ഓര്‍മ്മകളിലേക്ക് ഒരു കപ്പല്‍

 
 
 
 
ഫോമാ രാജ്യാന്തര സമ്മേളനത്തോടനുബന്ധിച്ച് നടന്ന ആറ് ദിവസത്തെ ആഡംബരകപ്പല്‍ യാത്രാനുഭവം.
ത്രേസ്യാമ്മ നാടാവള്ളില്‍ എഴുതുന്നു

 
 

അമേരിക്കയിലും കാനഡയിലുമുള്ള 50 ലേറെ സംഘടനകളുടെ കൂട്ടായ്മയായ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ (ഫോമാ) മൂന്നാമത് രാജ്യാന്തര സമ്മേളനം ഈ മാസം ആദ്യം നടന്നു. കാര്‍ണിവല്‍ ഗ്ലോറി എന്ന ആഡംബര കപ്പലിലെ ആറു ദിവസം നീണ്ട യാത്രയിലാണ് സമ്മേളനം അരങ്ങേറിയത്. അമേരിക്കന്‍ തീരത്തുനിന്ന് കാനഡയിലേക്കായിരുന്നു യാത്ര.
വിവിധ സമ്മേളനങ്ങള്‍, കലാകായിക മല്‍സരങ്ങള്‍, തെരഞ്ഞെടുപ്പുകള്‍, കോമഡിഷോകള്‍, ചിരിയരങ്ങ്, സൌന്ദര്യമല്‍സരങ്ങള്‍ എന്നിങ്ങനെ നിറപ്പകിട്ടുള്ള അനേകം പരിപാടികള്‍ യാത്രയില്‍ അരങ്ങേറി. 1200 മലയാളികളടക്കം നിരവധി പേര്‍ യാത്രയില്‍ പങ്കാളികളായി- മനോഹരമായ ആ യാത്രാനുഭവം. ത്രേസ്യാമ്മ നാടാവള്ളില്‍ എഴുതുന്നു

 


 

ടൈറ്റാനിക്കെന്ന കപ്പലിനെക്കുറിച്ച് ആദ്യം കേള്‍ക്കുന്നത് അമ്മച്ചിയില്‍നിന്നാണ്. ലൈഫ്ബോട്ടിലേക്ക് മകനെ കയറ്റിവിട്ട് മരണത്തിലേക്ക് വഴുതിപ്പോയ ഒരമ്മയുടെ കഥയാണ് അമ്മച്ചി അന്ന് പറഞ്ഞുതന്നത്. ആ കഥ എനിക്ക് ഉള്‍ക്കൊള്ളാനായി. എന്നാല്‍, എത്ര ശ്രമിച്ചിട്ടും എന്റെ സങ്കല്‍പ്പത്തിലൊതുങ്ങാതെ കുതറിനിന്നു, ആ കപ്പലിന്റെ വലിപ്പവും വ്യാപ്തിയും. അന്നുമുതലേ എന്റെ ഭാവനയിലൂടെ ഒഴുകുന്നുണ്ടായിരുന്നു, ഒരു വലിയ കപ്പല്‍.

പിന്നീട്, ടൈറ്റാനിക് എന്ന ചലച്ചിത്രം കണ്ടപ്പോള്‍ അതിന്റെ വലിപ്പം കണ്ട് ഞെട്ടി. ഒഴുകുന്ന ആ ആഡംബരം ഒരു മോഹമായി ഉള്ളില്‍ നിറഞ്ഞു. കാലങ്ങള്‍ക്കുശേഷം, ഈ മാസമാദ്യം അപ്രതീക്ഷിതമായെത്തി ഒരു സ്വപ്ന സാഫല്യം. ടൈറ്റാനിക്ക് പോലൊരു ആഡംബര കപ്പലിലെ യാത്ര. കാര്‍ണിവല്‍ ഗ്ലോറി എന്നായിരുന്നു ആ കപ്പലിന്റെ പേര്. അതിലെ മനോഹരമായ ആറ് ദിന രാത്രങ്ങള്‍ കുട്ടിക്കാലം മുതല്‍ ഭാവനയില്‍ തെഴുത്തുനിന്ന കപ്പല്‍യാത്രാ മോഹങ്ങള്‍ യാഥാര്‍ത്ഥ്യമാക്കി.

ത്രേസ്യാമ്മ നാടാവള്ളില്‍

ലോകത്തേറ്റവും പ്രശസ്തമായ ക്രൂയിസ് കപ്പല്‍ കമ്പനികളിലൊന്നായ കാര്‍ണിവല്‍ ക്രൂയിസ് ലൈന്‍ എന്ന കമ്പനിയുടെ ഉടമസ്ഥയിലുള്ളതാണ് കാര്‍ണിവല്‍ ഗ്ലോറി എന്ന ഈ കപ്പല്‍.

അമേരിക്കയിലും കാനഡയിലുമുള്ള 50 ലേറെ സംഘടനകളുടെ കൂട്ടായ്മയായ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ (ഫോമാ) മൂന്നാമത് രാജ്യാന്തര സമ്മേളനത്തിനാണ് കാര്‍ണിവല്‍ ഗ്ലോറി വേദിയായത്. അമേരിക്കന്‍ തീരത്തുനിന്ന് കാനഡയിലേക്കുള്ള യാത്രയിലായിരുന്നു സമ്മേളനം. ആഗസ്ത് ഒന്നു മുതല്‍ ആറു വരെ നീണ്ട യാത്രയില്‍ 1200 മലയാളി യാത്രികരുണ്ടായിരുന്നു .1700 കപ്പല്‍ ജോലിക്കാര്‍. അതിലധികം പേര്‍ വേറെയും. എല്ലാം കൂടി അയ്യായിരത്തോളം ആളുകള്‍. മുന്‍ കേരള ചീഫ് സെക്രട്ടറി ഡോ. ബാബുപോള്‍, മുന്‍ അംബാസഡര്‍ ടി.പി ശ്രീനിവാസന്‍, ഡോ. എം.വി പിള്ള എന്നിവര്‍ യാത്രയില്‍ സജീവമായിരുന്നു.

 

 

സെക്യൂരിറ്റി ചെക്കപ്പും മറ്റ് പരിശോധനകളും കഴിഞ്ഞ് നേരെ പോയത് ഏഴാം നിലയിലുള്ള മുറിയിലേക്കാണ്. എല്ലാ സൌകര്യങ്ങളുമുള്ള മനോഹരമായ കൊച്ചുമുറി അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു. ബാഗേജ് ഞങ്ങള്‍ക്കു മുമ്പേ മുറിയില്‍ എത്തിയിട്ടുണ്ടായിരുന്നു. കപ്പല്‍ തുറമുഖം വിടുന്നതിന് മുമ്പ് നടന്ന ചടങ്ങില്‍ അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ നിരുപമ റാവുവാണ് യാത്ര ഉദ്ഘാടനം ചെയ്തത്.

ഉദ്ഘാടന,സമാപന സമ്മേളനങ്ങള്‍ ഫോമയുടെ പ്രൌഢിയും ഗാംഭീര്യവും കൂട്ടായ്മയും വിളിച്ചറിയിക്കുന്നതായിരുന്നു.
വൈകിട്ട് വിഭവസമൃദ്ധമായ അത്താഴം. ശേഷം,ഞങ്ങള്‍ ഞങ്ങള്‍ പതിനൊന്നാം നിലയിലേക്ക് പോയി. അവിടെനിന്നും വീണ്ടും ഗോവണി കയറി ഏറ്റവും മുകളിലതെ തട്ടില്‍ പോയി നിന്നു.

 

കാര്‍ണിവല്‍ ഗ്ലോറി


 

ചുറ്റിലുമിപ്പോള്‍ കടലാണ്. ആകാശത്ത് രണ്ട് നക്ഷത്ര കുഞ്ഞുങ്ങള്‍ . പൂര്‍ണമാവാത്ത ചന്ദ്രന്‍. സ്വപ്നം പോലൊരു രാത്രി.
തിരമാലകളെ കീറിമുറിച്ച് പതിയെ നീങ്ങൂകയാണ് ആ യാനപാത്രം. വേഗത 25 മൈല്‍. എഴുപതും 80ഉം മൈല്‍ കാറില്‍ സാധാരണ പോവുന്നവര്‍ക്ക് അതൊരു വേഗതയേയല്ല.
എന്നാല്‍, വേഗതയല്ല ഈ യാത്രയുടെ മൂല്യം. യാത്ര തന്നെയാണ്. ഈ രാത്രിയുടെ ചാരുതയാണ്. അപാരത സ്പര്‍ശിക്കുന്ന ഈ ആകാശമാണ്. ആഴങ്ങള്‍ തുളുമ്പുന്ന ആഴിയാണ്. നക്ഷത്ര വെട്ടത്തില്‍ ഈ രാത്രിയുടെ സംഗീതമാണ്. ഏറെ നേരം ഞാന്‍ ആഴക്കടലിലേക്ക് നോക്കിനിന്നു.

ഒരു പാടു പേരുണ്ടായിരുന്നു ചുറ്റിലും. രാത്രിയുടെ സകല വര്‍ണങ്ങളും ലയിച്ചുചേര്‍ന്ന കടലിളക്കങ്ങള്െ കീറിമുറിച്ച് പായുന്നു കപ്പല്‍. ആഹ്ലാദത്തിന്റെ ആരവങ്ങള്‍. എല്ലാ ശബ്ദങ്ങളുമൊഴിഞ്ഞ്, ഏകാകിയായി, കപ്പലിന്റെ ഏറ്റവും മുകള്‍ത്തട്ടില്‍നിന്ന് പ്രകൃതിയുടെ ഈ കവിത വായിച്ചെടുക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന സങ്കടം മാത്രമാണ് ഇപ്പോഴും ബാക്കിനില്‍ക്കുന്നത്.

 

 

150 പേര്‍ വീതം കൊള്ളുന്ന മുപ്പതോളം ലൈഫ് ബോട്ടുകള്‍ കപ്പലിന്റെ ഇരുവശത്തുമായി സൂക്ഷിച്ചിരുന്നു. ആപത്തുണ്ടായാല്‍ പോലും ഭയക്കേണ്ടെന്ന് ഈ ബോട്ടുകള്‍ സദാ ഓര്‍മ്മപ്പെടുത്തി. വിവിധ സമ്മേളനങ്ങള്‍, കലാകായിക മല്‍സരങ്ങള്‍, തെരഞ്ഞെടുപ്പുകള്‍, കോമഡിഷോകള്‍, ചിരിയരങ്ങ്, സൌന്ദര്യമല്‍സരങ്ങള്‍ എന്നിങ്ങനെ യാത്രക്ക് നിറപ്പകിട്ടേകാന്‍ അനേകം പരിപാടികളുണ്ടായിരുന്നു.

യാത്രയുടെ ആരംഭത്തില്‍ തന്നെ കപ്പലില്‍ ഒരു വിവാഹം അരങ്ങേറി. ഫോമാ മുന്‍ ട്രഷറര്‍ ജോസഫ് ഔസോയും സുജയുമാണു പുതു ജീവിതത്തിലേക്കു പ്രവേശിച്ചത്. ക്യാപ്റ്റന്‍ സാല്‍ വത്തോറെ റസാലെ കാര്‍മ്മികത്വം വഹിച്ചു. പാസ്റ്ററിന്റെ പ്രാര്‍ത്ഥനയോടെ അവര്‍ വിവാഹ മോതിരം കൈമാറി. വിവാഹ ഉടമ്പടിയില്‍ ഒപ്പുവെച്ചു. പിന്നീടുള്ള യാത്രയിലാകെ പ്രായം മറന്ന് മധുവിധു ലഹരിയില്‍ അവിടെയാകെ പാറിനടന്നു.

വേദികള്‍ തിരക്കി നടക്കുന്നവര്‍, കൈവിട്ടുപോയ കൂട്ടുകാരെ തിരയുന്നവര്‍, പ്രണയിനിയുമായി ഒറ്റക്കുനില്‍ക്കാന്‍ ഇത്തിരിയിടം തപ്പിനടക്കുന്നവര്‍…പല തരം മനുഷ്യരായിരുന്നു എങ്ങും.

 

 

ന്യൂയോര്‍ക്കില്‍നിന്ന് പുറപ്പെട്ട് മൂന്നാം ദിവസം കപ്പല്‍ കാനഡയിലെ സെന്റ് ജോണ്‍സില്‍ നങ്കൂരമിട്ടു. പിന്നീടുള്ള കറക്കം സംഘങ്ങളായായിരുന്നു. നദിയുടെ ഓരം ചേര്‍ന്ന് ഞങ്ങള്‍ ഏറെ നടന്നു. ഉഷ്ണജലപ്രവാഹവും ശൈത്യജലപ്രവാഹവും ചേരുമ്പോള്‍ ഉണ്ടാവുന്ന മൂടല്‍ മഞ്ഞ് നടത്തത്തിനിടെ വന്നു മൂടി. പ്രിയപ്പെട്ടവരുടെ സാന്നിധ്യം ആരും ആഗ്രഹിച്ചുപോവുന്ന നേരം.

അവിടെ നില്‍ക്കുമ്പോള്‍, ദൂരെ മഞ്ഞില്‍ക്കുളിച്ച് കാര്‍ണിവല്‍ ഗ്ലോറി കാണാമായിരുന്നു. കാമുകനെ കാത്തു കാത്തിരുന്ന് ഉറങ്ങിപ്പോയ കാമുകിയെപ്പോലെ.

നാലാം ദിവസം കാനഡയിലെ ഹാലിഫാക്സില്‍ എത്തി. കുന്നുകളും താഴ്വരകളും കൊണ്ട് സമൃദ്ധമാണ് ആ പ്രദേശം. അവിടെയും ഗ്രൂപ്പുകളായി ഞങ്ങള്‍ ചിതറി നടന്നു. മനോഹരമായ ഒരു പാര്‍ക്ക് കാത്തിരിക്കുന്നുണ്ടായിരുന്നു. പാര്‍ക്കിലെ നനുത്ത പുല്‍ത്തകിടിയില്‍ ഇരുന്ന് ഏറെ നേരം സംവദിച്ചു.

ആറാം തീയതി രാവിലെ ന്യൂയോര്‍ക്കില്‍ തിരിച്ചെത്തി. അതായിരുന്നു, മനോഹരമായ യാത്രയുടെ അവസാനം. അംബര്‍പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന സമാപന ചടങ്ങ് വികാരനിര്‍ഭരമായിരുന്നു.

ഫോമാ ഭാരവാഹികളായ ബേബി ഊരാളില്‍, ബിനോയ് തോമസ്, ഷാജി എഡ്വേര്‍ഡ്, സണ്ണിപൌലോസ് എന്നിവര്‍ യാത്ര മനോഹരമായ അനുഭവമാക്കാന്‍ അവസാനം വരെയും ഓടിനടക്കുന്നുണ്ടായിരുന്നു.
 
 
 
 

3 thoughts on “ഓര്‍മ്മകളിലേക്ക് ഒരു കപ്പല്‍

  1. മനോഹരമായ എഴുത്ത് നേരില്‍ കാണുന്ന ഒരു അനുഭവം നല്ല വായന്സുഖം നല്‍കി ആശംസകള്‍ കൂടെ സ്നേഹാദരങ്ങളും

Leave a Reply

Your email address will not be published. Required fields are marked *