ഡോ. ശങ്കര്‍: പരിസ്ഥിതി സമരങ്ങള്‍ അനുഷ്ഠാനമായി

 
 
 
 
മൂന്ന് പതിറ്റാണ്ടിലേറെയായി പരിസ്ഥിതി ഗവേഷണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരാളുടെ തിരിഞ്ഞു നോട്ടങ്ങള്‍.
ഡോ. എസ് ശങ്കറുമായി ഗവേഷകയായ ധന്യാ ബാലന്‍ നടത്തിയ അഭിമുഖത്തിന്റെ ആദ്യ ഭാഗം

 

 

കേരളത്തിന്റെ അക്കാദമിക ഗവേഷണ മേഖലകളിലെ തലയെടുപ്പുള്ള അനേകം പ്രതിഭകളുടെ പടിയിറക്കത്തിന്റെ നാളുകളാണിത്. അന്തരിച്ച മുന്‍ മുഖ്യമന്ത്രി സി.അച്യുതമേനോന്റെ മുന്‍കൈയില്‍ ആരംഭിച്ച മുന്‍നിര ഗവേഷണ സ്ഥാപനങ്ങളായ Centre for Development Studies, Centre for Water Resources Management, Tropical Botanical Garden,Centre for Earth Science Studies, Kerala Forest Research Institute, Rajiv Gandhi Institute of Biotechnology തുടങ്ങിയ ഇടങ്ങളിലെ ഒരു വലിയ സംഘം ആദ്യതലമുറ ശാസ്ത്രജ്ഞര്‍ ഈവര്‍ഷവും അടുത്തവര്‍ഷവുമായി വിരമിക്കുകയാണ്. കേരളത്തിന്റെ ശാസ്ത്ര ഗവേഷണ മേഖലകളെ രൂപപ്പെടുത്തിയതില്‍ മുഖ്യ പങ്കാളികളായ ഒരു തലമുറയാണ് ഒന്നിച്ച് പടിയിറങ്ങുന്നത്.

അവരിലൊരാള്‍, ഡോ. എസ് ശങ്കര്‍, കേരള വനഗവേഷണ കേന്ദ്രത്തില്‍നിന്ന് (കെ.എഫ്.ആര്‍.ഐ) ആഗസ്ത് 31ന് വിരമിച്ചു. അക്കാദമിക് ഗവേഷണത്തിന്റെ സാമ്പ്രദായിക ചട്ടക്കൂടുകള്‍ക്കപ്പുറത്ത് ജനപക്ഷത്ത്, ഹരിത പക്ഷത്ത് ഏറെ വേരിറക്കമുള്ള ഒരു വന്‍മരമാണ് അദ്ദേഹം. കേരളത്തിന്റെ പാരിസ്ഥിതിക മുന്നേറ്റങ്ങളുടെ കൂടി ചരിത്രമാണ് മൂന്ന് പതിറ്റാണ്ടുകളിലായി ഡോ. ശങ്കര്‍ നയിച്ച ശാസ്ത്രജ്ഞന്റെ ജീവിതം.

ജനങ്ങള്‍ക്കിടയില്‍ ആഴത്തില്‍ ഇഴുകിച്ചേര്‍ന്നു പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞനാണ് ഡോ. ശങ്കര്‍. പരിസ്ഥിതി ശാസ്ത്ര പ്രവര്‍ത്തനത്തെ ജനങ്ങള്‍ക്കിടയിലേക്കുകൊണ്ടു വന്ന തലമുറയിലെ പ്രധാന കണ്ണി. എന്നുമദ്ദേഹം പച്ചയുടെ സഹയാത്രികനായിരുന്നു. എല്ലാ തരം സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും പ്രകൃതി പക്ഷത്തുനിന്ന് സംസാരിക്കാന്‍, ഇടപെടാന്‍ ഒരിക്കലും മടി കാണിക്കാത്ത ഒരാള്‍. പൂയം കുട്ടി പദ്ധതിയുടെ പാരിസ്ഥിതികാഘാത പഠനം നടത്തിയ സംഘത്തിലെ നിര്‍ണായക ശക്തിയായിരുന്നു അദ്ദേഹം. ഈറ്റ-മുളയധിഷ്ഠിത മേഖലയിലെ ഒട്ടനവധി തൊഴിലവസരങ്ങള്‍ ചൂണ്ടിക്കാട്ടി, പൂയം കുട്ടി പദ്ധതി ഇല്ലാതാക്കിയേക്കാവുന്ന ഉപജീവനമാര്‍ഗങ്ങള്‍ വ്യക്തമായി അടയാളപ്പെടുത്തിയ ആ റിപ്പോര്‍ട്ടാണ് അക്കാര്യത്തില്‍ നിര്‍ണായകമായത്. പ്രകൃതി എന്നത് കാടും പുഴയും മരങ്ങളും മാത്രമല്ല അതുമായി ബന്ധപ്പെട്ടു ജീവിക്കുന്ന മനുഷ്യരും ചേര്‍ന്നതാണെന്നതായിരുന്നു അദ്ദേഹത്തിന്റെ എക്കാലത്തെയും നിലപാട്. അതിരപ്പിള്ളി പദ്ധതിയുടെ പാരിസ്ഥിതികാഘാതങ്ങള്‍ വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകള്‍ നല്‍കിയ സംഘത്തിലും അദ്ദേഹമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട വേദികളില്‍ വ്യക്തമായ ഭാഷയില്‍ കാര്യങ്ങള്‍ വെട്ടിത്തുറന്നു പറഞ്ഞൊരു ശാസ്ത്രജ്ഞനായിരുന്നു ഡോ. ശങ്കര്‍.

ധന്യാ ബാലന്‍


മനുഷ്യപ്പറ്റിന്റെ ഭാഷയില്‍ സഹജീവികളോട് സംവദിക്കാനാവുന്ന വ്യക്തിതലം അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേറിട്ട മുഖം നല്‍കി. എല്ലാ തരം മനുഷ്യരോടും ഒരേ തരത്തില്‍ ഇടപഴകാനായി. പല കാലങ്ങളിലുള്ള ഒരു പാട് ചെറുപ്പക്കാര്‍ക്ക് ഗവേഷണമടക്കമുള്ള പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ മുഴുകാനുള്ള പ്രചോദനവും അഭയകേന്ദ്രവുമായി നിലകൊണ്ടു. നിരന്തര യാത്രകളിലൂടെ കേരളത്തിന്റെ ഭൂ പ്രകൃതി കൈരേഖ പോലെ സുപരിചിതമായി. കേരളത്തിന്റെ പാരിസ്ഥിതിക ചരിത്രത്തില്‍ നിര്‍ണായക സ്ഥാനമുള്ള പശ്ചിമഘട്ട രക്ഷായാത്രയില്‍ സജീവമായിരുന്നു ശങ്കര്‍. ഒപ്പമുള്ളവര്‍ പലരും അവസാന സമയങ്ങളില്‍ കൈവിട്ടപ്പോഴും ഞാന്‍ പിറകെയുണ്ടെന്ന് പറഞ്ഞ് ഒപ്പം നടന്ന സാന്നിധ്യമായിരുന്നു അദ്ദേഹമെന്ന് രക്ഷായാത്രയുടെ കോ ഓര്‍ഡിനേറ്റായിരുന്ന എ മോഹന്‍ കുമാര്‍ ഓര്‍ക്കുന്നു.

പ്രമുഖ കമ്യൂണിസ്റ്റ് നേതാവ് ശര്‍മാജിയുടെയും ‘കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകരുടെ അമ്മ’ ഡോ. സി തങ്കത്തിന്റെയും മകനാണ് ഡോ. ശങ്കര്‍. ഡോ. ഉമാ മഹേശ്വരിയാണ് ഭാര്യ. മകന്‍ മണിശങ്കര്‍, പാര്‍വതി.

മൂന്ന് പതിറ്റാണ്ടിലേറെയായി കേരളത്തിന്റെ പാരിസ്ഥിതിക രംഗത്തെ അടുത്തറിയുന്ന ഡോ. ശങ്കര്‍ സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തില്‍ ചുറ്റുമുള്ള ലോകത്തെ, കാലത്തെ വിലയിരുത്തുന്നു ഈ അഭിമുഖത്തില്‍. ഡോ. ശങ്കറുമായി ഗവേഷകയായ ധന്യ ബാലന്‍ നടത്തിയ അഭിമുഖം മൂന്ന് ലക്കങ്ങളായി നാലാമിടം പ്രസിദ്ധീകരിക്കുന്നു.

 

 

സമരം ഒരു ഫോര്‍മല്‍ സംഭവമായി

കേരളത്തിന്റെ പരിസ്ഥിതി രംഗത്തെ അടുത്തറിഞ്ഞ ഒരാളാണ് താങ്കള്‍. ശാസ്ത്രജ്ഞന്‍, ആക്റ്റിവിസ്റ്റ്, തുടങ്ങിയ അനേകം നിലകളില്‍ പതിറ്റാണ്ടുകളായി സജീവമായ ഒരാള്‍. കഴിഞ്ഞ പതിറ്റാണ്ടുകളില്‍ കേരളത്തിന്റെ പാരിസ്ഥിതിക രംഗത്തുണ്ടായ മാറ്റങ്ങളുടെ സ്വഭാവമെന്താണ്? കേരളീയ സമൂഹത്തിന്റെ പാരിസ്ഥിതിക അവബോധം ഏത് ദിശയിലേക്കായിരുന്നു?

എനിക്കു തോന്നുന്നത്, കേരളത്തിന്റെ പാരിസ്ഥിതിക അവബോധം സൈലന്റ് വാലി സമരത്തോടെയാണ് ആരംഭിച്ചതെന്നാണ്. 70കളുടെ അവസാനവും 80കളിലും ആരംഭിച്ച, സൈലന്റ് വാലിയെ സംരക്ഷിക്കാനുള്ള പ്രതിഷേധ സമരങ്ങള്‍ മുതലാണ് നമുക്ക് ഇക്കോളജി എന്നൊരു വിഷയമുണ്ടെന്നും പരിസ്ഥിതിയെന്ന ആശയമുണ്ടെന്നും അതിനെ സംരക്ഷിക്കേണ്ടതുണ്ടെന്നുമുള്ള തിരിച്ചറിവുകളുണ്ടായത്. വനം സംരക്ഷിക്കുക മനുഷ്യ സമൂഹങ്ങളുടെ കടമയാണെന്ന ബോധ്യമുണ്ടാവുന്നത്.

സൈലന്റ് വാലി സമരം വലിയ പ്രശ്നങ്ങളില്ലാതെ നാം ജയിച്ചു. സൈലന്റ് വാലി സംരക്ഷിക്കപ്പെട്ടു. 1984ല്‍ ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടു. സമരത്തിന്റെ ഭാഗമായി വനസംരക്ഷണ നിയമമടക്കം പ്രധാനപ്പട്ട രണ്ടു നിയമങ്ങള്‍ വന്നു. വനത്തിനെ സംസ്ഥാന പട്ടികയില്‍നിന്ന് കേന്ദ്ര നിയമത്തിലേക്ക് മാറ്റിയപ്പോള്‍ സൈലന്റ് വാലിയില്‍ ഡാം കെട്ടുന്നതിന് കേന്ദ്രാനുമതി ആവശ്യമായി വന്നു.നിയമ പ്രകാരം സൈലന്റ് വാലി സംരക്ഷിക്കപ്പെടുകയും ചെയ്തു.

എന്നാല്‍, കേരള ജനത ആ വിജയത്തിന്റെ ആഹ്ലാദത്തില്‍ ഇന്നും ഉറങ്ങിക്കൊണ്ടിരിക്കയാണ്. 30 വര്‍ഷം മുമ്പ് നേടിയ ആ ഒരു വിജയത്തിന്റെ പ്രൌഢിയിലാണ് നാമിന്നും ജീവിക്കുന്നത്. പുതിയ സമരങ്ങള്‍ മിക്കതും കാര്യമാത്ര പ്രസക്തമല്ലാത്തതും പ്രോപഗണ്ടക്കുവേണ്ടി നടത്തുന്നതുമായി മാറുന്നു. സൈലന്റ് വാലിക്കു ശേഷം പൂയം കുട്ടി ആയാലും പിന്നീട് പാത്രക്കടവ് ആയതാലും പെരിങ്ങോം ആണവ നിലയത്തിനെതിരെ ആയാലും റോഡുകള്‍ക്കും വനഭൂമി വിട്ടുകൊടുക്കുന്നതിനെതിരെയും ആയാലും, സമരങ്ങളുടെ ആവേശം കുറഞ്ഞു തുടങ്ങി. 21ാം നൂറ്റാണ്ടില്‍ എത്തുമ്പോഴേക്കും സമരം ഒരു ഫോര്‍മല്‍ സംഭവമായിത്തീര്‍ന്നിരിക്കുന്നു. നമ്മള്‍ സമരം ചെയ്യുന്നു. പിന്‍വാങ്ങുന്നു.-സമരം ജയിക്കാനായില്ലെങ്കില്‍ ശത്രുവിനോടു ചേരുക എന്ന ഒരു വിചാരത്തിലേക്ക് എത്തിയിരിക്കുന്നു. ശത്രുവിനോടു ചേരുന്നതിന് മുമ്പ് ചെറുതായി സമരം ചെയ്യുന്നതായി നടിക്കുകയും പിന്നീട് മിണ്ടാതിരിക്കുകയുമാണ് നാമിപ്പോള്‍ ചെയ്യുന്നത്.

 

ഡോ. എസ് ശങ്കര്‍


 

ആയുധങ്ങള്‍ക്ക് മൂര്‍ച്ച കുറഞ്ഞു

താങ്കള്‍ പറയുന്നത്, സമരം ചെയ്യുന്നവരുടെയും അതിനെ പിന്തുണക്കുന്നവരുടെയും-പൊതുസമൂഹമാവാം, മീഡിയയാവാം ,രാഷ്ട്രീയ പാര്‍ട്ടികളാവാം-കമിറ്റ്മെന്റ് കുറഞ്ഞുവെന്നാണോ?

70കളിലും 80കളിലും പരിസ്ഥിതി ഒരു പുത്തന്‍ വിഷയം ആയിരുന്നു. അന്നതിന് ഒത്തിരി പ്രാധാന്യവും ഉണ്ടായിരുന്നു. അനേകം ആളുകള്‍, അവരുടെ ആവേശം എല്ലാം ഉണ്ടായിരുന്നു. ഒത്തിരി സന്‍മനസ്സുകള്‍-വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്ന്, എഴുത്തുകാരുടെ ഇടയില്‍നിന്ന്, ഇന്റജിലന്‍ഷ്യ എന്നു വിളിക്കപ്പെട്ടിരുന്ന ബുദ്ധിജീവികളുടെ, കവികളുടെ-എല്ലാവരുടെയും ഒത്തൊരുമിച്ചുള്ള ഒരു സന്‍മനസ്സ്. എന്നാല്‍ മുന്നോട്ടു പോകുന്തോറും ഓരോ പാര്‍ട്ടിയിലും വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടായി. അവരുടെ താല്‍പ്പര്യങ്ങള്‍ കുറയുകയും വ്യത്യാസങ്ങള്‍ വളരുകയും ചെയ്തു.

ആദ്യകാല പരിസ്ഥിതി സമരങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാക്കാവുന്ന ഒരു കാര്യമുണ്ട്, ജനകീയ സാംസ്കാരിക വേദി-നക്സല്‍ പശ്ചാത്തലമുള്ള ആള്‍ക്കാരാണ് അത് വിട്ടിട്ട് പരിസ്ഥിതി എന്ന പുതിയ മേച്ചില്‍പ്പുറത്തേക്ക് വന്നത്.. നക്സലിസത്തിന് ശക്തി നഷ്ടപ്പെട്ടപ്പോഴാവും ആ ഊര്‍ജത്തെ പരിസ്ഥിതി സംരക്ഷണത്തിലേക്ക് തിരിച്ചു വിട്ടുകൊണ്ട് ഒരു മുന്നേറ്റം ഉണ്ടായത്. പരിസ്ഥിതിക്ക് വേണ്ടി അവര്‍ മുപ്പതു വര്‍ഷം പ്രവര്‍ത്തിച്ചു. ഇപ്പോഴും പ്രവര്‍ത്തിക്കുന്നു. എന്നാല്‍, അവരുടെ ആയുധങ്ങള്‍ക്ക് മൂര്‍ച്ച കുറഞ്ഞിട്ടുണ്ട്. പല്ലുകള്‍ കൊഴിഞ്ഞുപോയിട്ടുണ്ട്.

പുതിയ ആളുകള്‍ ഇതിലേക്ക് അധികം കടന്നു വരുന്നില്ല. പുതിയ തലമുറക്ക് പരിസ്ഥിതി ഒരു വിഷയമല്ല. അവര്‍ക്ക് നിലനില്‍പ്പാണ് പ്രശ്നം. സമ്പാദിക്കുക- നന്നായി ജീവിക്കുക എന്നാണവര്‍ കരുതുന്നത്. ആക്റ്റിവിസം എന്നൊരു സംഭാവം മാറി ഈഗോയിസമായി. വേണമെങ്കില്‍ അല്‍പ്പനേരം സിംപതൈസ് ചെയ്യാന്‍ മാത്രം-ആ കാട് വെട്ടിപ്പോവുന്നുണ്ട്, ആ പാടം നികത്തുന്നുണ്ട്, ആ പുഴയിലൊരു അണക്കെട്ട് വരുന്നുണ്ട്-കുറച്ചു നേരം മാത്രം സിംപതി കാണിക്കാം.അതിനെ തുടര്‍ച്ചയായ എംപതി ആയി നമ്മള്‍ കാണുന്നില്ല.

മാധ്യമങ്ങളെയല്ല പഴിക്കേണ്ടത്

പരിസ്ഥിതി പ്രശ്നങ്ങളില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് എന്തൊക്കെ ചെയ്യാനാവും? പുതിയ കാലത്തെ പാരിസ്ഥിതിക പ്രശ്നങ്ങളില്‍ വ്യത്യസ്തമായ നിലപാടുകളാണ് മാധ്യമങ്ങള്‍ സ്വീകരിക്കുന്നത്. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ അവര്‍ കുറച്ചു നാള്‍ മാത്രം ആഘോഷിച്ച ശേഷം പിന്‍വലിയുന്നു. കൂടംകുളം പ്രശ്നത്തില്‍ ചുരുക്കം ചിലരൊഴികെ നിശ്ശബ്ദത പാലിക്കുന്നു. ചില പാരിസ്ഥിതിക പ്രശ്നങ്ങള്‍ അവര്‍ ഉച്ചത്തില്‍ പറയുമ്പോള്‍ മറ്റു ചിലവയെ തമസ്കരിക്കുന്നു. നീണ്ട സമരങ്ങളെ തുടക്കത്തില്‍ ശ്രദ്ധിക്കുന്ന മാധ്യമങ്ങള്‍ പിന്നെയവയെ സൌകര്യപൂര്‍വം അവഗണിക്കുന്നു. ഈ മാറ്റങ്ങളെ എങ്ങനെ കാണുന്നു?

ഒരു സാധാരണ മനുഷ്യന്‍ ഇപ്പോള്‍ പരിസ്ഥിതിയില്‍ ഇടപെടുന്നില്ല. എല്ലാം പ്രൊഫഷണലായിരിക്കുന്നു. ഇന്ന് പരിസ്ഥിതിവാദം പ്രൊഫഷനാണ്. അവരുടെ ജോലി എല്ലായിടത്തുമുള്ള പരിസ്ഥിതി സംരക്ഷിക്കുക എന്നതാണ്. പിന്നെ, മാധ്യമങ്ങളെക്കുറിച്ച് പറഞ്ഞാല്‍, സമീപനങ്ങളില്‍ മാറ്റം വന്നിട്ടുണ്ടെങ്കില്‍ പോലും അവര്‍ വഴി ഒത്തിരി ഇന്‍ഫര്‍മേഷന്‍ പുറത്തുവരുന്നുണ്ട്. എവിടെ മരം വെട്ടിയാലും വനം തീയിട്ടാലും തൊഴിലുറപ്പു പദ്ധതി പ്രകാരം പരിസ്ഥിതി ധ്വംസന പരിപാടികള്‍ നടന്നാലും നമുക്ക് വിവരം കിട്ടുന്നുണ്ട്.

ശരിക്കും ചെയ്യേണ്ടത് ഈ വാര്‍ത്തകളെ പിന്തുടരുകയാണ്. ആക്റ്റിവിസ്റ്റ് ഗ്രൂപ്പുകള്‍ ഉണ്ടാക്കി ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നിങ്ങളില്‍ പോയി അത് rectify ചെയ്യുകയാണ് വേണ്ടത്. പക്ഷേ, വാര്‍ത്ത വായിച്ച് കുറച്ചുനേരത്തേക്കുമാത്രം നാം സഹതപിക്കുന്നു. അഞ്ചു മിനിറ്റ് കഴിഞ്ഞ് പത്രം മടക്കുമ്പോള്‍ ആ സഹതാപം പോവുകയും ചെയ്യുന്നു. അപ്പോള്‍, മാധ്യമങ്ങളെയല്ല നാം പഴിക്കേണ്ടത്. അവരുടെ ശൈലിയെ വേണമെങ്കില്‍ ആവാം. അവര്‍ക്ക് വേണ്ടത് സെന്‍സേഷനല്‍ ന്യൂസ് ആണ്. ‘അതിരപ്പിള്ളിയില്‍ ഡാം വരാന്‍ പോവുന്നില്ല’ എന്ന മട്ടിലുള്ളത്. എന്താണ് അതിനു പകരം വരേണ്ടത്, എന്താണ് അതിരപ്പിള്ളിയിലെ പ്രശ്നം, എന്താണ് വൈദ്യുതി പ്രശ്നം, എങ്ങനെയാണ് നാം വൈദ്യുതി ലാഭിക്കുക, എന്തൊക്കെയാണ് ഡാം വന്നാലുള്ള ഭവിഷ്യത്തുകള്‍-ഈ കാര്യങ്ങളിലൊന്നും മാധ്യമങ്ങള്‍ക്ക് താല്‍പ്പര്യമില്ല. ഇവ ചര്‍ച്ച ചെയ്യപ്പെടുന്നില്ല.

ഇന്ന് നമ്മുടെ മാധ്യമങ്ങള്‍ ആഴത്തില്‍ പഠിക്കുന്നില്ല. പരിസ്ഥിതിവാദികളും ആഴത്തില്‍ ഗവേഷണം നടത്തുന്നില്ല. എനിക്കുതോന്നുന്നത് കഴിഞ്ഞ 30 വര്‍ഷമായി കേരളത്തില്‍ ഒന്നിനെക്കുറിച്ചും ( പഴുതാരകളൊഴികെ-ചിരിക്കുന്നു) ആരും ആഴത്തില്‍ പഠിക്കുന്നില്ല. എല്ലാം ഒരു superficial മാത്രമായി -ഇത് വേണോ -അത് വേണ്ട എന്നിങ്ങനെയുള്ള പഠനം മാത്രമാണ് നടന്നത്.

ചെറിയൊരു ഉദാഹരണം പൂയം കുട്ടി പദ്ധതിയെക്കുറിച്ചുള്ള പഠനമാണ്, സൈലന്റ്വാലിക്കു പകരം പൂയംകുട്ടി എന്നു പറയുമ്പോള്‍,വളരെ കഷ്ടപ്പെട്ട് മൂന്നു വര്‍ഷത്തെ പഠനത്തെ തുടര്‍ന്ന്,3000 ഹെക്ടര്‍ വനമുണ്ടിപ്പോള്‍. 30-40 ഓളം ആദിവാസി കുടുംബങ്ങളെ മാറ്റുകയും 50,000 ടണ്‍ ഈറ്റ നഷ്ടപ്പെടുകയും ചെയ്യുമെന്ന് 15 ലക്ഷം ഈറ്റത്തൊഴിലാളി കുടുംബങ്ങള്‍ അനാഥമാകുമെന്നും ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പൂയംകുട്ടി പദ്ധതി നടപ്പാക്കരുതെന്ന റിപ്പോര്‍ട്ട് -അന്നത്തെ വനം പരിസ്ഥിതി മന്ത്രി മനേകഗാന്ധിക്ക് വളരെ സന്തോഷമായി. പക്ഷേ, അന്നത്തെ മുഖ്യമന്ത്രി സഖാവ് നായനാര്‍ ഞങ്ങളോട് പറഞ്ഞത്, നിങ്ങള്‍ മനേക ഗാന്ധിക്ക് അടിക്കാന്‍ ഒരു വടിയാണ് കൊടുത്തിരിക്കുന്നത്. നിങ്ങള്‍ക്ക് രണ്ടു മാസത്തെ ശമ്പളമില്ല എന്നാണ്.

 

ഡോ. എസ് ശങ്കര്‍


 

പശ്ചിമഘട്ട രക്ഷാ യാത്ര

പശ്ചിമ ഘട്ട രക്ഷാ യാത്ര മുതല്‍ കൂടംകുളം സമരം വരെ പരിസ്ഥിതിക്കായുള്ള പല പ്രക്ഷോഭങ്ങളും അടുത്തറിഞ്ഞ ഒരാളാണ് താങ്കള്‍. ഈ കാലങ്ങള്‍ക്കിടയില്‍ പരിസ്ഥിതി സമരങ്ങളില്‍ വന്ന എന്തൊക്കെ പ്രധാന മാറ്റങ്ങളാണ് ശ്രദ്ധയില്‍പ്പെട്ടത്?

എന്റെ അഭിപ്രായത്തില്‍, സ്വാതന്ത്യ്ര സമരകാലത്തെ,1947കളിലെ ജനമുന്നേററത്തിനു ശേഷം, ജനപങ്കാളിത്തമുള്ള, മുദ്രാവാക്യമുള്ള, ഒരേയൊരു ലക്ഷ്യത്തോടെയുള്ള ഒരു യാത്രയായിരുന്നു പശ്ചിമ ഘട്ട സംരക്ഷണ പദയാത്ര. ഗുജറാത്ത് മുതല്‍ ഗോവ വരെ വടക്കന്‍ പദയാത്രയും കന്യാകുമാരി മുതല്‍ ഗോവവരെ തെക്കന്‍ യാത്രയും. അത് ഗോവയില്‍ ഒരു പാരിസ്ഥിതിക അവബോധത്തിന്റെ ഉല്‍സവമായി കലാശിക്കുകയാണ് ഉണ്ടായത്.

നവംബര്‍ ഒന്ന്, കേരളപ്പിറവി ദിനത്തിലാണ് ഞങ്ങള്‍ കന്യാകുമാരിയില്‍നിന്ന് ഇളങ്കോവന്‍ ഉയര്‍ത്തിയ പതാക പിടിച്ച് യാത്ര തുടങ്ങിയത്. 100 ദിവസം കൊണ്ട് 20000 കിലോ മീറ്റര്‍ താണ്ടി ഗോവയിലെത്തി. എ. മോഹന്‍ കുമാറാണ് തെക്കന്‍ ജാഥ നയിച്ചത്. അന്ന് നടന്ന വഴിയിലെല്ലാം ആളുകള്‍ ഞങ്ങളുടെ കൂടെ കൂടുകയും അവരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുകയും അവരുടെ നാടിന്, കാടിന്, കുഞ്ഞുങ്ങള്‍ക്ക് സംഭവിക്കുന്നത് എന്തെന്ന് ചര്‍ച്ച ചെയ്യുകയും ചെയ്തു. സ്കൂളുകളില്‍ രാത്രികളില്‍ താമസിക്കുമ്പോള്‍ പല തരത്തിലുള്ള പ്രസംഗങ്ങള്‍, സ്ലൈഡ് ഷോകള്‍, നാടകങ്ങള്‍ കഥാപ്രസംഗങ്ങള്‍ ഇവയെല്ലാമുണ്ടായിരുന്നു. വ്യത്യസ്ത ദേശങ്ങളില്‍നിന്നുള്ള വ്യത്യസ്ത അനുഭവങ്ങള്‍- -ചില പ്രാദേശിക സമരങ്ങള്‍-ഉദാഹരണത്തിന് അച്ചന്‍ കോവില്‍ സമരമായാലും നെല്ലിയാമ്പതി സമരമായാലും മൂന്നാറിലെ കൈയേറ്റ പ്രശ്നങ്ങള്‍ ആയാലും പാലക്കാട്-വയനാട്, നിലമ്പൂര്‍ പ്രശ്നങ്ങളായാലും-എല്ലാം തുടങ്ങുന്നത് പശ്ചിമഘട്ട രക്ഷായാത്രയില്‍നിന്ന് ഉള്‍ക്കൊണ്ട അവബോധത്തില്‍നിന്നുമാണ്.

ഓരോ സ്ഥലത്ത് പോവും. അവിടത്തെ ജനങ്ങളോട് പരിസ്ഥിതി സംരക്ഷണത്തെ ക്കുറിച്ചും കുടിവെള്ളം, വായു, മണ്ണ് ഇവയെല്ലാം സംരക്ഷിക്കപ്പെടേണ്ട ആവശ്യകതയെക്കുറിച്ച് സംസാരിക്കും. മനസ്സിലാക്കുന്നതിനനുസരിച്ച് അവര്‍ പ്രദേശിക പരിസ്ഥിതി സംഘടനകള്‍ ഉണ്ടാക്കി. ഇക്കോളജി ക്ലബുകള്‍ ഉണ്ടാക്കി. മുപ്പതു കൊല്ലമായി പല പരിപാടികള്‍ക്കും നമ്മെ വിളിക്കുകയും ചെയ്തിരുന്നു. 87ലെ പദയാത്ര അങ്ങനെ വ്യാപകമായ ഒരു അവബോധത്തിന് , വ്യാപകമായ സമരങ്ങള്‍ക്ക് തിരികൊളുത്തി.

തൊണ്ണൂറുകളിലെത്തുമ്പേഴേക്കും, ഏതൊരു വികസന പദ്ധതിക്കും മുന്നോടിയായി പാരിസ്ഥിതികാഘാത പഠനങ്ങള്‍ നടത്തേണ്ട, ഇക്കാര്യങ്ങള്‍ ജനങ്ങള്‍ക്ക് മനസ്സിലാക്കി കൊടുക്കേണ്ട, ജനങ്ങളുടെ അഭിപ്രായം മാനിക്കേണ്ട ഒരു സ്ഥിതി വന്നു.യൂറോപ്പിലും അമേരിക്കയിലും ഉള്ളതുപോലെ ഒരു ജനാധിപത്യ തലത്തില്‍ പ്രാദേശിക ജനപിന്തുണ, ചര്‍ച്ച, അംഗീകാരം ഇവയേടെ മാത്രമേ പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ നടക്കൂ എന്നൊരു അവസ്ഥ സംജാതമായി.

ഗാഡ്ഗില്‍ കമ്മിറ്റി പറയുന്നത്

മാധവ് ഗാഡ്ഗില്‍ കമ്മിറ്റിയുടെ പശ്ചിമ ഘട്ട റിപ്പോര്‍ട്ടിനെ കുറിച്ച ചര്‍ച്ചകള്‍ തുടരുകയാണ്. റിപ്പോര്‍ട്ടിനെ എങ്ങനെയാണ് കാണുന്നത്?

പശ്ചിമഘട്ടം നാളെ എങ്ങനെയാണ് സംരക്ഷിക്കപ്പെടേണ്ടതെന്നും എവിടെയാണ് അത് വികസിപ്പിക്കേണ്ടതെന്നുമുള്ള അതിര്‍ വരമ്പുകള്‍ -വികസനത്തിന്റെയും സംരക്ഷണത്തിന്റെയും പരിധി-ആണ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളത്.

ഓരോ സംസ്ഥാനത്തെ പശ്ചിമഘട്ട പ്രദേശത്തെയും Eco Sensitive Zone 1,2,3 എന്നിങ്ങനെ വിഭജിച്ചിട്ടുണ്ട്. സോണ്‍ ഒന്നില്‍ മനുഷ്യര്‍ക്ക് ജീവിക്കാം പക്ഷേ, യാതൊരുവിധ വികസന പ്രവര്‍ത്തനങ്ങളും- അണക്കെട്ട്, ഖനികള്‍, ആണവനിലങ്ങള്‍, വലിയ ടൂറിസം പദ്ധതികള്‍-അനുവദനീയമല്ല. അതായത് ഒരു നഗരവല്‍കരണം അവിടെ സാധ്യമല്ല. അവിടത്തെ വനഭൂമി വനേതര പ്രവര്‍ത്തനങ്ങള്‍ക്ക് വിട്ടുകൊടുക്കാന്‍ പാടില്ല എന്നതാണ് ശുപാര്‍ശ.

സോണ്‍ രണ്ടില്‍ ഇപ്പോള്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ 15 വര്‍ഷത്തേക്ക് തുടരും. പക്ഷേ, അതിനുശേഷാ ഒരു സംരക്ഷണ നയത്തിലേക്ക്- അതായത് ഒരു സുസ്ഥിര വികസനത്തിലേക്ക്- എത്തണമെന്നാണ് നിര്‍ദേശം ഉന്നല്‍ നല്‍കുന്നത്.

സോണ്‍ മൂന്നില്‍ വികസനമാവാം. അവിടെ നഗരവല്‍ക്കരണമാവാം. നമുക്ക് ആയുധശാലകളോ ഫാക്ടറികളോ പണിശാലകളോ ഉണ്ടാക്കാം.

ഇങ്ങനെ മൂന്ന് സോണ്‍ ആയി വിഭജിക്കുമ്പോള്‍, പല സംസ്ഥാനങ്ങളിലെയും സെന്‍സിറ്റീവ് സോണിലെ കണ്ണായ സ്ഥലങ്ങള്‍ യാതൊരു പ്രവര്‍ത്തനവും നടത്താനാവാത്ത മേഖലകളിലാവും. ഇതാണ് റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്ന രാഷ്ട്രീയക്കാരുടെയും വികസന വാദികളുടെയും പ്രശ്നം. അവര്‍ എതിര്‍ത്തോട്ടെ, യാതൊരു പ്രശ്നവുമില്ല. പക്ഷേ, നമുക്കത് മനസ്സിലായി. എന്താണ് എവിടെയാണ് സംരക്ഷിക്കപ്പെടേണ്ടതെന്ന്. അതുകൊണ്ട് പരിസ്ഥിതി ഗ്രൂപ്പുകള്‍ ഈ റിപ്പോര്‍ട്ടിലെ കാതലായ ഭാഗം ഉള്‍ക്കൊണ്ടുകൊണ്ട് സാധാരണ ജനങ്ങളിലേക്ക് എത്തിക്കാന്‍ തയ്യാറാവണം.

അവരെ പറഞ്ഞ് മനസ്സിലാക്കുക. റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. എല്ലാ വികസനവും നടപ്പാക്കേണ്ടത് പഞ്ചായത്ത് അല്ലെങ്കില്‍ പ്രാദേശിക തലത്തിലുള്ള സംവിധാനമായ Bio Diversity Managment Committe (BMC ). തദ്ദേശ സ്വയംഭരണ സംവിധാനത്തിന് ഊന്നല്‍ കൊടുത്തുകൊണ്ട് മുകളില്‍നിന്ന് താഴേക്കുള്ള ഭരണ സംവിധാനത്തിന് പകരമായി ഗാഡ്ഗില്‍ ഗ്രൂപ്പ്. ഇദംപ്രഥമമായി പരിസ്ഥിതി പ്രശ്നത്തില്‍ താഴെനിന്ന് മുകളിലേക്ക് അഥവാ ഒരു ബോട്ടം അപ്പ് അപ്രോച്ച് കൃത്യമായി നിര്‍ദേശിക്കുകയാണ് ബി.എം.സിയിലൂടെ. നിങ്ങള്‍ക്ക് ട്രാക്റ്റര്‍ ഉണ്ടാക്കുന്ന ഫെസിലിറ്റി വേണോ ഡാം വേണോ, ഹൈവേ വേണ്ടോ വന്‍കിട ഫാക്റ്ററി വേണാ ഇതല്ലാം തീരുമാനിക്കുന്നത് പഞ്ചായത്ത് ആയിരിക്കും.

ഉദാഹരണമായി അതിരപ്പിള്ളിയില്‍ ഡാം വേണോയെന്ന് അതിരപ്പിള്ളി പഞ്ചായത്താകും തീരുമാനിക്കുക. അതിരപ്പിള്ളി വനമേഖലയിലെ വനവാസികള്‍ക്ക് വനസംരക്ഷണ നിയമമനുസരിച്ചുള്ള individual right and community right ഇതുവരെ ലഭിച്ചിട്ടില്ല എന്നും അത് നല്‍കാതെ ആ മേഖലയില്‍ യാതൊരു വികസനവും പാടില്ല എന്നും ചൂണ്ടിക്കാട്ടി പഞ്ചായത്ത് കോടതിയില്‍ പോയാല്‍ ഒരിക്കലും ആ പ്രദേശത്ത് ഡാം അനുവദിക്കപ്പെടുകയില്ല.

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പ്രസക്തി എന്താണെന്ന് പറഞ്ഞാല്‍, ആദ്യമായി നമ്മള്‍ തീരുമാനിക്കുന്നു-ലോകം മുഴുവന്‍ സംരക്ഷിക്കണമെന്ന് സംരക്ഷണ വാദികളും ലോകം മുഴുവന്‍ വികസിക്കണമെന്ന് വികസന വാദികളും പറയുമ്പോള്‍ ഗാഡ്ഗില്‍ കമ്മിറ്റി വളരെ ശാസ്ത്രീയമായി sense, sensibility, emotion ഇതെല്ലാം ഉള്‍ക്കൊണ്ടുകൊണ്ട് നിര്‍ദേശമാണ് മുന്നോട്ടുവെക്കുന്നത്. ആദ്യമായിട്ടാണ്, എന്ത്, എവിടെ, എങ്ങനെ, എപ്പോള്‍, സംരക്ഷിക്കപ്പെടണമെന്ന് തീരുമാനിക്കപ്പെട്ടത്. എനിക്കു തോന്നുന്നത്, നമ്മള്‍ ആ റിപ്പോര്‍ട്ടിനെ വളരെ കാര്യമായി പരിഗണിക്കണം. സൂക്ഷ്മമായി അപഗ്രഥിക്കണം, ചര്‍ച്ച ചെയ്യണം, അതിന്റെ കാതലായ പ്രശ്നങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കണം.

ഈ റിപ്പോര്‍ട്ട് പരിസ്ഥിതിയും വികസനവും തമ്മിലുള്ള ഒരു reconciliation ന്റെ തുടക്കമാണ്. നീ ഒരു കാല്‍ വെച്ചാല്‍ ഞാന്‍ ഒരു കാല്‍വെക്കും. ഒന്നും നടത്താന്‍ പാടില്ല എന്ന പരിസ്ഥിതിവാദികളുടെയും എല്ലാം നടത്തണമെന്നുള്ള വികസന വാദികളുടെയും ആശയങ്ങളുടെ കോംപ്രമൈസ്. കേരള പരിസ്ഥിതി രാഷ്ട്രീയത്തില്‍ ഒരു നല്ല ചുവടുവെപ്പാണിത്. ഇന്ത്യന്‍ പരിസ്ഥിതി രാഷ്ട്രീയത്തില്‍ , ലോകപരിസ്ഥിതി രാഷ്ട്രീയത്തില്‍ ഒരു reconciliation. ജനങ്ങളും സംരക്ഷകരും, വികസനവും പരിസ്ഥിതിയും തമ്മിലുള്ള ഒരു നല്ല കോംപ്രമൈസ്.

അടുത്ത ഭാഗം ഉടന്‍
 
 
 
 

15 thoughts on “ഡോ. ശങ്കര്‍: പരിസ്ഥിതി സമരങ്ങള്‍ അനുഷ്ഠാനമായി

 1. നല്ല ചോദ്യങ്ങള്‍, അനുഭവത്തിന്റെ ചൂടുള്ള മറുപടികള്‍.
  നന്ദി, ഡോ. ശങ്കര്‍, ധന്യ ബാലന്‍, നാലാമിടം…

 2. അക്കാമിക് ഇടപെടലുകളിലൂടെ സാമൂഹ്യ രംഗങ്ങളില്‍ സജീവമായ ഒരു പാട് പ്രതിഭകള്‍ വിരമിക്കുന്നത് ഒരു കാലത്തെ അനുഭവങ്ങളുമായാണ്.
  അവ പങ്കുവെക്കാനോ സക്രിയമായി ഉപയാഗിക്കാനോ ശ്രമങ്ങള്‍ ഉണ്ടാവാറില്ല. അറിവും അനുഭവങ്ങളും നിരീക്ഷണങ്ങളും പങ്കുവെക്കാന്‍ ഡോ. ശങ്കറിന്
  അവസരം കിട്ടിയതില്‍ സന്തോഷമുണ്ട്. സമൂഹം ശ്രദ്ധിച്ചു കേള്‍ക്കേണ്ടതാണ് ഈ വിലയിരുത്തലുകള്‍.

 3. പിന്നേ…
  പണ്ടൊക്കെ മുയലിന് മൂന്ന് കൊമ്പ്…
  കേട്ടു മതിയായി ഇത്തരം ഗീര്‍വാണങ്ങള്‍

  • ചില സത്യങ്ങള്‍ കേള്‍ക്കുമ്പോള്‍ ചിലര്‍ക്ക് ചൊറിയും എന്ന് പറയുന്നത് സത്യമാണ് അല്ലെ…

 4. Good flow of questions and answers; characteristic honest thinking and free opinions expressed in a lucid way by Dr.Shankar. Looking forward for the rest of the interview. Congratulations Dhanya, well done.

  • Thank U madam, I am a regular reader of your articles..really touching ones..facts about “Koodamkoolam” specially..I am coming to meet you once……

 5. വിശ്രമമില്ലാത്ത റിട്ടയര്‍മെന്റ് ജീവിതം നേരുന്നു, ശങ്കര്‍ സാര്‍:):)

 6. ശരിയാണ്, പരിസ്ഥിതി പ്രവര്‍ത്തനവും ഇന്ന് ഫാഷനായി മാറിയിരിക്കുന്നു. എതിര്‍ത്തുകൊടുക്കപ്പെടും എന്ന ബോര്‍ഡുമായി രാവിലെ ഇറങ്ങിത്തിരിക്കുന്ന
  കുറേ മനുഷ്യരുടെ ഗതികേടുകള്‍. അതിനിടയില്‍, സര്‍ക്കാറും ഫണ്ടിംഗ് ഏജന്‍സികളും സ്പോണ്‍സര്‍ ചെയ്യുന്ന താല്‍പര്യങ്ങളോടു കൂടിയ ആക്റ്റിവിസം.ഇതു തന്നെയാണ് നമ്മുടെ കാലത്തെ യാഥാര്‍ത്ഥ്യം.

 7. “സോണ്‍ ഒന്നില്‍ മനുഷ്യര്‍ക്ക് ജീവിക്കാം പക്ഷേ, യാതൊരുവിധ വികസന പ്രവര്‍ത്തനങ്ങളും- അണക്കെട്ട്, ഖനികള്‍, ആണവനിലങ്ങള്‍, വലിയ ടൂറിസം പദ്ധതികള്‍-അനുവദനീയമല്ല. അതായത് ഒരു നഗരവല്‍കരണം അവിടെ സാധ്യമല്ല. അവിടത്തെ വനഭൂമി വനേതര പ്രവര്‍ത്തനങ്ങള്‍ക്ക് വിട്ടുകൊടുക്കാന്‍ പാടില്ല എന്നതാണ് ശുപാര്‍ശ.
  സോണ്‍ രണ്ടില്‍ ഇപ്പോള്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ 15 വര്‍ഷത്തേക്ക് തുടരും. പക്ഷേ, അതിനുശേഷാ ഒരു സംരക്ഷണ നയത്തിലേക്ക്- അതായത് ഒരു സുസ്ഥിര വികസനത്തിലേക്ക്- എത്തണമെന്നാണ് നിര്‍ദേശം ഉന്നല്‍ നല്‍കുന്നത്.
  സോണ്‍ മൂന്നില്‍ വികസനമാവാം. അവിടെ നഗരവല്‍ക്കരണമാവാം. നമുക്ക് ആയുധശാലകളോ ഫാക്ടറികളോ പണിശാലകളോ ഉണ്ടാക്കാം.
  ഇങ്ങനെ മൂന്ന് സോണ്‍ ആയി വിഭജിക്കുമ്പോള്‍, പല സംസ്ഥാനങ്ങളിലെയും സെന്‍സിറ്റീവ് സോണിലെ കണ്ണായ സ്ഥലങ്ങള്‍ യാതൊരു പ്രവര്‍ത്തനവും നടത്താനാവാത്ത മേഖലകളിലാവും. ഇതാണ് റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്ന രാഷ്ട്രീയക്കാരുടെയും വികസന വാദികളുടെയും പ്രശ്നം. അവര്‍ എതിര്‍ത്തോട്ടെ, യാതൊരു പ്രശ്നവുമില്ല. പക്ഷേ, നമുക്കത് മനസ്സിലായി. എന്താണ് എവിടെയാണ് സംരക്ഷിക്കപ്പെടേണ്ടതെന്ന്. അതുകൊണ്ട് പരിസ്ഥിതി ഗ്രൂപ്പുകള്‍ ഈ റിപ്പോര്‍ട്ടിലെ കാതലായ ഭാഗം ഉള്‍ക്കൊണ്ടുകൊണ്ട് സാധാരണ ജനങ്ങളിലേക്ക് എത്തിക്കാന്‍ തയ്യാറാവണം.”
  ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് മാത്രം സര്‍ക്കാര്‍ മനമില്ലാ മനസ്സോടെ പൊതു ജനത്തിനു ലഭ്യമാക്കിയ ഈ റിപ്പോര്‍ട്ട്‌ പൂര്‍ണ്ണ രൂപത്തില്‍ ലഭിക്കാന്‍ MOEF വെബ്‌ സൈറ്റ് ഇല്‍ പോയി അപ്‌ലോഡ്‌ ചെയ്യണം എന്നാണു മനസ്സിലാവുന്നത് .
  Times Of India Reports :

  MUMBAI
  Ministry of environment and forests wants your feedback on Western Ghats
  May 25, 2012 | TNN
  MUMBAI: The Madhav Gadgil report on the Western Ghats has been uploaded on the website of the union (MoEF), albeit with a disclaimer. “The Western Ghats Ecology Expert Panel report has not been formally accepted by the ministry. The report is still being analyzed and considered by the ministry,” reads the disclaimer. The MoEF has ensured that anyone who clicks to download the report records having read the report. The ministry has also called for objections and suggestions from the public within 45 days.
  DEVELOPMENTAL-ISSUES
  Make Western Ghat report public: HC to MoEF
  May 20, 2012 | Abhinav Garg , TNN
  NEW DELHI: In a rebuff to the ministry of environment and forests (MoEF), the Delhi High Court has dismissed its plea against making public an ecology report of Western Ghats. Justice Vipin Sanghi upheld a Central Information Commission (CIC) ruling asking MoEF to disclose summary of the Western Ghats Ecology Panel (WGEEP) report authored by Prof Madhav Gadgil to an RTI applicant. The HC also refused to tinker with another CIC directive to ensure all reports of commissions, special panels are posted on the ministry’s website within 30 days of being received.
  PUNE
  Release Western Ghats report, Delhi high court tells environment ministry
  May 20, 2012 | Abhinav Garg , TNN
  NEW DELHI: In a rebuff to the ministry of environment and forests (MoEF), the Delhi High Court has dismissed its plea against making public an ecology report on the Western Ghats. Justice Vipin Sanghi upheld a Central Information Commission (CIC) ruling asking MoEF to disclose the summary of the Western Ghats Ecology Panel (WGEEP) report authored by Madhav Gadgil to an RTI applicant. The HC also refused to tinker with another CIC directive to ensure all reports of commissions and special panels are posted on the ministry’s website within 30 days of being received.”

  ഗാഡ്ഗില്‍ റിപ്പോര്‍ട്ട്‌ സംബന്ധിച്ച് :
  കേരളത്തിലെ ഇപ്പോഴത്തെ ജല വൈദ്യുത പദ്ധതികളും പവര്‍ ഹൌസ് കളും അടക്കം സോണ്‍
  ഒന്നില്‍ വരികയാണെങ്കില്‍, അവയെല്ലാം ഉടന്‍ decommission ചെയ്യാന്‍ നിര്‍ദെശിക്കുന്നതില്‍ പ്രായോഗികമായി ഔചിത്യ മുണ്ടോ ?
  സോണ്‍ 2 പ്രദേശങ്ങളില്‍ 15 വര്ഷം കൊണ്ട് സുസ്ഥിരത കൈവരിക്കുന്ന വികസനം , സോണ്‍ 3 ഇല്‍ നഗര വല്‍ക്കരണം ഉള്‍പ്പെടെ യുള്ള മറ്റു വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവ നിര്‍ദെശിക്കുമ്പോള്‍, വികസനം/പശ്ചിമഘട്ട സംരക്ഷണം എന്നീ ദ്വന്ദ്വങ്ങളില്‍ പെട്ട് പോയ ഒരു കുടുസ്സായ ചട്ടക്കൂടിന്റെ പരിമിതിയാണ് ആദ്യം അനുഭവപ്പെടുന്നത് .

Leave a Reply

Your email address will not be published. Required fields are marked *