പൊറോട്ടയുടെ ജാതി വിരുദ്ധ പോരാട്ടങ്ങള്‍

പൊറോട്ട മെയ്ക്കര്‍ മൈദ മാവു കുഴച്ച് വെളിച്ചെണ്ണയും ചേര്‍ത്ത് ചപ്പാത്തിപ്പരുവത്തിലാക്കി വീശി വീശി നേര്‍പ്പിക്കുമ്പോള്‍ ഒരു ജാതിവിരുദ്ധ പോരാട്ടം തന്നെയാണ് നടത്തുന്നത്. അത് കൊഞ്ഞനം കുത്തുന്നത് ഒരു ദുഷിച്ച വ്യവസ്ഥക്കുനേരെയാണെങ്കില്‍ പൊറോട്ട തിന്ന് നമ്മുടെ ദഹനവ്യവസ്ഥയാകെ നശിച്ചാലെന്ത്-
എ.വി ഷെറിന്‍ എഴുതുന്നു.

കേരളത്തിന്റെ ഭക്ഷണത്തില്‍ ഇടപെട്ട യശശരീരനായ സി.ആര്‍.ആര്‍ വര്‍മ മുതല്‍ തിരൂരിലെ ഡോ. രാധാകൃഷ്ണന്‍ വരെയുള്ളവരോട് ഇതെഴുതുന്ന ആള്‍ക്ക് ഒരേയൊരു എതിര്‍പ്പേയുള്ളൂ. അവര്‍ മൈദ എന്ന വസ്തുവിന് എതിരായിരുന്നു എന്നതാണ്ആ എതിര്‍പ്പിന് കാരണം. പേര് മുതല്‍ ജോലി വരെ ജാതീയത ഒളിഞ്ഞും തെളിഞ്ഞും വാഴുന്ന ഈ നാട്ടില്‍ ജാത്യാതീതമായ ഒരു ഭക്ഷണശീലം നിര്‍മ്മിച്ചെടുത്ത ഒരു പ്രധാന പോരാളിയാണ് മൈദ. മൈദ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പൊറോട്ട വഴിയാണ് ഇതു സാധിച്ചതെന്ന് നിസ്സംശയം പറയാം.
കേരളത്തിന്റെ ആത്മാവിന്റെ ഭാഗമായിരുന്ന ഏതോ ഒരു പ്രിയ രുചിയുടെ നിഗൂഡമായ ചാഞ്ചാട്ടം അടരുകളായി അടുക്കിയ ഈ വിഭവത്തിലുണ്ട്.
തിന്നാവുന്നതെന്തും വെട്ടിവിഴുങ്ങുന്ന ഒരു സുഹൃത്തുമൊത്ത് മീന്‍ മാര്‍ക്കറ്റ് ചുറ്റാനിറങ്ങി ഒടുക്കും പെടപെടക്കുന്ന ‘വാള’ എന്ന മീന്‍ വച്ച കൊട്ടക്കു മുന്നില്‍ ഞാന്‍ അന്തം വിട്ടു നിന്നു. ഇന്നത്തെ കറി ഇവനാകട്ടെ എന്നു പറഞ്ഞപ്പോള്‍ എന്റെ സുഹൃത്ത് നായരായി. തറവാടി നായന്‍മാര്‍ ‘വാള’ കൂട്ടില്ലെന്ന് പറഞ്ഞു. ഞാന്‍ വീണ്ടും അന്തം വിട്ടു. കോഴിക്കോട്ടെ തിയ്യന്‍മാരുടെ വീടുകളിലൊന്നും സ്രാവുകറിയില്ലാതെ കല്ല്യാണത്തലേന്നത്തെ ആഘോഷം നടക്കില്ല. മീനിലും ഇറച്ചിയിലും മാത്രമല്ല, പച്ചക്കറിയിലും ജാതിയുണ്ട്. ലൈംഗികോര്‍ജ്ജദായകങ്ങള്‍ എന്നു വിളിക്കപ്പെടുന്ന മ്ലേച്ച ജാതി പച്ചക്കറികള്‍ ( ചെരങ്ങ, സവോള തുടങ്ങിയവ)
ഒന്നും നമ്പൂതിരിമാര്‍ക്ക് വേണ്ട. (ഓ, ആ പച്ചറികള്‍ കൂടി തിന്നു തുടങ്ങിയാല്‍ വിഷയാസക്തരുടെ സ്ഥിതി കട്ടപൊകയാകും എന്നുറപ്പ്!).
പോത്തിറച്ചിയില്‍ ഇളപ്പമുള്ളത് കൃസ്ത്യാനികള്‍ക്ക് ചേരില്ലെന്ന് എപ്പോഴും ഓര്‍ത്തഡോക്സുകാരുടെ വീമ്പു പറയുന്ന ഒരു കുടവയറന്‍ കൃസ്താനി എന്നോട് വിളമ്പിയിട്ടുണ്ട്. ‘ഒലത്തെറച്ചിയെന്നാ എറച്ചി, അതിനീ മാപ്ലമാര്‍ടെ കളകളായെന്നൊള്ള എറച്ചി പോരെടൈ’എന്നാണ് പറഞ്ഞത്. സംഗതി സത്യമാണ്. മൂപ്പുള്ള പോത്തിറച്ചി ‘ചേട്ടമ്മാ’രുടെയാണെന്നും ‘ഞമ്മക്ക്’ലേശം ഇളപ്പമുള്ള പോത്ത് വേണമെന്നും വേറൊരും സുഹൃത്തും വെളിപ്പെടുത്തിയതോടെ കാര്യങ്ങളുടെ ഗുട്ടന്‍സ് എനിക്ക് പിടി കിട്ടി.
കുറുവ, ബോധന തുടങ്ങിയ അരികള്‍ ഇപ്പോഴും കഴിക്കുന്നത് ഭൂരിഭാഗവും ഒ.ബി.സിക്കാരാണ്. പൊന്നി, കോല തുടങ്ങിയവയാണ് ആഡ്യര്‍ക്ക് പ്രിയം. ഇങ്ങിനെ
ചാമ മുതല്‍ ചെമ്മീന്‍ വരെയുള്ള കാര്യങ്ങളില്‍ തറവാടിത്തം പറയുന്ന മലയാളിയെ നിലംപരിശാക്കിയ ഭക്ഷണമാണ് പൊറോട്ട. സാധനം തിരുവനന്തപുരം മുതല്‍
കാസര്‍കോഡു വരെ സുലഭം. ഐക്യകേരളപ്പിറവിക്കുശേഷം മാത്രം സംഭവിച്ച കാര്യമാണിത്. മാര്‍ത്താണ്ഡത്തെ രസവടയില്‍ നിന്ന് മംഗലാപുരത്തെ റവ മുക്കി
പൊരിച്ച മീന്‍ വരെയുള്ള വിഭവങ്ങളെ വെട്ടിനിരത്തി പൊറോട്ട ജൈത്രയാത്ര തുടങ്ങുകയാണുണ്ടായത്.
ജാതിയില്ല എന്നതാണ് പൊറോട്ടയുടെ ഏറ്റവും വലിയ മഹത്വം.അത്തരമൊരു സ്വത്വം സ്വീകരിക്കുന്നതിന് പൊറാട്ടക്ക് താല്‍പര്യവുമില്ല. അത് ഒരേ സമയം
മെട്രോപൊളിറ്റനും ലോക്കലുമാണ്. കെട്ടിടം പണിക്കാര്‍ മ ുതല്‍ ഐ.ടി പ്രൊഫഷനലുകള്‍ക്ക് വരെ പ്രിയങ്കരമാണത്.(കൊട്ടാരത്തിലെ തിരുനാളുകാര്‍ ഇത്
കഴിക്കുമോ ആവോ!) പൊറോട്ട മെയ്ക്കര്‍ മൈദ മാവു കുഴച്ച് വെളിച്ചെണ്ണയും ചേര്‍ത്ത് ചപ്പാത്തിപ്പരുവത്തിലാക്കി വീശി വീശി നേര്‍പ്പിക്കുമ്പോള്‍ ഒരു
ജാതിവിരുദ്ധ പോരാട്ടം തന്നെയാണ് നടത്തുന്നത്. അത് അടുപ്പില്‍ വച്ച് ചുട്ട്, ചൂടില്‍ ഇടം വലം കൈകള്‍ക്കിടയില്‍ വച്ചടിക്കുമ്പോള്‍
പ്രഹരമേല്‍ക്കുന്നത് ഒരു വ്യവസ്ഥക്കു തന്നെയാണ്.
പൊറോട്ട കൊഞ്ഞനം കുത്തുന്നത് ഒരു ദുഷിച്ച വ്യവസ്ഥക്കുനേരെയാണെങ്കില്‍ അത് തിന്ന് നമ്മുടെ ദഹനവ്യവസ്ഥയാകെ നശിച്ചാലെന്ത്?
കേരളത്തിലെ ഓരോ ഹോട്ടലും അവരുടെ കവാടത്തിനു മുന്നില്‍ ‘പൊറോട്ട ഈ സ്ഥാപനത്തിന്റെ ഐശ്വര്യം’ എന്ന ബോര്‍ഡു വെക്കേണ്ട കാലം
അതിക്രമിച്ചിരിക്കുന്നു

17 thoughts on “പൊറോട്ടയുടെ ജാതി വിരുദ്ധ പോരാട്ടങ്ങള്‍

  1. സന്തോഷ്‌ എച്ചിക്കാനത്തിന്റെ പന്തിഭോജനം എന്ന കഥ ഓര്‍മ്മവരുന്നു. ജാതി ഏറ്റവും കുടുതല്‍ പ്രതിഫലിക്കുന്ന പലയിടങ്ങളില്‍ ഒന്നാണ് തീന്‍ മേശയും.

Leave a Reply

Your email address will not be published. Required fields are marked *