ഒരു മെഴുകുതിരിച്ചോദ്യം

 
 
 
 
സത്നം സിങ്ങിനു വേണ്ടി ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധ പരിപാടി നമ്മളോട് പറയുന്നതെന്ത് ? പ്രസിദ്ധ കോളമിസ്റ്റ് എസ് ഗോപാലകൃഷ്ണന്‍ എഴുതുന്നു.

 
 
സത്നാം സിംഗിന്റെ മരണത്തില്‍ മറ്റൊരു കാര്യം കൂടി പറയാനുണ്ട്. സത്നാം ഒരു പരദേശി ആയതാണോ ഈ അവഗണനക്ക് കാരണം? ആഴക്കടലില്‍ രണ്ട് മലയാളികള്‍ പരദേശികളുടെ വെടികൊണ്ട് മരിച്ചപ്പോള്‍ ഉണ്ടായ വേദന, മാനസിക അസ്വാസ്ഥ്യമുളള ഒരു പരദേശി കേരളത്തില്‍ ആദ്യം ഒരാശ്രമത്തിലും, പിന്നെ ഒരു ജുഡിഷ്യല്‍ കസ്റ്റഡിയില്‍ മരണം വരെയും മര്‍ദ്ദിക്കപ്പെട്ടപ്പോള്‍ നമുക്ക് ഉണ്ടായോ? കേരളത്തില്‍ കൂലിപ്പണി ചെയ്യുന്ന ബീഹാറിയോടും ബംഗാളിയോടും ഉള്ള സമീപനത്തില്‍ ഈ ഒരു ‘അമാനവികത’ ഒരു പക്ഷേ നമുക്ക് ഉണ്ടായിരിക്കണം. – സത്നം സിങ്ങിനു വേണ്ടി ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധ പരിപാടിയൂടെ പശ്ചാത്തലത്തില്‍ പ്രസിദ്ധ കോളമിസ്റ്റ് എസ് ഗോപാലകൃഷ്ണന്‍ എഴുതുന്നു
 
 

 
 

എസ് ഗോപാലകൃഷ്ണന്‍

ആഗസ്ത് പത്തൊന്‍പതാം തീയതി സത്നാം സിംഗിന്റെ പിറന്നാള്‍ ആയിരുന്നു. അന്ന് ദില്ലിയിലെ ജന്തര്‍ മന്തറില്‍ ഒരു കൂട്ടായ്മ നടന്നു. നൂറോളം ചെറുപ്പക്കാര്‍ മെഴുകുതിരി കൊളുത്തി മുദ്രാവാക്യം വിളിച്ചു: ” സത്നാം സിംഗിന് നീതി ഉറപ്പാക്കുക”. മാനവരാശിക്കും, കേരളത്തിന് മുഖ്യമായും അപമാനകരമാം വിധം കൊല്ലപ്പെട്ട സത്നാം സിങ്ങിനു വേണ്ടി സഹോദരന്‍ ആണ് ആദ്യം വിളക്ക് കൊളുത്തിയത്. സത്നാമിന്റെ ആത്മശാന്തിക്കായി രക്തബന്ധുക്കളുടെ അന്ത്യകര്‍മങ്ങള്‍ കഴിഞ്ഞതിനാല്‍ സഹോദരന്‍ തല മുണ്ഡനം ചെയ്തിരുന്നു. ആള്‍കൂട്ടത്തില്‍ ബീഹാറില്‍ നിന്നെത്തിയ സത്നാമിന്‍റെ പള്ളിക്കൂട സഹപാഠികള്‍ ഉണ്ടായിരുന്നു. അവിടെ ഉണ്ടായിരുന്ന ഒന്നോ രണ്ടോ മലയാളികളില്‍ ഒരാളായിരുന്ന ഞാന്‍ വധ ശിക്ഷ അംഗീകരിക്കുവാന്‍ തയ്യാറായ ഒരു മാനസികാവസ്ഥയിലും കുറ്റബോധത്തിലുമാണ് നിന്നത്.
 
 

 
 
മെഴുകുതിരി കൊളുത്തി പ്രതിഷേധിക്കുന്നതിന് മുന്‍പ് , സത്നാമിന്റെ ചേട്ടന്‍ ചുരുങ്ങിയ വാക്കുകളില്‍ അനിയന്‍ കേരളത്തില്‍ കൊല്ലപ്പെട്ട സാഹചര്യം വിശദീകരിച്ചു. ആരെയും പേരെടുത്തു പറഞ്ഞു കുട്ടപ്പെടുത്താത്ത ആ മാന്യത ഏതായാലും സത്നാമിനും ഉണ്ടായിരുന്നിരിക്കണം. തങ്ങളുടെ ചങ്ങാതി ഒരു പൂമ്പാറ്റയെ പോലും ഒരിക്കലും നോവിക്കാത്ത ആള്‍ ആയിരുന്നു എന്ന് കൂടുകാര്‍ ഓര്‍മിച്ചു. ഗ്രാമത്തില്‍ ഉള്ളവര്‍ അവനെ ‘ഗൂഗിള്‍ ‘ എന്ന് കളിയാക്കി വിളിച്ചിരുന്നു. നാട്ടുകാരുടെ മിക്ക സംശയവും തീര്‍ക്കാനുള്ള അറിവ് സത്നാം ചെറിയ പ്രായത്തില്‍ നേടി എന്ന് ഒരു സുഹൃത്ത് പറഞ്ഞു. ദൈവശാസ്ത്രം ആയിരുന്നു ഇഷ്ട വിഷയം. ഹിന്ദു- ക്രിസ്ത്യന്‍- മുസ്ലീം, ബുദ്ധ- ജൈന- പാര്‍സി ദൈവശാസ്ത്രങ്ങള്‍ അയാള്‍ ഹൃദിസ്ഥമാക്കി. ‘തൃപ്തി- ദു:ഖങ്ങളിലേക്ക് ഊയലാടുന്ന ആ മനസ്സ് സമ്മര്‍ദങ്ങളെ തുടര്‍ന്ന് ചികിത്സ നേടിയിരുന്നു. ഇത്തരം ആളുകള്‍ നമുക്കിടയില്‍ നിരവധിയാണ്. ഇങ്ങനെ ഒരു മരണം എന്‍റെ അനിയന്‍ അര്‍ഹിച്ചിരുന്നില്ല’ സഹോദരന്‍ അതിതീവ്രമായ ഒരു നിസ്സംഗതയാല്‍ പറഞ്ഞു. എന്തിനുമുപരി മലയാളിയായ എനിക്ക് കടുത്ത ഹൃദയഭാരത്താല്‍ മാത്രമേ അവിടെ നില്‍ക്കാന്‍ കഴിഞ്ഞുള്ളൂ. വല്ലാത്ത അപമാന ബോധം വേട്ടയാടിക്കൊണ്ടിരുന്നു. തലകുനിച്ചാണ് ഞാന്‍ വിളക്ക് കൊളുത്തിയത്. പുകള്‍പെറ്റ ആശ്രമങ്ങളില്‍ കൊളുത്തുന്ന നക്ഷത്ര ദീപങ്ങളെ മിന്നാമിനുങ്ങുകള്‍ ആക്കുന്ന തീവ്രാഗ്നി അവിടെ കൊളുത്തിയ മെഴുകുതിരിയില്‍ ഞാന്‍ കണ്ടു.
 
 

ജന്തര്‍ മന്തറില്‍ സത്നാമിന്റെ സഹോദരന്‍ വിമല്‍ സം സാരിക്കുന്നു


 
 
എന്നാല്‍ ഏറ്റവും ഞെട്ടിപ്പിക്കുന്ന സംഗതിയായി തോന്നിയത് കേരളത്തിലെ മുഴുവന്‍ ടി.വി. വാര്‍ത്താ ചാനലുകളും ക്യാമറയുമായി അവിടെ വന്നിരുന്നു എന്നതാണ്. സത്നാം സിങ്ങിന്‍റെ അസ്വാഭാവികമരണത്തിനെതിരെയുള്ള കേരള സമൂഹത്തിന്റെ പ്രതികരണം മാധ്യമങ്ങളില്‍ കണ്ട്, സായാഹ്നങ്ങളില്‍ വീട്ടിലിരുന്ന്, ധാര്‍മിക രോഷം കൊള്ളാന്‍ മാത്രമുള്ളതാണോ? ഒരിക്കലും അവസാനിക്കാത്ത ഈ മാധ്യമ വിചാരണകള്‍ ഇങ്ങനെ കണ്ട് കൊണ്ടിരിക്കുന്നത് ഭീരുത്വം നിറഞ്ഞ ഒരു തരം ‘സ്വയംഭോ —-‘ തൃപ്തി മലയാളിയുടെ ധാര്‍മിക സത്തക്ക് നല്‍കുന്നുണ്ടോ?
 
 

 
 
സത്നാം സിംഗിന്റെ മരണത്തില്‍ മറ്റൊരു കാര്യം കൂടി പറയാനുണ്ട്. സത്നാം ഒരു പരദേശി ആയതാണോ ഈ അവഗണനക്ക് കാരണം? ആഴക്കടലില്‍ രണ്ട് മലയാളികള്‍ പരദേശികളുടെ വെടികൊണ്ട് മരിച്ചപ്പോള്‍ ഉണ്ടായ വേദന, മാനസിക അസ്വാസ്ഥ്യമുളള ഒരു പരദേശി കേരളത്തില്‍ ആദ്യം ഒരാശ്രമത്തിലും, പിന്നെ ഒരു ജുഡിഷ്യല്‍ കസ്റ്റഡിയില്‍ മരണം വരെയും മര്‍ദ്ദിക്കപ്പെട്ടപ്പോള്‍ നമുക്ക് ഉണ്ടായോ? കേരളത്തില്‍ കൂലിപ്പണി ചെയ്യുന്ന ബീഹാറിയോടും ബംഗാളിയോടും ഉള്ള സമീപനത്തില്‍ ഈ ഒരു ‘അമാനവികത’ ഒരു പക്ഷേ നമുക്ക് ഉണ്ടായിരിക്കണം.

3 thoughts on “ഒരു മെഴുകുതിരിച്ചോദ്യം

  1. ഇത്തരം നിര്‍ഭാഗ്യകര മായ ഒരിക്കലും നടക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ നാം ദിവസേന കേള്‍ക്കുന്നു. അന്വേഷണം നടക്കുന്നു. അദ്ദേഹം ബീഹാര്‍ കാരന്‍ ആണോ ആന്ധ്രാ കാരന്‍ തത്വശാസ്ത്രം പഠിച്ചു വന്ന ആളാണോ പമ്പര വിഡ്ഢി ആണൊ എന്നൊന്നുമല്ല പ്രശ്നം , ആര്‍ക്കാണ് ജീവന്‌ വിലയില്ലാതെ ഉള്ളത്‌?
    ജനകൂട്ടത്തില്‍ അബ്നോര്‍മല്‍ ആയി ഓടിയടുക്കുമ്പോള്‍ എവിടെയയാലും ചിലപ്പോള്‍ ബല പ്രയോഗങ്ങള്‍ ഉണ്ടായേക്കാം. സ്വയം രക്ഷയുടെ ഭാഗമായി അതിനെ കാണാം. ഈ പ്രശ്നത്തെപ്പറ്റി ചിലര്‍ വൈകാരികമായ ആകുലതകളും പ്രകടിപ്പിച്ചു കാണുന്നു.പ്രതേകിച്ചും അമൃത പുരിയില്‍ നടന്ന കാര്യമായതിനാല്‍ അതരത്തിലും മുതലെടുക്കാന്‍ നോക്കുന്നുണ്ട്. ഇദേഹത്തിന്റെ കാര്യങ്ങള്‍ അറിയാവുന്ന കുടുംബത്തിനും ഇദ്ദേഹത്തിന്റെ സുരകഷ് ഉറപ്പാക്കാന്‍ കടമ ഉണ്ടയിരുന്നില്ലേ?ഇത്തരം കാര്യങ്ങള്‍ കുറച്ചുകൂടി
    പക്വത പുലര്‍ത്തുന്ന തരത്തില്‍ കൈകാര്യം ചെയ്യേണ്ടത് ആവശ്യമാണ്‌.

  2. അല്ല ഗോപാലക്രിഷ്ണന്, മലയാളിക്കു ഭയമാണു മതത്തിന്റെ പിണിയാളുകളൊട് . അതു ഹിന്ദുവായാളും മുസ്ലിമായാലും ക്രിസ്ത്യാനിയായാലും . ഉമ്മന്‍ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും പിണറായിയും മാണിയും ഭരണ പ്രതിപക്ഷ കക്ഷികള്‍ എല്ലാവരും ഏതാനും ചില എഴുത്തുകാരൊഴിച്ച് മറ്റുള്ളവരെല്ലാം തന്നെ ‘അമ്മയേയും അച്ചന്മാരേയും താടിയാക്കന്മാരേയും ഭയപ്പെട്ടാണിരിക്കുന്നത്. രണ്ടു ദിവസം കഴിഞ്ഞാല്‍ നാമിതു മറക്കും , മറ്റൊരു കൊല അവിടെ എവിടെയെങ്കിലും അരങ്ങേറുന്നതു വരെ.

  3. ഒരിക്കലും അവസാനിക്കാത്ത മാധ്യമ വിചാരണകള്‍ ഇങ്ങനെ കണ്ട് കൊണ്ടിരിക്കുന്നത് ഭീരുത്വം നിറഞ്ഞ ഒരു തരം സ്വയംഭോഗതൃപ്തി മലയാളിയുടെ ധാര്‍മിക സത്തക്ക് നല്‍കുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *