അവളിപ്പോഴും അതേ തീയില്‍…

 
 
 
 
സൂര്യനെല്ലി കേസിലെ ഇരയുടെ ജീവിതം. നമ്മുടെ നിസ്സംഗതയ്ക്കു മുന്നിലൂടെ ഒഴുകുന്ന ഒച്ചയറ്റ വിലാപങ്ങളെക്കുറിച്ച്
ഒരിക്കല്‍ കൂടി സുജ സൂസന്‍ ജോര്‍ജ് എഴുതുന്നു

 
 
എനിക്കറിയാം ഞാനീയെഴുതുന്ന ഈ വരികളും ആളുകള്‍ വായിക്കും. പരസ്പരം പങ്കുവെക്കും. ഈ അവസ്ഥ കാണുമ്പോള്‍ സങ്കടവും രോഷവും പ്രകടിപ്പിക്കും. ലൈക്ക് ചെയ്യുകയോ ഷെയര്‍ ചെയ്യുകയോ ചെയ്തേക്കും. അതു കൊണ്ടെന്ത്? അവരുടെ ജീവിതത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്നവരൊക്കെ ബുദ്ധിപൂര്‍വകമായ നിശãബ്ദത തുടരുന്നിടത്തോളം ഈ വാക്കുകള്‍ കൊണ്ട്, ഇത്തിരി നേരത്തേക്കെങ്കിലും, വായിക്കുന്നവരുടെ ഉള്ളിലുണ്ടാവുന്ന പ്രക്ഷുബ്ധകള്‍ കൊണ്ട് എന്തു കാര്യമാണ്? എല്ലാം പാഴായപോലെ തോന്നുകയാണ് ഇപ്പോള്‍. ഈ വാക്കുകള്‍. സങ്കടങ്ങള്‍. അടക്കിപ്പിടിച്ച കണ്ണീരുകള്‍…എല്ലാം. സഹിച്ചുസഹിച്ച് നിവൃത്തികെടുമ്പോള്‍, ആ കുടുംബം അവസാനത്തെ ആ തീരുമാനമെടുത്താല്‍ പോലും കണ്ടുനില്‍ക്കാനേ കഴിയൂ സുഹൃത്തുക്കളേ നമുക്കെല്ലാം. അന്നേരം എല്ലാവരും നിരന്നുനിന്ന് വലിയ വായില്‍ നിലവിളിച്ചിട്ടെന്താണ് കാര്യം? – സൂര്യനെല്ലി കേസിലെ ഇരയുടെ ജീവിതം. നമ്മുടെ നിസ്സംഗതയ്ക്കു മുന്നിലൂടെ ഒഴുകുന്ന ഒച്ചയറ്റ വിലാപങ്ങളെക്കുറിച്ച് ഒരിക്കല്‍ കൂടി സുജ സൂസന്‍ ജോര്‍ജ് എഴുതുന്നു

 
 

 
 

കഴിഞ്ഞ ഫ്രെബ്രുവരി 15നാണ്, അവളെക്കുറിച്ച് നാലാമിടത്തില്‍ എഴുതിയത്. സൂര്യനെല്ലി കേസ് സുപ്രീംകോടതി പരിഗണിക്കുന്ന വേളയില്‍, അവളെ പണാപഹരണ കേസില്‍ കുടുക്കുകയും ജയിലിലടക്കുകയും ജോലിയില്‍നിന്ന് സസ്പെന്റ് ചെയ്യുകയും ചെയ്ത പശ്ചാത്തലത്തിലായിരുന്നു ആ കുറിപ്പ്. കേസില്‍ ഗൂഢാലോചന നടന്നതായി സംശയിക്കാന്‍ അനേകം കാരണങ്ങളുണ്ടായിട്ടും പൊതുസമൂഹം പുലര്‍ത്തുന്ന നിസ്സംഗതയിലുള്ള വ്യക്തിപരമായ സങ്കടവും രോഷവുമായിരുന്നു ആ കുറിപ്പ്.

അത് കഴിഞ്ഞിട്ടിപ്പോള്‍ ആറ് മാസമാവുന്നു. അവള്‍ ഇപ്പോഴും സസ്പെന്‍ഷനിലാണ്. കേസില്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല. വ്യക്തമായ അനീതി നടന്നു എന്നതിന്റ തെളിവുകള്‍ ലഭ്യമായിട്ടും എല്ലാം നിയമത്തിന്റെ വഴിയേ എന്ന് കൈമലര്‍ത്തി കൈയാഴിഞ്ഞു, സര്‍ക്കാര്‍. കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയെക്കുറിച്ച് സൂചനകള്‍ ലഭ്യമെങ്കിലും ആ വഴിക്ക് ഒട്ടും അന്വേഷിച്ചു പോയില്ല മാധ്യമങ്ങള്‍. ക്രൂരമായ അതേ നിസ്സംഗത ഇപ്പോഴും തുടരുകയാണ് പൊതുസമൂഹം.

എങ്കിലും, അവളിപ്പോഴുമുണ്ട് ആ വീട്ടില്‍. വിങ്ങി വിങ്ങി തീര്‍ന്നു പോകുന്ന ദിവസങ്ങളോട് നിസ്സംഗതയോട് യാത്ര പറയുകയാണ് അവളും കുടുംബവും. വന്നു പോകുന്നുണ്ട് ഓണവും പെരുന്നാളുകളും. അറിയുന്നുണ്ട് ചിലപ്പോഴെങ്കിലും, സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീട്ടിലെ കല്യാണാഘോഷങ്ങള്‍,കൂടിച്ചേരലുകള്‍. 16 വഷങ്ങള്‍ക്കപ്പുറം പടി കടന്നു പോയതാണ് എല്ലാ ആഘോഷങ്ങളും. വേണ്ട,തിരിച്ചു കൊടുക്കണ്ട അവര്‍ക്ക് ഒരു വിരുന്നുകളും. എന്നാല്‍, നിര്‍ത്തുമോ ഇനിയെങ്കിലും ഈ വേട്ടയാടല്‍. എല്ലാം കാണുന്നുണ്ട് ഈ മനുഷ്യര്‍. കുറ്റാരോപിതരില്‍ ഒരാള്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ ഉന്നതപദമേറിയിരിക്കുന്നു. കേസില്‍നിന്നിറങ്ങിയ വേട്ടനായ്ക്കള്‍ പുറത്ത് യഥേഷ്ടം പുളച്ചു നടക്കുന്നു. എല്ലാവര്‍ക്കും എല്ലാം മറക്കാം. എന്നാല്‍, അവള്‍ക്കെങ്ങനെ മറക്കാനാകും, ജീവിതം ചവച്ചു തുപ്പിയവരെ?

സുജ സൂസന്‍ ജോര്‍ജ്


വേട്ടനായ്ക്കള്‍ വീണ്ടും
ഒരാളൊഴികെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ അപ്പീല്‍ സുപ്രീം കോടതി പരിഗണിക്കുന്നതിന് തൊട്ടു മുമ്പാണ് വേട്ടനായ്ക്കള്‍ വീണ്ടും അവള്‍ക്കെതിരെ ആര്‍ത്തലച്ചു വന്നത്. ഇത്തവണ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൂടി അവര്‍ക്കൊപ്പമായിരുന്നു.

കഴിഞ്ഞ ഫെബ്രുവരി 6 നാണ് വാണിജ്യനികുതി ഓഫീസിലെ ലാസ്റ് ഗ്രേഡ് ജീവനക്കാരിയായ അവളെ നടുറോഡിലിട്ട് ക്രൈംബ്രാഞ്ച് അറസ്റ് ചെയ്തത്. ‘സൂര്യനെല്ലിപെണ്‍കുട്ടി പണാപഹരണത്തിന് അറസ്റില്‍’ എന്ന തലക്കെട്ടില്‍ ക്രൈംബ്രാഞ്ച് ഭാഷ്യം,(അവളുടെ പേരുള്‍പ്പെടെ) വാര്‍ത്തയായി. എട്ട് ദിവസങ്ങളെടുത്തു അവള്‍ക്ക് ജാമ്യം ലഭിക്കാന്‍. എല്ലാ ഒന്നിടവിട്ട ശനിയാഴ്ചകളും ക്രൈംബ്രാഞ്ച് ഓഫീസില്‍ അവള്‍ വീണ്ടും വീണ്ടും മണിക്കൂറുകളോളം ചോദ്യം ചെയ്യപ്പെട്ടു.മൂന്നു മാസത്തോളം തുടര്‍ന്നു ആ പീഢാനുഭവം.കോടതിയില്‍ പരാതി കൊടുത്താണ്,എപ്പോള്‍ വിളിച്ചാലും എത്തിക്കോളാമെന്ന് ഉറപ്പിന്മേലാണ് ആ ക്രൂശിക്കല്‍ തത്ക്കാലം അവസാനിച്ചത്.

ഇതിനോടകം കാഴ്ചക്കാരും കേള്‍വിക്കാരുമായ നമ്മള്‍ എന്തു ചെയ്തു?

വിരലിലെണ്ണാവുന്നവര്‍,അത്ര ചങ്കുറപ്പോടെ മൌനികള്‍ ആകാന്‍ കഴിയാത്തവര്‍ നടത്തിയ വലിയ ശ്രമങ്ങളുടെ ഫലമായി ചില മാധ്യമങ്ങള്‍ ‘അവളെ’ ഓര്‍ത്തെടുത്തു. അവള്‍ക്കുവേണ്ടി സംസാരിച്ചവരുടെയും വാക്കുകള്‍ അവിടെയുമിവിടെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. തിരുവനന്തപുരത്ത് വിവിധ സ്ത്രീസംഘടനകള്‍ ഒത്തു സംഘടിപ്പിച്ച പൊതുയോഗം പ്രതിപക്ഷനേതാവ് വിഎസ് ഉദ്ഘാടനം ചെയ്തു. കോട്ടയത്ത് നടത്തിയ പൊതുയോഗം എം.സി ജോസഫൈന്‍ ഉദ്ഘാടനം ചെയ്തു.അവിടെ അവസാനിച്ചു പൊതു പ്രതികരണങ്ങള്‍. പിന്നെ നമ്മള്‍ പിന്‍വാങ്ങി, അവരവരുടെ ഇട്ടാവട്ടങ്ങളിലേക്ക്.

കഴിഞ്ഞ ജൂലൈ 2ന് ഈ കുടുംബം തിരുവനന്തപുരത്ത് പോയി പ്രതിപക്ഷ നേതാവിനെയും ആഭ്യന്തര സെക്രട്ടറിയെയും കണ്ടു. ജയിലില്‍ അവളെക്കൊണ്ട് ആറോ ഏഴോ വെറും പേപ്പറുകളില്‍ ഒപ്പിടുവിച്ചിരുന്നു. അതെന്തിനാകുമെന്ന് അവര്‍ക്കറിയില്ല. അതിലവള്‍ക്ക് നല്ല പേടിയുണ്ട്. അക്കാര്യങ്ങളൊക്കെ സൂചിപ്പിച്ച് ഹോംസെക്രട്ടറിക്ക് പരാതി നല്‍കി. അതുകൊണ്ടാണോയെന്ന് അറിയില്ല, ആഗസ്റ് 4നു അവളെ വീണ്ടും ക്രൈംബ്രാഞ്ച് ബ്രാഞ്ച് ഓഫീസിലേക്ക് വിളിപ്പിച്ചു. വെന്തു ചാമ്പലായ മനസ്സും തേഞ്ഞു തീര്‍ന്ന ശരീരവുമായി ഏന്തി വലിഞ്ഞ് മകളുമൊത്ത് ആ മാതാപിതാക്കള്‍ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി.ആറു മണിക്കൂറോളം അവിടെ നിര്‍ത്തി. നിരവധി ചെല്ലാനുകളില്‍ അവര്‍ അവളെക്കൊണ്ട് ഒപ്പിടുവിച്ചു.

ഇതു വരെ കേസ് കോടതിയില്‍ എത്തിയിട്ടില്ല. ആരുടെയൊക്കെയോ ഗൂഢാലോചനയില്‍ രൂപം കൊണ്ട കെണിയില്‍ അവള്‍ വീണു കിടക്കുന്നു. പെടുത്തിയവര്‍ ഓണം അലവന്‍സുകളും മുന്‍കൂര്‍ ശമ്പളവും ഒക്കെയായി ഉല്ലാസത്തോടെ ഓണം പൊടിപൊടിച്ചു.

പീഡകരെ നാം മാലയിട്ട് സ്വീകരിക്കുന്നു. പീഡിതരെ അവഹേളനങ്ങളുടെയും അപമാനങ്ങളുടെയും പാതാളങ്ങളിലേക്ക് ചവിട്ടി താഴ്ത്തുന്നു.അനീതികള്‍ നടക്കുന്ന നഗരങ്ങള്‍ ചീര്‍ത്ത് വീര്‍ത്ത് വളര്‍ന്നു കൊണ്ടിരിക്കുന്നു. നാം സ്വസ്ഥരായി ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുന്നു.

 

 
ആ വീട്

അവള്‍ ആകെ തളര്‍ന്നു കഴിഞ്ഞിട്ടുണ്ട്. മനസ്സും ശരീരവും തളര്‍ന്നുപോയ ഒരുവള്‍. ഇടക്കിടെ വിഷാദം വന്നു കൊത്തുന്നു. എപ്പോഴും കിടപ്പ് തന്നെയാണ്. ഒരു തെറ്റും ചെയ്യാതെ കഴിഞ്ഞ പതിനാറര വര്‍ഷമായി നിരന്തര വേദനകള്‍ കൊണ്ട് തന്നെ മൂടുന്ന ജീവിതത്തെ അവളെങ്ങിനെയോ നിലനിര്‍ത്തുകയാണെന്നു പലപ്പോഴും തോന്നിപ്പോവും. മാനസിക വ്യഥകളും ദുരിതങ്ങളും കാരണമാവാം അവളുടെ ശരീരം ഇത്തിരി തടിച്ചിട്ടുണ്ട്. ഇത്തിരി മുതിര്‍ന്ന ഒരാളെപ്പോലെ തോന്നും. എന്നാല്‍, ആ മുഖം നിഷ്കളങ്കയായ ഒരു കുട്ടിയുടേതാണ്. ഇത്ര മാത്രം നിഷ്കളങ്കത നിറഞ്ഞ ആ കണ്ണുകള്‍ നോക്കി ഈ കൊടുക്രൂരതകള്‍ ചെയ്യാന്‍, ഇപ്പോഴും ചെയ്തുകൊണ്ടിരിക്കാന്‍ ഈ മനുഷ്യര്‍ക്ക്, നമ്മുടെ വ്യവസ്ഥക്ക് എങ്ങിനെ കഴിയുന്നുവെന്ന് ആ മുഖം കാണുമ്പോഴൊക്കെ എനിക്ക് തോന്നാറുണ്ട്.

അച്ഛന്‍ കടുത്ത പ്രമേഹ രോഗിയാണ്. കിടപ്പാണ് മിക്കപ്പോഴും. കാലുകളില്‍ നീരുവെച്ചതിനാല്‍ നടക്കാന്‍ ഏറെ ബുദ്ധിമുട്ടാണ്. ചെറിയ മുറിവുകള്‍ ഉണങ്ങാത്തതിനാല്‍ വ്രണങ്ങളായിക്കഴിഞ്ഞു. ഓരോ അടിയും വെക്കുന്നത് വേദനയിലേക്കാണ്. എന്നിട്ടും, മകളെയും കൊണ്ട് ഈ അച്ഛന്‍ പൊലീസ് സ്റ്റേഷനുകളില്‍ കയറിയിറങ്ങേണ്ടിവരുന്നു.

അമ്മക്ക് രണ്ട് ശസ്ത്രക്രിയകള്‍ കഴിഞ്ഞു. ഗര്‍ഭാശയം ഒഴിവാക്കുന്ന ശസ്ത്രക്രിയയായിരുന്നു ആദ്യം. ഈയിടെ ഹൃദയശസ്ത്രക്രിയയും കഴിഞ്ഞു. അതിനാല്‍, അസ്വസ്ഥതകളേറെ. ഇടക്കിടെ കിടപ്പിലാവും. എങ്കിലും മനസ്സ് തളരാതെ മറ്റുള്ളവരെ ജീവിതത്തില്‍ നിലനിര്‍ത്തുന്നത് ഈയമ്മയുടെ ധൈര്യമാണ്. കേസും ദുരിതവും വിടാതെ പിന്തുടരുമ്പോഴും ക്ഷീണം മുഴുവന്‍ വകഞ്ഞു മാറ്റി നീതിക്കു വേണ്ടി അവര്‍ ഇപ്പോഴും നടത്തം തുടരുകയാണ്.

അച്ഛന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു. അതിനാല്‍, പെന്‍ഷനുണ്ട്. അതു മാത്രമാണ്, ചികില്‍സകളും ആശുപത്രി വാസങ്ങളും കേസുകളും പൊലീസ് സ്റ്റേഷനുകളിലേക്കും മറ്റുമുള്ള യാത്രകളും നടത്തുന്നതിന് ഇപ്പോഴുള്ള ആശ്രയം. പിന്നെയുണ്ടായിരുന്നത് അവളുടെ ശമ്പളമായിരുന്നു. അതിപ്പോള്‍ നിലച്ചു. കേസുകളും സസ്പെന്‍ഷനും കൊണ്ട് അവര്‍ ലക്ഷ്യമിട്ടത് ഇതുതന്നെയായിരുന്നു. പരമാവധി പൊറുതിമുട്ടിക്കുക. ജീവിതം നരകമാക്കുക.

അവസ്ഥകള്‍ അറിഞ്ഞവര്‍ക്കൊന്നും എന്നാല്‍, സഹായിക്കാന്‍ പോലുമാവില്ല. ആരെങ്കിലും അതിനു തയ്യാറായാല്‍ തന്നെ അവര്‍ നിരുല്‍സാഹപ്പെടുത്താറാണ് പതിവ്. ബാങ്ക്അക്കൌണ്ടുകള്‍ സദാ പൊലീസ് നിരീക്ഷണത്തിലാണ്. ആരുടെയെങ്കിലും സംഭാവന വന്നാല്‍, പിന്നെ അതിന്റെ പേരില്‍ മറ്റൊരു കള്ളക്കേസ് ചമയ്ക്കാന്‍ അവര്‍ക്ക് എളുപ്പമാണ്. അതാണ് അവരുടെ നിരന്തര നിരീക്ഷണത്തിന്റെയും ലക്ഷ്യം.

ഇതിനിടെ പല തവണ ഞാനാ വീട്ടില്‍പോയി. ഓരോ തവണയും ഉള്ളു മുറിഞ്ഞാണ് തിരിച്ചു വരാറ്. സഹിക്കാനാവില്ല ആ വീടിന്റെ അവസ്ഥ. ആ പെണ്‍കുട്ടിയുടെ അവസ്ഥ. ആ മാതാപിതാക്കളുടെ മുഖങ്ങള്‍ വേദനകൊണ്ട് കൊത്തിവെച്ച പോലെ മനസ്സിലിങ്ങനെ കല്ലിച്ചു കിടക്കും.

 
 

എന്തു പറയണം ഈ മനുഷ്യരോട്?
എല്ലാ പ്രതീക്ഷകളും അവര്‍ക്ക് നഷ്ടപ്പെട്ടു കഴിഞ്ഞു. കോടതിയെ, പൊലീസിനെ, സര്‍ക്കാറിനെ, മാധ്യമങ്ങളെ, സന്നദ്ധ സംഘടനകളെ എല്ലാം സ്വാധീനിക്കാന്‍ എളുപ്പമാണെന്ന് അനുഭവം അവരെ പഠിപ്പിച്ചു കഴിഞ്ഞു. ഒരു തെറ്റും ചെയ്യാത്ത ഒരു പെണ്‍കുട്ടിയെ നിരന്തരം വേട്ടയാടുമ്പോള്‍ പോലും ആശ്വാസത്തിന്റെ ഒരു കൈയും ജനാധിപത്യമെന്ന ഈ വ്യവസ്ഥക്കുള്ളില്‍നിന്ന് നീണ്ടു വരുന്നേയില്ല.

പുതിയ കേസു കൂടി വന്നതോടെ എല്ലാത്തിലുമുള്ള വിശ്വാസം ഇവര്‍ക്കു നഷ്ടപ്പെട്ടു. എല്ലാം ഇരക്കെതിരെയാണ്. കുറ്റവാളികള്‍ക്കൊപ്പാണ്. ഒരു സര്‍ക്കാര്‍, അതിന്റെ, നിയമസംവിധാനം എല്ലാം. എന്ത് നുണപറഞ്ഞാണ് പ്രതീക്ഷയുടെ അവസാന വെളിച്ചം എങ്കിലും അണയാതെ ഈ കുടുംബത്തെ ആശ്വസിപ്പിക്കേണ്ടതെന്ന് ഓരോ തവണയും അവിടെചെല്ലുമ്പോള്‍ ആലോചിച്ചുപോവും.

ചിലപ്പോഴൊക്കെ അവളുടെ അച്ഛന്‍ പറഞ്ഞിട്ടുണ്ട്, ‘ടീച്ചര്‍, അന്ന് ഞങ്ങള്‍ നീതി കിട്ടുമെന്ന് വിചാരിച്ച് കേസിനു പോയതുകൊണ്ടല്ലേ ഈയവസ്ഥ. ലക്ഷങ്ങള്‍ തരാന്‍ തയ്യാറായി അതിലെ പ്രതികളുടെ ആളുകള്‍ ഞങ്ങളെ പല തവണ സമീപിച്ചിട്ടുണ്ട്. കേസില്‍നിന്ന് ഒന്ന് ഒഴിവാക്കണം. അത്ര മാത്രമാണ് അവരുടെ ആവശ്യം. എന്നിട്ടും ഒരിക്കല്‍ പോലും ഞങ്ങള്‍ അവര്‍ക്ക് ചെവി കൊടുത്തില്ല. എന്റെ കുഞ്ഞിന്റെ കണ്ണീരിനേക്കാള്‍ വിലയുണ്ടോ കേസില്‍നിന്നാഴിവായാല്‍ അവര്‍ക്കൊക്കെ കിട്ടുന്ന സമാധാനം?’
 
 
എന്തു കൊണ്ട് നമ്മള്‍?
ഏറ്റവും ദയനീയം ചുറ്റുമുള്ളവരുടെ മനോഭാവമാണ്. അനീതിക്കെതിരെ പ്രതികരിക്കേണ്ടി വരുമ്പോള്‍ മാത്രമേയുള്ളൂ അവരുടെ നിസ്സംഗത. ഈ കുടുംബത്തോടുള്ള ക്രൂരതയുടെ കാര്യത്തില്‍ അതില്ല. എത്രയോ തവണ കേട്ടിട്ടുണ്ട്, ആ ഉപദേശം. ‘ടീച്ചര്‍ ആ വീട്ടിലിങ്ങനെ പോവുന്നത് അത്ര നല്ലതല്ല. മോശം ആളുകളാ അവരെല്ലാവരും’. സര്‍ക്കാറും അതിന്റെ സംവിധാനങ്ങളും നിയമത്തിന്റെയും സാങ്കേതികതയുടെയുമൊക്കെ മുഖംമൂടിക്കുള്ളിലെങ്കിലും ഒളിച്ചിരുന്നാണ് ഈ മനുഷ്യവിരുദ്ധ കാര്യങ്ങളൊക്കെ നടത്തുന്നത്. എന്നാല്‍, ഈ സാധാരണ മനുഷ്യര്‍ എന്തിനാണ് ഇങ്ങനെയാവുന്നത്?ഇത്തിരി കരുണ കൊണ്ടെങ്കിലും ആ മനുഷ്യരെ ഒന്ന് ആശ്വസിപ്പിക്കാന്‍ കഴിയുന്നവര്‍ എന്തിനാണ് വേട്ടനായ്ക്കള്‍ക്ക് കൂട്ടുനില്‍ക്കുന്നത്?

ആശ്വാസവുമായി ആരും ആ വീട്ടില്‍ പോവാറേയില്ല. ഇടക്കവിടെ ചെല്ലുമ്പോഴെല്ലാം അതിലുള്ള സന്തോഷം ആ കുടുംബം പ്രകടിപ്പിക്കാറുണ്ട്. ഒപ്പം ആരെങ്കിലുമുണ്ടെന്ന സന്തോഷം. ചിലപ്പോഴത് വല്ലാത്ത പ്രതീക്ഷയായി മാറും. ഈ ദുരിതത്തില്‍നിന്ന് കരകയറ്റാന്‍ എന്തെങ്കിലും ചെയ്യാന്‍ എനിക്കെങ്കിലും കഴിയുമെന്ന വിചാരം. മറ്റെല്ലാത്തിലും പ്രതീക്ഷ നഷ്ടപ്പെട്ടവര്‍ക്ക് എന്തെങ്കിലുമൊന്ന് വേണ്ടേ ആശ്വസിക്കാന്‍. എന്റെ എഴുത്തിനും വാക്കുകള്‍ക്കുമൊന്നും ഈ നാടിന്റെ നിസ്സംഗതയെ ഭേദിക്കാന്‍, ഒന്നനക്കാനെങ്കിലും കഴിയില്ല എന്നെനിക്കുറപ്പാണ്. ഇത്ര കാലം കൊണ്ട് അതു തന്നെയാണ് പഠിച്ചത്. എന്നിട്ടും അവരുടെ പ്രതീക്ഷകള്‍ കാണുമ്പോള്‍ ഒന്നും മറുത്തുപറയാന്‍ തോന്നാറില്ല. കുറ്റബോധം കൊണ്ട് ഇങ്ങനെ പുളയാനല്ലാതെ.

എനിക്കറിയാം ഞാനീയെഴുതുന്ന ഈ വരികളും ആളുകള്‍ വായിക്കും. പരസ്പരം പങ്കുവെക്കും. ഈ അവസ്ഥ കാണുമ്പോള്‍ സങ്കടവും രോഷവും പ്രകടിപ്പിക്കും. ലൈക്ക് ചെയ്യുകയോ ഷെയര്‍ ചെയ്യുകയോ ചെയ്തേക്കും. അതു കൊണ്ടെന്ത്? അവരുടെ ജീവിതത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്നവരൊക്കെ ബുദ്ധിപൂര്‍വകമായ നിശãബ്ദത തുടരുന്നിടത്തോളം ഈ വാക്കുകള്‍ കൊണ്ട്, ഇത്തിരി നേരത്തേക്കെങ്കിലും, വായിക്കുന്നവരുടെ ഉള്ളിലുണ്ടാവുന്ന പ്രക്ഷുബ്ധകള്‍ കൊണ്ട് എന്തു കാര്യമാണ്? എല്ലാം പാഴായപോലെ തോന്നുകയാണ് ഇപ്പോള്‍. ഈ വാക്കുകള്‍. സങ്കടങ്ങള്‍. അടക്കിപ്പിടിച്ച കണ്ണീരുകള്‍…എല്ലാം. സഹിച്ചുസഹിച്ച് നിവൃത്തികെടുമ്പോള്‍, ആ കുടുംബം അവസാനത്തെ ആ തീരുമാനമെടുത്താല്‍ പോലും കണ്ടുനില്‍ക്കാനേ കഴിയൂ സുഹൃത്തുക്കളേ നമുക്കെല്ലാം. അന്നേരം എല്ലാവരും നിരന്നുനിന്ന് വലിയ വായില്‍ നിലവിളിച്ചിട്ടെന്താണ് കാര്യം?

സര്‍വീസ് സംഘടനകള്‍ക്കൊക്കെ ഒരു പാട് ചെയ്യാനാവുന്ന വിഷയമാണിത്. എന്നാല്‍, എന്തു കൊണ്ടോ അവരുടെ നന്‍മകളൊന്നും ഈ കുട്ടിക്കു വേണ്ടി മാത്രം പൊഴിയാറില്ല. മാധ്യമങ്ങള്‍ക്കുമില്ല ഇപ്പോള്‍ ഇതിലൊന്നും താല്‍പ്പര്യം. അവര്‍ക്കു വേണ്ടത് അവളുടെ എക്സ്ക്ലൂസീവ് അഭിമുഖമാണ്. അല്ലെങ്കില്‍, സെന്‍സേഷനലായ എന്തെങ്കിലും വെളിപ്പെടുത്തല്‍. സ്തോഭജനകമായ ഒരു സ്റ്റോറി. എല്ലാവരും ഒത്തൊരുമിച്ച് ഒരു ശ്രമം നടത്തിയാല്‍, ഈ ചതിയുടെ കഥകള്‍ മുഴുവന്‍ വെളിപ്പെടും. ആരുമില്ലെന്ന തോന്നലില്‍നിന്ന് ഈ കുടുംബം കരകയറും. എന്നിട്ടും ആരുമെന്താണ്, ഇത്തിരി നേരമെങ്കിലും അഭയത്തിന്റെ , ആശ്രയത്തിന്റെ കൈത്താങ്ങാവാത്തത്?
 
 
നാലാമിടം ഒന്നാം പിറന്നാള്‍ കുറിപ്പ്:
 
വരൂ, ഇന്ന് നമ്മുടെ ആദ്യ പിറന്നാള്‍…
 
 
 
 

26 thoughts on “അവളിപ്പോഴും അതേ തീയില്‍…

 1. സുജ കഴിഞ്ഞ തവണ ഇവരേ കുറിച്ചു എഴുതിയപ്പോൾ ഒരുപാടു കമന്റുകൾ വന്നു. ഇത്തവണ ഒരു ഒരു കമന്റ് പോലുമില്ല. കാരണം ഇത്തവണ സുജയുടെ എഴുത്തിൽ ചോദ്യം ചെയുന്നത് ഈ കമന്റു ഇട്ടു കുറ്റമ്പോധം തീർക്കുന്നവരെ തന്നെ ആണ്….:-(

 2. ആ കുട്ടി ജീവിതം അവസാനിപ്പിക്കണമായിരിക്കും നമ്മുടെ മാധ്യമ മുതലാളിമാരുടെ കണ്ണുകള്‍ ഒന്നു തുറക്കാന്‍…….

 3. അങ്ങനെയാണോ ബിജോയ്. ഈ ലേഖനം ചോദ്യം ചെയ്യുന്നത് നാമടങ്ങുന്ന പൊതുസമൂഹത്തിന്റെ നിസ്സംഗതയെയാണ്.

  കമന്റുകളായും രോഷമായും ഇത്തിരിനേരത്തേക്കെങ്കിലും നമ്മിലുണ്ടാവുന്ന വൈകാരിക വിസ്ഫോടനങ്ങള്‍ പ്രധാനം തന്നെയാണ്.
  അതിനെ നിരാകരിക്കുകയാണോ ഈ ലേഖനം. മറിച്ച്, ലേഖിക പങ്കുവെക്കുന്നത് വല്ലാത്തൊരു നിസ്സഹായതയാണ്.
  എല്ലാ പ്രതീക്ഷകളും ഇല്ലാതാവുന്ന അവസ്ഥയാണ്. കൂട്ടായി എന്തെങ്കിലും ചെയ്യുക എന്നതു മാത്രമാണ് ആകെയുള്ള പോംവഴി.

  അതിനെന്ത് എന്ന് നമുക്കാലോചിക്കാം.

 4. സമ്മതിക്കണം നമ്മുടെയൊക്കെ നിസംഗതയെ അപമാനിക്കപ്പെട്ടത്തിന്റെ വേദനയുമായി എത്ര കാലം ഒരു പെണ്‍കുട്ടി യിങ്ങനെ നീറി നീറി ജീവിക്കും ഒരു വീടിലുള്ളവര്‍ക്ക് ഇങ്ങനെയൊരു ഗതി വരുമ്പോള്‍ അവരെ ഒറ്റപ്പെടുത്താതെ നമുക്കൊപ്പം കൂട്ടുകയാണെങ്കില്‍ ഒരു പക്ഷെ അവര്‍ക്കെല്ലാം പെട്ടെന്ന് തരണം ചെയ്യാന്‍ കഴിഞ്ഞേക്കും

 5. ആ കുട്ടിയുടെ കണ്ണില്‍നിന്നും വീണ ഓരോ കണ്ണീരിനും എണ്ണി എണ്ണി കണക്കു പറയേണ്ടി വരുന്ന ദിവസം അതിദൂരമല്ല…. പുറത്തു അധികം ആരും അറിയുന്നില്ലെങ്കിലും അത്മാര്തമായി പചാതപിക്കുന്ന ഒരുപാടു കണ്ണികള്‍ അതിലുണ്ട് എന്നതാണ് സത്യം, പക്ഷെ അതുകൊണ്ട് മാത്രം ദൈവം ക്ഷമിക്കില്ലല്ലോ……..

 6. നമുക്കെന്താണ് ചെയ്യാനാവുക? സുജ പറഞ്ഞപോലെ ചെയ്യാന്‍ കഴിയുന്നവരൊക്കെ ബുദ്ധിപൂര്‍വ്വം നിശബ്ദത തുടരുന്നിടത്തോളം നമ്മുടെ പ്രതികരണങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒന്നും ഒരു പ്രസക്തിയും ഇല്ലാതായിപ്പോവും.. അവരെ നേരിട്ട് കണ്ടു ആശ്വസിപ്പിക്കാന്‍ എങ്കിലും സുജയ്ക്ക് കഴിയുന്നുവല്ലോ.. അതിനുപോലും ആവാതെ എവിടെയൊക്കെയോ ഇരുന്നു വാര്‍ത്തകളിലൂടെ മാത്രം അവരെ അറിയുന്ന, അതിനൊക്കെ എതിരെ ഒന്നും ചെയ്യാന്‍ ആവുന്നില്ലല്ലോ എന്ന കുറ്റബോധം കൊണ്ട് നീറുന്ന ഒരുപാടുപേര്‍ ഉണ്ട്.. അവരുടെ പ്രാര്‍ഥനകള്‍ ആ കുടുംബത്തിനൊപ്പം ഉണ്ടാവും.. മറ്റൊന്നും പറയാനാവുന്നില്ല.. അല്ലെങ്കില്‍ തന്നെ പറഞ്ഞിട്ട് എന്തുകാര്യം!

 7. രാഷ്ട്രീയക്കാരുടെയും ഉന്നതന്മാരുടെയും ക്ഷേമത്തിനായി നിയമങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ള ഇന്നാട്ടില്‍ പ്രതികരണ ശേഷി ഉള്ള ഒരു തലമുറ ഉണ്ടാവേണ്ടിയിരിക്കുന്നു.

  • എന്ത് ചെയ്യാന്‍ അവരഗ്നിനെ ഓടുങ്ങിതീരുകയെ ഉള്ളൂ ഇതിലെ ഒരു പ്രതി ഉളുപ്പില്ലാതെ ജനാധിപത്യത്തിന്റെ ശ്രീകോവില്‍ നിയന്ത്രിക്കുന്നത്‌ കാണുന്നില്ലേ ഇന്ത്യക്ക് ഇനി നല്ലത് വല്ല നാട്ടു ഭരണമോ രാജഭാരനമോ മറ്റോ ആണ്

 8. ലജ്ജയാണു തോന്നുന്നത്.. അനീതികളൂടെ പരമ്പര മുന്നിലൂടെ ഒഴുക്കാണു..ഇതിലെ ഓരോ വാക്കും നിസ്സംഗതകളെ നിസ്സഹായതയോടെ കൊത്തുന്നു. അവരെ കാണുമ്പോള്‍ ഒരു വാക്കു ഞങ്ങളുടേതുമായി അറിയിക്കൂ. ഇതിനൊരറുതിയുണ്ടാവാനുള്ള ഹൃദയത്തില്‍ നിന്നുള്ള ആഗ്രഹം. തളരരുതേ എന്ന പ്രാര്‍ത്ഥന..

 9. karayano cirikkano ithilum mosamaya karyangal sambavikkunna oru kalathu aakuttijeevanodeyirikkunnathu thanne atbhutham aal balavum soukaryangalumullavar ottum bhudhhimuttillathe kaikazhukunna ezhuth

 10. എന്തെല്ലാം കാര്യത്തിനു നാം പ്രപക്ഷോഭസമരങ്ങളിലേര്‍പ്പെടുന്നു? ഈ കേസിലെ പ്രതികള്‍ വലിയവരായതിനാല്‍ നമ്മളും ഈ കുഞ്ഞിന്റെ കാര്യത്തില്‍ അനാസ്ഥ പ്രകടിപ്പിക്കുന്നു. ഒരുവികാരവും പ്രകടിപ്പിക്കാതെ നില്ക്കുന്ന ഈയവസ്ഥയെ എന്താണ് വിളിക്കേണ്ടത്? ഇടതുപക്ഷം എന്താണ് ഇതിലിത്രവിമുഖത കാണിക്കുന്നത്? ഇടതുപക്ഷസംഘടനകള്‍ക്കെന്താണ് ഈനിസ്സംഗത?
  ആരെങ്കിലും മനുഷ്യമംനസ്സാക്ഷിയോട് മറുപടി പറഞ്ഞേ പറ്റൂ.

 11. മലയാളിയുടെ ക്രൂരമായ നിസ്സംഗതക്കും ഹിപ്പോക്രിസിക്കും നേര്‍ക്ക്‌ ശക്തമായ ചൂണ്ടുവിരല്‍ … ഒപ്പം മലയാളി മനസ്സാക്ഷിക്ക് ഒരു ഓര്‍മ്മപ്പെടുത്തലും …

 12. കക്ഷിരാഷ്ട്രിയഭേദമില്ലാതെ എല്ലാവരുടെയും ആശിര്‍വാദത്തോടെസിംഹാസനത്തിലേക്ക് ആനയിക്കപ്പെടുന്നുമഹാപാപികള്. വാര്‍ത്തകളില്‍ ലാഭംമാത്രം ലക്ഷ്യമാക്കുന്നമാധ്യമങ്ങള്‍. അനീതിയെ നീതിയാക്കിമാറ്റുന്ന ഭരണകുടസംവിദാനങ്ങള്…. സമകാലികവസ്ഥയില്‍ സാദാരണമനുഷ്യരുടെനിലവിളികള്‍ അനീതിയുടെ അടിമകളായിതിരാനുള്ളപരിശീലനം മാത്രമായി അവസാനിക്കും. നമ്മുടേമുബില്‍ മാര്‍ഗ്ഗം ഒന്നേയുള്ളൂ തീയിലേക്ക്ചാടുന്നതിനുപകരം സ്വയം തീയായിമാറുകയെന്നത്. അല്ലങ്കില്‍ മനുഷ്യസ്നേഹികള്‍പോലും സ്വയംശവമായിമാറും.

 13. Suja, there is no words because you said it all about all.
  Only things remaining is that to rise against all those with remaining force…… not to stop.May I will try to see them next time while im in kerala. to show support….to resist from suicide.

 14. ചിലരെ അപമാനം വിടാതെ പിന്തുടരുന്നതു കാണുമ്പോൾ
  ആ ചോദ്യം വീണ്ടും മനസ്സിൽ പൊന്തിവരും :
  ഈ ജീവിതത്തിന്റെ അർഥം എന്താണ് ?

 15. പ്രതികരിക്കാന്‍ കഴിയില്ലെന്നറിയുന്നു ഞാന്‍ വേദനയോടെ………. കഴിയുമായിരുന്ന ചില പ്രസ്ഥാനങ്ങള്‍ ഇവിടെ ഉണ്ടായിരുന്നു. വളരെ മുന്‍പ്. അവരെ നമ്മുടെ ഒക്കെ ആശിര്‍വാദത്തോടെ ചുട്ടു തിന്നില്ലേ.

 16. പല മഹിളാസംഘടനകളും ഒരു തരം നിസംഗതയോടെ പല ആവര്‍ത്തി ഒരേ സിനിമ ചാനലില്‍ തുടര്‍ച്ചയായിക്കാണിക്കുന്ന അസ്വസ്ഥതയോടെ മറ്റെന്തിലൊക്കെയോ ബോധപൂര്‍വ്വം ശ്രദ്ധിക്കുന്നതായി ഭാവിക്കുന്നു. എന്നാല്‍ സുജടീച്ചറാവട്ടെ ശത്രുക്കളുടെ എണ്ണം ഓരോ ദിവസവും വര്‍ദ്ദിപ്പിച്ചുകൊണ്ട് തനിക്കാവും വിധം ഇടപ്പെട്ട് ഈ വിഷയത്തെ ടൈംലൈനില്‍ കൊണ്ടുവന്ന് മനസ്സുണര്‍ത്താന്‍ ശ്രമിക്കുകയാണ്. ഇത്തരം വിഷയങ്ങളില്‍ പീഡിപ്പിക്കപ്പെടുന്നവരുടെ ഒപ്പം നില്‍ക്കുന്നവരെ ഒറ്റപ്പെടുത്തി രസിക്കുന്നവരും കുറവല്ല. അവര്‍ ആളാകാനാണ് ഇത്തരം കാര്യങ്ങളില്‍ ഇടപെടുന്നത് എന്ന മട്ടില്‍ പ്രചരണം നടത്തി നാറ്റിക്കാനും ബഹുസമര്‍ത്ഥരുടെ ഒരു നീണ്ട നിരതന്നെ കാണാം. ആ സമര്‍ത്ഥന്മാരില്‍ പലര്‍ക്കും ആ പെണ്ണ് പീഡിപ്പിക്കപ്പെട്ട 16 വയസ്സില്‍ ഇപ്പോള്‍ നടക്കുന്ന പെണ്‍കുട്ടികള്‍ ഒന്നിലധികമുണ്ടെന്നതാണ് സത്യം. ആരാന്റെ അമ്മക്ക് ഭ്രാന്ത് വന്നാല്‍ കണ്ടു നില്‍ക്കാന്‍ നല്ല രസമാണ്. സഹായമോ ഇല്ല. ഒരു കൈ സഹായിക്കുന്നവരെ ഒറ്റപ്പെടുത്തരുത്. പ്രൊഫ. സുജസൂസന്‍ ജോര്‍ജിന്റെ രാഷ്ട്രീയം എന്തുമാകട്ടെ, അവര്‍ ഉയര്‍ത്തുന്ന ചോദ്യങ്ങളും അവര്‍ ചേര്‍ത്തുനിര്‍ത്തുന്ന ആരോരുമില്ലാത്ത ഒരു ജീവനും ഒരു വിലയും ഇല്ലേ. അതിന് സാധാരണപോലെ നിര്‍ഭയമായി ഒരു സുരക്ഷിത കരങ്ങളാല്‍ ചേര്‍ക്കപ്പെട്ട് നല്ല കുടുംബജീവിതത്തിലേക്ക് പ്രവേശിച്ച് നന്മകളോടെയുടെ ഒരു ശിഷ്ടജീവിതം ഉണ്ടാവുകയാണ് വേണ്ടത്. ഒരമ്മയുടെ വാത്സല്യത്തോടെ നിര്‍ഭയയായി ആ കുടുംബത്തിന് തണലായി ഒരാളെങ്കിലും ഉണ്ടല്ലോ. വലിയ രാക്ഷസീയതയ്ക്കിടയിലും നന്മയുടെ ഒരു ചെറുനാളം അണയാതെ എരിയുന്നത് ആശ്വാസം തന്നെ. അതൊരു ജ്വാലയായി സ്ത്രീശക്തിയുടെ വിജയമായിത്തീരണമെങ്കില്‍ രാഷ്ട്രീയത്തിനതീതമായ പെണ്‍കൂട്ടായ്മ ഉണ്ടാവേണ്ടതുണ്ട്. സുജ ടീച്ചര്‍ക്ക് അഭിവാദ്യങ്ങള്‍-
  കാര്‍ട്ടൂണിസ്റ്റ് അനില്‍ ജനാര്‍ദ്ദനന്‍

Leave a Reply

Your email address will not be published. Required fields are marked *