കവിത ഭൂമിയുടെ നിലവിളി ആവുമ്പോള്‍

 
 
 
 
റഫീഖ് അഹമ്മദിന്റെ ‘സന്ദര്‍ശകര്‍’, ഗഫൂര്‍ കരിവണ്ണൂരിന്റെ ‘ജെ.സി.ബി’, ആര്‍ വേണുഗോപാലിന്റെ ‘രണ്ട് കുഞ്ഞുങ്ങള്‍’ എന്നീ കവിതകളുടെ പാരിസ്ഥിതിക വായന. ഡോ.എന്‍.വി.മുഹമ്മദ് റാഫി എഴുതുന്നു

 
 

പ്രകൃതിയും മനുഷ്യനും തമ്മിലുണ്ടാവേണ്ടത് സര്‍ഗാത്മകതയുടെ പാരസ്പര്യമാണെന്ന തിരിച്ചറിവാണ് പ്രകൃതി സൌന്ദര്യശാസ്ത്രത്തിന്റെ കാതല്‍. ജൈവവൈവിധ്യങ്ങളുടെ നാശം ഈ പാരസ്പര്യത്തെ കാര്യമായി ബാധിക്കുന്നുണ്ട്. ഉപഭോഗവസ്തു പ്രപഞ്ചമാക്കി മാറ്റപ്പെട്ട പ്രകൃതി (commodified Nature) എന്ന നിലയിലാണ് സാഹിത്യരൂപങ്ങളിലാകെ ഇതിന്റെ രേഖപ്പെടല്‍ അടുത്തകാലം വരെ സംഭവിച്ചിരിക്കുന്നത്. ജീവിതനാടകത്തിലെ അവഗണിക്കാനാവാത്ത കഥാപാത്രമായിത്തന്നെ പ്രകൃതി പുതിയ സര്‍ഗാത്മക കൃതികളില്‍ അടയാളപ്പെടുന്നുണ്ട് -റഫീഖ് അഹമ്മദിന്റെ ‘സന്ദര്‍ശകര്‍’, ഗഫൂര്‍ കരിവണ്ണൂരിന്റെ ‘ജെ.സി.ബി’, ആര്‍ വേണുഗോപാലിന്റെ ‘രണ്ട് കുഞ്ഞുങ്ങള്‍’ എന്നീ കവിതകള്‍ക്കിടയിലെ പാരിസ്ഥിതിക വഴികള്‍ വായിച്ചെടുക്കുന്നു. .എന്‍.വി.മുഹമ്മദ് റാഫി എഴുതുന്നു

 

 

പുതുകവിതകളുടെ പാരിസ്ഥിതികാവബോധം നിര്‍ദ്ധാരണം ചെയ്യാവുന്ന വിധത്തില്‍ പരിസ്ഥിതി സൌന്ദര്യശാസ്ത്രം വളര്‍ച്ചയിലേക്കെത്തുന്നത് അതിന്റെ ജൈവകേന്ദ്രിതഗഹനപാരിസ്ഥിതിക ചിന്തകളുടെ ഘട്ടത്തിലാണ്. മനുഷ്യനെ അഹംബോധത്തിന്റെ വ്യാജലോകത്തുനിന്ന് മുക്തനാക്കി പ്രകൃതിയുമായുള്ള ജൈവബന്ധം സര്‍വ്വാശ്ലേഷമാണെന്ന ബോധം വളര്‍ത്തുന്ന സാഹിത്യം സൃഷ്ടിക്കണമെന്നാണ് പരിസ്ഥിതിസൌന്ദര്യശാസ്ത്ര വക്താക്കളുടെയെല്ലാം അഭിപ്രായം. മരവും പക്ഷിയും പറവകളും പൂക്കളും തവളകളും ചെറുപ്രാണികളും മനുഷ്യനുമൊക്കെ തമ്മിലുള്ള ബന്ധങ്ങള്‍ മനുഷ്യന്റെ ഇടപെടല്‍ മൂലം തകരാറിലായപ്പോഴാണ് ലോകത്താകമാനം പ്രതിചിന്തകള്‍ ഇക്കാര്യത്തില്‍ രൂപം കൊള്ളുന്നത്.

പച്ചയുടെ സൌന്ദര്യശാസ്ത്രം
പരിസ്ഥിതിസൌന്ദര്യശാസ്ത്രത്തിന്റെ ആരംഭം മനുഷ്യന്‍ തന്നെയായിരുന്നു. ഇതിന്റെ കര്‍തൃത്വം മനുഷ്യനായതുകൊണ്ടുമാത്രമായിരുന്നില്ല ഇങ്ങനെ സംഭവിച്ചത്. ഇതര ജീവികള്‍ക്കും പ്രകൃതിക്കുമേല്‍ക്കുന്ന പരിക്ക് സര്‍വ്വനാശത്തിലേക്കെത്തുമെന്ന തിരിച്ചറിവും, അവിടെയും നഷ്ടം സുഖിയനായ മനുഷ്യനു മാത്രമാണെന്നുമായിരുന്നു ഈ ആലോചന പോയത്. എന്നാല്‍ കോടിക്കണക്കായ സൂക്ഷ്മജീവികളുടെയും നിരായുധരായ അനേകം ചെറുപ്രാണികളടക്കമുള്ളവയുടെയും സുഖകരമായ വാസം സാധ്യമാവുക എന്നത് അവയുടെ തന്നെ ഭൂമിയിലുള്ള അസ്തിത്വം ഉറപ്പിക്കുന്നതിനാവശ്യമാണെന്നും, മനുഷ്യനുള്ളതിനോളമോ, അതിനെക്കാളുമോ അവകാശം ഭൂമിയുടെ മേല്‍ അവയ്ക്കുണ്ടെന്നും ഉറപ്പിക്കുകയാണ് ജൈവകേന്ദ്രിത പരിസ്ഥിതി വാദം ചെയ്തത്.

മനുഷ്യന്‍ എന്ന കേന്ദ്രബിന്ദു തിരിച്ചിടപ്പെടുകയും ജൈവവൈവിധ്യങ്ങളുടെ പ്രകൃതി കേന്ദസ്ഥാനത്തേക്ക് കയറിവരേണ്ടതിന്റെ ആവശ്യകത ഈ ചിന്തകള്‍ പ്രക്ഷേപിക്കുകയും ചെയ്തു. ഒരു സാമൂഹികശാസ്ത്രം എന്ന നിലയില്‍നിന്ന് സൌന്ദര്യാവബോധത്തിന്റെ തലങ്ങളിലേക്ക് പാരിസ്ഥിതിക സൌന്ദര്യശാസ്രം പ്രവേശിക്കുന്നത് അതൊരു സാംസ്കാരിക പ്രമേയമായി വികസിച്ചതോടു കൂടിയാണ്. പ്രകൃതിയും മനുഷ്യന്റെ ആന്തരികപ്രകൃതിയും തമ്മിലുള്ള ജൈവികബന്ധങ്ങളെ പ്രത്യക്ഷമായോ പരോക്ഷമായോ ആവിഷ്കരിക്കുന്ന കലയെയും സാഹിത്യത്തെയും പരിസ്ഥിതിസൌന്ദര്യശാസ്ത്രത്തിന്റെ ഭൂമികയില്‍നിന്നുകൊണ്ട് ആസ്വദിക്കാനും വിമര്‍ശിക്കാനും വിശകലനം ചെയ്യാനും സാധിക്കും.

ജൈവകേന്ദ്രിത പാരിസ്ഥിതിക ചിന്തകള്‍
“മനുഷ്യകേന്ദ്രിതമായല്ലാതെ പ്രകൃതിയും ആന്തരപ്രകൃതിയും സ്വാഭാവികമായി ബന്ധപ്പെടുന്ന ഉള്ളുരകളും സഹജാവബോധത്തിന്റെയും ആന്തരസംഗീതത്തിന്റെയും ഘടനാവൈവിധ്യത്തിന്റെയും ആവിഷ്കാരങ്ങളും പ്രപഞ്ചത്തിന്റെ ഏകത്വത്തിലും പ്രതിഭാസങ്ങളുടെ പാരസ്പര്യത്തിലും ഉള്ള വിശ്വാസവും പരിസ്ഥിതി ലാവണ്യശാസ്ത്രത്തിന്റെ പ്രകൃതിയാണ്.” (ഡി വിനയചന്ദ്രന്‍ 2002)

ഡോ.എന്‍.വി.മുഹമ്മദ് റാഫി


അരികുവല്‍ക്കരിക്കപ്പെടുന്ന സമസ്തമൂല്യങ്ങളും വ്യക്തികളും പാരിസ്ഥിതികമായ ചര്‍ച്ചകളിലും ചിന്തകളിലും ആനയിക്കപ്പെടേണ്ടതുണ്ട്. ഉത്തരാധുനികതയിലെ പ്രതിരോധ ചിന്തകളായ പരിസ്ഥിതി സ്ത്രീദളിത് വാദ സമീപനങ്ങളെല്ലാം പരിസ്ഥിതിസൌന്ദര്യശാസ്ത്രത്തിന്റെ മേഖല വിപുലപ്പെടുത്തുന്നു. ആഗോളവല്‍ക്കരണവും തുറന്ന കമ്പോളവ്യവസ്ഥയുമെല്ലാം ചേര്‍ന്ന് ചുരുക്കികൊണ്ടിരിക്കുന്ന ലോകത്തിന്റെ പശ്ചാത്തലത്തില്‍ ‘തനത്’ എന്ന സാംസ്കാരികാവബോധത്തിന്റെ വീണ്ടെടുപ്പുകൂടിയാണ് പരിസ്ഥിതി ചിന്ത.

പച്ചയുടെ സൌന്ദര്യശാസ്ത്രം ഭൂമിയെ രക്ഷിക്കാനുള്ള പ്രണവമന്ത്രമല്ല. ആത്മജ്ഞാനത്തിന്റെയും ആത്മധ്യാനത്തിന്റെയും ആത്മപരിശോധനയുടെയും ഒരു നിരന്തര പ്രക്രിയയാണത്. ഒരാളുടെ ജീവിതം തന്നെ സൈന്ദര്യാത്മകമായ നിലനില്‍പായി മാറുന്ന മഹത്തായ ഒരു പ്രക്രിയ. (എന്‍. എം പിയേഴ്സണ്‍2003)

പ്രകൃതിയും മനുഷ്യനും തമ്മിലുണ്ടാവേണ്ടത് സര്‍ഗാത്മകതയുടെ പാരസ്പര്യമാണെന്ന തിരിച്ചറിവാണ് പ്രകൃതി സൌന്ദര്യശാസ്ത്രത്തിന്റെ കാതല്‍. ജൈവവൈവിധ്യങ്ങളുടെ നാശം ഈ പാരസ്പര്യത്തെ കാര്യമായി ബാധിക്കുന്നുണ്ട്. ഉപഭോഗവസ്തു പ്രപഞ്ചമാക്കി മാറ്റപ്പെട്ട പ്രകൃതി (commodified Nature) എന്ന നിലയിലാണ് സാഹിത്യരൂപങ്ങളിലാകെ ഇതിന്റെ രേഖപ്പെടല്‍ അടുത്തകാലം വരെ സംഭവിച്ചിരിക്കുന്നത്. ജീവിതനാടകത്തിലെ അവഗണിക്കാനാവാത്ത കഥാപാത്രമായിത്തന്നെ പ്രകൃതി പുതിയ സര്‍ഗാത്മക കൃതികളില്‍ അടയാളപ്പെടുന്നുണ്ട്. ജൈവകേന്ദ്രിതമായ പാരിസ്ഥിതിക ചിന്തകളുടെ വെളിച്ചത്തില്‍ മലയാളത്തില്‍ സമീപകാലത്ത് പുറത്തിറങ്ങിയ ചില കവിതകളുടെ പാരായണസാധ്യതകള്‍ അന്വേഷിക്കുന്നതാണ് ഈ കുറിപ്പ്.

 

റഫീഖ് അഹമ്മദ്


 

കാടുമറന്ന ചില സന്ദര്‍ശകര്‍
മനുഷ്യേതര ജീവസ്രോതസ്സുകളും ജീവന്റെ ബഹുലതയും അംഗീകരിക്കാതെയും കണക്കിലെടുക്കാതെയും ജീവവൈവിധ്യത്തിന്റെ സമ്പന്നത നശിപ്പിക്കുന്ന മനുഷ്യകേന്ദ്രിത വാസചിന്തയുടെ നേര്‍ക്കാണ് ‘സന്ദര്‍ശകര്‍’ (റഫീഖ് അഹമ്മദ്) എന്ന കവിതയിലെ സന്ദര്‍ശകര്‍ ഓരപ്പെട്ടെത്തുന്നത്. അടയ്ക്കാന്‍ മറന്നൊരു ജനലിലൂടെ കൂട്ടം കൂട്ടമായി രാപ്രാണികളെത്തുന്നതാണ് കാവ്യവിഷയം.

പച്ചത്തുള്ളന്‍, ഈയാം പാറ്റ, കുമ്പളക്കൊറ്റന്‍
മണ്ണട്ട, കോട്ടെരുമ, മിന്നാമിന്നി, പൊന്നീച്ച
ഇരട്ടവാലന്‍, കുഴിയാന, കരിക്കുന്നന്‍

തുടങ്ങി ഇരമ്പിയാര്‍ത്തെത്തുന്ന ജൈവവൈവിധ്യങ്ങളുടെ സാമീപ്യത്താല്‍ ലോകത്തെ പ്രാചീനമാക്കാന്‍ പോരുന്നതാണ് ഇവയുടെ മനുഷ്യപാരസ്പര്യം. ജൈവവൈവിധ്യം ലോകത്തിന്റെ പ്രാചീനബോധമാണ് എന്ന സൂചന കവി നല്‍കുന്നത് ആധുനികബോധനിര്‍മ്മിതിയില്‍നിന്ന് ഓരപ്പെട്ടുപോയ അനേകം ചെറുപ്രാണികീടങ്ങളുടെ അസ്തിത്വം പുതുകാലം എങ്ങിനെ തിരിച്ചു പിടിക്കണം എന്ന ബോധനിര്‍മ്മിതിയിലേക്കുള്ള താക്കോലാണ്. ജീവനെ സംബന്ധിച്ച സാമ്പ്രദായികധാരണകളുടെ പൊളിച്ചെഴുത്ത് ആവശ്യപ്പെടുന്ന ഡീപ്പ് ഇക്കോളജിക്കല്‍ ബോധനിര്‍മ്മിതിയായി ഈ ചിന്ത വളരുന്നു. ജൈവലോകത്തിന്റെ വളര്‍ച്ച, സുരക്ഷ, സൌന്ദര്യം ഇവയൊക്കെ പരിരക്ഷിക്കാന്‍ കഴിയാത്ത ഒന്നും അംഗീകരിക്കാന്‍ സാധിക്കാത്തതാണ് എന്നാണ് ഗഹനപരിസ്ഥിതിവാദചിന്തയുടെ കാതല്‍.

നിരായുധരായ ജീവികളെ നാം കണക്കിലെടുക്കുന്നതിലൂടെ എല്ലാവിധത്തിലുള്ള പരാധീനതകളും നമ്മുടെ അജണ്ടയിലേക്ക് കയറി വരികയാണ്. പട്ടിണിയോ ദാരിദ്യ്രമോ രോഗപീഢകളോ മനുഷ്യന്റെ മാത്രം അസ്തിത്വാത്മകമായ ആധിയല്ലെന്ന് ധരിച്ചു കഴിയുമ്പോള്‍ നമുക്കകമേ എത്രയോ ഉറവകള്‍ പൊടിയുകയാണ്. അനുതാപത്തിന്റേതായ (empathy) ഒരു ഉദാത്ത തലമാണിത്. മനുഷ്യന്റെ സ്വസ്ഥ്യത്തിനും സുഖത്തിനും വേണ്ടി ബലികൊടുക്കപ്പെടുന്ന പാവം ജന്തുക്കള്‍ നമ്മുടെ കണ്ണീരായിത്തീരുന്നിടത്താണ് ഈ ചിന്തയുടെ സാകല്യം.

അമ്മ/മണ്ണ് ഗര്‍ഭപാത്രമായ/സുരക്ഷാ കവചമായ പ്രാണിലോകം വഴിതെറ്റിയ പരിഭ്രമത്തിലാണ്. കവിത ഇങ്ങനെ തുടരുന്നു:

പേരുകളില്ലാത്തവ, കാടുകള്‍ മറന്നവ
സുന്ദര,മസുന്ദരമെന്ന സങ്കല്പങ്ങള്‍ തന്‍
ബന്ധനങ്ങളില്‍നിന്നു കുതറിത്തെറിച്ചവ
ഓര്‍ക്കുകില്‍ തലചുറ്റി വീണുപോം നിഗൂഢമാം
സൂക്ഷ്മലോകത്തിന്നാഴം, ഉയരം പേറുന്നവ
ഇത്തിരിപ്പൊട്ടില്‍ സര്‍വ്വസജ്ജമാം ജീവജ്ജ്വാലാ
ശക്തികളതിശയമായി സഞ്ചയിച്ചവ.

ബുദ്ധമതത്തിലെ ‘പ്രതീത്യസമുദ്പാദം’ എന്ന സിദ്ധാന്തം ജീവിതത്തിലെ പ്രതിഭാസങ്ങള്‍ക്കുള്ള പരസ്പരബന്ധത്തെ പ്രതിപാദിക്കുന്നതും ഒരു വസ്തുവിനും ആത്മാവിനുപോലും ഉണ്ടെന്നു കരുതപ്പെടുന്ന സ്വതന്ത്രാസ്തിത്വം നിഷേധിക്കുന്നതുമാണ്. മനുഷ്യന്റെ നിലനില്‍പിനു വേണ്ടിയുള്ളതല്ല. മനുഷ്യേതര ജീവിവര്‍ഗങ്ങളുടെ ആവാസവ്യവസ്ഥയുടെ വീണ്ടെടുപ്പ് അതിന്റെ തന്നെ അസ്തിത്വ സ്ഥാപനവുമായി ബന്ധപ്പെട്ട സൂചകമാണ്. പാരിസ്ഥിതികമായ സൌന്ദര്യാത്മകത എന്നുള്ളത് മനുഷ്യന്‍ മാത്രം, അവന് ഉപകരിക്കുന്നത് മാത്രം എന്നത് കൊഴിഞ്ഞു പോകുന്ന വസന്തങ്ങളുടെയും ഹരിതവൈവിധ്യങ്ങളുടെയും നീരുറവകളുടെയും നിലയ്ക്കലാണ്. ഈ വരണ്ട ലോകത്തിന്റെ കൃത്രിമ ആവാസസ്ഥാനത്തേക്ക് വഴിതെറ്റിയെത്തുകയാണ് ‘സന്ദര്‍ശകര്‍’. എന്നാല്‍ കവിതയുടെ തീര്‍പ്പ് കൃത്യമായ മനുഷ്യകേന്ദ്രിത ഉത്ക്കണ്ഠ തന്നെയാണ്.

ശങ്കയൊന്നുള്ളില്‍ തലപൊക്കുന്നു
പൊങ്ങിയിട്ടിവറ്റയോടൊപ്പം ഞാന്‍ തെറിക്കുമോ?

ജൈവവൈവിധ്യങ്ങളുടെ നാശം തന്റെ തന്നെ നിലനില്‍പിനെ ബാധിച്ചേക്കുമെന്ന സന്ദേഹങ്ങളില്‍നിന്നാണ് പാരിസ്ഥിതികാവബോധപരമായ സാമൂഹികനിര്‍മ്മിതിവാദങ്ങളുടെ രൂപപ്പെടല്‍ എന്നതുകൊണ്ടുതന്നെ പരിസ്ഥിതി സൌന്ദര്യശാസ്ത്രത്തിന്റെ കര്‍തൃത്വപരമായ ആലോചനകളിലെ മനുഷ്യന്‍ തന്നെ കാവ്യലോകത്തിലെ ഉല്‍ക്കണ്ഠകളുടെ തീര്‍പ്പായിത്തീരുന്നിടത്ത് കവി തന്റെ ആഖ്യാനത്തിന് വിരാമമിടുന്നു. ഇവിടെ നീക്കിവെയ്ക്കപ്പെടേണ്ട ഉല്‍ക്കണ്ഠകള്‍ അതിന്റെ കൃത്യതയെ അന്വേഷിക്കുന്നു. കര്‍തൃത്വമില്ലാതായിപ്പോയവരുടെ ഓരങ്ങളില്‍നിന്നുള്ള ഉറവകളുടെ രോദനം ഒരുണര്‍ത്തുപാട്ടായിത്തീരുമ്പോള്‍ മാത്രമേ അത് മനുഷ്യനാശത്തെക്കുറിച്ചുള്ളൂ എന്നു സാരം.

 

ഗഫൂര്‍ കരുവണ്ണുര്‍(


 

പത്തിവിരിച്ച ജെ.സി.ബികള്‍
ഗഫൂര്‍ കരുവണ്ണുരിന്റെ ‘ജെ.സി.ബി’ എന്ന കവിത പുതുകവിതകളുടെ ലക്ഷണങ്ങളിലൊന്നായ ‘മെലിഞ്ഞുപോയ കവിതകളുടെ’ ഗണത്തില്‍ പെടുത്താവുന്ന ഒന്നാണ്. പതിനൊന്നോളം ചെറുവരികളുടെ വിന്യാസത്തില്‍ പുതുകാലത്തെ യന്ത്രവിമോചകനായി അറിയപ്പെടുന്ന ജെ.സി.ബി.യെക്കുറിച്ചുള്ള ഉത്ക്കണ്ഠകള്‍ പങ്കുവെക്കപ്പെടുന്നു. മോഹനകൃഷ്ണന്‍ കാലടി അടക്കമുള്ള പല പുതു കവികളും ഈ യന്ത്രഭീമന്‍ നമ്മുടെ നാട്ടിലെ കുന്നുകളെയും മലകളെയും ഇടിച്ചുനിരത്തുന്നതിന്റെ വേദനകള്‍ കവിതകളില്‍ പങ്കുവെച്ചിട്ടുണ്ട്. ഒരു ക്ലീഷേ പോലുമായിപ്പോകുന്നു പുതുകവിതകളിലെ ജെ.സി.ബി പ്രയോഗം. ചിലതൊക്കെ മുദ്രാവാക്യപ്രായങ്ങളായ് തീരുകയും ചെയ്യുന്നു. കുന്നു പോയി, മല പോയി, വയല്‍ പോയി രോദനങ്ങള്‍ മനുഷ്യനെ പ്രതിയുള്ള ഉല്‍ക്കണ്ഠകള്‍ തന്നെയാണ് പ്രക്ഷേപിക്കുന്നത്. ഗഫൂറിന്റെ കവിതകള്‍ ദേശാഖ്യാനത്തിലാണ് പലപ്പോഴും ചുവടുറപ്പിക്കുന്നത്. സൂക്ഷ്മമായ അര്‍ത്ഥത്തില്‍ ഒരു ദേശത്തെ നാട്ടുനന്മകള്‍ക്ക് ചൂടും വിയര്‍പ്പും നല്‍കിയവരെ സംബന്ധിച്ച ആഖ്യാനങ്ങളായി അവ മാറുന്നു.

ദൈവം
സ്വന്തം നാട്ടിലേക്ക്
എത്തിനോക്കി
പത്തിവിരിച്ചു നില്‍ക്കുന്ന
അനേകം
ജെ.സി.ബി.കള്‍
അടുക്കളവാതിലില്‍
ആരോ മുട്ടുന്നതു കേട്ട്
ദൈവം
വാതില്‍ തുറന്നു.
നാടിന്റെ
കാറ്റും വെളിച്ചവുമായവര്‍..

ഗഫൂറിന്റെ കവിതയില്‍ജെ.സി.ബി. ഒരു രൂപകമായി പരിവര്‍ത്തിക്കപ്പെട്ടിരിക്കുന്നു. മാറുന്നതിനുമുമ്പുള്ള ദേശത്ത് മനുഷ്യക്കുഞ്ഞുങ്ങളുടെ കൌതുകമായിരുന്ന ആനയ്ക്കു പകരം അത് നിലയുറപ്പിക്കുന്നു. മജ്ജയും മാംസവും വെച്ച് നാട്ടിലൂടെ നിരങ്ങേണ്ട ഈ ആനയുടെ തുമ്പിക്കൈക്കാണ് പുതുതലമുറക്കുഞ്ഞുങ്ങള്‍ ഉമ്മവെക്കാന്‍ ആഗ്രഹിക്കുന്നത്.

ഗ്രാമചിത്രത്തിലെ പല പഴഞ്ചന്‍ ചരക്കുകളോടുമൊപ്പം തട്ടിനിരപ്പാക്കപ്പെട്ട് ആവാസരഹിതരായ പ്രാണികീടങ്ങളും തൈജസകീടവും വൃക്ഷതരുലതാതികളും തന്നെയാണ്. ദൈവത്തിന്റെ അടുക്കളവാതിലില്‍ ചെന്നുമുട്ടുന്നത് ഗ്രാമത്തിലെ പ്രമാണിമാര്‍( പ്രാധാനികള്‍) ഒരിക്കലും മനുഷ്യരാവാന്‍ തരമില്ല. കാറ്റ്, മഴ, മിന്നാമിന്നി, പച്ചപ്പുകള്‍ ഇവയൊന്നുമില്ലാത്തതിനെ ഗ്രാമം എന്നു വിളിക്കാമോ?

കുറ്റിപ്പുറം പാലം വരുമ്പോള്‍ ഇടശേãരി ഉല്‍ക്കണ്ഠപ്പെട്ട യന്ത്രമല്ലിത്. പുതുകാല മനുഷ്യമനോഭാവത്തിന്റെ ചിഹ്നം കൂടിയാണിത്. താരം എന്ന പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട ഈ യന്ത്രഭീമന്റെ ആരാധകന്മാരാവാതിരിക്കാന്‍ തരമില്ലല്ലോ പുതുതലമുറ. അനേകം ചെറു മാളങ്ങളും ചതുപ്പുനിലങ്ങളും ഒഴുക്കുകളുമെല്ലാം നിരപ്പാക്കിയതിന്റെ/ തങ്ങളുടെ ആവാസം ഇല്ലാതാക്കിയതിന്റെ സങ്കടം ബോധ്യപ്പെടുത്താന്‍ ഗ്രാമത്തിന്റെ കാറ്റും വെളിച്ചവുമായ കൂട്ടര്‍ ദൈവത്തിന്റെ അടുക്കളയിലല്ലാതെ ആരുടെ അടുക്കള മുട്ടും പരാതി ബോധിപ്പിക്കാന്‍?

കര്‍തൃത്വം നഷ്ടപ്പെട്ട് ഓരപ്പെടുന്നവരല്ല ജൈവകേന്ദ്രിത പരിസ്ഥിതി ചിന്തയിലെ മനുഷ്യേതര ജീവിവര്‍ഗ്ഗങ്ങ?. അവ സ്വത്വത്തിലേക്ക് ഉയിര്‍ത്തെഴുന്നേറ്റു വരുന്നവരാണ്. ശാസ്ത്രത്തിന്റെയും പുത്തന്‍സാങ്കേതികവിദ്യയുടെയും ഉണര്‍വ്വോടു കൂടി ഭൂമി ഒരു ജൈവാവസ്ഥ എന്ന സങ്കല്പം വ്യവസ്ഥിതി എന്ന സങ്കല്‍പത്തിലേക്ക് മാറിപ്പോയതായി എഡ്വേര്‍ഡ് വൈറ്റ് മോണ്‍ ഡ് സൂചിപ്പിക്കുന്നുണ്ട്.

 

ആര്‍. വേണുഗോപാല്‍


 

കുഞ്ഞണലിക്കും കുഞ്ഞിനുമിടയില്‍
ആര്‍. വേണുഗോപാലിന്റെ രണ്ടു കുഞ്ഞുങ്ങള്‍ എന്ന കവിത ജൈവകര്‍തൃത്വത്തിന്റെ നീട്ടിവെക്കലിലേക്ക് വളരുന്നുണ്ട്. കവിതയിലെ രണ്ടു കുഞ്ഞുങ്ങളെയും (മനുഷ്യക്കുഞ്ഞും കുഞ്ഞണലിയും) കവിതയില്‍ സ്ഥാനപ്പെടുത്തിയത് തുല്യകര്‍തൃത്വത്തിലേക്കുയര്‍ത്തിയാണ് . കവിത ഇങ്ങിനെ അവസാനിക്കുന്നു.

ഇന്ന്, സ്കൂള്‍വരാന്ത
അപ്പുവിന് ഇന്നവധി
ഇനിയെന്നും.
വരാന്തയില്‍ ആള്‍ക്കുട്ടത്തിനിടയില്‍
ഉറങ്ങുന്ന അപ്പു
അവന്റെ ഷൂസൂരുന്ന സിസ്റര്‍
ഷൂസിനുള്ളില്‍നിന്നും മറ്റൊരു കുഞ്ഞ്
നിലത്തുവീഴുന്നു

വേണമെന്നു പറഞ്ഞിട്ടില്ലെങ്കിലും ജനിച്ചു വീഴുമ്പോള്‍ത്തന്നെ വിഷം പൈതൃകമായി കിട്ടിയ കുഞ്ഞണലി, അവനും ഇനിയെന്നും അവധി. രണ്ടു കുഞ്ഞുങ്ങള്‍ക്കും മേല്‍ വെണ്‍ മുയല്‍ക്കുഞ്ഞുങ്ങളുടെ കൂട്ടങ്ങള്‍ പോലെ മേഘങ്ങള്‍.

ഒന്നു നിന്നു,
പിന്നെ തെന്നി നീങ്ങി

കവിതയിലെ രണ്ടു കുഞ്ഞുങ്ങളും ആധിപത്യ മനോഭാവത്തിന്റെ ഇരകളാണ് വേട്ടക്കാരുടെ കര്‍തൃസ്ഥാനം മനുഷ്യനും അവന്റെ പുതുകാലമനോഭാവങ്ങളുമാണ്. കുട്ടികളുടെ സ്വതന്ത്രചിന്തകളെ –തുറസ്സുകളെ സര്‍ഗ്ഗവാസനകളെ അടച്ചുകളയുന്ന, കൂമ്പില്‍ വളം വെച്ച് വീര്‍പ്പിക്കുന്ന വിദ്യാഭ്യാസപരിചരണരീതിയുടെ ഇരയാണ് മനുഷ്യക്കുഞ്ഞെങ്കില്‍ നേരത്തെ കവിതയില്‍ സൂചിപ്പിച്ച യന്ത്രഭീമന്റെ ഇരയാണ് അണലിക്കുഞ്ഞ്. രണ്ടു കുഞ്ഞുങ്ങളുടെയും സ്വത്വത്തെ തുല്യമായി നിര്‍ണയിക്കപ്പെട്ടുള്ള വായനയാണ് ഈ കവിത ആവശ്യപ്പെടുന്നതെങ്കിലും തങ്കത്തനിമലയാളവായനയുടെ മാമ്പഴവ്യാഖ്യാനമായി മാറിയതിനുദാഹരണമാണ് കവിതയോടുള്ള പ്രതികരണക്കത്തുകള്‍.
കവിത വന്നതിനു ശേഷം ആഴ്ചപ്പതിപ്പു പ്രസിദ്ധീകരിച്ച പ്രതികരണങ്ങളെല്ലാം ഒരു കുഞ്ഞിന്റെ മരണത്തെക്കുറിച്ചോര്‍ത്തുള്ള വിലാപകാവ്യമായിപ്പോയത് മനുഷ്യയുക്തികമായ ജൈവകേന്ദ്രനിരാസബോധങ്ങളാണ് പുതുകവിതാവായനയെപ്പോലും നിര്‍ണയിക്കുന്നത് എന്നതിന്റെ തെളിവാണ്. കവിത ആവശ്യപ്പെടുന്ന സൂക്ഷ്മതലത്തിലുള്ള ജൈവപരാഗങ്ങളെ കണ്ടെത്താന്‍ കേവലയുക്തികളാല്‍ നിര്‍ണയിക്കപ്പെടുന്ന ആലോചനകള്‍ പോരല്ലോ.

കവിത ഇങ്ങിനെയാണ് തുടങ്ങുന്നത്.

മിനിയാന്നിന്റെ മിനിയാന്ന്
ചെമ്മണ്‍കുന്നിനെ മണ്ണുമാന്തികള്‍
വാരിക്കീറിക്കോരിയെടുത്തു.
ആയിരം കുഞ്ഞുങ്ങള്‍ ദൂരങ്ങള്‍ താണ്ടി
ഇല്ലാത്ത കണ്ണുകള്‍ പൂട്ടിയുറങ്ങി

മനുഷ്യദുരയുടെ ഉല്‍പ്പന്നം ഛേദിച്ചുകളഞ്ഞ ആവാസവ്യവസ്ഥയില്‍നിന്നാണ് കുഞ്ഞണലി മനുഷ്യക്കുഞ്ഞിന്റെ ഷൂസിലഭയം തേടുന്നത്. കുഞ്ഞണലിയെ പ്രതിസ്ഥാനത്തു നിര്‍ത്തുന്ന വായനയല്ല കവിത ആവശ്യപ്പെടുന്നത്. മറിച്ച് മനുഷ്യന്റെ തന്നെ കൃത്രിമമായ ഇടപെടല്‍ താളം തെറ്റിച്ചുകൊണ്ടിരിക്കുന്ന ആവാസവ്യസ്ഥകളുടെ നേര്‍ക്കു പിടിച്ച ഒരു കണ്ണാടിയായാണ് ഈ കവിത ഭാവുകത്വപ്പെടേണ്ടത്.

ഒന്നു കൂടി കടന്നു പറഞ്ഞാല്‍, ഈ കവിതയിലെ മനുഷ്യക്കുഞ്ഞ് മനുഷ്യന്റെ പ്രതിനിധിയല്ല, മറിച്ച് അവന്‍ കുഞ്ഞണലിയുടെ കൂട്ടുകാരനാണ്. ജീവനെ സംബന്ധിച്ച സാമ്പ്രദായിക ധാരണകളുടെ പൊളിച്ചെഴുത്തില്‍ മാത്രമേ അണലിക്കുഞ്ഞിന്റെ രോദനം മനുഷ്യക്കുഞ്ഞിന്റെ രോദനത്തിനു മുകളില്‍ ഉയര്‍ന്നു കേള്‍ക്കൂ. എതിര്‍ബോധങ്ങളില്‍ അടയാളപ്പെടുന്ന സ്വത്വനിര്‍മ്മിതിയാണ് ജൈവസമത്വചിന്ത.

പാരിസ്ഥിതിക ആത്മീയത
ഗഹനപരിസ്ഥിതിവാദത്തിന് (Deep Ecology) രണ്ട് അടിസ്ഥാന തത്വങ്ങളാണുള്ളത്.

ഒന്ന് : മനുഷ്യനെപ്പോലെത്തന്നെ ഈ പ്രകൃതിയിലെ എല്ലാ സത്തകള്‍ക്കും തനതായ മൂല്യവും, നിലനില്‍പ്പിനും സ്വയം കണ്ടെത്താനുമുള്ള അവകാശവുമുണ്ട്. ഒന്നും മനുഷ്യനു വേണ്ടി നിലനില്‍ക്കുന്നില്ല. മനുഷ്യനു പ്രയോജനപ്പെടുമോ എന്നുള്ളതിനനുസരിച്ചല്ല ഒന്നിന്റെയും മൂല്യം നിര്‍ണയിക്കേണ്ടത്.

രണ്ട്: ലോകത്ത് ബയോസെന്‍ട്രിക് സമത്വം നിലവില്‍ വരാന്‍ മനുഷ്യകേന്ദ്രിതത്വത്തില്‍നിന്ന് (Anthropo Centrism) ദര്‍ശനം ജൈവകേന്ദ്രിതമാവണം (Biocentrism). . ബൃഹദാഖ്യാനങ്ങളുടെ നിരാസകാലത്ത് ഒരു ആത്മീയദര്‍ശനമായി പരിസ്ഥിതി ചിന്തകള്‍ രൂപപ്പെടുന്നുണ്ട്. ജീവന്റെ ബഹുലത കൃത്യമായും ഈ ചിന്തകളില്‍ സ്ഥാനപ്പെടുകയും മനുഷ്യമനുഷ്യേതര ജീവരൂപങ്ങളുടെ ആന്തരവികാസം ഗുണപരമായ പോഷണത്തിനാവശ്യമായ പ്രത്യയശാസ്ത്രമാറ്റം തന്നെയാണെന്നും പാരിസ്ഥിതിക ആത്മീയത രേഖപ്പെടണം.

ആര്‍. വേണുഗോപാലിന്റെ കവിതയിലെ രണ്ടു കുഞ്ഞുങ്ങളുടെയും മരണം ഒരര്‍ത്ഥത്തില്‍ കൊലപാതകം തന്നെയാണ്. ഇഷ്ടമില്ലാത്ത സ്കൂളിലേക്ക് ഇഷ്ടമില്ലാത്ത നേരത്ത് ഷൂ കുത്തിത്തിരുകപ്പെട്ട് യാത്രയാവുന്ന അപ്പു എന്ന കുഞ്ഞിന്റെ കാലിലഭയം തേടിയെത്തിയ അണലിക്കുഞ്ഞിനോട് വിഷം ചീറ്റിപ്പോകുന്നതും ഷുസിനടില്‍ ഞെരിഞ്ഞൊടുങ്ങുന്നതും വിഷമേറ്റ് മറ്റേക്കുഞ്ഞും ഇല്ലാതാവുന്നതുമാണ് കവിതയുടെ ഇതിവൃത്തം. മനുഷ്യേതരജീവികള്‍ക്ക് മനുഷ്യത്വം ആരോപിക്കുന്ന രീതി കഥാസാഹിത്യത്തില്‍ ബഷീര്‍ ആവിഷ്കരിച്ചിട്ടുണ്ട്. കെട്ടിയോന്‍ കുരുവി, കെട്ടിയോന്‍കുരുവി, പെണ്ണട്ട എന്നിങ്ങനെ ബഷീറിന്റെ കഥാലോകത്ത് ഇവര്‍ സ്ഥാനപ്പെടുന്നത് ജൈവകേന്ദ്രിത കര്‍തൃത്വ ചിന്തകളെ കൃത്യമായി ആനയിച്ചു തന്നെയാണ്.

 
 
 
 

2 thoughts on “കവിത ഭൂമിയുടെ നിലവിളി ആവുമ്പോള്‍

  1. പ്രകൃതിയെക്കുറിച്ചെഴുതുമ്പോഴെങ്കിലും കുറച്ച് ലളിതമായി,സന്തോഷത്തോടെ കാര്യങ്ങള്‍ പറഞ്ഞുകൂടെ? എന്തിന് ഇത്ര കൃത്രിമമായഎഞ്ചിനിയേഡ് ഭാഷയും വരണ്ട ഉദ്ധരണികളും?
    ഭാഷ സ്വാഭാവികമായും പൂവിടരുന്നതുപോലെയും പരിണമിക്കുമ്പോഴല്ലേ അതിന് സുഗന്ധവും ഭംഗിയുമുണ്ടാകുന്നത്?
    ആത്മവിശ്വാസം നഷ്ടപ്പെട്ട പടരന്‍ ചെടികളാണ് കയറുവാന്‍ താങ്ങുതേടുന്നത്.
    ചിലപ്പോള്‍ പ്രശ്നം എന്‍റേതാകാം,രണ്ടുവട്ടം ശ്രമിച്ചിട്ടും ഈ കവിതകളിലെ പച്ചത്തുള്ളനെ നോക്കി ഒന്നു പുഞ്ചിരിക്കുവാന്‍ പോലും കഴിഞ്ഞില്ല.സോറി.

  2. ഞാനും ഈ അഭിപ്രായത്തോട് യോജിക്കുന്നു. കവിത ബഹുജനങ്ങളുടെ അടുത്തേക്കു എത്തിക്കണം അതിനു ലളിതമായ ഭാഷ തന്നെ നല്ലത്.

Leave a Reply

Your email address will not be published. Required fields are marked *