കര്‍ക്കിടക കറികള്‍, കര്‍ക്കിടക തോരന്‍

 
 
 
 
കര്‍ക്കിടക നാളുകളില്‍ കഴിച്ചിരുന്ന
പരമ്പരാഗത കറികള്‍, തോരനുകള്‍
സലൂജ അഫ്സല്‍ തയ്യാറാക്കിയത്

 
 

സ്വന്തമായ കാര്‍ഷിക സംസ്കാരമുണ്ടയിരുന്നു നമുക്ക്.
അതിനോടു ചേര്‍ന്നു നില്‍ക്കുന്ന ഭക്ഷണ സംസ്കാരവും.
നമ്മുടെ കാലാവസ്ഥക്കും ജീവിതരീതിക്കും
ശരീര സവിശേഷതകള്‍ക്കും
അനുയോജ്യമായി വികസിച്ചു വന്ന തനതു രീതികള്‍.
പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെട്ടവ.
കാലാവസ്ഥയുമായി ഒട്ടിനില്‍ക്കുന്നതായിരുന്നു
ഭക്ഷണക്രമങ്ങള്‍.
മഴയത്തും വേനലിലും തണുപ്പു കാലത്തും
കഴിക്കാന്‍ വ്യത്യസ്തമായ തനത്
ഭക്ഷണ രീതികളുണ്ടായിരുന്നു.
ആരോഗ്യത്തിന് ഏറ്റവും ഉത്തമമായ,
പോഷക സമൃദ്ധമായ, ചെലവു കുറഞ്ഞ,
രുചിയേറിയ വിഭവങ്ങള്‍.
പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെട്ട ആ
പാചക, ഭക്ഷണ രീതികള്‍ പതുക്കെ
ഇല്ലാതാവുകയായിരുന്നു.

ദേശത്തിന്റെ സംസ്കാരത്തില്‍ ഊന്നിയ
അഗ്രി കള്‍ച്ചര്‍, ലാഭത്തില്‍ മാത്രം ഫോക്കസ്
ചെയ്ത അഗ്രി ബിസിനസായി മാറിയതുപോലെ
ഓരോ കാലത്തിനും അനുയോജ്യമായ ഭക്ഷണക്രമം
പുതു കാലത്തിന് അനുസൃതമായി വേഷം മാറുകയായിരുന്നു.
ഇവിടെ പരിചയപ്പെടുത്തുന്ന അഞ്ച് പാചകക്കുറിപ്പുകളും
മഴയുമായി ബന്ധപ്പെട്ടതാണ്.
കര്‍ക്കിടകത്തിന്റെ പഞ്ഞ നേരങ്ങളില്‍ ഉണ്ടാക്കി കഴിക്കുന്നവ.

ലോകത്തിന്റെ പല ഭാഗങ്ങളില്‍,
പല അവസ്ഥകളില്‍ ജീവിക്കുന്ന
പ്രിയ വായനക്കാരില്‍ ഭൂരിഭാഗത്തിനും
ഈ ഇലകള്‍ പലതും ലഭ്യമാവാന്‍ ഇടയില്ല.
എങ്കിലും, നാട്ടിലുള്ള പലര്‍ക്കും ഇത് ഉപകാരപ്രദമാവും.
അതിനപ്പുറം, ഇതിനൊരു ഡോക്യുമെന്റേഷന്‍
സ്വഭാവം കൂടിയുണ്ട്.

എന്തായാലും നമ്മുടെ തനത് രുചികളിലേക്ക്
സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു

പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെട്ടതാണ്
ഇതിന്റെ പാചക രീതികള്‍.
ദേശത്തിനും കാലത്തിനും അനുസൃതമായി
ഇതില്‍ മാറ്റങ്ങളുണ്ടാവാം.
ഞാന്‍ വളര്‍ന്ന കോഴിക്കോട് നഗരപ്രാന്തങ്ങളില്‍
കാലങ്ങളായി തുടര്‍ന്നു പോരുന്ന രീതികളാണിത്.
പറഞ്ഞുകേട്ടതും പാരമ്പര്യമായി അറിഞ്ഞു വന്നതും.
ഇവയെല്ലാം പ്രിയ വായനക്കാര്‍ക്ക് ഒരു പക്ഷേ
നന്നായി അറിയുന്നതായിരിക്കും.
എങ്കിലും അറിയാത്ത ചിലര്‍ക്കെങ്കിലും വേണ്ടി
വരും കാലത്തിനുവേണ്ടി ഇവ സമര്‍പ്പിക്കുന്നു.

 

 

പത്തിലക്കറി
കര്‍ക്കടക മാസത്തില്‍ ഔഷധമായി കഴിക്കാവുന്നതാണ് 10 തരം ഇലകള്‍ ചേര്‍ത്ത് ഉണ്ടാക്കുന്നപത്തിലക്കറി. ഈ ഇലകള്‍ ഉപയോഗിച്ച് തോരനും ഉണ്ടാക്കാവുന്നതാണ്.

ഇലകള്‍:
താള്
തകര
പയറ്
തഴുതാമ
മത്തന്‍
കുമ്പളം
ചീര
തൂവ
ചേന
ചേമ്പ്

മഞ്ഞള്‍
ഉപ്പ്
കുരുമുളക്
വെളിച്ചെണ്ണ
കടുക്
ചെറിയുള്ളി
വറ്റല്‍മുളക്

ആവശ്യത്തിന് ഇലകള്‍ എടുത്ത് വൃത്തിയാക്കി അരിഞ്ഞ ചട്ടിയില്‍ ഇട്ട് മഞ്ഞള്‍, ഉപ്പ്,കുരുമുളക്, പച്ചമുളക് അരിഞ്ഞത് എന്നിവ ചേര്‍ത്ത് അല്‍പ്പം വെള്ളം അടച്ചു വേവിക്കുക. വെളിച്ചെണ്ണയില്‍ കടുക്, ഉള്ളി, വറ്റല്‍മുളക് എന്നിവയും വറുത്തു ഒഴിക്കുക. (ചേനയുടെയും ചേമ്പിന്റെയും കൂമ്പില എടുക്കുക. ബാക്കിവരുന്ന ഇലകള്‍ തളിരില എടുക്കുക. മത്തന്‍, കുമ്പളം എന്നിവയുടെ ഇലഞരമ്പ് കളഞ്ഞശേഷം അരിയുക.

 

 

ചേമ്പിന്‍തണ്ട് ഉണക്കച്ചെമ്മീന്‍ തോരന്‍
ചേമ്പിന്‍തണ്ട്-1
ഉണക്കച്ചെമ്മീന്‍-100 ഗ്രാം
ചിരകിയ തേങ്ങ-അരമുറി
പച്ചമുളക് -5
വെളുത്തുള്ളി-4 അല്ലി
കടുക്-1 ടീസ്പൂണ്‍
വറ്റല്‍മുളക്-3
കറിവേപ്പില-1 തണ്ട്
വെളിച്ചെണ്ണ-2 ടേബിള്‍സ്പൂണ്‍
ഉപ്പ്-പാകത്തിന്

ചേമ്പിന്‍ തണ്ട് പൊടിയാക്കി അരിഞ്ഞുവെക്കുക. ഉണക്കച്ചെമ്മീന്‍ വൃത്തിയാക്കി വാര്‍ത്തുവെക്കുക. തേങ്ങ ചിരകിയത്, പച്ചമുളക്, വെളുത്തുള്ളി, എന്നിവ ചതക്കുക. ചേമ്പിന്‍തണ്ടും ഉണക്കച്ചെമ്മീനും ചതച്ചുവെച്ച കൂട്ടിലേക്ക് ചേര്‍ത്ത് ചെറിയ തീയില്‍ അടച്ചുവെച്ച് ആവിയില്‍ വേവവിക്കുക. ശേഷം എണ്ണ ചൂടാക്കി കടുകു പൊട്ടിച്ച് വറ്റല്‍മുളകും കറിവേപ്പിലയും ചെറിയുള്ളിയും മൂപ്പിച്ച് ഒഴിച്ച് ഇളക്കുക.

ചേന ഇല തോരന്‍
ചേനയുടെ കൂമ്പില ചെറുതായി അരിഞ്ഞത്-5 കപ്പ്
തേങ്ങ ചിരകിയത്-അര മുറി
ചെറിയുള്ളി അരിഞ്ഞത്-1 ടേബിള്‍സ്പൂണ്‍
പച്ചമുളക് നുറുക്കിയത്-3 എണ്ണം
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
വറ്റല്‍മുളക്-3 എണ്ണം
ഉഴുന്നുപരിപ്പ്-1 ടീസ്പൂണ്‍
കടുക്-1 ടീസ്പൂണ്‍
വെളിച്ചെണ്ണ-2 ടേബിള്‍സ്പൂണ്‍
ഉപ്പ്-ആവശ്യത്തിന്
ചേനയില കഴുകി അരിഞ്ഞ് വെള്ളം വാര്‍ത്ത് ഉള്ളി, മഞ്ഞള്‍പ്പൊടി, ഉപ്പ്,പച്ചമുളക്, തേങ്ങ ഇവ ചേര്‍ത്ത് തിരുമ്മിവെക്കുക, എണ്ണ ചൂടാവുമ്പോള്‍ കടുക്, ഉഴുന്നുപരിപ്പ്, വറ്റല്‍മുളക്, എന്നിവ മൂപ്പിച്ച് ചേനയില അതിലേക്ക് ചേര്‍ത്ത് ചെറുതീയില്‍ അടച്ചുവെച്ച് ഉലര്‍ത്തി എടുക്കുക.

തകരയില താളിച്ച കറി
തകരയില-1 കപ്പ്
ചെറിയുള്ളി-4
വറ്റല്‍ മുളക്-2
കടുക്-1 ടീസ്പൂണ്‍
പച്ചമുളക്-2
കഞ്ഞിവെള്ളം-1 കപ്പ്
വെളിച്ചെണ്ണ-2 ടേബിള്‍ സപൂണ്‍
ഉപ്പ്-പാകത്തിന്
തകര വൃത്തിയാക്കി തണ്ടുകളഞ്ഞ് ഇല മാത്രം എടുക്കുക. എണ്ണ ചൂടാവുമ്പോള്‍ കടുക്, ഉള്ളി, വറ്റല്‍മുളക്, പച്ചമുളക്, എന്നിവ മൂപ്പിക്കുക. തകരയില ചേര്‍ത്ത് വഴറ്റുക. ഉപ്പും കഞ്ഞിവെള്ളവും ചേര്‍ത്തിളക്കുക. തീ അണക്കുക.

 

 

ചേനത്തണ്ട് ചക്കക്കുരു മോരു കറി
ചേനത്തണ്ട്-1 കപ്പ്
ചക്കക്കുരു-അര കപ്പ്
മോര്-1 കപ്പ്
മഞ്ഞള്‍പ്പൊടി-1 ടീസ്പൂണ്‍
മുളകു പൊടി-2 ടീസ്പൂണ്‍
തേങ്ങ ചിരവിയത്-1 കപ്പ്
ജീരകം-അര ടീസ്പൂണ്‍
ഉലുവ-1 ടീസ്പൂണ്‍
വറ്റല്‍മുളക്-4
കറിവേപ്പില-1 തണ്ട്
വെളിച്ചെണ്ണ-1 ടേബിള്‍ സ്പൂണ്‍
ഉപ്പ്-പാകത്തിന്

വൃത്തിയാക്കിയ ചക്കക്കുരു മഞ്ഞള്‍പ്പൊടി ,മുളകു പൊടി എന്നിവ ചേര്‍ത്ത് വേവിച്ച് ഉടക്കുക. മോര് ചേര്‍ക്കുക. നുറുക്കിയ ചേനത്തണ്ടും ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക. തേങ്ങയും ജീരകവും നന്നായി അരച്ചെടുത്ത് ചേര്‍ത്ത് ഇളക്കുക. ആവശ്യമെങ്കില്‍ വെള്ളം ചേര്‍ത്ത് തിളപ്പിക്കുക. ചൂടാക്കിയ എണ്ണയില്‍ കടുക്, ഉലുവ, വറ്റല്‍മുളക്, കറിവേപ്പില എന്നിവ താളിച്ച് ഒഴിക്കുക

 
 
 
 

2 thoughts on “കര്‍ക്കിടക കറികള്‍, കര്‍ക്കിടക തോരന്‍

  1. താങ്ക്സ്, ക൪ക്കിടകക്കറികള്‍ക്ക്.ഒരു കാലത്ത് നമ്മുടെ പ്രധാന ഭക്ഷണമിതൊക്കെയായിരുന്നു. എടവമാസത്തിലെ ആദ്യത്തെ മഴ മുതല്‍ ചിങ്ങം ഒടുക്കം വരെ എന്‍റെ മരണപ്പെട്ടുപോയ ഉമ്മ ഇതു തന്നെയായിരുന്നു വീട്ടില്‍ കറിയായി വച്ചിരുന്നത്. അത് ദാരിദ്യം കൊണ്ടുകൂടിയായിരുന്നു.ഞങ്ങള്‍ മക്കള്‍ പ്രാകിയാണ് അതൊക്കെ അന്ന് കഴിച്ചുകൊണ്ടിരുന്നത്.ഇപ്പോള്‍ ഞാന്‍ ജീവിക്കുന്ന കാനഡയില്‍ സായിപ്പ് പ്രധാനമായും കഴിക്കുന്നത് ഇലകളാണ്.മെഡിറ്ററേനിയന്‍ അറബികളുടേയും പ്രധാന ഇനം ഇലകള്‍ തന്നെ. പച്ചയായും അല്‍പം വാട്ടിയും അവ൪ അത് സന്തോഷത്തോടെ കഴിക്കും.ബസ്സില്‍ യാത്രചെയ്യുമ്പോള്‍ ഡബ്ബയില്‍ നിന്ന് ഈ ഇലകള്‍ മാത്രം അവ൪ കഴിച്ചുകൊണ്ടിരിക്കുന്നതു കാണാം. അപ്പോള്‍ ഞാനെന്‍റെ ഉമ്മയെ ആദരവോടെ ഓ൪ക്കുമായിരുന്നു. നട്ടെല്ലില്ലാത്ത ഒരു ജീവി വ൪ഗ്ഗമാണ് മലയാളികള്‍. ഇലകള്‍ കളഞ്ഞ് അവന്‍ ഷവ൪മ്മയിലേക്കും പൊരിച്ചകോഴിയിലേക്കും ചപ്പാത്തിയിലേക്കും മാറി.ഇനി ഏതെങ്കിലും മക്ഡൊണാള്‍ഡ് നാട്ടില്‍ വന്ന് അതില്‍ അവ൪ ഈ ഇലകള്‍ വിളമ്പിയാല്‍ മലയാളികള്‍ “സയന്‍റിഫിക്കലി പ്രൂവ്ഡ്” എന്ന അളിഞ്ഞ മുഖഭാവത്തോടെ അത് ഭക്ഷിച്ചുതുടങ്ങും. ഇതില്‍ സലൂജ എഴുതിയ ഒരിലയും എനിക്ക് ലഭ്യമല്ല.അതുകൊണ്ട് ഞാന്‍ ബൊക്കോളി കഴിക്കട്ടെ. ബൈ ബൈ.

  2. മത്തനില ,കുമ്പള ത്തിന്‍ ഇല ,പയറ്റില(വള്ളി പയറിന്റെ ഇല ),തകര ,കഞ്ഞിത്തൂവ തുടങ്ങിയവ ഒറ്റക്കോ കൂട്ടായോ കാ‍ന്താരി മുളകും ഉപ്പും ഇത്തിരി വെള്ളവും ചേര്‍ത് വേവിച് അടുപ്പത്ത് നിന്നും വാങ്ങി വെച്ച് ഇത്തിരി നല്ല വെളിച്ചെണ്ണ തൂവി ചൂടാറും മുന്‍പേ പഴങ്കഞ്ഞി ,ചൂടുകഞ്ഞി ,ചോറ് എന്നിവ കൂട്ടി കഴിച്ചു നോക്കൂ ഇത്താ ……വായില്‍ കപ്പലോടിക്കാന്‍ വെള്ളമുണ്ട് .ഒഹ്…ഇതൊക്കെ എത്ര തിന്നിട്ടും മടുക്കുന്നേ ഇല്ല .അങ്ങിനെ അങ്ങിനെ എത്ര രസികന്‍ സാധനങ്ങളാ ഞങ്ങള്‍ ഇവിടെ കഴിച്ചുകൊണ്ടിരിക്കുന്നതെന്നോ …….ചൂട് കറിയി ലേക്ക് വെളിച്ചെണ്ണ ഒഴിക്കുമ്പോള്‍ ഉള്ള ആവിയുടെ ഗന്ധമുന്ടല്ലോ …ഒഹ് …അമ്മെ നന്ദി .ഒരായിരം നന്ദി .

Leave a Reply

Your email address will not be published. Required fields are marked *