വരൂ, ഇന്ന് നമ്മുടെ ആദ്യ പിറന്നാള്‍…

 
 
 
 
ഒന്നാം പിറന്നാള്‍ ദിനത്തില്‍ പ്രിയപ്പെട്ടവര്‍ക്കു മുന്നില്‍…
 
 

 
 
പ്രിയപ്പെട്ടവരെ,
 
നാലാമിടത്തിനൊപ്പം നാം ഒന്നിച്ചു നടക്കാന്‍ തുടങ്ങിയിട്ട് ഇതാ, ഒരു വര്‍ഷം. ഒറ്റക്കും കൂട്ടായും നമുക്കിത് ആദ്യ പിറന്നാള്‍.

ജീവിതത്തെ സംബന്ധിച്ച് അത്ര വലുതൊന്നുമല്ല, ഒരു വയസ്സ്. കാര്യങ്ങള്‍ തിരിച്ചറിയാന്‍ തുടങ്ങുന്ന, കഷ്ടിച്ച് എഴുന്നേറ്റു നില്‍ക്കാന്‍ ശ്രമിക്കുന്നൊരു പ്രായം. അത്ര തന്നെ.

എന്നാല്‍, താരതമ്യേന പ്രായം കുറഞ്ഞ മാധ്യമമായ ഓണ്‍ലൈന്‍ മലയാളത്തില്‍ ‘നാലാമിടം’ പോലൊന്നിന് സ്വന്തമെന്നു പറയാനൊരിടം ഒരു വര്‍ഷമായി ഉണ്ടായി എന്നത് നമുക്ക് അങ്ങേയറ്റം പ്രതീക്ഷ നല്‍കുന്ന, ആഹ്ലാദം നല്‍കുന്ന കാര്യമാണ്. ഇതേ മട്ടില്‍ നടത്തം തുടരാനുള്ള ഊര്‍ജമാണ്.

ഇന്റര്‍നെറ്റ് വായനയെന്നാല്‍, ക്രൈമും സെക്സും സെന്‍സേഷനലിസവും സമാസമം ചേര്‍ത്ത് ആളുകളെ ഹാംലിനിലെ കുഴലൂത്തുകാരനു പിന്നാലെയെന്നോണം കൊണ്ടുപോവാനുള്ള മസാലക്കച്ചവടം മാത്രമാണെന്നും അവിടെ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നുമുള്ള മുന്നറിയിപ്പുകള്‍ക്കിടെ പിറന്നുവീണതാണ് നാലാമിടം. മസാല ചേര്‍ക്കാത്തതൊന്നും ഓണ്‍ലൈന്‍ വായനയുടെ കണ്ണിലുടക്കില്ലെന്ന പൊതുവിചാരമായിരുന്നു നമുക്ക് ചുറ്റും. എന്നാല്‍, നാലാമിടം ഒരു വര്‍ഷം പിന്നിടുമ്പോള്‍ നമുക്കറിയാം, ആ ധാരണകള്‍ തെറ്റായിരുന്നെന്ന്. നല്ല എഴുത്തുകള്‍ക്കൊപ്പം ഇവിടെ രൂപപ്പെട്ടത് നല്ല വായനക്കാരുടെയും കൂട്ടമാണ്. നല്ല വായനയുടെ സംസ്കാരമാണ്.ഒരു പക്ഷേ, അതാവണം സഹജീവികളില്‍ പലര്‍ക്കും ഇതേ പാതയില്‍ ആര്‍ജവത്തോടെ നടക്കാന്‍ ശക്തി നല്‍കിയത്.

 

 
 
2
വ്യത്യസ്ത നിലപാടുകള്‍ സൂക്ഷിക്കുമ്പോഴും ഒരേ തരംഗ ദൈര്‍ഘ്യത്തില്‍ മിടിക്കുന്ന കുറേ മനുഷ്യര്‍ ചുറ്റിലുമുണ്ടെന്ന തിരിച്ചറിവാണ് നാലാമിടം എന്ന മാധ്യമശ്രമത്തിലേക്ക് കൊണ്ടെത്തിച്ചത്. പല മേഖലകളിലുള്ള, പല അനുഭവങ്ങളിലൂടെ കടന്നുപോയ, പല തരം വീക്ഷണങ്ങളുള്ള, പല തലങ്ങളിലുള്ള പല മനുഷ്യര്‍ ഒന്നിച്ചു ചേര്‍ന്നപ്പോള്‍ അത് നാലാമിടമായി മാറുകയായിരുന്നു. പല സ്വരങ്ങള്‍ക്ക് ഒരിടം എന്ന നിലയില്‍ അത് വ്യത്യസ്തതകള്‍ കോര്‍ത്തിണക്കിയ ഒരിടമായി മാറി. പല തലങ്ങളിലുള്ള വായനക്കാരും പല തലങ്ങളിലുള്ള എഴുത്തുകാരും തമ്മിലുള്ള മുഖാമുഖമെന്ന നിലയിലേക്ക് വളര്‍ന്നു.

എന്നാല്‍, അത് കുറേ ശബ്ദങ്ങളുടെ മുഴക്കം മാത്രമാവാതിരിക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. വ്യക്തമായ ചില നിലപാടുകളുടെ പുറത്ത്, അടിച്ചമര്‍ത്തപ്പെടുന്നവരുടെ, പ്രാന്തവത്കൃതരുടെ, സ്ത്രീകളുടെ, കുഞ്ഞുങ്ങളുടെ, പ്രകൃതിയുടെ പക്ഷത്തുനില്‍ക്കുന്ന തെളിച്ചമുള്ള ശബ്ദങ്ങളായിരിക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ എന്നും നടത്തിയിട്ടുണ്ട്. പ്രൊഫഷനലായ, എന്നാല്‍, നിലപാടുകള്‍ മറന്നുപോവാത്ത ഒരു ഓണ്‍ലൈന്‍ മാധ്യമമായി തുടരാനാണ് ശ്രമിച്ചത്.

സന്തോഷവും വേദനയും തമാശകളും ഇടകലര്‍ന്ന അനേകം അനുഭവങ്ങളുടെ ഓര്‍മ്മകള്‍ കൂടിയാണ് കഴിഞ്ഞ ഒരു വര്‍ഷം. തെറി വിളികളുടെയും ലേബലടികളുടെയും ഭീഷണികളുടെയും ഓര്‍മ്മകള്‍. പ്രതീക്ഷിക്കാത്ത ഇടങ്ങളില്‍നിന്നുള്ള പിന്തുണകളുടെയും കൈത്താങ്ങുകളുടെയും സഹായങ്ങളുടെയും സാഹോദര്യങ്ങളുടെയും ഓര്‍മ്മകള്‍.

തുടക്കത്തില്‍ മനസ്സിലുണ്ടായിരുന്ന രൂപഭാവങ്ങള്‍ കാലം ചെല്ലുന്തോറും മാറിയിട്ടുണ്ട്. ഓണ്‍ലൈന്‍ ഇടത്തിന്റെ സ്വഭാവത്തിനും രീതികള്‍ക്കും അനുയോജ്യമായ വിധത്തില്‍ തുടക്കത്തിലുള്ള മുന്‍വിധികളും മുന്‍ധാരണകളുമെല്ലാം സ്വാഭാവികമായി മാറുകയായിരുന്നു. എഴുത്തിന്റെയും വായനയുടെയും ഈ കൂട്ടത്തിലേക്ക് ഒരു പാട് പേര്‍ പലവഴിക്കായി വന്നു ചേര്‍ന്നിട്ടുമുണ്ട്. വരും കാലങ്ങളും അതു പോലെ തന്നെയാവും. വന്നവരും വരാനിരിക്കുന്നവരുമെല്ലാം സര്‍ഗാത്മകമായി ഒന്നു ചേരുന്ന വ്യത്യസ്തതയുടെ ഇടം തന്നെയായിരിക്കണം ഇനിയുമിത്.

 

 
 

 
 

3
നിമിഷ നേരം കൊണ്ട് സംഭവങ്ങള്‍ വാര്‍ത്തകളും ഓര്‍മ്മകളുമായി മാറുന്ന കാലത്താണ് നമ്മുടെ ജീവിതം. അച്ചടി, ദൃശ്യ, ശ്രാവ്യ,ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ പ്രസരിക്കുകയും നമ്മെ പല വിധ വികാരങ്ങളിലേക്ക് വലിച്ചെറിയുകയും ചെയ്യുന്ന വാര്‍ത്തകളുടെ ആയുസ്സ് ഏറെ ചെറുതാണ്. അടുത്ത വാര്‍ത്ത വരെ. നമ്മെ അസ്വസ്ഥമാക്കുന്ന അടുത്ത സംഭവത്തിന്റെ പിറവി വരെ മാത്രം. ഇതേറ്റവും നന്നായി തിരിച്ചറിയുന്നത് അധികാര വര്‍ഗമാണ്. എല്ലാ ക്രൂരതകളും പൊതുസമൂഹത്തിന്റെ ഓര്‍മ്മയില്‍നിന്ന് മായാന്‍ ഇത്തിരി നേരം മതിയെന്ന തിരിച്ചറിവാണ് ഇന്നവരുടെ ആയുധം. ഇത്തിരി നേരം പ്രതികരിക്കാതിരുന്നാല്‍ ജനമനസ്സില്‍നിന്ന് ഏത് അരിശവും ഇല്ലാതാവുമെന്നും 24 മണിക്കൂറും സിനിമയും കോമഡിയും വിളമ്പുന്ന ചാനലിടങ്ങളില്‍ ഒരു സമൂഹത്തിന്റെ ഓര്‍മ്മകളെ മുഴുവന്‍ തളച്ചിടാമെന്നും അവര്‍ക്കാണ് നന്നായറിതാവുന്നത്.

ഒന്നും ഓര്‍ക്കാനിട നല്‍കാത്ത നിരന്തര വാര്‍ത്തകളുടെ മാധ്യമ പ്രളയത്തില്‍ അതിനാല്‍, ഓര്‍മ്മ പ്രതിരോധത്തിന്റെ മുഖ്യ ആയുധം കൂടിയാണ്. എല്ലാം മറക്കാതിരിക്കാന്‍, പൂര്‍ണമായും നിസ്സംഗരാവാതിരിക്കാന്‍ നമുക്കിനി ഓര്‍മ്മകളെ തിരിച്ചു പിടിക്കുക മാത്രമേ ആശ്രയമുള്ളൂ. മറവിക്കെതിരെയുള്ള ഓര്‍മ്മയുടെ കലാപം തന്നെയാവും ആ അര്‍ത്ഥത്തില്‍ നമ്മുടെ വരുംകാല രാഷ്ട്രീയ പ്രവര്‍ത്തനം.

ഈ പശ്ചാത്തലത്തിലാണ്, നാലാമിടം ഓര്‍മ്മകളിലേക്ക് തിരിച്ചു പോവുന്നത്. വരുംകാല മാധ്യമപ്രവര്‍ത്തനത്തില്‍ ഓര്‍മ്മിക്കലിന്റെ, ഫോളോഅപ്പുകളുടെ പ്രാധാന്യം ഓര്‍മ്മപ്പെടുത്താനുള്ള ഒരവസരമായി ഒന്നാം പിറന്നാളിന്റെ ഈ സന്തോഷ വേള ഉപയോഗിക്കുന്നത്. നാം മറന്നു പോയവ, ബോധപൂര്‍വം കാണാതിരിക്കുന്നവ ഓര്‍ത്തെടുക്കാനുള്ള ചെറിയ ശ്രമം.

‘ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം’ എന്ന ഈ പാക്കേജ് നാലാമിടം തന്നെ മുമ്പ് പ്രസിദ്ധീകരിച്ച ചില വിഷയങ്ങളിലുള്ള ഓര്‍മ്മ പുതുക്കലുകളാണ്. ഒരാഴ്ച മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഓര്‍മ്മയുടെ വഴിയടയാളങ്ങള്‍. അതില്‍ ആദ്യത്തേത്, സൂര്യനെല്ലി കേസിനെക്കുറിച്ചാണ്. ഒരു ഇരയുടെ ജീവിതം ഇന്നെത്തി നില്‍ക്കുന്ന ഇടമേതെന്ന അന്വേഷണം. ഞെട്ടിക്കുന്ന ചില തിരിച്ചറിവുകളിലാണ് സുജ സൂസന്‍ ജോര്‍ജ് എഴുതുന്ന ആ കുറിപ്പ് അവസാനിക്കുന്നത്.

 

 
 

 
 

4
അതിനാല്‍, ഓര്‍മ്മകളുടെ ഇങ്ങേയറ്റത്ത് ഇപ്പോള്‍ നമ്മള്‍.
നാലാമിടം എന്ന വഴിയില്‍ ഒന്നിച്ചു നടക്കുന്നവര്‍. എഴുത്തിനും വായനക്കുമിടയിലെ ഇടനേരങ്ങളില്‍ ഒന്നിച്ചു ചേര്‍ന്നവര്‍.
ഓര്‍മ്മകളിലൂടെ, മറവിക്കെതിരെയുള്ള കുഞ്ഞുകുഞ്ഞു ചെറുത്തുനില്‍ത്തുനില്‍പ്പുകളിലൂടെ, വാക്കുകളിലൂടെ നമുക്കിനിയും ചേര്‍ന്നു നടക്കാം.

നാലാമിടത്തെക്കുറിച്ചും അതിന്റെ സഞ്ചാരങ്ങളെക്കുറിച്ചുമുള്ള അഭിപ്രായങ്ങള്‍, വിമര്‍ശനങ്ങള്‍, നിരീക്ഷണങ്ങള്‍, പ്രതികരണങ്ങള്‍, നിര്‍ദേശങ്ങള്‍, പരാതികള്‍ ഇതിനു താഴെ പങ്കുവെക്കാം. കൂടുതല്‍ മികച്ച മാധ്യമശ്രമത്തിലേക്ക് നമുക്കിനിയും ഒന്നിച്ചു നില്‍ക്കാം.

എല്ലാവര്‍ക്കും നന്‍മ നിറഞ്ഞ, സന്തോഷകരമായ പിറന്നാള്‍ മധുരം

 

 
 

 
 
നാലാമിടത്തെക്കുറിച്ച്
 
 

13 thoughts on “വരൂ, ഇന്ന് നമ്മുടെ ആദ്യ പിറന്നാള്‍…

  1. ഒരുപാടൊരുപാട് സന്തോഷം തോന്നുന്നു.. നാലാമിടത്തിന്‍റെ ഇടം കൂടുതല്‍ ഉറപ്പുള്ളതാകട്ടെ , പ്രതീക്ഷകളോടെ ഭാവുകങ്ങള്‍

  2. നാലാമിടം എന്റെ ചിന്തകള്‍ക്ക് വളരാന്‍ പറ്റിയൊരിടമായിരുന്നു. അത് അങ്ങിനെ തന്നെയായിരിക്കും എന്നതുറപ്പാണ്. മാനേജ്‌മെന്റിന്റെ അപ്രീതിയോ എഡിറ്ററുടെ കത്തിവയ്ക്കലുകളോ ഇല്ലാതെ നമുക്ക് പറയാനുള്ളത് പറയാന്‍ പറ്റുന്ന ഈ ഇടം ഇനിയും ഇങ്ങനെ സലാമത്തായിരിക്കട്ടെ. നാലാമിടം ടീമിന് ഹൃദയം നിറഞ്ഞ നന്ദി ഒപ്പം പിറന്നാള്‍ ആശംസകളും

  3. ആശംസകള്‍.. ഇനിയുമിനിയും നാലാമിടം വളരട്ടെ 🙂

  4. നാലാമിടത്തിന് എന്നും വായനക്കാരുടെ ഹൃദയത്തില്‍ ഒരിടം ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു.

  5. നലാമിടം ജനപക്ഷ നിലപാടുകളുടെ ഒന്നാമിടത്തിന് പിറന്നാള്‍ ആശംസകള്‍

Leave a Reply

Your email address will not be published. Required fields are marked *