ഫഹദിന്റെ ജനപ്രിയത: അഥവാ പൌരുഷാനന്തര സംവേദനങ്ങള്‍

 
 
 
 
ഫഹദ് ഫാസില്‍ എന്ന താരശരീരം മലയാള സിനിമയുടെ പുരുഷ പ്രതിനിധാനങ്ങളില്‍നിന്ന് എങ്ങനെയാണ് വ്യത്യസ്തനാകുന്നത്? ന്യൂജനറേഷന്‍ സിനിമകള്‍ ഏകമാനമായ മലയാളി പുരുഷ ബിംബത്തെ ഉടച്ചു വാര്‍ക്കുന്നതെങ്ങനെ? പി ഷൈമ എഴുതുന്നു

 
 
കേരളത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന മദ്ധ്യവര്‍ഗ്ഗ പൊതു മണ്ഡലത്തിന്റെ പ്രതിനിധിയായ ഫഹദ് ഫാസില്‍ തുറന്നു വെക്കുന്നതും ഇത്തരം സാദ്ധ്യതകളാണ്. ഫഹദ് ഫാസിലിനെ നിര്‍ണ്ണയിക്കുന്ന ഒരുപാട് അഭാവങ്ങളുമുണ്ട്. മുടിയുടെ, 6 അടി നീളത്തിന്റെ, 6 പാക്ക് മസിലിന്റെ അങ്ങനെ. എന്നാല്‍ മലയാളി പൌരുഷം എന്ന കല്‍പനയുടെ അഭാവമാണ് ഫഹദിനെ വ്യത്യസ്തനും ന്യൂ ജനറേഷന്‍ സിനിമ എന്ന പ്രതിനിധാന രൂപത്തിന്റെ ഒരു പ്രധാന വക്താവുമാക്കുന്നത്. ഒരേ സമയം വില്ലനും കാമുകനുമാണയാള്‍. ന്യൂ ജനറേഷന്‍ സിനിമകളെ നിര്‍ണ്ണയിക്കുന്ന മുഖ്യഘടകമാണ് അവയിലെ പൌരുഷം കുറഞ്ഞതോ ഇല്ലാത്തതോ ആയ ആണത്തങ്ങള്‍ – ഫഹദ് ഫാസില്‍ എന്ന താരശരീരം മലയാള സിനിമയുടെ പുരുഷ പ്രതിനിധാനങ്ങളില്‍നിന്ന് എങ്ങനെയാണ് വ്യത്യസ്തനാകുന്നത്, ന്യൂജനറേഷന്‍ സിനിമകള്‍ ഏകമാനമായ മലയാളി പുരുഷ ബിംബത്തെ ഉടച്ചു വാര്‍ക്കുന്നതെങ്ങനെ? ഹൈദരാബാദ് സര്‍വകലാശാലയില്‍ താരതമ്യ സാഹിത്യത്തില്‍ ഗവേഷക വിദ്യാര്‍ഥിയായ പി ഷൈമയുടെ വിശകലനം

 

 

താരങ്ങളുടെ അഭാവം ഒരുക്കിയ ബഹുസ്വരമായ ആണത്ത കാഴ്ചകളിലേക്കാണ് കുറച്ചു മാസങ്ങളായി മലയാള സിനിമയുടെ എത്തിനോട്ടം. വര്‍ഗ്ഗ സമരം എന്ന ബൃഹദാഖ്യാനത്തില്‍ അധിഷ്ഠിതമായ ഒരു സോഷ്യല്‍ റിയലിസ്റ് യാഥാര്‍ത്ഥ്യവും, ആ യാഥാര്‍ത്ഥ്യത്തിന്റെ നായകരായ പരിത്യാഗികളായ പുരുഷന്മാരും, അവരുടെ പ്രതിനിധികളായി താരങ്ങളും, അവരാല്‍ സംരക്ഷിക്കപ്പെടുന്ന സ്ത്രീകള്‍, കീഴാളര്‍ എന്നിവരും പുര നിറഞ്ഞു നില്‍ക്കുന്ന മലയാള സിനിമ എന്ന തറവാട്ടില്‍ ഇത്തരം അഭാവങ്ങള്‍ പ്രതീക്ഷ നല്‍കുന്നവയാണ്.

പി ഷൈമ


പാട്രിയാര്‍ക്കിയില്‍ ഊന്നിയ ഏകമാനമായ ഒരു പുരുഷ ബിംബത്തെ ഉടച്ചു വാര്‍ക്കുന്നതോടൊപ്പം കേരളത്തിന്റെ സൌന്ദര്യാത്മകത ഒരു സവര്‍ണ്ണ മധ്യവര്‍ഗ്ഗാധിഷ്ഠിതമാണെന്നും ഈ സിനിമകള്‍ തുറന്നടിക്കുന്നു. ഇത്തരം തുറന്നു പറച്ചിലുകളിലൂടെ ന്യൂ ആകുന്ന ന്യൂ ജനറേഷന്‍ സിനിമകളില്‍ അതുകൊണ്ടു തന്നെ നവീനമായ ഒരു മദ്ധ്യവര്‍ഗ്ഗ കീഴാള സംവേദനത്തിന്റെ സാദ്ധ്യതകള്‍ ഏറെയാണ്.

കേരളത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന മദ്ധ്യവര്‍ഗ്ഗ പൊതു മണ്ഡലത്തിന്റെ പ്രതിനിധിയായ ഫഹദ് ഫാസില്‍ തുറന്നു വെക്കുന്നതും ഇത്തരം സാദ്ധ്യതകളാണ്. ഫഹദ് ഫാസിലിനെ നിര്‍ണ്ണയിക്കുന്ന ഒരുപാട് അഭാവങ്ങളുമുണ്ട്. മുടിയുടെ, 6 അടി നീളത്തിന്റെ, 6 പാക്ക് മസിലിന്റെ അങ്ങനെ. എന്നാല്‍ മലയാളി പൌരുഷം എന്ന കല്‍പനയുടെ അഭാവമാണ് ഫഹദിനെ വ്യത്യസ്തനും ന്യൂ ജനറേഷന്‍ സിനിമ എന്ന പ്രതിനിധാന രൂപത്തിന്റെ ഒരു പ്രധാന വക്താവുമാക്കുന്നത്. ഒരേ സമയം വില്ലനും കാമുകനുമാണയാള്‍. ന്യൂ ജനറേഷന്‍ സിനിമകളെ നിര്‍ണ്ണയിക്കുന്ന മുഖ്യഘടകമാണ് അവയിലെ പൌരുഷം കുറഞ്ഞതോ ഇല്ലാത്തതോ ആയ ആണത്തങ്ങള്‍.

 

 

എന്താണ് മലയാളി പൌരുഷം?
20ാം നൂറ്റാണ്ടിന്റെ മധ്യത്തോടെയാണ് കേരളീയ പുരുഷത്വവും സ്ത്രീത്വവും അതിന്റെ ഇന്നത്തെ രൂപത്തില്‍ വാര്‍ക്കപ്പെട്ടത് എന്നുപറയാം. 1930 കളില്‍ നിലവില്‍ വന്ന മരുമക്കത്തായ സമ്പ്രദായം, വൈദേശിക/ദേശീയ ആധുനികതയെ അടിസ്ഥാനപ്പെടുത്തി, സ്ത്രീയെ വീടിന്റെ ഉള്ളറകളില്‍ തളച്ചിടുക മാത്രമല്ല ചെയ്തത്. മറിച്ച് പുരുഷനെ അച്ഛന്റെയും ഭര്‍ത്താവിന്റെയും ഇട്ടാവട്ടങ്ങളിലേക്ക് ചുരുക്കുകയും ചെയ്തു. ഉത്തരവാദിത്വം എന്ന കടമ അവന്റെ മേല്‍ അച്ഛനായും ഭര്‍ത്താവായും ചാര്‍ത്തപ്പെട്ടു. (ഏറെ വൈകാതെ തന്നെ മറ്റു പൌരുഷ പ്രതീകങ്ങളായ സഹോദരന്‍, കാമുകന്‍ എന്നിവരിലും അതു സ്വാഭാവികമായി കടന്നുചെല്ലുന്നു.

ഭാര്യയോടും കുട്ടികളോടും ഉത്തരവാദിത്തപ്പെട്ട അച്ഛന്‍/ഭര്‍ത്താവ് കേരളീയര്‍ക്ക് ഒരു പുതിയ അനുഭവമായിരുന്നു. അച്ഛന്റെ ഉത്തരവാദിത്വത്തെ പറ്റി ചെറുകാട് പറയുന്നത് ഇങ്ങനെ:

മരുമക്കത്തായ തറവാട്ടിലെ അച്ഛന്‍ വിരുന്നുകാരനാണ് വരുമ്പോള്‍ മാത്രമേ അയാള്‍ക്ക് മക്കളോടുള്ള ബന്ധമുള്ളൂ. കുട്ടി തന്റെതാണെങ്കിലും സ്ഥിരമായി രക്ഷിതാവായി നോക്കേണ്ടത് അമ്മാമന്‍ തന്നെയാണ്. (ചെറുകാട്: ജീവിതപ്പാത, 193)

ഇങ്ങനെ വെറും വിസിറ്റിങ്ങ് സ്റാറ്റസ്/ കാര്‍ഡ് ഉള്ള അച്ഛനാണ് 1930 കള്‍ക്കു ശേഷം ഭാര്യയും കുട്ടികളും അടങ്ങുന്ന ഒരു ചെറിയ/ന്യൂക്ലിയര്‍ എന്നാല്‍ മുഴുവന്‍ കുടുംബത്തിന്റെ ബാധ്യത പേറേണ്ടിവരുന്നത്. ഉത്തരവാദിത്വം അവന്റെ ജന്മാവകാശമാകുന്നു. അങ്ങനെ സങ്കല്‍പത്തിലുള്ള മലയാളി പുരുഷന്‍ തന്റെ സുഖവും സന്തോഷവും നോക്കാതെ കുടുംബത്തിനു വേണ്ടി ജീവിതം ചത്തു ജീവിക്കുന്ന പരിത്യാഗികളാകുന്നു. ഇത്തരം പരിത്യാഗി സങ്കല്പങ്ങള്‍ അപകടകരമായ ഒരു പാട്രിയാര്‍ക്കല്‍ സമൂഹത്തെ വീണ്ടും പുനര്‍ നിര്‍മ്മിക്കുന്നതില്‍ മുഖ്യമായ പങ്കാണു വഹിക്കുന്നത്.

തന്റെ ആഗ്രഹങ്ങളും സന്തോഷങ്ങളും കുടുംബത്തിനുവേണ്ടി സമര്‍പ്പിക്കുന്ന (സമര്‍പ്പണത്തിന്റെ പിന്നാമ്പുറങ്ങള്‍ മറ്റൊരു എഴുത്ത് ആവശ്യപ്പെടുമെങ്കിലും) പുരുഷന്‍ അവന്റെ ഭാര്യയുടെയും കുട്ടികളുടെയും ചെറിയ സ്വകാര്യതകള്‍ പോലും കൈകടത്താനുള്ള ജന്മാവകാശവും നിയമാവകാശവും നേടുന്നു. ഇങ്ങനെ സ്ത്രീകളെ, സംരക്ഷിക്കപ്പെടേണ്ടവരായി തരം താഴ്ത്തിക്കൊണ്ട് പാട്രിയാര്‍ക്കി തങ്ങള്‍ക്കാവശ്യവുള്ള സ്ത്രീത്വത്തേയും പൌരുഷത്തേയും ദിനം പ്രതി വളര്‍ത്തി കൊണ്ടുവരുന്നു. സംരക്ഷണം ഏറ്റെടുക്കുന്ന പുരുഷനാകട്ടെ തന്റെ ചെറുപ്പങ്ങളുടെ വളര്‍ച്ച മുരടിക്കുന്നത് ഒരു മുതിര്‍ന്നയാളുടെ സംയമനത്തോടെ നോക്കി കാണേണ്ടി വരുന്നു.

 

 

ന്യൂ ജനറേഷന്‍ സിനിമകളിലെ അപരയുക്തികള്‍
മലയാള സിനിമകള്‍ ഇത്തരം പൌരുഷ പ്രതിനിധാനങ്ങളുടെ വിളനിലമാണ്. മമ്മൂട്ടി എന്ന താരശരീരം പ്രത്യേകിച്ചും. മോഹന്‍ലാല്‍ ഇത്തരം പ്രതിനിധാനങ്ങളെ ഒരു പരിധി വരെ തടഞ്ഞു നിര്‍ത്തുന്നുണ്ടെങ്കിലും അവയൊക്കെ ഒരു സന്തുലിതാവസ്ഥ ഭാവന ചെയ്ത് അവസാനിപ്പിക്കുന്നതായി കാണാം. മമ്മൂട്ടി എന്നാല്‍ ഒരു മോസ്റ് എലിജിബിള്‍ പൌരുഷത്തിന്റെ വാര്‍പ്പു മാതൃകയാണ്.

2000 ത്തിനു ശേഷമുള്ള മമ്മൂട്ടിയുടെ തമാശ പടങ്ങള്‍ ഒഴിവാക്കിയാല്‍ (വേണമെങ്കില്‍) അദ്ദേഹം മലയാളി പൌരുഷത്തെ സത്യസന്ധമായി പ്രതിഫലിപ്പിക്കുന്ന അവതാര പുരുഷനാണെന്നു കാണാം. കുടുംബസ്ഥനായും (1980 കളിലെ മമ്മൂട്ടി പടങ്ങള്‍) അച്ഛനായും വല്യേട്ടനായും (ഹിററ്ലര്‍, വല്യേട്ടന്‍) പോലീസ് ഇന്‍സ്പക്ടറായും (സി.ബി.ഐ സേതുരാമയ്യര്‍ സീരീസ്) അദ്ദേഹത്തിന്റെ മലയാളി പൌരുഷം സിനിമകളില്‍ നിറഞ്ഞു നില്ക്കുന്നു. ഇത്തരം പൌരുഷ പ്രകടനങ്ങള്‍ മലയാള സിനിമയുടെ വലിയ ലോകത്തില്‍ ഇരുന്നും കിടന്നും വാഴുമ്പോഴാണ് താരതമ്യേന ഉയരം കുറഞ്ഞ, ചെറുതായ, ഒട്ടും പൌരുഷം തോന്നിക്കാത്ത ഫഹദിന്റെ വരവ്.

ഫഹദില്‍ എത്തുന്നതിനുമുമ്പ് ന്യൂ ജനറേഷന്‍ സിനിമകളില്‍ പൊതുവെ കാണുന്ന ഒരു പുരുഷത്വം പൌരുഷത്തെ ഉടച്ചു വാര്‍ക്കുന്ന ഒന്നാണെന്ന് പറയേണ്ടി വരും. അത്തരം കഥാപാത്രങ്ങള്‍ ചെയ്ത വിനീത് ശ്രീനിവാസന്‍ (ട്രാഫിക്), ആസിഫ് അലി (ട്രാഫിക്, സാള്‍ട് &പെപ്പര്‍), ലാല്‍ (സാള്‍ട്ട് & പെപ്പര്‍), ദുല്‍ക്കര്‍ സല്‍മാന്‍ (ഉസ്താദ് ഹോട്ടല്‍) എന്നിവരൊക്കെ പല രീതിയില്‍ മലയാളി പൌരുഷത്തിന്റെ അപര രൂപങ്ങളായി വര്‍ത്തിക്കുന്നുണ്ട്. അതില്‍ എടുത്തു പറയേണ്ട ഒന്ന് ഇവരില്‍ ആരും സ്വയം പ്രഖ്യാപിത സാമൂഹിക സേവകരോ അവധൂതരോ അല്ല എന്നതാണ്. പ്രത്യേകിച്ചും ആധുനിക കേരളീയ സങ്കല്പത്തിന് അത്തരം പ്രതിബിംബങ്ങള്‍ പ്രിയപ്പെട്ടതാണ് എന്നിരിക്കെ.

അതേ സമയം തങ്ങളുടെ മധ്യവര്‍ഗ്ഗ ജീവിതത്തിന്റെ ചട്ടക്കൂടുകളില്‍ നിന്നു കൊണ്ട് തന്നെ ഒരു പാട്രിയാര്‍ക്കല്‍ സമൂഹത്തെ ഇവര്‍ ചോദ്യം ചെയ്യുന്നുമുണ്ട്. ഇത് സ്ത്രീകള്‍, ആദിവാസികള്‍ എന്നീ കീഴാള വിഭാഗങ്ങളോടുള്ള മനോഭാവത്തിലൂടെ വ്യക്തമാകുന്നു. കേരളം ഒരു മധ്യവര്‍ഗ്ഗ സംസ്ഥാനമാണെന്നിരിക്കെ അങ്ങനെയൊരു ജീവിതം തന്നെ ഇല്ല എന്നു സിനിമാലോകം നടിക്കേണ്ട കാര്യമില്ലല്ലോ. ന്യൂ ജനറേഷന്‍ സിനിമകള്‍ ഫോക്കസ് ചെയ്യുന്നതും ഇത്തരം ജനസഞ്ചയത്തെ തന്നെയാണ്.

 

 

ഇത്തരം പുരുഷന്‍മാരുടെ സാന്നിദ്ധ്യത്തില്‍ സ്ത്രീകളും ആദിവാസികളും കാരുണ്യവും സഹതാപവും മാത്രം തേടുന്ന അവശരൂപങ്ങളല്ല. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന സിനിമയില്‍ ആദിവാസിയെ കാളിദാസന്‍ തന്റെ മധ്യവര്‍ഗ്ഗ ജീവിതത്തിന്റെ ഭാഗമാക്കുകയാണ്. സമൂഹ നന്മ എന്നുള്ളത് മധ്യവര്‍ഗ്ഗിയല്ലാത്ത ഒരു പ്രത്യേക വര്‍ഗ്ഗത്തിലുള്ള ആള്‍ക്കാരുടെ കുത്തകയല്ലെന്നും അതിനു വേണ്ടി എല്ലാം ത്യജിക്കുന്ന ഒരു സാമൂഹിക സേവകന്‍ ആകേണ്ട ആവശ്യമില്ലെന്നും കാളിദാസന്‍ എന്ന ആര്‍ക്കിയോളജി വിഭാഗത്തില്‍ ജോലിചെയ്യുന്ന മധ്യവര്‍ഗ്ഗ പുരുഷന്‍ തെളിയിക്കുന്നു.

അയാളുടെ മധ്യവര്‍ഗ്ഗം സാധ്യമാക്കിയ ജോലിതന്നെയാണ് അയള്‍ക്ക് ഏറെ പ്രിയപ്പെട്ട പാചക പരീക്ഷണങ്ങള്‍ക്ക് വേദിയൊരുക്കുന്നതും മൂപ്പന്റെ കൈവശമുള്ള കാടന്‍ പൊടിക്രിയകളിലേക്ക് എത്തിപ്പെടാനുള്ള അവസരം ഒരുക്കുന്നതും. തന്റെ മധ്യവര്‍ഗ്ഗ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടും അതിനെ ഉപയോഗിച്ചുമാണ് കാളിദാസന്‍ ഇത്തരം മതേതര ആധുനികതയ്ക്ക് പുറത്തുള്ള ഒരു രാഷ്ട്രീയഭാഷ കൈവരിക്കുന്നത്.

അതാകട്ടെ ന്യൂനപക്ഷങ്ങളെ കോളനിവത്കരിച്ച് ആധുനികരാക്കാന്‍ ശ്രമിക്കുന്ന ഒരു യുക്തിയല്ല. മറിച്ച് അവരെ തന്റെ മധ്യവര്‍ഗ്ഗ ജീവിതത്തിന്റെ ഒരു സ്വാഭാവികമായ ഭാഗമാക്കി പരിഗണിക്കുകയാണ് ചെയ്യുന്നത്. കോളനിവത്ക്കരിച്ച ആദിവാസി ന്യൂനപക്ഷ പ്രതിനിധാനങ്ങള്‍ നിറഞ്ഞു കവിയുന്ന ഒരു സിനിമ/ സംസ്കാരാനുഭവത്തില്‍ നിന്നും തികച്ചും വിഭിന്നമായൊരു പ്രത്യയശാസ്ത്രമാണ് ഇത്തരം സിനിമകള്‍ മുന്നോട്ടു വെക്കുന്നത്.

ന്യൂ ജനറേഷന്‍ സിനിമകളുടെ തുടക്കം എന്ന് വാഴ്ത്തപ്പെട്ട ട്രാഫിക്ക് പോലും ഇത്തരം കോളനിവത്കരിച്ച യാഥാര്‍ത്ഥ്യം കാണിക്കുന്നതില്‍ പിശുക്കു കാണിച്ചിട്ടില്ല. സാങ്കേതികമായി കുറച്ച് പുതുമകള്‍ അവകാശപ്പെടാമെങ്കിലും ശ്രീനിവാസന്‍ എന്ന താരശരീരം പുരനിറഞ്ഞുനില്‍ക്കുന്ന അവസ്ഥയില്‍ എങ്ങനെ ട്രാഫിക് ഒരു നൈതികമായ കാഴ്ചപ്പാട് പുലര്‍ത്തുന്നു എന്നത് അലോചിക്കേണ്ടതാണ്. മധ്യവര്‍ഗ്ഗവും കീഴാളരും ചേര്‍ന്നുള്ള അര്‍ത്ഥപൂര്‍ണ്ണമായ സംവേദനമാണ് കേരളത്തിന് ആവശ്യമെന്ന് ഇത്തരം സിനിമകള്‍ പ്രത്യേകിച്ചും അഷിക് അബുവിന്റെ സിനിമകള്‍ പറഞ്ഞുവെക്കുന്നു. ഇതുതന്നെയാണ് ന്യൂ ജനറേഷന്‍ സിനിമകളുടെ പ്രസക്തിയും.

 

 

ഫഹദ് എന്ന പുരുഷ പ്രതിനിധാനം
ഫഹദ് ഫാസില്‍ എന്ന പുരുഷ പ്രതിനിധാനം പ്രാധാന്യമര്‍ഹിക്കുന്നത് ഈയൊരു സാഹചര്യത്തിലാണ്. നാലാമിടത്തില്‍ റ്റിസി മറിയം തോമസ് എഴുതിയ കുറിപ്പില്‍ പറയുന്നതുപോലെ ഫഹദ് പകര്‍ത്തുന്നത് മലയാളി ആണത്തത്തെയല്ല. ആണത്തമില്ലായ്മയെയാണ്. ഉത്തരവാദിത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരു പുരുഷനാണയാള്‍. പല സിനിമകളിലും മുന്‍പേ പറഞ്ഞ പോലെ കുറേ ഇല്ലായ്മകളാണ് ഫഹദിനെ ഫഹദാക്കുന്നത്. ഏറെ വില്ലത്തരങ്ങള്‍ കൈവശമുണ്ടെങ്കിലും അവയൊന്നും മോസ്റ് ഏലിജിബിള്‍ ബാച്ചിലര്‍ ആക്കുന്നതില്‍ നിന്നും അയാളെ അയോഗ്യനാക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്.

ഇത്തരം ഇല്ലായ്മകളും വില്ലത്തരങ്ങളും ഉള്ള പുരുഷന്മാരെയാണോ സ്ത്രീകള്‍ ഇഷ്ടപ്പെടുന്നത്? 22FK എന്ന സിനിമ തന്നെ എടുക്കാം. മലയാള സിനിമ അധികം കണ്ടിട്ടില്ലാത്ത ക്ലൈമാക്സ് ആണ് അതില്‍. നായകന്‍ സിറിലിന്റെ ലൈംഗികാവയവം ടെസ്സ എന്ന മുന്‍ കാമുകി അവനോടുള്ള പ്രതികാരം തീര്‍ക്കാനായി മുറിച്ചു കളയുന്നു.എന്നാല്‍ ലിംഗം ഛേദിക്കപ്പെട്ടിട്ടും സിറില്‍ എന്ന പുരുഷന്റെ ധാര്‍ഷ്ട്യത്തിന് ഒട്ടും കുറവു വരുന്നില്ല. പുരുഷനെയല്ല ഇവിടെ ഇല്ലായ്മ ചെയ്യുന്നത് മറിച്ച് പൌരുഷപ്രതീകമായ ലിംഗത്തെയാണ്.

സ്ത്രീപക്ഷം എന്നത് പുരുഷന്മാര്‍ക്കെതിരല്ലെന്ന് അതു പറഞ്ഞുവെക്കുന്നു. താന്‍ കന്യകയല്ലെന്ന് കാമുകനോട് തുറന്നു പറയുന്നതിലൂടെയും അഥവാ പുരുഷനോട് പ്രതികാരം ചെയ്യുന്നതിലുമല്ല അത് അതിന്റെ സ്ത്രീപക്ഷ രാഷ്ട്രീയം വെളിപ്പെടുത്തുന്നത്. അത്തരം തുറന്നു പറച്ചിലുകളിലും പ്രതികാരത്തിലും ഫെമിനിസം ചികയുന്നവര്‍ ഫെമിനിസത്തെ സംശയത്തോടെ വീക്ഷിക്കുന്നവരാണെന്ന് പറയേണ്ടിവരും. മാത്രമല്ല മൂന്ന് പുരുഷന്മാരില്‍ നിന്നും മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടും, ടെസ്സയ്ക്ക് അത് പുരുഷ വര്‍ഗ്ഗത്തോടുള്ള മൊത്തം അസഹിഷ്ണുത ആകുന്നില്ല എന്നതും ശ്രദ്ധേയമാണ്.

അത്തരം കാല്പനിക ലോകത്തിലല്ല അവള്‍ ജീവിക്കുന്നത്. തന്റെ സ്വത്തിന്റെ പകുതി ടെസ്സയുടെ പേരില്‍ എഴുതി വെക്കുന്ന ഹോസ്പിറ്റലിലെ വല്യച്ഛനും നിത്യഹരിതകാമുകനായി ജീവിതകാലം മുഴുവന്‍ ആഘോഷമായി മാറ്റാന്‍ ആഗ്രഹിക്കുന്ന ഒ.കെ. യുമൊക്കെ ടെസ്സയെ പലരീതിയിലും തിരിച്ചുവരാന്‍ സഹായിക്കുന്നു. റേപ്പ് കഴിഞ്ഞതോടുകൂടി ജീവിതവും ചിന്തകളും അവസാനിപ്പിച്ച കഥാപാത്രമല്ല ടെസ്സ, തന്റെ സ്വകാര്യതയെ തന്റെ അനുവാദം കൂടാതെ കവര്‍ന്നെടുത്ത ഹെഗ്ഡെയും താന്‍ സ്നേഹിച്ച സിറിലും ഒരേ പോലെയല്ല അവള്‍ക്ക്.

 

 

ആരോട് എങ്ങനെയൊക്കെ പ്രതികാരം ചെയ്യണം എന്നതിന് ടെസ്സയ്ക്ക് കൃത്യമായ കാരണങ്ങള്‍ ഉണ്ട്. അവളുടെ പ്രതിരോധവും, ദേഷ്യവും പ്രതികാരവും പൌരുഷത്തോടാണ്. പുരുഷനോടല്ല. അത് പുരുഷലിംഗത്തോടാണ്. പുരുഷനോടല്ല. വില്ലനായ ഹെഗ്ഡെ അവള്‍ക്ക് വെറും ഒരു പൌരുഷ പ്രതീകമായ ലിംഗം മാത്രമാണ്. ഒരിക്കല്‍ പ്രണയിച്ചിരുന്ന സിറിലിന്റെ ലിംഗം ഛേദിക്കുന്നതും അതുകൊണ്ടുതന്നെ. പൌരുഷം ഇല്ലാതാക്കപ്പെട്ട സിറില്‍ അങ്ങനെ അവള്‍ക്ക് വീണ്ടും പ്രീയപ്പെട്ടവനാകാനുള്ള സാദ്ധ്യത ഏറെയാണ്.

സിറില്‍ ഇല്ലായ്മകളുടെ തമ്പുരാനാകുന്നു. എന്നാല്‍ ലിംഗം പോയതുകൊണ്ടു മാത്രം അവന്‍ പുരുഷനാകാതിരിക്കുന്നില്ല. ഈ പൌരുഷമില്ലായ്മ തന്നെയാണ് ഫഹദിന്റെ കഥാപാത്രങ്ങള്‍ നെഗറ്റിവ് ഇമേജ് ഉള്ളതായി വ്യാഖ്യാനിക്കപ്പെടാന്‍ കാരണം. ഈ പൊരുഷത്തിന്റെ അഭാവംതന്നെയാണ് ഡയമണ്ട് നെക്ലസിലും ചാപ്പാ കുരുശിലും കാണാവുന്നത്. നിരുത്തരവാദികളാണ് രണ്ടിലും ഫഹദ് കഥാപാത്രങ്ങള്‍. ഡയമണ്ട് നെക്ലസിലെ ഡോ. അരുണ്‍ കാമുകനായിരിക്കെ മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം കഴിക്കേണ്ടി വന്നു. വിവാഹിതനായിരിക്കത്തന്നെ ശാരീരിക ബന്ധത്തോളം എത്തുന്ന മറ്റൊരു പെണ്‍സൌഹൃദത്തിലെത്തുന്നു. എന്നാല്‍ ഇവയിലൊന്നും ഡോ. അരുണിന് പശ്ചാത്താപം തോന്നുന്നില്ല.

ഏറെ വിഷമമുണ്ടെങ്കിലും ചാപ്പാകുരുശിലും അര്‍ജുന് കുറ്റബോധം, കാമുകിയായ സോണിയെ കരുതിയാണ്. വീട്ടുകാര്‍ തീരുമാനിച്ച എന്‍ഗേജ്മെന്റ് കഴിഞ്ഞ ആനിനെ വഞ്ചിക്കേണ്ടി വന്നതിനെകുറിച്ചോര്‍ത്തല്ല. ഇതില്‍ ഡയമണ്ട് നെക്ലസില്‍ ഡോ. അരുണിന്റെ ഭാര്യയായ രാജശ്രീയും ചാപ്പാകുരിശില്‍ അവഹേളിക്കപ്പെടുന്ന ആന്‍ എന്നിവരും സ്ത്രീകളാണ്. എന്നാല്‍ അവരെ വഞ്ചിക്കുന്നത് കല്യാണം എന്ന സ്ഥാപനത്തില്‍ എത്തിച്ചാല്‍ ഏത് കുരുത്തംകെട്ടവനും നന്നാകും എന്നു വിശ്വസിച്ചുറച്ച ഒരു സാമൂഹ്യവ്യവസ്ഥിതിയാണ്.

ഇത്തരം വ്യവസ്ഥാപിത അടിച്ചമര്‍ത്തലുകള്‍ ക്കതിരായ ഒരു പ്രതികരണം തന്നെയാണ് ഫഹദ് കഥാപാത്രങ്ങളും അവരെ വാര്‍ത്തെടുക്കുന്ന ആഷിക് അബു പോലെയുള്ള സംവിധായകരും. തന്റെ മുന്‍സിനിമകളില്‍ (ഡാഡി കൂള്‍, സാള്‍ട്ട് & പെപ്പര്‍) വ്യക്തമായ സ്ത്രീപക്ഷ, ആധുനികാനന്തര ഭാഷ സംസാരിച്ച ആഷിക് അബുവിന് 22 എഫ്.കെ സ്ത്രീപക്ഷ സിനിമയാണെന്ന് തെളിയിക്കാന്‍, പ്രോമോ വീഡിയോ ആവശ്യമായി വരുന്നുണ്ടെങ്കില്‍ അത് ഒരു പാട്രിയാര്‍ക്കല്‍ സമൂഹവുമായി സംവദിക്കേണ്ടി വരുമ്പോള്‍ ഒരു അപര പുരുഷത്വത്തിന് ആവശ്യമായി വരുന്ന ഏച്ചുകെട്ടലുകളാകാം.
 
 
 
 

11 thoughts on “ഫഹദിന്റെ ജനപ്രിയത: അഥവാ പൌരുഷാനന്തര സംവേദനങ്ങള്‍

 1. “ഇത്തരം പുരുഷന്‍മാരുടെ സാന്നിദ്ധ്യത്തില്‍ സ്ത്രീകളും ആദിവാസികളും കാരുണ്യവും സഹതാപവും മാത്രം തേടുന്ന അവശരൂപങ്ങളല്ല. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന സിനിമയില്‍ ആദിവാസിയെ കാളിദാസന്‍ തന്റെ മധ്യവര്‍ഗ്ഗ ജീവിതത്തിന്റെ ഭാഗമാക്കുകയാണ്. ”
  I do not agree with this statement. The middle class malayali’s symbolic violence against adivasi is evident in the way Mooppan’s character has been portrayed in salt and pepper. How can the author shut her eyes towards it?

 2. ഈ പയ്യന്‍ സാമാന്യം നന്നായി അഭിനയിക്കുന്നുണ്ട് .അത് കൊണ്ടാണ് നമ്മളൊക്കെ സ്വീകരിച്ചത് . അല്ലാതെ “മധ്യവര്‍ഗ്ഗവും കീഴാളരും ചേര്‍ന്നുള്ള അര്‍ത്ഥപൂര്‍ണ്ണമായ സംവേദനവും പാട്രിയാര്‍ക്കല്‍ സമൂഹവും മണ്ണംകട്ടയും ഒന്നുമല്ല !!!

 3. ഓ കെ അല്ല നിത്യഹരിതകാമുകന് “ടി കെ” ആണ്. ഇക്കാലത്ത് പുര്‍ഷനും സ്ത്രീയും ഏതാണ്ടും എല്ലാ മേഘലകളിലും ഒരേ പോലെ ജോലി ചെയ്യുന്നവരാണ്. ചെറിയ ഒരു മേല്‍കോയ്മ ഉണ്ടെങ്കിലും സ്ത്രീകളും ഉത്തരവാദിത്വം ഏറ്റെടുത് തുടങ്ങണം. സ്ത്രീ ജോലിക്ക് പോയിട്ട് പുരുഷന്‍ വീട്ടുകാര്യങ്ങള്‍ നോക്കിയാല്‍ എന്താണ് തെറ്റ്???

 4. ലേഖനത്തിന്റെ ആദ്യം എന്താണ് മലയാളി പൌരുഷം? എന്ന ഭാഗത്തോട് യോജിക്കാമെങ്കിലും പിന്നെ പറയുന്ന കാര്യങ്ങളുടെ പ്രസക്തി മനസ്സിലായില്ല

 5. ആകെ മൊത്തം ഒരു ബന്ധമില്ലായ്മ…എന്തൊക്കെയോ എഴുതി ഒടുവില്‍ പറയാന്‍ ഉദ്ദേശിച്ചത് എന്താണെന്ന് പോലും പറയാന്‍ പറ്റാതെ എവിടെയോ നിര്‍ത്തി…

  • ഈ പോസ്റ്റ്‌ മോഡേണ്‍ ബുദ്ധി ജീവികളുടെ ഒരു സ്വത്വം അങ്ങനെ ആണ്..എന്ത് ചെയ്യാം..മനുഷ്യനു വട്ടക്കാന്‍ അത് മതി..ഒന്ന് നേരെ ചൊവ്വേ സംവേദനം ചെയ്യരുതെന്ന് അവര്‍ക്ക് എന്നും പിടി വാശി ഉണ്ട്ഫൂക്കോ മുതല്‍..

 6. മലയാള സിനിമയിലെ പുരുഷ പ്രതീകങ്ങളെ കുറിച് ആദ്യം സൂചിപിച്ചതൊക്കെ അര്‍ത്ഥവത്താണ്.. എന്നാല്‍ പിന്നീടങ്ങോട്ട് എന്തെല്ലാമാണ് പറയുന്നതെന്ന് വ്യക്തമാകുന്നില്ല..

 7. ഫഹദ് ഒരിക്കലും ഇല്ലായ്മകളുടെ തമ്പുരാനല്ല. നേരെ മറിച്ച് ഫഹദ് എന്ന താരശരീരം മലയാളനായകസങ്കല്‍പ്പത്തെ കേരളത്തിന്റെ പരമ്പരാഗതപുരുഷസൌന്ദര്യസങ്കല്‍പ്പശീലങ്ങളില്‍ നിന്ന് വിടുതല്‍ നല്‍കി ലോകനായകസങ്കല്‍പ്പത്തിന്റെ തലത്തിലേയ്ക്ക് പറത്തുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് ഫഹദിന് നമ്മുടെ കണ്ണില്‍ ഒരു ഔട്ട് ഓഫ് കള്‍ച്ചര്‍ (ഒരുതരം ഹോളിവുഡ്) ഇമേജ് ഉണ്ടാവുന്നത്. ഫഹദിന്റെ കഷണ്ടി കയറിയ തലയും സ്വപ്നം മയങ്ങുന്ന കണ്ണുകളും വരച്ചിടുന്ന പോസ്റ്റ് മെട്രോസെക്ഷ്വല്‍ അപ്പിയറന്‍സ് ഒരിക്കലും ഒരു ഇല്ലായ്മയെയല്ല പ്രതിനിധാനം ചെയ്യുന്നത്, മറിച്ച് ബോളിവുഡും ഹോളിവുഡും മുന്‍പത്തേക്കാള്‍ കൂടുതല്‍ ശ്രദ്ധിക്കുന്ന മലയാളയുവതയുടെ നവപുരുഷസങ്കല്‍പ്പത്തെയാണ്, അതിന്റെ പൂര്‍ണതയെയാണ്. അതുകൊണ്ടാണ് ഫഹദിന്റെ നിതംബം നോക്കി “എന്നാ കൂണ്ടിയാടീ!’ എന്ന് പെണ്‍കുട്ടികള്‍ കമന്റടിക്കുന്നത്. മുന്‍പ് ഈ കമന്റ് കിട്ടിയിരുന്നത് പിയേഴ്സ് ബ്രോസ്നനെപ്പോലെയുള്ള അന്താരാഷ്ട്രനടന്മാര്‍ക്ക് മാത്രമായിരുന്നു. ഇന്ന് ഫഹദിന് അത്തരം കമന്റ് കിട്ടുന്നുവെങ്കില്‍ അതിനര്‍ഥം മലയാളനായകസങ്കല്‍പ്പം സ്വാതന്ത്ര്യവും നവസൌന്ദര്യവും പ്രഖ്യാപിച്ച് ലോകസങ്കല്‍പ്പങ്ങളോട് താദാത്മ്യം പ്രാപിക്കുന്നു എന്നതാണ്. അത് എങ്ങനെയാണ് ഇല്ലായ്മ ആവുക?

  ഉത്തരാധുനികകേരളയുവതയുടെ മാന്‍ലി ഫിസിക്ക് ആണ് ഫഹദ് എന്ന് കൂടി കൂട്ടിച്ചേര്‍ക്കുന്നു.

  പിന്നെ ന്യൂജനറേഷന്‍ സിനിമകളുടെ ആശയങ്ങളെയും അവയിലെ സ്ത്രീപക്ഷവാദങ്ങളെയുമൊക്കെ കൂറിച്ച് സോഷ്യല്‍ മീഡിയയിലും അല്ലാത്ത മീഡിയയിലുമൊക്കെ ഒരുപാട് ചര്‍ച്ചകള്‍ നടന്നിട്ടുള്ളതുകൊണ്ട് കൂടുതല്‍ ചര്‍ച്ചിക്കുന്നില്ല. എങ്കിലും ന്യൂജനറേഷന്‍ ചലച്ചിത്രകാരന്മാരുടെ ധൈര്യത്തെക്കുറിച്ചും ആശയനവീനതയെക്കുറിച്ചുമൊക്കെ വാതോരാതെ വാചാലരാകുന്നവര്‍ പത്ത് മുപ്പത് വര്‍ഷം മുന്‍പ് ഇറങ്ങിയ “കള്ളന്‍ പവിത്രന്‍” പോലുള്ള സിനിമകള്‍ ഒന്ന് കണ്ട് നോക്കണമെന്ന് മാത്രം പറയുവാനാഗ്രഹിക്കുന്നു.

  ഇടക്കാലമലയാളനായകസങ്കല്‍പ്പങ്ങളെക്കുറിച്ച് പറഞ്ഞത് നന്നായിട്ടുണ്ട്. അതില്‍ കാര്യമുണ്ട്.

 8. oral cheytha Characters vilayiruthi pourusham alavu kol akenda avashyam enthanu. Fahad ano puthiya kalagadathinte uthama malayali saglpam. Ingane nokukayanekil oru padu cinemayil balalsangam cheytha Balan k Nair e jail idende.

 9. മലയാള സിനിമയിലെ നായക സങ്കല്പവും വാര്‍പ് മാതൃകയും പല കാലഘട്ടങ്ങളിലായി ഉടച്ചു വാര്കപെടുനുണ്ടായിരുനു; ഭരറ്റ് ഗോപിയും, ജയനും, മോഹന്‍ലാലും,ശ്രീനിവാസനും ഒക്കെ യായി. അതുകൊണ്ട് ഫഹദിലുഉടെ സൃഷ്ട്ടിക്കപെടുന്ന പുതിയതെന് പറയപെടുന്ന ‘അപരത്വം’ എത്രമാത്രം ‘ന്യൂ’ ആണെന് സംശയിക്കുന്നു. ഫഹദ് വ്യത്യസ്തനാവുന്നതു കൂടുതലായും അയാളുടെ കഥാപാത്രങ്ങള്‍ കൊണ്ടാണ്.

Leave a Reply

Your email address will not be published. Required fields are marked *