ഉദാസീനതയുടെ മലയാളി ആണ്‍സദസ്സുകള്‍

 
 
 
 
മലയാളി ജീവിതത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ ക്രൂരമായ ഉദാസീനതയുടെ ആണ്‍ സദസ്സുകള്‍ ആവുന്നതെന്തുകൊണ്ട്?
പ്രശസ്ത എഴുത്തുകാരന്‍ കരുണാകരന്‍ എഴുതുന്നു

 
 

തലമുറകള്‍ മാറി മാറി ഈ പുഴയുടെ കരയിലാണ് എന്ന് നമ്മള്‍ നമ്മളെ തന്നെ അനൌണ്‍സ് ചെയ്തു കൊണ്ടേയിരുന്നു. ഇങ്ങനെ നമ്മള്‍ നമ്മളെ തന്നെ അഴുകിയത് ആക്കിയതില്‍ നമ്മുടെ തന്നെ ഈ മുന്നണി രാഷ്ട്രീയത്തിന്റെ പങ്ക് വലുതാണ്. അതുകൊണ്ടാണ് നമ്മുടെ ഏതൊരു ചര്‍ച്ചയും ഏതെങ്കിലും ഒരു മുന്നണിയുടെ കരയിലേക്കുള്ള തുഴച്ചില്‍ ആവുന്നത്. അഥവാ, നിഷ്പക്ഷത എന്നാല്‍ സമദൂരം എന്ന് നമ്മളെ തന്നെ ഓര്‍മ്മപ്പെടുത്തുന്നത്.

ഈ രണ്ടു മുന്നണികളും പാര്‍ട്ടികളും താല്‍പ്പര്യങ്ങളും ആയി രണ്ടു ചേരിയില്‍ നിന്നപ്പോഴും, വാസ്തവത്തില്‍, അതിന്റെ അധികാര നിര്‍വഹണം ഒരു ഏക പാര്‍ട്ടി സംവിധാനം പോലെ തന്നെ തുടരുന്നതായിരുന്നു. അങ്ങനെ രണ്ടു ചേരികളും തങ്ങളുടെ മിത്രങ്ങളെ രണ്ടു ചേരികളിലും കണ്ടെത്തിയിരുന്നു- മലയാളി ജീവിതത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ ക്രൂരമായ ഉദാസീനതയുടെ ആണ്‍ സദസ്സുകള്‍ ആവുന്നതെന്തുകൊണ്ട്? പ്രശസ്ത എഴുത്തുകാരന്‍ കരുണാകരന്‍ എഴുതുന്നു

 

 

മലയാളി ജീവിതത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍, രാഷ്ട്രീയമോ സാംസ്കാരികമോ സാഹിത്യ സംബന്ധമോ ആകട്ടെ, , പലപ്പോഴും ക്രൂരമായ ഉദാസീനതയുടെ ആണ്‍ സദസ്സുകള്‍ ആവുന്നു എന്നതും, നമ്മുടെ ഏത് തരത്തിലുള്ള ആലോചനകളും മാധ്യമങ്ങളുടെ തന്നെ മുന്‍വിധികളിലൂടെ പ്രമാണാനുസരമാക്കപ്പെടുന്നതും (Standardize) പലരും ശ്രദ്ധിച്ചിരിക്കും. ചിലപ്പോള്‍ അത് ‘ചിന്തിക്കുന്ന മലയാളി’ യുടെ പൊതുസ്വത്വത്തെ തന്നെയാണ് പരിചയപ്പെടുത്തുന്നത് എന്നും തോന്നും.

ആലോചിക്കുക എന്നാല്‍ ഒരു ആണ്‍ പരിപാടിയാണ് എന്ന് തോന്നുന്നത് , ആ വര്‍ത്തമാനം അവരുടെ തന്നെ മദ്യസദസ്സുകളെ അങ്ങനെ ഓര്‍ക്കുന്നു എന്നത് കൊണ്ടാണ്. എതിര്‍ ആലോചനകളുടെ സമരശേഷിയെ അവ പരിഗണിക്കില്ല, പകരം തങ്ങളെ തന്നെ ഓവു ചാലുകള്‍ ഇല്ലാത്ത ഒരു പഴയ കുളം പോലെ നാറ്റിച്ച് കൊണ്ടിരിക്കും. ഏതു ചര്‍ച്ചയും നിലവിലുള്ള അധികാര ഘടനയുടെ മോഹമോ മോഹഭംഗമോ ആക്കുന്ന ഒരു ലളിതയുക്തി അങ്ങനെ നമ്മുടെ മിക്ക എഴുത്തുകാരുടെയും ബുദ്ധിജീവികളുടെയും മേച്ചില്‍പ്പുറമാകുന്നു.

കരുണാകരന്‍


‘അധികാര രാഷ്ട്രീയ’ ആലോചനകള്‍
കഴിഞ്ഞ പത്ത് വര്‍ഷത്തെ കേരളത്തിലെ ‘അധികാര രാഷ്ട്രീയ’ത്തെ കുറിച്ചുള്ള ആലോചനകള്‍ തന്നെ നോക്കു : മുഖ്യമായും അത് ഒരു പ്രമുഖ രാഷ്ട്രീയ കക്ഷിയായ സി പി എമ്മിലെ ഗ്രൂപ് രാഷ്ട്രീയത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആയിരുന്നു. അഥവാ, പാര്‍ലിമെന്ററി ജനാധിപത്യം നിലനില്‍ക്കുന്ന ഇന്ത്യ പോലുള്ള ഒരു രാജ്യത്തില്‍ അതിന്റെ വിവിധ ഭാഷാ സമൂഹങ്ങളില്‍ എങ്ങനെയാണ് ഈ അധികാര വ്യവസ്ഥ പ്രവര്‍ത്തിക്കുന്നത് എന്നു ആലോചിക്കാനല്ല ആ ചര്‍ച്ചകള്‍ അതിന്റെ ഊര്‍ജം കണ്ടെത്തിയത്. അഥവാ, അങ്ങനെ ഒരു ചര്‍ച്ചക്ക് ഇതുവരെ അത് സമയം കണ്ടെത്തിയിട്ടില്ല. ഒരു പക്ഷെ, അധികാരം എങ്ങനെ കൈകാര്യം ചെയ്യും എന്ന മനുഷ്യ സമൂഹത്തിന്റെ തന്നെ ആലോചനകളില്‍ അങ്ങനെ, അതിനു പ്രാപ്തിയുള്ള ഒരു സമൂഹം എന്ന നിലക്ക്, നമുക്ക് വരാമായിരുന്നു.

പകരം ഇരുപതുകളില്‍ റഷ്യന്‍ സമൂഹത്തിലെ കമ്യൂണിസ്റ് ബുദ്ധിജീവി ചര്‍ച്ചകളില്‍ വര്‍ഗ്ഗവും പാര്‍ട്ടിയും എന്തല്ലാം നിയോഗങ്ങളില്‍ ആയിരുന്നുവെന്നു തെളിവു നിരത്തി വാദിച്ചു കൊണ്ടിരുന്നു, ഇവിടത്തെ പാര്‍ട്ടിയുടെ രണ്ടു ഗ്രൂപ്പുകളുടെ പേരില്‍. പലപ്പോഴും മാധ്യമരംഗത്തെ വാര്‍ത്താ സംഘാടകരാണ് ഈ ചര്‍ച്ചയെ നയിച്ചത്. അതും അങ്ങനെയാണ്, നമ്മുടെ അധികാര നിര്‍വഹണം പരിഗണിക്കപ്പെടേണ്ടത് എന്ന് അത് മുന്‍കൂട്ടി നിശ്ചയിച്ച പോലെ. അങ്ങനെ, കഴിഞ്ഞ നൂറു കൊല്ലത്തെ നമ്മുടെ സമൂഹ്യ ജീവിതം ഒരു കമ്യൂണിസ്റ് സമൂഹത്തിന്റെ അല്ലാതിരുന്നിട്ട് കൂടി അത്തരം ചര്‍ച്ചകളില്‍ ഒരു ഏക പാര്‍ട്ടി രാഷ്ട്രീയ വ്യവസ്ഥയുടെ നിഴല്‍ വന്നു.വര്‍ഗ്ഗവും പാര്‍ട്ടിയും സാമൂഹ്യ ബന്ധങ്ങളും എങ്ങനെ ഒരു ബഹുസ്വര രാഷ്ട്രീയ അധികാര ഘടനയില്‍ മറ്റു പലതുമാകുന്നു എന്ന് അത് തല പുകക്കാന്‍ നിന്നില്ല. നമ്മുടെ മുന്നണി രാഷ്ട്രീയത്തിന്റെ പ്രത്യക്ഷമായ ബൌെദ്ധിക ഉപയോഗം തന്നെ ഇതാണ് എന്ന് ആ ചര്‍ച്ചകള്‍ ഓരോ മണിക്കൂറിലും ഓര്‍മിപ്പിച്ചു.

 

Photo: Jan Švankmajer, Athanor


 

രണ്ടു തോണികള്‍ക്കടിയില്‍ നമ്മുടെ പുഴ
വാസ്തവത്തില്‍, ആലോചിക്കാന്‍ ശേഷിയില്ലാത്ത മണ്ടന്‍ തലകള്‍ എന്ന് നമ്മള്‍ നമ്മളെ തന്നെ കണ്ടെത്തിയത് ഇത്തരം ആണ്‍ സദസ്സുകളിലൂടെയായിരുന്നു. നമ്മുടെ ബൌദ്ധിക ഉപയോഗത്തിന്റെ രണ്ടു വിധത്തിലെ സാക്ഷര പരിശീലനങ്ങള്‍ നമ്മുടെ തന്നെ ബൌെദ്ധിക നിലവാരമായതും അങ്ങനെയാണ് : ഒന്ന്, ഇടതുപക്ഷത്ത് എന്ന ഒരു പുരോഗമന നാട്യം. രണ്ട്, അറുപതുകളും എഴുപതുകളും കണ്ടെത്തിയ ‘ആധുനികത’ എന്ന പുരോഗമന നാട്യം. ഈ രണ്ടു തോണികളുടെ അടിയില്‍ മാത്രം നമ്മുടെ പുഴ ഒഴുകി.

തലമുറകള്‍ മാറി മാറി ഈ പുഴയുടെ കരയിലാണ് എന്ന് നമ്മള്‍ നമ്മളെ തന്നെ അനൌണ്‍സ് ചെയ്തു കൊണ്ടേയിരുന്നു. ഇങ്ങനെ നമ്മള്‍ നമ്മളെ തന്നെ അഴുകിയത് ആക്കിയതില്‍ നമ്മുടെ തന്നെ ഈ മുന്നണി രാഷ്ട്രീയത്തിന്റെ പങ്ക് വലുതാണ്. അതുകൊണ്ടാണ് നമ്മുടെ ഏതൊരു ചര്‍ച്ചയും ഏതെങ്കിലും ഒരു മുന്നണിയുടെ കരയിലേക്കുള്ള തുഴച്ചില്‍ ആവുന്നത്. അഥവാ, നിഷ്പക്ഷത എന്നാല്‍ സമദൂരം എന്ന് നമ്മളെ തന്നെ ഓര്‍മ്മപ്പെടുത്തുന്നത്. ഈ രണ്ടു മുന്നണികളും പാര്‍ട്ടികളും താല്‍പ്പര്യങ്ങളും ആയി രണ്ടു ചേരിയില്‍ നിന്നപ്പോഴും, വാസ്തവത്തില്‍, അതിന്റെ അധികാര നിര്‍വഹണം ഒരു ഏക പാര്‍ട്ടി സംവിധാനം പോലെ തന്നെ തുടരുന്നതായിരുന്നു. അങ്ങനെ രണ്ടു ചേരികളും തങ്ങളുടെ മിത്രങ്ങളെ രണ്ടു ചേരികളിലും കണ്ടെത്തിയിരുന്നു. .

നേരത്തെ സൂചിപ്പിച്ച പോലെ ഒരു ബഹുസ്വര രാഷ്ട്രീയ ഘടനയില്‍ അധികാരവും അതിന്റെ സ്ഥാപനങ്ങളും എങ്ങനെ മനുഷ്യോന്മുഖമായ പരിണാമങ്ങളിലൂടെ കടന്നു പോകും എന്ന് നോക്കാന്‍, ഒരു പക്ഷെ, കേരളം പോലെ ഒരു സമൂഹം ഇന്ത്യയില്‍ വേറെ കാണില്ല. ഇവിടത്തെ സാമൂഹ്യ ജീവിതം, ഒരേ സമയം പാരമ്പര്യത്തിന്റെയും ആധുനികതയുടെയും ഒന്നിലധികം തുറക്കലുകളിലേക്ക് ഓരോ ഇടവേളകളിലും എന്ന പോലെ വരുന്നുണ്ടായിരുന്നു. ഇപ്പോഴും അതെ.

 

Photo: Jan Švankmajer, Athanor


 

ബൌദ്ധികജീവിതത്തിന്റെ കൊടി
ലോകത്തെ പല മാറ്റങ്ങളിലേക്കും മലയാളികള്‍ അങ്ങനെ വന്നു പോയി. യുദ്ധങ്ങള്‍ നേരിട്ട അനുഭവം അല്ലാത്ത ഒരു സമൂഹം ആകുമ്പോഴും നമ്മള്‍, നമ്മുടെ സാമ്പത്തിക വ്യവസ്ഥ, ലോകത്തെ പല യുദ്ധങ്ങളുടെ ഇരകള്‍ പോലെ ആയത്, ഗള്‍ഫ് യുദ്ധങ്ങളുടെ ഓര്‍മ വെച്ചു പറയാന്‍ പറ്റുന്ന പോലെ, ലോകത്തെ വമ്പന്‍ ട്രേഡ് ഔട്ട്ലെറ്റുകള്‍ നമ്മുടെ വേഗപരിചയം ആകുന്നതു പോലെ, ഒരൊറ്റ മധ്യവര്‍ഗ്ഗ താല്‍പ്പര്യമായി അധികാര രാഷ്ട്രീയം മാറ്റാന്‍, ഈ ‘ലോക ആധുനികത’ നമ്മളില്‍ പെയ്തപ്പോഴും നമ്മുടെ സമൂഹ്യ ജീവിതത്തില്‍ അതുണ്ടാക്കുന്ന അധികാര രൂപങ്ങള്‍ , അതിന്റെ ജയവും പരാജയവും ഈ ചര്‍ച്ചകള്‍ പരിഗണിച്ചതേയില്ല.

അങ്ങനെയായിരുന്നുവെങ്കില്‍ അത് അധികാരത്തെ, നമ്മള്‍ ജീവിക്കുന്ന ജനാധിപത്യ സമൂഹത്തിന്റെ ആവശ്യമായി പരിഗണിക്കുകയും അതിന്റെ സ്ഥാപനങ്ങളെ പറ്റി മെച്ചപ്പെട്ട ആലോചനകളിലേക്ക് നമ്മെ കൊണ്ട് പോവുകയും ചെയുമായിരുന്നു. പകരം, അര നൂറ്റാണ്ടിലധികം കാലമായി തുടരുന്ന ഒരു മുന്നണി രാഷ്ട്രീയത്തിന്റെ ഏകശിലാ രൂപത്തെ നമ്മുടെ തന്നെ രാഷ്ട്രീയ വിവേകമാക്കി ഉറപ്പിക്കുകയായിരുന്നു ഈ ചര്‍ച്ചകള്‍ : ഒരേ ദിശയിലേക്ക് തിരിഞ്ഞ മേശപ്പങ്കയില്‍ അങ്ങനെ നമ്മുടെ ആണ്‍സദസ്സുകള്‍ നമ്മുടെ ബൌദ്ധികജീവിതത്തിന്റെ കൊടി ഉയര്‍ത്തിക്കെട്ടി.

ഇത് തന്നെയാണ്, മറ്റൊരു വിധത്തില്‍, നമ്മുടെ സാഹിത്യ ചര്‍ച്ചയിലും കാണുക. നമ്മുടെ കവിത, ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതയില്‍ അവസാനിക്കുന്നു എന്ന് ഏറ്റവും ഒടുവില്‍ എഴുതുന്ന സാഹിത്യ നിരൂപണത്തില്‍ പോലും ഈ ഏക ശിലാ രാഷ്ട്രീയത്തിന്റെ മരവിപ്പ് കണ്ടെത്താന്‍ കഴിയും. ‘ ആധുനികത’ എന്നാല്‍ ആ അര്‍ത്ഥത്തില്‍ നമ്മുടെ ഒരു പീരീഡ് ആണ് എഴുപതുകള്‍. കലയെ സംബന്ധിച്ച എല്ലാ ആലോചനകളും അങ്ങനെ ഒരു ഭൂതകാലത്തിന്റെ തടവിലാവുന്നു. , ‘ആധുനികത’ എന്നാല്‍ കാലവുമായി സംവദിക്കുന്ന ഒരു സംജ്ഞ എന്ന് ആലോചനയില്‍ വരാതെയാകുന്നു.

എങ്കില്‍, അത് കാലവുമായി എങ്ങനെയാണ് സംവദിക്കുക എന്ന് ആലോചിക്കുക വേണ്ടാതാവുന്നു. ഇത് ശരിയല്ല എന്ന് പറയുന്ന ഒരാള്‍ പെട്ടെന്ന് നമ്മള്‍ ജീവിക്കുന്ന സ്വാസ്ഥ്യത്തിലെ നുഴഞ്ഞു കയറ്റക്കാരനും ആകും. അതുകൊണ്ട്കൂടിയാണ് രാഷ്ട്രീയ വിചാരങ്ങളില്‍ എന്ന പോലെ സാംസ്കാരിക വിചാരങ്ങളിലും ‘ഭരണകൂടേതര’മായ താല്‍പര്യങ്ങളോട് വിയോജിക്കുന്നത് എങ്ങനെയെല്ലാം എന്നാലോചിക്കാന്‍ നമുക്ക് ഇപ്പോഴും കഴിയാത്തത്. അങ്ങനെ ചിന്തിക്കുന്നവരെ പോലും അരികിലേക്ക് തള്ളുന്നത്.
 
 
 
 

8 thoughts on “ഉദാസീനതയുടെ മലയാളി ആണ്‍സദസ്സുകള്‍

  • മനസ്സിലാവാത്തത് എഴുത്തുകാരന്‍െറ കുഴപ്പമല്ല മക്കളേ.
   വളരെ അബ്സ്ട്രാക്റ്റ് ആയ ചില നിരീക്ഷണങ്ങളാണിവ.
   പല ആലോചനകളിലേക്കും വഴി തുറക്കുന്ന ചില നിരീക്ഷണങ്ങള്‍.
   അത് കണ്ടയുടനെ, തെറി വിളിക്കുന്നതിന് പകരം ഇത്തിരി മെനക്കെട്ടിരുന്ന് ആ ചിന്തകളിലേക്ക് ഒന്നു പ്രവേശിച്ചു നോക്കൂ.

 1. മലയാളത്തിലോ ഇംഗ്ലീ‍ഷിലോ ആയിരുന്നു ഈ എഴുത്തെങ്കിൽ എന്തെങ്കിലും മനസിലായേനേ.

 2. നല്ല ചിന്തകള്.
  മനസ്സിലാകാത്തവർ “കഥവായിക്കുന്നത് ആരൊക്കെ” എന്ന മാത്ര്‍ഭൂമിയിലെ ചർച്ച ഒന്നു നോക്കുക. ആണുങ്ങൽ മാത്രംവട്ടം കൂടിയിരുന്ന് ചർച്ചിക്കുന്നത് കാണാം, അല്ല വായിക്കാം. ആലോചിക്കുക ചർച്ചചെയ്യുക എന്നത് പുരുഷന്മാരുടെ പരുപാടി ആണെന്ന് ധാരണയാണൊ എന്ന് ഈ ഉദാഹരണം കണ്ടിട്ട് ആലോചിക്കാം.

 3. നല്ല ചിന്തകള്‍, ശ്രീ കരുണാകരന്‍.
  സാര്‍ത്ഥവാഹകസംഘം മുന്നോട്ട് ഗമിക്കട്ടെ…!

 4. എല്ലാ ചര്‍ച്ചകളും ടിവിയിലെ രാത്രികാല
  കഴുതകളി ആയി മാറുന്ന കാലത്ത്
  ആ പാറ്റേണ്‍ അല്ലാത്തതൊന്നും ആര്‍ക്കും പിടിക്കില്ല.
  കലികാലം, അല്ലാണ്ടെന്താ…:)

Leave a Reply

Your email address will not be published. Required fields are marked *