സത്നം സിംഗ്: ഈ രക്തത്തിന് നാമെന്തു മറുപടി പറയും?

 
 
 
 
ആരായിരുന്നു സത്നം സിങ് മാന്‍? പ്രതിഭാശാലിയായ ആ ചെറുപ്പക്കാരന്റെ ചോരയോട് കേരളം നീതി കാണിക്കുമോ? അനീഷ് ആന്‍സ്, സി.ആര്‍ ഹരിലാല്‍ എന്നിവര്‍ നടത്തുന്ന അന്വേഷണം

 
 

കേരളത്തിന്റെ ഓര്‍മ്മയില്‍ അധികമൊന്നും പിടിച്ചു നില്‍ക്കില്ല സത്നംസിങ് മാന്‍ എന്ന 23കാരന്റെ മരണം. ബിഹാറി സമൂഹവും സത്നമിന്റെ ബന്ധുക്കളും സുഹൃത്തുക്കളും നീതിക്കായി വലിയൊരു പോരാട്ടത്തിന് ഒരുങ്ങുമ്പോഴും കേരളം നിസ്സംഗതയില്‍ ഉറച്ചുപോവുക തന്നെയാണ്. വെറുമൊരു ബിഹാറി മനോരോഗിയെന്ന് മാത്രം നമ്മള്‍ കേട്ടുപഠിച്ച ആ ചെറുപ്പക്കാരന്‍ ആരായിരുന്നു എന്ന ചോദ്യം ഇവിടെയാണ് പ്രസക്തമാവുന്നത്. കാലത്തിനു മുമ്പേ നടന്ന, പ്രതിഭാശാലിയായ, ആത്മീയതയുടെയും ദാര്‍ശനികതയുടെയും ധാരകളില്‍ ഏറെ സാധ്യതകളുണ്ടായിരുന്ന ഒരു ചെറുപ്പക്കാരനയാണ് കേരളം 77 മുറിവുകളുടെ കൊടിയ മര്‍ദനം കൊണ്ട് ഇല്ലാതാക്കിയതെന്ന് തീര്‍ത്തു പറയും, ആ വഴിക്കുള്ള ഏതന്വേഷണവും. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഓര്‍മ്മകളിലൂടെയും വാര്‍ത്തകളിലൂടെയും സത്നം സിംഗ് ആരെന്ന് ‘നാലാമിടം’ അന്വേഷിക്കുന്നു. എത്ര കഴുകിയാലും പോവാത്ത ചോരയാണ് നമ്മുടെ കൈകളിലുമുള്ളതെന്ന് കുറ്റബോധത്തോടെ ഏറ്റുപറയുന്നു. അനീഷ് ആന്‍സ്, സി.ആര്‍ ഹരിലാല്‍ എന്നിവര്‍ എഴുതുന്നു

 

 

അമൃതാനന്ദമയിയെ വധിക്കാന്‍ ശ്രമിച്ചെന്ന കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്യുകയും ദുരൂഹ സാചര്യത്തില്‍ അതിക്രൂരമായി കൊല്ലപ്പെടുകയും ചെയ്ത സത്നം സിംഗ് മാന്‍ എന്ന 23 കാരനെ കേരളം ഏതാണ്ട് മറന്നു തുടങ്ങി. പൊതുചര്‍ച്ചകളില്‍നിന്ന് ആ ‘ബിഹാറി പയ്യന്‍’ ഏതാണ്ട് അപ്രത്യക്ഷമായി. ധാര്‍മിക രോഷം ഇനിയും അടക്കാനാവാത്ത ചില സോഷ്യല്‍ നെറ്റ്വര്‍ക്ക് പോസ്റ്റുകള്‍ ഇടക്ക് ഷെയര്‍ ചെയ്യപ്പെടുകയും ലൈക് ചെയ്യപ്പെടുകയും ചെയ്യുന്നതൊഴിച്ചാല്‍ സൈബര്‍ ലോകത്തും മറവിക്കു തന്നെ ആധിപത്യം. കേസന്വേഷണവുമായി ബന്ധപ്പെട്ട് ഇനി പുറത്തുവന്നേക്കാവുന്ന ചില ‘വെളിപ്പെടുത്തലുകളും’ വിവരങ്ങളും സ്തോഭജനകമായ രീതിയില്‍ മാധ്യമങ്ങള്‍ കുറച്ചുനാള്‍ കൂടി പ്രാധാന്യത്തോടെ നല്‍കിയേക്കും. ബിഹാറികള്‍ക്ക് ഇവിടെ വോട്ടില്ലെന്ന പ്രായോഗിക സൌകര്യം കണക്കിലെടുത്തും, പറയാന്‍ ആവശ്യത്തിലേറെ ഇവിടെത്തന്നെയുള്ളതിനാലും നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ അതിനു മുമ്പേ തന്നെ ഇക്കാര്യങ്ങള്‍ ഉപേക്ഷിച്ചു കഴിഞ്ഞിരിക്കും. ഏറിയാല്‍ ആഴ്ചകള്‍. അതു കഴിഞ്ഞാല്‍, സത്നം സിങ് മാന്‍ എന്ന ചെറുപ്പക്കാരന്‍ വെറും ഓര്‍മ്മ. പിന്നെ മറവിയും.

എന്നാല്‍, ‘ജനാധിപത്യബോധമില്ലാത്ത, കാര്യവിവരമില്ലാത്ത’ എന്നൊക്കെ പറഞ്ഞ്, കേരളത്തിന്റെ പ്രബുദ്ധമായ, ജനാധിപത്യ^രാഷ്ട്രീയ ബോധം ഇടക്കിടെ ഇളിച്ചുകാട്ടാറുള്ള ബിഹാറാവട്ടെ ഈ ചെറുപ്പക്കാരനെ അത്രയെളുപ്പത്തിലൊന്നും മറക്കാനിടയില്ല. ആ ചെറുപ്പക്കാരന്റെ അമ്മയും അച്ഛനും മൂന്ന് സഹോദരന്‍മാരും ഒരു സഹോദരിയുമടങ്ങുന്ന കുടുംബവും വിശാലമായ ബന്ധുബലവും മാത്രമല്ല അനീതി ചോരയായി പെയ്ത ആ ദുരന്തത്തെ മറക്കാതെ ഓര്‍ത്തുവെക്കുന്നത്. സുഹൃത്തുക്കളും സഹപാഠികളും സന്നദ്ധ സംഘടനകളും നിയമ,പൌരാവകാശ വേദികളുമെല്ലാം അവര്‍ക്കൊപ്പമുണ്ട്. അവന് നീതി കിട്ടാനുള്ള പോരാട്ടത്തിന് അവര്‍ ഉറപ്പുള്ള തുടക്കമിട്ടു കഴിഞ്ഞു. ദേശീയ മനുഷ്യാവകാശ കമീഷന് പരാതി നല്‍കിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ സമീപിക്കാനുള്ള അന്തിമ ശ്രമത്തിലാണ്. ഓണ്‍ലൈനിലും പുറത്തുമായി രാജ്യമാകെ സമാനവികാരം ഇളക്കിവിടാവുന്ന തരത്തില്‍ ജസ്റ്റിസ് ഫോര്‍ സത്നം സിങ് എന്ന പേരിട്ട ഗ്രൂപ്പുകളിലൂടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോവുകയാണ്.

രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മാധ്യമങ്ങള്‍ക്കുമൊക്കെ ഈ അരുംകൊല മറക്കാന്‍ തീര്‍ച്ചയായും അവരുടേതായ കാരണം കണ്ടേക്കും. എന്നാല്‍, കേരളീയ പൊതുസമൂഹത്തിന് ഈ ചോര അത്രയെളുപ്പം കഴുകിക്കളയാനാവുമോ? നമ്മുടെ കണ്‍മുന്നില്‍നിന്നാണ്, അന്യനാട്ടില്‍നിന്നുവന്ന ഒരു ചെറുപ്പക്കാരനെ 77 മുറിവുകളില്‍ പൊതിഞ്ഞ് വെള്ള പുതപ്പിച്ച് സ്വന്തം നാട്ടിലേക്ക് തിരിച്ചയച്ചത്? അതിക്രൂരമായ ആ കസ്റ്റഡി മരണത്തെ മലയാളിയല്ല മരിച്ചത് എന്ന ഒറ്റക്കാരണത്താല്‍ നമുക്ക് കണ്ണടച്ച് ഇല്ലാതാക്കാന്‍ കഴിയുമോ? മറ്റു നാടുകളില്‍ പ്രവാസികളായും അല്ലാതെയും ഉപജീവനം തേടുന്ന മലയാളികളെപ്പോലൊരു സമൂഹത്തിന്, അന്യനാടുകളില്‍ ചെന്നടിയേണ്ട നിര്‍ബന്ധിതാവസ്ഥയുള്ള ഒരു യുവതയ്ക്ക് ഇത്തരമൊരു സംഭവത്തെ വെറും മനോരോഗാശുപത്രിയിലെ വിക്രിയകളായും മനോരോഗിയുടെ സ്വാഭാവിക വിധിയായും കണ്ട് കോട്ടുവായിടാന്‍ കഴിയുമോ?

നാളെ നമ്മളിലൊരാള്‍ക്ക് അന്യനാട്ടില്‍വെച്ച് സമാനമായൊരു വിധിയുണ്ടായാല്‍ ഇതു തന്നെയായിരിക്കുമോ കേരളനാടിന്റെ പ്രതികരണം? പൊലീസ് അന്വേഷിക്കുന്ന കേസാണ്, അതിനിടയില്‍ അഭിപ്രായം പറയേണ്ട ആവശ്യമേയില്ല എന്ന സാങ്കേതിക ഡയലോഗുകള്‍ എല്ലാ കാലത്തും നമ്മെ രക്ഷപ്പെടുത്തില്ല എന്നറിയാന്‍ അത്ര വലിയ വിവരത്തിന്റെ ആവശ്യമെന്താണ്? അതിനാല്‍, കേരളമെന്നത് സര്‍ക്കാറും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും മാധ്യമങ്ങളും മാത്രമല്ലെന്ന്, ശേഷിക്കുന്ന മനുഷ്യപ്പറ്റിന്റെ അവസാന കച്ചിത്തുരുമ്പിലെവിടെയെങ്കിലും കയറി നിന്ന് വിളിച്ചു പറയേണ്ടതുണ്ട് നാം. നീതിക്കു വേണ്ടിയുള്ള സത്നമിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പോരാട്ടത്തിന് പിന്തുണ നല്‍കിയെങ്കിലും ഈ ചോരക്കറ നമ്മുടേതല്ലെന്ന് പറയേണ്ടതുണ്ട്. ഫേസ്ബുക്കിലെ സത്നമിന് വേണ്ടിയുള്ള ഗ്രൂപ്പില്‍ ഒരു കൂട്ടായി, അവനുവേണ്ടിയുള്ള പരാതിയില്‍ ഒരു കയ്യൊപ്പായി എങ്കിലും നാം ചെന്നുനിന്നില്ലെങ്കില്‍ സമൂഹമെന്ന നിലയില്‍ അത് വലിയൊരു വീഴ്ചതന്നെയായിരിക്കും.

 

 

‘ചവിട്ടിക്കൂട്ടി മുന്നേറ’ലും അരുംകൊലയും
“ആഗസ്റ് ഒന്നാം തീയതി, 12 മണിക്ക് അമ്മ ഭക്തര്‍ക്ക് ദര്‍ശനം നല്‍കിക്കൊണ്ടിരിക്കുമ്പോള്‍ 30 വയസ്സുള്ള താടിവച്ച ഒരു യുവാവ് സ്റ്റേജിലേക്ക് ഓടിക്കയറി. ‘ബിസ്മില്ലാ ഇറഹിമാനി ഇറഹീം’ എന്ന് ആക്രോശിച്ചുകൊണ്ട്, വഴിയിലുണ്ടായിരുന്ന ഭക്തരെ ചവിട്ടിക്കൂട്ടി മുന്നേറിയ യുവാവിനെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാരന്‍ കീഴ്പ്പെടുത്തി പ്രാദേശിക പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു.”
“അമ്മയ്ക്ക് യാതൊരു ഭയവും ഇല്ല. മുഴുവന്‍ മനുഷ്യകുലത്തിന്റെയും ഉന്നമനത്തിന് വേണ്ടി യത്നിക്കുന്ന അമ്മയ്ക്കെതിരെ ഇത്തരമൊരു ഉദ്യമത്തിന് ആര്‍ക്കെങ്കിലും ശ്രമിക്കാന്‍ കഴിയുമെന്ന് ആശ്രമത്തിന് വിശ്വസിക്കാനാവുന്നില്ല. എന്തായാലും ഈ സംഭവം അത്ര ലാഘവത്തോടെ കാണാന്‍ കഴിയില്ല. ഒരു സമ്പൂര്‍ണ്ണ അന്വേഷണം തന്നെ നടത്തേണ്ടതുണ്ട്” ^ആഗസ്ത് ഒന്നാം തീയതി അമൃതാനന്ദമയി മഠം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പാണിത്. സമാനമായ വിവരങ്ങള്‍ തന്നെയാണ് അന്നത്തെ വാര്‍ത്തകളിലുമുള്ളത്.
എന്നാല്‍, അമ്മക്കു ചുറ്റും ഒരു ദൂഷ്യവലയമുണ്ടെന്നും അവയില്‍നിന്ന് അമ്മയെ രക്ഷിക്കാനാണ്, കൊല്ലാനല്ല താന്‍ ശ്രമിച്ചതെന്നുമാണ് പിടിയിലായ യുവാവ് പൊലീസിനോട് പറഞ്ഞതെന്ന് വാര്‍ത്തയുണ്ടായിരുന്നു.

മുകളില്‍ പറഞ്ഞ പത്രക്കുറിപ്പ് പ്രകാരം യുവാവ് ചെയ്തത് രണ്ട് കുറ്റങ്ങളാണ്. മുസ്ലിംകള്‍ വിശുദ്ധമായി കരുതുന്ന അറബിവാചകം -ബിസ്മില്ലാഹി റഹ്മാനിറഹീം-പരമകാരുണികനായ ദൈവത്തിന്റെ നാമത്തില്‍ -എന്ന് ആക്രോശിച്ചു. വഴിയിലുള്ള ഭക്തരെ ‘ചവിട്ടിക്കൂട്ടി’ മുന്നേറി. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനും വേദിക്കടുത്തുണ്ടായിരുന്നവരും നിഷ്പ്രയാസം കീഴടക്കിയ യുവാവിന്റെ കൈയില്‍ ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ല, ആ താടിയല്ലാതെ. എന്നാല്‍, യുവാവിനെതിരെ പൊലീസ് ചുമത്തിയത് വധശ്രമക്കുറ്റമാണ്!

കൊല്ലപ്പെട്ട സത്നം സിംഗിന്റെ ഉറ്റസുഹൃത്ത് പരക്റാം കാകര്‍ ‘ഗ്യാന്‍ സെന്‍ട്രല്‍’ എന്ന വെബ്സൈറ്റിനു നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം ചോദ്യം ചെയ്യുന്നുണ്ട്. ‘അവര്‍ അവനുമേല്‍ ചുമത്തിയത് ഐ.പി.സി 307 ആണ്. അത് ചുമത്തണമെങ്കില്‍ രണ്ട് കാര്യങ്ങള്‍ നിര്‍ബന്ധമാണ്. ഒന്ന്, ആക്രമണത്തിന് ഒരു കാരണമുണ്ടായിരിക്കണം. രണ്ട് മാസം മുമ്പ് വീടുവിട്ടിറങ്ങിയ ഒരാളാണ് അവന്‍. ആശ്രമത്തിനടുത്താണ് കുറച്ചുനാളായി താമസിച്ചിരുന്നത്. അവനൊരിക്കലും അമൃതനന്ദമയിയെ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നില്ല. ഉച്ചത്തില്‍ സംസാരിച്ചുകൊണ്ട് അവരുടെ അടുത്തെത്താനാണ് അവന്‍ ശ്രമിച്ചത്. അവരെ ആക്രമിച്ചിട്ടില്ല. 307 ചുമത്തണമെങ്കില്‍, രണ്ടാമതായി, പ്രതിയുടെ കൈയില്‍ ആയുധം അനിവാര്യമാണ്. അവന്റെ കൈയില്‍ ആയുധം ഉണ്ടായിരുന്നില്ല’.

സംഭവം നടന്ന ഉടന്‍ തന്നെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മഠവുമായി ബന്ധപ്പെട്ടിരുന്നതായി മഠം പ്രതിനിധി ചാനലുകളില്‍ പറഞ്ഞിരുന്നു. സംഭവം ഗൌരവത്തോടെ സര്‍ക്കാര്‍ പരിഗണിക്കുമെന്ന് ഉറപ്പുലഭിച്ചതായും അന്ന് മഠം പ്രതിനിധി പറഞ്ഞു.

വധശ്രമക്കേസില്‍ ചെറുപ്പക്കാരനെ അറസ്റ്റ് ചെയ്യുകയും കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്യുകയുമായിരുന്നു. മനോരോഗിയാണ് പ്രതിയെന്ന് സംഭവം നടന്ന ഉടന്‍ ചാനലുകളോട് വിളിച്ചുപറഞ്ഞ പൊലീസ് എന്നാല്‍, മനോരാഗിയായ ഇയാളെ കൊല്ലം ജില്ലാ ജയിലിലാണ് പ്രവേശിപ്പിച്ചത്. അവിടെനിന്ന്പേരൂര്‍ക്കട മനോരോഗ ആശുപത്രിയിലേക്ക് പിന്നീട് മാത്രം മാറ്റി. രാത്രി വൈകി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഗുരുതരാവസ്ഥയില്‍ എത്തിച്ച സത്നം സിങ് കൊല്ലപ്പെട്ടതായി പുലര്‍ച്ചെ ആശുപത്രി അധികൃതര്‍ അറിയിക്കുകയായിരുന്നു.

സത്നത്തിന്റെ ശരീരത്തില്‍ 77ലധികം മുറിവുകളുണ്ടായിരുന്നതായി കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച്, ജുഡീഷ്യല്‍ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് രണ്ടാം കോടതിയില്‍ സമര്‍പ്പിച്ച റിമാന്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മാനസികാരോഗ്യ കേന്ദ്രത്തിലെ രണ്ട് ജീവനക്കാരനും നാല് പുനരധിവാസ രോഗികളും ചേര്‍ന്ന് നടത്തിയ മര്‍ദനത്തിനിടെ തലക്കും കഴുത്തിനുമേറ്റ ക്ഷതമാണ് മരണകാരണമെന്നും ഇക്കാര്യം കേന്ദ്രത്തിലെ ക്യാമറകളില്‍ പതിഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സെല്ലിലെ സഹരോഗിയുമായി ബലപ്രയോഗം നടത്തിയതിനെ തുടര്‍ന്നായിരുന്നു പ്രതികളുടെ മര്‍ദനമെന്നും തുടര്‍ന്നാണ് രാത്രി ഏഴരയോടെ മരിച്ചതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എന്നാല്‍, ജയിലില്‍നിന്ന് ആശുപത്രിയിലേക്ക് കൊണ്ടുവരുമ്പോള്‍ തന്നെ സത്നമിന്റെ കൈകാലുകള്‍ കെട്ടിയിട്ടതായും അയാള്‍ക്ക് മര്‍ദനമേറ്റതായും മനോരോഗ കേന്ദ്ര അധികൃതരെ ഉദ്ധരിച്ച് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

 

 

ഒറ്റരാത്രിയുടെ മുറിപ്പാടുകള്‍
ആഗസ്ത് രണ്ടിന് എട്ടരക്ക് കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനില്‍നിന്നുവന്ന ഫോണ്‍കോളിന്റെ അടിസ്ഥാനത്തിലാണ്, പ്രതി സത്നത്തിന്റെ കസിനും ആജ് തക് ടിവിയില്‍ ജേണലിസ്റ്റുമായ വിമല്‍ കിഷോര്‍ പിറ്റേന്ന് കൊല്ലത്തെത്തുന്നത്. കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനില്‍ വെച്ച് കാണുമ്പോള്‍ സത്നത്തിന്റെ ദേഹത്ത് ഒരു മുറിവുണ്ടായിരുന്നില്ലെന്ന് വിമല്‍ പറയുന്നു. മനോരോഗത്തിന് ചികില്‍സയില്‍ കഴിയുന്നതിനിടെ വീടുവിട്ടിറങ്ങിപ്പോന്നതാണ് അവനെന്നും ആശുപത്രിയിലേക്ക് അയക്കുന്നതിനു പകരം ജയിലില്‍ അയക്കരുതെന്നും സി.ഐയോട് യാചിച്ചതായി വിമല്‍ പറയുന്നു. എന്നാല്‍, മുകളില്‍നിന്ന് സമ്മര്‍ദ്ദമുണ്ടെന്ന് പറഞ്ഞ് സി.ഐ ഇക്കാര്യം നിരസിക്കുകയായിരുന്നെന്നും നാലാമിടത്തിന് നല്‍കിയ അഭിമുഖത്തില്‍ വിമല്‍ പറഞ്ഞു.

‘കുടുംബത്തിലെ, ശാന്തനായ, സൌമ്യനായ പയ്യനായിരുന്നു സത്നം. ആരെയും ഒന്നിനെയും ഉപദ്രവിക്കാത്ത പ്രകൃതം. എന്നാല്‍, കേരളത്തില്‍വെച്ച് ഞാന്‍ കണ്ട സത്നം മറ്റൊരാളെപ്പോലെ തോന്നിച്ചു. അക്രമാസക്തനായിരുന്നു അവന്‍ . ഒരിക്കലും ഞാനവനെ അങ്ങനെ കണ്ടിട്ടില്ല. രാഖി രക്ഷാ ബന്ധന്‍ ദിവസമാണ് ഞാനവനെ സ്റ്റേഷനില്‍വെച്ച് കണ്ടത്. എന്നെ കണ്ടതും അവന്‍ പൊട്ടിക്കരഞ്ഞു. കൈയില്‍ രാഖി കെട്ടാന്‍ അവനെന്നെ നിര്‍ബന്ധിച്ചു. അതോടെ ശരീരത്തിലെ എല്ലാ ബാധകളും ഇറങ്ങിപ്പോകുമെന്നായിരുന്നു അവന്റെ വിശ്വാസം. അന്ന് അവന്റെ ശരീരത്തില്‍ ഒരൊറ്റപ്പാടുമുണ്ടായിരുന്നില ്ല.പിറ്റേ ദിവസം അവന്‍ ക്രൂരമായി കൊല്ലപ്പെട്ടു. അല്ലാതെങ്ങിനെയാണ് അവന്റെ ശരീരത്തില്‍ അത്രയും പരിക്കുകള്‍? ഇരുമ്പു കമ്പി പഴുപ്പിച്ച് പൊള്ളിച്ച പാടുകളുമുണ്ടായിരുന്നു അതില്‍- —ഗ്യാന്‍ ‘ന്‍ട്രല്‍ എന്ന വെബ്സൈറ്റിനു നല്‍കിയ അഭിമുഖത്തില്‍ വിമല്‍ പറയുന്നു.

ബിഹാറിലെത്തിച്ചപ്പോള്‍ മൃതദേഹം അടുത്തുനിന്ന് പരിശോധിച്ച സുഹൃത്ത് പരക്റാം കാകറും ഇക്കാര്യം പറയുന്നു- ‘ ശരീരത്തിലാകമാനം മുറിവുകളായിരുന്നു. തുടയില്‍ ഒരു കടിയേറ്റ പാടും. എനിക്കത് വിചിത്രമായി തോന്നി. തലക്കുപുറകില്‍ മെഡുല്ല ഒബ്ലാംഗേറ്റ ഭാഗത്ത് ഒരു മുറിപ്പാട് കണ്ടു. മനോരോഗ കേന്ദ്രത്തിലെ ചിലര്‍ പറഞ്ഞത്, അന്തേവാസികള്‍ ആക്രമിച്ചതാണ് എന്നാണ്. ചുട്ടുപഴത്ത ഇരുമ്പു കമ്പി കൊണ്ട് പൊള്ളിച്ച പാടുകള്‍ ഒരു പാടുണ്ട്. മനോരോഗ ആശുപത്രിയില്‍ ഏറെ കരുതലോടെ അടച്ചു പൂട്ടിയിരിക്കുന്ന അന്തേവാസികള്‍ക്ക് എവിടെനിന്നാണ് ഇത്തരം സാധനങ്ങള്‍ കിട്ടുക? ഇത് കസ്റ്റഡി മരണമല്ലാതെ മറ്റെന്താണ്?’കൊലപാതകം തേച്ചുമായ്ച്ചു കളയുന്ന വിധത്തിലാണ് കേരള സര്‍ക്കാര്‍ ഇടപെട്ടതെന്നാണ് ബന്ധുക്കളുടെ പരാതി. കസ്റ്റഡി മരണം നടന്നാല്‍ ദേശീയ മനുഷ്യാവകാശ കമീഷനെ 48 മണിക്കൂറിനകം അറിയിക്കണമെന്ന ചട്ടവും ലംഘിക്കപ്പെട്ടു.

ഗയയിലെത്തിയാല്‍ റീ പോസ്റ്റ്മോര്‍ട്ടം നടത്തണമെന്നായിരുന്നു ബന്ധുക്കളുടെ ആദ്യത്തെ പദ്ധതി. കേരളത്തിലെ മാധ്യമങ്ങളാക്കെ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. എന്നാല്‍, റീ പോസ്റ്റുമോര്‍ട്ടം നടന്നിട്ടില്ല. ‘മകനെ വീണ്ടും കീറിമുറിക്കേണ്ടന്ന് പറഞ്ഞ് അമ്മ ബഹളമുണ്ടാക്കി. ഉറ്റബന്ധുക്കളില്‍ പലര്‍ക്കും ഇതേ അഭിപ്രായമായിരുന്നു. നിയമോപദേശവും കൂടി പരിഗണിച്ചാണ് റീ- പോസ്റ്റ്മോര്‍ട്ടം വേണ്ടെന്ന തീരുമാനത്തില്‍ എത്തിയത്.തുടര്‍ന്ന്, ആഗസ്ത് എട്ടിന് ഗയയില്‍ വെച്ച് അവന്റെ സംസ്കാരം അവിടെ നടത്തി-വിമല്‍ നാലാമിടത്തോട് പറഞ്ഞു.

 

 

ആരാണ് സത്നം?
ബിഹാറിലെ ഗയ ജില്ലയിലെ ഷെര്‍ഗാതിയിലെ പ്രമുഖ ജമീന്ദാര്‍ കുടുംബാംഗമാണ് സത്നം സിങ് മാന്‍. ചില മാധ്യമങ്ങള്‍ വിശേഷിപ്പിച്ചതുപോലെ സിഖ് വംശജനല്ല ഭുമിഹാര്‍ ബ്രാഹ്മണനാണ് സത്നം. രാഷ്ട്രീയ രംഗത്ത് കൂടി സജീവമായ പ്രമുഖ ബിസിനസുകാരനാണ് പിതാവ്. മൂന്ന് സഹോദരങ്ങളും നല്ല നിലയിലാണ്. ഏക സഹോദരി വിദേശത്താണ്.

സിംലയിലെ പ്രശസ്തമായ ബിഷപ്പ് കോട്ടണ്‍ സ്കൂള്‍ വിദ്യാര്‍ഥിയായിരുന്നു സത്നം. പിന്നീട് ലക്നോയിലെ റാം മനോഹര്‍ ലോഹ്യ നാഷനല്‍ ലോ യൂനിവേഴ്സിറ്റിയിലെ അണ്ടര്‍ഗ്രാജ്വേറ്റ് വിദ്യാര്‍ഥിയായി. മാനസിക വിഭ്രാന്തിയുണ്ടെന്ന വീട്ടുകാരുടെ സംശയത്തെ തുടര്‍ന്ന് അഞ്ച് വര്‍ഷമായി ബോജ്പൂരിലെ ബിഹാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് കണ്‍സല്‍ട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ. കെ.പി ശര്‍മയുടെ ചികില്‍സയിലാണ്. പാരനോയിഡ് സ്കിസോഫ്രേനിയയായിരുന്നു സത്നത്തിനെന്ന് ഡോ. ശര്‍മ ഗ്യാന്‍ ജനറല്‍ പോര്‍ട്ടലിനോട് പറഞ്ഞു.

മാനസിക പ്രശ്നങ്ങളെ തുടര്‍ന്ന് ഒരു വര്‍ഷമായി സത്നം ക്ലാസില്‍ പോയിരുന്നില്ല. കുടുംബ ബിസിനസില്‍ സഹായിക്കുകയും ഗയയിലെ ഒരു സന്നദ്ധ സംഘടന പാവപ്പെട്ട കുട്ടികള്‍ക്കു വേണ്ടി നടത്തുന്ന പാഠശാലയില്‍ സൌജന്യമായി പഠിപ്പിക്കുകയും ചെയ്തിരുന്നു. ചെറുപ്പം മുതല്‍ ആത്മീയമായ അന്വേഷണങ്ങള്‍ തുടങ്ങിയിരുന്ന സത്നം മെയ് 29ന് രാത്രി ആരോടും പറയാതെ വീട്ടില്‍നിന്നിറങ്ങുകയായിരുന്നു. ‘അവന്റെ കൈയില്‍ 600 രൂപ ഉണ്ടായിരുന്നു. ടീഷര്‍ട്ടും ബോക്സര്‍ ഷോര്‍ട്സും ഹവായി ചെരിപ്പുകളുമായിരുന്നു വേഷം. കുറേ നാള്‍ക്കുശേഷം കേരളത്തിലെത്തി. ഇതിനിടെ വീട്ടുകാരും സുഹൃത്തുക്കളും പൊലീസില്‍ പരാതിപ്പെട്ടിരുന്നു. അന്വേഷണം നടക്കുകയായിരുന്നു -വിമല്‍ കുമാര്‍ പറയുന്നു.

 

വിമല്‍ കിഷോര്‍


 

ഒരു പ്രതിഭാശാലിയുടെ ജീവിതം
ബിഹാറി പയ്യനെന്നും മനോരോഗിയെന്നും ഭ്രാന്തനെന്നുമൊക്കെ വിളിച്ച് നമ്മുടെ മാധ്യമങ്ങള്‍ കൊച്ചാക്കിയ സത്നം സിങ് എന്നാല്‍, തികച്ചും വ്യത്യസ്തനായ ഒരാളായിരുന്നു. പ്രതിഭാശാലിയായ ഒരാള്‍. അപാരമായ ബുദ്ധിശക്തിയും ചിന്താശേഷിയും ലോകത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ആഴത്തിലുമുള്ള ധാരണകളുമുള്ള ഒരാള്‍. സത്നത്തിന്റെ മരണശേഷം സുഹൃത്തുക്കള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പുകളിലും ബന്ധുക്കളുടെ വിവരണങ്ങളിലുമെല്ലാം അതുണ്ട്.

മികച്ച സ്കൂള്‍,കോളജ് വിദ്യാഭ്യാസം സത്നമിന് ലഭിച്ചിരുന്നു. ക്ലാസുകളിലെല്ലാം ഒന്നാമനായിരുന്നു. ആഴത്തിലുള്ള വായനയുണ്ടായിരുന്നു. ഇക്കണോമിക്സ്, പൊളിറ്റിക്സ്, സോഷ്യോളജി, നിയമ വിഷയങ്ങളില്‍ നല്ല അവഗാഹം. ആത്മീയതയുടെ ഇഴകളുള്ള കവിതകളെഴുതുമായിരുന്നു. ദാര്‍ശനികമായി സ്വന്തം വഴി ആരായുന്നതിന്റെ അനിശ്ചിതാവസ്ഥ കുറേ കാലമായി ഒപ്പമുണ്ടായിരുന്നു. ബിസിനസിന്റെയും കുടുംബപാരമ്പര്യത്തിന്റെയും അപ്പര്‍ക്ലാസ് ശീലങ്ങള്‍ക്കൊന്നും മനസ്സിലാക്കാനാവാത്ത ആ മനസ്സിനെ വരുതിയിലാക്കാനുള്ള വഴി മാത്രമായിരുന്നു മനോരോഗ ചികില്‍സയും മറ്റുമെന്ന് ചില സുഹൃത്തുക്കള്‍ സംശയിക്കുന്നുണ്ട്.

മറ്റെല്ലാവരെയും പോലെ അവനും ഒരു നോര്‍മല്‍ വിദ്യാര്‍ഥിയായിരുന്നെന്ന് സഹപാഠിയായ അവിനാഷ് ‘നാലാമിട’ത്തോട് പറഞ്ഞു. ‘സാധാരണ പയ്യനായിരുന്നു അവന്‍. പക്ഷേ പണ്ടേ മറ്റു ചില പ്രത്യേക താല്‍പര്യങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. ആത്മീയതയിലേക്ക് അവനൊരു കണ്ണുണ്ടായിരുന്നു. മതങ്ങളെ കുറിച്ച് പഠിക്കാന്‍ പ്രത്യേക താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. തന്റെ സന്ദേഹങ്ങള്‍ക്ക് പരിഹാരമായി അവനൊരു ഗുരുവിനെ തേടിയിരുന്നു. പറ്റിയ പലരെയും തേടിപ്പോയെങ്കിലും അതൊന്നും അവന്റെ സന്ദേഹം ശമിപ്പിച്ചില്ല. അത്തരമൊരു യാത്രയാവണം കേരളത്തിലേക്കും നടത്തിയത്. പലപ്പോഴും ചുറ്റുമുള്ള ആളുകള്‍ക്ക് അവനെ മനസിലാക്കാന്‍ കഴിഞ്ഞില്ല. കോഴ്സ് പൂര്‍ത്തിയാക്കാതെ കോളേജില്‍ നിന്നു പുറത്തിറങ്ങിയപ്പോള്‍ വീട്ടുകാര്‍ അവനെ മനോരോഗ വിദഗ്ദനെ കാണിച്ചിരുന്നു. അതിനുശേഷം അവനെ പുറത്തിറങ്ങാന്‍ വീട്ടുകാര്‍ സമ്മതിച്ചിരുന്നില്ല’

 

പറക്റാം കാക്കര്‍


 

അറബി വാചകം വന്നതെങ്ങനെ?
ജീവിക്കുന്ന കാലത്തേക്കാള്‍ ഏറെ മുമ്പേ നടന്ന ഒരാളായിരുന്നു അവനെന്ന് യൂനിവേഴ്സിറ്റി ഹോസ്റ്റലില്‍ രണ്ട് വര്‍ഷം അവന്റെ റൂം മേറ്റായിരുന്ന പറക്റാം കാക്കര്‍ പറയുന്നു-‘ആരെയെങ്കിലും അക്രമിക്കാനാവുന്ന മാനസികാവസ്ഥയുള്ള ഒരാളേ ആയിരുന്നില്ല സത്നം. എനിക്ക് നന്നായറിയാം അവനെന്തെന്ന്. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അവന് നൂറ് കണക്കിന് സുഹൃത്തുക്കളുണ്ട്. ആത്മീയമായ ചില ചോദ്യങ്ങള്‍ അവനെ നേരത്തെ അലട്ടിയിരുന്നു. അതിന്‍റെ ഉത്തരം തേടിയാവണം അവന്‍ കേരളത്തിലെ ആശ്രമത്തിലെത്തിയത്. കാലത്തിനു മുമ്പേ നടന്നതിനാലാവണം അവനെ ആര്‍ക്കും മനസ്സിലാവാതെ പോയത്. അവന്റെ കുടുംബം അവന് മനോരോഗ ചികില്‍സ തേടിയത്. മിടുക്കനായിരുന്നു അവന്‍. ഒരിക്കലും അഗ്രസീവായിരുന്നില്ല’

‘അറബി വാചകമാണ് സത്നത്തെ പ്രതിയാക്കിയതെന്ന് മാധ്യമങ്ങള്‍ ഒന്നൊഴിയാതെ പറയുന്നു. ബിഹാറി ബ്രാഹ്മണനായ അവന്‍ എങ്ങനെയാണ് അറബിയിലെത്തിച്ചത്? അതിനുത്തരം പറക്റാമിന്റെ കൈയിലുണ്ട്. ‘പിടിക്കപ്പെടുമ്പോള്‍ അവന്‍ ബിസ്മില്ലാഹി റഅ്മാനിര്‍ റഹീം, എന്ന അറബി വാചകം ചൊല്ലിയതായി പറയപ്പെടുന്നു. അതിനാല്‍, അവന്‍ മുസ്ലിം ഭീകരവാദിയാണെന്ന് മറ്റുള്ളവര്‍ സംശയിച്ചതായി പറയുന്നു. എന്നാല്‍, മതങ്ങളോടും ആത്മീയതയുമായുള്ള താല്‍പ്പര്യത്താല്‍ സത്നം ഖുര്‍ആന്‍ കാര്യമായി പഠിച്ചിട്ടുണ്ട്. അതിലെ ഉദ്ധരണികള്‍ ഉപയോഗിക്കാറുമുണ്ട്. പരമകാരുണികനായ ദൈവത്തിന്റെ നാമത്തില്‍ തുടങ്ങുന്നു എന്നാണ് ആ അറബ് വാചകത്തിന് അര്‍ത്ഥം. അതൊരു മോശം വാചകമേയല്ല. ആ വാചകം ചൊല്ലുന്നത് എങ്ങനെയാണ് കുറ്റകരമാവുന്നത്? അവന്‍ തികച്ചും സെക്യുലര്‍ ആയ ഒരാളാണ്. ആത്മീയ അന്വേഷണങ്ങളുള്ള ഒരാള്‍. ഇഷ്ടപ്പെട്ട അത്തരം വചനങ്ങള്‍ അവന്‍ സാധാരണ ഉച്ചരിക്കാറുണ്ട്. നിരായുധനായ ഒരാള്‍ക്കെതിരെ, ഈ വാചകം ചൊല്ലി എന്ന ഒറ്റക്കാരണത്താല്‍ എങ്ങനെയാണ് കൊലപാതകശ്രമത്തിന് കേസെടുക്കുക?-പറക്റാം ചോദിക്കുന്നു.

വിഷാദരോഗവും സ്കിസോഫ്രേനിയയും മാറിമാറി കൊത്തുന്ന ബൈപോളാര്‍ ഡിസീസിന് ഇരയായിരുന്നു സത്നമെന്ന് വിമല്‍ കൂട്ടിച്ചേര്‍ക്കുന്നു. വിഷാദരോഗത്തില്‍നിന്നോ, പാരമ്പര്യമായോ ഒക്കെ വന്നുചേരുന്ന ഈ രോഗം ചികില്‍സയിലൂടെ നിയന്ത്രണ വിധേയമാക്കാവുന്നതാണ്. ഇല്ലാത്തത് കാണാനും കേള്‍ക്കാനും അറിയാനും കഴിയുന്ന അവസ്ഥകളിലേക്ക് ഈ രോഗം കൊണ്ടുപോവുന്നു. താനുമായി ഒരു ബന്ധവുമില്ലാത്ത സാംസ്കാരിക പശ്ചാത്തലം പോലും അബോധത്തില്‍ ആഗിരണം ചെയ്യാന്‍ ഈ രോഗികള്‍ക്ക് കഴിയുമെന്നും വിമല്‍ പറയുന്നു.

 

രോഹിത് പ്രജാപതി


 

‘മനുഷ്യരില്‍ അവന് പ്രതീക്ഷകളുണ്ടായിരുന്നു’
രണ്ടു വര്‍ഷം സത്നമിന്റെ റൂം മേറ്റായിരുന്ന രോഹിത് പ്രജാപതി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഈ കുറിപ്പ് കുറച്ചു കൂടി വിശദീകരിക്കും.

‘ഔപചാരിക വിദ്യാഭാസം ആര്‍ജിക്കുന്നതിനപ്പുറം, മതം, സമ്പദ് വ്യസ്ഥ എന്നിവയിലധിഷ്ഠിതമായ സമൂഹത്തില്‍ സര്‍ക്കാറിന്റെ പങ്ക് എന്തെന്നതിനെക്കുറിച്ച് സത്നം സംശയാലുവായിരുന്നു. അവന്‍ ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. രാമകൃഷ്ണ മിഷന്‍ ആസ്ഥാനമായ പശ്ചിമ ബംഗാളിലെ ബേലൂര്‍ മഠം, ബിഹാര്‍ സ്കൂള്‍ ഓഫ് യോഗ തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ അവന്‍ സന്ദര്‍ശിച്ചിരുന്നു.

നിയമവിദ്യാര്‍ഥിയെന്ന നിലയില്‍ ഭരണഘടനാപരമായ സ്വന്തം അവകാശങ്ങളെക്കുറിച്ച് അവന്‍ ബോധവാനായിരുന്നു. ഫിലോസഫി, പൊളിറ്റിക്സ്, തിയോളജി എന്നിവ അവനിഷ്ടപ്പെട്ടു. റൂസോയുടെ ആശയങ്ങളില്‍ ആകൃഷ്ഠനയിരുന്നു. മനുഷ്യന്‍ പ്രകൃത്യാ നല്ലവനാണെന്നും അവനുമേല്‍ സമൂഹം ചുമത്തുന്ന നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് പരിമിതപ്പെടുത്തണമെന്നും അവന്‍ വിശ്വസിച്ചു. അവന്റെ പേഴ്സണല്‍ ഡയറിയില്‍ ഈ ചിന്തകള്‍ കണ്ടെത്താനാവും.

മതങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങളെക്കുറിച്ച് ഉല്‍ക്കണ്ഠാകുലനായിരുന്നു സത്നം. അവന്റെ പ്രായത്തിലുള്ള ഒരാള്‍ക്ക് താങ്ങാന്‍ കഴിയുന്നതായിരുന്നില്ല അത്തരം ചിന്തകള്‍. ഔപചാരിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കുകയും, സമൂഹം മുന്നോട്ടുവെക്കുന്ന ജീവിത വ്യവസ്ഥകളില്‍ മുന്നോട്ടുപോവുകയും ചെയ്യുന്നതാണ് അവന് നല്ലതെന്ന് പലരും ഉപദേശിച്ചിരുന്നു. എന്നാല്‍, ചുറ്റുമുള്ളവര്‍ സമ്മതിച്ചാലും ഇല്ലെങ്കിലും താന്‍ വിശ്വസിക്കുന്ന കാര്യങ്ങള്‍ പ്രവര്‍ത്തികമാക്കണമെന്നായിരുന്നു അവന്റെ പക്ഷം. വ്യത്യസ്തമായി ചിന്തിക്കുന്നവരെയെല്ലാം ഭ്രാന്തന്‍മാരായി കണക്കാക്കുന്ന ഒരു സാമൂഹിക ക്രമത്തില്‍ ഈ വിശ്വാസമാവണം അവന് ദുര്‍വിധി വരുത്തിയത്. എന്നാല്‍, ഒരു മനോരോഗ ചികില്‍സകനും അവന്റെ നിശ്ചയദാര്‍ഢ്യത്തെ തിരുത്താന്‍ കഴിഞ്ഞില്ല. ബിസ്മില്ലാഹി റഹ്മാനി റഹീം എന്നവന്‍ ഉരുവിടുന്നത് നല്ല അര്‍ത്ഥത്തിലായിരുന്നു. ചുറ്റുമുള്ളവര്‍ അതിന്റെ ഉദാത്തമായ അര്‍ത്ഥം മനസ്സിലാക്കുമെന്നും അവനെ അഭിനന്ദിക്കുമെന്നും അവന്‍ വിശ്വസിച്ചിരുന്നു. ജനങ്ങളില്‍ അവനത്രയേറെ വിശ്വസിച്ചിരുന്നു എന്നു തോന്നുന്നു.

സ്വന്തം താല്‍പ്പര്യങ്ങളുടെ വഴിയില്‍ മുന്നോട്ടുപോവാനുള്ള ഇത്തിരി സ്വാതന്ത്യ്രം മാത്രമായിരുന്നു അവനാഗ്രഹിച്ചതെന്ന് ഉറ്റ സുഹൃത്തെന്ന നിലയില്‍ എനിക്കു പറയാനാവും. യൂനിവേഴ്സിറ്റിയില്‍ കെട്ടിയിടപ്പെടുന്നത് അത്തരമൊരാള്‍ക്ക് ബുദ്ധിമുട്ടായിരിക്കും. സര്‍വകലാശാല പഠനം ഉപേക്ഷിച്ച് ജീവിതത്തില്‍ വന്‍ വിജയം കൈവരിച്ച അനേകം മഹാന്‍മാരുടെ ജീവിതം അവനെ പ്രചോദിപ്പിച്ചിരുന്നു. നിയമ പഠനത്തേക്കാള്‍ സാമൂഹ്യ ശാസ്ത്ര പഠനത്തിലാണ് താല്‍പ്പര്യമെന്ന തിരിച്ചറിവിലാവണം അവന്‍ പഠനം ഉപേക്ഷിച്ചത്. ഈ ചിന്തകള്‍ ഉപേക്ഷിക്കണമെന്നായിരുന്നു അവന്റെ കുടുംബത്തിന് താല്‍പ്പര്യം. അവന് താല്‍പ്പര്യമുള്ള ഏത് ബിസിനസും ആരംഭിക്കുന്നതിന് പിന്തുണ നല്‍കാന്‍ അവര്‍ തയ്യാറായിരുന്നു.

ഇത്തരമൊരു സാഹചര്യത്തിലാവണം വീട് വിട്ടു പോവാന്‍ അവന്‍ തീരുമാനിച്ചത്. തന്നെ കേള്‍ക്കാന്‍ കഴിയുന്ന, മനസ്സിലാക്കാന്‍ കഴിയുന്ന, മാനിക്കുന്ന മനുഷ്യരെ പുറംലോകത്ത് കണ്ടെത്താനാവുമെന്ന് അവന്‍ അതിയായി വിശ്വസിച്ചിരുന്നു. ഈ അന്വേഷണമാവണം എല്ലാവരെയും മക്കളെന്നു വിളിക്കുകയും ആശ്ലേഷിക്കുകയും ചെയ്യുന്ന ‘അമ്മ’ എന്ന ബിംബത്തിലേക്ക് അവനെ എത്തിച്ചിട്ടുണ്ടാവുക. കൊല്ലപ്പെടുന്നതിനു മുമ്പുള്ള അവസാന രണ്ടു മാസങ്ങളില്‍ എന്തു തരം ജീവിതമായിരിക്കും അവന്‍ നയിച്ചിട്ടുണ്ടാവുക എന്നൊരു പിടിയുമില്ല. മരിക്കും മുമ്പ് തനിക്കു പറയാനുള്ളത് പറയാന്‍ അവനൊരു അവസരം കിട്ടിയിട്ടേയില്ല.

പ്രയോഗിക തലങ്ങളില്‍ തികച്ചും ജനാധിപത്യവിരുദ്ധവും മതേതരവിരുദ്ധവുമായ ഒരിടത്താണ് നിര്‍ഭാഗ്യവശാല്‍ ജനാധിപത്യത്തിന്റെ ഏറ്റവും മഹത്തായ ആശയങ്ങള്‍ കണ്ടെത്താനാവുമെന്ന് അവന്‍ വിശ്വസിച്ചത്. ജനങ്ങളോടുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ സര്‍ക്കാറുകള്‍ക്ക് സംഭവിക്കുന്ന വീഴ്ചകള്‍ ചോദ്യം ചെയ്യുന്ന ‘ഡെമോക്രാറ്റിക് കോര്‍പറേഷന്‍’ എന്നൊരു സംരംഭം അവന്റെ സ്വപ്നമായിരുന്നു. യഥാര്‍ത്ഥ ജനാധിപത്യത്തിലേക്കുള്ള യാത്രയെ അത് ത്വരിതപ്പെടുത്തുമെന്ന് അവന്‍ വിശ്വസിച്ചു. ആരറിഞ്ഞു, അത്തരം ചോദ്യം ചെയ്യലുകള്‍ അവന്റെ ജീവനെടുക്കുമെന്ന്. അവന്റെ ഡെമോക്രാറ്റിക് കോര്‍പറേഷനില്‍ അവനു മാത്രമേ താല്‍പ്പര്യമുണ്ടായിരുന്നുള്ളൂ, അവന്റെ ജനതയ്ക്കുണ്ടായിരുന്നില്ല എന്ന് ആരറിഞ്ഞു?

(സത്നമിനെക്കുറിച്ച മൂര്‍ച്ചയുള്ള ഈ നിരീക്ഷണങ്ങള്‍ കണ്ടാലറിയാം രോഹിത് പ്രജാപതി ആരെന്ന്. അതില്‍ കൂടുതല്‍ രോഹിതിന്റെ ഫേസ്ബുക്ക് പ്രൊഫൈലും ബോധ്യപ്പെടുത്തും. അതിലയാള്‍ സ്വയം വിശേഷിപ്പിക്കുന്നത് (about) ഇങ്ങനെയാണ്^ There is nothing in the world that i can love more than freedom, People call me laidback…but i am agressive in my own way.
പ്രൊഫൈലിലെ മതമെന്ന കള്ളിയില്‍ നാച്വറലിസ്റ്റിക് പാന്‍തേയിസം എന്ന് കാണാം. അതിന്റെ വിശദീകരണവും. ഇഷ്ടങ്ങളുടെ പട്ടികയില്‍ The Critique of Practical Reason, A History of Freedom of Thought കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്നിവ ഉള്‍പ്പെടുന്നു)

 

പ്രജ്ഞ നല്‍വ

പ്രജ്ഞ നല്‍വ


 

ഭ്രാന്ത് ഒരു മതമായിരുന്നെങ്കില്‍ !
വ്യത്യസ്തമായ മറ്റൊരു കുറിപ്പാണ് ആര്‍.എസ് ഗോസ്വാമി അസോസിയേറ്റ്സില്‍ അഭിഭാഷകയായി ജോലി ചെയ്യുന്ന, സത്നമിന്റെ സഹപാഠിയും കൂട്ടുകാരിയുമായ പ്രജ്ഞ നല്‍വയുടേത്. സത്നമിന്റെ ഭ്രാന്ത് എന്തെന്നും അതെന്തു കൊണ്ട് അനിവാര്യമാണെന്നുമുള്ള നിരീക്ഷണമാണ് പ്രജ്ഞ നടത്തുന്നത്.

ഭ്രാന്ത് ഒരു മതമായിരുന്നെങ്കില്‍ !

അവന്‍ പത്രങ്ങള്‍ പറയുന്നത് പോലെ വെറും ഒരു ‘ബീഹാറി’ പയ്യനായിരുന്നില്ല. അങ്ങനെ വിളിക്കുന്നത് അവനിഷ്ടമായിരുന്നില്ല; കാരണം ഒരു മനുഷ്യജീവിയെ അടയാളപ്പെടുത്തുന്ന നഗരത്തിന്‍റെയോ , സംസ്ഥാനത്തിന്‍റെയോ, രാജ്യത്തിന്‍റെയോ ,മതത്തിന്‍റെയോ , ലിംഗത്തിന്‍റെയോ ,ജാതിയുടേയോ അതിര്‍വേലികള്‍ക്ക് പുറത്തായിരുന്നു അവന്‍. നമുക്ക് നഷ്ടപ്പെട്ടുകൂടാത്ത ഒരു മനസ്സായിരുന്നു അവന്‍.

അവന്‌ ഭ്രാന്തായിരുന്നെന്ന് അവര്‌ പറയുന്നു. ദയവായി , അവനെ കുറ്റപ്പെടുത്തരുത്. നിര്‍മ്മലമായ ഒരു ഹൃദയത്തിന്‌ ഈ മൃതസമൂഹത്തോട് താദാത്മ്യം
പ്രാപിക്കാനാവില്ല. മാറ്റങ്ങള്‍ക്ക് വേണ്ടി അവന്‍ പൊരുതുമായിരുന്നു, അവന്‍ ശ്രമിക്കുമായിരുന്നു, അവന്‌ ആശയങ്ങളുണ്ടായിരുന്നു. ഉടന്‍ തന്നെ ഞങ്ങള്‍ അവനോട് പറയുമായിരുന്നു ” നീ ഒരു ഉട്ടോപ്പിയന്‍ ലോകത്താണെന്നും , ആദര്‍ശവാദം കപടമാണ്‌” എന്നുമൊക്കെ. ഇന്നത്തെ ലോകത്തിന്‌ ഏറ്റവും വേണ്ടതും, എന്നാല്‍ തീരെ ഇല്ലാത്തതും ഈ ഭ്രാന്ത് ആണെന്ന് ഒരു നിമിഷം പോലും ചിന്തിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല.
ഭ്രാന്ത് പിടിക്കുന്നത് നാം നിര്‍ത്തിവെച്ചെന്നതും ഓര്‍ത്തില്ല. ‘ഭ്രാന്ത്’ ഉള്ളവരെ അടിച്ചമര്‍ത്തുമ്പോള്‍, അവരുടെ നിയന്ത്രണം നഷ്ടമാവുകയും ഒടുവില്‍ അവര്‍
ഹൃദയരഹിതമായ ഈ ലോകത്തിന്‍റെ ഇരകളായിത്തീരുകയും ചെയ്യുന്നു. ഇത് വെറും ഒരു ‘നഷ്ടം’ അല്ല.

ഒരു മനോഹരമായ മനസ്സിന്‍റെ അന്ത്യം കൂടെയാണ്‌.

സത്നാം സിംഗ് മാന്‍ , നീയെന്നോട് പറഞ്ഞു ഞാനൊരു ‘പരാജിതമായ ആത്മാ’വാണെന്ന്. ഇപ്പോള്‍ ഞാനുമറിയുന്നു നീയുമതാണെന്ന്.

 

സത്നം സുഹൃത്തുക്കളോടൊപ്പം. ഒരു പഴയ ചിത്രം


 

‘ഇതാണെന്റെ കഥ’

രവി ത്രിപാഠി എന്ന സുഹൃത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത താഴെക്കൊടുത്ത ഈ കുറിപ്പ് ഒരാത്മഗതമാണ്. ലോ യൂനിവേഴ്സിറ്റിയില്‍ എത്തുംമുമ്പുള്ള കാലത്തെക്കുറിച്ചുള്ള തികച്ചും വ്യക്തിപരമായ ഒരു കുറിപ്പ്. ആരാണ് അതെഴുതിയത് എന്ന് അതില്‍ വ്യക്തമല്ലെങ്കിലും സത്നം തന്നെയാണ് ആ വാക്കുകളുടെ ഉടമയെന്ന് തോന്നിപ്പോകും, അത് വായിക്കുമ്പോള്‍. അക്കാര്യം സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും നാലാമിടത്തിന്റെ വായനക്കാര്‍ക്കു മുമ്പാകെ ആ വരികള്‍ സമര്‍പ്പിക്കുന്നു.

MY LIFE BEFORE RMLNLU

BORN ON AUGUST 19,NINETEEN EIGHTY NINE
DESTINY CHOOSED SATNAM TO BE NAME OF MINE
GAYA WAS THE PLACE,ONCE THE LAND O ENLIGHTMENT
AND NOW THE LAND OF CRIME…..

TO A FAMILY OF ZAMINDARS,THE RICHEST AMONG THE POOREST
AT THE APEX OF THEIR SHINE
ALWAYS SCORED 1ST IN A SCHOOL NEAR BY THE HOME OF MINE
DEAR MENTOR,I DONT REMEMBER ANY THING MORE,TILL I WAS NINE

ON THE MOUNTAINS OF SHIVALIK,THE SCHOOL WAS OF BRITISH DESIGN
I WAS HAPPY,THINKING THIS TOURIST PLACE IS NOW THE HOME OF MINE
DIN KNEW,HOW TO SHIT,HOW TO WEAR,HOW TO SPEAK AND HOW TO DINE
THAT LOVING COLD WAS BECOMING CHILLING IN A FEW DAYZ TIME
HOME SICKNESS WAS OBVIOUS TO SOMEBODY WHOSE AGE WAS JUST NINE

I WEPT,I CRIED, BUT THIER WAS NONE,NO THIER WAS A NUN WITH NAME SISTER CATHERINE.
HER LAP WAS WARM BUT NOT MORE THAN THAT CHILLING COLD
BUT WAS ENOUGH TO MAKE ME ASLEEP ON THAT BED OF MINE

I ASKED MY DAD, M I NOT YOUR SON
HE SAID”THERE IS A THREAT”
SOMETHING WAS GOING ON POLITICAL LINE

GOD,YOU TOOK AWAY MY CHILDHOOD
YOU TOOK AWAY CARTOONS
YOU TOOK AWAY LOVE
OF GRAND PA AND LOVING GRAND MOM
IN A YEAR OR TWO,I ACCEPTED IT BUT THE JUICE WAS OUT OF LIME

I LEARNED,LEARNED TO LIVE,LEARNED TO LEAD,LEARNED TO PLAY
AND HOW TO SMOKE AMD DRINK WINE
BUT REPORT CARD IN HIGH SCHOOL WAS ENOUGH GRACEFUL
TO GET A ZERO AFTER A NINE

I GAVE A BYE AS A SALUTE TO BISHOP COTTON SCHOOL
WHO CHANGED MY VALUES FROM BRAHMANICAL TO CATHOLIC LINE

WANTED TO GO CBSE FROM ICSE,COED FROM ALL BOYZ
AND THREE LAKH ANNUALY WAS ENOUGH FOR MY DAD
WHO WAS LOSING ELECTION AND BUCKS IN LINE

CHANDIGARH WAS THE NEW PLACE, BHAWANS REPLACED BISHOPS
AND THE WORLD WAS MUCH CLEVER THAN TOLD BY SISTER CATHERINE
ARTS WAS MY STREAM AND CIVIL SERVICES WAS MY GOAL
BUT AFTER GIRLFRIEND AND FUN
I WAS NOT ABLE TO GIVE LEARNING A GOOD PORTION OF TIME
SO AT SECONDARY SCHOOL MY AGRREGATE WAS SIX FOLLOWED BY NINE

DROPPED A YEAR, PREPARING FOR CLAT
MY RANK WAS 757 AND SCORE WAS AGAIN 0NE ONE NINE

I MAY BE JUST A STUDENT FOR YOU
BUT FOR ME A MENTOR IS THE SHADOW OF DIVINE

THIIS IS THE STORY OF MINE

 
 
 
 

22 thoughts on “സത്നം സിംഗ്: ഈ രക്തത്തിന് നാമെന്തു മറുപടി പറയും?

 1. മാധ്യമധര്‍മ്മം എന്താണെന്നു വ്യക്തമാക്കുന്ന നാലാമിടത്തിനു നന്ദിയും അഭിനന്ദനങ്ങളും .. ഒരു മലയാളിയ്ക്കും സത്നാമിനോട് മാപ്പു ചോദിക്കാനുള്ള അര്‍ഹതയില്ല.

 2. ഒരു ചെറുപ്പക്കാരനെ, ഒരു ഇന്ത്യന്‍ പൗരനെ, എത്ര അനായാസമായി കൊന്നു കയ്യില്‍ കൊടുത്തു! എത്ര ലജ്ജയില്ലാത്ത, ഭീകര മുഖമാണു മലയാളി‍ക്കുള്ളത്..

  • സത്നാംസിങ്ങ്..ഒരുതാക്കീതാണ്
   70 മുറിവുകള്‍ ചേര്‍ത്ത
   ഒരമ്മയുടെ സ്നേഹം..
   ഈ പ്രേമത്തില്‍ നിന്ന്
   ആലിംഗനത്തില്‍ നിന്ന്
   ഇനിയാര് മുഖം കറുപ്പിക്കും,
   ആര് വിരല്‍ ചൂണ്ടും?

   കേന്ദ്ര പ്രതിരോധ മന്ത്രി മുതല്‍
   കേരളആഭ്യന്തര സേവകന്‍ വരെ
   ആ ചുംബനത്തിന്‍റെ പങ്കു കച്ചവടക്കാര്‍..

   പ്രിയ സത്നം…
   നിന്‍റെ ഭ്രാന്തുകൊണ്ടെങ്കിലും
   ബലി കൊണ്ടെങ്കിലും,
   കണ്ണടച്ചു പിടിച്ച
   ഈ അമ്മായി ഭക്തരെ
   ഒന്ന് പ്രാകുകയെങ്കിലും ചെയ്യ്.

 3. മികച്ച അന്വേഷണ റിപ്പോര്‍ട്ട്‌ ..
  മലയാളി പൊതുബോധത്തെ ( അങ്ങനെയൊന്നു ഉണ്ടെങ്കില്‍ ) ഇത് പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു. ഇതു പോലുള്ള നിരവധി സംഭവങ്ങളില്‍ അന്യ സംസ്ഥാനക്കാര്‍ വിശേഷിച്ചും കുടിയേറ്റ തൊഴിലാളികള്‍ തികച്ചും പൌരാവകാശങ്ങള്‍ ഇല്ലാത്ത രണ്ടാം കിടക്കാര്‍ ആയി പരിഗണിക്കപ്പെടുന്ന ഒരു അവസ്ഥ കേരളത്തില്‍ ഉണ്ട് ; ഇത് പോലെ ഈ ലജ്ജാകരമായ അവസ്ഥയ്ക്ക് അധികൃതരും കേരളത്തിലെ മുഖ്യ ധാരാ രാഷ്ട്രീയ നേതൃത്വങ്ങളും ഒരു വിഭാഗം മാധ്യമങ്ങളും ഉത്തര വാദികള്‍ അല്ലെന്നു പറയാന്‍ കഴിയില്ല .
  https://fbcdn-sphotos-d-a.akamaihd.net/hphotos-ak-ash3/c67.0.403.403/p403x403/524423_2290616563114_601504317_n.jpg

 4. രക്തത്തിന് പല നിറം കല്പ്പിക്കുന്ന, ജീവന്റെ മൂല്യത്തെ പല ത്രാസ്സില് തൂക്കുന്ന മലയാളിയുടെ മനസ്സ് രക്തസാക്ഷി എന്ന് വിളിപ്പര് നല്കാന് കഴിയാത്ത സത്നത്തിന്റെ ജീവന് എന്തു വില കല്പ്പിക്കാന്…..? ഇവിടെ വേണ്ടത് ചുവപ്പും പച്ചയും കാവിയും മഞ്ഞയും പുതപ്പിച്ച രക്തസാക്ഷികളെയും അവര്ക്കു വേണ്ടി കൊലവിളി നടത്തുന്ന സാക്ഷികളേയും മാത്രം….. അല്ലാത്തവരെ പേ പിടിച്ച പട്ടിയെപ്പെലെ തല്ലിക്കൊന്ന് കുഴിച്ചു മൂടും…..

  രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക ജീവിതത്തിന്റെ സംപൂര്ണ്ണ തര്ച്ചയിലേക്ക് കൂപ്പുകുത്തുകയാണ് കേരളം.
  പ്രീയ സത്നം……മാപ്പ് പറയാന് പോലും മലയാളി എന്ന നിലയില് എനിക്കും അര്ഹതയില്ല എന്നത് ഹൃദയവേദനയോടെ ഏറ്റു പറയുന്നു…..

 5. ഇതുപോലുള്ള വാര്‍ത്തകള്‍ കാണുമ്പോള്‍ ഭയമാണ്നു. ആരെയും കൊല്ലാനും നാനമില്ല്തെ വീണ്ടും സമൂഹത്തില്‍ ജീവിക്കാനും മലയാളിക്ക് ബുതിമുട്ടില്ല. സത്നം നീ വന്നത് അമ്മ ജീവിക്കുന്ന നാട്ടിലാണ്. നിന്നെ കൊന്നു തിരിച്ചയക്കുന്നതും ഒരു അമ്മയെ കണ്ടതിലാന്നു, മാപ് തരൂ

 6. അമ്മക്കെതിരെ ആക്രമനകുറ്റം ചുമത്തി ദുരൂഹസാഹചര്യത്തില്‍ കൊല്ലപെടുന്ന ആദ്യത്തെ വ്യക്തി അല്ല സത്നം എന്നതും കൂടി ചേര്‍ത്ത് വായിക്കുമ്പോള്‍ ………എന്തോ എവിടെയോ ഒരു സ്പെല്ലിംഗ് mistake ….

 7. സത് നാം സിംഗ്, നിനക്ക് തെറ്റിപ്പോയി. നിന്‍റെ ദിവ്യഭ്രാന്തും, നന്മ നിറഞ്ഞ സന്ദേഹങ്ങളുമായി അലഞ്ഞുതിരിയാന്‍ കാമഭ്രാന്തിന്‍റെ, സദാചാരഭ്രാന്തിന്‍റെ, മതഭ്രാന്തിന്‍റെ, രാഷ്ട്രീയഭ്രാന്തിന്‍റെ, ആള്‍ദൈവഭ്രാന്തിന്‍റെ, ക്വൊട്ടേഷന്‍ ഭ്രാന്തിന്‍റെ ഈ തുറന്ന തടവറയിലെത്തിയല്ലോ നീ. ‘ബുദ്ധ’ഗയയില്‍ നിന്നിറങ്ങി നരകത്തിലേക്കുള്ള വഴിതെറ്റിയെത്തിയോ ‘സത്യനാമ’ മേ നീ ഈ ‘ബുദ്ധി’ ദൈവങ്ങളുടെ ‘സ്വന്തം’ കോണകവാല്‍ സാമ്രാജ്യത്തില്‍ ?

 8. Vow, Nalamidam. I do not know how to appreciate your team for taking such an interest in that ‘Bihari boy’ to tell us who he was truly.

  Sometimes, before in a G+ discussion, I have commended that in 1947 India got only her political freedom, (a sad remembrance of which is falling on tomorrow). Apart from that its people did not get their social and individual freedom because the political parties there are always opposed to that. This is mainly because the freedom ritual of 1947 was the handing over of India from one set of racist goons to another.

  For that matter, the history of India’s political goon-daism is also the history of oppressing that individual and social freedom. But suppressing individuals’ freedom is something the political goons needed accomplices to accomplish and hence the role of caste and religious goons and the god-men and women there.

  And nowhere the scenario is absolutely paying off than in Kerala, the called ‘developed’ state of India. The reason: the majority of Keralites-the nairs, the nasranis, the muslims, the ezhavas and the rest coming from the other caste-groups now energizing themselves to grab the crumbs of power- are either benefiting out of it or are dumb ass.

  And see how India has nose-dived into her present state of deterioration? More than two thousand and five hundred years, an inquirer who was born in the same ‘Gaya’ went on his own mission of personal search into religion and spirituality. He was absolutely free to go anywhere, to utter any of his thinking to anybody and finally to find a huge followers for his enlightened mind. And now, when a Sathnam born in the same place went on the same mission, he got labelled ‘mad’ first by his own parents. Vow!!! What a family!! Anyway, I am the least surprised. Wasn’t it the same race group to which he was born in the forefront to torture India for the same period of time –more than 2500 years- in the name of racial segregation and suppressing individual freedom? How could they have tolerated him?

  Isn’t it about that deterioration of India, Sathnam himself had mentioned in his FB, when he wrote-‘GAYA WAS THE PLACE,ONCE THE LAND O ENLIGHTMENT
  AND NOW THE LAND OF CRIME…..’

  The same intolerance is becoming widespread in the present ‘modern’, ‘civilised’ and ‘neo-liberalised’ India. I do not know whether I should laugh or cry when I am bombarded with these new terms of embellishments.

  Oh! My child, you came to that mad world to satisfy your quest for knowledge. That is only the ‘ghosts own country’. Whom you saw there and associated with and finally in whose name your life was wasted are all ghosts. Then what can I say about the torturers who took your life away form you in such a callous and monstrous manner and the political rulers who are playing hide and seek to support the killers!!

  And I am not sorry for you, because you are only relieved from that mad world.

  • പ്രിയപ്പെട്ട സത്നാം …..കാലത്തിനു മുന്‍പേ നടക്കാന്‍ ശീലിച്ച നിന്റെ മനസ്സിനെ അറിയുവാന്‍ “ദൈവത്തിന്റെ സ്വന്തം നാടുകാര്‍” എന്ന് അഹങ്കരിക്കുന്ന ഞങ്ങള്‍ക്ക് കഴിഞ്ഞില്ല…മാപ്പ്..സ്വാമി വിവേകാനന്ദന് തെറ്റിയില്ല…കേരളം ഇന്നും ഒരു ഭ്രാന്താലയം തന്നെ !!

 9. ഈ പാപത്തിന്റെ കറ ഓരോ മലയാളിയുടെ ഹൃദയത്തിലും ഉണങ്ങാതെ പറ്റിപ്പിടിച്ചിരിക്കും..മാപ്പ് സത്ണം.. നിന്റെ ആട്മാവിനെങ്കിലും നീ തേടിയ ഉത്തരങ്ങള്‍ കിട്ടുമോ?

 10. പോസ്റ്റ് ചെയ്ത മണിക്കൂറുകള്‍ക്കുള്ളില്‍ ഇത്രയും ആളുകള്‍ക്ക് സത്നം സിംഗ് തീവ്രമായ ഒരു വേദനയായി മാറുന്നുവെങ്കില്‍, അനീഷ്, ഹരി, നാലാമിടം നിങ്ങള്‍ ഈ ഉദ്യമത്തില്‍ വിജയിച്ചിരിക്കുന്നു. ഇതിനെയല്ലേ ജനകീയ പത്രപ്രവ൪ത്തനമെന്ന് പറയുന്നത്? സത്നംസിംഗ് വായിച്ച് എനിക്ക് പൂ൪ത്തിയാക്കുവാന്‍ കഴിഞ്ഞില്ല. എന്‍റെ മകന്‍റെ പ്രായമുള്ള സത്നത്തിന്‍റെ കണ്ണുകളില്‍ നിന്നു രക്ഷപ്പെടുവാന്‍ എനിക്ക് മുറിവിട്ട് പുറത്തേക്കു പോകേണ്ടിവന്നു.മഹായോഗിനിമാരുടെ കണ്ണുകളിലുള്ളതിനേക്കാള്‍ ശാന്തതയും സ്നേഹവും അവന്‍റെ കണ്ണുകളില്‍ നിറഞ്ഞിരിക്കുന്നു.

  വേട്ടനായ്ക്കളേ, എന്തിന് നിങ്ങളീ മകനെ കൊന്നു? ഒറ്റരാത്രിയില്‍ ‍എങ്ങിനെയാണ് ഇത്രയും മുറിവുകള്‍ ബാക്കിയാക്കി അവന്‍റെ ചങ്കിടിച്ചുകലക്കിയത്? എന്തു കുറ്റമാണവന്‍ ചെയ്തത്?മാനസികരോഗം അവ‍ന്‍റെ കുറ്റമായിരുന്നുവോ?

  ഈ ഒരു ചോദ്യം മലയാളത്തില്‍ ഇത്രയും വിശദമായി അന്വേഷ്ണാത്മതയോടെ, അവനെയറിയുന്ന, അവനെ സ്നേഹിക്കുന്ന സ്നേഹിതരിലൂടെ മലയാളത്തിന് നല്‍കിയത് നാലാമിടം മാത്രമാണ്. ഭ്രാന്തന്‍ബീഹാറിയല്ല എന്ന് തെളിവുസഹിതം പറയുവാന്‍ നാലാമിടം വേണ്ടിവന്നു.
  സോഷ്യല്‍ നെറ്റ് വ൪ക്കിലൂടെ നാം വായിക്കുന്നത് വൈകാരികത മാത്രമാണ്. മാതാ അമൃതാനന്ദമയിയെ വാക്കുകളാല്‍ ആക്രമിച്ചുകൊണ്ട് പലരും പോസ്റ്റുകളിട്ടു.പക്ഷേ നാലാമിടം പത്രപ്രവ൪ത്തനമിതത്വം പാലിച്ചു. കാര്യമാണ് മുഖ്യം.

  ഒരു സ്റ്റേറ്റ് ഒരു വ്യക്തിയെ അറസ്റ്റുചെയ്യുക വഴി ആ വ്യക്തിയുടെ സ്വാതന്ത്യ്രം എടുക്കുമ്പോള്‍ ആ വ്യക്തിയുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ ആ സ്റ്റേറ്റ് ബാധകമാണെന്ന് എല്ലാ ചാ൪ട്ടറുകളും വ്യക്തമാക്കുമ്പൊള്‍ സത്നം സിങ്ങിന്‍റെ മരണത്തിനുത്തരവാദി ഭരണകൂടമാണ്.സംത്നം ആശ്രമത്തില്‍ വച്ചല്ല മരിച്ചത്; സത്നത്തിന്റേത് കസ്റ്റഡിമരണമാണ്.മനുഷ്യാവകാശ കണ്‍വെന്‍ഷന്‍ ആ൪ട്ടിക്ക്ള്‍ അക്കമിട്ട് അറസ്റ്റ് ചെയ്യുന്ന സ്റ്റേറ്റ് ചെയ്യേണ്ട കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.മാനസികരോഗിയാണെങ്കില്‍ ഏതു തരത്തിലാണ് അവരോട് പെരുമാറേണ്ടതെന്നും അതില്‍ പറയുന്നുണ്ട്. ഇത് ലോകമെമ്പാടുമുള്ള മനുഷ്യാവകാശ പ്രവ൪ത്തക൪ രക്തം കൊടുത്ത് നേടിയ അവകാശങ്ങളാണ്.ഒരു ഉമ്മന്‍ ചാണ്ടിക്ക് ചീറ്റിക്കളയാനുള്ളതല്ല ഈ നിയമങ്ങള്‍.അതിന് സത്നം മലയാളി ആകണമെന്നില്ല, ഒരു ഇന്ത്യക്കാരന്‍ പോലും ആകേണ്ടതില്ല ഈ നിയമങ്ങള്‍ ബാധമമാകുവാന്‍.

  സത്നംസിംഗിനെ പുറത്തുകൊണ്ടുവന്ന നാലാമിടത്തിനെ ഒരിക്കല്‍ കൂടി അഭിനന്ദിക്കുന്നു.
  Azeez

 11. All of us here is kerala, just real all this as masala news and forget it after a week. But beware this can happen to any one in your family too.

 12. ബീഹാറി യുവാവിനെ മര്‍ദിക്കാനും കേസെടുക്കാനും കാരണം അയാള്‍ ‘മുസ്ളിം തീവ്രവാദി’ ആണെന്ന്‌ തെറ്റിദ്ദരിച്ചതുകൊണ്ടാണെന്നാണൂ മനസ്സിലാകുന്നത്‌. അതായത്‌ ഒരാള്‍ അറബിയില്‍ എന്തെങ്കിലും പറയുകയോ മുസ്ളിം ആണെന്ന്‌ സംശയിക്കുകയോ ചെയ്താല്‍ ‘പ്രബുദ്ദ’ കേരളം പോലും ഉറപ്പിക്കുന്നു അവന്‍ ‘തീവ്രവാദി’ആണെന്ന്‌!! കാലം പോയ പോക്കേ. ചുരുക്കി പറഞ്ഞാല്‍ പിടിക്കപെട്ട യുവാവ്‌ ആരാണു എന്താണു എന്നന്വേഷിക്കുകപോലും ചെയ്യാതിരിക്കാന്‍ ‘മുസ്ളിം തീവ്രവാദി’ എന്ന നടപ്പു ദീനം കാരണമായെന്നും അതു ഈ ബ്രാഹ്മണനു വിനയായെന്നും മനസ്സിലായി. യുവാവ്‌ താടിവളര്‍ത്തിയിരുന്നതും ‘തീവ്രവാദി’യാണെന്ന് ഉറപ്പിക്കാന്‍ അധിക്യതര്‍ക്ക്‌ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നിട്ടുണ്ടാകില്ല!

 13. ‘ബുദ്ധ’ന്റെ ‘ഗയ’ യില്‍ നിന്ന് ‘ദൈവത്തിന്റെ നാട്’ എന്ന് വെറുതെ വിളിക്കപെടുന്ന നാട്ടിലേക്കു വന്ന എന്റെ മകനാകാന്‍ പ്രായമുള്ള സത് നാം. സ്നേഹവും ശാന്തതയും ഒക്കെ കാണുന്ന നിന്റെ കണ്ണില്‍ നോക്കി …ഞങ്ങള്‍ ഞങ്ങളെ മനസിലാക്കാന്‍ പരാജയപെടുന്നു. എന്റെ നാട്ടില്‍ നിന്നെ കാണാന്‍ …തൊടാന്‍…ചികിത്സിക്കാന്‍ … രക്ഷിക്കാന്‍ …മനസിലാക്കാന്‍ …ഇട ആയവരും ചുമതലപ്പെട്ടവരുമായ ആയിരം ആളുകളില്‍ ഒരു ചെറു കൂട്ടതിനുപോലും നിന്നെ മനസിലാക്കാനും കരുണ കാണിക്കാനും കഴിഞ്ഞില്ലല്ലോ…ഭക്തി…വൃത്തി …അതിഥി സ്നേഹം …. കരുണ…ഇവയൊക്കെ ഞങ്ങളോളം ഉള്ള ആരും ലോകത്തില്ല എന്നൊക്കെ ഉള്ള കാപട്യം തുടര്‍ന്നും പറഞ്ഞും പറയിപ്പിച്ചും ഞങ്ങള്‍ ഇങ്ങനെ പോകട്ടെ .. നീ …..ക്ഷമിക്കു …അല്ലാതെ എന്ത് …. നിന്റെ അന്വേഷണം നിന്നെ ഇത്തരത്തില്‍ കാപട്യം കൈമുതലായുള്ള ഒരു ഇടത്താണല്ലോ എത്തിച്ചത് ….

 14. ഒരു മലയാളി എന്നതില്‍ ലജ്ജ തോന്നുന്നു, മലയാളിയുടെ കപട ആത്മീയത മഫിയാവല്കരണത്തിന്റെ മുഖംമുടി മാത്രമാണ് അത് തിരിച്ചറിയുകയും എതിര്‍ക്കപെറെന്ടതുമായ കാലം അതിക്രമിച്ചിരിക്കുന്നു.

 15. ഈ വായിച്ചതിന്‍ പ്രകാരം ആ പാവം പയ്യന്റെ അത്ര വിവരം ഉള്ളവര്‍ ഈ കേരളം മൊത്തം തപ്പിയാലും കിട്ടിയേക്കില്ല..എന്നിട്ടും താടി നീട്ടി വളര്‍ത്തിയതിനാലും അറബി വാചകം പറഞ്ഞതിനാലും അവനും തീവ്രവാദി ..ഓടി വന്നതിനാല്‍ ഭ്രാന്തന്‍…..( ആള്‍ ) ദൈവത്തിന്റെ സ്വന്തം നാട്..കോപ്പ്.

  • There is an illegal relationship b/n politics & the pseudo Gods. Political influence and power is always with them….No need of search of soul ….No need of enlightment of knoweldge…..We are ashamed .of being a keralite ..we couldnot understand you ….anyway we should reply to this brutal killing ……sorry sathnam.. very sorry..

 16. നമ്മുടേ നാട്ടില്‍ നേരായ ജുടിസ്സരി ഇല്ലാത്തിടത്തോളം എല്ലാവര്ക്കും ചിലപ്പോള്‍ ഇതു പോലുള്ള അനുഭവം മാത്രമായിരിക്കും. പക്ഷെ ഒന്ന്പറയാം ഒട്ടുകാലമായാല്‍ കാലത്ത് കാപ്പി പോലും കുടിക്കാതെ വോട്ടിന്നുപോവുന്നവര്‍ നിങ്ങള്‍ എന്തിനതുചെയ്യുന്നു
  നീതികിട്ട്നോ നാടിനെ കര്കിച് തുപ്പുന്ന കപളികര്‍ക്ക് തലനീടനോ.ഇന്ത്യയില്‍ കുംബകൊനങ്ങള്‍ നടക്കുന്നു എന്നല്ലാതെ ഇതുവരെ ആരെയെങ്ങിലിയം ശിക്ഷിച്ച്ഹിട്ടുണ്ടോ? ഇല്ലെന്നു പറയാന്‍ വയ്യ കാരണം അവര്‍ ഉറങ്ങുന്നത് ത്രീ സ്റ്റാര്‍ വെസ്യലയങ്ങളിലല്ലേ ……………..????????????
  നല്ലൊരു നാടിന്നു വേണ്ടി നമുക്കും കൊതിക്കാം
  ഇന്ത്യക്കാരെ കാണുമ്പൊള്‍ ഇംഗ്ലീഷ് പറയാറുള്ളത് എത്ര ശരി
  ……………ബ്ലുടിഇന്ത്യന്‍സ് ………………..

Leave a Reply

Your email address will not be published. Required fields are marked *