ഇത്തിരി നന്ദി, പ്രവാസികളോടുമാവാം

 
 
 
 
നിര്‍മല എഴുതിയ പ്രവാസ കുറിപ്പുകള്‍ക്ക് ഒരു പ്രതികരണം.
പ്രമുഖ നോവലിസ്റ്റ് ഇ ഹരികുമാര്‍ എഴുതുന്നു

 
 

ഇത്രയും സുഖലോലുപരായി ജീവിയ്ക്കുന്ന ഒരു ജനവിഭാഗം അതിനു കാരണക്കാരായ അവരുടെതന്നെ മക്കളോട് നന്ദി കാണിക്കുന്നില്ലെങ്കില്‍ അതിനു കാരണം ‘നന്ദി’ എന്ന വാക്ക് മലയാളിയുടെ നിഘണ്ടുവിലില്ലാത്തതാണ്. ആട്ടോറിക്ഷ ഇറങ്ങിയാല്‍ നന്ദി പറയുമ്പോള്‍ ആട്ടോ ഡ്രൈവര്‍മാര്‍ ഒരു വിചിത്രജീവിയെ കണ്ടപോലെ ഞങ്ങളെ നോക്കാറുണ്ട്. കാരണം ആ വാക്ക് ഇവിടെ പരിചയമില്ല. മറ്റൊരു കാര്യമുള്ളത് ഇവിടെ മലയാളികള്‍ പൊതുവേ അമേരിക്കന്‍ വിരുദ്ധരാണ്. സ്വന്തം മക്കളെ അമേരിക്കയിലേയ്ക്ക് ഉന്നതവിദ്യാഭ്യാസത്തിനയക്കുകയും തനിക്ക് ഒരു ജലദോഷം വന്നാല്‍ ചികിത്സയ്ക്ക് അമേരിക്കയിലേയ്ക്ക് പറക്കുകയും ചെയ്യുന്ന മലയാളി, തിരിച്ച് വീട്ടിലെത്തിയാല്‍ ഏറ്റവും വലിയ കല്ലെടുത്ത് എറിയുന്നതും അമേരിക്കയിലേയ്ക്കുതന്നെ. അതിനു കാരണം രാഷ്ട്രീയമാണ്. ഞാനതു വിശദീകരിക്കുന്നില്ല- നിര്‍മല എഴുതിയ കാനഡ മരത്തില്‍ ഡോളര്‍ പറിക്കാന്‍ പോയവര്‍, ഒളിച്ചുകടത്തിയ കേരളം തിരിച്ചു ചോദിക്കുന്നത് എന്നീ പ്രവാസ കുറിപ്പുകള്‍ക്ക് ഒരു പ്രതികരണം. പ്രമുഖ നോവലിസ്റ്റ് ഇ ഹരികുമാര്‍ എഴുതുന്നു

 


 

നിര്‍മലയുടെ ‘കാനഡ മരത്തില്‍ ഡോളര്‍ പറിക്കാന്‍ പോയവര്‍’ എന്ന ലേഖനം താല്‍പര്യത്തോടെ വായിച്ചു. നിര്‍മലയുടെ എഴുത്ത്, അത് ലേഖനമായാലും കഥയായാലും വളരെ താല്‍പര്യത്തോടെ വായിക്കുന്ന ഒരാളാണ് ഞാന്‍. പക്ഷെ ഈ ലേഖനത്തിന്റെ രണ്ടു ഭാഗങ്ങളും വായിച്ചപ്പോള്‍ കുറേ കാര്യങ്ങള്‍ വ്യക്തമാക്കണമെന്നു തോന്നി.

ഒന്നാമതായി ‘മരത്തില്‍ ഡോളര്‍ പറിക്കാന്‍ പോയവര്‍’ എന്ന പ്രയോഗം വിഷമമുണ്ടാക്കുന്നു, വേദനയുളവാക്കുന്നു. കേരളത്തിന്റെ സാമ്പത്തിക ഭദ്രതയില്‍ പ്രവാസികളുടെ, പ്രത്യേകിച്ച് ഉത്തര അമേരിക്കന്‍ പ്രവാസികളുടെ, സംഭാവന വേണ്ടത്ര ശ്രദ്ധിക്കപ്പെടുന്നില്ല, നേരെ മറിച്ച് അവരെ ആവുന്നത്ര മോശമാക്കി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുമുണ്ട് എന്നതിലുള്ള അമര്‍ഷമായിരിക്കണം നിര്‍മലയെക്കൊണ്ട് ഇതു പറയിച്ചത്.

കൃഷിനിലങ്ങള്‍ പറമ്പുകളും കെട്ടിടങ്ങളുമായി മാറുകയും ഒരു വ്യവസായവിപ്ലവം പോയിട്ട് ഇന്ത്യയിലേക്കുതന്നെ എറ്റവും പിന്നിലാകുകയും ചെയ്ത ഒരു സംസ്ഥാനത്തെ ജനങ്ങളെ ഇന്നു പോറ്റുന്നത് പ്രവാസികള്‍ മാത്രമാണെന്നു പറഞ്ഞാല്‍ അതിശയോക്തിയില്ല. ഇവിടുത്തെ ബിസിനസ് തഴച്ചുവളരുന്നുണ്ടെങ്കില്‍ അതിനു കാരണം അവര്‍ക്കു ബിസിനസ് കൊടുക്കുന്ന പ്രവാസിബന്ധുക്കളാണ്. അവര്‍ ചെലവാക്കുന്ന പണമാണ് ഇവിടുത്തെ വലിയ ഷോപ്പിങ് മാളുകളിലും അഞ്ചും എട്ടും നിലകളില്‍ പരന്ന് (ഉയര്‍ന്ന്?) കിടക്കുന്ന സില്‍ക് പാലസുകളിലും കണ്ണഞ്ചിക്കുന്ന ആഭരണശാലകളിലും ഒഴുകുന്നത്.

ഇന്ന് കേരളത്തില്‍ പെട്ടെന്ന് വളരുന്ന ബിസിനസ് റിയല്‍ എസ്റേറ്റ് ആണ്. ധാരാളം ബഹുനില കെട്ടിടങ്ങളും പടര്‍ന്നു കിടക്കുന്ന വില്ലകളും തഴച്ചു വളരുന്നു. ഇതിന്റെയെല്ലാം പിന്നിലുള്ളത് പ്രവാസികളാണെന്ന് ഓര്‍ക്കുക. ഇന്നും ഓരോ ബഹുനിലകെട്ടിടത്തിലും പകുതിയിലധികം അപാര്‍ട്മെന്റുകള്‍ ആള്‍ത്താമസമില്ലാതെ കിടക്കുന്നതു കാണാം. അതൊന്നും വില്‍ക്കാതെ പോയതല്ല, മറിച്ച് അതിന്റെ പ്രവാസികളായ ഉടമസ്ഥര്‍ വെറുമൊരു മുതല്‍ക്കൂട്ടിനായി വാങ്ങിക്കൂട്ടുന്നവയാണ്.

ഒരാള്‍ക്കുതന്നെ രണ്ടും മൂന്നും കെട്ടിടങ്ങളില്‍ അപാര്‍ട്മെന്റുകളുണ്ടാകും. റിയല്‍ എസ്റേറ്റ് ബിസിനസ്സു കാരണം രക്ഷപ്പെടുന്ന കുടുംബങ്ങളേറെയാണ്. കെട്ടിടത്തൊഴിലാളികളാണ് അതില്‍ പ്രധാനം. അവര്‍ക്ക് വര്‍ഷത്തില്‍ 250 മുതല്‍ 300 ദിവസംവരെ ഉറപ്പുള്ള തൊഴില്‍ കിട്ടുന്നു. തരക്കേടില്ലാത്ത വേതനവും. അതുപോലെത്തന്നെ കെട്ടിടനിര്‍മ്മാണ സാമഗ്രികളും യന്ത്രങ്ങളും വില്‍ക്കുന്നവര്‍ക്കും ധാരാളം ബിസിനസ്സ് കിട്ടുന്നു. ചുരുക്കിപ്പറഞ്ഞാല്‍ മുകള്‍ത്തട്ടില്‍നിന്ന് താഴേത്തട്ടുവരെ അരിച്ചിറങ്ങുന്നു ഈ മുതല്‍മുടക്കിന്റെ ആനുകൂല്യം.

 

ആദ്യ ഭാഗം: കാനഡ മരത്തില്‍ ഡോളര്‍ പറിക്കാന്‍ പോയവര്‍


 

കേരളത്തിലെ പളപളപ്പിനു പിന്നില്‍ നൂറു ശതമാനവും പ്രവാസികള്‍തന്നെയാണ്. കേരളത്തിനു പുറത്തുപോയ എല്ലാ മലയാളികളും ഒരു ദിവസം തിരിച്ചുപോകാത്തവിധം നാട്ടിലേയ്ക്കു വരികയാണെങ്കില്‍ രണ്ടു വര്‍ഷത്തിനകം ഇവിടെ പട്ടിണിയാകും. കേരളത്തിന്റെ വികസനമെന്നത് ഊതിവീര്‍പ്പിച്ച ഒരു ബലൂണാണ്. എന്നു വേണമെങ്കിലും പൊട്ടിയേക്കാവുന്ന ഒരു ബലൂണ്‍.

ഇത്രയും സുഖലോലുപരായി ജീവിയ്ക്കുന്ന ഒരു ജനവിഭാഗം അതിനു കാരണക്കാരായ അവരുടെതന്നെ മക്കളോട് നന്ദി കാണിക്കുന്നില്ലെങ്കില്‍ അതിനു കാരണം ‘നന്ദി’ എന്ന വാക്ക് മലയാളിയുടെ നിഘണ്ടുവിലില്ലാത്തതാണ്. ആട്ടോറിക്ഷ ഇറങ്ങിയാല്‍ നന്ദി പറയുമ്പോള്‍ ആട്ടോ ഡ്രൈവര്‍മാര്‍ ഒരു വിചിത്രജീവിയെ കണ്ടപോലെ ഞങ്ങളെ നോക്കാറുണ്ട്. കാരണം ആ വാക്ക് ഇവിടെ പരിചയമില്ല. മറ്റൊരു കാര്യമുള്ളത് ഇവിടെ മലയാളികള്‍ പൊതുവേ അമേരിക്കന്‍ വിരുദ്ധരാണ്. സ്വന്തം മക്കളെ അമേരിക്കയിലേയ്ക്ക് ഉന്നതവിദ്യാഭ്യാസത്തിനയക്കുകയും തനിക്ക് ഒരു ജലദോഷം വന്നാല്‍ ചികിത്സയ്ക്ക് അമേരിക്കയിലേയ്ക്ക് പറക്കുകയും ചെയ്യുന്ന മലയാളി, തിരിച്ച് വീട്ടിലെത്തിയാല്‍ ഏറ്റവും വലിയ കല്ലെടുത്ത് എറിയുന്നതും അമേരിക്കയിലേയ്ക്കുതന്നെ. അതിനു കാരണം രാഷ്ട്രീയമാണ്. ഞാനതു വിശദീകരിക്കുന്നില്ല.

ഇതിന്റെ ഭാഗമായിട്ടാണ് അമേരിക്കയില്‍ ജോലിയെടുക്കുന്ന മലയാളികളേയും കരിവാരിത്തേയ്ക്കുന്നത്. ഇന്ന് ഏറ്റവുമധികം തെറ്റിദ്ധരിപ്പിക്കപ്പെടുന്ന കൂട്ടരാണ് വിവരസാങ്കേതിക സ്ഥാപനങ്ങളില്‍ ജോലിയെടുക്കുന്ന ചെറുപ്പക്കാര്‍. സ്വാര്‍ത്ഥമതികളാണ്, അച്ഛനമ്മമാരെ തിരിഞ്ഞുനോക്കാത്തവരാണ്, സ്ഥിരമായി ഒരു കുടുംബജീവിതം ഉണ്ടാക്കാന്‍ പോലും പറ്റാത്തവരാണ്, ഇങ്ങിനെ പോകുന്നു പരാതികള്‍.

ഇതൊന്നും അറിഞ്ഞിട്ടു പറയുന്നതല്ല, ഊഹങ്ങള്‍ മാത്രം, അല്ലെങ്കില്‍ ടിവി സീരിയലുകളില്‍നിന്നോ മൂവികളില്‍നിന്നോ മനസ്സിലാക്കുന്നത്. ഇതു കേട്ട് സഹികെട്ടിട്ടാണ് ഞാന്‍ ‘പ്രണയത്തിനൊരു സോഫ്റ്റ്വെയര്‍’ എന്ന നോവലെഴുതിയത്. ഐ.ടി. കമ്പനികളില്‍ പ്രവര്‍ത്തിയ്ക്കുന്ന ധാരാളം ചെറുപ്പക്കാരെ എനിയ്ക്കു പരിചയമുണ്ട്, എന്റെ മകനടക്കം. അവരെല്ലാം എങ്ങിനെയാണ് ജീവിക്കുന്നതെന്ന് എനിക്കറിയാം. അവരുടെ കുടുംബസ്നേഹത്തെപ്പറ്റിയും, ദേശസ്നേഹത്തെപ്പറ്റിയും, ഭാഷാസ്നേഹത്തെപ്പറ്റിയും എനിക്കറിയാം.

കാനഡയില്‍ ഓണത്തിന് പൂവിടുന്നതും ഓണസദ്യയുണ്ണുന്നതും മുമ്പൊരിക്കല്‍ നിര്‍മലയുടെ ലേഖനത്തില്‍ ഞാന്‍ വായിച്ചിട്ടുണ്ട്, ഒപ്പംതന്നെ സ്വന്തം വീടിനുള്ളില്‍ പൂവിടുകയും നിലത്തിരുന്ന് സദ്യ ഉണ്ണുകയും ചെയ്യുന്ന ഫോട്ടോകളും. നല്ല എഴുത്തുകാര്‍ അവരുടെ ഇടയില്‍ ധാരാളമുണ്ട്. ചെറിയാന്‍ കെ. ചെറിയാന്‍, നിര്‍മല, റീനി, തോമസ് ജേക്കബ്…. മുഴുവന്‍ പേരുകളും ഓര്‍മ്മയില്‍ വരുന്നില്ല.

 

രണ്ടാം ഭാഗം: ഒളിച്ചുകടത്തിയ കേരളം തിരിച്ചു ചോദിക്കുന്നത്


 

എന്റെ മകന്‍ സ്റേറ്റ്സില്‍ പോകുന്നതിനുമുമ്പ് ഞങ്ങളോട് ഒരു നൂറു തവണയെങ്കിലും ചോദിച്ചിട്ടുണ്ട്. ‘ഞാന്‍ പോയാല്‍ നിങ്ങള്‍ക്കു വിഷമമാകുമോ?’ എന്ന്. എന്റെ മോശമായ ആരോഗ്യംകൂടി പരിഗണിച്ചാണ് അവനതു ചോദിച്ചത്. ബാംഗ്ലൂരിലുള്ളപ്പോള്‍ എനിയ്ക്ക് അസുഖമായാല്‍ പെട്ടെന്ന് ഓടിവരാമായിരുന്നു.

ഞങ്ങള്‍ പറഞ്ഞു-‘ഒരു വിഷമവുമില്ല, നിങ്ങള്‍ നന്നായി ജീവിയ്ക്കൂ, അതാണ് ഞങ്ങള്‍ക്ക് സന്തോഷം’.

രണ്ടു വര്‍ഷമായി അവന്റെ ഭാര്യ സ്റേറ്റ്സിലാണ്. അവള്‍ക്കാ സ്ഥലം ഇഷ്ടപ്പെട്ടു. ആരോഗ്യമുള്ള പരിസരങ്ങളും (അവള്‍ക്ക് പൊടി അലര്‍ജിയാണ്. ബാംഗ്ലൂരുള്ളപ്പോള്‍ അവള്‍ നന്നെ കഷ്ടപ്പെട്ടിട്ടുണ്ട്.) അത്രയും നല്ല ഒരു ജോലിയും ഉപേക്ഷിച്ച് അവള്‍ ഇന്ത്യയിലേയ്ക്കു വരുന്നതിനേക്കാള്‍ നല്ലത് അവന്‍ അങ്ങോട്ടു പോവുകയാണ്. രണ്ടുപേരും സ്റേറ്റ്സിന്റെ രണ്ടറ്റത്താണെങ്കിലും മാസത്തിലൊരിക്കലെങ്കിലും ഓരോ ആഴ്ച ഒപ്പം താമസിക്കാം. പിന്നെ സാവധാനത്തില്‍ രണ്ടു പേര്‍ക്കും ഒരു സ്ഥലത്ത് ജോലി കിട്ടുമോ എന്ന് അന്വേഷിക്കുകയും ചെയ്യാമല്ലൊ. സത്യം പറഞ്ഞാല്‍ ഞങ്ങള്‍ക്ക് സന്തോഷമാവുകയാണുണ്ടായത്; അവന്‍ പോയി. ‘ഡോളര്‍ പറച്ചുകൊണ്ടുവരു’മെന്നുദ്ദേശിച്ചല്ല. അവര്‍ക്ക് രണ്ടു പേര്‍ക്കും നല്ലൊരു ജീവിതമുണ്ടാവുമല്ലോ.

ഇതിനെപ്പറ്റി പറഞ്ഞപ്പോള്‍ എന്റെ സ്നേഹിതന്‍ ശ്രീ. സി. രാധാകൃഷ്ണന്‍ പറഞ്ഞു. ‘അതു നന്നായെടോ, ഒന്നുമില്ലെങ്കിലും നാഥനും തൂണുമുള്ള ഒരു രാജ്യത്ത് അവര്‍ക്ക് താമസിക്കാമല്ലൊ’. ഈ അഭിപ്രായത്തിന്റെ കാതല്‍ മനസ്സിലാക്കണമെങ്കില്‍ നിര്‍മല ഒരാറു മാസമെങ്കിലും കേരളത്തില്‍ വന്നു താമസിക്കണം.
മറിച്ച് മക്കളെ വെറും കറവപ്പശുക്കളായി കാണുന്ന അച്ഛനമ്മമാരും ഇല്ലെന്നില്ല. അവരെ പക്ഷെ സാമാന്യവത്കരിച്ച് അതുപോലെയാണ് എല്ലാ അച്ഛനമ്മമാരും എന്ന് പറയുന്നത് ശരിയല്ല.

 

മകന്‍ അജയിനൊപ്പം ഹരികുമാര്‍


 

ഞങ്ങളുടെ മകന്‍ ഞങ്ങള്‍ക്ക് തണലാണ്, ഞാന്‍ എന്റെ അച്ഛന് തണലായിരുന്നപോലെ. മക്കള്‍ തങ്ങളെ നോക്കുന്നില്ലെന്ന് പറയുന്ന മിക്ക അച്ഛനമ്മമാരും സ്വന്തം അച്ഛനമ്മമാരെ പടിയ്ക്കു പുറത്താക്കി ഗെയ്റ്റ് അടച്ചിട്ടുള്ളവരായിരിക്കും. മാസത്തിലൊരിക്കലെങ്കിലും അതൊരു വാര്‍ത്തയായി വരുന്നുണ്ട്. വിതച്ചതേ കൊയ്യൂ. നമ്മള്‍ മക്കള്‍ക്കുവേണ്ടി ജീവിക്കുകയല്ലാതെ മക്കള്‍ നമുക്കുവേണ്ടി ജീവിക്കണം എന്ന് വാശിപിടിക്കരുത്. തൊണ്ണൂറു ശതമാനം മാതാപിതാക്കളും അങ്ങിനെയാണ്.

ഞാന്‍ പറയാനുദ്ദേശിക്കുന്നതെന്തെന്നാല്‍ ഒരു ശരാശരി മലയാളി ജോലി തേടി മറ്റു സംസ്ഥാനങ്ങളിലോ മറ്റു രാജ്യങ്ങളിലോ പോകുന്നത് ഇവിടെ ഒരു ഗതിയുമില്ലാത്തതുകൊണ്ടാണ്. തൊള്ളായിരത്തി അറുപതില്‍ പതിനേഴാം വയസ്സില്‍ ഞാന്‍ കല്‍ക്കത്തയില്‍ ജോലി അന്വേഷിച്ചു പോയത് അച്ഛനെ സഹായിക്കാനാണ്. തുടര്‍ന്ന് പഠിക്കാനുള്ള സാഹചര്യമില്ലെന്നും കേരളത്തില്‍ ജോലികിട്ടില്ലെന്നുമുറപ്പായപ്പോഴാണ് ആ തീരുമാനം. അത് അച്ഛനെ എത്ര വേദനിപ്പിച്ചുവെന്ന് എനിക്കറിയാം.

ഇന്ന്, അമ്പതു കൊല്ലം കഴിഞ്ഞിട്ടും സ്ഥിതി ഏറെക്കുറേ അതുതന്നെയാണ്. പൊതുവേ സാമ്പത്തിക പരിസരം നന്നായതുകൊണ്ട് അച്ഛനമ്മമാര്‍ക്ക് മക്കളെ പഠിപ്പിക്കാന്‍ കഴിയുന്നുണ്ട്. അതായത് പതിനേഴാം വയസ്സില്‍ത്തന്നെ ജോലി അന്വേഷിക്കേണ്ടെന്നര്‍ത്ഥം. അതിനു കാരണം കേരളത്തിന്റെ വികസനമല്ല, മറിച്ച് പ്രവാസികളുടെ നിസ്വാര്‍ത്ഥ സേവനം തന്നെയാണ്. അതിന് കേരളത്തിലെ എല്ലാവരും അവരുടെ പ്രവാസികളായ മക്കള്‍ക്ക് നന്ദി പറയണം. ഇവിടെ ഒരു വ്യവസായവും വരാന്‍ പോകുന്നില്ല എന്ന കാര്യം മാറി മാറി വരുന്ന സര്‍ക്കാറുകള്‍ ഉറപ്പാക്കുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളും മറ്റു രാജ്യങ്ങളും മുന്നോട്ട് കുതിച്ചു കയറുന്നതു കാണുമ്പോള്‍ ഒരു നെടുവീര്‍പ്പോടെ ഓര്‍ക്കും എന്നാണ് നാം അവരുടെ ഒപ്പമെത്തുന്നത്?

കേരളത്തെപ്പറ്റി നിര്‍മ്മലയ്ക്ക് അചികിത്സ്യശുഭാപ്തിവിശ്വാസം കാണുന്നുണ്ട്. ഇന്നത്തെ കേരളത്തിന്റെ ജീവിതത്തെപ്പറ്റി വലിയ പിടിപാടില്ലാത്തതുകൊണ്ടായിരിക്കണം അത്. അല്ലെങ്കില്‍ മലയാള ഭാഷയോടുള്ള അമിതമായ ഭ്രമം കാരണമായിരിക്കാം. ഇവിടെ ജീവിതം എത്രത്തോളം ദുസ്സഹമായിട്ടുണ്ടെന്ന് ഇവിടെ താമസിക്കുന്നവര്‍ക്കറിയാം.

പ്രവാസി എഴുത്തുകാരുടെ രചനകള്‍ ഇവിടെ ശ്രദ്ധിക്കപ്പെടുന്നില്ല എന്നത് വാസ്തവം തന്നെ. പക്ഷെ ഇവിടെ പിറക്കുന്ന നല്ല രചനകള്‍ തന്നെ ആരാണ് ശ്രദ്ധിക്കുന്നത്? മുന്‍നിരയിലെത്താനുള്ള വ്യഗ്രതയില്‍ ഇവിടെ കാട്ടിക്കൂട്ടുന്ന അഭ്യാസങ്ങള്‍ കണ്ടാല്‍ ചിരിക്കാന്‍ തോന്നും. അമ്മയെ തല്ലിയും പേരെടുക്കുക എന്നതാണ് കാര്യം. ഇതിനിടയില്‍ അഭ്യാസമൊന്നും കാണിക്കാതെ ഒതുങ്ങിയിരുന്ന് നല്ല സാഹിത്യമെഴുതുന്നവര്‍ തഴയപ്പെടുന്നു.

മൃഗശാലകളിലെ മൃഗങ്ങള്‍ക്ക് പിന്നീട് കാട്ടില്‍ പൊറുക്കാന്‍ വയ്യെന്നാവും എന്ന് നിര്‍മല പറഞ്ഞത് സത്യമാണ്. മനുഷ്യനെ സംബന്ധിച്ചേടത്തോളം മൃഗങ്ങളുടെ അത്രയൊന്നും സമയം വേണ്ട. രണ്ടുകൊല്ലം എതെങ്കിലും പാശ്ചാത്യരാജ്യത്ത് താമസിച്ചാല്‍ മനസ്സിലാവും മനുഷ്യനെ മനുഷ്യനായി കാണാനും അവന്റെ ആവശ്യങ്ങള്‍ നിറവേറ്റാനും അവിടെപ്പോലെ കേരളത്തിലെന്നല്ല ഇന്ത്യയിലെവിടെയും ഒക്കില്ലെന്ന്.

‘നിങ്ങള്‍ക്കു വേണ്ടി എനിയ്ക്ക് എന്തു ചെയ്യാനാകും?’ എന്ന ചോദ്യത്തിനു പകരം ‘താനെന്തിനാ എന്റെ ഉറക്കം കളയാന്‍ വരുന്നത്?’ എന്ന പരുഷമായ ചോദ്യമാണ് ഇവിടെ ഓഫീസുകളില്‍ കേള്‍ക്കുക. എങ്ങിനെ ഒരു കാര്യം നടത്താതെ നോക്കാമെന്നത് ഒരു കലയായി വികസിപ്പിച്ചെടുത്തിരിക്കുന്നു കേരളം. മലയാളികള്‍ അങ്ങിനെയായിരുന്നില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍, നിങ്ങള്‍ക്ക് കര്‍ത്തവ്യമൊന്നുമില്ല അവകാശങ്ങള്‍ മാത്രമേയുള്ളു എന്ന സൂത്രവാക്യം മലയാളിയുടെ തലയില്‍ ബ്രെയിന്‍വാഷ് ചെയ്ത് കയറ്റിയിരിക്കുന്നു.
 
 

painting by Cassandra Gordon-Harris (facebook.com/cgordonharris )


 

കേശവനോട് (കേശവന്റെ വിലാപങ്ങള്‍-എം. മുകുന്ദന്‍) നിര്‍മലയ്ക്ക് അസൂയ തോന്നേണ്ട. എന്നും അവധിയിലായിരിക്കുക എന്നത് വളരെ അപകടകരമായ ഒരു പ്രവണതയാണ്. ഇവിടെ ഇടയ്ക്കിടയ്ക്കുണ്ടാവുന്ന ബന്ദുകളിലും ഹര്‍ത്താലുകളിലും ഏറ്റവുമധികം സന്തോഷിക്കുന്നത് ഇവിടുത്തെ ഓഫീസ് ജോലിക്കാരായിരിക്കും. അവര്‍ തലേന്നു തന്നെ ആവശ്യമുള്ള മദ്യക്കുപ്പികള്‍ വാങ്ങി സ്റോക്കു ചെയ്ത് ആ ദിവസം ആഘോഷിക്കുന്നു. (ഇന്ത്യയിലേയ്ക്കുവച്ച് ഏറ്റവും കൂടുതല്‍ മദ്യം ചെലവാകുന്നത് കേരളത്തിലാണ്.) ദിവസക്കൂലിക്കാരുടെ കാര്യമാണ് കഷ്ടം. ഒരു ദിവസത്തെ കൂലി ഇല്ലാതാവുക എന്നതിനര്‍ത്ഥം അവരുടെ കണക്കുകൂട്ടലുകള്‍ മുഴുവന്‍ തെറ്റുകയെന്നതാണ്.

തുടര്‍ച്ചയായി സംഭവിക്കുന്ന ബന്ദുകള്‍ (ബന്ദുകള്‍ ആചരിക്കുന്ന ഓരേയൊരു സംസ്ഥാനം ഇന്ത്യയില്‍ കേരളം മാത്രമാണ്) നമ്മെ പുറകോട്ട് വലിക്കുകയാണെന്ന് ഇവിടെ ആരും മനസ്സിലാക്കുന്നില്ല.

പാശ്ചാത്യരാജ്യങ്ങളില്‍ സമയക്കുറവുണ്ട് എന്ന കാരണംകൊണ്ട് സമയം വിശാലമായി കിടക്കുന്ന കേരളത്തിലേയ്ക്ക് വരുന്നതിനെപ്പറ്റി ആലോചിക്കണ്ട. അവിടെയെല്ലാം കൊല്ലത്തില്‍ ഒന്നോ രണ്ടോ തവണ തുടര്‍ച്ചയായി കിട്ടുന്ന ഒഴിവുദിവസങ്ങള്‍ സ്ഥലങ്ങള്‍ കാണാനോ മറ്റു വിധത്തില്‍ ചെലവാക്കാനോ കഴിയുമല്ലൊ. മറിച്ച് ഇവിടെ ഒഴിവു സമയമെന്നത് ഒരു മിഥ്യയാണ്. ജീവിതപ്രാരാബ്ധങ്ങള്‍ തീര്‍ത്തുവരുമ്പോഴെയ്ക്ക് നമുക്കൊക്കെ വയസ്സാവും.

മലയാള പുസ്തകങ്ങളും വാരികകളും വായിക്കാന്‍ കിട്ടാനുള്ള വിഷമം മനസ്സിലാവുന്നുണ്ട്. മിക്കവാറും വാരികകള്‍ ഓണ്‍ലൈനായി വായിക്കാന്‍ കിട്ടുന്നുണ്ടല്ലൊ, ‘മാതൃഭൂമി’യുടെയും ‘മനോരമ’യുടെയും പല പ്രസിദ്ധീകരണങ്ങളും ‘സമകാലിക മലയാള’വുമടക്കം പുസ്തകങ്ങള്‍ വരുത്തുക എന്നത് സാഹസമാണെന്ന് എനിക്കറിയാം.

ഞാന്‍ എന്റെ പുസ്തകങ്ങള്‍ ഓരോന്നായി വെബ്ബില്‍ ഇടുകയാണ്. ഇപ്പോള്‍ത്തന്നെ ഏഴു പുസ്തകങ്ങള്‍ പോസ്റ് ചെയ്തിട്ടുണ്ട്. മലയാളഭാഷയെ ഇപ്പോഴും നെഞ്ചിലേറ്റി നടക്കുന്ന പ്രവാസികളെ ഉദ്ദേശിച്ചാണ് അതു ചെയ്യുന്നത്. ആര്‍ക്കു വേണമെങ്കിലും അത് ഡൌണ്‍ലോഡ് ചെയ്യാം.

ഇതൊരു അപൂര്‍ണ്ണമായ കുറിപ്പു മാത്രമാണ്. നിര്‍മലയുടെ മനോഹരമായ ഭാഷയിലെഴുതപ്പെട്ട ലേഖനത്തിന് ഒരു നോക്കുകുത്തി മാത്രം.

 
 
 
 

പ്രവാസത്തിന്റെ കുറിപ്പുകള്‍
 

കാനഡ മരത്തില്‍ ഡോളര്‍ പറിക്കാന്‍ പോയവര്‍

ഒളിച്ചുകടത്തിയ കേരളം തിരിച്ചു ചോദിക്കുന്നത്

അമേരിക്കയുടെ ഡോളര്‍ക്കാടുകള്‍

ദേശാടനത്തിന്റെ ജന്മവാസനകള്‍

പ്രണയം കടല്‍ കടന്ന്, കര കടന്ന്…

വസന്ത കാല്‍ഗറിയില്‍ റമദാന്‍ നാളുകള്‍

എമര്‍ജിങ് കേരളത്തില്‍ ഗള്‍ഫ് മലയാളിയുടെ ഇടം

13 thoughts on “ഇത്തിരി നന്ദി, പ്രവാസികളോടുമാവാം

 1. അമേരിക്കക്കാരോടും യൂറോപ്യന്‍മാരോടുമുള്ള കലിപ്പ്
  പണ്ട് അറബികളോടുമുണ്ടായിരുന്നു. എല്ലാ പാര്‍ട്ടികള്‍ക്കും അവിടെ സംഘടനകളും യൂനിറ്റും മത സംഘടനകള്‍ക്ക് പിരിവും ഒക്കെ വന്നു തുടങ്ങിയപ്പോഴാണ് അത് മാറിയത്. നാലു കാശ് വരാന്‍ തുടങ്ങിയാല്‍ പാര്‍ട്ടിക്കാരും മതക്കാരും അമേരിക്കക്കാരെയും വാഴ്ത്തും.

 2. ഗംഭീരമായി, ഹരികുമാര്‍ സര്‍…..
  കുറേ മിത്തുകള്‍ തകര്‍ത്തു. അഭിനന്ദനങ്ങള്‍
  ജോയ് തോമസ് പി.വിമുംബൈ

 3. ഇതൊക്കെയാണെങ്കിലും ഈ ഐടിക്കാര് ചെറ്റകള്‍ തന്നെയാണ്.
  അവമ്മാര് വീട്ടുകാരെ നോക്കാത്തതു കൊണ്ട് പറയുകയല്ല.
  നല്ല നിലക്ക് ജീവിക്കുന്നതു കൊണ്ടും നല്ല കാശുണ്ടാക്കുന്നത് കൊണ്ടും.
  ഇതിനെ വേണമെങ്കില്‍ കണ്ണുകടി എന്നു വിളിച്ചോളൂ:)

 4. എന്തു നന്ദി?
  അന്നന്നത്തെ അപ്പത്തിനപ്പുറം മലയാളിക്കെന്ത് നന്‍മ?

 5. അസ്സലായിട്ടുണ്ട് !!! കാര്യങ്ങളുടെ കിടപ്പ് വശം മനസ്സിലാക്കി എഴുതിയ ലേഖനം.

 6. ഏറെ പ്രിയപ്പെട്ട കഥാകാരനെ യാഥാര്‍ത്ഥ്യങ്ങളുടെ നേര്‍ക്കാഴ്ചയുമായി ഇവിടെ കാണാന്‍ കഴിഞ്ഞതില്‍ ഒരുപാടു സന്തോഷം… നാലാമിടത്തിനു നന്ദി .

 7. നന്നായി സര്‍. ഞാന്‍ ഒരു IT പ്രൊഫഷണല്‍ ആണ്. കേരളത്തിലേക്ക് തിരിച്ചു വരാന്‍ സ്വപ്നം കാണുന്ന ഒരു മറുനാടന്‍ മലയാളി. പക്ഷെ വിഷമം ഉണ്ട് കേരളത്തിന്റെ പുരോഗതി കാണുമ്പോള്‍. സ്വാതന്ത്ര്യത്തിന്റെ ദുരുപയോഗം കാണുമ്പോള്‍.

 8. ഒരുപാടു നാളുകള്ക്കു ശേഷം ഹരികുമാര്‍ സാറിനെ ഇത്തരത്തിലെങ്കിലും ഒന്നു കാണാന്‍ സാധിച്ചതിന്. എന്‍ മോഹനനെപ്പോലെയും സി. രാധാക്രിഷ്ണനെപ്പോലെയും സ്നേഹത്തിന്റെയും നന്മയുടെയും ചൂരുള്ള കഥകള്‍ എഴുതിയിരുന്ന ഒരാള്‍ കൂടി മൌനത്തിന്റെ വാല്മീകത്തില്‍ ഒളിച്ചോ എന്നു സം ശയിച്ചിരിക്കുകയായിരുന്നു ഞാന്. താങ്കള്‍ തുടര്ന്നെഴുതണം , ഇതൊരപേക്ഷയാണു സാറ്. നന്മയുടെയും സ്നേഹത്തിന്റെയും ചൂടും ചൂരുമുള്ള കഥകള്‍ , ഇല്ലെങ്കില്‍ ഇത്തരം കൊച്ചു കൊച്ചു ലേഖനങ്ങളെങ്കിലും . 18 – ം വയസില്‍ കുടുമ്ബത്തെ പോറ്റാനായി സൌദി അറേബ്യയിലേക്കു വണ്ടി കയറിയ ഒരാളാണു ഞാന്. അന്നും ഇന്നും കൂട്ടായുള്ളതു താങ്കളെപ്പോലെയുള്ളവരുടെ എഴുത്തുകളാണ്.

 9. Hari Kumar:

  Good piece of write-up. Congratulations.

  I don’t know whether you will recall my face. We use to meet often, when you were in in Lodi Colony. I was organiser of “Kaladeepam” during that period. Myself and K.Damodaran (Artist) often discuss about you and C Radhakrishnan on our morning walk session. I am almost completing reading of Radhakrishnan’s “Theekkadal Kadanhu Thirumadhuram” . What a great work. I am so happy that he has been awarded for that. Damodaran is my neighbour in Mayur Vihar. Hope it reaches you.

Leave a Reply

Your email address will not be published. Required fields are marked *