സാരിത്തുമ്പിനപ്പുറം, അമ്മ!

 
 
 
 
അമ്മ എന്ന അനുഭവം, ഓര്‍മ്മ.
കോശി മലയില്‍ എഴുതുന്നു

 
 

അനുജത്തിയുണ്ടായപ്പോള്‍ എന്നില്‍ അസൂയ എന്ന പാപത്തിന്റെ വിത്ത് ആദ്യമായി പൊട്ടി മുളച്ചു.. അമ്മക്ക് അവളോടാണ് ഇപ്പോള്‍ സ്നേഹം. തറയില്‍ ഇരുന്നു ബ്ലൌസു പൊക്കി സാരിത്തുമ്പ് മറച്ചിട്ടു മുല കൊടുക്കും. ഞാന്‍ കൂടെ സാരിക്കിടയില്‍ തല ഒളിപ്പിക്കാന്‍ ശ്രമിക്കും. അമ്മ എന്നെ തട്ടി മാറ്റും. നീ ഇതൊന്നും കാണേണ്ട എന്ന ഭാവത്തില്‍. മാറിയിരുന്നു കരയുന്ന എന്നെ വന്നു വാരിപ്പുണരും. ഇപ്പോള്‍ സാരിത്തുമ്പ് വീണ്ടും എനിക്ക് സ്വന്തം. അനിയത്തി തുപ്പിയ പുതു മുലപ്പാലിന്റെ ഗന്ധമാണ് ഇപ്പോള്‍ ആ സാരിത്തുമ്പില്‍. ചിലപ്പോള്‍ തികട്ടി വന്ന പാലിന്റെ ദുര്‍ഗന്ധവും- അമ്മ എന്ന അനുഭവം, ഓര്‍മ്മ. കാനഡയില്‍നിന്ന് കോശി മലയില്‍ എഴുതുന്നു

 

 

അമ്മയെ ആലോചിച്ചു കിടന്നു. ഒരായിരം ഓര്‍മ്മകള്‍ക്കി ടയിലൂടെ ഒരു സാരിത്തുമ്പ് കടന്നു വന്നു മനസ്സിനെ കുളിര്‍പ്പിച്ചു.
കുട്ടി ട്രൌസര്‍ ഓര്‍മ്മകളില്‍ ഈ സാരിത്തുമ്പ് മിന്നുന്നതെന്താണ്? നൂലിഴകള്‍ എന്നെ ചുറ്റിപ്പുണരുന്നതെന്താണ്? നെഞ്ചോട് ചേര്‍ക്കാനും മുഖമമര്‍ത്താനും വെമ്പുന്നതെന്തിനാണ്?

അമ്മയുടെ സാരി. ഇടതു തോളിലൂടെ പിന്നോട്ട് ഞാന്നു കിടക്കുന്ന തുമ്പ്.
സാരിയല്ലാതെ ഒന്നും അമ്മ ഉടുത്തതായി കണ്ടിട്ടില്ല. ഈ അഞ്ചര മീറ്റര്‍ തുണി അരയില്‍ കെട്ടിയ പാവാടയിലാണ് പിടിച്ചു തൂങ്ങി നില്‍ക്കുന്നത്. അടിപ്പാവാട. പീത്ത എന്ന തുണിച്ചരടാണ് പാവാടയെ സ്ഥാനത്ത് നിര്‍ത്തുന്നത്. ചിലപ്പോള്‍ അത് ഇടങ്കെട്ടെടുക്കും. അകത്ത് കയറി ഒളിക്കും. ഈ വലിയ തുണിയുടെ ഭാരം താങ്ങാന്‍ എനിക്ക് വയ്യ എന്ന പിണക്കം. അമ്മക്ക് ദേഷ്യം.

അമ്മ ഒരു സേഫ്റ്റി പിന്നുകൊണ്ട് ആ പീത്ത രാജാവിന്റെ തലയ്ക്കു കുത്തിപ്പിടിച്ചു പുറത്തേക്കാനയിക്കും.

കോശി മലയില്‍


സാരികള്‍ അധികമില്ല ഏറിയാല്‍ നാലോ അഞ്ചോ. മഴക്കാലത്തുടുക്കാന്‍ രണ്ടോ മൂന്നോ ‘മഴ’ സാരി – ശിഫോണോ മറ്റോ. അത് ഉടലിനോട് പറ്റിക്കിടക്കും. ഉണങ്ങാന്‍ എളുപ്പം. മഴവെള്ളത്തില്‍ പൊക്കിക്കുത്താനും.

‘ഇതെന്റെ കല്യാണ പുടവ’ “നിന്റച്ഛന്റെ വീട്ടീന്നു തന്നതാ”. ചുവപ്പില്‍ സ്വര്‍ണ കസവ് നേര്‍ത്ത് നെയ്ത കാഞ്ചീപുരം സില്‍ക്ക് . കല്യാണങ്ങള്‍ക്ക് മാത്രമേ ഉടുക്കാറുള്ളൂ.

സാരികളുടെ വിശ്രമ സ്ഥാനം ഒരു ഇരുമ്പു പെട്ടിയാണ്. നീല പെയിന്റു ചെയ്തു കുപ്പി വിളക്ക് പുകക്കരി ഓടിച്ച പുറം ചട്ട. സാരിയെ തുരുമ്പ് കളങ്കപ്പെടുത്താതിരിക്കാന്‍ ഉള്ളില്‍ പത്രക്കടലാസ് വിരിച്ചിടും. ഉരുളന്‍ മാര്‍ബികള്‍ പോലുള്ള പാററാ ഗുളികകള്‍ അവക്കിടയിലൂടെ ഓടി നടക്കും. സുഗന്ധം വിതറും. നാഫ്തലിന്റെ മണം. പില്‍ക്കാലത്ത് സാരികളുടെ ഇരിപ്പിടം മാറി. തടി അലമാരയിലേക്ക്. അറുത്ത തടിയുടെയും വാര്‍നിഷിന്റെയും മണമുള്ള അലമാര.

“പാററാ കരണ്ടതാ”-തുളയുള്ള ഒരു സാരി കാണിച്ചു അമ്മ പറഞ്ഞു.
അമ്മേടെ സാരിത്തുമ്പില്‍ തൂങ്ങി നടന്നു ഞാന്‍. “സാരീത്തൂങ്ങി” എന്ന് ചേച്ചി വിളിക്കും. ആരെങ്കിലും പേര് ചോദിച്ചാല്‍ അമ്മേടെ സാരിത്തുമ്പില്‍ പിടിച്ചു മുഖം മറക്കും.

“ഇവന് തന്നെ ഒന്ന് നടന്നാലെന്താ”? “എപ്പോഴും അവടെ സാരീടെ കീഴെ”.
അമ്മൂമ്മക്ക് അരിശം.

ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ അമ്മയുടെ സാരിത്തുമ്പില്‍ മുഖം തുടക്കണം. എല്ലാവരും തോര്‍ത്തു മുണ്ടില്‍ മുഖമമര്‍ത്തും. എനിക്ക് ആ തുണിത്തുമ്പു തന്നെ വേണം.
സാരിത്തുമ്പില്‍ മൂക്കള തുടച്ചു നടന്ന കൊച്ചു ബാലന്‍. ചുവന്ന പൂക്കളുള്ള തുമ്പ്. ‘മാങ്ങാ പിഞ്ച്’ മുദ്രണം ചെയ്തവ. ആ തുമ്പില്‍ തൂങ്ങി നിന്ന തുണി കിങ്ങിണികളുടെ ഓര്‍മ്മ .

സാരി തുമ്പിന്റെ മറു പേര് മുന്താണിയെന്നു പഠിച്ചു. വഴി തെറ്റി അനുസരണയില്ലാതെ ചിതറി നില്ക്കുന്ന നൂലിഴകള്‍ വലിച്ചു രസിച്ചു. അമ്മ വഴക്ക് പറഞ്ഞില്ല. സ്നേഹം ആ സാരി തുമ്പിലൂടെ മേലേക്ക് ഒഴുകിയെത്തി ഹൃദയത്തെ കുളിര്‍പ്പിച്ചിട്ടുണ്ടാവാം. അപ്പോള്‍ ഒരു വാരിപ്പുണരിലൂടെ അത് പുറത്തു വന്നു.

കോലായിലുള്ള കയറു കട്ടിലില്‍ അമ്മയുടെ ഉച്ച മയക്കം. താഴേക്ക് തൂങ്ങി കിടക്കുന്ന സാരിത്തുമ്പില്‍ കാലിട്ടടിക്കുന്നത് കാശി പൂച്ചക്ക് ഹരമാണ്. ഞാന്‍ അതിനെ ഓടിക്കും. ആ നൂലിഴ കൂട്ടം എനിക്ക് മാത്രമുളളതാണെന്നുള്ള ഭാവേന. നീ അതില്‍ അവകാശം സ്ഥാപിക്കേണ്ട ചക്കി പൂച്ചേ!.

 
 

 
 

ചില നേരം അമ്മ സാരിത്തുമ്പ് മുകളിലേക്ക് കയറ്റി തിരുകി വെക്കും. തറയില്‍ കുരണ്ടിയിട്ടു കറിക്കരിയുമ്പോള്‍, കിണര്‍ വെള്ളം കുടത്തില്‍ ഒക്കത്ത് പൊക്കി നടക്കുമ്പോള്‍. മുറ്റമടിക്കുമ്പോള്‍. പണി കഴിയുന്ന വരെ ഞാന്‍ അക്ഷമനായി നില്ക്കും . ആ സ്നേഹത്തുമ്പ് വീണ്ടും കൈക്കലാക്കാന്‍.
ഇളം വെയിലത്ത് ക്ഷേത്രത്തിലേക്ക് നടന്നു പോകുമ്പോള്‍ അമ്മയുടെ കൈപിടിക്കാനേ കഴിയു. തുണി തുമ്പു കിട്ടില്ല. അത് തലയ്ക്കു മുകളില്‍. ചാറ്റ മഴയില്‍ അതെന്റെ ശിരസ്സില്‍ ചിറകായി. കിളി കുഞ്ഞിനു പനി പിടിച്ചു കൂടാ.

മാമ്പ്ര കണ്ടത്തിനക്കരെയാണ് പണിക്ക് വരുന്ന കുമാരന്റെ വീട്. കുമാരന്റെ മകള്‍ മരിച്ച ദിവസം അമ്മയോടൊപ്പം പോയി. പാമ്പ് കടിച്ചതാണത്രെ. തെക്കേ മൂലയ്ക്ക് എരിയുന്ന വിറകു കൂനയോര്‍ക്കുന്നു. അന്നു മുഴുവന്‍ എനിക്ക് സാരിത്തുമ്പില്‍ പിടിക്കാനായില്ല. ഇടത്തെ കക്ഷത്തിനടിയിലൂടെ ചുറ്റി മുമ്പോട്ടെടുത്ത ആ തുമ്പു നനഞ്ഞു കുളിച്ചു. നൂല്‍ വരമ്പിലൂടെ തിരികെ നടക്കുമ്പോള്‍ ഞാന്‍ അത് രുചിച്ചു. ഉപ്പു രസം.
“എന്തൊരു വെയില്” , “മഴക്കുള്ള ലക്ഷണം” ^മുറ്റത്ത് ഉണങ്ങാനിട്ട തോട്ടു പുളി തിരിച്ചു വച്ച് കൊണ്ടിരുന്നു അമ്മ പറയും. സാരിത്തുമ്പ് ഇപ്പോള്‍ തലയിലാണ്. അത് വിട്ടു കിട്ടാന്‍ ഞാന്‍ പറയും
“അമ്മക്ക് തോന്നുന്നതാ” “അത്രക്ക് വല്യ വെയിലൊന്നുമില്ല”.
“നീ അങ്ങനെയൊക്കെ പറയും” “നിന്നെ എനിക്കറിയരുതോ കൊച്ചു കള്ളാ” സാരി അഗ്രം വലിച്ചു എന്റെ തലയിലേക്കിടും”. പുണരും. സാരിക്കിടയിലൂടെ ഊര്‍ന്നിറങ്ങുന്ന വെയിലും വെളിച്ചവും എന്റെ മുഖത്തിന്റെ ശോഭ കൂട്ടും.

അടുത്ത വീട്ടില്‍ ഒരു ചിത്തിര ചേച്ചിയുണ്ടായിരുന്നു. പണക്കാരന്‍ ദേവന്‍ ചേട്ടന്റെ മകള്‍. എം. എ ക്ക് പഠിക്കുകയാണ്. ചേച്ചിയുടെ സാരി പടര്‍ന്നു പന്തലിച്ചു നില്ക്കും. കഞ്ഞിപ്പശയിട്ടു തേച്ചു മിനുക്കിയ അതില്‍ ഒരു പ്രാവശ്യം തൊട്ടു നോക്കി.. കട്ടി കടലാസു പോലെ. “കോട്ടാ സാരിയെ അവള്‍ ഉടുക്കയുളളു”, അമ്മ അമ്മൂമ്മയോടു പറയുന്നത് കേട്ടു
ഒരു ദിവസം അമ്മൂമ്മ പറഞ്ഞു.
“തെക്കേലെ രാജനുണ്ടല്ലോ, ഒരു ഒണക്ക കമ്പേല്‍ സാരിചുറ്റിയാലും അതിന്റെ പിറകെ പോകും. എഭ്യന്‍”.
“അതു പിന്നെ എനിക്കറിയരുതോ. ഉണക്കാനിട്ട ഒരു സാരിയായാലും മതി. അതിനരികില്‍ ചുറ്റിപ്പറ്റി നില്ക്കും”^ അമ്മ കൂട്ടിചേര്‍ത്തു .

രാജന്‍ ചേട്ടന്റെ ഈ സാരിപ്രേമത്തെക്കുറിച്ചു എന്റെ ഇളം മനസ്സിന് ഒന്നും മനസ്സിലായില്ല.

മുറ്റത്ത് ചുട്ടുപഴുത്ത മണലില്‍ അമ്മ സാരി ഉണങ്ങാനിടും. ഉരുളന്‍ കല്ലുകള്‍ അതില്‍ മുഴകള്‍ സൃഷ്ട്ടിക്കും. ഉണങ്ങിയ സാരിയില്‍ അള്ളിപ്പിടിച്ചു കിടക്കുന്ന കല്ലുകളെ പെറുക്കി മാറ്റുക എന്റെ ജോലിയാണ്. കല്ലു മാററിക്കഴിഞ്ഞാല്‍ അമ്മ ഒരറ്റം പിടിക്കും, ഞാന്‍ മറ്റേ അറ്റവും. കോണോടുകോണ്‍ വലിക്കും. കഞ്ഞിപ്പശ എകിയ കാഠിന്യത്തില്‍ നിന്നും തുണിയെ വിമുക്തമാക്കുന്ന ചടങ്ങ്. അത് കഴിഞ്ഞാല്‍ മടക്കി ഇരുമ്പു പെട്ടിയിലേക്ക്. ചിലപ്പോള്‍ ഇസ്തിരിയിടും. ചിരട്ടക്കരി കൊണ്ടുള്ള ഇസ്തിരിട്ടി. ചൂടുപെട്ടി തുണിയെ ചുംബിക്കുമ്പോള്‍ കഞ്ഞിപ്പശയുടെ ഗന്ധം.

വെളുപ്പിന് വാതിലില്‍ ഒരു മുട്ടു കേട്ടു. എന്ത് പറ്റി ജാനകി-കതകു തുറന്നു കൊണ്ട് അമ്മ ചോദിച്ചു.

“അമ്മ മരിച്ചു വെളുപ്പിനെ. ഒരു വെള്ള സാരിയുണ്ടോ തരാന്‍-തലയിണക്കീഴില്‍ സൂക്ഷിച്ചു വെച്ചിരുന്ന പ്രിയപ്പെട്ട വെള്ള സാരിയെടുത്തു കൊടുത്തു. ദാനധര്‍മ്മത്തിന്റെ ആദ്യ പാഠങ്ങള്‍ അതായിരിക്കാം.

 
 

Painting: Prem Singh


 
 

ഭിക്ഷക്ക് വന്ന കാക്കാത്തിക്ക് അമ്മ ഒരു സാരി പാതി കൊടുത്തു. പിന്നെ വന്നപ്പോള്‍ കഴുത്തില്‍ മുന്നോട്ടു തൂക്കിയ ഒരു മാറാപ്പ്. അമ്മ കൊടുത്ത സാരി കീറി ഉണ്ടാക്കിയത്. ഇരു വശത്തും ഓരോ കുഞ്ഞിക്കാല് നീണ്ടു നിന്നു. അരി കെട്ടി വീര്‍ത്ത സാരിത്തുമ്പില്‍ ഞാന്ന് മറ്റൊരു കുട്ടിയും.
“ഇന്ന് ക്രിസ്ത്യാനികളുടെ ദുഃഖ വെള്ളിയാഴ്ചയാ അതാ എല്ലാര്‍ക്കും കറുപ്പ്” ^കറുപ്പ് കലര്‍ന്ന സാരിയുടുത്ത് തുമ്പു കൊണ്ട് തലമറച്ചു പള്ളിയില്‍ പോകുന്ന ചേച്ചിമാരെ നോക്കി അമ്മ പറയും “ഈസ്റ്ററാകുമ്പം വെള്ള സാരി”.

“കൊയറു പാടാന്‍ പോവാരിക്കും അല്ലെ?”-വെള്ള ബ്ലൌസും വെളളയില്‍ ഇളം മഞ്ഞ പൂക്കള്‍ തയ്ച്ച സാരിയുമുടുത്ത് ചര്‍ച്ചില്‍ പോകുന്ന ആലീസ് ചേച്ചിയെ കാണുമ്പോള്‍ അമ്മ ചോദിക്കും.

സാഹിദ ബീവി ചേച്ചിയുടെ സാരിത്തുമ്പ് തലയില്‍ നിന്ന് മാറി കണ്ടിട്ടേയില്ല. കുഞ്ഞു മകള്‍ ആയിഷക്ക് സാരിത്തുമ്പ് ഒരു സ്വപ്നം മാത്രം,
മുററത്തു പനമ്പില് നെല്ലുണക്കാനിട്ടാല്‍ പേര കമ്പില്‍ കെട്ടിയ ഒരു കറുത്ത സാരിത്തുമ്പ് നാട്ടും. കാക്കയെ ഭയപ്പെടുത്താന്‍. കറുത്ത തുണി കാക്കകള്‍ക്ക് ഭയമാണെന്നു കുട്ടി പഠിച്ചു.

മതിലുകെട്ടാന്‍ കൊണ്ടിട്ട പാറയില്‍ തലയടിച്ചു നെറ്റി മുറിഞ്ഞപ്പോള്‍ കമ്യൂണിസ്റ്റ് പച്ചയില കൈയിലിട്ടു തിരുമ്മി മുറിവില്‍ വെച്ച് പഴയ സാരിത്തുമ്പു കീറി കെട്ടി-“അഴിച്ചു കളയരുത് കേട്ടോ. പൊടി കേറിയാ സെപ്ററിക് ആകും”.

“എന്താ അവിടെ ആളു കൂടി നിക്കുന്നെ?”
“ബാലന്റെ മോള്‍ സുധര്‍മ്മ തൂങ്ങി ചത്തു. സാരീലാ കെട്ടിത്തൂങ്ങിയെ”.
അമ്മേടെ സാരിപിടിച്ചു പോയി കണ്ടു. ജനാലയിലൂടെ. കഴുക്കോലില്‍ കെട്ടിയ നീല സാരിയില്‍ തൂങ്ങി നില്‍ക്കു ന്ന ശവം. ഉറങ്ങാന്‍ കഴിഞ്ഞില്ല കുറെ ദിവസം.

ഓണക്കാലത്ത് മുറ്റത്തെ പേരക്കൊമ്പില്‍ ഊഞ്ഞാലിടും. ആശ്രിതന്‍ കുഞ്ഞനാണ് ആ ജോലി. കുഞ്ഞന്‍ ഓണത്തിന് മകളുടെ വീട്ടില്‍ പോയി. മലബാറില്‍. അപ്പോള്‍ അമ്മയ്ക്കായി ഊഴം. തിണ്ണയിലെ ബഞ്ചില്‍ കയറി നിന്ന് കഴുക്കോലില്‍ രണ്ടു സാരികള്‍ കെട്ടി. നെല്ല് കുത്തുന്ന ഉലക്കയെടുത്തു സാരികള്‍ തമ്മില്‍ ബന്ധിച്ചു. ഊഞ്ഞാല്‍ റെഡി.

അനുജത്തിയുണ്ടായപ്പോള്‍ എന്നില്‍ അസൂയ എന്ന പാപത്തിന്റെ വിത്ത് ആദ്യമായി പൊട്ടി മുളച്ചു.. അമ്മക്ക് അവളോടാണ് ഇപ്പോള്‍ സ്നേഹം. തറയില്‍ ഇരുന്നു ബ്ലൌസു പൊക്കി സാരിത്തുമ്പ് മറച്ചിട്ടു മുല കൊടുക്കും. ഞാന്‍ കൂടെ സാരിക്കിടയില്‍ തല ഒളിപ്പിക്കാന്‍ ശ്രമിക്കും. അമ്മ എന്നെ തട്ടി മാറ്റും. നീ ഇതൊന്നും കാണേണ്ട എന്ന ഭാവത്തില്‍. മാറിയിരുന്നു കരയുന്ന എന്നെ വന്നു വാരിപ്പുണരും. ഇപ്പോള്‍ സാരിത്തുമ്പ് വീണ്ടും എനിക്ക് സ്വന്തം. അനിയത്തി തുപ്പിയ പുതു മുലപ്പാലിന്റെ ഗന്ധമാണ് ഇപ്പോള്‍ ആ സാരിത്തുമ്പില്‍. ചിലപ്പോള്‍ തികട്ടി വന്ന പാലിന്റെ ദുര്‍ഗന്ധവും.

സാരിത്തുമ്പിന്റെ മണങ്ങള്‍ മാറി മാറി വരും ചിലപ്പോള്‍ വിയര്‍പ്പിന്റെ ഗന്ധം. തേങ്ങാപ്പാലിന്റെ, മുളകുപൊടിയുടെ, മഞ്ഞളിന്റെ ചിലപ്പോള്‍ തുണി കരിഞ്ഞ മണം. പക്ഷേ അതൊക്കെ എനിക്ക് സുഗന്ധമായി.

അവള്‍ക്കു അമ്മയൊരു തൊട്ടില്‍ കെട്ടി. കട്ടിയുള്ള ഒരു പഴയ സാരി കൊണ്ട്. തൊട്ടിലുറങ്ങുന്ന അവളെ ഞാന്‍ പോയി ഒളിഞ്ഞു നോക്കും. ചിലപ്പോള്‍ ഒരു നുള്ള് കൊടുക്കും. എനിക്കവകാശപ്പെട്ട ഈ സാരിയില്‍ നീ കേറി കിടക്കുന്നതെന്തിനാണ് കുട്ടീ?

കിണറ്റു കരയിലെ പായലില്‍ തെറ്റി വീണു ചേച്ചീടെ കൈ ഒടിഞ്ഞപ്പോള്‍ പഴയ സാരി വലിച്ചു കീറി തുമ്പെടുത്ത് ‘സ്ലിങ്ങ്’ കെട്ടി അമ്മ.
കുളിമുറിയില്‍ സാരി മുറിച്ചു ചെറു തുണ്ടുകളാക്കി വച്ചിരിക്കുന്നത് കണ്ടു. “നീ അതൊന്നും അറിയണ്ട” ^അത് എന്തിനാണെന്ന് ചോദിച്ചതിന്റെ മറുപടി. കുട്ടി മനസ്സില്‍ ഒരു സംശയം കൂടി ബാക്കി.

 
 

Painting: Prem Singh


 
 

പാടത്തിനടുത്തുള്ള ഇക്കിളി തോട്ടില്‍ നിന്നും മീന്‍ കോരാന്‍ ഒരു പഴയ സാരി കടം തരും. കൂട്ടുകാരന്‍ ഭാസ്കരന്‍ ഒരറ്റം പിടിക്കും. തുണി താഴ്ന്നു കിടക്കാന്‍ ഒരുളന്‍ കല്ലുകള്‍ വെക്കും. വഴിതെറ്റി വന്നു തുണിയില്‍ കയറുന്ന പൊടി മീനുകളെ വല പൊക്കി കുപ്പിയില്‍ കരുതി വെച്ച വെള്ളത്തിലിടും. മല്‍സ്യ ബന്ധനം കഴിഞ്ഞു സാരി വീട്ടില്‍ കൊണ്ട് വന്നാല്‍ അമ്മക്ക് പണിയായി. പായലും മണലും കുത്തിക്കയറിയ നൂലിഴകള്‍ കഴുകി വൃത്തിയാക്കാന്‍.

അയലത്തെ ചേച്ചിക്ക് സാരികളെക്കുറിച്ചു എപ്പോഴും പരാതിയാണ്.
“ചേട്ടന്‍ ഇതു വരെ എനിക്കിഷ്ടപ്പെട്ട ഒരു സാരി വാങ്ങിയിട്ടില്ല”

കസേരകള്‍ അടുപ്പിച്ചിട്ടു സാരി മുകളില്‍ വിരിച്ചു ഞാനും അനിയത്തിയും കളി വീടുണ്ടാക്കി. മുറ്റത്തെ ബദാം മരത്തണലില്‍. നല്ല സാരി അമ്മ തരില്ല. കീറിയതും പാറ്റാ തിന്നതും. സാരി സുഷിരങ്ങളിലൂടെ ഊര്‍ന്നിറങ്ങുന്ന വെയില്‍ ദേഹത്ത് വീണാല്‍ അതിനെ ചൊറിയായി ഉപമിക്കലായി കൂടുതല്‍ ചൊറികള്‍ക്കായി ഞങ്ങള്‍ മത്സരിച്ചു. ബദാം ഇലയുടെ ആട്ടത്തിനനുസരിച്ചു ‘ചൊറികള്‍ മേനിയിലൂടെ ഓടി നടന്നു.

കൂട്ടുബാലസംഘം ഒളിച്ചു കളിക്കുമ്പോള്‍ അമ്മയുടെ സാരിയാണ് എനിക്കഭയം.
“അമ്മേ അവനെ കണ്ടോ”? അയലത്തെ കളികൂട്ടുകാരി ചോദിക്കും. “ദാ ആ മാവിന്റെ പിറകില്‍”

അവള്‍ അങ്ങോട്ടു പോകും. അതു കേട്ട് ഞാന്‍ അമ്മയുടെ സാരിത്തുമ്പിനു കീഴെ ഇരുന്നു ചിരിക്കും. അവള്‍ കേള്‍ക്കാ തിരിക്കാന്‍ വായ പൊത്തും. ചിലപ്പോള്‍ ഉണക്കാന്‍ ഇട്ടിരിക്കുന്ന സാരിക്ക് പിറകില്‍ ഒളിഞ്ഞു നില്‍ക്കും. നനഞ്ഞ തുണി മൂക്കില്‍ തൊടുമ്പോള്‍ ബാര്‍ സോപ്പിന്റെയും കഞ്ഞിപ്പശയുടെയും ഗന്ധം. കാലു മറയ്ക്കാന്‍ തുണി താഴേക്കു വലിച്ചാല്‍ സാരി അയയില്‍ നിന്നുതിര്‍ന്നു വീഴും. അതോടെ എന്റെ ഒളിച്ചിരിപ്പിനറുതി.

കാലം അതിന്റെ നീണ്ട ഏടുകള്‍ നനച്ചു ഉണക്കി മടക്കി വച്ചു. സാരികളുടെ നിറവും തരവും ഭാവവും മാറി. പുണ്യമായ ആ മുന്താണി തുമ്പിന്റെയും. ഞാന്‍ രണ്ടു ഓമന കുട്ടികളുടെ അച്ഛനും സാരിയുടുക്കുന്ന ഒരമ്മയുടെ ഭര്‍ത്താവുമായി.

അലമാരയില്‍ നിന്നും തപ്പിയെടുത്തു അമ്മയുടെ ആ ചുവന്ന കല്യാണ പുടവ. മരിക്കും മുമ്പേ അവള്‍ക്കു കൊടുത്തത്. ചുവപ്പില്‍ സുവര്‍ണ്ണ കസവ് പ്രകാശിക്കുന്നു. പാറ്റാ ഗുളികയുടെ മണം മൂക്കില്‍ തുളച്ചു കയറിയില്ല. പകരം അമ്മയുടെ ഊഷ്മള സാമീപ്യം.
സാരിത്തുമ്പ് മുഖത്തോട് ചേര്‍ത്തു വച്ച് നിന്നു വിങ്ങി. അപ്പോള്‍ ചുവപ്പില്‍ ഒരിറ്റു കണ്ണീര്‍ ചായം തേച്ച് അവ്യക്ത ചിത്രങ്ങളെഴുതി.

“എന്താ ഒരുറക്കം, ഒന്നെഴുന്നെറ്റെ മാഷെ”-മുഖത്ത് ഒരു സാരിത്തുമ്പ് വീണപ്പോഴാണ് ഞെട്ടിയുണര്‍ന്നത്.

ആ പഴയ സാരിത്തുമ്പ് പുതിയ ഒന്നിനു വഴിമാറിക്കൊടുത്തു.

8 thoughts on “സാരിത്തുമ്പിനപ്പുറം, അമ്മ!

  1. നല്ല എഴുത്ത്. ശരിക്കും പത്തു മിനിറ്റ് എവിടെ എന്ന് സംശയം തോന്നിപ്പോയി…

  2. മിക്കവാറും ആണ്‍കുട്ടികള്‍ അമ്മയെ ഇങ്ങനെ മനസ്സില്‍ ആലോചിക്കുന്നുണ്ടാവും…… അമ്മ ആണ്‍കുട്ടികളെ എന്നും താലോലിക്കും . അതെ സമയം പെണ്‍കുട്ടികളെ താലോലിക്കാതെ ഒരു കുടുംബം വളര്‍ത്താന്‍ പ്രാപ്തയാക്കും. ഈ ശീലം മാത്രം ഇപ്പോഴും മാറിയിട്ടില്ല. ആണ്‍കുട്ടികള്‍ ഭാര്യയെക്കലേറെ അമ്മയെ miss ചെയ്യുന്നു …..

  3. ഇത് വായിച്ചപ്പോള്‍ ഒരഭിപ്രായം എഴുതാതിരിക്കാന്‍ കഴിഞ്ഞില്ല. വളരെ നല്ല എഴുത്ത്.

  4. അതിമനോഹരമായ എഴുത്ത് … ഓര്‍മകളില്‍ ഊടേ ഒന്ന് ഊളിയിട്ടു.. ഉണങ്ങാനിട്ട കഞ്ഞിയിട്ട സാരിയും, കളിവീടും.. അങ്ങനെ അങ്ങനെ എന്തൊക്കെയോ.. അനുവഭിപ്പിച്ചു ഈ വായന.. കൂടെ എന്നിലെ അമ്മയെ എന്റെ മകന്‍ എങ്ങനെ കാണുന്നു എന്നാ ഒരു ആശയവും മനസ്സില്‍.. നന്ദി..

Leave a Reply

Your email address will not be published. Required fields are marked *