ഊഹാപോഹങ്ങളുടെ രാഷ്ട്രീയം 

 
 
 
 

കാഞ്ഞങ്ങാട് ഈയിടെ സാമുദായിക സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ നമ്മുടെ മതേതര വേരുകളെക്കുറിച്ച് ഒരു വിചിന്തനം.
അധ്യാപകനും എഴുത്തുകാരനുമായ ഉമ്മര്‍ ടി കെ എഴുതുന്നു

 
 

നൂറ്റാണ്ടുകളായി ഒരുമിച്ചു കഴിയുന്ന ജനങ്ങള്‍ക്കിടയിലേക്കാണ് അവരാരും ഇച്ഛിക്കാതെ കലാപം കടന്നു വരുന്നത്. കാഞ്ഞങ്ങാട് പോലെ ഭിന്ന മത സംസ്കാര മുദ്രകള്‍ സമന്വയിച്ച് കിടക്കുന്ന ഇടങ്ങളിലേക്ക് അവിശ്വാസത്തിന്റെയും അനൈക്യത്തിന്റെയും കനലുകള്‍ വന്നു വീഴുന്നു.വിവേക ശാലികളും ത്യാഗികളുമായ അനേകം പേര്‍ പടുത്തുയര്‍ത്തിയ സംസ്കാര സമന്വയത്തിന്റെ പുതിയ കോട്ടകളെ തകര്‍ക്കാന്‍ വികാരങ്ങളുടെ, വിദ്വേഷങ്ങളുടെ ചെറു കനലുകള്‍ മതി.
ഒരു ചെറിയ ഗ്രൂപ്പ് തീരുമാനിക്കുന്ന അജണ്ടകള്‍ക്കനുസരിച്ചു സമൂഹം അന്ധമായി നീങ്ങുന്നത് നാമിവിടെ കാണുന്നു. നാം കരുതിയിരിക്കേണ്ടതുണ്ട്. ഒരൊറ്റ ദിവസം കൊണ്ട് ഒന്നായി ജീവിച്ചവര്‍ കാതങ്ങള്‍ക്കകലെയാകുന്നു. ഇത്തരം പ്രചാരണങ്ങളിലൂടെ ചെറിയ ചില ഗ്രൂപ്പുകള്‍ സൃഷ്ടിക്കുന്ന വികാരങ്ങള്‍ക്ക് സമൂഹം അടിപ്പെട്ടു പോകുന്നതും നാം കാണേണ്ടതുണ്ട്. – കാഞ്ഞങ്ങാട് ഈയിടെ സാമുദായിക സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ നമ്മുടെ മതേതര വേരുകളെക്കുറിച്ച് ഒരു വിചിന്തനം. അധ്യാപകനും എഴുത്തുകാരനുമായ ഉമ്മര്‍ ടി കെ എഴുതുന്നു

 

 

വിശ്വാസമാണോ സംസ്കാരമാണോ മുഖ്യം? ഒരിക്കല്‍ ക്ലാസ്സില്‍ ഒരു ചര്‍ച്ചക്ക് തുടക്കമിട്ടതാണ്. ഭൂരിഭാഗം പേരും ഉത്തരം പറഞ്ഞത് വിശ്വാസം എന്നായിരുന്നു. വിശ്വാസത്തിനു ഒരു തലം മാത്രമേയുള്ളൂ. സംസ്കാരത്തിന് ബഹു തലങ്ങളുണ്ട് എന്ന് ക്ലാസ്സില്‍ പറഞ്ഞില്ല. ആശയങ്ങള്‍ അടിച്ചേല്‍പിക്കുന്നത് വിപരീത ഫലമേ ചെയ്യൂ. നമുക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ (നമ്മുടെ ശരികളെല്ലാം ശരിയാകണമെന്നില്ല) കുട്ടികളില്‍ നിന്ന് തന്നെ ഉരുത്തിരിച്ചു കൊണ്ട് വരുന്നതാണ് കൂടുതല്‍ ജനാധിപത്യപരമായരീതി.

ക്ലാസ്സിലെ ഒരു മുസ്ലിം പെണ്‍കുട്ടിയോട് ചോദിച്ചു: അവള്‍ ഒരു ജോലി കിട്ടി അറേബ്യയിലേക്ക് പോവുകയാണ്. അവിടെ രണ്ടു മുറികളില്‍ ഏതെങ്കിലും ഒരു മുറി അവള്‍ക്കു താമസിക്കാനായി തെരഞ്ഞെടുക്കാം. ഒന്നില്‍ ഒരു അറബി പെണ്‍കുട്ടി, രണ്ടാമത്തേതില്‍ കേരളത്തിലെ ഒരു ഹിന്ദു പെണ്‍കുട്ടി.

നിസ്സംശയം അവള്‍ ഉത്തരം പറഞ്ഞത് ഹിന്ദു പെണ്‍കുട്ടിയുടെ കൂടെ എന്നാണ്. എന്ത് കൊണ്ട് എന്ന എന്റെ ചോദ്യത്തിന് അവള്‍ മറുപടി പരതി.വിശ്വാസമാണ് മുഖ്യമെങ്കില്‍ അവള്‍ മുസ്ലിം പെണ്‍കുട്ടിയോടൊപ്പം താമസിക്കണമായിരുന്നു. എന്നാല്‍ അവള്‍ തെരഞ്ഞെടുത്തത് ഹിന്ദു പെണ്‍കുട്ടിയെ ആയിരുന്നു.അവളുടേത് ശരിയായ തീരുമാനമായിരുന്നോ?ക്ലാസ്സിലെ എല്ലാവരും ആ തീരുമാനത്തോട് യോജിക്കുക തന്നെയായിരുന്നു.

ഉമ്മര്‍ ടി കെ

ഇത് സൂചിപ്പിക്കുന്നതെന്താണ്? കേരളത്തിലെ ഒരു മുസ്ലിം കുട്ടിയേയും അറേബ്യയിലെ ഒരു മുസ്ലിം കുട്ടിയേയും ഒന്നിപ്പിക്കുന്ന വിശ്വാസത്തിന്റെ ഒരു തലം ഉണ്ട്. അതോടൊപ്പം കേരളീയരെ തമ്മില്‍ ബന്ധിപ്പിക്കുന്ന അനേകം ഘടകങ്ങള്‍ വേറെയുമുണ്ട്. അവ എന്തൊക്കെയാണ്? നമ്മുടെ ഭാഷ,വേഷം, വിചാരങ്ങള്‍, വികാരങ്ങള്‍, സ്വപ്നങ്ങള്‍, പ്രതീക്ഷകള്‍ ചിന്താരീതികള്‍, മനോഘടന ഇങ്ങനെ എണ്ണിയെണ്ണി പറയാന്‍ ഏറെയുണ്ട്. മലയാളി എന്ന സ്വത്വബോധത്തിന്റെ പ്രാധാന്യം ആണ് ഇത് സൂചിപ്പിക്കുന്നത്. സംസ്കാരത്തിന്റെ ബഹുതലങ്ങളെപറ്റി അധികം വിശദീകരിക്കേണ്ടതില്ലല്ലോ. ഇത് കുറച്ചു കൂടി താഴെ തട്ടിലേക്ക് കൊണ്ട് വരാം.

കാഞ്ഞങ്ങാട്ടുള്ള ഭിന്ന സമുദായക്കാരായ രണ്ടു കുട്ടികള്‍ ഡല്‍ഹിയില്‍ ചെന്നാല്‍ അവര്‍ തങ്ങളുടെ സമുദായത്തില്‍പെട്ട കുട്ടികളെക്കാള്‍ സ്വന്തം നാട്ടുകാരെയല്ലേ കൂടെ താമസിക്കാന്‍ കൂട്ടുക? ഇവിടെ കാഞ്ഞങ്ങാട്ടുകാരന്‍ എന്ന ദേശസ്വത്വത്തിനാണ് പ്രാധാന്യം കിട്ടിയത്. നാട്ടുകാരന്‍ ഇവിടെ മുഖ്യമായി വരുന്നു. നാം കേരളീയര്‍ എന്ന് പറയുമ്പോഴും അതില്‍ തന്നെ ഭിന്ന സംസ്കാര ഘടകങ്ങളുണ്ട്. അവിടെയും വിശ്വാസത്തെക്കാള്‍ നമ്മെ ബന്ധിപ്പിക്കുന്നത് ഈ സംസ്കാരഘടകങ്ങളാണ് എന്ന് കാണാന്‍ കഴിയും. സംസ്കാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇത്രയധികംപറഞ്ഞു വന്നത് സംസ്കാരത്തെ രണ്ടാമതായി കാണാനുള്ള പ്രവണത ഇന്ന് സമൂഹത്തില്‍ ശക്തമായി വരുന്നത് കൊണ്ടാണ്.

ഇവിടുത്തെ ഒരു മുസ്ലിമിന്റെ സാംസ്കാരികമായ അനുഭവ മണ്ഡലങ്ങള്‍ കേരളീയമാണ്. അത് ഇവിടുത്തെ മറ്റു മതക്കാരുമായാണ് അടുത്ത് നില്‍കുന്നത്.നമ്മുടെ ജനനം മുതല്‍ മരണം വരെയുള്ള ആചാര അനുഷ്ഠാന രീതികള്‍ തികച്ചും കേരളീയമാണ്. ജനനത്തോടനുബന്ധിച്ച് എത്രമാത്രം ചടങ്ങുകളാണ് ഇവിടുത്തെ മുസ്ലിങ്ങള്‍ക്കുള്ളത്? അത് പോലെ വിവാഹത്തോടനുബന്ധിച്ച്ും. ഇവയെല്ലാം കേരളത്തിലെ ഇതര മതസ്ഥരുടെ ആചാരങ്ങളോടാണ് അടുത്തു നില്‍ക്കുന്നത്. അറേബ്യന്‍ ആചാരങ്ങളോടല്ല. അവ ഇവിടെ നിന്ന് സ്വാഭാവികമായി രൂപപ്പെട്ടതാണ്.ഇവിടുത്തെ ഏതു മതവിശ്വാസികളുടെയും ആചാരങ്ങള്‍ മതപരമെന്നതിനെക്കാള്‍ കേരളീയമാണ്. ഇതാണ് നമ്മെ ശക്തമായി ബന്ധിപ്പിക്കുന്നത്. നമ്മുടെ സാംസ്കാരികമായ ഈ ഐക്യം തിരിച്ചറിയാന്‍ നമുക്ക് വളരെ ദൂരെ സഞ്ചരിക്കേണ്ടി വന്നെന്നുമാത്രം!

 

 

നമ്മുടെ മതപരവും അല്ലാത്തതുമായ അനുഷ്ഠാനങ്ങളിലും ആചാരങ്ങളിലുമെല്ലാം സാംസ്കാരികവും സാമുദായികവുമായ സമന്വയത്തിന്റെ മുദ്രകളുണ്ടായിരുന്നു. കാസറഗോഡ് ജില്ലയില്‍ കെട്ടിയാടുന്ന തെയ്യങ്ങളില്‍ പോലും ഈ സ്വാധീനം കാണാം .(മാപ്പിളതെയ്യം, മാപ്പിളയും ചാമുണ്ഡിയും) പല പ്രദേശങ്ങളിലെയും ഉത്സവങ്ങളില്‍ മുസ്ലിം സമുദായത്തിന്റെ പ്രാതിനിധ്യം പണ്ട് മുതലേ ഉണ്ടായിരുന്നു. മുസ്ലിങ്ങളുടെ ദര്‍ഗകള്‍ അമുസ്ലിങ്ങള്‍ക്കും പുണ്യകേന്ദ്രങ്ങളായിരുന്നു.

ഇങ്ങനെ നൂറ്റാണ്ടുകളായി ഒരുമിച്ചു കഴിയുന്ന ജനങ്ങള്‍ക്കിടയിലേക്കാണ് അവരാരും ഇച്ഛിക്കാതെ കലാപം കടന്നു വരുന്നത്. കാഞ്ഞങ്ങാട് പോലെ ഭിന്ന മത സംസ്കാര മുദ്രകള്‍ സമന്വയിച്ച് കിടക്കുന്ന ഇടങ്ങളിലേക്ക് അവിശ്വാസത്തിന്റെയും അനൈക്യത്തിന്റെയും കനലുകള്‍ വന്നു വീഴുന്നു.വിവേക ശാലികളും ത്യാഗികളുമായ അനേകം പേര്‍ പടുത്തുയര്‍ത്തിയ സംസ്കാര സമന്വയത്തിന്റെ പുതിയ കോട്ടകളെ തകര്‍ക്കാന്‍ വികാരങ്ങളുടെ, വിദ്വേഷങ്ങളുടെ ചെറു കനലുകള്‍ മതി.

ഒരു ചെറിയ ഗ്രൂപ്പ് തീരുമാനിക്കുന്ന അജണ്ടകള്‍ക്കനുസരിച്ചു സമൂഹം അന്ധമായി നീങ്ങുന്നത് നാമിവിടെ കാണുന്നു. നാം കരുതിയിരിക്കേണ്ടതുണ്ട്. ഒരൊറ്റ ദിവസം കൊണ്ട് ഒന്നായി ജീവിച്ചവര്‍ കാതങ്ങള്‍ക്കകലെയാകുന്നു. ഇത്തരം പ്രചാരണങ്ങളിലൂടെ ചെറിയ ചില ഗ്രൂപ്പുകള്‍ സൃഷ്ടിക്കുന്ന വികാരങ്ങള്‍ക്ക് സമൂഹം അടിപ്പെട്ടു പോകുന്നതും നാം കാണേണ്ടതുണ്ട്.
 


 

കേരളത്തില്‍ ഹിന്ദുക്കള്‍ക്ക് ഒരു പ്രശ്നവും മുസ്ലിങ്ങള്‍ക്കോ ക്രിസ്ത്യാനികള്‍ക്കോ മറ്റൊരു പ്രശ്നവുമോ ഇല്ല . സാമൂഹികവും സാമ്പത്തികവുമായ പ്രശ്നങ്ങള്‍ എല്ലാ മനുഷ്യരെയും ഒരുപോലെ ബാധിക്കുന്നതാണ്. ഇല്ലായ്മകളിലും വല്ലായ്മകളിലും മുടന്തി ജീവിതം മുന്നോട്ട് നീക്കാന്‍ പാടുപെട്ട പഴയ തലമുറയോട് ചോദിച്ചു നോക്കു. ഒരൊറ്റ പാത്രത്തില്‍ ഉണ്ട ഒരു കാലത്തെ പറ്റി അവര്‍ക്ക് പറയാനുണ്ടാകും.ദാരിദ്യ്രവും കഷ്ടപ്പാടുകളും മനുഷ്യരെ കൂടുതല്‍ ഒരുമിപ്പിക്കുന്നു എന്നാണോ ഇതിനര്‍ത്ഥം?

സുനാമി ദുരന്തത്തോടനുബന്ധിച്ച് പത്രത്തില്‍ വന്ന ഒരു ചിത്രം ഇപ്പോഴും ഓര്‍ക്കുന്നു. തമിഴ്നാടിന്‍റെ തീരപ്രദേശത്ത് ദുരന്തത്തില്‍ മരിച്ചവരെ മുഴുവന്‍ ജെ സി ബി കൊണ്ട് ഒരൊറ്റ കുഴിയില്‍ അടക്കം ചെയ്യുന്നു. അതില്‍ മുസ്ലിമുണ്ട്, ക്രിസ്ത്യാനിയുണ്ട്, ദളിതനും ബ്രാഹ്മണനുമുണ്ട്. എല്ലാ വിഭാഗങ്ങളിലെയും പുരോഹിതന്മാര്‍ ശവക്കുഴിക്കരികില്‍ നിന്ന് അവരവരുടെ പ്രാര്‍ത്ഥനകള്‍ ഉരുവിടുന്നു. സമാധാന കാലത്തിനു കൊണ്ടു വരാന്‍ കഴിയാത്ത ഈ ഐക്യം ദുരന്തം കൊണ്ട് വരുന്നു എന്നാണോ? മനുഷ്യ ജീവിതം അടിസ്ഥാന പരമായി ഒന്നാണെന്ന് പഠിപ്പിക്കുകയാണോ പ്രകൃതി ഇത്തരം ദുരന്തങ്ങളിലൂടെ? സമ്പന്നത നമ്മെ മനുഷ്യത്വമില്ലാത്ത വെറും മതവിശ്വാസികളാക്കി മാറ്റുകയാണോ? ചര്‍ച്ച ചെയ്യേണ്ടതാണ് ഇവ.

കലാപത്തിനു ഒരു നാവ് മതി.എന്നാല്‍ സമാധാനത്തിനു ആയിരം നാവുകള്‍ വേണം. പ്രശസ്ത ചിന്തകനായ ശ്രി എം.എന്‍ .വിജയന്റെ ഈ വാക്കുകള്‍ ഉദ്ധരിച്ചു കൊണ്ട് അവസാനിപ്പിക്കട്ടെ.

 

 

‘ഒരിക്കലേ മരിക്കു എന്നത് നാം ഇടക്കെങ്കിലും മറന്നു പോകുന്ന വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഒരു പക്ഷെ നാം മറന്നു പോകുന്ന മറ്റൊരു കാര്യം മൌനമാണ് ഫാസിസത്തിന് വളരാന്‍ ഏറ്റവും വളക്കുറുള്ള മണ്ണ് എന്നതുമാണ്. അത് കൊണ്ട് എവിടെയൊക്കെ മൌനമുണ്ടോ ആ മൌനത്തെ ഭേദിക്കുകയും എവിടെയൊക്കെ അയല്‍ക്കാരുണ്ടോ അവരുമായി ബന്ധം സ്ഥാപിക്കുകയും എവിടെയൊക്കെ സദ്യകളും വിവാഹങ്ങളും അടിയന്തരങ്ങളുണ്ടോ അവിടെയെല്ലാം ഇടകലരുകയും വേണം.

അയല്‍പക്കക്കാരെ അയല്‍പക്കക്കാരില്‍ നിന്നും അകറ്റുക എന്നത് ഒരു ഫാസിസ്റ് തന്ത്രമാണ്.നമ്മള്‍ അയല്‍ക്കാരില്‍ നിന്ന് അകലുമ്പോഴാണ് നമ്മള്‍ നമ്മളിലേക്ക് ഒതുങ്ങിക്കൂടുമ്പോഴാണ്, സ്ഫോടകമായ ക്രുരതയുണ്ടാകുന്നത്. മിണ്ടാത്തവന്‍ ക്രൂരനായിരിക്കും എന്നുള്ളത് സംഭാഷണത്തിന്റെ പ്രധാനപ്പെട്ട തത്വമാണ് . സ്നേഹത്തിന്റെയും സൌഹൃദത്തിന്റെയും കൂട്ടായ്മയിലൂടെ മാത്രമേ ഫാസിസത്തിനെതിരെ പോരാടാനാവൂ എന്നും നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു’.

 
 
 
 

6 thoughts on “ഊഹാപോഹങ്ങളുടെ രാഷ്ട്രീയം 

  1. വളരെ കാര്യമാത്ര പ്രസക്തമായ ചോദ്യങ്ങളാണ് ഉമ്മർ ടികെ ചൊദിച്ചിരിക്കുന്നത്. കേരളം എല്ലാവരേയും കൈ നീട്ടി സ്വീകരിച്ചു വളരാനൊരിടം കൊടുത്തു, എല്ലാരും വളർന്നു.ഇപ്പോൾ അവരൊക്കെ ഹിന്ദു കേരളീയൻ, ക്രിത്യൻ കേരളീയൻ, ഇസ്ലാം കേരളീയനായിരിക്കുന്നു, പക്ഷെ കേരളീയനെവിടെ?

    സംസ്കാരത്തിൽ നമ്മൾ ഒക്കെ ഒന്നാണ് എന്നു പറയുന്നു. പക്ഷെ കേരളീയരെ, മജോറിട്ടിയും മൈനോരിട്ടിയുമായി രാഷ്ട്രിയമായി വേർതിരിച്ചപ്പോൾ, അതിനു കാതലായി എടുത്തുകാണിച്ചത്, സംസ്കാരിക വ്യത്യസ്ഥതയാണ്. പണ്ടൊരു ക്രിസ്ത്യാനി വിശ്വാസി ഇതിനു ന്യായീകരണം പറഞ്ഞത് അവരുടെ സംസ്കാരം വേറെയാണെന്നാണ്. :))

  2. സത്യസന്ധമായി കാര്യങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍!!!! കേരളത്തില്‍ ഏതൊരു സാധാരണക്കാരനും അനുഭവിക്കാത്ത ഒരു പ്രശ്നവും ഒരു ന്യൂനപക്ഷ ജനതയും അനുഭവിക്കുന്നില്ല എന്നുള്ളതാണ് സത്യം. തങ്ങളുടെ വിശ്വാസ്സമാണ് ശരി എന്ന് മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ഉള്ള ഒരു ശ്രമം 2000-)o ആണ്ടിന് ശേഷമുള്ള കാലങ്ങളില്‍ കേരളത്തില്‍ നടന്നു വരുന്നു. സര്‍ക്കാരുകള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല എങ്കില്‍ ഇത് കേരളത്തിലെ സാംസ്കാരിക വിഭജനത്തിലെക്കും വന്‍ സാമുദായിക കലാപങ്ങളിലേക്കും എത്തിക്കാനുള്ള സാധ്യത വളരെ ദൂരെയല്ല.

  3. Mr. Ummar,

    Good Article.. No Very Good Article…. Congratss.. 1000 times. We should spread this kind of messeges to our society..

Leave a Reply

Your email address will not be published. Required fields are marked *