വിസ്കൊന്‍സിനിലെ വെടിയുണ്ടകള്‍ നമ്മോടു പറയുന്നത്

 
 
 
 
വിസ്കോന്‍സിന്‍ അനുസ്മരണ പരിപാടിയുടെ വേദനിക്കുന്ന ഓര്‍മ്മ.
മീനു എലിസബത്ത് എഴുതുന്നു

 
 

ആറ് ജീവനുകള്‍ പൊലിഞ്ഞ വെടിവെപ്പിനൊടുവില്‍ അമേരിക്കയിലെ വിസ്കോന്‍സിനിലെ സിഖ് ദേവാലയം ഇന്നലെ വീണ്ടും തുറന്നു. അപകടത്തില്‍ പരിക്കേറ്റ് ഓക് ക്രീക്കിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മിക്കവരുടെയും നില മെച്ചപ്പെട്ടു. അമേരിക്കയെ വിടാതെ പിന്തുടരുന്ന വെടിവെപ്പുകളെക്കുറിച്ച്, തോക്കുകളെക്കുറിച്ച് ചര്‍ച്ചകള്‍ തുടരുകയാണ്. വിസ്കോണ്‍സിന്‍ നല്‍കുന്ന വിപല്‍സന്ദേശങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു കുറിപ്പ്. വിസ്കോന്‍സിന്‍ അപകടത്തിനുശേഷം, കൊല്ലപ്പെട്ടവര്‍ക്കായി ടെക്സസിലെ ദാല്ലസിനടുത്ത ഗാര്‍ലാന്‍ഡ് പട്ടണത്തില്‍ നടന്ന അനുസ്മരണ പരിപാടിയുടെ വേദനിക്കുന്ന ഓര്‍മ്മ. മീനു എലിസബത്ത് എഴുതുന്നു

 


 

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ലോകത്തെ ഞെട്ടിച്ച ആ ദുരന്തം. വിസ്കൊന്‍സിനിലെ സിഖ് ആരാധനാലയത്തില്‍ നടന്ന ഈ കൂട്ടക്കൊലക്ക് വഴിതെളിച്ചത് മത, വര്‍ണ കൊണ്ട് അന്ധനായ ഒരു വെള്ളക്കാരന്റെ പകയും വിദ്വേഷവും നിറഞ്ഞ ബാല്യമായിരുന്നു എന്ന തിരിച്ചറിവ് ഭീതിയും, വേദനയും നിസ്സഹായതയും നിറഞ്ഞ ഒരു വികാരമാണ് എനിക്ക് ഉണ്ടാക്കിയത്. മറ്റു മതങ്ങളെക്കുറിച്ചും അവരുടെ രീതികളെക്കുറിച്ചും ആചാര മര്യാദകളെക്കുറിച്ചും നല്ല ശതമാനം അമേരിക്കക്കാര്‍ക്കുമുള്ള തികഞ്ഞ അജഞതയാണ് ഇത്തരമൊരു കൂട്ടക്കൊലക്ക് പിന്നില്‍ എന്ന സത്യം നമ്മെ വീണ്ടും വീണ്ടും ഞെട്ടിക്കുന്നു.

ആശ്വാസ വാക്കുകള്‍ പങ്കു വെക്കുന്നതിന് ആര്‍ക്കന്‍സായിലുള്ള സിഖുകാരായ സുഹൃത്തുക്കളെ വിളിച്ചപ്പോള്‍ അവരവിടെ, ഒരു അനുസ്മരണ യോഗത്തിന് തയാറെടുക്കുകയായിരുന്നു. ഇത്തരുണത്തില്‍ നമുക്കും കൂടുതലൊന്നും ചെയ്യാന്‍ പറ്റില്ല. എങ്കിലും ദാല്ലസിലെ സിഖുകാരുടെ ആ അനുസ്മരണ ചടങ്ങിനുപോവാന്‍ ഞങ്ങളും തീരുമാനിച്ചു.

ഭര്‍ത്താവും മൂത്ത മകനും ജോലി കഴിഞ്ഞു വരാന്‍ താമസിക്കും. അതിനാല്‍, വൈകിട്ട് ഞാനും ഇളയ രണ്ടു കുട്ടികളുമായി ഗാര്‍ലന്‍ഡിലെ സിഖ് ഗുരുദ്വാരയിലേക്ക് തിരിച്ചു. വൈകിട്ട് ഏഴു മണി മുതല്‍ എട്ടു മണി വരെ പ്രാര്‍ഥന, എട്ടു മണിക്ക് അനുസ്മരണം ഇങ്ങനെയായിരുന്നു വാര്‍ത്തകളില്‍ കണ്ടിരുന്നത്. ഞങ്ങള്‍ ഏകദേശം ഏഴരയോടെ അവിടെയെത്തി. കാര്‍ പാര്‍ക്കിങ്ങിന് നന്നേ പ്രയാസം. ഇത്തിരി ബുദ്ധിമുട്ടി, അമ്പലത്തിനോട് ചേര്‍ന്ന് കിടക്കുന്ന ഒരു തുറന്ന മൈതാനത്ത് വണ്ടി പാര്‍ക്ക് ചെയ്ത് ഞങ്ങള്‍ മെല്ലെ നടന്നു. വര്‍ണ്ണ- ജാതി -മത ഭേദം ഇല്ലാതെ, ആള്‍ക്കാരുടെ കുത്തൊഴുക്കായിരുന്നു അവിടെ.

വഴിയില്‍ വെച്ച് തന്നെ വെള്ള പൂശിയ മനോഹരമായ ഗുജരാല്‍ -ഇന്ത്യന്‍ വാസ്തു ശില്‍പ രീതിയിലുള്ള അതിമനോഹരമായ കെട്ടിടം- കണ്ടു. തല ഉയര്‍ത്തി നില്‍ക്കുന്ന സ്വര്‍ണ താഴികക്കുടങ്ങള്‍! അവിടെ, കാല്‍ വെയ്ക്കാനിടയിലാത്ത വിധം ജനപ്രളയം. തോക്കുമായി അനേകം പോലീസുകാര്‍.

 

വിസ്കോണ്‍സിന്‍ സിഖ് ദേവാലയം കൂട്ടക്കൊല നടന്ന ദിവസം സായുധ പൊലീസ് വളഞ്ഞപ്പോള്‍


 

കനത്ത പോലീസ് വലയത്തിലാണ് അവിടം. ദേവാലത്തിന്റെ മുന്‍പിലായി ഒന്നു രണ്ടു പേര്‍ ബാന്‍ഡാന (സ്കാര്‍ഫ്) വിതരണം ചെയ്യുന്നു. ശിരോവസ്ത്രങ്ങള്‍ അണിയാതെ ആര്‍ക്കും ഗുരുദ്വാരയിലേക്ക് പ്രവേശനമില്ല. ഞാന്‍ വേഗം ചുരിദാറിന്റെ ഷാള്‍ തല വഴി മൂടി. മക്കള്‍ക്ക് രണ്ടു പേര്‍ക്കും ഒരു വോളന്റിയര്‍ ശിരോവസ്ത്രം കെട്ടിക്കൊടുത്തു. പാദരക്ഷ സൂക്ഷിക്കുന്ന മുറികളില്‍ അതഴിച്ചു വെച്ച ശേഷം ഞങ്ങളും മറ്റുള്ളവര്‍ ചെയ്യുന്നത് പോലെ ആള്‍ക്കാരുടെ നീണ്ട നിരയുടെ പുറകിലായി നിന്നു.

പുരുഷന്‍മാര്‍ ഒരു വശത്തും സ്ത്രീകള്‍ മറുവശത്തുമായാണ് വരിനില്‍ക്കുന്നത്. എന്റെ മുന്നില്‍ നിന്ന വെള്ളക്കാരി സ്ത്രീയുടെ അരികിലേക്ക് ഒരു സിഖുകാരനും ഒരു പെണ്‍കുട്ടിയും കടന്നു വന്നു. അവരുടെ സംസാരത്തില്‍ നിന്ന് അവര്‍ യു.എസ് അറ്റോര്‍നി സാറാ ആര്‍. സാല്‍ഡനാണെന്ന് മനസിലാക്കാന്‍ കഴിഞ്ഞു. സഹായത്തിനായി സിഖുകാരിയായ പെണ്‍കുട്ടിയെ അവരുടെ അരികില്‍ നിര്‍ത്തി അയാള്‍ മടങ്ങി.

ഞാന്‍ ആദ്യമായാണ് ഒരു സിഖ് ഗുരുദ്വാര കാണുന്നത്. വലിയൊരു പള്ളി. അകത്ത് ഇരിപ്പിടങ്ങള്‍ ഒന്നും തന്നെയില്ല. ഏറ്റവും പുറകിലെ നിരയിലായി പ്രായമുള്ളവര്‍ കസേരകളില്‍ ഇരിക്കുന്നു.ബാക്കി എല്ലാവരും നിലത്തു തന്നെ. കാര്‍പ്പറ്റ് മുഴുവന്‍ വെള്ള തുണി വിരിച്ചിരിക്കുന്നു. ഒരു വശത്തായി പുരുഷന്മാരും മറു വശത്തായി സ്ത്രീകളും ഇരിക്കുന്നു. കുമ്പിട്ട് ആരാധിക്കുവാനുള്ള ആളുകള്‍ രണ്ടു നിരകളിലായി നില്‍ക്കുന്നു.എല്ലാവരും തല മറച്ചിരിക്കുന്നു.

 

സത്വന്ദ് കലേക. കൃപാണുമായി അക്രമിയെ തടഞ്ഞ്, നിരവധി ജീവനുകള്‍ രക്ഷിച്ചശേഷം വെടിയുണ്ടക്കിരയായ ദേവാലയ അധ്യക്ഷന്‍


 

അകത്തൊരിടത്ത് ഒരു വിശുദ്ധ സ്ഥലം, മഞ്ഞപ്പട്ടിനാലും വെള്ളി/സ്വര്‍ണ അലുക്കുകളാലും മനോഹരമായി അലങ്കരിച്ചിരിക്കുന്നു. അതിന്റെ താഴെ പടിയില്‍ അവരുടെ വിശുദ്ധ ഗ്രന്ഥങ്ങള്‍. ഒരു കൊച്ചു മാടം പോലെയുള്ള ആ വിശുദ്ധ ഇടത്ത്, വെഞ്ചാമരം വീശി, നീണ്ട വെള്ളിത്താടിയുള്ള പ്രധാന പുരോഹിതന്‍ ഇരിക്കുന്നു.

എല്ലാവരും വരിവരിയായി വന്ന് വിശുദ്ധ ഗ്രന്ഥങ്ങളിരിക്കുന്ന സ്ഥലത്ത്, കാണിക്ക അര്‍പ്പിച്ചു കുമ്പിട്ടു പോവുകയാണ്. ഞാന്‍ വേഗം പഴ്സ് തുറന്ന് നോട്ടുകള്‍ എടുത്തു മക്കള്‍ക്ക് കൊടുത്തു. എല്ലാവരെയും പോലെ ഞങ്ങളും കുമ്പിട്ടു, കാണിക്ക ഇട്ടു രണ്ടു വശങ്ങളിലായി ഇരിപ്പുറപ്പിച്ചു.

ഞാന്‍ ഇരുന്നത് പഴയ പരിചയക്കാരിയായായ ഒരു ആന്റിയുടെ അടുത്തായിരുന്നു. തമ്മില്‍ കണ്ടതിന്റെ സന്തോഷത്തില്‍ ഞങ്ങള്‍ ചിരിച്ചു. അവരെയല്ലാതെ മലയാളിയായി ആരെയും കാണാന്‍ കഴിഞ്ഞില്ല.

വളരെ ഹൃദയ സ്പര്‍ശിയായിരുന്നു ആ അനുഭവം. സമൂഹത്തിന്റെ എല്ലാ തുറകളില്‍ നിന്നുമുള്ള പ്രമുഖര്‍ അവിടെ ഉണ്ടായിരുന്നു. മത നേതാക്കളും, രാഷ്ട്രീയക്കാരും, സെനറ്ററുടെ ഓഫീസ് പ്രതിനിധികളും, ഗാര്‍ലാന്‍ഡ്, ഇര്‍വിംഗ്, പ്ലാനോ മേയര്‍മാരും, നേരത്തെ പറഞ്ഞ അറ്റോര്‍ണിയും ഉള്‍പ്പടെ പലരും രണ്ടു മിനിട്ട് പ്രസംഗിച്ചു.

വെള്ളക്കാരും, ആഫ്രിക്കനമേരിക്കക്കാരും ഇന്ത്യക്കാര്‍ ഉള്‍പ്പടെ ഏഷ്യക്കാരും സംഘടനാ നേതാക്കന്മാരും മത നേതാക്കളും തങ്ങളുടെ അകമഴിഞ്ഞ പിന്തുണ സിഖ് സമൂഹത്തിന് ഉറപ്പു നല്‍കി. ദു:ഖം തളം കെട്ടി നിന്ന അന്തരീക്ഷം. പുകയുന്ന സുഗന്ധ ദ്രവ്യങ്ങള്‍. ഹിന്ദിയിലും ഗുജറാത്തിയിലുമുള്ള ചില അന്തിമ കീര്‍ത്തനങ്ങളും പ്രാര്‍ഥനകളും. ഈ രണ്ടു ഭാഷയും അറിയില്ലെങ്കിലും അതില്‍ ഉറിക്കിടക്കുന്ന ദു:ഖത്തിന്റെ ഭാഷ എളുപ്പം മനസ്സു തൊടും. കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് വളരെ പണിപ്പെട്ടു ഞാന്‍ നിയന്ത്രിച്ചു. ഉള്ളിലെ മുറിവുകള്‍ ഉണങ്ങാതെ കിടക്കുന്ന ഇത് പോലുള്ള കൂട്ടായ്മകളില്‍ , അണപൊട്ടിവരുന്ന കണ്ണീര്‍ നിയന്ത്രിക്കാന്‍ സാധാരണ എനിക്കു കഴിയാറില്ല.

 

ഗാര്‍ലാന്‍ഡിലെ അനുസ്മരണ പരിപാടിക്കു തൊട്ടുമുമ്പ് നടന്ന പ്രാര്‍ത്ഥനയില്‍ മുഖ്യ പുരോഹിതന്‍


 

പ്രധാന പുരോഹിതന്‍, മരിച്ചവരുടെ പേര് വായിച്ചു. അവര്‍ക്ക് വേണ്ടി പ്രത്യേക പ്രാര്‍ഥനകള്‍ നടത്തി. മുറിവേറ്റു കഴിയുന്നവരെ പ്രത്യേകം ഓര്‍ത്തു. കൂട്ടക്കൊല നടത്തിയ വെയ്ഡ് മൈക്കില്‍ പേജിന്റെ കുടുംബത്തിന് ആശ്വാസം കൊടുക്കണേ എന്ന പ്രാര്‍ഥനയും അവിടെ ഉയര്‍ന്നു കേട്ടു. സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്നെത്തിയ ഇരുപതോളം പേര്‍ പ്രസംഗിച്ചു. രണ്ടു മിനിറ്റ് കൊണ്ട് പ്രസംഗം നിര്‍ത്തണം എന്ന സംഘാടകരുടെ ആവശ്യം എല്ലാവരും പാലിച്ചു. (ഞാന്‍ അപ്പോള്‍ അടുത്തിടെ പങ്കെടുത്ത പല മലയാളി സമ്മേളനങ്ങളും ഓര്‍ത്തു. രണ്ടു മിനിട്ട് എന്ന് പറഞ്ഞാല്‍ ഇരുപതു മിനിട്ടാണ് മിക്കവരുടെയും രീതി!)

കൃത്യം എട്ടു മണിക്ക് തന്നെ വിജിലിനായി എല്ലാവരും ഗുരുദ്വാരയുടെ വെളിയിലേക്ക് ആനയിക്കപ്പെട്ടു. അപ്പോഴേക്കും വെളിയില്‍ ഇരുട്ട് പടര്‍ന്നിരുന്നു. വെള്ള മെഴുകുതിരികള്‍ എല്ലാവര്‍ക്കും കൈമാറി. കത്തിച്ച മെഴുകുതിരികളുമായി നിന്നവര്‍ മറ്റുള്ളവരെ തിരി കൊളുത്താന്‍ സഹായിച്ചു. മെല്ലെ, ആ ഇരുളിലാകെ, വെളിച്ചത്തിന്റെ ചെറിയ ചില്ലകള്‍ തളിര്‍ത്തുവന്നു. സ്നേഹത്തിന്റെയും, ആശ്വാസത്തിന്റെയും സാഹോദര്യത്തിന്റെയും തിരികള്‍ ഹൃദയങ്ങളില്‍ നിന്ന് ഹൃദയങ്ങളിലേക്ക് പകരുകയായിരുന്നു.

 

കൊല്ലപ്പെട്ടവരുടെ ഓര്‍മ്മക്കായി മെഴുകുതിരി തെളിക്കുന്നവര്‍

 
 

image courtesy: dallasobserver.com


 
 
മരിച്ചവരുടെ പേരുകള്‍ വീണ്ടും ഉച്ചരിക്കപ്പെട്ടു. ഓരോ തവണ പേര് വിളിക്കുമ്പോഴും എല്ലാവരും ഗുജറാത്തിയില്‍ ചില പ്രാര്‍ഥനകള്‍ ഉരുവിട്ടു.

മനസ്സാകെ പ്രാര്‍ത്ഥനാ ഭരിതമായിരുന്നു. ഇനിയൊരിക്കലും ഇത് പോലെ ഒരു അനുസ്മരണം കൂടാന്‍ ഇടവരുത്തരുതേ എന്ന പ്രാര്‍ഥന.

വെറും മൂന്നാഴ്ച മുമ്പായിരുന്നു ഞാന്‍ പ്ലാനോ ബാപ്റ്റിസ്റ് പള്ളിയില്‍ ഇതുപോലെ സങ്കടങ്ങളും പ്രാര്‍ത്ഥനകളും മൂടി നിന്നത്. കൊളറാഡോ വെടിവെയ്പ്പില്‍ മരിച്ചവര്‍ക്ക് വേണ്ടിയുള്ള പ്രത്യേക അനുസ്മരണമായിരുന്നു അത്.

വെടിയുണ്ടകള്‍, എത്ര വേഗമാണ് ജീവനുള്ള മനുഷ്യരെ ഓര്‍മ്മയിലേക്ക് ചുരുട്ടിക്കെട്ടുന്നത്! ഇന്ത്യയിലടക്കം തോക്കുകള്‍ വ്യാപകമാവുന്ന കാലം ഏറെ അകലത്തല്ല എന്ന് വാര്‍ത്തകള്‍ പറഞ്ഞുതരുന്നു. വല്ലാതെ വയലന്റാവുന്ന ഒരു തലമുറയുടെ വരവു ഘോഷിക്കുന്നു നമ്മുടെ ചോരത്തിണര്‍പ്പുള്ള വീഡിയോ ഗെയിമുകള്‍. ഒറ്റ വെടിക്ക് എല്ലാ പ്രശ്നങ്ങളും തീര്‍ക്കാമെന്നു കരുതുന്ന മനുഷ്യരുടെ ആ കാലം വരാതിരിക്കട്ടെ എന്നു തന്നെയാണ് വിസ്കോന്‍സിനിലെ ദേവാലയം ഉറക്കെപ്പറയുന്നത്.

 

ലേഖികയുടെ പുത്രന്‍മാരായ ജോര്‍ദാനും ജസ്റ്റിനും ചടങ്ങില്‍


 

തിരിച്ചുവരുമ്പോള്‍ മക്കള്‍ രണ്ടു പേരും എന്നെ കെട്ടിപ്പിടിച്ചു. കൂടെ കൂട്ടിയതിന് നന്ദി പറഞ്ഞു. മറുപടിയായി ഞാനെന്ത് പറയാന്‍?

എങ്കിലും ഒരു കാര്യം മാത്രം ഞാനവരെ ഓര്‍മ്മിപ്പിച്ചു-‘നോക്കൂ, ഇവിടെയെല്ലാവരും ഒന്നാണ്. നമ്മുടെ പ്രശങ്ങളും. ഇത് സിഖുകാരുടെയോ മറ്റു ഇന്ത്യക്കാരുടെയോ മാത്രം ദുരന്തമല്ല. രാജ്യത്തിന്റെ മുഴുവന്‍ വേദനയാണ് നമ്മളിവിടെ പങ്കു വെയ്ക്കുന്നത്’.

അവര്‍ തലയാട്ടി.

 
 
 
 

One thought on “വിസ്കൊന്‍സിനിലെ വെടിയുണ്ടകള്‍ നമ്മോടു പറയുന്നത്

  1. നല്ല റിപ്പോര്ട്ട് എലിസബത്.സിക്ക് കമ്മ്യൂണിറ്റിയുടെ വേദനയില് പങ്കെടുത്ത് അവരെ ആശ്വസിപ്പിക്കുവാന് ഒരു മലയാളി കുടുംബം ഉണ്ടായിരുന്നുവെന്നത് എല്ലാ മലയാളികള്ക്കും ആശ്വാസകരമാണ്.നല്ല നറേറ്റിവ്.

    പക്ഷേ ആ ഹെഡിംഗ്(വിസ്കൊന്‍സിനിലെ വെടിയുണ്ടകള്‍ നമ്മോടു പറയുന്നത്) ഒരു ഇല്യൂഷന് സൃഷ്ടിച്ചു. ചില ഇഷ്യൂസ് ച൪ച്ച ചെയ്യുമെന്ന് കരുതി.എന്താണ് വെടിവെപ്പിന്റെ അടിസ്ഥാന കാരണം?കേവലം വ൪ണ്ണവെറി മാത്രമാണോ? വീഡിയോഗെയിം കളിച്ചിരുന്ന ഒരു ബാല്യമാണോ വില്ലന്?
    ആ൪ട്ടിക്കിളിന്റെ ഒരു രണ്ടാം ഭാഗം പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *