തരവിറക്കാം. കേരളത്തിലെയും തലസ്ഥാനത്തെയും അന്യസംസ്ഥാന തൊഴിലാളികളെല്ലാം സാമൂഹികവിരുദ്ധരാണെന്നും അവരെല്ലാം ഗാന്ധി പാര്‍ക്കിലാണ് ഒത്തു ചേര്‍ന്ന് കൊള്ളകള്‍ ആസൂത്രണം ചെയ്യുന്നതും കൊള്ളമുതല്‍ പങ്കുവയ്ക്കുന്നതുമെല്ലാം എന്നായിരിക്കും പോലീസിന്റെ നിഗമനം. ഇതു ശരിയാണെങ്കില്‍ പോലീസിന് അവരെ അപ്പോള്‍ തന്നെ കയ്യോടെ പിടിക്കുകയും ആവാമല്ലോ?

കേരളത്തില്‍ പാര്‍ക്കുകള്‍ പോലുള്ള പൊതു ഇടങ്ങള്‍ താരതമ്യേന കുറവാണ്. ഗാന്ധി പാര്‍ക്കും, മ്യൂസിയം പാര്‍ക്കും, മറൈന്‍ ഡ്രൈവും, മാനാഞ്ചിറ മൈതാനവുമെല്ലാം മലയാളിയുടെ മാത്രമാണോ? അന്യ സംസ്ഥാനങ്ങളില്‍ പണിയെടുക്കുന്ന പ്രവാസി മലയാളികള്‍ക്ക് അതാത് സംസ്ഥാനങ്ങളിലെ പൊതു ഇടങ്ങളില്‍ പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നുവങ്കില്‍ സംസ്കാരിക കേരളം ഇളകി മറിഞ്ഞ് തിളച്ച് പൊന്തുമായിരുന്നില്ലേ? മലയാളികള്‍ക്ക് മാത്രമേ മനുഷ്യാവകാശങ്ങളും തൊഴിലവകാശങ്ങളുമുള്ളോ?

കേരളത്തിലെ ‘മെയ്യനങ്ങുന്ന’ പണികള്‍ ചെയ്ത് വരുന്ന അന്യ സംസ്ഥാന തൊഴിലാളികളെ പൊതു ഇടങ്ങളില്‍ നിന്നും പുറന്തള്ളുന്ന ഭരണകൂട നടപടികള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. കേരളത്തില്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ ആരാണ്? അവര്‍ക്ക് സമ്പദ് വ്യവസ്ഥയിലും കേരള സമൂഹത്തിലുമുള്ള പ്രാധാന്യം എന്താണ്? ഈ വിഷങ്ങളൊന്നും തന്നെ കേരളത്തില്‍ അധികം ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല.
 
 


 
 

കുടിയേറ്റ തൊഴിലാളികളും കൂലിയും
2010 ലെ ലോക കുടിയേറ്റ റിപ്പോര്‍ട്ട് അനുസരിച്ച് ലോകത്ത് 214 ദശലക്ഷം കുടിയേറ്റ തൊഴിലാളികളുണ്ട്. 2050 ആവുന്നതോടെ ലോകത്ത് ഇവര്‍ 405ദശലക്ഷം ആവുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 2001 ലെ സെന്‍സസ് റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയില്‍ 16.8 ദശലക്ഷവും കേരളത്തില്‍ 0.2 ദശലക്ഷവും കുടിയേറ്റ തൊഴിലാളികളുണ്ട്. 2011 ലെ സെന്‍സസ് പ്രകാരമുള്ള കുടിയേറ്റം സംബന്ധിക്കുന്ന റിപ്പോര്‍ട്ട് ഇനിയും പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ ഏറ്റവും പുതിയ വിവരങ്ങള്‍ ലഭ്യമല്ല. എന്നാല്‍, അനൌദ്യോഗിക കണക്കുകളും, സര്‍ക്കാരിതര സ്ഥാപനങ്ങള്‍ നടത്തിയ പഠനങ്ങളും മാധ്യമ റിപ്പോര്‍ട്ടുകളും അനുസരിച്ച് കേരളത്തില്‍ ഏകദേശം 10 ലക്ഷം മുതല്‍ 30 ലക്ഷം വരെ കുടിയേറ്റ തൊഴിലാളികളുണ്ട്.

കഴിഞ്ഞ ഒരു ദശാബ്ദ കാലത്തിനിടയിലാണ് കേരളത്തിലേക്ക് അന്യ സംസ്ഥാന തൊഴിലാളികളുടെ വന്‍തോതിലുള്ള ഒഴുക്ക് ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. ഇന്ത്യയുടെ വടക്കന്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് യുവാക്കള്‍ കേരളത്തിലെ അസംഘടിത മേഖലകളില്‍ പണിയെടുക്കുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, പ്ലൈവുഡ് വ്യവസായം, ഇഷ്ടിക ഹോളോബ്രിക്സ് യൂണിറ്റുകള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍ തുടങ്ങി കൊല്ലത്തെ കശുവണ്ടി ഫാക്ടറികള്‍ മുതല്‍ ഇടുക്കിയിലെയും വയനാട്ടിലെയും തേയില കാപ്പി തോട്ടങ്ങളില്‍ വരെ അന്യ സംസ്ഥാനതൊഴിലാളികളെ കാണാവുന്നതാണ്.

കേരളത്തിലേക്ക് അന്യ സംസ്ഥാന തൊഴിലാളികള്‍ വന്‍ തോതില്‍ എത്തിച്ചേരാനുള്ള പ്രധാന കാരണം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ നിലവിലുള്ള ഉയര്‍ന്ന കൂലി തന്നെയാണ്. ചുവടെ ചേര്‍ത്തിരിക്കുന്ന പട്ടിക കാണുക. പട്ടികയില്‍ കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം ശരാശരി വേതനമാണ് സൂചിപ്പിച്ചിട്ടുള്ളത്. കേരളത്തിലെ അസംഘടിത മേഖലകളിലുള്ള യഥാര്‍ത്ഥ കൂലി ഇതിലും വളരെ കൂടുതലാണ്.

 
 

 
 

നരകജീവിതം
കേരളത്തിലെത്തുന്ന കുടിയേറ്റ തൊഴിലാളികളില്‍ ഭൂരിഭാഗവും ഒഡീഷ, ബംഗാള്‍, ആസാം, ബീഹാര്‍, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുപ്പത് വയസ്സിന് താഴെയുള്ള ചെറുപ്പക്കാരായ പുരുഷന്‍മാരാണ്. പലപ്പോഴും ഇവരുടെ ഭക്ഷണവും താമസവും ജോലിസ്ഥലത്തോട് ചേര്‍ന്ന ഷെഡുകളിലും മറ്റുമാണ്. നഗര പ്രദേശങ്ങളില്‍ പ്രധാന ചേരിയോട് ചേര്‍ന്നായിരിക്കും ഇവരുടെ വാസസ്ഥലം. നാട്ടിന്‍ പുറങ്ങളില്‍ പത്തോ ഇരുപതോ തൊഴിലാളികള്‍ ചേര്‍ന്ന് വാടകയ്ക്ക് വീടെടുത്ത് താമസിക്കുന്നതും അപൂര്‍വ്വമല്ല. പലപ്പോഴും അടിസ്ഥാന സൌകര്യങ്ങളുടെ അഭാവത്തിലായിരിക്കും ഇവരുടെ ജീവിതം. കേരളീയ സമൂഹത്തില്‍ ദളിതര്‍ക്ക് തുല്യമോ അല്ലെങ്കില്‍ അതിനും താഴെയോ ആണ് കുടിയേറ്റ തൊഴിലാളികളുടെ സ്ഥാനം.

സ്വന്തമായി വീടോ മുറിയോ എടുത്ത് സ്വകാര്യതയില്‍ ജീവിക്കാനുള്ള സമ്പത്തോ ശേഷിയോ കുടിയേറ്റ തൊഴിലാളികള്‍ക്കില്ല. അതു കൊണ്ട് തന്നെ അവരുടെ ലോകം ജോലി സ്ഥലത്തും താമസ സ്ഥലത്തുമായി ചുരുങ്ങുകയും, നീണ്ട ജോലി സമയം അവരുടെ പൊതുസ്ഥലത്തെ (public space) ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു. കേരളത്തിലെത്തുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് ‘സ്വകാര്യ ഇടം’ (private space) കുറവാണെന്നു വേണം കരുതാന്‍.
 
 

 
 

പൊതു ഇടങ്ങളുടെ അനിവാര്യത
ഞായറാഴ്ചകളില്‍ ഒഴിവ് ലഭിക്കുമ്പോള്‍ സുഹൃത്തുക്കളെ കാണാനും നാട്ടിലേക്ക് പണമയയ്ക്കാനും ഭക്ഷണത്തിനാവശ്യമായ സാധനങ്ങള്‍ വാങ്ങാനും മറ്റുമാണ് തൊഴിലാളികള്‍ പൊതുസ്ഥലങ്ങളില്‍ ഒത്തു ചേരുന്നത്. മദ്യപിച്ച് ആനന്ദത്തിനായി വരുന്നവരും സാമൂഹ്യ വിരുദ്ധരും ഒക്കെ ഒരു പക്ഷെ ഈ കൂട്ടത്തില്‍ കണ്ടേക്കാം. ഇത്തരക്കാര്‍ മലയാളികള്‍ക്കിടയില്‍ കുറവാണോ?

ഇത്തരത്തിലുള്ള പ്രശ്നക്കാരെയും സാമൂഹ്യ വിരുദ്ധരെയും നിരീക്ഷിച്ച് കണ്ടെത്തി അവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരിക എന്നതാണ് പോലീസിന്റെ പ്രധാന ചുമതല. ഈ ജോലി കൃത്യമായി നിര്‍വ്വഹിക്കാന്‍ പോലീസിന് സാധിക്കാത്തതോ അവര്‍ അതിന് ശ്രമിക്കാത്തതോ ആണ് കേരളാ പോലീസിനെ ഇത്തരം നിഷ്കാസന ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ പ്രേരിപ്പിക്കുന്നത്.

കുടിയേറ്റത്തെ നിയന്ത്രിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് തൊഴിലാളികള്‍ തമ്മിലുള്ള ആശയവിനിമയവും അവര്‍ക്കിടയിലെ സ്വകാര്യ ബന്ധങ്ങളുടെ സ്ഥാപനവും അതിന്റെ നിലനില്‍പ്പും. പുതിയ തൊഴിലവസരങ്ങളെക്കുറിച്ചും തൊഴില്‍സംബന്ധിയായ പ്രശ്നങ്ങളെക്കുറിച്ചുമെല്ലാമുള്ള വിവരങ്ങള്‍ കൈമാറപ്പെടുന്നത് ഇത്തരം പൊതു ഇടങ്ങളിലാണ്. വളരെ പരിമിതമായ സ്വകാര്യ ഇടം മാത്രമുള്ള അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് പൊതു ഇടങ്ങളും നിഷേധിക്കുന്നത് അവരുടെ മൌലികാവകാശങ്ങളുടെയും തൊഴിലവകാശങ്ങളുടെയും നഗ്നമായ ലംഘനമാണ്.

ഇത്തരം ഏകപക്ഷീയവും വിവേചനപരവുമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ നിന്നും ഭരണകൂടവും പോലീസും പിന്മാറിയില്ലെങ്കില്‍ കേരളത്തിലും ആസാമിലെ ഉള്‍ഫ മാതൃകയിലുള്ളതും തദ്ദേശീയവാദത്തിന്റേതുമായ ആശയങ്ങള്‍ രൂപ്പെടാന്‍ സാധ്യതയുണ്ട്. ഇത് കേരളീയ സമൂഹത്തില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കും.

4 thoughts on “കുടിയേറ്റ തൊഴിലാളികളും കേരളത്തിലെ പൊതു ഇടങ്ങളും

  1. കുവൈറ്റിലും മറ്റും പ്രവാസികള്‍ നേരിടേണ്ടിവരുന്ന അപമാനത്തെക്കുറിച്ച് പലരും എഴുതാറുണ്ട്.മറ്റുള്ളവരോട് മാന്യമായി പെരുമാറുന്നതാണ് നമ്മുടെ പൊതു സംസ്കാരം.അതിനു വിപരീതമായി പെരുമാറാന്‍ അധികാരികളെ അനുവദിച്ചു കൂടാ.

  2. Good article Saji. It is a cruel discrimination. No court, no law, anywhere in the world, justifies this cruelty. How come they make an order like to this to bar citizens of india not to enter public spaces which are allowed for other citizens! I wonder Saji,really.If this happens to us immigrants living in canada, the whole nation will render apology.This ban should be removed, and our chief minister should apologise to them.

  3. വളരെ ഗൌരവമുള്ള ഒരു വിഷയം.പണ്ട് കേരളത്തിൽ നിന്നും അന്യരാജ്യങ്ങളിൽ കുടിയേറിയ മലയാളികളും ഇതുപോലെ പാർക്കിലും മറ്റ് പൊതുഇടങ്ങളിലുമൊക്കെ ഒരുമിച്ച്കൂടിയായിരുന്നു ജീവിച്ചതും നിലനിന്നു പോന്നതും. കുടിയേറിയ ഈ മലയാളിയുടെ പണം കൊണ്ടാണ് കുറേ നാളായി കേരളം നിലനിന്നു പോരുന്നതും, ഗാന്ധി പാർക്കിൽ മറുനാടൻ തൊഴിലാളികളെ തല്ലിയോടിച്ച പോലീസ് പുംഗവന്മാർക്ക് വയറ്റിപ്പിഴപ്പിനുള്ള ശമ്പളം കൊടുത്തുകൊണ്ടിരിക്കുന്നതും! അവകാശങ്ങൾക്കായി പോരാടുന്ന മലയാളിക്ക്, യഥാർത്ഥ ജനാധിപത്യാവകാശങ്ങളെപ്പറ്റി ധാരണയില്ലെന്നതാണ് സത്യം. ലേഖനം അവസരോചിതമായി.

Leave a Reply

Your email address will not be published. Required fields are marked *