ഒരു കാര്‍ട്ടൂണും ചില പാഠങ്ങളും

 
 
 
 
കാര്‍ട്ടൂണ്‍ വിവാദം എങ്ങനെ വായിക്കപ്പെട്ടു?
സുദീപ് കെ.എസ് എഴുതുന്നു

 
 

ദേശീയമാധ്യമങ്ങളില്‍ മുറവിളികള്‍ ഉയര്‍ന്നു. മലയാളത്തിലും സ്ഥിതി വത്യസ്ഥമായിരുന്നില്ല. യാഥാര്‍ത്ഥ്യത്തെ തുടച്ചുനീക്കാന്‍ ഭരണകൂടം നടത്തുന്ന ശ്രമങ്ങളുടെ ഒരു ഉദാഹാരണമാണ്‌ ഈ കാര്‍ട്ടൂണ്‍ വിവാദം എന്ന് ഡോ. ജെ പ്രഭാഷും ‘മുന്‍പിന്‍ നോക്കാതെ വിധിയെഴുന്നത് രാഷ്ട്രീയ സംഘടനകള്‍ക്ക് രീതിശാസ്ത്രമായോ’ എന്ന് എസ് ഗോപാലകൃഷ്ണനും മെയ് 25-ന്റെ സമകാലിക മലയാളം വാരികയില്‍ വിലപിച്ചു. ‘ചിന്ത’യില്‍ വി കാര്‍ത്തികേയന്‍ നായര്‍ പറഞ്ഞത് 1949-ല്‍ ശങ്കര്‍ തന്റെ വാരികയില്‍ കാര്‍ട്ടൂണ്‍ രൂപേണ അവതരിപ്പിച്ച പ്രതിഷേധം നെഹ്റുവും അംബേദ്‌കറും ആസ്വദിച്ചു എന്നും ‘അവരുടെ പിന്‍മുറക്കാര്‍ എന്നവകാശപ്പെടുന്നവര്‍ ഇപ്പോള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നു’ എന്നുമാണ്.

‘പുരോഗമന / ഇടതുപക്ഷ’ക്കാരുടെ ഇത്തരം പ്രതികരണങ്ങളുടെ കുത്തൊഴുക്ക് ഇനിയും നിലച്ചിട്ടില്ല. ജൂലായ്‌ ഒന്നിന്റെ നവയുഗവും (‘കാര്‍ട്ടൂണ്‍ വിവാദം നാടിനെ എവിടെ എത്തിക്കും?’, എം എസ് രാജേന്ദ്രന്‍) ജൂലായ്‌ 21-ന്റെ ‘ജനശക്തി’യും എല്ലാം അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നാക്രമണത്തിനെതിരെ രോഷപ്രകടനം തുടരുകയാണ്.എന്‍ സി ഈ ആര്‍ ടി പാഠപുസ്തകത്തില്‍ പ്രസിദ്ധീകരിച്ച ശങ്കറിന്റെ കാര്‍ട്ടൂണിനെക്കുറിച്ച വിവാദത്തില്‍ മാധ്യമങ്ങളും ഇടതു-വലത് ബുദ്ധിജീവികളും നടത്തിയ ഇടപെടലുകളുടെ രാഷ്ട്രീയമെന്ത്? കെ.എസ് സുദീപ് എഴുതുന്നു

 


 

എന്‍ സി ഈ ആര്‍ ടി യുടെ പതിനൊന്നാം ക്ലാസ്സിലെ പൊളിറ്റിക്കല്‍ സയന്‍സ് ടെക്സ്റ്റ് പുസ്തകത്തിലെ ഒരു കാര്‍ട്ടൂണ്‍ നീക്കം ചെയ്യണമെന്ന് ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടതും ടെക്സ്റ്റ് പുസ്തകത്തില്‍ നിന്ന് ആ കാര്‍ട്ടൂണ്‍ നീക്കം ചെയ്യപ്പെട്ടതുമെല്ലാം നമ്മുടെ പത്ര /ദൃശ്യ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മുഖ്യമായും കാര്‍ട്ടൂണിസ്റ്റിന്റെ, ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ (freedom of expression) മേലുള്ള ഒരിടപെടലായിട്ടായിരുന്നു. “പണ്ഠിതര്‍” ഈ നീക്കത്തില്‍ പ്രതിഷേധിച്ച് എന്‍ സി ഈ ആര്‍ ടി യുടെ ഉപദേശക സമിതിയില്‍ നിന്ന് രാജിവെച്ചതും വലിയ വാര്‍ത്തയായി (Scholars quit textbook body as government bans 1949 cartoon, The Hindu, May 11, 2012).

ഏതോ ചില രാഷ്ട്രീയക്കാരുടെ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച്‌ മാറ്റാനുള്ളതല്ല പാഠപുസ്തകങ്ങള്‍ എന്നും മായാവതിയെപ്പോലെയും തോള്‍ തിരുമാളവനെപ്പോലെയും ഉള്ള നേതാക്കള്‍ ദലിത്‌ പ്രസ്ഥാനങ്ങളുടെ തന്നെ പേര് കളയാന്‍ വേണ്ടി ജനിച്ചവരാണെന്നും അംബേദ്‌കറെ ദൈവമാക്കി മാറ്റാനാണ് ഇവര്‍ ശ്രമിക്കുന്നത് എന്നുമൊക്കെ ദേശീയമാധ്യമങ്ങളില്‍ മുറവിളികള്‍ ഉയര്‍ന്നു.

മലയാളത്തിലും സ്ഥിതി വത്യസ്ഥമായിരുന്നില്ല. യാഥാര്‍ത്ഥ്യത്തെ തുടച്ചുനീക്കാന്‍ ഭരണകൂടം നടത്തുന്ന ശ്രമങ്ങളുടെ ഒരു ഉദാഹരണമാണ്‌ ഈ കാര്‍ട്ടൂണ്‍ വിവാദം എന്ന് ഡോ. ജെ പ്രഭാഷും ‘മുന്‍പിന്‍ നോക്കാതെ വിധിയെഴുന്നത് രാഷ്ട്രീയ സംഘടനകള്‍ക്ക് രീതിശാസ്ത്രമായോ’ എന്ന് എസ് ഗോപാലകൃഷ്ണനും മെയ് 25-ന്റെ സമകാലിക മലയാളം വാരികയില്‍ വിലപിച്ചു.

‘ചിന്ത’യില്‍ വി കാര്‍ത്തികേയന്‍ നായര്‍ ‘രാഷ്ട്രത്തിന്റെ വായനയും വായനയുടെ രാഷ്ട്രീയവും’ എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനം പറഞ്ഞത് ‘മനുഷ്യത്വമുള്ളവരെല്ലാം കാര്‍ട്ടൂണുകള്‍ ആസ്വദിച്ചിരുന്നു’ എന്നും (അതുകൊണ്ടുതന്നെ) 1949-ല്‍ ശങ്കര്‍ തന്റെ വാരികയില്‍ കാര്‍ട്ടൂണ്‍ രൂപേണ അവതരിപ്പിച്ച പ്രതിഷേധം നെഹ്റുവും അംബേദ്‌കറും ആസ്വദിച്ചു എന്നും അവര്‍ ആ കാര്‍ട്ടൂണിനെതിരെ പ്രതിഷേധിച്ചില്ല എന്നും എന്നാല്‍ ‘അവരുടെ പിന്‍മുറക്കാര്‍ എന്നവകാശപ്പെടുന്നവര്‍ ഇപ്പോള്‍ അറുപത്തിമൂന്ന് വര്‍ഷത്തിനു ശേഷം പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നു’ എന്നുമാണ്.

‘പുരോഗമന / ഇടതുപക്ഷ’ക്കാരുടെ ഇത്തരം പ്രതികരണങ്ങളുടെ കുത്തൊഴുക്ക് ഇനിയും നിലച്ചിട്ടില്ല. ജൂലായ്‌ ഒന്നിന്റെ നവയുഗവും (‘കാര്‍ട്ടൂണ്‍ വിവാദം നാടിനെ എവിടെ എത്തിക്കും?’, എം എസ് രാജേന്ദ്രന്‍) ജൂലായ്‌ 21-ന്റെ ‘ജനശക്തി’യും എല്ലാം അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നാക്രമണത്തിനെതിരെ രോഷപ്രകടനം തുടരുകയാണ്.

‘തെഹെല്‍ക്ക’ ആകട്ടെ, ഒരു പടി കൂടി കടന്ന് ഈ വിഷയവുമായി ബന്ധപ്പെട്ട്‌ അച്ചടിമാധ്യമങ്ങളില്‍ വന്ന കാര്‍ട്ടൂണുകള്‍ കോര്‍ത്തിണക്കി ഒരു “ആവിഷ്കാര സ്വാതന്ത്ര്യം സ്പെഷ്യല്‍” കാര്‍ട്ടൂണ്‍ ഇഷ്യൂ തന്നെ പുറത്തിറക്കി. (ഇതില്‍ മാതൃഭൂമി പത്രം പ്രസിദ്ധീകരിച്ച ഗോപീകൃഷ്ണന്റെ ഒരു കാര്‍ട്ടൂണും ഉണ്ടായിരുന്നു). ചില ബുദ്ധിജീവികളും അക്കാദമിക്കുകളുമാകട്ടെ കുറച്ചുകൂടി മയത്തില്‍ പാഠപുസ്തകങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനുള്ള ശരിയായ രീതിയല്ല ഇത് എന്ന് വാദിച്ചു. Critical pedagogy എന്നൊരു വാക്ക് അവര്‍ വീണ്ടും വീണ്ടും ഉപയോഗിച്ചു.

ഇതെല്ലാം കണ്ട എന്റെ ആദ്യത്തെ സംശയം ശങ്കര്‍ തന്റെ വാരികയില്‍ ഒരു കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കുന്നതും ഒരു പാഠപുസ്തകത്തില്‍ ആ കാര്‍ട്ടൂണ്‍ ഉപയോഗിക്കുന്നതും ഒരേ കാര്യമാണോ എന്നതാണ്. രണ്ടാമത്തേത് ഒരു ‘അഭിപ്രായ സ്വാതന്ത്ര്യ’ത്തിന്റെ വിഷയമാവുന്നത് എങ്ങനെ എന്നുതന്നെ എനിക്ക് മനസ്സിലായതുമില്ല. ഒരു ജനാധിപത്യരാഷ്ട്രത്തില്‍ ജനവികാരം ചൂണ്ടിക്കാണിക്കാനോ അതിനനുസരിച്ച് ആവശ്യമെങ്കില്‍ മാറ്റങ്ങള്‍ വരുത്താനോ ആവശ്യപ്പെടാന്‍ ജനപ്രതിനിധികള്‍ക്ക് അവകാശമുണ്ട്‌ എന്നതും എന്റെ തോന്നല്‍ മാത്രമാണോ എന്ന് ഞാന്‍ സംശയിച്ചു.

ഏതായാലും ആദ്യത്തെ വട്ടം രോഷപ്രകടനങ്ങളുടെ കുത്തൊഴുക്ക് കഴിഞ്ഞപ്പോള്‍ ടെക്സ്റ്റ് പുസ്തകങ്ങളില്‍ നിന്ന് ഈ കാര്‍ട്ടൂണ്‍ നീക്കം ചെയ്യാനുള്ള നീക്കങ്ങളെ ന്യായീകരിച്ചുകൊണ്ട് ദലിത്‌ പക്ഷത്തുനിന്നുള്ള ലേഖനങ്ങളും കാര്‍ട്ടൂണുകള്‍ തന്നെയും കണ്ടുതുടങ്ങി. ഇത് ‘അമ്മയെ തല്ലുന്നത്’ പോലെ രണ്ടുപക്ഷത്തിന് വകുപ്പില്ലാത്ത ഒരു നീചമായ നീക്കമാണ് എന്ന നിലയിലുള്ള വിലാപങ്ങള്‍ക്കും തെറിവിളികള്‍ക്കുമിടയില്‍ അത് വളരെയേറെ ആശ്വാസകരമായി അനുഭവപ്പെട്ടു.

അമ്മയെ തല്ലിയതിന്റെ രണ്ടാം പക്ഷം

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ ഗവേഷണവിദ്യാര്‍ത്ഥിയായ ഉന്നമതി ശ്യാം സുന്ദര്‍ രണ്ട്‌ കാര്‍ട്ടൂണുകളിലൂടെ വളരെ മനോഹരമായി തനിക്കു പറയാനുള്ളത് പറഞ്ഞു (ചിത്രങ്ങള്‍ കാണുക).

 

ഉന്നമതി ശ്യാം സുന്ദര്‍

 
 

Brainwashing: Cartoon by Unnamati Shyam Sundar


 
 
 
 

Critical Pedagogy: Cartoon by Unnamati Shyam Sundar

 
 

‘ഒരു ദലിത്‌ തീവ്രവാദിയുടെ മനസ്സില്‍’ (Inside the mind of a fanatic dalit) എന്ന പേരില്‍ രണ്ട്‌ ഭാഗങ്ങളിലായി റൌണ്ട് ടേബിള്‍ ഇന്ത്യയില്‍ വന്ന ലേഖനത്തിലൂടെ അനൂപ്‌ കുമാറും ചില അടിസ്ഥാനപരമായ ചോദ്യങ്ങളുയര്‍ത്തി.

 

അനൂപ്‌ കുമാര്‍


 

“ആ കാര്‍ട്ടൂണ്‍ അംബേദ്‌കറെ അവഹേളിക്കുന്നതായി എനിക്ക് തോന്നിയില്ല, വ്യക്തിപരമായി എനിക്ക് ആ കാര്‍ട്ടൂണ്‍ ഇഷ്ടപ്പെട്ടില്ലെങ്കിലും. ഭരണഘടന ഉണ്ടാക്കാന്‍ വളരെയധികം സമയമെടുത്തു എന്നൊരാരോപണം അക്കാലത്ത് ഉണ്ടായിരുന്നു, Constitution drafing committee-യുടെ ചെയര്‍പേഴ്സണ്‍ എന്ന നിലയ്ക്ക് 1949 നവംബര്‍ 26-ന്റെ ഐതിഹാസികമായ പ്രസംഗത്തില്‍ ഈ ആരോപണങ്ങള്‍ക്ക് അംബേദ്‌കര്‍ മറുപടി പറയുകയും ചെയ്തിരുന്നു. ആ ആരോപണത്തില്‍ എത്രമാത്രം കഴമ്പുണ്ട് എന്ന് അന്വേഷിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുക എന്നതാകാം എന്‍ സി ഈ ആര്‍ ടി ഉദ്ദേശിച്ചത്..” “ഭരണഘടനയുടെ പിതാവ്” എന്നതില്‍ കവിഞ്ഞ് കഴിഞ്ഞ അമ്പതുവര്‍ഷത്തിലധികമായി അംബേദ്‌കറെപ്പറ്റി കാര്യമായൊന്നും പറയാത്ത പാഠപുസ്തകങ്ങള്‍ ഇപ്പോള്‍ എന്തെങ്കിലുമൊക്കെ പറഞ്ഞുതുടങ്ങുന്നു എന്നതുതന്നെ ദലിതരെ സംബന്ധിച്ച് സന്തോഷകരമാണ്..” എന്ന് അനൂപ്‌ കുമാര്‍ എഴുതുന്നു (സ്വതന്ത്ര പരിഭാഷ ലേഖകന്റേത്).

“..എന്നാല്‍ ദലിതരല്ലാത്ത വിദ്യാര്‍ത്ഥികളും അധ്യാപകരും ഈ ഒരു കാര്‍ട്ടൂണ്‍ എങ്ങനെ കാണും എന്നത് ചിന്തിക്കേണ്ട വിഷയമാണ്.. ഒരു ‘ഒച്ചായ’ അംബേദ്‌കറെ കളിയാക്കാനുള്ള അവസരമായി അവര്‍ ഇതിനെ എടുക്കുമോ? അവരുടെ ജാതീയമായ മുന്‍വിധികളെ പുറത്തെടുക്കാനുള്ള ഒരവസരമായി ഇത് മാറുമോ? എങ്കില്‍ എണ്ണത്തില്‍ വളരെ കുറവ് വരുന്ന ദലിത്‌ വിദ്യാര്‍ത്ഥികള്‍ അതിനെ എങ്ങനെയാണ് നേരിടുക..” “ദലിതരല്ലാത്തവര്‍ക്ക് അംബേദ്‌കറോടുള്ള വെറുപ്പിന്റെ ഏറ്റവും പ്രത്യക്ഷമായ പ്രകടനം, അദ്ദേഹത്തിന്റെ പ്രതിമകള്‍ നശിപ്പിക്കല്‍, ഇപ്പോഴും രാജ്യത്തിന്റെ പല ഭാഗത്തും നിര്‍ബ്ബാധം തുടരുന്നു.. അംബേദ്‌കറോടുള്ള വെറുപ്പും ദളിതരോടുള്ള വെറുപ്പും ഇടകലരുന്നതും ഞാന്‍ കണ്ടിട്ടുള്ളതാണ്. ഒരു public personality-യുടെ പ്രവര്‍ത്തനങ്ങളും സ്വത്വവും പലവിധത്തില്‍ വിവേചനങ്ങള്‍ നേരിടുന്ന അയാളുടെ സമുദായത്തോട് ബന്ധിതമായിരിക്കുന്നത്‌ പല തരത്തിലുള്ള പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു..” “ആന്ധ്രപ്രദേശിലെ ത്സുന്ദുരുവില്‍ 1981-ല്‍ ഒരു അംബേദ്‌കര്‍ പ്രതിമ സ്ഥാപിച്ചതായിരുന്നു അവിടെ ഒട്ടേറെ ദലിതര്‍ മരിക്കാനിടയാക്കിയ കലാപങ്ങളുടെ പ്രധാനകാരണം..”

“..1995-ല്‍, മായാവതി മുഖ്യമന്ത്രിയായ ഉടനെയുള്ള കാലത്ത്, രാജ്യത്തെ തന്നെ ഏറ്റവും പഴക്കമുള്ളതും പേരുകേട്ടതുമായ ഒരു സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ പഠിക്കാന്‍ പോയതാണ് ഞാന്‍. എല്ലാവരെയും പരിചയപ്പെട്ട ശേഷം ക്ലാസ്സിലെ 8 എസ് സി / എസ് ടി കുട്ടികളോടായി അദ്ധ്യാപകന്‍ ഇങ്ങനെ പറഞ്ഞു — ‘എസ് സി / എസ് ടി കുട്ടികള്‍ നന്നായി പഠിക്കുന്നതായിരിക്കും അവര്‍ക്ക് നല്ലത്, ഞാനാണ് മാര്‍ക്കിടാന്‍ പോവുന്നത്, മായാവതിയല്ല’..”

“ഈ കാര്‍ട്ടൂണ്‍ നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട രാഷ്ട്രീയക്കാര്‍ പറയുന്നതുപോലെ പതിനൊന്നാം ക്ലാസ്സിലെ കുട്ടികള്‍ എട്ടും പൊട്ടും തിരിയാത്തവരാണെന്നോ അവരെ എളുപ്പം സ്വാധീനിക്കാം എന്നോ ഞാന്‍ കരുതുന്നില്ല. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ അപൂര്‍വ്വം ചിലര്‍ക്കൊഴികെ ആ പ്രായമാവുമ്പോഴേയ്ക്ക് ജാതി എന്താണെന്ന് തിരിച്ചറിയാറാവുന്നു. ‘ഉയര്‍ന്ന’ ജാതി ഏതാണെന്നും ‘താണ’ ജാതി ഏതാണെന്നും ഒരാളുടെ പേരുകേട്ട് ഇതൊക്കെ എങ്ങനെ മനസ്സിലാക്കാം എന്നുമൊക്കെ അവര്‍ക്കറിയാം. അവര്‍ വെറും കുട്ടികളല്ല. ജാതിയുടെ സങ്കീര്‍ണ്ണതകളും അതിന്റെ പ്രശ്നങ്ങളും ക്ലാസ് മുറിയില്‍ അവരുടെ ദൈനംദിന ജീവിതത്തില്‍ അവര്‍ അനുഭവിക്കുന്നു. മിക്കവാറും ദലിത്‌ വിദ്യാര്‍ത്ഥി / വിദ്യാര്‍ത്ഥിനികളെ സംബന്ധിച്ചിടത്തോളം മറ്റുള്ളവരുമായി അര്‍ത്ഥവത്തായി ഇടപെടാനുള്ള ഒരേയൊരിടമാണ് ഈ ക്ലാസ് മുറി. അതിന്‌ പുറത്ത്‌ അവര്‍ തികച്ചും മറ്റുള്ളവര്‍ക്ക് സമാന്തരമായൊരു ജീവിതമാണ് നയിക്കുന്നത്. അങ്ങനെയൊക്കെ ആയിരിക്കെ, ചെറുപ്പമായ, എന്നാല്‍ അത്ര നിഷ്കളങ്കരോ എളുപ്പം സ്വാധീനിക്കാവുന്നവരോ അല്ലാത്ത, എന്നാല്‍ സമൂഹത്തിലെ ജാതിപരമായ മുന്‍വിധികള്‍ കടന്നുകയറിയിട്ടുണ്ടാവാന്‍ വളരെയധികം സാധ്യതയുള്ള കുട്ടികളോ അത്ര ചെറുപ്പമല്ലാത്ത, എന്നാല്‍ അത്ര തന്നെയോ അതിലേറെയോ മുന്‍വിധികളുള്ള അദ്ധ്യാപകരോ ഇങ്ങനെയൊരു കാര്‍ട്ടൂണിനെ തെറ്റിവായിക്കാന്‍ ഇടയുണ്ടോ എന്ന ഉത്കണ്ഠ ഉണ്ടാകുന്നത് സ്വാഭാവികമല്ലേ?..”

‘ആവിഷ്കാര സ്വാതന്ത്ര്യം’ സംരക്ഷിക്കാന്‍ വേണ്ടി തെഹല്‍ക്ക ഇറക്കിയ സ്പെഷ്യല്‍ കാര്‍ട്ടൂണ്‍ പതിപ്പിനെപ്പറ്റി മുംബയിലെ ടാറ്റാ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലെ വിദ്യാര്‍ത്ഥിനിയായ ക്ഷിതിജ് പിപലേശ്വര്‍ എഴുതി (Of Critical Pedagogy and Rational Thinking). വിശേഷിച്ച് ഏകലവ്യന്‍ കഥാപാത്രമാവുന്ന ഒരു കാര്‍ട്ടൂണിനെപ്പറ്റി (ചിത്രം കാണുക). “ഇതിനു മുമ്പത്തെ തവണ ആരെന്തു പഠിക്കണം എന്ന് ഭരണവര്‍ഗ്ഗം തീരുമാനിച്ചപ്പോള്‍ എനിക്കെന്റെ %&*ing പെരുവിരല്‍ കൊടുക്കേണ്ടിവന്നു” എന്നാണ് ആ കാര്‍ട്ടൂണില്‍ ഏകലവ്യന്‍ പറയുന്നത്.

 

ക്ഷിതിജ് പിപലേശ്വര്‍


 
 

ഏകലവ്യന്‍ കഥാപാത്രമാവുന്ന കാര്‍ട്ടൂണ്‍


 
 

“ശക്തമായ ഒരു ദലിത്‌/ബഹുജന്‍ ഹീറോ ആയ എകലവ്യനാണ് ഇത് പറയുന്നത് എന്നത് തന്നെ അസുഖകരമാണ്. വിദ്യാഭ്യാസവും മറ്റ് സൌകര്യങ്ങളും നിഷേധിക്കപ്പെട്ട ദളിടരുടെയും ആദിവാസികളുടെയുമൊക്കെ ഒരു പ്രതിനിധിയാണ് ഏകലവ്യന്‍. യോഗ്യത (മെറിറ്റ്‌) ഉണ്ടായിരുന്നിട്ടും ഉയര്‍ന്ന ജാതിക്കാരെ ആ യോഗ്യത / കഴിവ് കൊണ്ട്‌ അയാള്‍ നിഷ്പ്രഭനാക്കും എന്നുവന്നപ്പോള്‍ നിഷ്കരുണം ചതച്ചരയ്ക്കപ്പെട്ടവരുടെയെല്ലാം പ്രതീകമാണയാള്‍..” “ഒരു കീഴാള ഹീറോയെ കടമെടുത്ത് അയാളെക്കൊണ്ട് ഭരണവര്‍ഗ്ഗത്തിന്റെ ഭാഷ പറയിപ്പിക്കുന്നത് അങ്ങേയറ്റം അരോചകമാണ്..” ഇതുവരെയും രാഷ്ട്രീയക്കാരല്ല നമ്മുടെ പാഠപുസ്തകങ്ങളില്‍ എന്തുണ്ടാവണം എന്തുണ്ടാവരുത് എന്ന് തീരുമാനിച്ചിരുന്നത് എന്ന ധ്വനിയും ക്ഷിതിജ് ചോദ്യം ചെയ്യുന്നു.

Whipping up ‘critical pedagogy’: Uncritical defense of NCERT’s violence എന്ന പേരില്‍ ‘സാവരി’ എന്ന വെബ്സൈറ്റില്‍ പലര്‍ ചേര്‍ന്നെഴുതിയ ഒരു കുറിപ്പാണ് പാഠപുസ്തകഹിംസയ്ക്കെതിരെ വന്ന മറ്റൊരു പ്രധാന പ്രതികരണം. ഈ വിഷയത്തില്‍ ടൈംസ് ഓഫ് ഇന്ത്യയുടെയും മാതൃഭൂമിയുടെയും കേരളകൌമുദിയുടെയും എഡിറ്റോറിയലുകളെ പരാമര്‍ശിച്ചുകൊണ്ട് ശ്രീ സി എസ് മുരളീശങ്കര്‍ മെയ് 16-ന്‌ ഫെയ്സ്ബുക്കില്‍ ‘പുസ്തകം കത്തിച്ചു, ഇനി പത്രവും കത്തിക്കും’ എന്നൊരു ചെറുകുറിപ്പെഴുതി.

അതിനുശേഷം കാഞ്ചാ ഐലയ്യ അടക്കമുള്ളവര്‍ ഈ വിഷയത്തില്‍ പ്രതികരിച്ചു. പാഠപുസ്തകത്തിലെ കാര്‍ട്ടൂണിനെതിരെ ജനാധിപത്യപരമായി പ്രതികരിക്കാനുള്ള അവകാശത്തെ ഉയര്‍ത്തിപ്പിടിക്കണം എന്നാവശ്യപ്പെട്ട് ഒരു നിവേദനവും change.org എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. “ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളതുപോലെ, നര്‍മ്മം മുന്‍വിധികളില്‍ നിന്ന് മുക്തമല്ല” എന്നൊരു വാചകമുണ്ട് ആ നിവേദനത്തില്‍. നര്‍മ്മം ആസ്വദിക്കാന്‍ മനുഷ്യത്വം മാത്രം പോരാ എന്നും നമ്മുടെ സംവേദനശേഷിയുടെ ഏറ്റക്കുറച്ചിലുകളും നമ്മുടെ മുന്‍വിധികളും എല്ലാം ചേര്‍ന്നാണ് നര്‍മ്മവും നമുക്ക് ആസ്വാദ്യമോ അനാസ്വാദ്യമോ ആവുന്നത് എന്നും തന്നെയാണ് അതിനര്‍ത്ഥം.

 
 
 
 

4 thoughts on “ഒരു കാര്‍ട്ടൂണും ചില പാഠങ്ങളും

  1. സി പി എമ്മും സി പി ഐയും ‘യഥാര്‍ത്ഥ’ ഇടതുപക്ഷവും ഒക്കെ തമ്മില്‍ ഒരഭിപ്രായവ്യത്യാസവുമില്ലാത്ത വിഷയം 🙂

  2. വിവാദമായ ടെക്സ്റ്റ്‌ ബുക്ക്‌ ഉള്ളടക്കത്തിന്റെ ഒരു ലിങ്ക് കൂടി കൊടുക്കേണ്ടതായിരുന്നു. പത്രത്തില്‍ വന്നതും വിവാദ ലേഖനങ്ങളും അല്ല പ്രശനം ടെക്സ്റ്റ്‌ ബുക്കിലെ യഥാര്‍ത്ഥ ഉള്ളടക്കം എന്തായിരുന്നു എന്നതാണ് :
    The link to the controversial textbook context (Check page 18) :
    http://www.ncert.nic.in/NCERTS/textbook/textbook.htm?keps2=1-10

  3. “അതിനുശേഷം കാഞ്ചാ ഐലയ്യ അടക്കമുള്ളവര്‍ ഈ വിഷയത്തില്‍ പ്രതികരിച്ചു. പാഠപുസ്തകത്തിലെ കാര്‍ട്ടൂണിനെതിരെ ജനാധിപത്യപരമായി പ്രതികരിക്കാനുള്ള അവകാശത്തെ ഉയര്‍ത്തിപ്പിടിക്കണം എന്നാവശ്യപ്പെട്ട് ഒരു നിവേദനവും change.org എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. “ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളതുപോലെ, നര്‍മ്മം മുന്‍വിധികളില്‍ നിന്ന് മുക്തമല്ല” എന്നൊരു വാചകമുണ്ട് ആ നിവേദനത്തില്‍. നര്‍മ്മം ആസ്വദിക്കാന്‍ മനുഷ്യത്വം മാത്രം പോരാ എന്നും നമ്മുടെ സംവേദനശേഷിയുടെ ഏറ്റക്കുറച്ചിലുകളും നമ്മുടെ മുന്‍വിധികളും എല്ലാം ചേര്‍ന്നാണ് നര്‍മ്മവും നമുക്ക് ആസ്വാദ്യമോ അനാസ്വാദ്യമോ ആവുന്നത് എന്നും തന്നെയാണ് അതിനര്‍ത്ഥം.” liked the concluding lines the best. -അഖില (കുഞ്ഞില) ഹെന്‍റി ഫെയ്സ്ബുക്കില്‍.

Leave a Reply

Your email address will not be published. Required fields are marked *