അമ്മയുടെ മറ്റൊരു മകന്‍

 
 
 
 
സത്നാം സിംഗിന് 22 വര്‍ഷങ്ങള്‍ക്കു മുമ്പ് സമാന സാഹചര്യത്തില്‍ ഇല്ലാതാക്കപ്പെട്ട നാരായണന്‍കുട്ടിയുടെ ജീവിതവും മരണവും.
ഹുസൈന്‍ കെ.എച്ച്. എഴുതുന്നു

 
 

70 മുറിവുകളുമായി സത്നാം സിംഗ് അതിക്രൂരമായി കൊല്ലപ്പെട്ടതിന് 22 വര്‍ഷങ്ങള്‍ക്കു മുമ്പാണ് സമാനമായ സാഹചര്യങ്ങളില്‍ കൊടുങ്ങല്ലൂര്‍ സ്വദേശി നാരായണന്‍ കുട്ടി ഇല്ലാതാക്കപ്പെട്ടത്. സത്നാമിനെപ്പോലെ ശാന്തിതേടി അമൃതാനന്ദപുരിയില്‍ എത്തിയതായിരുന്നു നാരായണന്‍കുട്ടിയും. അവിടെനിന്ന് സത്നാം കൊല്ലപ്പെട്ട പേരൂര്‍ക്കടയിലെ അതേ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചെന്നെത്തി. അവിടെ, തെരഞ്ഞുചെന്ന സഹോദരന്‍ പ്രൊഫ. വി അരവിന്ദാക്ഷ മേനോന്‍ ഒടുവില്‍ കണ്ടത് നാരായണന്‍ കുട്ടിയുടെ മൃതദേഹമായിരുന്നു. പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഒന്നും സംഭവിച്ചില്ല. പിന്നീട്, ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയിട്ടും തുമ്പുണ്ടായില്ല.

ആ ജീവിതവും മരണവും ഏറ്റവും അടുപ്പമുള്ള ചില മനുഷ്യരുടെ ഓര്‍മ്മകളില്‍മാത്രം ശേഷിക്കുന്ന കാലത്താണ് സത്നാം സിംഗിന്റെ കൊലപാതകം. ഇതോടെ നാരായണന്‍ കുട്ടിയുടെ ഓര്‍മ്മകള്‍ വീണ്ടും ഉയിര്‍ത്തെഴുന്നേറ്റിരിക്കുകയാണ്. സത്നാം സിങ്ങിന്റെ മരണമന്വേഷിക്കുന്ന പ്രത്യേക സംഘം ഈ കേസും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് , നാരായണന്‍ കുട്ടിയുടെ മരണത്തെ തുടര്‍ന്ന് രൂപം കൊണ്ട അനുസ്മരണ സമിതി രംഗത്തുവന്നിട്ടുണ്ട്. ഇതിനുള്ള പോരാട്ടം തുടരാനുള്ള ശ്രമങ്ങളിലാണ് അവര്‍.

ഈ സാഹചര്യത്തിലാണ് ആരായിരുന്നു നാരായണന്‍ കുട്ടി എന്ന ചോദ്യം പ്രസക്തമാവുന്നത്. ആ നിലക്കുള്ള ഒരന്വേഷണം തരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. അസാധാരണമായ ധൈഷണിക വഴികളിലൂടെ, കാലത്തിനു മുമ്പേ നടന്ന ഒരാളായിരുന്നു നാരായണന്‍ കുട്ടി. ശാസ്ത്രം, രാഷ്ട്രീയം, സാഹിത്യം, കല, സിനിമ, തത്വശാസ്ത്രം എന്നിങ്ങനെ അനേകം വഴികളിലൂടെ സന്ദേഹിയായി നടന്ന ഒരാള്‍. അപാരമായ സാധ്യതകള്‍ മുന്നിലുണ്ടായിരുന്നിട്ടും കൊലയിലേക്ക് നടന്നുചെന്നൊരാള്‍. തീപിടിച്ചൊരു കാലത്ത് ഒപ്പം ജീവിച്ച ഒരാള്‍ അക്കാര്യം സാക്ഷ്യപ്പെടുത്തുന്നു. ഹുസൈന്‍ കെ.എച്ച്. എഴുതുന്നു

 

 

സത്നാം സിംഗിന്റെ കൊലപാതകത്തെകുറിച്ചുള്ള വാര്‍ത്തകള്‍ക്കിടയില്‍ മറ്റൊരു സംഭവം ഇപ്പോള്‍ കടന്നുവരുന്നുണ്ട്. ഇരുപത്തിരണ്ട് വര്‍ഷംമുമ്പ് സംഭവിച്ച നാരായണന്‍കുട്ടിയുടെ മരണം.

നാരായണന്‍കുട്ടി കൊടുങ്ങല്ലൂര്‍ക്കാരനായിരുന്നു. പ്രൊഫസര്‍ വി. അരവിന്ദാക്ഷമേനോന്റെ അനിയന്‍ ‍. വീട്ടില്‍ വലിയൊരു ഗ്രന്ഥശേഖരമുണ്ടായിരുന്നു. വലിയൊരു വായനക്കാരനും താര്‍ക്കികനുമായിരുന്നു നാരായണന്‍കുട്ടി.

 

ജനയുഗത്തില്‍ വന്ന വാര്‍ത്ത


 

സൂര്യനുതാഴെ എന്തും
അടിയന്തിരാവസ്ഥയ്ക്കുമുമ്പുള്ള ഒരു കാലത്ത് അമ്പലത്തിന്റെ കിഴക്കേനടയിലുള്ള സലാം മാഷിന്റെ വിശ്വഭാരതി ട്യൂട്ടോറിയലില്‍വച്ചാണ് അവനെ പരിചയപ്പെടുന്നത്. ക്ലാസ്സെല്ലാം കഴിഞ്ഞ് കുട്ടികളെല്ലാം പോയിക്കഴിയുമ്പോള്‍ സന്ധ്യാനേരത്ത് സുഹൃത്തുകളെല്ലാം വന്ന് അവിടം നിറയും. തീവ്രരാഷ്ട്രീയക്കാരും കോണ്‍ഗ്രസ്സുകാരും അരാജകവാദികളുമൊക്കെ അക്കൂട്ടത്തിലുണ്ടായിരിക്കും. സൂര്യനുതാഴെയുള്ള എന്തും ചര്‍ച്ചാവിഷയമാകും. ഘോരമായ ഏറ്റുമുട്ടലുകളില്‍ സജീവമായി നാരായണന്‍കുട്ടി മുന്‍പന്തിയിലുണ്ടാകും. കുന്നിക്കല്‍ എന്നാണ് ഞങ്ങളവനെ വിളിച്ചിരുന്നത്.

അക്കാലത്ത് അഷറഫ് പടിയത്ത് എന്ന പടിയന്‍ അനേകം സിനിമാ സംഭവങ്ങള്‍ ഈ സദസ്സില്‍ അവതരിപ്പിച്ചിരുന്നു. ത്രാസത്തിന്റെ സംവിധായകന്‍ ‍. കമലിന്റെ അമ്മാവനാണയാള്‍ ‍. ചില വൈകുന്നേരങ്ങളില്‍ അയാള്‍ ബര്‍ഗ്‌മാന്റെ സിനിമകളെക്കുറിച്ച് സംസാരിച്ചു. സിനിമ അപ്പാടെ തിരക്കഥയായി പറയുകയായിരുന്നു പടിയന്‍ ‍. അന്ന് ബര്‍ഗ്‌മാന്‍ ഒരു കേട്ടുകേള്‍വി മാത്രമാണ്. മരണവും ഞാവല്‍പ്പഴങ്ങളും ഏഴാംമുദ്ര പൊട്ടിച്ച് കണ്‍മുന്നിലെ സ്ക്രീനില്‍ തെളിയുന്നതുപോലെ. എല്ലാം ആസ്വദിച്ച് അപ്പറഞ്ഞതൊക്കെ നുണയാണെന്ന് നാരായണന്‍കുട്ടി പറയും. പടിയന്‍ സ്വന്തം സൃഷ്ടികള്‍ ബര്‍ഗ്‌മാന്റെ തലയില്‍ കെട്ടിവയ്ക്കുകയാണെന്നു പറഞ്ഞ് ശകാരിക്കും. പടിയന്‍ ചിരിച്ചുകൊണ്ട് തിരക്കഥ തുടരും.

 

ബര്‍ഗ്‌മാന്റെ പ്രസിദ്ധമായ തിരക്കഥകളുടെ സമാഹാരം.


 

കുറച്ചു ദിവസം കഴിഞ്ഞ് നാരായണന്‍കുട്ടി ഒരു പുസ്തകം കൊണ്ടുവന്നുതന്നു. ബര്‍ഗ്‌മാന്റെ പ്രസിദ്ധമായ തിരക്കഥകളുടെ സമാഹാരം. നാരായണന്‍കുട്ടിയുടെ ശരികള്‍ വെളിവായതൊന്നും വകവയ്ക്കാതെ പടിയന്‍ സ്വയംതീര്‍ത്ത തിരക്കഥകളിലേക്ക് ചേക്കേറി. 2008 ല്‍ അദ്ദേഹം ആത്മഹത്യചെയ്തു.

 

ആന്‍സല്‍ ആഡംസിന്റെ ഫോട്ടോ


 

പാലായനങ്ങള്‍ക്കും തടവറകള്‍ക്കും ശേഷം
അടിയന്തിരാവസ്ഥക്കാലത്ത് സുഹൃദ്ബന്ധങ്ങളെല്ലാം ഛിന്നഭിന്നമായി. പാലായനങ്ങള്‍ക്കും തടവറകള്‍ക്കും ശേഷം രണ്ടുവര്‍ഷം കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ കൊടുങ്ങല്ലൂരില്‍ വിശ്വഭാരതിയില്ല. പിന്നീട് ഫോര്‍ട്ടിലായിരുന്നു കൂടിച്ചേരല്‍ ‍. ശിവപ്രസാദിന്റെയും ഫോട്ടോഗ്രാഫിയിലെ സൈദ്ധാന്തികനായിരുന്ന കൃഷ്ണകുമാറിന്റെയും സ്റ്റുഡിയോ ആണത്. കോഴിക്കോട് പഠിക്കുമ്പോള്‍ മലയാളത്തിലെ ആദ്യത്തെ കാമ്പസ് സിനിമ സംവിധാനം ചെയ്ത ആള്‍ ‍. ‍ഉത്തരായനത്തിനും മുമ്പാണത്. ഉത്തരായനത്തിന്റെ ആദ്യസീനില്‍ ക്ഷുഭിതനായി കല്ലെറിഞ്ഞ കൃഷ്ണകുമാര്‍ ജീവിതത്തില്‍ അതീവശാന്തനായിരുന്നു. സൗമ്യമായ ചിരിയാല്‍ സുഹൃത്തുക്കളെ മൗനികളാക്കിയവന്‍ ‍. കിഴക്കേനടയിടെ ഫോര്‍ട്ടിലിരുന്നാല്‍ കൊടുങ്ങല്ലുരമ്പലം ഒരു പാനാവിഷനിലെന്നതുപോലെ കാണാം.

രാഷ്ട്രീയവും സാഹിത്യവും മതവും കമ്മ്യൂണിസവും സിനിമയും …എല്ലാം നാരായണന്‍കുട്ടിയുടെ തര്‍ക്കവിഷയങ്ങളായിരുന്നു. ആര്‍ക്കും കയര്‍ക്കാന്‍ ഇടംകൊടുക്കാത്ത കൃഷ്ണകുമാറിനോടും നാരായണന്‍കുട്ടി പിണങ്ങി. കുറെ വൈകുന്നേരങ്ങളില്‍ ആന്‍സല്‍ ആഡംസായിരുന്നു വിഷയം. ഗൂഗിളിന്റ കൈകളാല്‍‍ എല്ലാം എത്തിപ്പിടിക്കാവുന്ന അകലത്തിലല്ലാത്ത അന്ന് ആന്‍സല്‍ ആഡംസിന്റെ കറുപ്പിനും വെളുപ്പിനും ഒന്‍പത് നിറങ്ങളായിരുന്നു. വെളിച്ചത്തിന്റെ വിശുദ്ധി എന്ന് കൃഷ്ണകുമാര്‍ ആഡംസിനെ വിശേഷിപ്പിച്ചപ്പോള്‍ , കറുപ്പിന്റെ തമ്പുരാന്‍ എന്ന് നാരായണന്‍കുട്ടി തിരുത്തി.

ഇന്ന് വര്‍ണ്ണങ്ങളുടെ പെരുക്കത്തില്‍ എല്ലാം നരച്ചിരിക്കുന്നു. വരുംകാലം കണ്ടിട്ടാവണം ക്യാമറക്കണ്ണുകളുമായി നിഴലുകളെ നോക്കിയിരുന്ന കൃഷ്ണകുമാര്‍ ഫോട്ടോഗ്രാഫിയുടെ മരവിപ്പിലേക്ക് സ്വയം നിശ്ശബ്ദനായത്.

 


 

കലഹങ്ങള്‍, സന്ദേഹങ്ങള്‍
വീട്ടിലെ ഗ്രന്ഥശേഖരത്തില്‍ നിന്ന് നാരായണന്‍കുട്ടി ഐസക് അസിമോവിനേയും ഗാമോവിനേയും കൂട്ടിക്കൊണ്ടുവന്നു. അവരോടും അയാള്‍ കലഹിച്ചു. സയന്‍സ് ഫിക്‌ഷനില്‍ അസിമോവ് പ്രദര്‍ശിപ്പിച്ച സൗന്ദര്യാത്മകത ഫിസിക്‌സ് പോപ്പുലറൈസ് ചെയ്യാനായി ബലികഴിച്ചു എന്നായിരുന്നു പരാതി. ഗാമോവിനെ അവന്‍ ഇഷ്ടപ്പെട്ടു. അടയാളങ്ങളും രേഖകളും നഷ്ടപ്പെട്ട, കാലയവനികക്കുള്ളില്‍ മറഞ്ഞ കടല്‍കൊള്ളക്കാരന്‍ കുഴിച്ചിട്ട നിധികള്‍ കണ്ടെടുക്കാനായി അവന്‍ പലപ്പോഴും ഗാമോവിനോടൊപ്പം അമൂര്‍ത്ത സംഖ്യകളുടെ അജ്ഞാതദ്വീപിലേക്ക് യാത്രചെയ്തു.

 

 

ഗാന്ധിസത്തെക്കുറിച്ച് നല്ലവാക്കു പറഞ്ഞാല്‍ അവന്‍ കമ്മ്യൂണിസ്റ്റുകാരന്റെ കുപിതമായ കുപ്പായം എടുത്തണിയും. ഡയലറ്റിക്കല്‍ മെറ്റീരിയലിസം ആരെങ്കിലും ഉരിയാടിയാല്‍ അതൊരന്ധവിശ്വാസമാണെന്നു പുച്ഛിക്കും. സത്യജിത്‌റേയെക്കുറിച്ചുള്ള ചര്‍ച്ചകളിലേക്ക് ബിമല്‍റായിയേയും ശാന്താറാമിനേയും അയാള്‍ കൊണ്ടുവരും. അതിന്റെ അസഹ്യത ആരെങ്കിലും പ്രദര്‍ശിപ്പിച്ചാല്‍ റേ അവരുടെ മുന്നില്‍ ആരുമല്ലെന്നു പറയും. റേയെ ആരെങ്കിലും വിലകുറച്ചു പറയുമ്പോള്‍ ഈറ്റപ്പുലിയെപ്പോലെ റേയ്ക്കുവേണ്ടി ചാടിവീഴും. ഋത്വിക് ഘട്ടക്ക് ഒന്നുമല്ലെന്നുവരെ പറയും. മറ്റൊരുനാള്‍ ഘട്ടക്കിന്റെ മുന്നില്‍ റേ വെറുമൊരു കൊമേഴ്‌സ്യല്‍ മാത്രമെന്ന് ഘോഷിക്കും. ആത്മീയത വിഷയമായി കടന്നുവരുമ്പോള്‍ റസ്സലിലേക്ക് പാഞ്ഞുപോകും. പിറ്റേന്ന് നിരീശ്വരവാദികളെ കണക്കറ്റ് പരിഹസിച്ച് വേദപ്രമാണങ്ങള്‍ നിരത്തും.

ചിന്തകളുടെ വിഭ്രമങ്ങള്‍
അശാന്തമായ ഒരു കടലായിരുന്നു അവന്‍ ‍. ആര്‍ത്തലക്കുന്ന തിരമാലകളില്‍പ്പെട്ട് ഉലഞ്ഞ് അവന്‍ കൊടുങ്ങല്ലൂരമ്പലത്തിനു ചുറ്റും നടന്നു. കണ്ടുമുട്ടുമ്പോള്‍ പെട്ടെന്നു നിന്ന്, മറ്റൊരു ലോകത്തില്‍നിന്ന് ഇറങ്ങിവന്ന് കനപ്പെട്ട ഒരു വിഷയമെടുത്തു അമ്മാനമാടും. വഴിയില്‍ കണ്ടുമുട്ടുന്ന പരിചയക്കാരെ പിടിച്ചുനിര്‍ത്തി ചിതറിപ്പോകുന്ന ചിന്തകളുടെ വിഭ്രമങ്ങള്‍ തീര്‍ക്കും.

അക്കാലത്ത് മുഹമ്മദലിയും അങ്ങനെയായിരുന്നു. അദ്ദേഹം പക്ഷെ നാരായണന്‍കുട്ടിയെക്കാള്‍ അമൂര്‍ത്തമായിരുന്നു. രണ്ടുപേരും കണ്ടുമുട്ടിയ സന്ദര്‍ഭങ്ങള്‍ക്ക് ഞാന്‍ സാക്ഷിയായിരുന്നിട്ടുണ്ട്. അവര്‍ തമ്മില്‍ തര്‍ക്കങ്ങള്‍ ഉള്ളതായി ഓര്‍മ്മയില്ല. മറ്റാര്‍ക്കുമറിയാത്ത, അവര്‍ക്കുമാത്രമറിയാവുന്ന ഒരു കരയിലെത്തിപ്പെട്ടതിന്റെ സ്വാസ്ഥ്യം അവര്‍ക്കിടയില്‍ നിറഞ്ഞുനിന്നു.

ചെറിയ കാര്യങ്ങളെക്കുറിച്ച് അവര്‍ സംസാരിച്ചു. എറിയാട്ടേക്കുള്ള അവസാന ബസ് എപ്പോഴാണ്? കാളീശ്വരിയില്‍ പടം മാറിയോ! മാര്‍ക്‌സിനേയും വിവേകാനന്ദനേയും രണ്ടുപേരും മറന്നതുപോലെ.

 

ഹുസൈന്‍ കെ.എച്ച്


 

മരണത്തിലേക്കുള്ള വഴി

പടിയനും കൃഷ്ണകുമാറും മുഹമ്മദലിയും നാരായണന്‍കുട്ടിയും ഇന്നില്ല. ആദ്യം പോയത് നാരായണന്‍കുട്ടിയാണ്.

ആര്‍ക്കും വേണ്ടാത്ത ഒരു പെണ്ണിനെ നാരായണന്‍കുട്ടി വിവാഹം കഴിച്ചതും കുട്ടിയുണ്ടായതുമൊക്കെ പറഞ്ഞുകേട്ടിട്ടേയുള്ളൂ. ഗാര്‍ഹസ്ഥ്യം അനുഭവിക്കുന്ന നാരായണന്‍കുട്ടിയെ ഞാന്‍ കണ്ടിട്ടില്ല.

1990 മാര്‍ച്ച് മാസത്തിലൊടുവില്‍ നാരായണന്‍കുട്ടി വള്ളിക്കാവിലെത്തി. അമ്മയുടെ പ്രാര്‍ത്ഥന അവന് സമാധാനം പകര്‍ന്നുകാണില്ല. അനുയായികള്‍ അവനെ പിടിച്ചുകൊണ്ടുപോയി പേരൂര്‍ക്കട മാനസികാശുപത്രിയിലാക്കി. ഏപ്രില്‍ നാലാം തീയതി നാരായണന്‍കുട്ടി മരിച്ചു.
 
 
 
 

when you share, you share an opinion
Posted by on Aug 24 2012. Filed under മീഡിയ, വായനാമുറി. You can follow any responses to this entry through the RSS 2.0. You can skip to the end and leave a response. Pinging is currently not allowed.

14 Comments for “അമ്മയുടെ മറ്റൊരു മകന്‍”

 1. Diana

  Paranju theeratha pole.. iniyum enthokkeyo parayanundu.. write more.. loved ur writing.. :)

     0 likes

 2. Riyas

  athe.. avasaanathil, entho orthu, pettennu kondu poyi nirthiya pole undu..

     0 likes

 3. Sarath Chander

  Solemn Remembrances !!

     0 likes

 4. sajeev

  ഇതിനപ്പുറവും പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്ത കാലത്തെ കാര്യമായത് കൊണ്ടാകും. ഇപ്പോഴും, പക്ഷെ, പറയാനിവരെ ഉള്ളു.

     0 likes

 5. Sumesh

  Nice…

     0 likes

 6. Raghuraj Aravindakshan

  Naanu chettan ippozhum vidaathe pinthudarunnu….

     0 likes

 7. Satchidanandan

  എനിക്ക് നാരായണന്കുട്ടിയെ നന്നായി അറിയുമായിരുന്നു. എന്റെ ഇരിഞാലക്ക്കുടയ്ലെ വീട്ടില്‍ എത്രയോ തവണ താമസിച്ചിട്ടുണ്ട്, പുസ്തകങ്ങള്‍ എന്റെ കയ്യില്‍ നിന്ന് വാങ്ങിക്കും, ചിലതൊക്കെ കൊണ്ട് തരും . വിവാഹം കഴിച്ചിട്ടും ഭാര്യയോടൊപ്പം വീട്ടില്‍ ഒരു രാത്രി താമസിച്ചു. അസ്വസ്ഥനായ ഒരു അന്വേഷകന്‍ ആയിരുന്നു സട്നാമിനെപ്പോലെ നാരായണന്‍ കുട്ടിയും. ഇതേ മാതൃക അമരന്തിലും കണ്ടു- ആശ്രമം, ചിത്തരോഗ ആശുപത്രി, മരണം. അന്ന് ഞാന്‍ തൃശ്ശൂരിലെ “സരോവരം ” മാസികയില്‍ എന്റെ പംക്തിയില്‍ നാരായണന്കുട്ടിയെ പ്പറ്റി എഴുതിയിരുന്ന, ആരുടെയെങ്കിലും കയ്യില്‍ അതുണ്ടെങ്കില്‍ ഇവിടെ ഇടാന്‍ അപേക്ഷ, എന്റെ കയ്യില്‍ കാണുന്നില്ല..സച്ചിദാനന്ദന്‍

     3 likes

 8. anvar ali

  ‘സയന്‍സ് ഫിക്‌ഷനില്‍ അസിമോവ് പ്രദര്‍ശിപ്പിച്ച സൗന്ദര്യാത്മകത ഫിസിക്‌സ് പോപ്പുലറൈസ് ചെയ്യാനായി ബലികഴിച്ചു’ ….. സത്യം! എന്തു മാത്രം അസിമോവ് മാരാണ് നമ്മുടെ മലയാളത്തില്‍… ഇഷ്ടപ്പെടാതിരിക്കാന്‍ ക്ഷ നോക്കിയിട്ടും കൊണ്ടു, ഹുസൈന്‍ ജി….

     0 likes

 9. shoukath

  വേദനയോടെ വായിച്ചു… അവസാനിപ്പിക്കാതെ അവസാനിപ്പിച്ചത് വല്ലാത്ത അനുഭവമായി… എന്ത് ചെയ്യാനാ… സ്നേഹം പകരേണ്ട ഇടങ്ങള്‍ മരണം സമ്മാനിക്കുന്നു….

     0 likes

 10. tnjoyi

  @satchi/ gopikrishnan is searching fr yr sarovaram piece. @reghuraj/ your nanuchettan will not be erased as easily as madhs hope. So be with us reghu.. Adiue satnam frm musiris..birthland of narayanankutty

     0 likes

 11. Sasindran

  നാരായണന്‍കുട്ടിയുടെയും ഇപ്പോള്‍ സത്നാം സിങ്ങിന്റെയും ആത്മീയാന്വേഷണം ഒരേ വഴിയില്‍ കൂടി പോയി മോര്‍ച്ചറിയില്‍ ഓടുങ്ങിയത് അന്വേഷിച്ചു മറ്റൊരാള്‍ക്കും ഈ ഗതി വരാതെ നോക്കുക എന്ന ഏറ്റവും ചെറിയ ഒരു കാര്യമെങ്കിലും ചെയ്യിക്കുവനുള്ള നീതിബോധം നമുക്ക് വേണം , PS എം ടി യുടെ നിര്‍മാല്യം സിനിമ വന്ന കാലത്തേ ഒരു ധാര്മികതയെന്കിലും നമുക്കില്ലതവുന്നത് എന്ത്?

     0 likes

 12. Suja Susan George

  പ്രേതങ്ങൾ പട നയിക്കുന്ന ഒരു കാലത്തിലെങ്കിലും കലഹിക്കുമോ നാമീ തട്ടിപ്പു ദൈവങ്ങളോട്……….

     1 likes

 13. വരണ്ട വര്‍ത്തമാന കാലത്തിലേക്ക്
  ഭൂതകാലത്തില്‍ നിന്നും വീണ്ടും ഇടിത്തീകള്‍
  വന്നു വീഴുമ്പോള്‍ ഒരുകാലത്തിന്റെ അക്ഷര ജ്വാലയായിരുന്ന
  ശ്രീ സച്ചിദാനന്തന്‍ പോലും ഒരു ചെറിയ കമന്റു കോളത്തിന്റെ
  മുറിവാക്കില്‍ കഷായം കുടിച്ചിരിക്കുന്നത്തിനു കാരണം എന്താവാം.
  ആരാണ് നമ്മെ നയിക്കുക.. ടി. പി. യുടെ കൊലപാതക ശേഷം
  ഇടതു പക്ഷത്തിന് ഒരു അസ്വാഭാവിക മരണത്തെയും ചോദ്യം
  ചെയ്യുവാനുള്ള ധാര്‍മ്മികത ഇല്ലാതായതും ഇതോടൊപ്പം കൂട്ടി
  വായിക്കപ്പെടെണ്ടാതാണ്. നാം ഉറ്റു നോക്കുന്ന ആ വാതിലില്‍
  ആരാണ് പ്രകാശപൂര്‍വ്വം ഉയിര്‍കൊള്ളുക.

     0 likes

Leave a Reply

Enable Google Transliteration.(To type in English, press Ctrl+g)

Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders,Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offersKerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offers kerala properties, india online business, india shoping, india offers