ഇനിയുമൊരു തട്ടക്കഥ; തലശ്ശേരിയിലെ തട്ടുകഥ

 
 
 
 
തട്ടത്തിന്‍ മറയത്ത് : ഒരു വ്യത്യസ്ത വായന
എന്‍.പി ആഷ് ലി എഴുതുന്നു

 
 

ഇത്തരം പ്രയാസങ്ങളെപ്പറ്റി ഓര്‍ത്തുപോയത് തലശ്ശേരിക്കാര്‍ക്കു സമര്‍പ്പിക്കപ്പെട്ടതെന്ന് ആദ്യാവസാനം ഭാവിക്കുന്ന ‘തട്ടത്തിന്‍ മറയത്ത്’ എന്ന സിനിമയിലെ വിനീത് ശ്രീനിവാസന്റെ കഷ്ടപ്പാടുകളും ആശയക്കുഴപ്പങ്ങളും കണ്ടപ്പോഴാണ്. കേരളീയ ചലച്ചിത്രരംഗത്തിനുവേണ്ടിയുള്ള പാകപ്പെടുത്തലുകളില്‍ , വാര്‍പ്പുമാതൃകകളുടെ ദയവില്‍ സിനിമ ചെന്നുതൊട്ടത് തീര്‍ത്തും പാതിവെന്ത സ്ഥിതിയിലായിപ്പോവുന്നുണ്ട്.
ഏറ്റവും പ്രധാന കഷ്ടപ്പാട് ആയിഷയെന്ന ‘മുസ്ലിം സ്ത്രീ’യെ അവതരിപ്പിക്കുന്നിടത്തു തന്നെയാണ്. ഇംഗ്ലീഷില്‍ പാടാനും ഗിറ്റാര്‍ വായിക്കാനും അറിയുന്ന, തട്ടമിടുന്നവളും വീടിനകത്ത് അടങ്ങിയിരിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ട പര്‍ദധാരിയും ആയി അവള്‍ പ്രത്യക്ഷപ്പെടും. സംവിധായകനും സിനിമയും കിടന്നു കഷ്ടപ്പെടുന്നതിന്റെ കാര്യമറിയണമെങ്കില്‍ കുറച്ചു സാമൂഹ്യശാസ്ത്രം നോക്കേണ്ടിവരും- ദല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളജ് അധ്യാപകന്‍ എന്‍.പി ആഷ് ലി എഴുതുന്നു

 

 

ഉമ്മവീട് തലശ്ശേരിയിലായതിനാലും, ചെറുപ്പകാലത്തെ നേതാവ്, കുടുംബക്കാരന്‍ റിഷാദ് ഭക്ഷണകേന്ദ്രങ്ങളെക്കുറിച്ച് നല്ല ധാരണയുള്ള ആളായതിനാലും തലശ്ശേരിയിലെ പ്രധാന തട്ടുകട വിഭവങ്ങളെപ്പറ്റി സാമാന്യ ധാരണ ചെറുപ്പം മുതലേയുണ്ട്. സെയ്ബാസിലെ ഫലൂദയും മോഡേണിലെ ചോറും ഇന്ത്യന്‍ കോഫീ ഹൌസിലെ കട്ലറ്റും ജയഭാരതിയിലെ മിക്സ്ചറും റീജന്‍സിയിലെ ചപ്പാത്തി റോളും പോലെ, മുകുന്ദേട്ടന്റെ പുട്ടും ബീഫും പുതിയ സ്റ്റാന്റിലെ കോഴിക്കാലും (ഇത് വെജിറ്റേറിയന്‍ കിഴങ്ങു കോഴിക്കാല്‍)) കിഴങ്ങു പൊരിച്ചതും സെന്റ് ജോസഫിന്റെ മുന്നിലെ ചെത്തൈസും സ്റ്റേഡിയത്തിനടുത്ത പെട്ടിക്കടയിലെ ബിയര്‍ സോഡയും (മാങ്ങ ഉപ്പിലിട്ടതൊഴിച്ച് നുരയ്പ്പിക്കുന്ന ഈ സോഡയില്‍ ഒരു വിജയ്മല്യ കൂട്ടുമില്ല. ഇനി ഫുഡ് ഇന്‍സ്പെക്ടര്‍മാരും എക്സൈസുകാരും സദാചാര പൊലീസുകാരും ആ പാവത്തിന്റെ പിന്നാലെ കൂടേണ്ട!) തലശ്ശേരി യിലെ വൈകുന്നേരങ്ങളെ എന്നും സജീവമാക്കിയിരുന്നു.

 

കിഴങ്ങു കോഴിക്കാല്‍))


 

ഭക്ഷണമുണ്ടാക്കി വിളമ്പല്‍ ഒരു കലയാക്കി വളര്‍ത്തിയിരുന്ന, പഴുത്ത ഈന്തപ്പഴം പോലും പാചകം ചെയ്ത് എടുത്തുവെച്ചിരുന്ന, ഏറ്റവും പ്രയാസമേറിയതും സങ്കീര്‍ണ്ണമായതുമായ പാചകവിധികള്‍ കുടുംബപാരമ്പര്യം പോലെ കാത്തുസൂക്ഷിച്ചിരുന്ന, വൃത്തിയുടെ കാര്യത്തില്‍ കടുകടുപ്പമുള്ള കേയീ കുടുംബത്തിലെ ഉമ്മ വല്യുമ്മമാര്‍ ഭക്ഷണം തയ്യാറാക്കുന്ന അടുക്കളയുടെ ഇടവേളകളിലാണ് ഞങ്ങളുടെ ഈ പുറംതീറ്റി!

എന്‍.പി ആഷ് ലി


കുടുംബദ്വീപുകളുടേതായ ഒരന്തരീക്ഷത്തില്‍നിന്ന് തെരുവുകളില്‍ രുചികളന്വേഷിച്ചു പോയ എന്റെ അനുഭവത്തില്‍ തലശ്ശേരി മട്ട് എന്നത് ഭക്ഷണവുമായി ഓരോരുത്തരും സ്ഥാപിക്കുന്ന വ്യക്തിപരമായ ബന്ധമാണ്. കോഴിക്കോട്ടെപ്പോലെ ഈ ഭക്ഷണങ്ങളെ ചുറ്റിപ്പറ്റി സൌഹൃദങ്ങള്‍ പോലും എനിക്കു അനുഭവമായിട്ടില്ല. രുചികളുമായി ഓരോരുത്തര്‍ക്കും സ്വന്തം ബന്ധമുണ്ടെന്നതാണ് തലശ്ശേരിക്കാരുടെ രീതി. തെരുവുകച്ചവടക്കാരനോടുപോലും നിങ്ങള്‍ക്കുള്ളത് ഭക്ഷണത്തിന്റെ വ്യതിരിക്തമായ സ്വാദിലൂടെ ഉള്ള ബന്ധം. ചൂടും എരിവും തിരക്കും ഒരുപാട് നിയോണ്‍ ബള്‍ബുകളുടെ തുറസ്സില്ലാത്ത ആ ചെറു നഗരത്തില്‍ ദിനംപ്രതി ആവര്‍ത്തിക്കുന്ന, എപ്പോഴും പൊളിച്ചുപണിയാവുന്നതെന്നു തോന്നിക്കുന്ന ഒരു തരം പുതുമ നിര്‍മിക്കുന്നു.

കടന്നുപോവുന്നവരോ സന്ദര്‍ശിച്ചു മടങ്ങുന്നവരോ ആയ ആരും പ്രശംസിക്കാന്‍ മറക്കാത്ത കോഴിക്കോടന്‍ ആതിഥേയത്വത്തിന്റെ സ്വച്ഛന്ദതയല്ല തലശ്ശേരിക്ക്. അത് സുപരിചിതത്വത്തിന്റെ ആത്മവിശ്വാസമാണ്. കമ്യൂണിസ്റ്റ് ചരിത്രഗാഥകള്‍ക്കും ബ്രിട്ടീഷ് ചരിത്രപുസ്തകങ്ങള്‍ക്കുമപ്പുറം തലശ്ശേരിയുടെ സമവാക്യങ്ങളും രാസഘടനയും പറഞ്ഞെത്തിക്കാന്‍ കാര്യമായ ശ്രമങ്ങള്‍ നടന്നിട്ടുണ്ടോ എന്നത് സംശയകരമാണ്. ഇനി നടന്നാലും മലയാളിയുടെ പൊതുധാരണ വെച്ചുനോക്കുമ്പോള്‍ പറയുന്നവന്‍ കഷ്ടത്തിലാവാനാണ് സാധ്യത.

 

തട്ടത്തിന്‍ മറയത്ത് ഷൂട്ടിനിടെ വിനീത് ശ്രീനിവാസന്‍


 

ഇത്തരം പ്രയാസങ്ങളെപ്പറ്റി ഓര്‍ത്തുപോയത് തലശ്ശേരിക്കാര്‍ക്കു സമര്‍പ്പിക്കപ്പെട്ടതെന്ന് ആദ്യാവസാനം ഭാവിക്കുന്ന ‘തട്ടത്തിന്‍ മറയത്ത്’ എന്ന സിനിമയിലെ വിനീത് ശ്രീനിവാസന്റെ കഷ്ടപ്പാടുകളും ആശയക്കുഴപ്പങ്ങളും കണ്ടപ്പോഴാണ്. കേരളീയ ചലച്ചിത്രരംഗത്തിനുവേണ്ടിയുള്ള പാകപ്പെടുത്തലുകളില്‍ , വാര്‍പ്പുമാതൃകകളുടെ ദയവില്‍ സിനിമ ചെന്നുതൊട്ടത് തീര്‍ത്തും പാതിവെന്ത സ്ഥിതിയിലായിപ്പോവുന്നുണ്ട്.

ഏറ്റവും പ്രധാന കഷ്ടപ്പാട് ആയിഷയെന്ന ‘മുസ്ലിം സ്ത്രീ’യെ അവതരിപ്പിക്കുന്നിടത്തു തന്നെയാണ്. ഇംഗ്ലീഷില്‍ പാടാനും ഗിറ്റാര്‍ വായിക്കാനും അറിയുന്ന, തട്ടമിടുന്നവളും വീടിനകത്ത് അടങ്ങിയിരിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ട പര്‍ദധാരിയും ആയി അവള്‍ പ്രത്യക്ഷപ്പെടും. സംവിധായകനും സിനിമയും കിടന്നു കഷ്ടപ്പെടുന്നതിന്റെ കാര്യമറിയണമെങ്കില്‍ കുറച്ചു സാമൂഹ്യശാസ്ത്രം നോക്കേണ്ടിവരും.

സിനിമയില്‍ കാണിക്കുന്ന തറവാട് വെച്ചുനോക്കുമ്പോള്‍ മരുമക്കത്തായം നിലവിലുള്ള കുടുംബമാവണം ആയിഷയുടേത്. പെണ്ണുങ്ങള്‍ക്കാണ് സ്വത്തവകാശം. എം.ടിയുടെ കഥകളില്‍ കാണുന്ന തരം അമ്മാവന്‍ ഭരണം നടത്താന്‍ കഴിയാത്ത കാലമായിട്ടു കൂടി തലശ്ശേരിയിലെ മണ്ണും വീടും സ്ത്രീകളുടെ പേരില്‍തന്നെയാണ് മുസ്ലിം മേല്‍ജാതിക്കാര്‍ക്കിടയ്ക്ക് (ഈ ഫ്യൂഡല്‍ ബാന്ധവമൊക്കെ വിട്ട് ഗള്‍ഫില്‍പോയി പണമുണ്ടാക്കുന്നവര്‍ പോലും ഭാര്യയുടെ പേരില്‍ വീടെടുക്കുന്നത് ഈ തഴക്കത്തിന്റെ കണക്കിലാണ്). കുടുംബത്തിന്റെ ഇത്തരമൊരു ചരിത്രപരിസരം കഥയിലേക്ക് വരാത്തത് നായികയുടെ ഉമ്മയുടെ അഭാവം മൂലമാണ്. ആ ഉമ്മയുടെ, സ്വന്തം ഭാര്യയുടെ ഓര്‍മ്മകളാണ് നായികയുടെ ഉപ്പാവയെ നായികയെ കാമുകന്റെ അടുത്തേക്ക് അയക്കാന്‍ പ്രേരിപ്പിക്കുന്നത്. പക്ഷേ, ആ ഉമ്മ സിനിമയിലുണ്ടായിരുന്നെങ്കില്‍ മുസ്ലിം സമുദായത്തെയും പുരുഷമേധാവിത്വത്തെയും സംബന്ധിച്ച ചില ധാരണകള്‍ അടിസ്ഥാനപരമായി ചോദ്യം ചെയ്യപ്പെട്ടേനെ. (മുസ്ലിം സ്ത്രീ-നിന്ദിത, ചൂഷിത എന്ന് പ്രദേശത്തെയോ കാലത്തെയോ ഗൌനിക്കാതെ എഴുതിവരുന്ന സമവാക്യവും അവിടെ പൊളിഞ്ഞേനെ).

അതുകൊണ്ടു തന്നെ ‘ഉമ്മ’ എന്ന വ്യക്തിയുടെ അസാന്നിധ്യം സാമൂഹ്യപരമായും കൂടി വായിക്കേണ്ടിവരുന്നു. അത്തരം സ്ത്രീ സ്വത്വ സ്ഥാപനങ്ങളെ അവതരിപ്പിച്ചാല്‍ ‘മുസ്ലിം സ്ത്രീ’ എന്ന സാമാന്യതയുടെ ശകലമായി ആയിഷയെ അവതരിപ്പിക്കാനാവില്ല.

 

 

തട്ടത്തെയും പര്‍ദയെയും കൂട്ടിമാത്രം കാമുകിയെപ്പറ്റി ആലോചിക്കുന്ന, പര്‍ദഷോപ്പ് തുടങ്ങുന്ന വിനോദിന് സ്വന്തം അച്ഛനമ്മമാരില്‍നിന്ന് കിട്ടുന്ന സമ്മതവും ജന്‍മിത്വവുമായി ബന്ധപ്പെട്ടതാണ്. മേല്‍ജാതി മുസ്ലികളുടെ കുടിയാന്‍മാര്‍ ഏറിയപങ്കും നായന്‍മാരായിരുന്നല്ലോ. ആ കണക്കില്‍ ഇപ്പറഞ്ഞ മുസ്ലിം തറവാട്ടിലേക്കുള്ള വിവാഹം വലിയ പ്രശ്നമുണ്ടാക്കേണ്ടതില്ലെന്ന് ചരിത്രപരമായി വാദിക്കാം. (അവിടെ കാര്യങ്ങള്‍ സുഗമമാക്കാന്‍ അമ്മയുണ്ടു താനും). പക്ഷേ പോയ കാലത്തെ ജന്‍മി -കുടിയാന്‍ ബന്ധങ്ങളുടെ ഒഴുക്കിലാണോ പുതിയ കാലത്തെ ജീവിതം?

തലശ്ശേരിയെ പശ്ചാത്തലമാക്കി ഒരു ഹിന്ദു -മുസ്ലിം പ്രണയ ചിത്രം നിര്‍മിക്കപ്പെടുമ്പോള്‍ ഓര്‍ക്കണം, 1971ല്‍ കേരളത്തിലാദ്യമായി ഹിന്ദു-മുസ്ലിം കലാപം നടന്ന മണ്ണാണ് അത്. ആരും കൊല്ലപ്പെട്ടിട്ടില്ലെങ്കിലും 40 വര്‍ഷം മുമ്പുണ്ടായ വിടവുകള്‍ ഇന്നും നിലനില്‍ക്കുന്നതായി തോന്നിയിട്ടുണ്ട്. മലപ്പുറം ജില്ലയോട് ചേര്‍ന്നു നില്‍ക്കുന്ന മുക്കം പ്രദേശത്തില്‍ ബാപ്പയുടെ ഭാഗത്ത് സാമ്പത്തികമായി മൂന്നു തലമുറ മുമ്പ് മാത്രം സാമൂഹ്യ-സാമ്പത്തിക ചാലകത നേടിയ ഒരു ദളിത് കുടുംബത്തിലെ അംഗമെന്ന നിലയില്‍ പറയാം, സ്ത്രീകളോടുള്ള പരിഗണനകളിലും പെരുമാറ്റത്തിന്റെ മിതത്വത്തിലും തലശ്ശേരിക്കാര്‍ മലപ്പുറത്തുകാരേക്കാള്‍ എത്ര മുമ്പിലാണെങ്കിലും സാമുദായികതക്കപ്പുറത്തുള്ള ബന്ധങ്ങളില്‍ ഏറെ പിന്നില്‍ത്തന്നെയാണ്.

മതപരമായ അകലം തീരെ കുറവാണ് മലപ്പുറത്തുകാര്‍ക്ക്. പാര്‍ട്ടി ഗ്രാമങ്ങള്‍ കേരളമറിയുമെങ്കിലും തലശ്ശേരിയിലെ ആര്‍.എസ്.എസ് ഏരിയകളും മുസ്ലിം ഏരിയകളും -പഴയ കലാപകാലത്തെ ഭീതി നിലനില്‍ക്കുന്ന മുസ്ലിം പ്രദേശങ്ങള്‍-ഏറെയൊന്നും ശ്രദ്ധിക്കപ്പെട്ടിട്ടില്ല. സി.പി.എമ്മാണ് അന്ന് ആര്‍.എസ്.എസ് -കോണ്‍ഗ്രസ് കൂട്ടായ്മക്കെതിരെ നിന്നത് എന്നതിന്റെ ഓര്‍മ്മയാണ് ഇന്നും തലശ്ശേരിയിലെ മധ്യ വര്‍ഗ-മേല്‍ജാതി മുസ്ലിംകള്‍ സി.പി.എമ്മിലെ കണ്ണൂര്‍ ലോബിക്ക് നല്‍കുന്ന മാനസിക പിന്തുണക്ക് കാരണവും.-ഇന്നത്തെ സാഹചര്യത്തില്‍ അതെത്ര സംഗതമാണെന്നത് വേറെ കാര്യം.

ഇത്തരമൊരു അന്തരീക്ഷത്തില്‍ രണ്ടു കുടുംബങ്ങളിലെ വ്യക്തികള്‍ തീരുമാനിച്ചാല്‍ ഇങ്ങനെയൊരു കല്യാണം നടക്കുമോ? (കലാപകഥകളില്‍ത്തന്നെ ഒരു നാരായണനും പൌസര്‍ പാത്തൂട്ടിയുമായുള്ള ബന്ധത്തെപ്പറ്റിയുള്ള കഥ പറഞ്ഞു കേട്ടിട്ടുണ്ട്. പിന്നെ ആളിക്കത്തിക്കാന്‍ ക്ഷേത്രജാഥയ്ക്ക് കല്ലേറും വന്നതാണത്രെ).

 

 

എന്നാല്‍, പ്രണയാനുഭവത്തില്‍ മതം ഇഞ്ചക്റ്റ് ചെയ്തു കയറ്റിയിട്ടുണ്ട്. നിങ്ങളുടെ വീട്ടില്‍ നിസ്കാരപ്പായ വിരിച്ചോട്ടെ? എന്ന വങ്കന്‍ ചോദ്യവുമായി വിവാഹ സമ്മതം ആയിഷ വിനോദിനോടവതരിപ്പിക്കുമ്പോള്‍, അവരുടേത് മാത്രമായിരുന്ന പ്രണയത്തെ മതസൌഹാര്‍ദ്ദമെന്ന സോദ്ദേശ്യ പദ്ധതിയിലേക്ക് പരിഭാഷപ്പെടുത്താനുള്ള ഒരു വികലശ്രമം നടത്തുകയാണ് വിനീത് ശ്രീനിവാസന്‍.

‘ഒരു ഹിന്ദുവിനെ കല്യാണം കഴിക്കുക എന്നു വെച്ചാല്‍ എങ്ങിനെയായിരുന്നു? എന്നു ചോദിച്ച പത്രക്കാരനോട് ‘വിഡ്ഢീ, ഞാന്‍ കല്യാണം കഴിച്ചത് പ്രേമിനെയാണ് (Kameshwar Nath Sehgal), ഒരു ഹിന്ദുവിനെയല്ല’ എന്ന് സുഹ്റ സെഹ്ഗാള്‍ മറുപടി പറഞ്ഞതായി കേട്ടിട്ടുണ്ട്. സ്വത്വമെന്നത് സാമൂഹികമായ പ്രശ്നമാണ്. അതിന്റെ പ്രവര്‍ത്തനം സങ്കീര്‍ണ്ണവുമാണ്. ഇങ്ങനെ ഒറ്റശ്വാസത്തില്‍ പുറത്തുവരുന്നതോ തീര്‍ക്കാവുന്നതോ അല്ല താനും. ആ ഒരു ഘടകത്തെ സമൂഹത്തെ സൌഹൃദങ്ങളിലൂടെയും കാമ്പസ് എന്ന ഇടത്തിലൂടെയും കളിമണ്‍ പരുവത്തിലവതരിപ്പിക്കുന്ന ചിത്രത്തിന്റെ അവസാനം നായിക വന്നു മതസൌഹാര്‍ദ്ദം ഇങ്ങനെ പറഞ്ഞുണ്ടാക്കുമ്പോള്‍ ‘എന്നാന്ന് ഈ കാണിക്ക്ന്ന്’ എന്നു തന്നെ ചോദിച്ചു പോവും.

അതുപോലെ ഒരു ജനറല്‍ പടച്ചോനപ്പുറം പൊലീസുകാരന്റെ (മനോജ് കെ.ജയന്‍) മുമ്പിലെ അനന്തപത്മനാഭ ചിത്രവും അനാവശ്യമായ മതാത്മകത ചിത്രത്തിലേക്കു കൊണ്ടുവന്നു നിറംകെടുത്തി.

 

 

തൊലിവെളുപ്പിലും സമ്പന്നതയിലും വളരുന്ന സ്ത്രീ സൌന്ദര്യത്തിന്റെ പുരുഷയുക്തികളില്‍ അധിഷ്ഠിതമാവുമ്പോഴും, പുതിയതൊന്നും പറയാത്തപ്പോഴും, അറിഞ്ഞതിനെ പുതുമയോടെ ആവര്‍ത്തിക്കാനുള്ള ഒരു തലശ്ശേരിയന്‍ ശേഷി ചിത്രം കാണിക്കുന്നുവെന്ന് പറയാതെ വയ്യ. ചിത്രത്തോട് ഓരോരുത്തര്‍ക്കുമുള്ളത് വ്യക്തിപരമായ ബന്ധം. സാധാരണമായതിനെ, സാധാരണമായി, ചൂടോടെ, തിരക്കുകള്‍ക്കിടയിലും വ്യതിരിക്തതയോടെ അവതരിപ്പിക്കുന്ന രംഗങ്ങളാണ് ചിത്രത്തിന്റെ ശക്തി. പ്രണയ കാല്‍പ്പനികതയെ പൊലിപ്പിക്കുമ്പോള്‍ തന്നെ അഴിച്ചുപണിയാമെന്ന് ഭാവിക്കുന്ന നിമിഷങ്ങള്‍.-, അതാണ് ചിത്രത്തിന്റെ ആകര്‍ഷകത്വം എന്നു തോന്നുന്നു.

ലവ് ജിഹാദ് പ്രചാരണ ഭീകരരായ ഹിന്ദുത്വക്കാരും സദാചാര ഭീകരരായ ഇസ്ലാമിസ്റ്റുകളും ചേര്‍ന്ന് സ്വസമുദായങ്ങലെ പെണ്‍കുട്ടികളെയും അതുവഴി വംശശുദ്ധിയും വംശക്കോയ്മയെയും സംരക്ഷിക്കാനുള്ള മഹായജ്ഞം തുടങ്ങിക്കഴിഞ്ഞ സ്ഥിതിക്ക് ഇത്തരം സിനിമകള്‍ ജീവിതത്തിന്റെ ഇടവേളകളാണ്. അത്തരം ഭാഗങ്ങള്‍ കണ്ടിട്ടെങ്കിലുമൊന്നാശ്വസിക്കട്ടെ നമ്മുടെ പ്രേമഗായകര്‍.
 
 
 
 

4 thoughts on “ഇനിയുമൊരു തട്ടക്കഥ; തലശ്ശേരിയിലെ തട്ടുകഥ

 1. ഇതില്‍ വളരെ പ്രധാനപ്പെട്ട ഒരു പിശകുണ്ട്. തലശ്ശേരി വര്‍ഗ്ഗീയ കലാപത്തില്‍ ആരും കൊല്ലപ്പെട്ടില്ല എന്നുള്ളത് തെറ്റാണ്. തലശ്ശേരികലാപസമയത്ത് കൂത്തുപറമ്പിലെ ഒരു മുസ്ലീംപള്ളിക്ക് പാര്‍ടി നിര്‍ദ്ദേശപ്രകാരം കാവല്‍ നിന്ന സ; യു കെ കുഞ്ഞിരാമനെ ആര്‍ എസ് എസുകാര്‍ വെട്ടിക്കൊലപ്പെടുത്തുകയുണ്ടായി. തലശ്ശേരി വര്‍ഗ്ഗീയകലാപത്തിലെ ഒരേയൊരു രക്തസാക്ഷി സി പി എം പ്രവര്‍ത്തകനായിരുന്ന സ; യു കെ കുഞ്ഞിരാമനാണ്. തലശേരിയിലെ ഭൂരിപക്ഷം മുസ്ലീംകുടുംബങ്ങളും ഇന്നും സി പി എമ്മിനൊപ്പം നില്‍ക്കുന്നത് സി പി എമ്മിന്റെ സത്യസന്ധമായ ഈ വര്‍ഗ്ഗീയവിരുദ്ധ സമീപനം നേരിട്ട് അനുഭവിച്ചതുകൊണ്ടാണ്.

  • ആര്‍ എസ് എസ് തുടങ്ങിവച്ച്ചു സി പി എം നടപ്പിലാക്കി അതാണ്‌ തലശ്ശേരി കലാപം …..ആയുധങ്ങളുമായി രാപ്പകലില്ലാതെ റോന്തു ചുറ്റിയ ആര്‍ എസ് എസ് സംഘത്തെ നേരിടാന്‍ പള്ളിക്ക് മുന്നില്‍ സി പി എം നിരത്തിയത് കേവലം ഒരു സഖാവിനെ മാത്രം അങ്ങനെ അയാള്‍ കൊല്ലപ്പെടുകയും ചെയ്തു നല്ല കഥ സി പി എം അണികളെ അല്ല അടിമകള്‍ക്ക് മാത്രമേ ഇത്തരം കഥകളൊക്കെ വിശ്വസിക്കാന്‍ പറ്റഉകയുള്ളൂ …..സഹോദരാ യു കെ കുഞ്ഞിരാമനെ സി പി എം തന്നെ വകവരുത്തി കലക്കം വെള്ളത്തില്‍ മീന്‍ പിടിക്കുകയായിരുന്നു …….

 2. സിനിമയേക്കാള്‍ തലശ്ശേരിയെയാണ്‌ വായിച്ചതെന്നു തോന്നുന്നു.
  തലശ്ശേരിയിലെ രുചികളെപ്പറ്റി പറഞ്ഞത് രസമായി. പക്ഷേ അതിന്‌ ഈ സിനിമയുമായി എന്ത് ബന്ധം എന്ന് വ്യക്തമാകാത്തത് ആ രസം കളഞ്ഞു.
  ദോഷം പറയാന്‍ വ്യഗ്രതപ്പെടുന്ന പതിവു നിരൂപകരില്‍ നിന്നും വ്യത്യാസപ്പെട്ടിട്ടുണ്ട് എന്നത് സന്തോഷകരം തന്നെ.

 3. തലശേരിയെ കുറിച്ച്
  പറയുമ്പോള്‍ ഒരു ആന്റണി സ്പീച്ചിന്റെ മണം അടിക്കുന്നു!

Leave a Reply

Your email address will not be published. Required fields are marked *