ഉള്ളില്‍, ചില മരങ്ങള്‍ പെയ്യുന്നു

 
 
 
 
ജീവിതത്തിന്റെ മഞ്ഞത്തും മഴയത്തും വെയിലത്തും ഒപ്പം നിന്ന മരപ്പച്ചകളിലേക്ക് ഒരു തിരിഞ്ഞുനടത്തം. സീന ആന്റണി എഴുതുന്നു
 
 
ഒരു നാള്‍ സ്കൂള്‍ വിട്ട് വന്നപ്പോള്‍ മുറ്റത്ത് കാറ്റാടിയില്ല. ബാഗ് പോലും ഇറക്കി വയ്ക്കാതെ, ഞാനോടിച്ചെന്ന് അന്വേഷിച്ചു, എന്തു പറ്റി എന്റെ മരത്തിന്. ഇത്തിരി നേരത്തിനകം ആരും പറയാതെ തന്നെ, സംഗതി വ്യക്തമായി. അയലത്ത് ജോയേട്ടന്റെ കല്യാണം ആണ്. അതിനു പന്തല്‍ ഇടുന്നത് ഞങ്ങളുടെ മുറ്റത്തും. അതിനു വേണ്ടിയാണ് ഈ മരം മുറിക്കല്‍ പരിപാടി. മുറ്റത്തിന്റെ ഒരറ്റത്ത് ഒതുങ്ങി നിന്ന പാവം കാറ്റാടി പന്തലിന് തടസ്സമായതെങ്ങിനെ എന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടിയില്ല. ആശ്വാസ വാക്കുകളൊന്നും എന്റെ കുഞ്ഞുമനസ്സിലെ സങ്കടം കുറച്ചില്ല.
ആകാശത്തോളം തലയെടുപ്പുള്ള എന്റെ കാറ്റാടിയാണ്, ഇപ്പോള്‍ ഒരൊറ്റ മുറിപ്പാടായി മണ്ണില്‍ ചേര്‍ന്നത്. ഉറ്റവരാരോ മരിച്ചപോലെ തോന്നി. മുറ്റത്ത് വെട്ടിയിട്ട അതിന്റെ ചില്ലകള്‍ കണ്ടപ്പോള്‍ കണ്ണു നിറഞ്ഞു. ആഴമുള്ളൊരു വിലാപം എന്റെ തൊട്ടടുത്തുണ്ടായിരുന്നു. എന്നും ഞാനസൂയപ്പെടാറുള്ള നന്ത്യാര്‍ വട്ടം. മരണം ബാക്കിയാക്കിയ കാറ്റാടിയുടെ കുറ്റിയെ കെട്ടിപ്പിടിച്ച് ഒച്ചയില്ലാതെ കരയുന്ന നന്ത്യാര്‍വട്ടം എന്റെ വിലാപത്തെ കാറ്റില്‍ പറത്തിക്കളഞ്ഞു- ജീവിതത്തിന്റെ മഞ്ഞത്തും മഴയത്തും വെയിലത്തും ഒപ്പം നിന്ന മരപ്പച്ചകളിലേക്ക് ഒരു തിരിഞ്ഞുനടത്തം. സീന ആന്റണി എഴുതുന്നു

 

 

പള്ളിമുറ്റത്ത്, ആകാശത്തിന്റെ അനന്തതയിലേക്കും ഭൂമിയുടെ ആഴങ്ങളിലേക്കും കയ്യും മെയ്യും വിരിച്ച് നിന്നിരുന്ന സന്യാസിമരമാണ് അതിരുകളില്ലാത്ത ആകാശത്തെ കാട്ടി ആദ്യം മോഹിപ്പിക്കുന്നത്. മഞ്ഞപ്പൂക്കള്‍ പക്ഷികളെപ്പോലെ വന്നിരുന്ന അതിന്റെ ശിഖരങ്ങള്‍ക്കിടയിലൂടെ ഇടയ്ക്കിടെ നിറം മാറുന്ന ആകാശത്തെ നോക്കി ഞാന്‍ കൊതിച്ചു. ഭൂമിയുടെ താഴ്ചയ്ക്കും ആകാശത്തിന്റെ പരപ്പിനും ഇടയില്‍ ധ്യാനനിമഗ്നനായി നില്‍ക്കുന്ന ഈ സന്യാസിമരത്തിനല്ലാതെ മറ്റാര്‍ക്കാണ് ജീവന്റെ ആഴവും പരപ്പും പറഞ്ഞ് കൊടുക്കാനാകുക?

അതുകൊണ്ടാവണം അറിവ് പകരുന്ന ഇടങ്ങളിലെല്ലാം പണ്ടുള്ളവര്‍ മരങ്ങള്‍ നട്ടു പിടിപ്പിച്ചത്. ഓരോ കുരുന്നും അറിവിലേക്ക് കൌതുകക്കണ്ണോടെ കയറിച്ചെല്ലേണ്ടത് എല്ലാമറിയുന്ന ഈ ‘ബോധി’ വൃക്ഷങ്ങളുടെ തണല്‍ പറ്റിയാകണം. ഓരോ കുഞ്ഞിനും സ്വയം ഇറക്കിവെക്കാനുള്ള കനിവിന്റെ ഇത്തിരി അലിവിടമെങ്കിലും അവിടെ ഉണ്ടായിരിക്കണം.

അതിനാലാവണം, കുഞ്ഞു സങ്കടങ്ങള്‍ ഉള്ളു കയറി വരുമ്പോള്‍ ഞാനും കുന്നു കയറി സന്യാസി മരത്തിനടുത്തെത്തിയത്. സങ്കടത്താല്‍ ഉരുകിയത്. അപ്പോഴൊക്കെയും, ഭൂമിയുടെ ഉള്ളറകളില്‍ നിന്ന് വലിച്ചെടുത്ത അഭയത്തിന്റെ ഒരു കാറ്റല മരത്തണുപ്പിന്റെ ഇഴകളോടെ എന്റെ നെറുകയില്‍ തട്ടിത്തൂവുമായിരുന്നു. വലിയ വലിയ സന്തോഷങ്ങളുടെ നിറവെയിലിലും ഞാനവിടെ ചെല്ലാറുണ്ട്. അന്നേരവുമെത്തും സന്യാസമരത്തിന്റെ സാന്ത്വനക്കൈ. മഞ്ഞപ്പൂക്കള്‍ നിറഞ്ഞ ശിഖരം ഇലചാര്‍ത്തു കുലുക്കി എന്റെ സന്തോഷത്തിലേക്ക് ചേര്‍ന്നു നില്‍ക്കും.

 

സീന ആന്റണി


 

ഒപ്പമുണ്ടായിരുന്നു മരത്തഴപ്പ്
മരങ്ങള്‍ക്ക് ജീവനുണ്ടെന്നും നാം പറയുന്നതൊക്കെ അവര്‍ മനസ്സിലാക്കുമെന്നും ക്ലാസ്സിലൊരുനാള്‍ സോഫിയാമ്മ ടീച്ചര്‍ പറഞ്ഞു. കണ്ണ് മിഴിച്ചിരുന്ന ഒരു മുഴുവന്‍ ക്ലാസിനെയും നോക്കി എന്നെ അറിയുന്ന, ഞാനറിയുന്ന മരങ്ങളെ കുറിച്ച് പറയാന്‍ വാക്കുകള്‍ കുതിച്ചുയര്‍ന്നതാണ്. അവര്‍ കളിയാക്കുമോ എന്ന കരുതല്‍ ആ പുറപ്പെടാ വാക്കുകള്‍ക്കു മേല്‍ മൌനം കമിഴ്ത്തി.

ഉച്ചരിക്കപ്പെട്ടില്ലെങ്കിലും ആ വാക്കുകള്‍ സത്യമായിരുന്നു. വീട്ടിലെ ഒരുമാതിരി ചെടികളും മരങ്ങളുമെല്ലാം എന്നെ കേട്ടിരുന്നു. ഉരിയാടിയിരുന്നു. ഞാനും മരങ്ങള്‍ക്കിടയില്‍ കേട്ടും പറഞ്ഞും ബാല്യം നടന്നു തീര്‍ത്തു. കളിച്ചു നടന്നു. അമ്മയുമുണ്ടായിരുന്നു മരങ്ങളോടുള്ള ചാര്‍ച്ചയില്‍ എനിക്കൊപ്പം.

പറമ്പിന്റെ വടക്കേ അറ്റത്തുള്ള പ്ലാവില്‍ ചക്ക പിടിക്കാതെ വന്നു. ഉപായം പറഞ്ഞു തന്നത് അമ്മയാണ്. വാക്കത്തി എടുത്ത് മരത്തിന്റെ പുറത്തേക്കുന്തി നില്‍ക്കുന്ന വേരില്‍ മെല്ലെ വെട്ടി, ഭീഷണി മുഴക്കി- “വേഗം ചക്ക പിടിപ്പിച്ചോ… അല്ലെങ്കില്‍ അപ്പച്ചന്‍ ഗള്‍ഫില്‍ നിന്ന് വരുമ്പോ വെട്ടി അടുപ്പില്‍ വയ്ക്കും”. ഭീഷണി ഫലിച്ചോ എന്നുറപ്പില്ലെങ്കിലും അതിനടുത്ത വര്‍ഷം ആ പ്ലാവില്‍ ചക്കകളേറെ തെഴുത്തു. അമ്മക്കൊപ്പം അതിന്റെ ചോട്ടില്‍ പോയി പിന്നെയും പറഞ്ഞു ചിരിച്ചു: “അപ്പൊ നിനക്ക് പേടിയുണ്ടല്ലേ’ . ചിരിക്കരുത്, അതു കൊണ്ട് തന്നെയാവണം അതില്‍ പിന്നെ, എല്ലാ വര്‍ഷവും ആ പ്ലാവ് മറക്കാതെ കായ്ച്ചത്.

 

Painting: Vincent van Gogh


 
നക്ഷത്രത്തിന് ഒരു കാറ്റാടി വഴി
അകലെ നിന്ന് നോക്കിയാല്‍ കാണാവുന്ന വലിയൊരു കാറ്റാടി മരമായിരുന്നു വീടിന്റെ അടയാളം. കടല്‍ തീരത്ത് നിന്ന് ആ മരം ആരാണ് അവിടെ നട്ടതെന്ന് ആര്‍ക്കുമറിയില്ല. നാട്ടില്‍ മറ്റെവിടെയും ഇത്ര വലിയ കാറ്റാടി മരവുമില്ല. ഓണക്കാലത്ത്, കാറ്റാടിയില പറിക്കാന്‍ ദൂരെ നിന്ന് കുട്ടികളെത്തുമായിരുന്നു. “ആ വലിയ കാറ്റാടി മരമുള്ള വീട്ടിലെ കുട്ടി” എന്ന പരിചയപ്പെടുത്തലില്‍ ഞാനും കാറ്റാടിയോളം പൊങ്ങും. അതിന്റെ കൊലുന്നനെയുള്ള ഇലകള്‍ പൊട്ടിച്ചും ചേര്‍ത്ത് വച്ചും മണിക്കൂറുകളോളം മുറ്റത്തിരുന്നു ഞാന്‍ കാറ്റിലാടി.

ക്രിസ്മസ്സിന്, ആ കാറ്റാടി മരത്തിന്റെ തുഞ്ചത്തായിരുന്നു ഞങ്ങളുടെ ചുവന്ന നക്ഷത്രം ഇറങ്ങിനിന്നത്. അമ്മയും ചേച്ചിമാരുമൊക്കെ കോണി വച്ച് കേറി, തുഞ്ചത്ത് നക്ഷത്രം തൂക്കുമ്പോള്‍ സ്നേഹത്തോടെ ചില്ലകള്‍ താഴ്ത്തി തരും, കാറ്റാടി . അതിന്റെ പരുപരുത്ത തോട് കെട്ടിപ്പിടിച്ച് വളര്‍ന്നിരുന്ന നന്ത്യാര്‍വട്ടം അന്നേരമൊന്നു ചിണുങ്ങും. ഇഷ്ടമല്ലായിരുന്നു എനിക്കാ നന്ത്യാര്‍വട്ടത്തെ. കാറ്റാടിയുമായി എന്നേക്കാള്‍ അടുത്താണല്ലോ അതെന്നോര്‍ത്ത് ഞാന്‍ കുശുമ്പിയായി.

ഒരു നാള്‍ സ്കൂള്‍ വിട്ട് വന്നപ്പോള്‍ മുറ്റത്ത് കാറ്റാടിയില്ല. ബാഗ് പോലും ഇറക്കി വയ്ക്കാതെ, ഞാനോടിച്ചെന്ന് അന്വേഷിച്ചു, എന്തു പറ്റി എന്റെ മരത്തിന്. ഇത്തിരി നേരത്തിനകം ആരും പറയാതെ തന്നെ, സംഗതി വ്യക്തമായി. അയലത്ത് ജോയേട്ടന്റെ കല്യാണം ആണ്. അതിനു പന്തല്‍ ഇടുന്നത് ഞങ്ങളുടെ മുറ്റത്തും. അതിനു വേണ്ടിയാണ് ഈ മരം മുറിക്കല്‍ പരിപാടി. മുറ്റത്തിന്റെ ഒരറ്റത്ത് ഒതുങ്ങി നിന്ന പാവം കാറ്റാടി പന്തലിന് തടസ്സമായതെങ്ങിനെ എന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടിയില്ല.

“അത് പോട്ടെ… നമുക്ക് വേറെ മരം നടാം” എന്നിങ്ങനെ ആശ്വാസ വാക്കുകള്‍ ഏറെ വന്നു. എന്നിട്ടും, എന്‍റെ കുഞ്ഞുമനസ്സിലെ സങ്കടം കുറഞ്ഞില്ല.

ആകാശത്തോളം തലയെടുപ്പുള്ള എന്റെ കാറ്റാടിയാണ്, ഇപ്പോള്‍ ഒരൊറ്റ മുറിപ്പാടായി മണ്ണില്‍ ചേര്‍ന്നത്. ഉറ്റവരാരോ മരിച്ചപോലെ തോന്നി. മുറ്റത്ത് വെട്ടിയിട്ട അതിന്റെ ചില്ലകള്‍ കണ്ടപ്പോള്‍ കണ്ണു നിറഞ്ഞു. ആഴമുള്ളൊരു വിലാപം എന്റെ തൊട്ടടുത്തുണ്ടായിരുന്നു. എന്നും ഞാനസൂയപ്പെടാറുള്ള നന്ത്യാര്‍ വട്ടം. മരണം ബാക്കിയാക്കിയ കാറ്റാടിയുടെ കുറ്റിയെ കെട്ടിപ്പിടിച്ച് ഒച്ചയില്ലാതെ കരയുന്ന നന്ത്യാര്‍വട്ടം എന്റെ വിലാപത്തെ കാറ്റില്‍ പറത്തിക്കളഞ്ഞു.

 

Painting: Sascalia


 

ഞാന്‍ പേരിട്ട മരങ്ങള്‍
മരങ്ങളുടെ കഥകളും വിശേഷങ്ങളും കൊണ്ടായിരുന്നു, കൊരനോടി കുന്നിറങ്ങി വല്യമ്മച്ചിയുടെ വരവ്. വല്യമ്മച്ചിയുടെ പറമ്പ് നിറയെ മരങ്ങളാണ്. ആകെയുള്ള മകളെ പതിനെട്ടാം വയസ്സില്‍ കെട്ടിച്ചയച്ച ശേഷം വല്യമ്മച്ചിക്കും വല്യപ്പച്ചനും കൂട്ട് മരങ്ങള്‍ മാത്രമാണ്. ‘വട്ടം പിടിച്ചാല്‍ എത്താത്ത അത്ര തടിയുള്ള മരങ്ങളുള്ള പറമ്പായിരുന്നു’ എന്ന് പറഞ്ഞ് വല്യമ്മച്ചി കഥ തുടങ്ങും. കണ്ണു മിഴിച്ച്, കാതു കൂര്‍പ്പിച്ച് ഞാനടുത്തിരിക്കും. കുഞ്ഞിക്കൈ കൊണ്ട് വല്യമ്മച്ചിയുടെ പറമ്പിലെ ‘ആനമന്തക്കാച്ചി’ മരത്തെ വട്ടം പിടിക്കാന്‍ നോക്കും.

അവധി ദിവസങ്ങളില്‍ വല്യമ്മച്ചിയുടെ വീട്ടിലാവും. നട്ടുച്ചക്കും വെയില്‍ വീഴാന്‍ മടിക്കുന്ന മുറ്റത്തിരുന്ന് പറമ്പിലെ മരങ്ങളുടെ പേര് ഓര്‍ക്കാന്‍ ശ്രമിക്കും. നടക്കില്ല. അറിയാത്ത മരങ്ങള്‍ പേരറിയാത്ത എന്നെ പുച്ഛിച്ച് കണ്ണിറുക്കും. ആഹാ, കാണിച്ചു തരാമെന്ന് പറഞ്ഞ് ഞാനാ തീരുമാനത്തിലെത്തും. ഓരോ മരത്തിനും ഞാനിടും പേര്. എന്റെ മരം. എന്റെ സ്വന്തം പേര്. എനിക്കു പേരിടാന്‍ ഇതാ ഒരു ഏദന്‍ തോട്ടം .

സ്കൂളില്‍ പോകുന്ന വഴി തോട് കടന്ന്, പാടം കടന്ന്, റബ്ബര്‍ തോട്ടവും കഴിഞ്ഞുള്ള വളവില്‍ നിന്ന പുളിമരമായിരുന്നു എന്റെ മറ്റൊരു കൂട്ട്. കായ്ച്ച മരമെങ്കില്‍ , വിശപ്പോടെ ചോദിച്ചാല്‍ അതു വയറു നിറക്കാന്‍ വല്ലതും തരുമെന്ന് പറഞ്ഞുതന്നത് അമ്മയായിരുന്നു. അത് സത്യമാണോ എന്നറിയാന്‍ ഒരിക്കല്‍ ഞാനൊരു പരീക്ഷണം നടത്തി. സ്കൂളിലേക്ക് പോകുന്ന വഴി പുളിമരത്തിന്റെ ചോട്ടിലെത്തിയപ്പോള്‍ ആരും കാണാതെ പുളിമരത്തെ നോക്കി പറഞ്ഞു. ‘ നോക്ക്, ചതിക്കരുത്. സ്കൂള്‍ വിട്ട് വിശന്നു വരുമ്പോള്‍ കഴിക്കാന്‍ ഒരു പുളിയെങ്കിലും തരണം’. പെട്ടെന്നെത്തിയ കാറ്റില്‍ മരം തല കുലുക്കി. വാക്കു തെറ്റിച്ചില്ല, അത്. ആ പരീക്ഷാക്കാലം കഴിയുന്നത് വരെ ഞാനും രേഖക്കുട്ടിയും സ്കൂള്‍ വിട്ട് വരുമ്പോള്‍ ഞങ്ങള്‍ക്ക് കഴിക്കാന്‍ പാകത്തിന് കൃത്യം രണ്ട് പുളി, വണ്ടി കേറാതെ, വഴിപോക്കരൊന്നും ചവുട്ടാതെ അവിടെ കാത്തു കിടന്നു. സ്കൂള്‍ യാത്രയുടെ രഹസ്യ വിശേഷങ്ങളില്‍ ഒന്ന് നാല് മണിക്കുള്ള ഈ പുളി പെറുക്കലും കഴിക്കലും ആയിരുന്നു.

 

Painting: Vincent van Gogh


 

മരണം കാതോര്‍ത്ത് ചില ഇലയനക്കങ്ങള്‍
നാട്ടുമരങ്ങളും കാട്ടുമരങ്ങളും കടന്ന് നഗരങ്ങളിലെ മരങ്ങളോട് പ്രണയം തോന്നിത്തുടങ്ങിയത് ഡിഗ്രിപഠന കാലത്താണ്. ടൌണിലെ പബ്ലിക് ലൈബ്രറിയില്‍ അംഗത്വം എടുത്തപ്പോള്‍ ചെന്നെത്തിയത് മരങ്ങള്‍ക്കരികിലേക്കാണ്. അമ്മയും വല്യമ്മമാരുമൊക്കെ വിറകിനു പോയിരുന്ന കാട്ടിലെ മരങ്ങളുടെ വന്യതയോ, സ്കൂള്‍ മുറ്റത്തെ സിമന്റ് തിണ്ണയില്‍ കുട പിടിച്ച് നിന്ന മുത്തശ്ശി മാവിന്റെ വാത്സല്യമോ ആയിരുന്നില്ല നഗരചൂടില്‍ അരിശത്തോടെ നിന്ന മരങ്ങള്‍ക്ക്. കൂട്ടം തെറ്റി ഒറ്റപ്പെട്ടു പോയതിന്റെ ദൈന്യതയും ഭയപ്പാടും ഒറ്റനോട്ടത്തില്‍ അവര്‍ പറഞ്ഞു വച്ചു. ഒരു പാതയിരട്ടിക്കലോ, കെട്ടിടമുയരലോ മാത്രം മതി ഇല്ലാതാവാന്‍ എന്ന് അവയ്ക്കും അറിയുമായിരുന്നു എന്നു തോന്നി.

തൃശൂര്‍ ടൌണില്‍ വന്നിറങ്ങിയാല്‍, നേരെ കര പറ്റുന്ന ഒരിടമേ ഉള്ളു. സാഹിത്യ അക്കാദമി കാമ്പസ്. ഒറ്റക്കും കൂട്ടമായും അവിടെ ഉണ്ടാകാറുള്ള ചങ്ങാതിമാരുടെ സൌഹൃദത്തിന്റെ ഊഷ്മളത മാത്രമല്ല അങ്ങോട്ടേക്ക് വലിച്ചടുപ്പിച്ചത്. ആ കുഞ്ഞു വളപ്പിനുള്ളില്‍ കുട പിടിച്ച് നില്‍ക്കുന്ന പല മരങ്ങളുടെ പച്ചയനക്കങ്ങളും ആശ്രയവും കൂടിയാണ്. അരമതില്‍ കെട്ടി നിറുത്തിയ ഇത്തിരി ഭൂമിക്ക് ഒരു കാവിന്റെ ഹൃദയമിടിപ്പുണ്ട്. ചവുട്ടി നില്‍ക്കുന്ന കരിയിലപ്പുതപ്പിനടിയില്‍ നൂറുകോടി ജീവാണുക്കളുണ്ട്. ഹൃദയം തുറന്ന് പാടുന്ന കവിതയ്ക്ക് താളം പിടിക്കാന്‍ കാറ്റലയുടെ ചിരിയുണ്ട്.

 

Painting: Frida Kahlo


 

പെണ്‍മരം
ഒരിക്കല്‍, പ്രണയത്തിന്റെ ഒറ്റവരിപ്പാതയില്‍ ആഴത്തില്‍ തനിച്ചായപ്പോള്‍ ആരും കാണാതെ ഇങ്ങോട്ടേക്ക് വന്നു. ഉള്ളിലെ എല്ലാ ശൂന്യതകളും ഒന്നിച്ചു വന്നു നിറഞ്ഞപ്പോള്‍ ആ മരത്തണലിലിരുന്ന് പെയ്തു. കണ്ണീരിന്റെ ഇടവപ്പാതിയെ ഒട്ടും വൈകാതെ ഒരു കാറ്റെടുത്തു പോയി. അറ്റമില്ലാത്ത വേനല്‍ പോലെ തോന്നിച്ച ആ നാളുകളില്‍ കാലുവെയ്ക്കുന്നിടത്തെല്ലാം മരങ്ങള്‍ തണലു നീട്ടി. സ്വയം പകര്‍ത്തിയതു പോലെ ഒപ്പം നടന്നൊരു കൂട്ടുകാരിയെ ക്യാന്‍സര്‍ കവര്‍ന്നപ്പോള്‍ ഒറ്റനിമിഷം കൊണ്ട് തോര്‍ന്നു പോയതും ഇവിടെയായിരുന്നു.

എങ്ങു നിന്നൊക്കെയോ വന്ന് നമ്മെ ഹൃദയത്തിന്റെ ഭാഗമായി മാറ്റുന്ന സൌഹൃദപ്പച്ച പോലെ എന്നുമുണ്ടായിരുന്നു വഴികളിലെല്ലാം പേരറിയാത്ത മരങ്ങള്‍. ഒറ്റനോട്ടത്തില്‍ കൂട്ടുകൂടുന്ന പല തരം ചെടികള്‍. ഏതു വെയിലിലും ആശ്രയമായി തണലിന്റെ ഇത്തിരിയിടം. ഏതു മഴയത്തും കേറി നില്‍ക്കാനൊരിടം. ചിലപ്പോള്‍ തോന്നും മരമേ, എനിക്കുമാവണം നിന്നെപ്പോലൊരു തണല്‍. ഓരോ പൂവും നിറഞ്ഞു ചിരിക്കുന്നൊരു പെണ്‍മരം. വേരുകള്‍ കൊണ്ടു ഭൂമിയെ പുണരുന്ന, പച്ചിലകളാല്‍ ആകാശത്തെ സ്പര്‍ശിക്കുന്ന, ഉള്‍ക്കാമ്പുള്ള ഒരു പെണ്‍മരം!
 
 
 
 

16 thoughts on “ഉള്ളില്‍, ചില മരങ്ങള്‍ പെയ്യുന്നു

 1. ഞാനൊരു മരമായിരുന്നെങ്കില്‍ ,,,കുറെ ചില്ലകളുള്ള , കുറെ തണല്‍ തരുന്ന ഒരു വന്‍ മരം …..എത്ര മനോഹരമായ ലേഖനം ,,,

 2. പെണ്മരമേ,നിറഞ്ഞുപൂക്കാൻ തണലായ് പടർന്ന് പന്തലിക്കാൻ നിനക്കാവട്ടെ..:)

  ഇങ്ങനെ വഴക്കു പറഞ്ഞ് ഒരു ശീമപ്ലാവ് ഞങ്ങളുടെ പറമ്പിലും കായ്ച്ചിട്ടുണ്ട്.:)

 3. ohh..my my my ,bhayangara ishtamayi seena…manassine pidichiruthi vaayippikkan pattunna athra laalithyam…enikkum undu ee maram premam…infact ellattinodum…nanthyar vattathine orthu ente kannum niranju…God bless seena…iniyum ezhuthu dear!!!

 4. മനോഹരമായ എഴുത്ത്… വളരെ ഇഷ്ടപ്പെട്ടു.. മനസ്സ് നിറഞ്ഞ വായന നല്‍കിയതിനു നന്ദി…

 5. ഇത്രയും മനുഷ്യത്വം പേറുന്ന ഒരു ലേഖനം അടുത്തകാലത്തൊന്നും വായിച്ചിട്ടില്ല. ബഷീര്‍ കഥകളില്‍ കണ്ടിട്ടുള്ളതുപോലെ അസാധാരണമായ ആഴമുള്ള കാഴ്‌ചപ്പാടുകള്‍. ആസാം കലാപത്തെക്കുറിച്ച്‌ ചില ലേഖനങ്ങള്‍ വായിച്ചതിനു പിന്നാലെ വായിച്ചതുകൊണ്ടാവാം ഉള്ളില്‍ ചില മരങ്ങള്‍ പെയ്യുന്നു എന്ന ലേഖനം വട്ടംപിടിച്ചു നില്‍ക്കുന്നു.
  ഭൂമിയില്‍ നിന്നും തുടച്ചുമാറ്റപ്പെടുന്നത്‌ മരങ്ങള്‍ പോലും ഭയക്കുന്നുണ്ടാവണം. എനിക്കറിയില്ല. എന്നാലും ഉറപ്പാണ്‌ ഭീഷണിപ്പെടുത്തിയപ്പോള്‍ ഭയന്നു പോയ പ്ലാവ്‌ ഒരു സത്യം തന്നെയാണ്‌.

 6. നന്നായിട്ടുണ്ട്..കണ്ണുകള്‍ തുറന്നു തന്നെയിരിക്കട്ടെ

 7. മനസൊന്നു തളര്‍ന്നാല്‍ കുറച്ചു സ്വപ്നങ്ങളായി
  വീണ്ടും കൂട്ടിനുണ്ടാകും എന്ന തോന്നല്‍
  ജീവിതത്തില്‍ പച്ച നിറം നല്‍കുന്നു..
  സ്വപ്നം കാണാന്‍ കാശ് കൊടുക്കേണ്ട
  എന്നുള്ളത് കൊണ്ട് ജീവിതത്തില്‍
  ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നതും
  അത് തന്നെ. ലോകത്തില്‍ ഏററവും കൂടുതല്‍ ജനങ്ങള്‍ ജീവിക്കുന്നതും ഈ ഒരു കാര്യം കൊണ്ടുതന്നെയാണ്……. ഒരുപാട് പേരെ Rich & Famous ആക്കിയിട്ടുള്ളതും ഈ സ്വപ്‌നങ്ങള്‍ തന്നെയാണ്…….
  ഇഷ്ടപ്പെട്ടുകെട്ടോ…….നന്നായിരിക്കുന്നു…….ആര്ഭാടങ്ങളില്ലാത്ത തനിമ നഷ്ടപ്പെട്ടിട്ടില്ലാത്ത എഴുത്ത്, ഭാവനയും……ഇനിയും എഴുതുക……..ഭാവുകങ്ങള്‍

 8. പണ്ടൊരിക്കല്‍ ഒരു പറങ്കി മാവ് മുറിച്ചതിനെ ചൊല്ലി വിങ്ങിയത് വീണ്ടും മറവിയുടെ ഏടുകളില്‍ നിന്ന് പൊന്തി വന്നു….നന്ദി

 9. ആദ്യമായി ഞാന്‍ സ്വന്തമാക്കിയ മരം ഒരു തീപ്പെട്ടിമരമായിരുന്നു. എന്റെ മരം പദ്ധതി പോലെ എന്തോ ഒന്ന് അന്ന് എന്റെ സ്‌കൂളിലും ഉണ്ടായിരുന്നു. ആ മരം കുറേ നാള്‍ ആ പ്ലാസ്റ്റിക് കവറില്‍ തന്നെ വളര്‍ന്നു. പിന്നെ പറിച്ചു നട്ടപ്പോള്‍ കരിയാന്‍ തുടങ്ങി. തീപ്പെട്ടി മരത്തിന്റെ തടികള്‍ നേരിയ ചീളുകളാക്കിയാണ് തീപ്പെട്ടിയുണ്ടാക്കുന്നതെത്രെ. പക്ഷെ ഞാന്‍ കരുതി എന്റെ മരം വലുതാകുമ്പോള്‍ നിറയെ തീപ്പെട്ടികള്‍ അതില്‍ ഉണ്ടാവുമെന്ന്. സ്‌കൂളിലേക്കു പോകുന്നവഴിയില്‍ കാണുന്ന ഒറ്റയ്ക്കു വളരുന്ന തക്കാളിയും, പയറുവള്ളിയും മത്തനും കുമ്പളനുമൊക്കെ ഞാന്‍ ശ്രദ്ധയോടെ വേരോടെ പറിച്ചെടുത്ത് വീട്ടില്‍ ഞാന്‍ നട്ടിരുന്നു. ഞാന്‍ വീട്ടുപണിക്ക് പോയിരുന്ന കൊള്ളന്നൂര്‍ തറവാട്ടിന്റെ പുറക് വശത്ത് വെണ്ടയും കയ്പ്പയും കൃഷിചെയ്യാന്‍ അവരെനിക്ക് അനുവാദം തന്നു, പകരം അവരുടെ തെങ്ങുകള്‍ക്ക് വെള്ളം നനയ്ക്കണം. എനിക്കു സന്തോഷമായി. കീറിയ ചാലുകളിലൂടെ പാഞ്ഞു വരുന്ന വെള്ളം തടമാറ്റി തെങ്ങിന്റെ തടത്തിലേക്ക് ഒഴുക്കി വിടുമായിരുന്നു. വെള്ളം കുടിക്കാനും, കുളിക്കാനുമൊക്കെയായി വരുന്ന കാക്കകള്‍ക്കൊപ്പം ഞാനും തെങ്ങുകളും നനഞ്ഞു കുതിരുമായിരുന്നു. ത്രേസുട്ട്യേച്ചിയുടെ വീടിന്റെ മുറ്റത്തുള്ള ബദാമിന്റെ ചുവടെ ഇരുന്നാണ് പ്രീ-ഡിഗ്രിക്ക് കനുപ്രിയ പഠിച്ചത്. മാമ്പൂ വീണ നടപ്പാതകളിലൂടെ കടന്നു വരുന്ന കണ്ണനെ കാത്തിരിക്കുന്ന രാധയെക്കുറിച്ചുള്ള പാഠം. അതു ഞാന്‍ ആസ്വദിച്ചത് ആ മരത്തിന്റെ കീഴിലായിരുന്നു.വീട്ടിന്റെ മേലേക്ക് ചാഞ്ഞനീലന്‍ മാവ് അപ്പാടെ വെട്ടിയപ്പോള്‍ അമ്മ വിഷമിച്ചത് ഇന്നും ഓര്‍ക്കുന്നു. എന്തിനാണ് ഞാവല്‍ മുറിച്ചതെന്ന് ഇപ്പോഴും അറിയില്ല, ഞാന്‍ ചോദിച്ചതുമില്ല.

Leave a Reply

Your email address will not be published. Required fields are marked *