ഓണപ്പൂക്കളുടെ ജാതി

 
 
 
 
സ്നേഹ, സാഹോദര്യങ്ങളുടെ നാട്ടുവഴക്കങ്ങളിലേക്ക് പല വഴിക്ക് വന്നുകയറുന്ന ജാതി, മത ശാഠ്യങ്ങളുടെ അതിരുകള്‍.
കഥയെന്നു പേരിട്ട് അനിയന്‍ പറയുന്ന നീറുന്ന നേരുകള്‍.
അനൂപ് പരമേശ്വരന്‍ എഴുതുന്നു

 
 

ഈ കാലത്തൊന്നും ‘എന്താണ് അസൈനാരേ അവിടെ ഓണമുണ്ണാന്‍ പോകുന്നത്’ എന്ന് ആരും ചോദിച്ചിട്ടില്ല. എന്നാല്‍ കഴിഞ്ഞ ഓണത്തിനു ശേഷം മടങ്ങിയപ്പോള്‍ ‘നിങ്ങളെന്താണ് ഇപ്പോഴും കണ്ടിടത്തു പോയി ഉണ്ണുന്നത്’ എന്ന് ആരോ ചോദിച്ചതായി, കിട്ടുവിനെ കാണാന്‍ പുഴയെറുമ്പിലിരിക്കുമ്പോള്‍, ഇന്നലെ അസൈനാര്‍ പറഞ്ഞു.
ഇവര്‍ക്കൊക്കെ വിളമ്പിയാല്‍ ഐശ്വര്യം പോകില്ലേയെന്ന് കഴിഞ്ഞ ഓണത്തിന് അപ്രതീക്ഷിതമായി വീട്ടിലെത്തിയ ഒരു കാരണവര്‍ അച്ഛനോടു ചോദിച്ച കാര്യം ഞാനേതായാലും അസൈനാരോടു പറഞ്ഞില്ല. ചിട്ടയുടെ ആള്‍രൂപമായിരുന്ന മുത്തശãിപോലും പതിറ്റാണ്ടുകളായി പ്രോല്‍സാഹിപ്പിച്ചിരുന്ന ഓണം വരവിലേക്കാണ് ആ കാരണവര്‍ കഴിഞ്ഞ വര്‍ഷം വിഷമെറിഞ്ഞത്. ആരു പറഞ്ഞാലും ഞാന്‍ വരുമെന്ന് അസൈനാരും വരാതെ ഇലയിടില്ലെന്നു ഞാനും പറഞ്ഞു. രണ്ടും ഭംഗിവാക്കാണോ എന്ന് ഇന്ന് അറിയാം – സ്നേഹ, സാഹോദര്യങ്ങളുടെ നാട്ടുവഴക്കങ്ങളിലേക്ക് പല വഴിക്ക് വന്നുകയറുന്ന ജാതി, മത ശാഠ്യങ്ങളുടെ, അതിരുകളുടെ ദ്രുതവേഗങ്ങളെക്കുറിച്ച് ചില ആലോചനകള്‍. കഥയെന്നു പേരിട്ട് അനിയന്‍ പറയുന്ന നീറുന്ന നേരുകള്‍. അനൂപ് പരമേശ്വരന്‍ എഴുതുന്നു

 

 

മുപ്പതു വര്‍ഷം മുമ്പെന്നതുപോലെ കിട്ടു തൊടുപുഴയാറ്റിലെ മൂഴിക്കടവിലേക്ക് വാക്കത്തി മിനുക്കി ഇറങ്ങുന്നതു കണ്ടപ്പോള്‍ ഇന്നലെയും അനിയന്‍ ആ അത്ഭുതത്തിനായി കാത്തിരുന്നു. തലേന്നു രാത്രി ആരും കാണാതെ കല്ലിനടിയില്‍ കൊണ്ടുപോയി വച്ചത് എടുക്കുന്ന ലാഘവത്തോടെ മൂന്നടിയെങ്കിലും നീളം വരുന്ന വരാലുമായി കിട്ടു കയറി വരും. അത് എല്ലാ ഓണത്തിനും പതിവാണ്.

മൂഴിക്കടവു മുതല്‍ മണക്കാട് കുറുമ്പത്തുര്‍ കടവു വരെയുള്ള വിഹാര മേഖലകളില്‍ നിന്ന് എവിടെ നിന്നെങ്കിലും ഓണത്തിന്റെ പത്തു ദിവസവും ഓരോ വരാലുമായി വരുന്ന കിട്ടു അനിയന്‍ കുട്ടിയായിരിക്കുമ്പോഴുള്ള ഹരമായിരുന്നു. തെങ്ങുകയറ്റക്കാരനായ കിട്ടുവിന്റെ ഓണം ബോണസാണ് ഈ വരാല്‍ പിടിത്തം.

നഞ്ചുകലക്കിയും തോട്ടപൊട്ടിച്ചും ആര്‍ത്തിക്കാര്‍ ആറുകലക്കിയിട്ടും കിട്ടാത്ത വരാലുകള്‍ കിട്ടുവിന്റെ വാക്കത്തിമൂര്‍ച്ചയ്ക്കു മാത്രമായി കാത്തിരിക്കുന്നതു മുകുന്ദന്‍ കഥകളിലെ അതിഭാവുകത്വമുള്ള കഥാപാത്രങ്ങളുമായി കൂട്ടിവായിക്കുകയാണു പോസ്ററ് ഓഫിസ് വരാന്തയിലിരുന്ന് അനിയനും കൂട്ടുകാരും ചെയ്യാറുണ്ടായിരുന്നത്. നിങ്ങളൊക്കെ ചവിട്ടിത്താഴ്ത്തി പാതാളത്തിലേക്കു വിട്ട മാവേലി കൊടുത്തയച്ചതാണെന്ന മട്ടില്‍ വരാലിനൊരു മുത്തംകൊടുത്ത് കിട്ടു അവരുടെ നേരേ നോക്കും. ഓണമെന്ന വാക്കിനൊപ്പം അനിയനു കിട്ടിയിരുന്ന ആദ്യ അടയാളം കിട്ടുവും വരാലുകളുമായിരുന്നു.

അനൂപ് പരമേശ്വരന്‍


ഓണത്തിന്റെ അടയാളങ്ങള്‍
പുഴയെറുമ്പില്‍ വന്‍കദളിയുടെ പൂ പറിക്കാന്‍ നില്‍ക്കുന്ന രാവിലെകളിലാണ് കിട്ടുവും വരാലും ഓണത്തിന്റെ അടയാളമായി പതിഞ്ഞതെങ്കില്‍ രണ്ടാമത്തെ അടയാളം കൊങ്ങിണിപ്പൂപോലെ ചിതറിവീഴുന്ന പ്രണയമായിരുന്നു. പൂ പറിക്കാന്‍ പോയിട്ടുള്ള ഒറ്റക്കുട്ടിയും പ്രേമിക്കാതിരുന്നിട്ടില്ലെന്ന് അനിയന്‍ പൂക്കളങ്ങള്‍ നോക്കി കണ്ടു പിടിച്ചിരുന്നു.

സൈക്കിള്‍ ചവിട്ടി ഓരോ വീട്ടിലുമെത്തി ശീമക്കൊന്നവേലികള്‍ക്കിടയിലൂടെ നോക്കി പെണ്‍പൂക്കളങ്ങളിലെ വളവു തിരിവുകളില്‍ ആണക്ഷരങ്ങളും ആണ്‍പൂക്കളങ്ങളില്‍ പെണ്ണക്ഷരങ്ങളും കണ്ടെത്തുന്നതായിരുന്നു മറ്റൊരു ഹരം. വീട്ടില്‍ പൂവിടാത്തവളുടെ മുഖത്ത്, അടുത്ത വീട്ടില്‍ പോയി പൂവിടാന്‍ കൂടിയതിന്റെ എത്ര ഓണവില്ലുകള്‍!

കദളിക്കും കാക്കപ്പൂവിനും തൊട്ടാവാടിക്കും മുക്കുറ്റിക്കും ഇനിയും ജാതി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നതുപോലെ തന്നെ അന്നു തട്ടമിടുകയും തലമറയ്ക്കുകയും ചെയ്തിരുന്നവരുടെ മുഖത്തു പോലും ഓണത്തിന്റെ പ്രണയാതുരമായ ഒരു ജാതിയല്ലാതെ മറ്റൊന്നും അനിയന്‍ കണ്ടിരുന്നില്ല. മുഖത്തു തെളിയുന്ന പ്രണയത്തിനു ജാതിയുണ്ടെന്ന് ഫേസ്ബുക്ക് സ്ററാറ്റസുകളിലൂടെ മനസ്സിലാക്കിയ സ്ഥിതിക്ക് ഇനി കദളിയുടേയും കാക്കപ്പൂവിന്റെയും തൊട്ടാവാടിയുടേയും കൂടി ജാതി തെളിഞ്ഞുവരുമെന്ന് അനിയന്‍ ഓര്‍ത്തു.

തുളസിക്കും തെച്ചിക്കും റോസയ്ക്കും താമരയ്ക്കും ലില്ലിയ്ക്കും ജാതിയുണ്ടെന്നും ഫേസ് ബുക്കിലൂടെ തന്നെ അറിഞ്ഞതാണ്. അന്നു പൂവിടാന്‍ എടുത്തിരുന്ന കദളി, കാക്കപ്പൂവ്, തൊട്ടാവാടി, മുക്കൂറ്റി എന്നിവയ്ക്ക് ജാഥയില്‍ കൊടിപിടിച്ചു ചേരാന്‍ മാത്രം ഇപ്പോള്‍ ആള്‍ബലമില്ലാത്തതുകൊണ്ടാകണം ജാതി കണ്ടെത്തുകയോ ആധാര്‍ കാര്‍ഡ് നല്‍കുകയോ ചെയ്യാതിരുന്നത്. മാവേലിയുടെ ജാതിയെന്താണെന്ന് പണ്ടൊന്നും ആലോചിച്ചിട്ടില്ലെങ്കിലും അത്ര കൂടിയ ഇനമല്ലെന്നു മനസ്സിലാക്കിയിരുന്നു.

 

Painting: Jennie Robin


 

മാവേലിയുടെ ജാതി
അന്‍പത്തിയൊന്നാമത്തെ വെട്ടും കഴിഞ്ഞ് ഇവനോടു ഞങ്ങള്‍ക്കു ശത്രുതയില്ലെന്നു പറയുന്നതുപോലൊരു ഭിക്ഷയാണു മാവേലിക്കു കിട്ടിയ വര്‍ഷത്തിലൊരിക്കലുള്ള മടങ്ങിവരവ് എന്ന് അനിയന്‍ പുഴയെറുമ്പത്തിരുന്നു തീര്‍ച്ചപ്പെടുത്തി.

നിറത്തില്‍ താഴ്ന്നവരെയെല്ലാം അസുരനെന്നു വിളിക്കുന്നതായിരുന്നു അന്നത്തെ വെട്ടുവഴിച്ചിട്ട. മാവേലി തലകുനിച്ചു കൊടുത്തു എന്നത് സംഭവത്തെ മയപ്പെടുത്താന്‍ മെനഞ്ഞ കഥയാണെന്നും ധാര്‍ഷ്ട്യത്തിന്റെ ചവിട്ടേറ്റു വീണ ബലിയെ മയമില്ലാതെ മണ്ണില്‍ ചവിട്ടി അരച്ചു ചേര്‍ത്തതായിരിക്കുമെന്നും അനിയന് ഉറപ്പുണ്ട്.

അങ്ങോളമിങ്ങോളമുള്ള ഒട്ടുമിക്ക ക്ഷേത്രങ്ങളിലും കയറിയിട്ടുള്ള അനിയനു പത്തു വര്‍ഷം അടുത്തു താമസിച്ചിട്ടും തൃക്കാക്കര വാമനമൂര്‍ത്തി ക്ഷേത്രത്തില്‍ മാത്രം പോകണമെന്നു തോന്നിയിട്ടില്ല. തൊട്ടടുത്ത ലീലാവതി ടീച്ചറിന്റെ വീട്ടിലെത്തി ചില്ലലമാരയിലിക്കുന്ന പുസ്തകങ്ങള്‍ അതിലും കൌെതുകത്തോടെ നോക്കി കണ്ടിട്ടുമുണ്ട്. വാമനന്റെ കൂടെയാണോ മാവേലിയുടെ കൂടെയാണോ നില്‍ക്കേണ്ടത് എന്ന അന്തംവിടല്‍ കൂടിയാണ് അനിയന്റെ ഓരോ ഓണവും.

 

Painting: Ellen Spencer


 

ഓണത്തിന്റെ കളങ്ങള്‍
കഥയെഴുതിയും കവിതയെഴുതിയും തോറ്റ അനേകം ക്ലബ് മല്‍സരങ്ങളായിരുന്നു ഓണത്തിന്റെ അടുത്തയടയാളം. പഴയ വാര്‍ഷികപ്പതിപ്പുകള്‍ നോക്കി ഷര്‍ട്ടിന്റെ കൈമടക്കില്‍ എഴുതിയിടുന്ന കഥകള്‍ മല്‍സരക്കടലാസുകളിലേക്കു പകര്‍ത്തി ഒന്നാം സ്ഥാനം നേടുന്നവരുടെ കൂടി ഓണമായിരുന്നു അത്. മല്‍സരങ്ങളിലെ പകര്‍ത്തെഴുത്ത് വലിയരൂപത്തിലാകുന്നത് അനിയന്‍ കോളജില്‍ വച്ചു കണ്ടു.

മാധവിക്കുട്ടിയുടെ നെയ്പ്പായസം എന്ന കഥ അതേ പേരില്‍ ഒരു വിദ്വാന്‍ മാഗസിനില്‍ നല്‍കുകയും അതു പ്രസിദ്ധീകരിക്കുകയും ചെയ്തു. ഏഷണിക്കാരില്‍ ഒരുവന്‍ ഇതു ചൂണ്ടിക്കാണിച്ചു മാധവിക്കുട്ടിക്കു കത്തും മാഗസിനും അയച്ചുകൊടുത്തു. അന്നു കിട്ടിയ മറുപടിയായിരുന്നു ആ കഥയിലും ഗംഭീരം. “ആ കുട്ടി ഒരു തവണ പകര്‍ത്തിയെഴുതിയപ്പോള്‍ അതിന് എത്ര അക്ഷരം കിട്ടിയിട്ടുണ്ടാകും. നന്നായി.” എന്നായിരുന്നു ആ രണ്ടുവരി മറുപടി.

പതിറ്റാണ്ടുകള്‍ ടിവിയില്‍ കണ്ടിട്ടും ക്രിക്കറ്റിന്റെ ഷോര്‍ട്ട് മിഡ് ഓഫും മിഡ് ഓണും ഗള്ളി പോയിന്റുമൊക്കെ ഏതാണെന്ന് കമന്റേറ്റര്‍ വട്ടം വരച്ചു കാണിച്ചാല്‍ മാത്രമേ അനിയനു മനസ്സിലാകുമായിരുന്നുള്ളു. എന്നാല്‍ ഓണത്തിനു കളിച്ച കുട്ടിയും കോലും കളികളിലെ നായ്ക്കോണിയും ഐറ്റിക്കോണിയും സഗദേമ്പറും മുറിമൂട്ടും ഇന്നും കാണാപാഠമാണ്. ടിവിയിലൂടെ അനേകം ഓണവും കളികളും വരുന്നുണ്ടെങ്കിലും അനിയന്‍ അന്തം വിട്ടിരുന്നു പോയിട്ടുള്ളത് പഴയ കുട്ടിയും കോലും കളിയിലെ അളവിന്റെ കൃത്യതയിലാണ്.

അതേ കൃത്യതയോടെയാണ് ഒന്ന്, രണ്ട്, മൂന്ന് അഥവാ വണ്‍, ടു, ത്രീ എന്ന് എണ്ണി വാമനന്‍ മാവേലിയെ ചവുട്ടി മണ്ണിലേക്കു വിട്ടത്. എന്നിട്ടും വാമനന്‍ ദൈവമാണെന്നും മാവേലി അസുരനാണെന്നും പറയുന്നതിന്റെ സംഗതി കൊടിപിടിച്ചു മുദ്രാവാക്യം വിളിച്ചു വളര്‍ന്ന അനിയനു മനസ്സിലായിരുന്നില്ല. സ്ററാര്‍ സിംഗര്‍ നൂറുകണക്കിന് എപ്പിസോഡുകള്‍ പിന്നിട്ടിട്ടും സംഗീതത്തിലെ സംഗതി എന്താണെന്നു മനസ്സിലാകാത്തതുപോലെയായിരുന്നു അതും.

 

Painting: Rollin Kocsis


 

സംഗതികള്‍ മാറുന്നു
ഏ. കെ. സൂപ്പിയെന്ന വണ്ടാനാനിക്കല്‍ കണ്ടത്തില്‍ അസൈനാര്‍ വരാതെ ഒറ്റ ഓണത്തിനും അനിയന്റെ വീട്ടില്‍ ഇലയിട്ടിട്ടില്ല. സ്കൂളില്‍ പോകുന്ന വഴിക്ക് അനിയനെ കൈപിടിച്ചു കൊണ്ടുപോയി കളരിയിലേക്കു വിട്ടപ്പോള്‍ തുടങ്ങിയതാണ് ആ ബന്ധം. അസൈനാരുടെ വീട്ടില്‍ ഉണ്ണാന്‍ ചോറില്ലാതിരുന്നിട്ടോ അനിയന്റെ വീട് അരി കൂടുതല്‍ വച്ചു വിളമ്പുന്ന ഗൃഹമായിട്ടോ ആയിരുന്നില്ല ആ സ്നേഹം. തകരമറച്ച വീട്ടില്‍ അനിയന്‍ കിടന്നപ്പോഴും അസൈനാര്‍ ഓണമുണ്ണാന്‍ വന്നിട്ടുണ്ട്.

ഈ കാലത്തൊന്നും ‘എന്താണ് അസൈനാരേ അവിടെ ഓണമുണ്ണാന്‍ പോകുന്നത്’ എന്ന് ആരും ചോദിച്ചിട്ടില്ല. എന്നാല്‍ കഴിഞ്ഞ ഓണത്തിനു ശേഷം മടങ്ങിയപ്പോള്‍ ‘നിങ്ങളെന്താണ് ഇപ്പോഴും കണ്ടിടത്തു പോയി ഉണ്ണുന്നത്’ എന്ന് ആരോ ചോദിച്ചതായി, കിട്ടുവിനെ കാണാന്‍ പുഴയെറുമ്പിലിരിക്കുമ്പോള്‍, ഇന്നലെ അസൈനാര്‍ പറഞ്ഞു.

ഇവര്‍ക്കൊക്കെ വിളമ്പിയാല്‍ ഐശ്വര്യം പോകില്ലേയെന്ന് കഴിഞ്ഞ ഓണത്തിന് അപ്രതീക്ഷിതമായി വീട്ടിലെത്തിയ ഒരു കാരണവര്‍ അച്ഛനോടു ചോദിച്ച കാര്യം ഞാനേതായാലും അസൈനാരോടു പറഞ്ഞില്ല. ചിട്ടയുടെ ആള്‍രൂപമായിരുന്ന മുത്തശãിപോലും പതിറ്റാണ്ടുകളായി പ്രോല്‍സാഹിപ്പിച്ചിരുന്ന ഓണം വരവിലേക്കാണ് ആ കാരണവര്‍ കഴിഞ്ഞ വര്‍ഷം വിഷമെറിഞ്ഞത്.

ആരു പറഞ്ഞാലും ഞാന്‍ വരുമെന്ന് അസൈനാരും വരാതെ ഇലയിടില്ലെന്നു ഞാനും പറഞ്ഞു. രണ്ടും ഭംഗിവാക്കാണോ എന്നു ഇന്ന് അറിയാം. പുഴയെറുമ്പത്ത് ഇരുന്നതോടെ ഓണത്തിന്റെ ജാതി കുറച്ചുകൂടി തെളിഞ്ഞു വരുന്നതായി അനിയനു തോന്നി ത്തുടങ്ങി.

 

Photo: Madhu Image Courtesy: Wikipedia


 

ഈ ഓണത്തിനു തെളിയുന്നത്
കിട്ടുവിന് ഓണമുണ്ണെണമെങ്കില്‍ മുപ്പതുവര്‍ഷം മുമ്പെന്നപോലെ തന്നെ തേങ്ങയിടുകയും വരാല്‍ പിടിക്കുകയും വേണം. ജാതി കണ്ടെത്താത്ത പൂക്കള്‍ വേരറ്റുപോയതിനാല്‍ ജാതിയുള്ള പൂക്കള്‍കൊണ്ടു മാത്രമേ കളം തീര്‍ക്കാന്‍ കഴിയുകയുള്ളു.

വര്‍ഷങ്ങളോളം പൂക്കളമിട്ട് എഴുതിവച്ച പേരു കാണാന്‍ വേലിക്കപ്പുറത്തു നിന്ന് ഒരു കണ്ണും പേടിച്ചിട്ടു കടന്നുവരില്ല. ആണ്ടോടാണ്ടു മടങ്ങിവരാനുള്ള ദീക്ഷ മഹാബലിക്കു ലഭിച്ചാലും നിത്യ പൂജ കിട്ടുന്നത് ചവിട്ടി താഴ്ത്തിയ വാമനനായിരിക്കും.

അസൈനാര്‍ ഒന്നോ രണ്ടോ വര്‍ഷം കൂടിയൊക്കെ വന്നാലും എന്‍ജിനിയറിങ്ങിനും മറ്റും പഠിക്കുന്ന മക്കളുടെ വിലക്കില്‍ ആ വരവു പതിയെ നിന്നു പോയേക്കും. റമസാനിലെ വൈകുന്നേരങ്ങളില്‍ കിട്ടിയിരുന്ന ആ അരയല്ലി കാരയ്ക്കയും ഒരു പക്ഷേ…

 
 
 
 

2 thoughts on “ഓണപ്പൂക്കളുടെ ജാതി

Leave a Reply

Your email address will not be published. Required fields are marked *