ജാസ്മിന്‍ഷാ പറയുന്നു: ആത്മഹത്യ ഞങ്ങളുടെ വഴിയല്ല

 
 
 
 
നഴ്സ് സമരത്തിന്റെ പത്തു മാസങ്ങളുടെ തിരിഞ്ഞുനോട്ടം.
ആത്മഹത്യാ സമരങ്ങള്‍ക്കു പിറകിലെ യഥാര്‍ത്ഥ സംഭവങ്ങള്‍.
യു.എന്‍.എ അധ്യക്ഷന്‍ ജാസ്മിന്‍ഷായുമായി ജനയുഗം തൃശൂര്‍ ബ്യൂറോ ചീഫ് വത്സന്‍ രാമംകുളത്ത് നടത്തിയ അഭിമുഖം

 
 

അടിമപ്പണിക്കും ന്യായമായ തൊഴില്‍സാഹചര്യങ്ങള്‍ക്കും പരിഹാരം കാണുന്നതിന് കേരളത്തിലെ നഴ്സ് സമൂഹം പോരാട്ടമാരംഭിച്ചിട്ട് പത്തുമാസം തികയുന്നു. മുംബൈയിലെ ബീനാ ബേബി എന്ന നഴ്സിന്റെ ആത്മഹത്യ ഉണ്ടാക്കിയ തുടര്‍ചലനമായി രൂപം കൊണ്ട യുനൈറ്റഡ് നഴ്സസ് അസോസിയേഷന്‍ (യു.എന്‍.എ) എന്ന സംഘടനയാണ് അരാഷ്ട്രീയമെന്ന് മുദ്രകുത്തപ്പെട്ട ഒരു മേഖലയില്‍ വിപ്ലവത്തിന്റെ തീക്കാറ്റായി മാറിയത്. പിന്നീടങ്ങോട്ട് തിരിഞ്ഞുനോക്കാന്‍ നേരമില്ലാത്തത്ര സമരങ്ങളായിരുന്നു. മര്‍ദനങ്ങള്‍, കുപ്രചാരണങ്ങള്‍, ചാപ്പകുത്തലുകള്‍, പ്രലോഭനങ്ങള്‍, കരാര്‍ വഞ്ചനകള്‍ അങ്ങനെയങ്ങിനെ ഏറെക്കഥകള്‍. ഒന്നിനും വഴങ്ങാത്ത നിശ്ചയദാര്‍ഢ്യത്തോടെ, ഒരേ മനസ്സോടെ നഴ്സ് സമൂഹം യു.എന്‍.എ എന്ന സംഘടനക്കു പുറകില്‍ അടിയുറച്ചു നില്‍ക്കുകയായിരുന്നു. ചിലയിടങ്ങളില്‍ കരാറുകള്‍ ലംഘിക്കപ്പെട്ടെങ്കിലും ഭൂരിപക്ഷം ആശുപത്രികളിലും ഇന്ന് നഴ്സുമാരുടെ അവസ്ഥകള്‍ ഏറെ മാറിക്കഴിഞ്ഞു.

എന്നാല്‍, സമരവീര്യം കളയാതെ അവകാശങ്ങള്‍ പൂര്‍ണമായും നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ സമരരംഗത്തുതന്നെയാണ് ഇന്നും യു.എന്‍.എ. ഇതിശന തകര്‍ക്കാന്‍ എല്ലാ വഴികളും പ്രയോഗിക്കപ്പെട്ടു. പ്രലോഭനങ്ങളും മര്‍ദ്ദനങ്ങളും മറ്റും വിലപ്പോവാതെ വന്നപ്പോള്‍ ഉള്ളില്‍നിന്നു തകര്‍ക്കാന്‍ വരെ ശ്രമങ്ങള്‍ നടന്നു. എന്നാല്‍, അതിനൊന്നിനും സംഘടനയുടെ ആത്മവീര്യം തകര്‍ക്കാനായില്ലെന്നതാണ് കാലം തെളിയിക്കുന്നത്.

ബീനബേബിയുടെ ആത്മഹത്യ മുതല്‍ നഴ്സുമാരുടെ പോരാട്ടങ്ങള്‍ക്കൊപ്പമായിരുന്നു നാലാമിടം. അമൃതാ ആശുപത്രിയില്‍വെച്ചുണ്ടായ വധശ്രമത്തിന്റെ പശ്ചാത്തലത്തിലാണ് യു.എന്‍.എയുടെ സംസ്ഥാന അധ്യക്ഷന്‍ ജാസ്മിന്‍ഷായുടെ അഭിമുഖം നാലാമിടം ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. അതിനുശേഷവും ജാസ്മിന്റെ വിശദ അഭിമുഖം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാസങ്ങള്‍ക്കുശേഷം ജാസ്മിന്റെ ഒരഭിമുഖം കൂടി പ്രസിദ്ധീകരിക്കുകയാണ്.

ഇതൊരു തിരിഞ്ഞുനോട്ടമാണ്. പത്ത് മാസം നീണ്ട പോരാട്ടത്തിന്റെ കഥ. സംഘടനയുടെ വളര്‍ച്ചയുടെ ഓര്‍മ്മകള്‍. സമരത്തിരക്കില്‍ ഒഴുകിപ്പോയ ജീവിതങ്ങളുടെ കഥ. അതോടൊപ്പം, സമരം അട്ടിമറിക്കാനുള്ള ശ്രമങ്ങളെക്കുറിച്ചും സമരത്തിന്റെ ദിശമാറുന്നുവെന്ന് സംശയിക്കത്തക്ക വിധം നടക്കുന്ന പുത്തന്‍ പ്രവണതകളെക്കുറിച്ചും ജനയുഗം തൃശൂര്‍ ബ്യൂറോ ചീഫ് വത്സന്‍ രാമംകുളത്തുമായി ജാസ്മിന്‍ ഷാ സംസാരിക്കുന്നു.
 


 

മുംബൈയിലെ മലയാളി നഴ്സ് ബീനാ ബേബിയുടെ ആത്മഹത്യക്ക് തൊട്ടുപിന്നാലെ കേരളത്തില്‍ രൂപം കൊണ്ട യു.എന്‍.എ (യുനൈറ്റഡ് നഴ്സസ് അസോസിയേഷന്‍) അതിനു ശേഷം ഇന്നുവരെ പോരാട്ടങ്ങളുടെ വഴിയിലാണ്. എവിടെ എത്തി നഴ്സുമാരുടെ സമരങ്ങള്‍?

 

വത്സന്‍ രാമംകുളത്ത്


 

നോക്കൂ, ഞങ്ങളിപ്പോഴും സമരം തുടരുകയാണ്. തൃശൂര്‍ മദര്‍ ആശുപത്രിയില്‍ ഇപ്പോള്‍ സമരം നടക്കുകയാണ്. സമരത്തെ തുടര്‍ന്ന് ഉണ്ടാക്കിയ കരാര്‍ ലംഘിച്ച മാനേജ്മെന്റ് നടപടിയില്‍ പ്രതിഷേധിച്ച് ഈ മാസം 11 മുതല്‍ യു.എന്‍.എ സമരത്തിന് നോട്ടീസ് നല്‍കിയിരുന്നു. അതിനിടെ, നഴ്സുമാരെ തലങ്ങും വിലങ്ങും ഡിപ്പാര്‍ട്മെന്റ് മാറ്റി. ഇതില്‍ പ്രതിഷേധിച്ച ഞങ്ങളുടെ 18 നഴപ്രവര്‍ത്തകരെ മാനേജ്മെന്റ് സ്ഥലം മാറ്റങ്ങളിലൂടെ ദ്രോഹിക്കുകയാണ്. ഇതിനെതിരെ സമരമാരംഭിച്ചതോടെ പൊലീസിനെ ഇറക്കി സമരത്തെ തകര്‍ക്കാനുള്ള ശ്രമത്തിലാണ് മാനേജ്മെന്റ്. അതവരുടെ വിവരക്കേടാണ്. അങ്ങനെ തകര്‍ക്കാനാവുന്ന ഒന്നല്ല നീതിക്കുവേണ്ടിയുള്ള ഈ സമരം.

ഇന്ന് തിരുവനന്തപുരത്ത് നടന്ന വ്യവസായ ബന്ധ സമിതി യോഗത്തില്‍ ഞാന്‍ പങ്കെടുത്തിരുന്നു. അവിടെയുണ്ടായിരുന്ന തൊഴില്‍ മന്ത്രി ഷിബു ബേബിജോണിനോട് ഇക്കാര്യത്തിലുള്ള ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. നഴ്സുമാരെ ദ്രോഹിക്കുന്ന മാനേജ്മെന്റുകളെ നിലക്കു നിര്‍ത്തുന്നില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.

യു.എന്‍.എ ഇന്നും സമരപാതയിലാണ്. ചുരുങ്ങിയ കാലയളവില്‍ നഴ്സുമാരുടെ അവകാശങ്ങളെല്ലാം നേടിയെടുക്കാനായെന്ന് അവകാശപ്പെടുന്നില്ല. എന്നാല്‍, കാര്യങ്ങളില്‍ ഏറെ മാറ്റമുണ്ടാക്കിയിട്ടുണ്ട്. ദേശീയ യൂണിയനുകളടക്കം പതിറ്റാണ്ടുകളോളം ഈ മേഖലയില്‍ പ്രവര്‍ത്തിക്കുകയും പ്രക്ഷോഭം സംഘടിപ്പിക്കുകയും ചെയ്തതാണ്. ദുര്‍ബലമായ സമരങ്ങളും ദുരൂഹമായ ഒത്തുതീര്‍പ്പുകളുമാണ് ഈ ഘട്ടങ്ങളിലെല്ലാം കണ്ടത്. യു.എന്‍.എ നഴ്സുമാരുടെ പ്രശ്നം ഏറ്റെടുത്തതോടെ അവസ്ഥ ഏറെ മാറി. വ്യക്തമായ വ്യവസ്ഥകളും കരാറുകളുമുണ്ടാക്കിയാണ് സമരങ്ങള്‍ക്ക് തീര്‍പ്പ് കണ്ടത്. ഭൂരിപക്ഷം ആശുപത്രികളിലും സര്‍ക്കാര്‍ നിശ്ചയിച്ച അടിസ്ഥാന വേതനം നഴ്സുമാര്‍ക്ക് ലഭിച്ചുതുടങ്ങി. 2013 ജനുവരിയോടെ എല്ലായിടങ്ങളിലും ശമ്പള പരിഷ്കരണം ഉള്‍പ്പടെ അവകാശങ്ങള്‍ നേടിയെടുക്കാനാവുമെന്നാണ് യു.എന്‍.എയുടെ വിശ്വാസം.

യു.എന്‍.എയുടെ നേതൃത്വത്തില്‍ മദര്‍ ആശുപത്രിക്കു പുറത്ത് മറ്റെവിടെയും ഇപ്പോള്‍ സമരം നടക്കുന്നില്ല. പക്ഷെ, സ്വകാര്യ ആശുപത്രികളിലെ സ്ഥിതി സ്ഫോടനാത്മകമാണ്. കരാര്‍ ലംഘനവും കൂട്ടത്തോടെ പുറത്താക്കലും ആശുപത്രികളില്‍ ഉണ്ടാവുന്നുണ്ട്. ധാരണപ്രകാരമുള്ള മൂന്ന് ഷിഫ്റ്റ് രണ്ട് ഷിഫ്റ്റായി ചുരുക്കുന്നതും പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. അതിനാല്‍, ഏത് നിമിഷവും അതിശക്തമായ സമരത്തിലേക്ക് ഞങ്ങള്‍ക്ക് ഇനിയും നീങ്ങേണ്ടി വരും.

 

കോതമംഗലം ബസേലിയസ് ആശുപത്രിയിലെ സമരം


 

ആത്മഹത്യയല്ല ഞങ്ങളുടെ വഴി
 
നഴ്സുമാരുടെ സമരം മറ്റ് വഴികളിലേക്ക് നീങ്ങുകയാണോ? മാസങ്ങളായി കേരളത്തില്‍നടക്കുന്ന നഴ്സുമാരുടെ സമരത്തിന്റെ ദിശ മാറുകയാണെന്ന് സംശയിക്കാവുന്ന കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ആത്മഹത്യാ ഭീഷണി മുഴക്കി സമൂഹത്തെ മുള്‍മുനയില്‍ നിര്‍ത്തുന്ന വിധത്തിലേക്ക് മാറുകയാണോ നിങ്ങള്‍?

ഒരിക്കലുമല്ല. ആത്മഹത്യ ഞങ്ങളുടെ മാര്‍ഗമല്ല. ബീനാ ബേബിയുടെ ആത്മഹത്യ ഉയര്‍ത്തിയ കടുത്ത വേദനയിലാണ് ഈ പ്രസ്ഥാനം ഉണ്ടാവുന്നത്. ഇനിയുമൊരു നഴ്സിന് ബീനയുടെ അവസ്ഥ ഉണ്ടാവരുതെന്ന അടങ്ങാത്ത ആഗ്രഹത്താലാണ് ഞങ്ങള്‍ തെരുവിലിറങ്ങി പോരാട്ടമാരംഭിച്ചത്. അതിനാല്‍, ആത്മഹത്യ എന്ന സമരമുറ ഞങ്ങള്‍ക്കൊരിക്കലും അംഗീകരിക്കാനേ കഴിയില്ല.

പിന്നെ, നിങ്ങള്‍ സൂചിപ്പിച്ചത് കോതമംഗലം ബസേലിയസ് ആശുപത്രിയിലെ നഴ്സിങ് സമരത്തിന്റെ കാര്യമല്ലേ? അത് ഞങ്ങളുടെ സംഘടന നടത്തുന്ന സമരമല്ല. ലേക്ഷോര്‍ ആശുപത്രി സമരത്തിനിടെ, ഞങ്ങള്‍ക്കെതിരെ നുണപ്രചാരണങ്ങള്‍ അഴിച്ചു വിട്ട് ആരംഭിച്ച പുതിയ സംഘടനയാണ് അവിടെ സമരം നടത്തിയത്. അവിടെയുള്ള പാവപ്പെട്ട നഴ്സ് സഹോദരിമാരെ ആത്മഹത്യാ നാടകത്തിലേക്ക് വലിച്ചിഴച്ചത് ഞങ്ങളല്ല. ഞങ്ങളുടെ രീതിയേയല്ല അത്.

കോതമംഗലത്ത് നടന്നത്
 
കോതമംഗലം സമരത്തില്‍ ആദ്യം ഇടപെട്ടതും കരാറുണ്ടാക്കിയതും യു.എന്‍.എ ആയിരുന്നല്ലോ. പിന്നെ എങ്ങനെയാണ് നിങ്ങള്‍ അതില്‍നിന്ന് പുറത്തായത്?

ലേക്ഷോര്‍ സമരം നടക്കുന്നതിനിടെ അതിനെ തളര്‍ത്തുന്ന രീതിയില്‍ പത്രസമ്മേളനം നടത്തിയാണ് പുതിയ സംഘടന രൂപം കൊണ്ട വിവരം അവര്‍ അറിയിച്ചത്. അവര്‍ക്ക് പിടിച്ചെടുക്കാന്‍ കഴിഞ്ഞ ഏക യൂണിറ്റ് കോതമംഗലം മാര്‍ ബസേലിയേസിലേതാണ്. അവിടെ യു.എന്‍.എ കൊടുത്ത നോട്ടീസ് പ്രകാരം ചര്‍ച്ച നടക്കുകയും 2012 മാര്‍ച്ച് അഞ്ചിന് ഇരുവിഭാഗവും കരാര്‍ ഒപ്പിടുകയും ചെയ്തിരുന്നു. 95 ശതമാനം കാര്യങ്ങളും ആശുപത്രി അധികൃതര്‍ പാലിക്കുകയും ചെയ്തു. എന്നിട്ടും സമരത്തിനുവേണ്ടി സമരം നടത്തുകയായിരുന്നു അവിടെ.

മൂന്ന് ഷിഫ്റ്റ് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ അവിടെ മാനേജ്മെന്റ് യു.എന്‍.എയുമായുണ്ടാക്കിയ കരാര്‍ ലംഘിക്കുകയായിരുന്നു. ഇതുസംബന്ധിച്ച് ചര്‍ച്ചക്ക് യു.എന്‍.എ നേതാക്കള്‍ അവിടെ ചെന്നപ്പോള്‍ പുതിയ സംഘടനക്കാര്‍ എതിര്‍പ്പുമായി രംഗത്തെത്തി. കരാര്‍ ലംഘനം ചൂണ്ടിക്കാട്ടാതെ നഴ്സുമാരുടെ ഇന്‍ക്രിമെന്റ് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് അവര്‍ സമരത്തിന് നോട്ടീസ് നല്‍കിയത്. അവര്‍ നടത്തിയ ആത്മഹത്യാ സമരത്തിനൊടുവിലും മാനേജ്മെന്റ് അംഗീകരിച്ചിരിക്കുന്നത് മാര്‍ച്ച് അഞ്ചിന് യു.എന്‍.എയുമായി ഉണ്ടാക്കിയ കരാര്‍ തന്നെയാണ്. പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ സമരപന്തലില്‍ പ്രഖ്യാപിച്ച കാര്യങ്ങള്‍ നടപ്പിലാക്കുന്നതില്‍ പുതിയ സംഘടന പരാജയപ്പെട്ടതില്‍ ദുരൂഹതകളുണ്ട്.

 

ബീന ബേബി


 

ആത്മഹത്യാ ഭീഷണിയിലൂടെയാണ് കോതമംഗലം സമരം കോളിളക്കം സൃഷ്ടിച്ചത്. അത്തരം സമര രീതികളെ യു.എന്‍.എ എങ്ങനെയാണ് കാണുന്നത്?

ഒരു സമരമുറയെയും തള്ളിപ്പറയാന്‍ യു.എന്‍.എ ആഗ്രഹിക്കുന്നില്ല. വളരെ പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നാണ് ഭൂരിപക്ഷം നഴ്സുമാരും വരുന്നത്. ഇനിയും ഒരു ബീനാ ബേബി ഉണ്ടാവാന്‍ പാടില്ലെന്ന് നെഞ്ചില്‍ കൈവെച്ച് പറഞ്ഞാണ് യു.എന്‍.എ എന്ന സംഘടന ഉണ്ടായത്. ഇനിയും ആത്മഹത്യ ഉണ്ടാവാതിരിക്കാനാണ് ഇപ്പോഴും ഞങ്ങള്‍ പൊരുതുന്നത്.

ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്നാണ് യു.എന്‍.എ വിശ്വസിക്കുന്നതും പ്രചരിപ്പിക്കുന്നതും. ആത്മഹത്യാ ഭീഷണി മുഴക്കിയിട്ടില്ലെന്നും ആത്മഹത്യക്ക് ശ്രമിച്ചിട്ടില്ലെന്നും കോതമംഗലത്തെ മൂന്ന് നഴ്സുമാര്‍ മാധ്യമങ്ങളോട് പറഞ്ഞതാണ്. പക്ഷെ, ഇവര്‍ മുകളിലെത്തിയതും ഇവര്‍ക്കരികില്‍ വിഷക്കുപ്പികള്‍ കണ്ടെന്ന് പറയപ്പെടുന്നു. ഇതുസംബന്ധിച്ച ആലോചനകള്‍ നടന്നത് കുപ്രസിദ്ധ വാരികയുടെ എറണാകുളത്തെ ഓഫിസിലാണെന്ന് കേള്‍ക്കുന്നു. ആരാണ് ഇതിന് പ്രേരണ നല്‍കിയെന്നത് അന്വേഷിക്കണം.

നഴ്സുമാര്‍ക്കെതിരെ കേസടുത്താല്‍ നോക്കിനില്‍ക്കില്ല
 
നഴ്സുമാരുടെ സമരത്തില്‍ ക്രൈം നന്ദകുമാര്‍ അടക്കമുള്ളവരുടെ ഇടപെടല്‍ ഏറെ വിവാദങ്ങളുണ്ടാക്കിയിട്ടുണ്ട്. ഇതിനെ യു.എന്‍.എ എങ്ങനെ കാണുന്നു?

വളരെ ആപത്കരമായ ഇടപെടലാണ് ഇത്. കേരളത്തില്‍ അനേകം സമരങ്ങള്‍ നടന്നിട്ടുണ്ട്. അവിടെയൊന്നും കാണാത്ത ഒരു മുഖം, പൊതുസമൂഹത്തില്‍ ഏറെ എതിരഭിപ്രായങ്ങളുള്ള ഒരാള്‍ നഴ്സ് സമരമുഖത്ത് പരിഹാരങ്ങളുമായി പ്രത്യക്ഷപ്പെട്ടത് ദൌര്‍ഭാഗ്യകരമാണ്. ഇയാളെ മാറ്റി നിര്‍ത്തേണ്ടതായിരുന്നു. ഇത്തരക്കാരുടെ ഗൂഢലക്ഷ്യങ്ങള്‍ക്ക് നഴ്സുമാരെ മറയാക്കാനുള്ള നീക്കങ്ങളെ ചെറുക്കുക തന്നെ ചെയ്യും. ആര്‍ക്കു വേണ്ടിയാണ് ഇത്തരക്കാര്‍ പ്രത്യക്ഷപ്പെടുന്നതെന്ന് ആലോചിക്കേണ്ടതാണ്. എങ്ങനെയും നഴ്സുമാരുടെ പോരാട്ടത്തെ തകര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണോ ഇത്തരം ഇടപെടലുകളെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

കോതമംഗലം സമരക്കാര്‍ക്കെതിരെ കേസെടുക്കുന്നതടക്കമുള്ള സാഹചര്യങ്ങള്‍ യു.എന്‍.എ എങ്ങനെയാണ് കാണുന്നത്. ഈ സാഹചര്യത്തില്‍ യു.എന്‍.എ ഇടപെടുമോ?

അവകാശങ്ങള്‍ക്കായി സമരം ചെയ്യുന്നവര്‍ക്കെതിരെ കേസെടുക്കുന്നത് ഭരണകൂടങ്ങളുടെ ഭീരുത്വമാണ്. കോതമംഗലത്ത് കേസെടുക്കേണ്ടതും അന്വേഷണം നടത്തേണ്ടതും അത്തരമൊരു സമരമുറയിലേക്ക് പ്രേരിപ്പിച്ചവര്‍ക്കെതിരെയാണ്. സമരം തീര്‍ക്കാന്‍ തൊഴില്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ ഉണ്ടാക്കിയതും പ്രതിപക്ഷനേതാവ് വായിച്ചതുമായ കരാര്‍, സമരം എന്തിനായിരുന്നുവെന്ന് ചിന്തിപ്പിക്കുന്നതാണ്. അതേസമയം, നഴ്സുമാരെ വഞ്ചിക്കാനും അവരെ അറസ്റ്റുചെയ്യാനും ശ്രമമുണ്ടായാല്‍ യു.എന്‍.എ ഇടപെടും.

വേറെയും നഴ്സിങ് സംഘടനകള്‍ രംഗത്തുണ്ടല്ലോ? നഴ്സുമാരുടെ പ്രശ്നങ്ങളില്‍ അവരുടെയൊക്കെ നിലപാട് എന്തൊക്കെയാണ്? അവരോടുള്ള യു.എന്‍.എയുടെ സമീപനം എന്തൊക്കെയാണ്?

മറ്റു നഴ്സിങ് സംഘടനകളെല്ലാം പേരിനുമാത്രമായി ചുരുങ്ങി. യു.എന്‍.എക്കെതിരെ കൈകോര്‍ക്കാന്‍ ഒരു വേളയില്‍ ശ്രമങ്ങളുണ്ടായി. പക്ഷെ, നഴ്സുമാരുടെ പിന്തുണ ഇല്ലാതായതോടെ വിഫലമായി. ഒരു നഴ്സിങ് സംഘടനയുടെ പ്രതിനിധിയായ ഹൈബി ഈഡന്‍ എം.എല്‍.എ സര്‍ക്കാറിന്റെ വ്യവസായ ബന്ധ സമിതിയില്‍ അംഗമാണെങ്കിലും ഒരു യോഗത്തിനുമാത്രമാണ് ആകെ ഹാജരായത്.

ഒരു നഴ്സിങ് സംഘടനയോടും യു.എന്‍.എക്ക് വിരോധമില്ല. എന്നാല്‍, മാനേജ്മെന്റുകള്‍ക്കു വേണ്ടി സംഘടന പിളര്‍ത്താന്‍ ശ്രമിച്ച് ഇറങ്ങിപ്പോയവരോട് ഒരു വിട്ടുവീഴ്ചക്കും തയ്യാറുമല്ല. നഴ്സുമാരുടെ ഉന്നമനത്തിന് വേണ്ടി രാഷ്ട്രീയ^ഇതര ഗൂഡലക്ഷ്യങ്ങളില്ലാത്ത സംഘടനകളുമായി യോജിച്ച് പ്രവര്‍ത്തിക്കുകയെന്നതാണ് യു.എന്‍.എയുടെ സമീപനം.

 

സമരത്തിന്റെ ഭാഗമായി പ്രിന്‍സ് എന്ന യു.എന്‍.എ പ്രവര്‍ത്തകന്‍ നടത്തിയ ശയനപ്രദക്ഷിണം


 

അന്ന് അങ്കമാലിയില്‍ തള്ളിയതാണ് ആത്മഹത്യാ സമരമുറ
 
സംഘടനയുടെ നിയമ കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്ന അഡ്വ.മിനി സ്വന്തം നഴ്സിങ് സംഘടന രൂപീകരിച്ച് പ്രവര്‍ത്തിക്കാന്‍ ഇടയായ സാഹചര്യങ്ങള്‍ എന്തൊക്കെയായിരുന്നു

അമൃതയില്‍ സമരം നടക്കുമ്പോള്‍ അവിചാരിതമായാണ് അവര്‍ യു.എന്‍.എക്ക് പിന്തുണയുമായി കടന്നുവരുന്നത്. തുടക്കക്കാരെന്ന നിലയില്‍ ഞങ്ങളിലുണ്ടായ ന്യൂതകളെ മുതലെടുത്ത അവര്‍ യു.എന്‍.എയുടെ ലീഡല്‍ അഡ്വൈസറാകാമെന്നേറ്റു. തുടര്‍ന്നുള്ള സമരങ്ങളിലും തൊഴില്‍ തര്‍ക്ക ചര്‍ച്ചകളിലും കോടതികളിലും എന്നാല്‍, അവര്‍ പലപ്പോഴും സ്വീകരിച്ചത് മാനേജ്മെന്റ് അനുകൂല നിലപാടായിരുന്നു. അങ്കമാലിയിലും എലൈറ്റിലും ഇതേ ശ്രമങ്ങള്‍ ഉണ്ടായി. ലേക് ഷോറിലെ സമരത്തില്‍ മാനേജ്മെന്റിന് അനുകൂലമായി സംസാരിച്ചപ്പോള്‍ യു.എന്‍.എ ഭാരവാഹികളും നഴ്സുമാരും ശക്തമായി പ്രതികരിച്ചു. ഹാജരായ കേസുകളിലെല്ലാം യു.എന്‍.എക്കെതിരായ വിധികളുണ്ടായി.

ലേക് ഷോറിലെയും കോലഞ്ചേരിയിലെയും കേസുകള്‍ ഹൈക്കോടതിയിലെ ഒരേ ബഞ്ചിലാണ് കേട്ടത്. അവര്‍ ഹാജരായ ലേക് ഷോറില്‍ നഴ്സുമാര്‍ക്കെതിരായിരുന്നു കോടതി വിധി. എന്നാല്‍, മറ്റൊരു അഭിഭാഷകനെ നിയോഗിച്ച കോലഞ്ചേരി കേസില്‍ അതേ വിഷയത്തില്‍ നഴ്സുമാര്‍ക്ക് അനുകൂലമായി ഹൈക്കോടതി വിധിയുണ്ടായി. ഇത് സംശയം വര്‍ധിപ്പിച്ചു. തുടര്‍ന്നാണ് യു.എന്‍.എ ലീഗല്‍ അഡ്വൈസര്‍ പദവിയില്‍ നിന്ന് അവരെ നീക്കം ചെയ്തത്. തുടര്‍ന്ന്, ലേക്ഷോര്‍ സമരപന്തലില്‍വെച്ച് അവര്‍, ആറ് മാസത്തിനകം യു.എന്‍.എ പൊളിക്കുമെന്ന ഭീഷണി മുഴക്കിയാണ് അവര്‍ മടങ്ങിയത്. ഇതിനു ശേഷമാണ് യു.എന്‍.എയുടെ ഭാരവാഹികളില്‍ രണ്ടോ മൂന്നോ പേരെ ഒപ്പം നിര്‍ത്തി ഐ.എന്‍.എ എന്ന പുതിയ സംഘടനയുണ്ടാക്കിയത്. ഈ സംഘടനയാണ് കോതമംഗലം സമരം നടത്തിയത്.

അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ആശുപത്രിയില്‍ നടന്ന തീപാറിയ സമരത്തിനിടയില്‍ ഞങ്ങള്‍ക്കു മുന്നിലും വന്നിരുന്നു ആത്മഹത്യാ ഭീഷണി മുഴക്കുകയെന്ന സമരരീതി. ഇതേ ലീഗല്‍ അഡ്വൈസറുടെ ഭാഗത്തുനിന്നാണ് ആ നിര്‍ദേശം വന്നത്. അപ്പോള്‍ തന്നെ ഞങ്ങളത് തള്ളിക്കളഞ്ഞു. നഴ്സ് സഹോദരങ്ങളുടെ ജീവന്‍ പണയം വെച്ചുള്ള ആത്മഹത്യാ നാടകങ്ങള്‍ക്ക് ഞങ്ങളില്ലെന്ന് ഐകകണ്ഠ്യേന വ്യക്തമാക്കി. അത്തരം സമരത്തിനൊന്നും ഞങ്ങളെക്കിട്ടില്ല. വേണമെങ്കില്‍, ജയിലില്‍ പോവാന്‍ തയ്യാറാണെന്ന് ഞങ്ങളവരോട് പറഞ്ഞു. അതവിടെ തീര്‍ന്നു. പിന്നെയത് കേട്ടത് കോതമംഗലത്താണ്.

 

യു.എന്‍.എ സംസ്ഥാന ജനറല്‍ സെക്രട്ടറി സുദീപ് കൃഷ്ണന്‍ ഒരു സമരത്തിനിടെ പൊലീസ് കസ്റ്റഡിയിലായപ്പോള്‍


 
ഒരു നഴ്സിങ് സംഘടനയോടും വിരോധമില്ല
 
യു.എന്‍.എയുടെ ഫേസ്ബുക്ക് പേജില്‍ വിദേശ നഴ്സുമാര്‍ എന്നു പറഞ്ഞ് ചിലര്‍ സംഘടനക്കെതിരെ വ്യാപകമായി നടത്തിയ പ്രചാരണങ്ങളുടെ വസ്തുത എന്താണ്? ഇപ്പോഴതിന്റെ സ്ഥിതിയെന്താണ്?

ആശുപത്രി മുതലാളിമാരും ഐ.എം.എയും ചില നിക്ഷിപ്ത താല്‍പര്യക്കാരും തുടക്കം മുതലേ എതിര്‍പ്പുകളുമായി രംഗത്തുണ്ടായിരുന്നു. പ്രലോഭനവും മര്‍ദനവും കള്ളപ്രചാരണങ്ങളും ഫലം കാണാതെ വന്നപ്പോള്‍ അവര്‍ സംഘടനക്കുള്ളില്‍ കുത്തിത്തിരിപ്പുണ്ടാക്കാന്‍ ശ്രമങ്ങള്‍ നടത്തി. അതിന്റെ ഭാഗമായിരുന്നു അത്തരം പ്രചാരണങ്ങളെന്നാണ് കരുതുന്നത്.

വിദേശ നഴ്സുമാരില്‍ ഭൂരിഭാഗവും യു.എന്‍.എയുടെ പ്രവര്‍ത്തനങ്ങളെ ഇപ്പോഴും അങ്ങേയറ്റം പിന്തുണക്കുന്നവരും സഹായിക്കുന്നവരുമാണ്. എന്നാല്‍, അവരുടെ പേരു പറഞ്ഞ്, ചിലര്‍ അനാവശ്യ ഇടപെടലുകള്‍ നടത്തി സംഘടനക്കെതിരെ നീക്കം നടത്തുകയായിരുന്നു. കേരളത്തിലെ നഴ്സുമാരുടെ അവസ്ഥയും ഇവിടത്തെ അവസ്ഥകളും പരിഗണിക്കാതെ വ്യാജപ്രചാരണങ്ങളിറക്കുകയായിരുന്നു അവര്‍.

ഇവരുടെ കടന്നുവരവിന്റെ കാരണം എന്താണെന്ന് ഇനിയും വ്യക്തമല്ല. വിദേശരാജ്യങ്ങളിലെ നിയമവും നീതിയും കേരളത്തില്‍ നടപ്പാക്കണമെന്ന ബാലിശമായ ആവശ്യങ്ങളാണ് ഇവരില്‍ നിന്ന് കേട്ടത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് എടുത്ത മിനിമം വേജസ് തീരുമാനം നടപ്പാക്കാന്‍ പോലും ഇച്ഛാശക്തിയില്ലാത്ത സര്‍ക്കാരിനുമുന്നിലേക്കാണ് ഇത്തരം മുടന്തന്‍ ന്യായങ്ങള്‍ നിരത്തിയത്. യു.എന്‍.എ കരാറുകളെ ഇഴകീറി വിമര്‍ശിച്ച ഇക്കൂട്ടര്‍ക്കുള്ള വ്യക്തമായ മറുപടിയായിരുന്നു സമരത്തിനുവേണ്ടി സമരം നടത്തിയ കോതമംഗലത്തെ കരാറും ഒത്തുതീര്‍പ്പും.

 

സമരത്തിനിടെ


 

പോര്‍മുഖങ്ങള്‍
 
പത്ത് മാസത്തോളാമായി നിരന്തര സമരങ്ങളിലാണ് നിങ്ങള്‍. ഇതുപോലുള്ള പല അനുഭവങ്ങള്‍ ഉണ്ടായിക്കാണും. അതിനെക്കുറിച്ച് പറയാമോ? ഈ സമരങ്ങളുടെ ഗുണഫലം എന്തൊക്കെയെന്നും…?

തൃശൂരിലെ മദര്‍ ആശുപത്രിയിലായിരുന്നു സമരങ്ങള്‍ക്ക് തുടക്കമിട്ടത്. ഞങ്ങളില്‍ പലരും പഠിച്ചിറങ്ങിയ മദര്‍ ആശുപത്രിയിലെ പ്രശ്നം മാത്രമായിരുന്നു പുതുതായി രൂപം കൊണ്ട സംഘടനയുടെ മുന്നില്‍. കേവലം മൂന്നുമണിക്കൂര്‍ നേരം കൊണ്ട് അന്ന് സമരം ഫലം കണ്ടു. ഇത് കേരളത്തിലെ സ്വകാര്യ ആശുപത്രി മാനേജ്മെന്റുകള്‍ക്ക് ഒരു താക്കീതായിരുന്നു. തുടര്‍ന്നങ്ങോട്ട്, വിവിധ ആശുപത്രികളില്‍ അടിമകളെപോലെ പണിയെടുക്കുന്ന നഴ്സുമാരുടെ പരാതികള്‍ ഞങ്ങള്‍ക്ക് മുന്നിലെത്തി. പ്രക്ഷോഭം കൊടുങ്കാറ്റായി. യു.എന്‍.എ എന്ന സംഘടയുടെ ശക്തമായ മുന്നേറ്റമാണ് പിന്നീടുണ്ടായത്. കേരളത്തിലെ ആശുപത്രികളില്‍ ബോണ്ട് സമ്പ്രദായം നടപ്പാക്കില്ലെന്ന് എല്ലാ മാനേജ്മെന്റുകളെക്കൊണ്ടും പറയിപ്പിക്കാന്‍ മദറിലെ സമരത്തിനായി. അടിസ്ഥാന വേതനവും മൂന്ന് ഷിഫ്റ്റ് സമ്പ്രദായവും അനുവദിക്കപ്പെട്ടു.

അമൃത ആശുപത്രിയായിരുന്നു രണ്ടാമത്തെ സമരമുഖം. ചോരകൊടുത്താണ് ഞങ്ങള്‍ക്ക് അവിടെ സമരവുമായി മുന്നോട്ട് പോകാനായത്. ഞങ്ങളുടെ പ്രിയപ്പെട്ട സമരപോരാളികള്‍ക്ക് മാനേജ്മെന്റ് ഗുണ്ടകളുടെ ക്രൂരമര്‍ദ്ദനം ഏറ്റുവാങ്ങേണ്ടിവന്നു. മര്‍ദ്ദിച്ചവശനാക്കി ഫോറന്‍സിക്കിലേക്ക് തള്ളാന്‍ നിശ്ചയിച്ച ലിസു മൈക്കിളെന്ന ഞങ്ങളുടെ ഉശിരന്‍ നേതാവിന്റെ ജീവന്‍ തിരിച്ചുകിട്ടിയത് അവിടത്തെ നഴ്സുമാരുടെ ഒറ്റ നിമിഷത്തെ ജാഗ്രതകൊണ്ടുമാത്രമാണ്.

തൃശൂര്‍ എലൈറ്റിലാണ് നാല് ദിവസം നീണ്ട മൂന്നാമത്തെ സമരം നടന്നത്. അവിടെയും മാനേജ്മെന്റ് അവരുടേതായ ക്രൂരതകള്‍ പുറത്തെടുത്തു. എന്നാല്‍, അവിടെയും അമൃതയിലെന്നതുപോലെ മാനേജ്മെന്റ് മുട്ടുമടക്കി. രണ്ടിടത്തും അടിസ്ഥാന വേതനം നടപ്പാക്കി. മൂന്ന് ഷിഫ്റ്റ് ഡ്യൂട്ടി സംബന്ധിച്ച് വ്യക്തമായ ധാരണയായി.

അങ്കമാലി ലിറ്റില്‍ഫ്ളവര്‍ ആശുപത്രിയിലായിരുന്നു നാലാമിടം. നഴ്സുമാരുടെ ജീവിത നിലവാരവും സേവനങ്ങളും പൊതുമധ്യത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടത് അങ്കമാലി സമരത്തിലൂടെയാണ്. ക്രിസ്ത്യന്‍ മാനേജ്മെന്റ് നിയന്ത്രിക്കുന്ന ആശുപത്രിക്കുള്ളില്‍ അടിമ വേല ചെയ്യുന്ന നഴ്സുമാരുടെ വേദന ജനങ്ങള്‍ ഏറ്റെടുത്ത കാഴ്ചയായിരുന്നു അവിടെ. രാഷ്ട്രീയ^സാംസ്കാരിക^സാമൂഹിക മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെല്ലാം അങ്കമാലിയിലെത്തി ഞങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. വിട്ടുവീഴ്ചകള്‍ക്ക് തയ്യാറല്ലാതിരുന്ന മാനേജ്മെന്റ് ഒടുവില്‍ അടിസ്ഥാന വേതനമുള്‍പ്പടെ നഴ്സുമാര്‍ക്ക് അനുവദിക്കാന്‍ നിര്‍ബന്ധിതരായി.

എറണാകുളം ലേക് ഷോറിലാണ് യു.എന്‍.എയുടെ നേതൃത്വത്തില്‍ അതിശക്തമായ സമരം പിന്നീട് നടന്നത്. രാജ്യം ആദരിച്ച വ്യവസായ പ്രമുഖന്‍ അധ്യക്ഷപദം ആലങ്കരിക്കുന്ന ആശുപത്രിയിലെ നഴ്സുമാരുടെ യഥാര്‍ഥ പ്രശ്നങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ വന്‍കിട മാധ്യമങ്ങള്‍പോലും ഭയന്നിരുന്നു. ഞങ്ങളെ നേരിടാന്‍ ആശുപത്രിക്കുള്ളില്‍ പലവിധ കുടിലതന്ത്രങ്ങള്‍ മെനഞ്ഞ മാനേജ്മെന്റിന്റെ ആളുകള്‍, വാഹനം കയറ്റി കൊലപ്പെടുത്താന്‍പോലും ശ്രമിച്ചു. വിവിധ സംഘടനകളുടെയും സമീപവാസികളുടെയും പിന്‍ബലത്തില്‍ മുന്നോട്ടുപോയ സമരം മാനേജ്മെന്റുമായി കരാറുണ്ടാക്കി അവസാനിപ്പിച്ചു. അടിസ്ഥാന വേതനവും മൂന്ന് ഷിഫ്റ്റ് സമ്പ്രദായവും ഏര്‍പ്പെടുത്തി.

ലേക് ഷോര്‍ സമരം കത്തിയാളുന്നതിനിടെയാണ് തൃശൂര്‍ മെട്രോ പൊളിറ്റന്‍ ആശുപത്രിയിലെ നഴ്സുമാര്‍ യു.എന്‍.എയുടെ നേതൃത്വത്തില്‍ സമരത്തിനിറങ്ങിയത്. മനുഷ്യത്വം നഷ്ടപ്പെട്ട മെട്രോ മാനേജ്മെന്റ് സമരത്തെ അതിക്രൂരമായാണ് നേരിട്ടത്. സമരത്തിനിരുന്ന വനിതാനഴ്സുമാരുടെ ഹോസ്റ്റല്‍ മുറികളടച്ചിട്ടു. അവിടെ മനുഷ്യ വിസര്‍ജ്യം കൊണ്ടിട്ടു. കള്ളക്കേസുകള്‍ നല്‍കി. ഒടുവില്‍ കരാറുകളുണ്ടാക്കുകയും മാറ്റിമറിക്കുകയും ചെയ്തു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ചിട്ടുപോലും വിലവെക്കാത്ത മാനേജ്മെന്റിന് പക്ഷെ, യു.എന്‍.എയുടെ കരുത്തിനുമുന്നില്‍ മുട്ടുമടക്കേണ്ടിവന്നു. വ്യക്തമായ കരാറുണ്ടാക്കിയാണ് സമരം അവസാനിപ്പിച്ചത്. അവകാശങ്ങള്‍ നേടിയെടുക്കാന്‍ മഞ്ചേരി പ്രശാന്തി ആശുപത്രിയിലും സമരം നടന്നു. മറ്റു നിരവധി ആശുപത്രികളില്‍ യു.എന്‍.എ അവകാശ പത്രിക സമര്‍പ്പിക്കുകയും പാലിക്കപ്പെടുകയും ചെയ്തു. ചിലയിടങ്ങളില്‍ അവകാശം നേടിയെടുക്കാന്‍ സമരനോട്ടീസ് നല്‍കേണ്ടിവന്നു.

 

ഒരു സമരത്തിനിടെ ജാസ്മിന്‍ ഷാ


 

കരാറുകള്‍ക്കെന്ത് സംഭവിച്ചു
 
സമര പശ്ചാത്തലത്തില്‍ മാനേജ്മെന്റുകള്‍ യു.എന്‍.എയുമായി ഉണ്ടാക്കിയ കരാറുകളുടെ അവസ്ഥ എന്താണ്? അവ പാലിക്കപ്പെട്ടോ?

മുഴുവന്‍ ആശുപത്രികളിലും കരാറുകള്‍ പാലിക്കപ്പെട്ടെന്ന് പറയാനാവില്ല. കരാറുകളില്‍ പറയുന്ന ചില ആവശ്യങ്ങള്‍ അംഗീകരിക്കുകയും ചിലത് നിരാകരിക്കുകയും ചെയ്തുവെന്നതാണ് വാസ്തവം. മൂന്ന് ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കുന്നതിലാണ് ഇപ്പോഴും കരാര്‍ ലംഘനം നടക്കുന്നത്. തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തീരുമാനിച്ച മൂന്ന് ഷിഫ്റ്റ് സമ്പ്രദായം രണ്ടായി ചുരുക്കിയ നടപടിയും ഉണ്ടായി. മൂന്ന് ഷിഫ്റ്റ് സംബന്ധിച്ച് തൃശൂര്‍ എലൈറ്റ് ആശുപത്രി മാനേജ്മെന്റ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതില്‍ മറ്റുചില ആശുപത്രി മാനേജ്മെന്റുകളും കക്ഷി ചേര്‍ന്നിട്ടുണ്ട്. എന്നാല്‍, കോടതി വിധി വരുന്നതുവരെ പ്രത്യേക നിബന്ധന തയ്യാറാക്കിയാണ് സമരം അവസാനിപ്പിക്കുന്ന കരാര്‍ ഒപ്പുവച്ചത്.

കരാര്‍ പ്രകാരം ഉണ്ടാക്കിയ മൂന്ന് ഷിഫ്റ്റ് സമയക്രമം, നഴ്സുമാര്‍ക്ക് വന്നുപോകുന്നതില്‍ അസൌകര്യങ്ങളുള്ള വിധത്തിലാണെന്നത് എലൈറ്റില്‍ പിന്നീട് പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. മിക്കിയിടങ്ങളിലും ഈ രീതി തര്‍ക്കങ്ങള്‍ക്കിടയാക്കിയിരിക്കുകയാണ്. തൃശൂരിലെ വെസ്റ്റ് ഫോര്‍ട്ട്, ഹൈടെക് ആശുപത്രികളില്‍ ഉണ്ടാക്കിയ കരാര്‍ ലംഘിക്കപ്പെട്ടിരിക്കുന്നു. ഇവിടെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൂന്ന് ഷിഫ്റ്റ് സമ്പ്രദായം ഐ.ആര്‍.സി അംഗീകരിച്ച് സര്‍ക്കാരിന് കൈമാറിയിരിക്കുകയാണ്. ഇതുസംബന്ധിച്ച ഉത്തരവിറങ്ങുന്നതോടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് യു.എന്‍.എ.

എവിടെയൊക്കെയാണ് വീണ്ടും സമരം ചെയ്യേണ്ടി വന്നത്? അവയുടെ ഫലമെന്തായിരുന്നു?

വീണ്ടും സമരത്തിനിറങ്ങേണ്ടിവന്നത് എറണാകുളം ലേക് ഷോര്‍ ആശുപത്രിയിലാണ്. ഒന്നാം ഘട്ട സമരത്തിനിറങ്ങിയവരെ കൂട്ടത്തോടെ പിരിച്ചുവിട്ടും കരാര്‍ ലംഘിച്ചതുമാണ് രണ്ടാംഘട്ട സമരത്തിന് വഴിയൊരുക്കിയത്. യു.എന്‍.എയെ പ്രതിരോധത്തിലാക്കാനായിരുന്നു മാനേജ്മെന്റിന്റെ നീക്കം. ഇതിനെതിരെ സമരം ശക്തമായതോടെ കരാര്‍ പാലിക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. പുറത്താക്കിയവരെ തിരിച്ചെടുക്കാമെന്ന് ഉറപ്പുനല്‍കിയതോടെ സമരം പിന്‍വലിച്ചു. എന്നാല്‍, പുറത്താക്കിയവരെ തിരിച്ചെടുക്കാനുള്ള തീരുമാനം ഇനിയും കൈകൊണ്ടിട്ടില്ല. വീണ്ടുമൊരു സമരത്തിലേക്കാണ് കാര്യങ്ങള്‍ പോവുന്നത്.

 

യു.എന്‍.എയുടെ നേതൃനിര


 

ഗുണഫലങ്ങള്‍
 
നഴ്സിങ് സമരം ഉണ്ടാക്കിയ ഗുണഫലങ്ങള്‍ എന്തൊക്കെയാണ്? നഴ്സിങ് സമൂഹത്തില്‍ ഏത് വിധത്തിലുള്ള മാറ്റങ്ങളാണ് അത് സൃഷ്ടിച്ചത്?

അരാഷ്ട്രീയതയും അടിമത്വവും അടക്കി വാണ നഴ്സിങ് മേഖലയില്‍ രാഷ്ട്രീയ ബോധവും അവകാശം ചോദിച്ചുവാങ്ങാനുള്ള ഇച്ഛാശക്തിയും നഴ്സുമാര്‍ക്ക് കൈമുതലായി എന്നതാണ് സമരത്തിന്റെ ഏറ്റവും വലിയ ഗുണഫലം. മാനേജ്മെന്റ് പ്രതിനിധികളെ ഭയന്ന് അവരുടെ എച്ചില്‍പാത്രം കഴുകാന്‍ വരെ വിധിക്കപ്പെട്ടിരുന്ന വലിയൊരു കൂട്ടം നഴ്സുമാര്‍ തങ്ങളുടെ ജോലി ആതുരസേവനം മാത്രമാണെന്ന് ഉറക്കെ വിളിച്ചുപറഞ്ഞു. സ്ത്രീകള്‍ മാത്രം ജോലിചെയ്യുന്ന ആശുപത്രികളില്‍ പോലും സമരം നടത്താതെതന്നെ അവകാശങ്ങള്‍ അംഗീകരിച്ചുനല്‍കാന്‍ മാനേജ്മെന്റുകള്‍ തയ്യാറായി.

സര്‍ക്കാറിന്റെ സമീപനത്തില്‍ എന്തെങ്കിലും മാറ്റങ്ങളുണ്ടായോ?

സമാനതകളില്ലാത്തതും അതിശക്തവുമായ സമരങ്ങളുടെ ഫലമാണ് ഡോ.എസ്.ബലരാമന്‍ കമ്മിറ്റി. സര്‍ക്കാര്‍ നിയോഗിച്ച ഈ കമ്മിറ്റി സ്വകാര്യ ആശുപത്രി മേഖലയെക്കുറിച്ച് നല്‍കിയ റിപ്പോര്‍ട്ടിലത്രയും യു.എന്‍.എ നേരത്തെ ചൂണ്ടിക്കാട്ടിയ വസ്തുതകളാണ്. ഭേദപ്പെട്ട അടിസ്ഥാന വേതനം നല്‍കണമെന്ന കമ്മിറ്റിയുടെ ശിപാര്‍ശയടക്കം കൈകാര്യം ചെയ്യാന്‍ ഈ മേഖലക്ക് വ്യവസായ ബന്ധ സമിതിയെയും സര്‍ക്കാര്‍ നിശ്ചയിച്ചു. ട്രേഡ് യൂണിയനുകളുടെയും ആശുപത്രി മാനേജ്മെന്റുകളുടെയും പ്രതിനിധികളടങ്ങുന്ന ഐ.ആര്‍.സിയില്‍ (ഇന്റസ്ട്രിയല്‍ റിലേഷന്‍ഷിപ്പ് കമ്മിറ്റി) യു.എന്‍.എയുടെ പ്രതിനിധിയെയും ഉള്‍പ്പെടുത്തി. നഴ്സുമാരുടെ യഥാര്‍ഥ ശബ്ദം ഈ കമ്മിറ്റിയിലും ഉയരുന്നുണ്ട്.

ആദ്യ കാലങ്ങളില്‍ നഴ്സുമാരുടെ പ്രശ്നങ്ങളെ കണ്ടില്ലെന്നു നടിച്ച രാഷ്ട്രീയ^സാമൂഹിക സംഘടനകളുടെ സമീപനങ്ങളോ? അവരും മാറിയോ?

രാഷ്ട്രീയ പിന്‍ബലമുളള ട്രേഡ് യൂണിയനുകള്‍ മാത്രമായിരുന്നു നേരത്തെ നഴ്സിങ് മേഖലയില്‍ ഉണ്ടായിരുന്നത്. സമരമുഖത്തുനിന്നുകൊണ്ടുള്ള യു.എന്‍.എയുടെ പിറവി ഇത്തരം യൂണിയനുകളില്‍ ആദ്യമാദ്യം അതൃപ്തികളുണ്ടാക്കിയെന്ന് പറയുന്നതില്‍ തെറ്റില്ല. എന്നാല്‍, ചുരുങ്ങിയ നാളുകള്‍ക്കകം നഴ്സുമാരൊന്നടങ്കം യു.എന്‍.എയെ താങ്ങുംതണലുമായി നെഞ്ചോട് ചേര്‍ത്തതോടെ ഈ യൂണിയനുകള്‍ക്കും അയയേണ്ടിവന്നു. പലയിടത്തും അവര്‍ക്ക് യു.എന്‍.എക്കൊപ്പം നില്‍ക്കേണ്ടിവന്നു. ഭരിക്കുന്നവരും പ്രതിപക്ഷത്തിരിക്കുന്നവരും ലക്ഷക്കണക്കിനുവരുന്ന നഴ്സുമാരുടെ പിന്തുണ ആഗ്രഹിച്ചു. സമരമുഖങ്ങളില്‍ പിന്തുണയുമായെത്തി. കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും യു.എന്‍.എയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. പിറവം തെരഞ്ഞെടുപ്പില്‍ യു.എന്‍.എ സ്വീകരിച്ച നിലപാട് കോണ്‍ഗ്രസിന്റെ എതിര്‍പ്പിന് വഴിയൊരുക്കിയെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ ഞങ്ങള്‍ക്കൊപ്പമാണെന്ന് ഒളിഞ്ഞും തെളിഞ്ഞും സമ്മതിക്കുന്നുണ്ട്.

മാധ്യമങ്ങളോ? തുടക്കം മുതല്‍ അവരുടെ സമീപനം എങ്ങനെയായിരുന്നു? അവ എങ്ങനെ മാറി? ഇപ്പോള്‍ എന്താണ് സമീപനം?

സ്വകാര്യ ആശുപത്രി മാനേജ്മെന്റുകള്‍ക്കെതിരെയുള്ള പോരാട്ടത്തിന്റെ തുടക്കംമുതല്‍ മാധ്യമങ്ങള്‍ ഞങ്ങളോടൊപ്പമില്ലായിരുന്നു. മാധ്യമം ദിനപത്രം മാത്രമാണ് അക്കാര്യത്തില്‍ അപവാദം. അതിക്രൂരമായ മനുഷ്യാവകാശ ധ്വംസനങ്ങളും പീഡനങ്ങളും നഴ്സിങ് മേഖലയില്‍ നടന്നിട്ടും മാധ്യമങ്ങള്‍ കണ്ടഭാവം നടിച്ചിരുന്നില്ല. റേററിങിനെ അടിസ്ഥാനപ്പെടുത്തിയാവാം പിന്നീട് ചാനലുകളുടെ നിലപാടില്‍ വലിയ മാറ്റങ്ങളുണ്ടായി. ഇപ്പോള്‍, സമരവുമായി ബന്ധപ്പെട്ട ദീര്‍ഘസമയ ചര്‍ച്ചകള്‍പോലും ചില മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്.

 

ലേക് ഷോര്‍ സമരത്തിനിടെ കാറിടിച്ച് പരിക്കേറ്റ യു.എന്‍.എ പ്രവര്‍ത്തകന്‍


 

പ്രലോഭനങ്ങളും ക്രൂരമര്‍ദനങ്ങളും
 
സമരം തുടങ്ങിയതോടെ നിങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്ന പ്രശ്നങ്ങള്‍ എന്തൊക്കെയാണ്? മാനേജ്മെന്റുകള്‍ എങ്ങനെയൊക്കെയാണ് യു.എന്‍.എയെ നേരിട്ടത്?

പ്രലോഭനങ്ങളും അക്രമങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള ഇടപെടലുകളും ജാതി^മത ശക്തികളെ ഉപയോഗിച്ചുള്ള ചെറുത്തുനില്‍പ്പും കോഴ വാഗ്ദാനങ്ങളും കള്ളക്കേസുകളും കുപ്രചാരണങ്ങളും ഒക്കെയുണ്ടായി. ഗുണ്ടകളെ ഉപയോഗിച്ചുള്ള ഭീഷണിയാണ് ഇക്കാര്യത്തില്‍ അധികം നേരിടേണ്ടിവന്നത്. അത് ഇന്നും തുടരുന്നു. ഏറ്റവുമൊടുവില്‍ തൃശൂര്‍ മദര്‍ ആശുപത്രിയിലെ നഴ്സും യു.എന്‍.എ തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റുമായ അരുണ്‍ വില്‍സനെ ബൈക്കില്‍ തടഞ്ഞുനിര്‍ത്തി ഒരു സംഘം ഗുണ്ടകള്‍ വധ ഭീഷണി മുഴക്കി. നഴ്സിങ് സംഘടനയെ നിരോധിക്കണമെന്നാവശ്യപ്പെട്ട് മാനേജ്മെന്റുകളുടെ നിയമനടപടികളും നടക്കുന്നു. ഡോക്ടര്‍മാരുടെ ശമ്പള വര്‍ധനവിന് വേണ്ടി ദിവസങ്ങളോളും സമരം നടത്തിയ ഐ.എം.എ പോലും യു.എന്‍. എ നടത്തുന്ന സമരങ്ങള്‍ക്കെതിരെ കൊലവെറിയുമായാണ് നടക്കുന്നത്.

ആക്രമണങ്ങള്‍ കൊണ്ട് അടിയറ പറയിക്കാന്‍ ശ്രമങ്ങള്‍ നടന്നത് എവിടെയൊക്കെയാണ്?

സമരം നടന്ന എല്ലായിടത്തും അതുണ്ടായി.

മതവിരുദ്ധരെന്നും നക്സലെന്നുമുള്ള പ്രചാരണങ്ങളും ഉണ്ടായിരുന്നില്ലേ?

അതെ. എല്ലായിടത്തും ഉണ്ടായിരുന്നു. ജനങ്ങളെ എതിരാക്കുവാനായിരുന്നു അത്തരം പ്രചാരണങ്ങള്‍. എന്നാല്‍, നല്ലവരായ ജനങ്ങള്‍ അത് തിരിച്ചറിഞ്ഞു. അവര്‍ ഞങ്ങള്‍ക്കൊപ്പം നിന്നു. പിന്തുണച്ചു. അമൃതയിലും ലിറ്റില്‍ ഫ്ലവറിലും ലേക് ഷോറിലും എലൈറ്റിലും മെട്രോയിലും ഈ ജനപിന്തുണ ഞങ്ങള്‍ക്കു തുണയായി. ലിറ്റില്‍ ഫ്ലവറിനും ലേക്ഷോറിനും മുന്നിലെ ടാക്സി ഡ്രൈവര്‍മാരാണ് ഞങ്ങളുടെ ഭക്ഷണകാര്യം പോലും ശ്രദ്ധിച്ചിരുന്നത്. അങ്കമാലിയില്‍ രോഗികളും അവരുടെ പരിചാരകരും നഴ്സുമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നോട്ടീസ് വിതരണം ചെയ്തു.

മാനേജ്മെന്റുകള്‍ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമം നടത്തിയോ?

തീര്‍ച്ചയായും. തുടക്കത്തില്‍ പലതരത്തിലുള്ള ഓഫറുകള്‍ ഉണ്ടായിട്ടുണ്ട്. ഇടനിലക്കാരെ ഉഫയോഗപ്പെടുത്തിയും നേരിട്ടും യു.എന്‍.എ നേതാക്കളെ പണം നല്‍കി വശീകരിക്കാന്‍ ശ്രമിച്ചു. സംഘടനയുടെ ഭാരവാഹികളായിരുന്നവരില്‍ ചിലര്‍ മുന്‍ ലീഗല്‍ അഡ്വൈസര്‍ക്കൊപ്പം പുറത്തുപോയത് മാനേജ്മെന്റുകളുടെ പ്രലോഭനങ്ങളുടെ വലയില്‍ കുരുങ്ങിയാണെന്നാണ് വിശ്വസിക്കുന്നത്. എന്നാല്‍, മഹാഭൂരിപക്ഷം നഴ്സുമാരും നേതാക്കളും യു.എന്‍.എക്കൊപ്പം അടിയുറച്ചുനിന്നു. ഒരു പ്രലോഭനത്തിലും വീഴാതെ, യു.എന്‍.എ ജീവന്‍ മരണ പോരാട്ടത്തിന്റെ വഴി തന്നെ തെരഞ്ഞെടുത്തു.

നഴ്സുമാരുടെ കുടുംബങ്ങള്‍ ഇക്കാര്യത്തില്‍ എങ്ങനെയാണ് പ്രതികരിക്കുന്നത്?

സമ്പൂര്‍ണ്ണ പിന്തുണയാണ് അവരില്‍ നിന്നുണ്ടായത്. രാവും പകലും സമരവേദികളില്‍ ഞങ്ങളുടെ സംരക്ഷണം അവര്‍ ഏറ്റെടുത്തിരുന്നു. സമരനാളുകളില്‍ മാനേജ്മെന്റുകള്‍ക്ക് ശക്തമായ താക്കീതായി രക്ഷിതാക്കളും അവരുടെ സംഘടനയും കൂടെ തന്നെയുണ്ടായിരുന്നു.

യു.എന്‍.എ നേതൃത്വത്തിനെതിരെ നിലവില്‍ എത്രകേസുകളുണ്ട്. ഇതിന്റെയൊക്കെ ഇപ്പോഴത്തെ അവസ്ഥ എന്താണ്. നിയമസഹായം നല്‍കുന്നത് ആരൊക്കെയാണ്.

നൂറിലധികം കേസുകളാണ് നിലവിലുള്ളത്. ഹൈക്കോടതിയില്‍ നിലവിലുള്ള കേസുകള്‍ വിദഗ്ധരായ നാലംഗ അഭിഭാഷക സമിതിയാണ് കൈകാര്യം ചെയ്യുന്നത്. ജില്ലാ, മജിസ്ട്രേറ്റ് കോടതികളിലെ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനും രണ്ടംഗ പാനലുണ്ട്. അമൃതയില്‍ യു.എന്‍.എ നേതാക്കളെ മര്‍ദിച്ച കേസില്‍ കുറ്റപത്രമായി. സര്‍ക്കാര്‍ നിലപാട് ചിലയിടത്ത് യു.എന്‍.എക്ക് അനുകൂലമാണ്. നഴ്സിങ് സമരത്തെ നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ കക്ഷിചേരുന്നത് സംബന്ധിച്ച് യു.എന്‍.എ നിയമോപദേശം തേടിവരികയാണ്. സാമ്പത്തിക പ്രയാസങ്ങള്‍ കേസുകളുടെ മുന്നോട്ട് പോക്കിന്റെ വേഗം കുറച്ചിട്ടുണ്ട്.

 

തൃശൂര്‍ ദയാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന യു.എന്‍.എയുടെ സൌജന്യ ഡയാലിസിസ് യൂനിറ്റ്


 

സമരസംഘടന മാത്രമല്ല യു.എന്‍.എ
 
യു.എന്‍.എയില്‍ ഇപ്പോള്‍ എത്ര അംഗങ്ങളുണ്ട്? മറ്റ് സംസ്ഥാനങ്ങളില്‍ യുണിറ്റുകളുണ്ടോ? മറ്റു പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്?

യു.എന്‍.എയില്‍ ഇപ്പോള്‍ മൂന്ന് ലക്ഷത്തോളം നഴ്സുമാരുണ്ട്. തമിഴ്നാട്ടിലും ഡല്‍ഹിയിലും ഉത്തര്‍ പ്രദേശിലും കൊല്‍ക്കത്തിയിലും യൂണിറ്റുകളുണ്ട്. കോയമ്പത്തൂരിലെ പി.എസ്.ജി ആശുപത്രിയില്‍ യു.എന്‍.എ നേതൃത്വത്തില്‍ നടന്ന സമരം വിജയം കണ്ടിരുന്നു. പ്രസിഡന്റിനുപുറമെ, സെക്രട്ടറി സുധീപ് കൃഷ്ണനും ട്രഷറര്‍ ശ്രീജിനും 14 സഹഭാരവാഹികളും 23 അംഗ എക്സിക്യൂട്ട് കമ്മിറ്റിയുമടക്കം 45 അംഗ സംസ്ഥാന കമ്മിറ്റിയാണ് നിലവിലുള്ളത്.

സമരസംഘടന മാത്രമല്ല യു.എന്‍.എ. രൂപവല്‍കരിച്ച് ഒമ്പത് മാസം പൂര്‍ത്തിയാകുമ്പോഴേക്കും നൂറുകണക്കിനാളുകള്‍ക്ക് ചികിത്സാ സഹായങ്ങളും രക്തദാനവും സൌജന്യ ഡയാലിസിസും നല്‍കി. രോഗാവസ്ഥയില്‍ കഴിയുന്നവരെ വീടുകളിലെത്തി സൌജന്യമായി പരിചരിക്കുന്ന സേവനവും യു.എന്‍.എ പ്രവര്‍ത്തകര്‍ നടത്തുന്നു. നഴ്സുമാര്‍ക്കിടയില്‍ നിരാലംബരും രോഗികളുമായവരെ നിരന്തരം സഹായിക്കുന്നു. കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ച് യു.എന്‍.എ അവയവദാനത്തിന് സമ്മതപത്രം ഒപ്പിട്ടു നല്‍കി വരുകയാണ്. ഇതിനകം പതിനായിരത്തിലേറെ പേര്‍ സമ്മതപത്രം കൈമാറി കഴിഞ്ഞു.

ഓരോ ആശുപത്രി യൂണിറ്റുകളിലും രക്തദാനത്തിന് സമ്മതരായ അംഗങ്ങള്‍ സജീവമാണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അപേക്ഷകരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നത് സംഘടനയെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. എന്നാല്‍, ഈ പ്രവര്‍ത്തനങ്ങള്‍ തുടരുന്നത് ഞങ്ങളുടെ കടമയായതിനാല്‍ സാമ്പത്തിക സമാഹരണത്തിനും പദ്ധതിയിട്ടിരിക്കുന്നു. ഇതിന്റെ ഭാഗമായി കേരളത്തിലെ അഞ്ച് കേന്ദ്രങ്ങളില്‍ സ്റ്റാര്‍ മെഗാ ഷോ സംഘടിപ്പിക്കുന്നുണ്ട്.
ഡിസംബര്‍ ഒന്നിന് തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ മൈതാനത്തും രണ്ടിന് ചങ്ങനാശേരി മുനിസിപ്പല്‍ മൈതാനത്തും എട്ടിന് പാലക്കാട് ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിലും ഒമ്പതിന് പെരിന്തല്‍മണ്ണ നഗരസഭാ ഹൈസ്കൂള്‍ സ്റ്റേഡിയത്തിലും 15ന് തൃശൂര്‍ കോര്‍പറേഷന്റെ പറവട്ടാനി സ്റ്റേഡിയത്തിലുമാണ് പരിപാടികള്‍.

നഴ്സ് സമൂഹത്തെ സംഘടനാപരമായി ശക്തരാക്കാന്‍ എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്?

രാപ്പകല്‍ ജോലിയില്‍ മുഴുകേണ്ടിവരുന്ന ഞങ്ങളില്‍ പലര്‍ക്കും പുറംലോകത്തെ സംഭവങ്ങളും മാറ്റങ്ങളും വേണ്ടവിധത്തില്‍ അറിയാന്‍ കഴിയുന്നില്ലെന്നത് വസ്തുതയാണ്. ഇതിനാണ് യു.എന്‍.എ ജേണല്‍ എന്ന സംരംഭം ആരംഭിച്ചത്. ഓരോ മാസത്തെയും പ്രധാന സംഭവങ്ങളുടെ വിവരണം ജേര്‍ണലിലൂടെ അംഗങ്ങളെ അറിയിക്കുന്നു. സംഘടനാ തീരുമാനങ്ങള്‍ അറിയിക്കുന്നതിനും തുടര്‍ വിദ്യാഭ്യാസത്തെക്കുറിച്ചും ആരോഗ്യരംഗത്തെ പുതിയ മാറ്റങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ നല്‍കുന്നതിനും ജേണല്‍ സഹായകമാണ്. വിവിധ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെ പൊതുകാഴ്ചപ്പാടും പ്രതികരണങ്ങളും ജേര്‍ണലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇതിനെക്കുറിച്ച് മികച്ച അഭിപ്രായമാണ് നഴ്സുമാരില്‍നിന്ന് ലഭിക്കുന്നത്.

തൊഴില്‍ വകുപ്പ് അംഗീകരിച്ച രജിസ്ട്രേഡ് യൂണിയനാണ് ഇന്ന് യു.എന്‍.എ. കഴിഞ്ഞ കാലയളവിലെ സമരങ്ങളും ആശയപോരാട്ടങ്ങളും ഒരുപരിധിവരെ നേതാക്കളിലും അംഗങ്ങളിലും രാഷ്ട്രീയ ബോധമുണ്ടാക്കിയിട്ടുണ്ട്. എന്നിരുന്നാലും സംഘടനാ ക്ലാസുകളും നേതൃക്യാമ്പുകളും സംഘടിപ്പിച്ചുവരികയാണ്.

 

മാനേജ്മെന്റുമായി നടന്ന ഒരു ചര്‍ച്ചക്കിടെ യു.എന്‍.എ നേതൃനിര


 

ഇന്നിപ്പോള്‍ മനസ്സ് തഴമ്പിച്ച അവസ്ഥയാണ്
 
എന്തൊക്കെയാണ് യു.എന്‍.എയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍
നഴ്സിങ് മേഖലയിലെ ഏറ്റവും വലിയ സംഘടനയെന്ന നിലയില്‍ മുന്നോട്ട് വച്ച കാല്‍ പിറകിലേക്ക് വെക്കാന്‍ ശ്രമിക്കില്ല. പുതിയ നിരയെ വളര്‍ത്തിയെടുക്കാനും ചുമതലകളേല്‍പ്പിക്കാനുമുള്ള സംഘടനാപരമായ തീരുമാനത്തിലാണ് യു.എന്‍.എ. യൂണിയന്റെ ഒന്നാം വാര്‍ഷികം നംവബറിലാണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സംഘടനാ സമ്മേളനങ്ങള്‍ക്കുമാണ് വാര്‍ഷികവേള പ്രയോജനപ്പെടുത്തുന്നത്. ഒക്ടോബര്‍ 31നകം എല്ലാ യൂനിറ്റ് സമ്മേളനങ്ങളും പൂര്‍ത്തിയാക്കും. നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി ജില്ലാ സമ്മേളനങ്ങളും 2013 ജനുവരി രണ്ടാം വാരത്തില്‍ സംസ്ഥാന സമ്മേളനവും നടത്തും. പോഷക സംഘടനകളായ യുണൈറ്റഡ് നഴ്സിങ് സ്റ്റുഡന്റ്സ് അസോസിയേഷന്‍ (യു.എന്‍.എസ്.എ), യുണൈറ്റഡ് നഴ്സിങ് ടീച്ചേഴ്സ് അസോസിയേഷന്‍(യു.എന്‍.ടി.എ) എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനുള്ള പദ്ധതികള്‍ നടക്കുന്നുണ്ട്.

അവിചാരിതമായി ഒരു സംഘടനയിലേക്കും നിരന്തര പ്രക്ഷോഭങ്ങളിലേക്കും വന്നുപ്പെട്ടവരാണ് യു.എന്‍.എ ഭാരവാഹികളെല്ലാം. ജീവിതമാകെ മാറിപ്പോയ അവസ്ഥയുണ്ടോ?

തീര്‍ച്ചയായും. ഈ ചോദ്യത്തോടെയാണ് ഞങ്ങള്‍ അത്തരം ഒരു തിരിഞ്ഞുനോട്ടത്തിനുപോലും മുതിരുന്നത്. കുടുംബ ജീവിതം പോലും മറന്നാണ് പലരും അവകാശ പോരാട്ടവീഥിയിലേക്ക് കടന്നുവന്നത്. ഒരുപാട് നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. സമരമുഖത്തുനിന്ന് ഏറ്റുവാങ്ങേണ്ടിവന്ന ക്രൂരമര്‍ദ്ദനം പലരുടെയും ആരോഗ്യാവസ്ഥയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സമരങ്ങളുടെ ആറുമാസം തുടര്‍ച്ചയായി ഓടി നടന്നതിന് ശേഷമാണ് ചുരുക്കം പേര്‍ക്കെങ്കിലും ചികിത്സ പൂര്‍ത്തിയാക്കാനായത്. ഇന്നിപ്പോള്‍ മനസ്സ് തഴമ്പിച്ച അവസ്ഥയാണ്. നിരാലംബരായ ഒരുകൂട്ടം നഴ്സുമാരുടെ ജീവിതം മാത്രമാണിപ്പോള്‍ മുന്നില്‍. നടന്നതത്രയും ഒരു തുടക്കം മാത്രമായി കാണുന്നു. വലിയ കര്‍മ്മമാണ് ചെയ്തുതീര്‍ക്കാനുള്ളതെന്നാണ് വിശ്വാസം.

ജോലിക്കു പോലും പോവാനാവാത്ത അവസ്ഥയിലാണല്ലോ ജാസ്മിനടക്കമുള്ള യു.എന്‍.എ നേതൃനിര. എന്താണ് നിങ്ങളുടെയെല്ലാം ഭാവി പരിപാടികള്‍?

ഒരു ഘട്ടത്തില്‍ സ്വന്തം ജോലിയേക്കാള്‍ വലുത് സഹജീവികളുടെ തൊഴില്‍ സുരക്ഷിതത്വമാണെന്ന് കരുതി ഇറങ്ങി തിരിച്ചവരാണ് ഞങ്ങള്‍. നേരത്തെ പറഞ്ഞല്ലോ, സംഘടനാ ചുമതലകള്‍ പുതിയ നിരയെ ഏല്‍പ്പിക്കണം. അവരെ സഹായിക്കുന്നതിനൊപ്പം തൊഴില്‍ രംഗത്തും സജീവമാകണം.
 
 
നഴ്സ് സമരവുമായി ബന്ധപ്പെട്ട് നാലാമിടം പ്രസിദ്ധീകരിച്ച പോസ്റ്റുകള്‍
 
 
നഴ്സിങ് സമരം: തൊഴില്‍ മന്ത്രിക്ക് ഒരു തുറന്ന കത്ത്

നഴ് സിങ് സമരം: വേണ്ടത് സഹതാപമല്ല, നിയമം നടപ്പാക്കല്‍

ലേക് ഷോര്‍: ഈ സമരം തോല്‍ക്കരുത്

വരൂ കേരളമേ, ഈ ഇടനാഴികളിലെ രക്തം കാണൂ…

അങ്കമാലി നഴ്സസ് സമരം: മാധ്യമങ്ങള്‍ മൂടിവെക്കുന്ന സത്യങ്ങള്‍

‘അമൃതയില്‍ നടന്നത് ഞങ്ങളെ കൊല്ലാനുള്ള ശ്രമം’

നഴ്സ് സമരം: മാധ്യമങ്ങള്‍ ഭയക്കുന്നതാരെ?

ആശുപത്രി മുതലാളിമാര്‍ സമരത്തിനിറങ്ങുമ്പോള്‍

നഴ് സുമാരുടെ സമരം റാഞ്ചിയതാര്?

‘അവര്‍ ഞങ്ങളെ വഞ്ചിച്ചു’

ബീനയുടെ ചോര നമ്മോട് നിലവിളിക്കുന്നത്
 
 
നാലാമിടം ഒന്നാം പിറന്നാള്‍ കുറിപ്പ്:
 
വരൂ, ഇന്ന് നമ്മുടെ ആദ്യ പിറന്നാള്‍…
 
 
 
 

2 thoughts on “ജാസ്മിന്‍ഷാ പറയുന്നു: ആത്മഹത്യ ഞങ്ങളുടെ വഴിയല്ല

  1. 90 ശതമാനത്തോളം വനിതകള്‍ ജോലി ചെയ്യുന്ന മേഖലയില്‍ പ്രവത്തിക്കുന്ന യു.എന്‍.എ യുടെ നേതൃനിരയില്‍ വനിതാ പ്രാതിനിധ്യം ഇല്ലേ? പരസ്പരം ചെളി വാരി എറിയാതെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനായി നഴ്സിങ് സംഘടനകള്‍ യോജിച്ചു പ്രവര്‍ത്തിക്കുകയല്ലേ അഭികാമ്യം?

Leave a Reply

Your email address will not be published. Required fields are marked *