അടിമക്കച്ചവടവും രാജ്യാന്തര കരാര്‍ കുടിയേറ്റവും

 
 
 
 
രാജ്യാന്തര അടിമക്കച്ചവടത്തില്‍നിന്ന് കരാര്‍ കുടിയേറ്റത്തിലേക്കു നീളുന്ന വഴികളുടെ ചരിത്രപരമായ വിശകലനം.
പ്രവാസത്തിന്റെ തായ് വേരുകളിലേക്ക് ഒരന്വേഷണം. സര്‍ജു എഴുതുന്നു

 
 
അടിമത്വം നിരോധിക്കപ്പെട്ട ചരിത്ര പശ്ചാത്തലത്തിലാണ് കരാര്‍ത്തൊഴിലാളികളുടെ വലിയ തോതിലുള്ള കുടിയേറ്റം ആരംഭിക്കുന്നത്. അടിമകള്‍ സ്വതന്ത്രരായതോടെ നിര്‍ബന്ധിച്ച് ജോലി ചെയ്യിക്കാന്‍ കഴിയാതാവുകയും വച്ചു നീട്ടിയ വേതന വ്യവസ്ഥകള്‍ അവര്‍ നിരസിക്കുകയും ചെയ്തു. അടിമത്വം നിയമവിരുദ്ധമായെങ്കിലും അടിമ -ഉടമകളുടെ മനോനിലകളിലും സമീപനങ്ങളിലും കാര്യമായ മാറ്റം ഉണ്ടായിരുന്നില്ല.തുച്ഛമായ വേതനത്തില്‍ മനുഷ്യാദ്ധ്വാനം സമാഹരിക്കാനുള്ള വഴികള്‍ അവര്‍ തേടിക്കൊണ്ടിരുന്നു.അങ്ങനെയാണ് അടിമത്വനിരോധനമുണ്ടാക്കിയ പ്രതിസന്ധികളെ ഏഷ്യന്‍ തൊഴിലാളികളെ ഉപയോഗിച്ച് പരിഹരിക്കാനുള്ള നീക്കമെന്ന രീതിയില്‍ കരാര്‍ കുടിയേറ്റസമ്പ്രദായം നിലവില്‍ വരുന്നത്-രാജ്യാന്തര അടിമക്കച്ചവടത്തില്‍നിന്ന് കരാര്‍ കുടിയേറ്റത്തിലേക്കു നീളുന്ന വഴികളുടെ ചരിത്രപരമായ വിശകലനം. പ്രവാസത്തിന്റെ തായ് വേരുകളിലേക്ക് ഒരന്വേഷണം. സര്‍ജു എഴുതുന്നു
 


 

ഫോര്‍ട്ട്കൊച്ചിയിലെ സെന്റ്ഫ്രാന്‍സിസ് പള്ളിക്കുള്ളിലെ ഗാമയുടെ ജാറത്തിനരികില്‍ നില്‍ക്കുമ്പോള്‍ അവിടത്തെ പഴയമട്ടിലുള്ള തൂക്കുവിശറിയില്‍ നിന്ന് കൊളോണിയല്‍ കാലത്തിന്റെ കാററിളകും.1498 മെയ് 20 ന് കാപ്പാട് കടപ്പുറത്തിറങ്ങിയ വാസ്ഗോഡ ഗാമ ഇന്ത്യ കണ്ടു പിടിച്ചു എന്നു പറയുന്നതിന് തുല്യമായ ഫലിതമാണ് കൊളംബസ് അമേരിക്ക കണ്ടു പിടിച്ചു എന്നത്.1492 ആഗസ്റ് 3ന് സ്പെയ്നില്‍ നിന്ന് കൊളംബസും സംഘവും മൂന്നുകപ്പലുകളില്‍ അറ്റ്ലാന്റിക് കടലിലേയ്ക്ക് ഇറങ്ങുമ്പോള്‍ ഏഷ്യന്‍ സ്വര്‍ണ്ണവും ധനവും തേടിയുള്ള ഒരു പര്യവേഷണമായിരുന്നു അത്.

ഇല്ലാത്ത വഴി, തെറ്റി എന്നെങ്ങനെ പറയും? വടക്കുനോക്കിയന്ത്രം വേറെ ദിശകാണിച്ചുതുടങ്ങിയിരുന്നു. മാസമൊന്നാകാറായപ്പോള്‍ ആകാശത്ത് വലിയ പക്ഷിക്കൂട്ടം കണ്ട് ആശ്വസിച്ചു. അവ വന്ന ദിശനോക്കിയാണവര്‍ കരപിടിച്ചത്. ജപ്പാനും ചൈനയുമൊക്കെയായിരുന്നു ലക്ഷ്യമെങ്കിലും എത്തിപ്പെട്ടത് മധ്യ അമേരിക്കയിലെ ബഹാമസില്‍. പര്യവേഷണം ആകെ പ്രതിസന്ധിയില്‍ ആയതിനാല്‍ തദ്ദേശിയരുടെ സഹായം തേടി. തകര്‍ന്ന കപ്പല്‍ പൊളിച്ചു തമ്പുകളുണ്ടാക്കി കൂട്ടത്തില്‍ കുറെ ആളുകളെ അവിടെ പാര്‍പ്പിച്ച് കൊളംബസ് യാത്ര തുടര്‍ന്നു. അവര്‍ മുഴുവന്‍ കൊല്ലപ്പെടുകയും ആ കോളനി (ലാ നവി ദാദ്) തകര്‍ക്കപ്പെടുകയും ചെയ്തെങ്കിലും സമാനമായ നാലു യാത്രകളിലൂടെ അറ്റ്ലാന്റിക്കിനു കുറുകേ കൊളംബസ് യൂറോപ്പിനായി വഴിവെട്ടി.

അന്നേവരെയുള്ള ലോകം യൂറോപ്പും ആഫ്രിക്കയും ഏഷ്യയും ചേര്‍ന്നതാകയാല്‍ അമേരിക്ക ഒരു പുതിയ ലോകമായി. ചരിത്രവും ഭൂമിശാസ്ത്രവുമെക്കെ യൂറോപ്പിന്റെ ജ്ഞാനം അനുസരിച്ചായിരുന്നതുകൊണ്ട് പ്രത്യേകിച്ചും. ഈ പര്യവേഷണങ്ങള്‍ തീര്‍ച്ചയായും പൊതുനന്മയ്ക്കായുള്ളതായിരുന്നില്ല. ലോകത്തിലേയ്ക്ക് പുറപ്പെട്ട സാഹസികരായ നാവികരുടെ കഥകളുമല്ല. സ്വന്തം അധികാരപരിധി വിസ്തൃതമാക്കാനും കച്ചവട ഉടമ്പടികള്‍ ഉണ്ടാക്കാനും ലോകത്തിന്റെ സ്വത്ത് അപഹരിക്കാനും കോളനികള്‍ സ്ഥാപിക്കാനും യൂറോപ്യന്‍ രാജാക്കന്മാര്‍ നടത്തിയ നീക്കങ്ങളായിരുന്നു. പഞ്ചസാരയും കുരുമുളകും തുണിയും പുകയിലയും പോലെ മനുഷ്യരേയും വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന കാലമായിരുന്നതിനാല്‍ കച്ചവടത്തില്‍ മാന്യതയ്ക്കും നീതിയ്ക്കും ഉള്ളതിനേക്കാള്‍ ഇടം ദുരയ്ക്കും ക്രൂരതയ്ക്കുമായിരുന്നു. ഗാമ ഉള്‍പ്പെടെയുള്ള ഏത് നാവികനും തരം കിട്ടിയാല്‍ കടല്‍ക്കൊള്ളക്കാരനായി മാറുമായിരുന്നു.

 

 
മനുഷ്യന്‍ വില്‍പ്പനക്ക്
അടിമത്വത്തിന്റെ സാമൂഹികവ്യവസ്ഥ നാഗരികതകളുടെ അത്രതന്നെ പിന്നില്‍ നിന്നു വരുന്ന ഒന്നാണ്. മനുഷ്യരെ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന ചന്തകള്‍ ആഫ്രിക്കയില്‍ മാത്രമല്ല എല്ലാഭൂഖണ്ഡങ്ങളിലുമുണ്ടായിരുന്നു. എന്നാല്‍ 16മുതല്‍ 19 വരെയുള്ള നൂറ്റാണ്ടുകളിലാണ് ലോകത്തിലെ വന്‍ കച്ചവടങ്ങളിലൊന്നായി അടിമവ്യാപാരം മാറുന്നത്. മനുഷ്യന്‍ അവരുടെ ജീവിതദേശങ്ങളില്‍ നിന്ന് കൂട്ടത്തോടെ പുറപ്പെട്ടുപോവുകയായിരുന്നില്ല , പറ്റം പറ്റമായി അവരെ കടത്തിക്കൊണ്ടു പോവുകയായിരുന്നു.

ആഫ്രിക്കയില്‍ നിന്ന് അടിമകളെ വാങ്ങി അറ്റ്ലാന്റിക് സമുദ്രത്തിലൂടെ കപ്പലില്‍ അമേരിക്കയിലും കരീബിയന്‍ ദ്വീപുകളിലും എത്തിച്ച് അവിടത്തെ തോട്ടം ഉടമകള്‍ക്ക് ലാഭത്തില്‍ വില്‍ക്കുന്ന യൂറോപ്പുകാരുടെ കച്ചവടമാണ് കുപ്രസിദ്ധമായ ട്രാന്‍സ് അറ്റ്ലാന്റിക് സ്ലേവ് ട്രേഡ്. മനുഷ്യരെ ജീവനുള്ള കാര്‍ഗോ ആയി മാത്രം പരിഗണിച്ച ഈ രാജ്യാന്തര വ്യാപാരം പോര്‍ട്ടുഗീസുകാരും ഡച്ചുകാരും സ്പെയിന്‍കാരും ഫ്രഞ്ചുകാരുമൊക്കെ പതിനാറാം നൂറ്റാണ്ടുമുതല്‍ നാനൂറ് കൊല്ലക്കാലം വച്ചുനടത്തിയെങ്കിലും ഏറ്റവും പ്രബലരായ വ്യാപാരികള്‍ ബ്രിട്ടീഷുകാരായിരുന്നു. ബ്രിട്ടീഷ് കോളനിയുടെ വലിപ്പം ഈ കച്ചവടത്തിലും അവര്‍ക്ക് മേല്‍ക്കോയ്മ നല്‍കി.യൂറോപ്യന്‍ കച്ചവടച്ചരക്ക് എന്ന നിലയില്‍ അമേരിക്കയിലെത്തിയ ആഫ്രിക്കന്‍ അടിമകള്‍ പതിനഞ്ചുദശലക്ഷം കവിയും.

അടിമകള്‍ അമേരിക്കയില്‍ തോട്ടം തൊഴിലാളികളായി മാറിയെങ്കിലും അവരുടെ ജീവിതദുരിതം കൂടുകയായിരുന്നു. കരിമ്പും നെല്ലും പുകയിലയും പരുത്തിയും കൃഷി ചെയ്യുന്ന തോട്ടനിലങ്ങളില്‍ ഉദയം മുതല്‍ അസ്തമയംവരെ അവര്‍ പണിയെടുത്തു. അറ്റലാന്റിക് കടല്‍ യാത്രയിലെ മരണനിരക്ക് പത്തു ശതമാനത്തോളം ആയിരുന്നെങ്കില്‍ സ്വാതന്ത്യ്രവും മനുഷ്യവകാശങ്ങളും എന്തെന്നറിയാതെ അദ്വാനഭാരവും രോഗവും പീഢനങ്ങളും കൊണ്ട് അകാലങ്ങളില്‍ മരിച്ചവരുടെ തോത് ഇതിലുമേറെ ആയിരുന്നു.

 

 

അടിമത്വ നിരോധം
അടിമയുടെ വിദേശ ജീവിതം ഒരു ഇരട്ട പ്രതി സന്ധിയാണ്. ദരിദ്രരും ദുര്‍ബലരും നിരക്ഷരരും അസ്വതന്ത്രരും ആയ മനുഷ്യര്‍ക്ക് മുന്നിലെ അപരിചിത ദേശം സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കി. എന്നാല്‍ സഹിക്കവയ്യാതാവുമ്പോള്‍ ഏതടിമയും വേറെ വഴിതിരക്കുമല്ലൊ. ഒളിച്ചോട്ടമായിരുന്നു സ്വാതന്ത്യ്രത്തിലേയ്ക്കുള്ള ഒരു വഴി. അത്തരക്കാര്‍ അജ്ഞാതമായ ഉള്‍ദേശങ്ങളില്‍ താവളം കണ്ടെത്തുന്നതോടെ സ്വതന്ത്രരായ അടിമകളുടെ ഉപ ദേശങ്ങളെന്നപോലെ ചെറുത്തുനില്പും രൂപപ്പെടുന്നുണ്ട്.

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ 1775 മുതല്‍ 1783 വരെ നടന്ന അമേരിക്കന്‍ സ്വാതന്ത്യ്രസമരം, സ്വാതന്ത്യ്രം-സമത്വം -ജനാധിപത്യം- പൌരത്വം തുടങ്ങിയവയെക്കുറിച്ച് യൂറോപ്പിലുണ്ടായ പുതുബോധം. ഫ്രഞ്ചുവിപ്ലവം (1789 –1799) , അടിമത്തവിരുദ്ധപ്രസ്ഥാനം, ജമയ്ക്കയിലും മറ്റുമുണ്ടായ അടിമകളുടെ റിവോള്‍ട്ട്(1831) , അമേരിക്കന്‍ ആഭ്യന്തരകലാപം (1861-1865), വ്യവസായ വിപ്ലവം ഇവയൊക്കെ അടിമത്വം നിരോധിക്കുന്നതില്‍ അവയുടേതായ പങ്കുവഹിച്ചു.

1787ല്‍ തന്നെ അമേരിക്കയില്‍ നോര്‍ത്ത് വെസ്റ് റ്റെറിറ്ററിയില്‍ അടിമത്വം നിരോധിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് അടിമകള്‍ സ്വതന്ത്രരായ സ്റേറററുകളും , അടിമത്വം നിയമവിധേയമായിരുന്ന സ്റ്റേറ്റുകളും തമ്മില്‍ രൂപപ്പെട്ട സംഘര്‍ഷമാണ് അമേരിക്കന്‍ ആഭ്യന്തര കലാപമായി മാറിയത്. അടിമത്വ സ്റ്റേറ്റുകള്‍ പരാജയപ്പെടുകയും 1865ല്‍ അമേരിക്കയില്‍ അടിമത്വം അവസാനിപ്പിക്കുകയും ചെയ്തു. അതിന് മുമ്പ് തന്നെ 1833 ല്‍ ബ്രിട്ടീഷ് സാമ്രാജ്യത്തില്‍ അടിമത്വം നിയമം മൂലം നിരോധിച്ചിരുന്നു.

 

അടിമ ലേല പരസ്യം


 

കരാര്‍ കുടിയേറ്റം എന്ന പുറപ്പാട്
ലേബര്‍ മൈഗ്രേഷന്റെ ചരിത്രത്തിലെ ഇരുണ്ട അദ്ധ്യായങ്ങളാണ് രാജ്യാന്തര അടിമവ്യാപാരവും അവരുടെ ദേശാന്തര ജീവിത ദുരിതങ്ങളും. അടിമത്വം നിരോധിക്കപ്പെട്ട ചരിത്ര പശ്ചാത്തലത്തിലാണ് കരാര്‍ത്തൊഴിലാളികളുടെ വലിയ തോതിലുള്ള കുടിയേറ്റം ആരംഭിക്കുന്നത്. അടിമകള്‍ സ്വതന്ത്രരായതോടെ നിര്‍ബന്ധിച്ച് ജോലി ചെയ്യിക്കാന്‍ കഴിയാതാവുകയും വച്ചു നീട്ടിയ വേതന വ്യവസ്ഥകള്‍ അവര്‍ നിരസിക്കുകയും ചെയ്തു. അടിമത്വം നിയമവിരുദ്ധമായെങ്കിലും അടിമ ^ഉടമകളുടെ മനോനിലകളിലും സമീപനങ്ങളിലും കാര്യമായ മാറ്റം ഉണ്ടായിരുന്നില്ല.തുച്ഛമായ വേതനത്തില്‍ മനുഷ്യാദ്ധ്വാനം സമാഹരിക്കാനുള്ള വഴികള്‍ അവര്‍ തേടിക്കൊണ്ടിരുന്നു.അങ്ങനെയാണ് അടിമത്വനിരോധനമുണ്ടാക്കിയ പ്രതിസന്ധികളെ ഏഷ്യന്‍ തൊഴിലാളികളെ ഉപയോഗിച്ച് പരിഹരിക്കാനുള്ള നീക്കമെന്ന രീതിയില്‍ കരാര്‍ കുടിയേറ്റസമ്പ്രദായം നിലവില്‍ വരുന്നത്.

അഞ്ചുവര്‍ഷമോ അതില്‍ അധികമോ ഒരു വിദേശരാജ്യത്ത് ജോലിചെയ്യുന്നതിനായി സ്വന്തം രാജ്യത്ത് വച്ച് തന്നെ ഒരു ഉടമ്പടി ഒപ്പു വയ്ക്കുന്ന രീതിയായിരുന്നു ഇത്. അതേസമയം പങ്കാളികളാകുന്ന രാജ്യങ്ങളിലെ സര്‍ക്കാറുകള്‍ കൂടി അറിഞ്ഞുകൊണ്ടുള്ള ഒരു സമ്പ്രദായം എന്ന പ്രത്യേകതയും ഉണ്ടായിരുന്നു. തെക്കനേഷ്യയില്‍ നിന്ന് പ്രധാനമായും ചൈനയിലും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലും നിന്ന് തൊഴിലാളികളെ അമേരിക്കയിലും ആഫ്രിക്കയിലും ഏഷ്യയിലുമുള്ള ബ്രിട്ടീഷ് ഫ്രഞ്ച്, ഡച്ച് കോളനികളിലേയ്ക്ക് ഇങ്ങനെ വന്‍തോതില്‍ റിക്രൂട്ട് ചെയ്തു. ഏഷ്യന്‍ ദാരിദ്യ്രവും മറ്റൊരു ദേശത്തിന്റെ വാഗ്ദാനവും ആകണം ഏകദേശം നാല്‍പ്പത് ദശലക്ഷം തൊഴിലാളികള്‍ക്ക് കരാര്‍ കുടിയേറ്റം മറ്റൊരു പുറപ്പാടാകാന്‍ കാരണം.

ആഫ്രിക്കന്‍, അമേരിക്കന്‍, കരീബിയന്‍ കരിമ്പുതോട്ടങ്ങളില്‍ ഇന്ത്യന്‍ തൊഴിലാളി സാന്നിദ്ധ്യം ഇങ്ങനെ വിപുലമായി. കരാര്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് സ്വന്തം ദേശത്തേയ്ക്ക് മടങ്ങാനോ കുടിയേറിയ രാജ്യത്തു തുടരാനോ ഉള്ള സ്വാതന്ത്യ്രം കരാര്‍ കുടിയേറ്റത്തിന്റെ ഒരു സവിശേഷതയായിരുന്നു. എന്നാല്‍ ഇവരെ ചൈനീസ്, ഇന്ത്യന്‍ കൂലികളായി നോക്കികണ്ട തൊഴിലുടമകളുടെ സമീപനം അടിമകളോടുള്ളതില്‍നിന്ന് അത്രയൊന്നും ഭിന്നമായിരുന്നില്ല. അതുകൊണ്ടുതന്നെ ഈ സമ്പ്രദായം പാതി അടിമത്വം എന്ന് വിമര്‍ശിക്കപ്പെടുകയും പില്‍ക്കാലത്ത് നിരോധിക്കപ്പെടുകയും ചെയ്തു.

 

 

കരാര്‍ തൊഴിലാളികള്‍ ഉണ്ടാവുന്നത്
17 ഉം 18 ഉം നൂറ്റാണ്ടുകളില്‍ കൊളോണിയല്‍ അമേരിക്കയിലേയ്ക്ക് യൂറോപ്പില്‍ നിന്ന് കുടിയേറിയ ദരിദ്രരായ വെള്ളക്കാരുടേതും കരാര്‍കുടിയേറ്റമായിരുന്നു.ഇവര്‍ക്ക് അക്കാലത്ത് പണമായി വേതനം ലഭിച്ചിരുന്നില്ല. അമേരിക്കയിലേയ്ക്കുള്ള യാത്രച്ചെലവിനും താമസത്തിനും ഭക്ഷണത്തിനും വസ്ത്രത്തിനും പകരമായി മൂന്നു മുതല്‍ ഏഴുവര്‍ഷംവരെ കരാര്‍തൊഴിലാളികളായി പണിയെടുക്കേണ്ടിവന്നു.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലുമായി യൂറോപ്പുകാര്‍ സ്വന്തം താല്‍പര്യത്തില്‍ വിവിധ ഭൂഖണ്ഡങ്ങളിലേക്ക് കുടിയേറിയത് മറ്റൊരു പ്രധാന ഘട്ടമാണ്. അമേരിക്ക, കാനഡ, അര്‍ജന്റീന, ബ്രസീല്‍, ആസ്ട്രേലിയ, ന്യൂസിലന്റ്, സൌത്ത് ആഫ്രിക്ക, എന്നിവിടങ്ങളില്‍ കുടിയേറിയവര്‍ അഞ്ച് കോടി കവിയും. ഇംഗ്ലണ്ട്, അയര്‍ലന്റ്, നോര്‍വേ തുടങ്ങിയ രാജ്യക്കാരായിരുന്നു ഇങ്ങനെ പുറപ്പെട്ടുപോയവരില്‍ ഭൂരിഭാഗവും. ചില യൂറോപ്യന്‍ രാജ്യങ്ങള്‍ മനുഷ്യവിഭവശേഷിയുടെ കയറ്റുമതിയെ ഒരു സാധ്യതയായി പരിഗണിക്കുകയും തങ്ങളുടെ പൌരന്മാര്‍ക്ക് സൌജന്യ യാത്രാസൌകര്യങ്ങളൊരുക്കുകയും ചെയ്തിട്ടുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിതം പച്ചപിടിപ്പിക്കാന്‍ യൂറോപ്യര്‍ക്ക് മുന്നിലുണ്ടായിരുന്ന മാര്‍ഗങ്ങളിലൊന്നു തീര്‍ച്ചയായും കുടിയേറ്റമായിരുന്നു. കോണ്‍വാള്‍ കേന്ദ്രീകരിച്ച് എമിഗ്രേഷന്‍ ട്രേഡ് തന്നെ അക്കാലത്തു വികസിക്കുകയുണ്ടായി.

രണ്ടാം ലോകയുദ്ധത്തിനു ശേഷമുള്ള യൂറോപ്പിന്റെ പുനര്‍നിര്‍മ്മാണം ലേബര്‍ മൈഗ്രേഷന്‍ ശക്തമായ മറ്റൊരു ചരിത്രസന്ദര്‍ഭമായിരുന്നു. ബ്രിട്ടനിലും ഫ്രാന്‍സിലും ജര്‍മ്മനിയിലുമൊക്കെ കടുത്ത തൊഴിലാളി ക്ഷാമം നേരിട്ടതോടെ ഇറ്റലി, പോര്‍ച്ചുഗല്‍, സ്പെയിന്‍ എന്നിവിടങ്ങളില്‍ നിന്ന് യൂറോപ്യന്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്തു. അത് മതിയാകാതെ വന്നപ്പോള്‍ ഫ്രാന്‍സ് വടക്കനാഫ്രിക്കയില്‍ നിന്നും ജര്‍മ്മനി തുര്‍ക്കിയില്‍ നിന്നും യുഗോസ്ലോവിയയില്‍ നിന്നും ബ്രിട്ടന്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്നും കരീബിയന്‍ ദ്വീപുകളില്‍ നിന്നും തൊഴിലാളികളെ തേടി.

 

 

ഇന്ത്യന്‍ വഴികള്‍
ആദ്യകാല ഇന്ത്യന്‍ കുടിയേറ്റം മുഖ്യമായും ബ്രിട്ടീഷ് കോളനികളിലേക്കായിരുന്നു. ഇവയില്‍ പലതിലും പില്‍ക്കാലത്ത് ഇന്ത്യാക്കാര്‍ പ്രധാന സാമൂഹിക ശക്തിയായി ഉയരുകയും ചിലതില്‍ രാഷ്ട്രീയാധികാരം നേടുകയും ചെയ്തിട്ടുണ്ട്. എന്നാലിത് തദ്ദേശീയരുമായി സംഘര്‍ഷങ്ങള്‍ക്ക് കാരണമായതോടെ ഇന്ത്യന്‍ കുടിയേറ്റക്കാരുടെ പുതുതലമുറ മെച്ചപ്പെട്ട താവളങ്ങള്‍ തേടി. ഗയാനയില്‍ നിന്ന് വടക്കേ അമേരിക്കയിലേക്ക്, സുരിനാമില്‍ നിന്ന് നെതര്‍ലന്റിലേക്ക്, കിഴക്കേ ആഫ്രിക്കയില്‍ നിന്ന് ബ്രിട്ടനിലേക്ക്, ഫിജിയില്‍ നിന്ന് ന്യൂസിലന്റിലേക്കും കാനഡയിലേക്കും ഇതു നീണ്ടു.

അതിനപ്പുറം ഇന്ത്യന്‍ കുടിയേറ്റം ശ്രദ്ധിച്ചാല്‍ അത് പത്തൊമ്പതാം നൂറ്റാണ്ടിലെ ആഫ്രിക്കന്‍ കരിമ്പുതോട്ടങ്ങളിലെ കരാര്‍ ജോലിക്കാരില്‍ നിന്ന് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ അമേരിക്കന്‍ അധിനിവേശ ഇറാഖിലെ നിര്‍മ്മാണത്തൊഴിലാളി കളിലേക്ക്, അല്ലെങ്കില്‍ ലങ്കയില്‍ കുഴിബോംബുകള്‍ നീക്കാന്‍ പോയവരിലേയ്ക്ക് നീളുന്ന ഒന്നാണ്. മധ്യപൂര്‍വേഷ്യ ,മലേഷ്യ, സിംഗപ്പൂര്‍ ബര്‍മ്മ, സിലോണ്‍ ദക്ഷിണാഫ്രിക്ക, ഗയാന, ഫിജി, മൌെറിറ്റാനിയ, ട്രിനാഡ് സുരിനാം, ന്യൂസിലന്റ്, നെതര്‍ലന്റ്, കാനഡ, ബ്രിട്ടണ്‍, അമേരിക്ക തുടങ്ങി അമ്പതിലേറെ രാജ്യങ്ങളില്‍ ഇന്ത്യന്‍ ഡയസ്പോറകളുണ്ട് . ബംഗാളികള്‍, തമിഴര്‍, തെലുങ്കര്‍,മറാത്തികള്‍, ഗോവക്കാര്‍, കന്നടക്കാര്‍, ഉത്തരപ്രദേശുകാര്‍, ബിഹാറികള്‍ തുടങ്ങി ഇതില്‍പ്പെടാത്ത ഭാഷാസമൂഹങ്ങള്‍ കുറയും.

 

Image Courtesy: Wikipedia


 

മലയാളികളുടെ ദേശാന്തര പ്രവാഹങ്ങള്‍
മലയാളികളുടെ ദേശാന്തര തൊഴില്‍ ജീവിതത്തെ ലേബര്‍മൈഗ്രേഷന്റെ ലോക ചരിത്രത്തില്‍ നിന്നും ഇന്ത്യന്‍ ചരിത്രത്തില്‍ നിന്നും അറുത്തുമാറ്റി ഗള്‍ഫിലെ എണ്ണക്കിണറുകളിലൊതുക്കി ചര്‍ച്ച ചെയ്യാന്‍ താത്പ്പര്യപ്പെടുന്ന ഒരു വിഭാഗം ആളുകളുണ്ട്. ‘ഗള്‍ഫ് മണി’യുടെ സ്വാധീനം കേരളീയ സമൂഹത്തെ അസന്തുലിതമാക്കിയെന്നും പിന്നോട്ടടിച്ചെന്നും തിടുക്കത്തില്‍ ഇവര്‍ നിഗമനങ്ങളിലെത്തുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്നു.ഇത് പ്രസംഗിച്ചു നടക്കുന്ന പൊതു സ്വീകാര്യതയുള്ള രാഷ്ട്രീയക്കാരും തരംകിട്ടുമ്പൊഴൊക്കെ ഇതേപ്പറ്റി ഉപന്യസിക്കുന്ന വിചാരശീലരും വിവേകികളുമായ എഴുത്തുകാരും നിരവധിയാണ്.

അസന്തുലിതമാക്കി എന്ന് പറയുമ്പോള്‍ സ്വാഭാവികമായും ഒരു സന്തുലിതാവസ്ഥ വേണല്ലോ.ഏത് തരം സാമൂഹിക സന്തുലിതാവസ്ഥയാണ് എഴുപതുകള്‍ക്ക് മുന്‍പ് കേരളത്തില്‍ നിലനിന്നത്? സ്ഥിതിസമത്വവും അവസരസമത്വവുമുള്ള ഒരു സോഷ്യലിസ്റ് ഡെമോക്രാറ്റിക് റിപ്പബ്ലിക്കായിരുന്നോ കേരളം? രണ്ടുനേരം ആഹാരം കഴിക്കാന്‍ ജനതയില്‍ ഭൂരിപക്ഷത്തിനും വഴി ഇല്ലാതിരുന്ന, പട്ടിണിയും ദാരിദ്യ്രവും തൊഴില്‍ ഇല്ലായ്മയും കൊണ്ടുവലഞ്ഞ, അവികസിതാവസ്ഥയും സാമൂഹിക വിവേചനങ്ങളും അനീതികളും ഇന്നത്തേതിനേക്കാള്‍ പലമടങ്ങ് നിലനിന്ന ഒരു കാലഘട്ടത്തെ മുന്നില്‍ നിര്‍ത്തി സാമൂഹിക സന്തുലിതാവസ്ഥ എന്ന് പറയാന്‍ അപാരമായ അവിവേകം വേണം. ഗള്‍ഫിലെ എണ്ണക്കിണറുകള്‍ കേരളത്തെ അസന്തുലിതമാക്കി എന്ന് ബുദ്ധിജീവികളില്‍ ചിലര്‍ വാദിക്കുന്നതിന്റെ പിന്നില്‍ മോശം രാഷ്ട്രീയമാണുള്ളത്.

‘ഞാന്‍ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു.സമ്പൂര്‍ണ്ണവും വൈവിധ്യപൂര്‍ണവുമായ അതിന്റെ പാരമ്പര്യത്തില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു..’ ദേശീയ ബോധത്തിന്റെ അടിത്തട്ടില്‍, ഇങ്ങനെ പള്ളിക്കൂടമുറ്റത്ത് പത്തുമണിവെയിലില്‍ നിരന്തരം ചൊല്ലി ഉറപ്പിച്ച, ഈ പ്രതിജ്ഞയുണ്ടായിരുന്നു. എങ്കിലും ‘എന്തുചെയ്യുന്നു?’ എന്ന ചോദ്യത്തിന് ‘പാസ്പോര്‍ട്ട് കൊടുത്തിട്ടുണ്ട്’ എന്ന് വര്‍ഷങ്ങളോളം മറുപടി പറഞ്ഞ് മടുത്ത്, ‘ഒന്നും ശരിയായില്ലേ’ എന്ന കുശലം പേടിച്ച് നാട്ടില്‍ത്തന്നെ ഒളിച്ച് നടന്ന്, ഒടുവില്‍ ആഹ്ളാദത്തോടെയും പ്രതീക്ഷകളോടെയും അതിര്‍ത്തികടന്നുപോയ ജനസഞ്ചയം നമ്മുടെ അടിസ്ഥാനരാഷ്ട്രീയ പ്രശ്നമാണ്.

ഇരു ദേശങ്ങളിലായി ഇവര്‍ ഒരേസമയം സാധ്യമാക്കിയ വൈയക്തികവും സാമൂഹികവുമായ ജീവിതം പൌരത്വത്തെയും ദേശീയതയെയും സംബന്ധിച്ച ചില വീണ്ടുവിചാരങ്ങള്‍ മുന്നോട്ടു വയ്ക്കുന്നുണ്ട്. ഒപ്പം മലയാളിയുടെ ദേശാന്തരജീവിതത്തെ ചരിത്രപരമായിതന്നെ മനസിലാക്കേണ്ടതിന്റെ ആവശ്യകതയും.
 
 
 
 

Leave a Reply

Your email address will not be published. Required fields are marked *