ഈ കുഞ്ഞുങ്ങളെ ഇനിയും ശിക്ഷിക്കരുത്

 
 
 
 
കാസര്‍കോട്ടെ ബഡ്സ് സ്കൂള്‍ അവസ്ഥകളുടെ നേര്‍ക്കാഴ്ച.
രവീന്ദ്രന്‍ രാവണേശ്വരം എഴുതുന്നു

 
 
എന്‍ഡോസള്‍ഫാന്‍ കീടനാശിനിയും സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള പ്ലാന്റേഷന്‍ കോര്‍പറേഷനും കൊടുംവിഷത്തില്‍ മുക്കിയ കാസര്‍കോടന്‍ ഗ്രാമങ്ങളും മനുഷ്യരും ഇപ്പോഴും ദുരിതം തിന്നു കൊണ്ടിരിക്കുകയാണ്. ഇരകളുടെ പോരാട്ടവും അതിജീവനവും തുടരുകയാണ്. ഒപ്പം സര്‍ക്കാറുകളുടെ വാഗ്ദാന ലംഘനങ്ങളും.

കീടനാശിനി ലോബിക്കൊപ്പം നില്‍ക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ, ജീവിക്കാനുള്ള അവകാശങ്ങള്‍ക്കുവേണ്ടി എന്‍ഡോസള്‍ഫാന്‍ ഇരകളായ കുട്ടികളുടെ അമ്മമാര്‍ നടത്തുന്ന സമരം 100 ദിവസം പിന്നിട്ടു. കഴിഞ്ഞ ദിവസം സമരപ്പന്തലിനു മുന്നിലൂടെ പോയിട്ടും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവരെയാന്നു തിരിഞ്ഞുനോക്കാന്‍ പോലും തയ്യാറായില്ല. അവരുടെ മക്കള്‍ക്കായി ആറിടങ്ങളില്‍ ആരംഭിച്ച ബഡ്സ് സ്കൂളുകളും നടത്തിപ്പിനുള്ള ഫണ്ടോ, സൌകര്യങ്ങളോ ഇല്ലാതെ അങ്ങേയറ്റം കഷ്ടപ്പെടുകയാണ്. ചില്ലിക്കാശ് മാത്രം പ്രതിഫലം വാങ്ങി, ഈ കുഞ്ഞുങ്ങളെ പരിപാലിക്കുന്ന കുറേ മനുഷ്യരുടെ അര്‍പ്പണമനോഭാവം മാത്രമാണ് ഈ സ്കൂളുകളെ ഇപ്പോള്‍ നിലനിര്‍ത്തുന്നത്. കാസര്‍കോട്ടെ ബഡ്സ് സ്കൂള്‍ അവസ്ഥകളുടെ നേര്‍ക്കാഴ്ച. രവീന്ദ്രന്‍ രാവണേശ്വരം എഴുതുന്നു

 

 

കേരളം മുഴുവന്‍ എന്‍ഡോസള്‍ഫാന്‍ വിഷയത്തിന്റെ കണ്ണീരില്‍ മുങ്ങിയൊരു നേരത്ത് എന്‍ഡോസള്‍ഫാന്‍ സമരത്തിന്റെ ഭാവിയെന്ത് എന്ന നിലയില്‍ ‘നാലാമിടത്തില്‍ ഒരു കോളം നേരത്തെ എഴുതിയിരുന്നു. അതില്‍ ഉന്നയിച്ച പ്രശ്നം അന്തരീക്ഷത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്നു. ഇപ്പോള്‍ പറയാനുള്ളത് മറ്റൊരു പ്രശ്നമാണ്. എന്‍ഡോസള്‍ഫാന്‍ പോലെ കേന്ദ്രസര്‍ക്കാറിനും കോടതികള്‍ക്കും ഉന്നതര്‍ക്കും മാത്രം ഇടപടാനാവുന്ന വിഷയമല്ല ഇത്. നമുക്കോരോരുത്തര്‍ക്കും ഇടപെടാനാവുന്ന വിഷയം. നമ്മുടെ ചെറിയ ഇടപെടല്‍ പോലും വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന വിഷയം.

പറയുന്നത് കുഞ്ഞുങ്ങളെക്കുറിച്ചാണ്. എന്‍ഡോസള്‍ഫാന്‍ കീടനാശിനി തളിക്കല്‍ നിര്‍ത്തിയശേഷം ജനിച്ച കുഞ്ഞുങ്ങളുടെ കാര്യം. എന്‍ഡോസള്‍ഫാന്‍ എന്തെന്നറിയാത്ത, കാണാത്ത, നനയാത്ത, ഭക്ഷിക്കാത്ത, അതിന്റെ നേരിട്ടുള്ള ഇരകളല്ലാത്ത കുഞ്ഞുങ്ങളുടെ ജീവിതം. കീടനാശിനി പ്രയോഗം നിര്‍ത്തി 10 വര്‍ഷങ്ങള്‍ക്കു ശേഷം പിറവികൊണ്ട കുഞ്ഞുങ്ങളെയും വെറുതെ വിടുന്നില്ല ഈ ജീവനാശിനി. ജനിതക വഴിയിലൂടെ അവരെ വന്നു കൊത്തുന്നു, ദുരന്തം.

 

 

ബഡ്സ് സ്കൂളുകള്‍
ഇത്തരം കുട്ടികള്‍ക്കായി ഇപ്പോള്‍ കാസര്‍കോട്ട് ചില ഇടങ്ങളുണ്ട്. ദൈനം ദിന ചികിത്സയും പരിരക്ഷയും നല്‍കുന്ന ബഡ്സ്സ് സ്കൂളുകള്‍. ഇത്തരം ഏഴ് കേന്ദ്രങ്ങള്‍ കാസര്‍കോട് ജില്ലയിലുണ്ട്. എന്നാല്‍ ആവശ്യത്തിന് ഫണ്ടോ, സൌകര്യങ്ങളോ നല്‍കാതെ ഈ കേന്ദ്രങ്ങളെ കഷ്ടപ്പെടുത്തുകയാണ് സര്‍ക്കാര്‍. പരിമിതികകള്‍ ഏറെയുള്ള ഈ കുഞ്ഞുങ്ങളുടെ, കാണാനും കേള്‍ക്കാനും രുചിക്കാനും മണക്കാനും തൊട്ടറിയാനുമുള്ള ശേഷി ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെ വളര്‍ത്തിയെടുക്കുകയാണ് ബഡ്സ് സ്കൂളുകളുടെ ലക്ഷ്യം. എന്നാല്‍ ഈ ശേഷി വര്‍ധിപ്പിച്ചുകൊടുക്കേണ്ട സ്കൂളുകള്‍ക്ക് ഇനിയും നിലനില്‍ക്കാനുള്ള ശേഷി ലഭിച്ചിട്ടില്ല.

ഏഴ് ബഡ്സ് സ്കൂളുകളിലായി 300 നടുത്ത് കുട്ടികളാണ് ഇവിടെയുള്ളത്. തങ്ങളെങ്ങനെയെന്ന് ഈ കുഞ്ഞുങ്ങള്‍ ആരോടും പറയേണ്ടതില്ല. ഒറ്റക്കാഴ്ചയില്‍ അറിയാനാവും അവരനുഭവിക്കുന്ന രോഗപീഡകള്‍. മുഖത്തെഴുതി വെച്ചിട്ടുണ്ട് അവരനുഭവിക്കുന്ന വേദന. അവരുടെ ശരീരഭാഷയിലുണ്ട്, ഒടിഞ്ഞു നുറുങ്ങുന്ന എല്ലുകളുടെ നോവും തലതിരിഞ്ഞ ജീവല്‍പ്രവര്‍ത്തനങ്ങളുടെ ദൈന്യതയും.

മുതിര്‍ന്നവരുടെ ലാഭക്കൊതിയും കോര്‍പറേറ്റ് ദുരയും വിവരക്കേടും കാരണം ഈ കൊടുംപീഡനങ്ങള്‍ക്ക് വിധിക്കപ്പെട്ട കുട്ടികള്‍ക്കായി നന്‍മയുടെ വാതില്‍ തുറന്നിട്ട ബഡ്സ് സ്കൂളുകളോട് സര്‍ക്കാര്‍ സര്‍ക്കാര്‍ കാണിക്കുന്ന സമീപനം ക്രൂരമാണ്. നാടാകെ വിഷം തളിക്കാന്‍ പ്ലാന്റേഷന്‍ കോര്‍പറേഷനു തീറെഴുതിയ സര്‍ക്കാര്‍ ഈ സ്കൂളുകള്‍ക്കാവശ്യമുള്ള ഭൂമി നല്‍കിയിട്ടില്ല. സ്വന്തം കെട്ടിടവും. ആവശ്യത്തിന് സൌകര്യങ്ങളും.

ഒരു സ്കൂളില്‍ ഒരു അധ്യാപികയെയും ഒരു ആയയെയുമാണ് അനുവദിച്ചത്. അധ്യാപികക്ക് ഒരു മാസം രണ്ടായിരം രൂപയാണ് പ്രതിഫലം. ആയക്ക് ആയിരം രൂപയും. അവശതകള്‍ ഏറെയുള്ള ഈ കുഞ്ഞുങ്ങളെ നോക്കാന്‍ രാവിലെ മുതല്‍ വൈകിട്ട് വരെ ഇരിക്കുന്നവര്‍ക്കാണ് ഈ ചില്ലിക്കാശ് നല്‍കുന്നത്. എന്നിട്ടും, ഈ അധ്യാപികമാരും ആയമാരും സ്വന്തം മക്കളെപ്പോലെ കുട്ടികളെ പരിപാലിക്കുന്നു. അത്, സഹാനുഭൂതിയുടെയും നന്‍മയുടെയും തിളക്കമാണ്. എന്നാല്‍, അത് അവര്‍ക്ക് ന്യായമായ വേതനം നല്‍കാതിരിക്കാനുള്ള ന്യായമാവരുത്. നിര്‍ഭാഗ്യവശാല്‍, അധികൃതര്‍ ഇങ്ങനെയൊരു ന്യായമാണ് മുറുകെപ്പിടിക്കുന്നത്. ഒരു സ്കൂളില്‍ ഒരു അധ്യാപിക അല്ലെങ്കില്‍ അധ്യാപകന്‍ മതിയാവില്ല. ഇവര്‍ക്ക് മതിയായ ശമ്പളവും മറ്റ് ആനുകൂല്യവും നല്‍കേണ്ടതുണ്ട്. ജീവിതം തന്നെ ശിക്ഷയായി അനുഭവപ്പെടുന്ന ഈ കുട്ടികളെ സ്വന്തം പോലെ പരിപാലിക്കുന്ന ഈ മനുഷ്യര്‍ക്ക് നാം പകരം നല്‍കണ്ടേത് സാമ്പത്തിക പരാധീനതകളും പരിമിതികളും നിരാശയുമാവരുത്. അവര്‍ക്ക് സര്‍ക്കാര്‍ വേണ്ട പരിഗണന നല്‍കേണ്ടതുണ്ട്.

ഇത്തരം സാഹചര്യത്തില്‍ വളരുന്ന കുഞ്ഞുങ്ങളെ വേണ്ട രീതിയില്‍ പരിപാലിക്കുന്നതിനുള്ള പരിശീലനം നല്‍കാനും ഇവിടെ സംവിധാനമില്ല. ഓരോ കുട്ടിയും ഏത് മേഖലയിലാണ് താല്‍പര്യം കാണിക്കുന്നത് എന്ന് പരിശോധിച്ച് പരിശീലനം നല്‍കാന്‍ സംവിധാനം ചെയ്തിട്ടില്ല. ഭക്ഷണത്തിന്റെ കാര്യത്തിലുമുണ്ട് ഈ അവഗണന. മതിയായ പോഷണം ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പില്ല. ഒടിഞ്ഞു നുറുങ്ങിയ, ഏത് നേരവും ആശുപത്രിയലാവാന്‍ സാധ്യതയുള്ള കുഞ്ഞുങ്ങളുടെ ഈ ഇടങ്ങളില്‍ അത്യാവശ്യമുള്ള വാഹന സൌകര്യങ്ങളില്ല. താമസിച്ചു പഠിക്കുന്നവരല്ല ഇവരാരും. എന്നും വീടുകളിലേക്കും തിരിച്ചും പോവേണ്ടവരാണ്.

 

ബഡ്സ് സ്കൂളിലെ കുട്ടികള്‍. ഫോട്ടോ: മധുരാജ് Image Courtesy: Mathrubhumi


 

ക്രൂരമായ നിസ്സംഗത
ഇപ്പോള്‍ നടക്കുന്നത് ഒരു തരം അഡ്ജസ്റ്റ്മെന്റാണ്. വലിയ ബദ്ധിമുട്ട് എന്ന നിലയിലാണ് പഞ്ചായത്തുകള്‍ സ്കൂള്‍ കാര്യങ്ങള്‍ നീക്കുന്നത്. എന്‍ഡോസള്‍ഫാന്‍ പ്രശ്നത്തില്‍ ദുരിത ബാധിത പഞ്ചായത്തുകള്‍ ശരിയായ സമീപനമല്ല എടുത്തിട്ടുള്ളത്. എന്‍ഡോസള്‍ഫാന്‍ ദുരിതാശ്വാസ ഫണ്ടിലേക്ക് രണ്ട് ലക്ഷം രൂപ വീതം വാഗ്ദാനം ചെയ്ത പഞ്ചായത്തുകള്‍ കഴിഞ്ഞ പത്ത് വര്‍ഷമായി അത് നല്‍കിയില്ല. ഇപ്പോള്‍ നല്‍കിത്തുടങ്ങിയോ ആവോ?

ബഡ്സ് സ്കുളുകള്‍ തുടങ്ങിയത് തന്നെ അബദ്ധമായി എന്ന നിലയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ നീങ്ങുന്നത്. എന്‍ഡോസള്‍ഫാന്‍ പ്രശ്നം മാത്രം ചര്‍ച്ച ചെയ്യാന്‍ കാസര്‍കോട്ട് എത്തിയ മുഖ്യമന്ത്രിയുടെ കൂടെ കോട്ടയത്തുനിന്നുള്ള, വേള്‍ഡ് മലയാളി കൌണ്‍സില്‍ പ്രതിനിധികള്‍ ഉണ്ടായിരുന്നു. അവര്‍ വലിയ കാര്യങ്ങള്‍ ചെയ്യാന്‍ പോകുന്നു എന്നായിരുന്നു അന്ന് മുഖ്യമന്ത്രി പറഞ്ഞത്. ബഡ്സ് സ്കൂളിന് വേണ്ട സഹായം അവര്‍ ചെയ്യും എന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ ആകെയുണ്ടായത്, വേള്‍ഡ് മലയാളി കൌണ്‍സില്‍ രണ്ട് ആംബുലന്‍സ് കാസര്‍കോട്ടേക്ക് കൊടുത്തയച്ചതാണ്. അതും ഏറെ പഴയ ആംബുലന്‍സുകള്‍. ഉപയോഗിക്കാന്‍ പോലും പറ്റാതായ ഈ ആംബുലന്‍സുകള്‍ പിന്നീട് ഇരുമ്പുവിലക്ക് തൂക്കിവില്‍ക്കാന്‍ തീരുമാനിച്ചു. സര്‍ക്കാര്‍ ഈ കുട്ടികളോട് കാട്ടുന്ന അവഗണനയുടെ ചെറിയ ഒരുദാഹരണം മാത്രമാണിത്.

 

ബഡ്സ് സ്കൂളിലെ കുട്ടികള്‍. ഫോട്ടോ: മധുരാജ് Image Courtesy: Mathrubhumi


 

ഇനി ആരെ പ്രതീക്ഷിക്കണം?
നോക്കൂ, കേരള സര്‍ക്കാര്‍ ഇവരെ കൈയൊഴിഞ്ഞു കഴിഞ്ഞു. എന്‍ഡോസള്‍ഫാന് ഗുഡ് സര്‍ടിഫിക്കറ്റ് നല്‍കാന്‍ മല്‍സരിക്കുന്ന കേന്ദ്ര സര്‍ക്കാറില്‍നിന്ന് മറ്റൊന്ന് പ്രതീക്ഷിക്കാനേ കഴിയില്ല. ഇടത്തും വലത്തുമുള്ള രാഷ്ട്രീയക്കാരില്‍ മിക്കവരും കാര്യലാഭം വരുമ്പോള്‍ മാത്രം വാ തുറക്കുന്നവരാണ്. എന്‍.ജി.ഒകളും അക്കാദമിക് സമൂഹവും ഒക്കെയതെ. ചില മനുഷ്യപ്പറ്റുള്ള ചുരുക്കം സാമൂഹിക പ്രവര്‍ത്തകരുടെയും നല്ലവരായ ചില നാട്ടുകാരുടെയും കാരുണ്യത്താലാണ് ഈ സ്കുളുകളും കുട്ടികളും ഇപ്പോള്‍ കഴിഞ്ഞു പോവുന്നത്. ഫണ്ട് തന്നെയാണ് അവരനുഭവിക്കുന്ന മുഖ്യ പ്രശ്നം.

എന്‍ഡോസള്‍ഫാന്‍ പോലെ കോടതികള്‍ക്കും സര്‍ക്കാറുകള്‍ക്കും മാത്രം തീരുമാനമെടുക്കാനും നടപടികള്‍ കൈക്കൊള്ളാനും കഴിയുന്ന ഒരു വിഷയത്തില്‍ നാമെല്ലാം അനുഭവിക്കുന്നത് വല്ലാത്തൊരു പ്രതിസന്ധിയാണ്. എല്ലാം കണ്ടു നില്‍ക്കേണ്ട, ഓരോ ഫോട്ടോയ്ക്കു മുന്നിലും, വാര്‍ത്തക്കു മുന്നിലും കണ്ണു നിറഞ്ഞ് നിസ്സംഗതയോടെ നില്‍ക്കേണ്ട ഗതികേട്. ഓര്‍ക്കാനാവാത്ത വിധം ചുറ്റിപ്പിണഞ്ഞു കിടക്കുന്ന യാഥാര്‍ത്ഥ്യങ്ങളുടെ കൂര്‍ത്ത മുനകളാണ് കാസര്‍ക്കോട് നിന്നെത്തുന്ന ഓരോ വിവരങ്ങളും.

ഇവിടെ പക്ഷേ, നാം നിസ്സഹായരല്ല. ഈ കുട്ടികളെ സഹായിക്കാന്‍ നമുക്ക് കഴിയും. ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള മനുഷ്യരുടെ ഇത്തിരി കാരുണ്യം മതി, ഈ സ്കൂളുകള്‍ നടന്നുപോവാന്‍. ആഹാരമായും വസ്ത്രമായും കളിപ്പാട്ടങ്ങളായും നമ്മുടെ കൈത്താങ്ങുകളെത്തിയാല്‍ ഇപ്പോള്‍ അനുഭവിക്കുന്നതാവില്ല ഇവരുടെ പില്‍ക്കാലം.

ഈ സ്കൂളുകള്‍ക്ക് മാത്രമായ ബാങ്ക് അക്കൌണ്ടുകളൊന്നും ഇപ്പോള്‍ തുറന്നിട്ടില്ല. അവിടെ ചെന്നെത്തുന്ന ചില സുമനസ്സുകളും നാട്ടുകാരും നല്‍കുന്ന ചെറിയ സഹായം മാത്രമേ അവര്‍ക്ക് ആശ്വാസമായുള്ളൂ. പിന്നെയുള്ളത് കാസര്‍ഗോഡ് ജില്ലാ കലക്ടര്‍ അധ്യക്ഷനായ എന്‍ഡോസള്‍ഫാണ്‍ സെല്ലിന്റെ പേരിലുള്ള അക്കൌണ്ട് നമ്പറാണ്.

ഇതു കൂടി:
ഇപ്പോഴും ഇവിടെ ഒരു നിരാഹാര സമരം നടന്നു കൊണ്ടിരിക്കുകയാണ്. എന്‍ഡോസള്‍ഫാന്‍ ബാധിതരായ കുഞ്ഞുങ്ങളുടെ അമ്മമാര്‍ നടത്തുന്ന നിരാഹാര സത്യാഗ്രഹം. കേരളം കൈമെയ് മറന്ന് സഹായിക്കേണ്ട മഹത്തായ ഈ സമരം നൂറു നാള്‍ പിന്നിട്ടിട്ടും അധികാരികള്‍ അവഗണന തുടരുക തന്നെയാണ്.
ഇതെഴുതുമ്പോള്‍ സമരവുമായി ബന്ധപ്പെട്ട് ഒരു ഇ-മെയില്‍ എന്നെത്തേടി വന്നു. അതു കൂടി ഇവിടെ പകര്‍ത്തുകയാണ്.

പ്രിയ സുഹൃത്തേ,
എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാര്‍ നടത്തിവരുന്ന സത്യാഗ്രഹ സമരം നൂറിലധികം ദിവസങ്ങള്‍ പിന്നിട്ടുകഴിഞ്ഞു. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ ഒന്നൊന്നായി മരിച്ചുകൊണ്ടിരിക്കുമ്പോഴും അധികാരികള്‍ തികഞ്ഞ അനാസ്ഥയാണ് കാണിച്ചുകൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയെയും പ്രതീക്ഷിച്ചുനിന്ന നൂറുകണക്കിനാളുകളെ അവഗണിച്ചുകൊണ്ട് സത്യാഗ്രഹികളെ സന്ദര്‍ശിക്കാതെയാണ് കാസറഗോഡ് സന്ദര്‍ശിച്ച കേരളമുഖ്യമന്ത്രി സമരപ്പന്തലിനു മുന്നിലൂടെ കടന്നുപോയത്. ദേശീയമനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശകള്‍ അതേപടി നടപ്പിലാക്കുക, മറ്റ് ഗ്രാമങ്ങളില്‍ നിന്നുള്ള ദുരിതബാധിതരായ ആളുകളെ കൂടി ദുരിതാശ്വാസം നല്‍കുന്നതിനായി പരിഗണിക്കുക. സമഗ്രമായ ആരോഗ്യപദ്ധതികള്‍ ആരംഭിക്കുക തുടങ്ങി 18ഓളം ആവശ്യങ്ങളാണ് സമരസമിതി ഉന്നയിച്ചിരിക്കുന്നത്.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ നിങ്ങള്‍ക്ക് ഏതൊക്കെവിധത്തില്‍ സഹായിക്കാന്‍ കഴിയും?

എഴുന്നേറ്റുനില്‍ക്കുവാനോ പ്രാഥമിക കൃത്യങ്ങള്‍ സ്വയം നിര്‍വ്വഹിക്കുവാനോ കഴിവില്ലാത്ത നൂറകണക്കിന് കുഞ്ഞുങ്ങളാണ് എന്‍ഡോസള്‍ഫാന്‍ ഇരകളായി കാസറഗോഡുള്ളത്. അത്തരം കുഞ്ഞുങ്ങളെ വീട്ടിലിരുത്തിക്കൊണ്ടാണ് ന്യായമായ ആവശ്യങ്ങള്‍ നടപ്പിലാക്കി കിട്ടുന്നതിനുവേണ്ടി വളരെയേറെ ത്യാഗങ്ങള്‍ സഹിച്ചുകൊണ്ട് അമ്മമാര്‍ സമരത്തിനെത്തുന്നത്. അവരെ നിങ്ങള്‍ക്ക് പല രീതീയില്‍ സഹായിക്കാം.

1. സമര സമിതി ഉന്നയിക്കുന്ന ആവശ്യങ്ങള്‍ സര്‍ക്കാരിനെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുക.

2. നിങ്ങളുടെ പ്രദേശങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പ്രശ്നങ്ങളോട് ആഭിമുഖ്യം പ്രഖ്യാപിച്ചുകൊണ്ട് പരിപാടികള്‍ സംഘടിപ്പിക്കുക.

3. പത്രങ്ങളില്‍, സോഷ്യല്‍ നെറ്റുവര്‍ക്കുകളില്‍ സമരത്തെക്കുറിച്ച് എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

4. കാസറഗോഡുള്ള സമരപ്പന്തല്‍ സന്ദര്‍ശിക്കുക, അവരോടൊപ്പം സത്യാഗ്രഹത്തില്‍ പങ്കാളികളാകുക.

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ വളരെയധികം സാമ്പത്തിക പ്രയാസം അനുഭവിക്കുന്നുണ്ട്, രോഗബാധിതര്‍ക്ക് അടിയന്തിരമായി ചികിത്സ ലഭിക്കേണ്ടതുണ്ട്, സത്യാഗ്രഹത്തിനെത്തുന്ന അമ്മമാര്‍ അവരുടെ ദൈനംദിന ജോലികള്‍ പോലും ഉപേക്ഷിച്ചാണ് സമരത്തിനെത്തുന്നത് അവരെ സഹായിക്കേണ്ടതുണ്ട്. ഇതിനായി സമരസമിതിയെ സാമ്പത്തികമായി സഹായിക്കാം. താഴെക്കാണുന്ന അക്കൌണ്ട് നമ്പറിലേക്ക് തുകകള്‍ അയക്കാം. നിങ്ങളുടെ പ്രദേശങ്ങളില്‍ നിന്ന് കൊച്ചുകൊച്ചു തുകകള്‍ സംഭാവനയായി പിരിച്ച് എത്തിക്കാം.
സംഭാവനകള്‍ താഴെ പറയുന്ന അക്കൌണ്ട് നമ്പറിലേക്ക് അയക്കാം:
ഇന്ത്യന്‍ ബാങ്ക്, കാഞ്ഞങ്ങാട് ബ്രാഞ്ച്, അക്കൌണ്ട് നമ്പര്‍ 6045874087 (RTGS കോഡ് IDIB000N106)

കണ്‍വീനര്‍,
എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി

 
 
 
 

4 thoughts on “ഈ കുഞ്ഞുങ്ങളെ ഇനിയും ശിക്ഷിക്കരുത്

  1. എല്ലാം കണ്ടു നില്‍ക്കേണ്ട, ഓരോ ഫോട്ടോയ്ക്കു മുന്നിലും, വാര്‍ത്തക്കു മുന്നിലും കണ്ണു നിറഞ്ഞ് നിസ്സംഗതയോടെ നില്‍ക്കേണ്ട ഗതികേട്.

    m not rich but next month onwards, enne kondakum vidam oru cheriya amount e accountil ethum.. 🙂

  2. അനന്യ എഴുതിയതുപോലെ കണ്ണുനിറയ്ക്കുവാന്‍ വേണ്ടി ഓരോ പ്രഭാതങ്ങള്‍ വിടരുന്നു. മധുരാജിന്‍റെ ഫോട്ടൊ വല്ലാതെ അസ്വസ്ഥനാക്കുന്നു.
    രവീന്ദ്രന്‍ കാഞ്ഞങ്ങാടുകാരനാണെങ്കില്‍, അല്ലെങ്കില്‍ നാലാമിടത്തിനു പരിചയമുള്ളവ൪ ആ ഭാഗത്തുണ്ടെങ്കില്‍ പേരു തന്നാല്‍ വെസ്റ്റേണ്‍ യൂണിയന്‍ വഴി ഞാന്‍ കുറച്ച് പൈസ അയച്ചുതരാം.
    ഇത് കവ൪ ചെയ്തതിനു നന്ദി രവീന്ദ്രന്‍, നാലാമിടം.

Leave a Reply

Your email address will not be published. Required fields are marked *