ശുചിത്വ കേരളത്തെ ആര്‍ക്കാണ് ഭയം?

 
 
 
 
ഗ്രാമങ്ങളെ നഗരങ്ങളുടെ ചവററുകൊട്ടയാക്കുന്ന മാലിന്യ സംസ്കരണ സംസ്കാരത്തിനെതിരെ കേരളത്തിലെ അനേകം ദേശങ്ങള്‍
കാലങ്ങളായി സമരത്തിലാണ്. ഈ സമരങ്ങള്‍ സര്‍ക്കാറിനെ കണ്ണുതുറപ്പിച്ചോ?
ഇല്ലെന്ന് വ്യക്തമാക്കുന്നു ഷിബു കെ നായര്‍
നാലാമിടം പ്രസിദ്ധീകരിച്ച മാലിന്യ പ്രശ്നങ്ങളെക്കുറിച്ച പോസ്റ്റുകളുടെ തുടരന്വേഷണം

 
 

മാലിന്യവുമായി ബന്ധപ്പെട്ട ജനകീയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനല്ല അതു നിലനിര്‍ത്തി ലാഭക്കച്ചവടം നടത്താനാണ് സര്‍ക്കാറിന്റെ ശ്രദ്ധ. മാലിന്യ സംസ്കരണ മേഖലയിലെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ മുഴുവന്‍ ഇല്ലാതാക്കി സ്വകാര്യമുതലാളിമാര്‍ക്ക് ഈ രംഗം തീറെഴുതുകയാണ് സര്‍ക്കാര്‍. ഇതിനായി കേരള ശുചിത്വ മിഷനും തദ്ദേശ ഭരണസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതിക സഹായ സമിതികളും പിരിച്ചുവിടാന്‍ തീരുമാനമെടുത്തു കഴിഞ്ഞു.. പകരം, കേരള വേസ്റ് മാനേജ്മന്റ് എന്ന കമ്പനി രൂപവല്‍കരിക്കും. സര്‍ക്കാറിന് 26 ശതമാനം ഓഹരി പങ്കാളിത്തം മാത്രമുള്ള ഈ കമ്പനിയുടെ ശിഷ്ട ഓഹരികള്‍ മാലിന്യക്കച്ചവടക്കാര്‍ക്കും സേവന ദാതാക്കള്‍ക്കും ദല്ലാളന്‍മാര്‍ക്കുമായിരിക്കും. അപ്രായോഗികമെന്നു തെളിഞ്ഞ കേന്ദ്രീകൃത മാലിന്യ നിര്‍മാര്‍ജന പദ്ധതികള്‍ നടപ്പാക്കി അതിനുള്ള ഫീസ് പിരിക്കുക ഇവരായിരിക്കും- നാലാമിടം പ്രസിദ്ധീകരിച്ച മാലിന്യ പ്രശ്നങ്ങളെക്കുറിച്ച പോസ്റ്റുകളുടെ തുടരന്വേഷണം.ഷിബു കെ നായര്‍ എഴുതുന്നു

 

 

മാലിന്യ നിക്ഷേപവുമായി ബന്ധപ്പെട്ട ജനകീയ സമരങ്ങള്‍ കേരളത്തില്‍ ഇപ്പോഴും തുടരുകയാണ്. കോടതി വിധിയായും സര്‍ക്കാര്‍ നല്‍കിയ പാഴ് വാഗ്ദാനങ്ങളായും തദ്ദേശഭരണസ്ഥാപനങ്ങളുടെ ഉറപ്പുകളുമായുമൊക്കെ താല്‍ക്കാലികമായി അടങ്ങിയെങ്കിലും പൊട്ടിത്തെറികള്‍ക്കു മുകളിലാണ് കേരളത്തിലെ അനേകം സമരദേശങ്ങള്‍. ഏത് നിമിഷവും മാലിന്യ പ്രശ്നം സ്ഫോടനാത്മകമായ അവസ്ഥയിലെത്താം. വിളപ്പില്‍ശാലയും ലാലൂരും അടക്കമുള്ള പ്രദേശങ്ങള്‍ അത്തരമൊരു നിശ്ശബ്ദതയിലാണിന്ന്.

ഷിബു കെ നായര്‍


ഇതോടാപ്പം തന്നെയാണ് വര്‍ധിക്കുന്ന മാലിന്യനിക്ഷേപം. ഓരോ നിമിഷവും കുന്നുകൂടി കൊണ്ടിരിക്കുകയാണ് ഉപഭോഗകേരളം പുറത്തേക്ക് തള്ളുന്ന മാലിന്യങ്ങള്‍. സംസ്കരിക്കാന്‍ മാര്‍ഗമില്ലാതെ, പാതയോരങ്ങളിലും പുഴയിറമ്പുകളിലും പുറമ്പോക്കുകളിലും അവ കൂമ്പാരമായി മാറുന്നു. സ്വന്തം വീടിനു പുറത്തുള്ള എല്ലായിടങ്ങളും മാലിന്യം തള്ളാനുള്ളതാണെന്ന മലയാളിയുടെ മനോഭാവവും മാലിന്യസംസ്കരണം ഇനിയും ഗൌരവമായി കണക്കാക്കാത്ത സര്‍ക്കാര്‍ നയങ്ങളുമെല്ലാം ചേര്‍ന്ന് പ്രശ്നം വഷളാക്കുകയാണ്.

എല്ലാ അര്‍ത്ഥത്തിലും സ്ഫോടനാത്മകമായ അവസ്ഥ. അടിയന്തിര പരിഹാരങ്ങള്‍ ആവശ്യമുള്ള പ്രശ്നങ്ങള്‍. സാമാന്യബോധമുള്ള ഒരു ഭരണകൂടത്തിനും അവഗണിക്കാനാവാത്ത വിഷയങ്ങളെന്ന് ഒറ്റനോട്ടത്തില്‍ വ്യക്തം. എന്നാല്‍, കേരളം ഭരിക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാറിന് മാത്രം ഇക്കാര്യം ബോധ്യമായിട്ടില്ല. മാലിന്യവുമായി ബന്ധപ്പെട്ട ജനകീയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനല്ല അതു നിലനിര്‍ത്തി ലാഭക്കച്ചവടം നടത്താനാണ് സര്‍ക്കാറിന്റെ ശ്രദ്ധ. മാലിന്യ സംസ്കരണ മേഖലയിലെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ മുഴുവന്‍ ഇല്ലാതാക്കി സ്വകാര്യമുതലാളിമാര്‍ക്ക് ഈ രംഗം തീറെഴുതുകയാണ് സര്‍ക്കാര്‍. ഇതിനായി തദ്ദേശ ഭരണസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതിക സഹായ സമിതികള്‍ പിരിച്ചുവിട്ടു. കേരള ശുചിത്വ മിഷന്‍ പിരിച്ചുവിടാന്‍ തീരുമാനമെടുത്തു കഴിഞ്ഞു. പകരം, കേരള വേസ്റ് മാനേജ്മെന്റ് എന്ന കമ്പനി രൂപവല്‍കരിക്കും. സര്‍ക്കാറിന് 26 ശതമാനം ഓഹരി പങ്കാളിത്തം മാത്രമുള്ള ഈ കമ്പനിയുടെ ശിഷ്ട ഓഹരികള്‍ മാലിന്യക്കച്ചവടക്കാര്‍ക്കും സേവന ദാതാക്കള്‍ക്കും ദല്ലാളന്‍മാര്‍ക്കുമായിരിക്കും. അപ്രായോഗികമെന്നു തെളിഞ്ഞ കേന്ദ്രീകൃത മാലിന്യ നിര്‍മാര്‍ജന പദ്ധതികള്‍ നടപ്പാക്കി അതിനുള്ള ഫീസ് പിരിക്കുക ഇവരായിരിക്കും.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ മാലിന്യക്കച്ചവടക്കാരും ദല്ലാള്‍മാരും അധികാരത്തിന്റെ ഇട നാഴികളില്‍ വട്ടമിട്ടു പറക്കുകയാണ്. അവര്‍ ഉദ്ദേശിച്ചത് പോലെ കാര്യങ്ങള്‍ നടക്കുന്നു എന്നാണ് തെളിയുന്നത്. കേരളം ഒരു തീവെട്ടി കൊള്ളക്ക് കൂടി സാക്ഷ്യം വഹിക്കാന്‍ പോവുകയാണ്.

 

വിളപ്പില്‍ശാലയിലെ പൊലീസ് നടപടിയുടെ പശ്ചാത്തലത്തില്‍ നാലാമിടം പ്രസിദ്ധീകരിച്ച കുറിപ്പ്


 

കേരള ശുചിത്വ മിഷന്‍
കഴിഞ്ഞ സര്‍ക്കാര്‍ 2008ല്‍ ക്ലീന്‍ കേരള മിഷനെയും ടോട്ടല്‍ സാനിറ്റേഷന്‍ മിഷനെയും ലയിപ്പിച്ച് കേരള ശുചിത്വ മിഷന്‍ തുടങ്ങിയത്. സംസ്ഥാന തലത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ആളുകള്‍ ഉള്ള ക്ലീന്‍ കേരള മിഷന്റെ പരിമിതി മറികടക്കുന്നതിനും താഴെ തട്ടിലെ മാലിന്യ നിര്‍മാര്‍ജന പ്രശ്നങ്ങള്‍ നേരിട്ട് മനസ്സിലാക്കി ഇടപെടലുകള്‍ നടത്തുന്നതിന് പ്രാപ്തി കൈവരുത്തുന്നതിനും ഈ ലയനം സഹായിച്ചു.

ദീര്‍ഘ കാല അനുഭവ പരിചയവും നേതൃ പാടവവുമുള്ള സാനിറ്റേഷന്‍ മിഷന്‍ ഉദ്യോഗസ്ഥരുടെ സഹായവും ദേശീയ ശുചിത്വ പരിപാടിയുടെ ധനസഹായവും കോര്‍ത്തിണക്കി പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കാന്‍ ശുചിത്വ മിഷനിലൂടെ കഴിഞ്ഞു. കേരളത്തിന്റെ സാഹചര്യത്തില്‍ സാനിറ്റേഷന് പുറമേ ഖര മാലിന്യ നിര്‍മാര്‍ജനം കൂടി പ്രഥമ പരിഗണന അര്‍ഹിക്കുന്നുവെന്ന ദീര്‍ഘ വീക്ഷണത്തിന്റെ ഫലമായാണ് മേല്‍പറഞ്ഞ പുന:സംഘാടനം നടത്തിയത്. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച നിര്‍മല്‍ ഭാരത് അഭിയാന്‍ എന്ന സമ്പൂര്‍ണ ശുചിത്വ പദ്ധതി അഞ്ചു വര്‍ഷം മുമ്പേ നടപ്പിലാക്കാന്‍ ശ്രമം തുടങ്ങിയ ഒരു സംസ്ഥാനം കേരളം ആയിരുന്നു.

ജനകീയ ആസൂത്രണ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ജന പങ്കാളിത്തം ഉറപ്പാക്കുന്ന രീതിയില്‍ ആയിരുന്നു ഈ പുന: സംഘാടനം. എല്ലാ ജന പ്രതിനിധികള്‍ക്കും പല ഘട്ടങ്ങളില്‍ ആയുള്ള പരിശീലനം. പരിശീലനം സിദ്ധിച്ച ഉദ്യാഗസ്ഥരും ജന പ്രതിനിധികളും സന്നധ പ്രവര്‍ത്തകരുമുള്ള വര്‍ക്കിംഗ് ഗ്രൂപ്പുകള്‍, ത്രിതല പഞ്ചായത്തുകളില്‍ പരിശീലനം ലഭിച്ച സന്നദ്ധ പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും അടങ്ങിയ സാങ്കേതിക സഹായ സമിതികള്‍ എന്നിവയൊക്കെ ഇതിന്റെ ഭാഗമായിരുന്നു.

ജനങ്ങളുടെ കാഴ്ചപ്പാടിലും സ്വഭാവത്തിലും ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്ന ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ബോധവല്‍ക്കരണ, ശാക്തീകരണ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ കേരളത്തിലെ മാലിന്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയൂ എന്ന തിരിച്ചറിവിലാണ് ജനകീയ ആസൂത്രണത്തിന് ശേഷം ഇത്ര ബൃഹത്തായ ഒരു പരിപാടിക്ക് കഴിഞ്ഞ സര്‍ക്കാര്‍ ചുക്കാന്‍ പിടിച്ചത്.

 

മാലിന്യ നിക്ഷേപത്തിനെതിരെ നടക്കുന്ന ജനകീയ സമരങ്ങള്‍ക്കെതിരായ സര്‍ക്കാര്‍ നിലപാടുകളെ കുറിച്ച് നാലാമിടം പ്രസിദ്ധീകരിച്ച കുറിപ്പ്


 

ശുചിത്വമിഷനെ തകര്‍ത്തതിങ്ങനെ
മാലിന്യ നിര്‍മാര്‍ജന സംവിധാനങ്ങള്‍ ഒരുക്കുന്ന സേവന ദാതാക്കളും, സാങ്കേതിക വിദ്യാ കച്ചവടക്കാരും മറ്റു കമ്പനികളും പഞ്ചായത്തുകളെ വഴി തെറ്റിക്കുന്നു എന്നതായിരുന്നു ഈ ഘട്ടത്തില്‍ അഭിമുഖീകരിക്കേണ്ടി വന്ന ഏറ്റവും വലിയ പ്രശ്നം . ഇതിനു പരിഹാരമായി കേരളത്തില്‍ ഫലപ്രദമാകുന്ന സാങ്കേതിക വിദ്യകള്‍ ഏതൊക്കെയെന്നു തീരുമാനിക്കുകയും അതിന്റെ നടത്തിപ്പിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കുകയും ചെയ്തു. പദ്ധതി നടത്തിപ്പ് സുതാര്യമാക്കുക വഴി തെറ്റായ നീക്കങ്ങള്‍ക്ക് തടയിടാനും കഴിഞ്ഞു.

ഇത് കേരളത്തില്‍ സജീവമായിരുന്ന സേവന ദാതാക്കളെയും അവരുടെ ദല്ലാളന്മാരെയും അഴിമതി തല്‍പരരായ ചില ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും തെല്ലൊന്നുമല്ല പ്രകോപിപ്പിച്ചത്. സുഗമവും സ്വതന്ത്രവുമായ പദ്ധതി നടത്തിപ്പിന് തടസ്സം നില്‍ക്കുന്നു എന്ന മട്ടില്‍ ചില ഭാഗങ്ങളില്‍ നിന്നും പ്രതിഷേധങ്ങളും എതിര്‍പ്പുകളും ഉണ്ടാക്കിയത് ഈ പശ്ചാത്തലത്തിലായിരുന്നു.

മന്ദഗതിയില്‍ ആണെങ്കിലും മാലിന്യ നിര്‍മാര്‍ജന പദ്ധതികള്‍ക്ക് അനിവാര്യമായ സംഘടന സംവിധാനം, ക്രിയാത്മകമായ ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍, ശാക്തീകരണം എന്നിവ സൃഷ്ടിക്കുന്നതില്‍ ശുചിത്വ മിഷന്‍ മുന്‍കൈയില്‍ വലിയൊരു മുന്നേറ്റം തന്നെ നടന്നു. ഒപ്പം ആവശ്യമായ പണം പഞ്ചായത്തുകള്‍ തോറും ലഭ്യമാക്കുകയും ചെയ്തു.

വികേന്ദ്രീകൃത മാലിന്യ നിര്‍മാര്‍ജന സംവിധാനങ്ങളും മാലിന്യ ലഘൂകരണ പരിപാടികളും മുന്‍ നിര്‍ത്തിയുള്ള മിഷന്റെ പരിപാടികള്‍ക്ക് പലവിധ എതിര്‍പ്പുകളും നേരിടേണ്ടി വന്നിട്ടുണ്ട്. അതില്‍ പ്രധാനമായത് ഇന്‍സിനറേറ്റര്‍ കമ്പനികളുടെ ഭാഗത്തുനിന്നായിരുന്നു. വേസ്റ് ടു എനര്‍ജി എന്ന പേരില്‍ മാലിന്യങ്ങള്‍ കേന്ദ്രീകൃതമായി കത്തിക്കുന്നതിനുള്ള ഇന്‍സിനറെറ്ററുകളുടെ വിപണി കോടികള്‍ മറിയുന്നതാണ്. ഇതിനാല്‍, തങ്ങള്‍ക്കനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നതിന് സഹായകമായ വിധത്തില്‍ സര്‍ക്കാരിനെ സ്വാധീനിക്കാന്‍ ഇന്‍സിനറേറ്റര്‍ കമ്പനികള്‍ പലവിധത്തില്‍ ശ്രമിച്ചു കൊണ്ടേയിരുന്നു.

പുതുതായി നിലവില്‍ വന്ന പഞ്ചായത്ത് ഭരണ സമിതികളില്‍ ഏറെ പേരും ഈ പദ്ധതിയോട് മുഖം തിരിക്കുകയോ പരിപാടികള്‍ മന്ദീഭവിപ്പിക്കുകയോ ആയിരുന്നു. ഇത് സ്വാഭാവികമായിരുന്നില്ലെന്നും വലിയ ഗൂഢാലോചന തന്നെ ഇതിനു ഇതിനു പിന്നില്‍ ഉണ്ടായിരുന്നുവെന്നുമാണ് ഇപ്പോള്‍ തെളിയുന്നത്. ശുചിത്വ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമം അല്ല എന്ന് വരുത്തി തീര്‍ക്കേണ്ടത് ചിലരുടെ ആവശ്യമായിരുന്നു. ദുഷ്ടലാക്കോടെ അവര്‍ നടത്തിയ നീക്കങ്ങള്‍ ഗുണം കാണുന്നതാണ് ഇപ്പോള്‍ കാണുന്നത്

 

വിളപ്പില്‍ശാലയിലെ പൊലീസ് നടപടി


 

കെണി ഒരുങ്ങുന്നു
പുതിയ സംസ്ഥാന സര്‍ക്കാര്‍ ആദ്യം ചെയ്തത്, ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ വന്‍ അഴിച്ചു പണി നടത്തുകയായിരുന്നു. അതിനു ശേഷം, അതുവരെ സര്‍ക്കാര്‍ കൈക്കൊണ്ട നയങ്ങള്‍ക്ക് കടക വിരുദ്ധമായി കേന്ദ്രീകൃത മാലിന്യ നിര്‍മാര്‍ജന സാങ്കേതിക വിദ്യകള്‍ പ്രോല്‍സാഹിപ്പിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. ഇത്തരം സാങ്കേതിക വിദ്യകളെക്കുറിച്ച സാധ്യതാ പഠനത്തിന് മിഷനെ ചുമതലപ്പെടുത്തി. (അങ്ങനെയാണ് ലോകത്തില്‍ നിലവില്‍ ഇല്ലാത്ത ഒരു സാങ്കേതിക വിദ്യ അന്വേഷിച്ച് ഒരു സംഘം ജര്‍മനിയില്‍ വിനോദ സഞ്ചാരത്തിനു പോയി വെറും കയ്യോടെ തിരിച്ചു വന്നത് !)

അതായത്, പരിഹാരം എന്താവണമെന്ന് ആദ്യമേ നിശ്ചയിച്ചുറപ്പിച്ച പ്രശ്നങ്ങള്‍ തേടിയിറങ്ങല്‍. അതിനു വേണ്ടി പഞ്ചായത്ത് തലം തുടങ്ങി മേലോട്ടുള്ള മാലിന്യ നിര്‍മാര്‍ജന പരിപാടികള്‍ മനപൂര്‍വം വൈകിപ്പിച്ചു. മഴക്കാല പൂര്‍വ ശുചീകരണം സമയത്ത് നടത്താതിരുന്നു. ഇതോടെ മാലിന്യ പ്രശ്നം കലശലായി. ജനമുണര്‍ന്നു. മാധ്യമങ്ങള്‍ നിലവിളി തുടങ്ങി. അങ്ങനെ കേന്ദ്രീകൃത സംവിധാനങ്ങള്‍ക്കാവശ്യമായ പൊതുജനാഭിപ്രായം രൂപപ്പെടുത്തി.

സബ്സിഡികള്‍ പ്രഖ്യാപിച്ചെങ്കിലും അവ നടപ്പിലാക്കുന്നതില്‍ വലിയ കാലതാമസം വരുത്തുകയും പത്ര മാധ്യമങ്ങള്‍ വഴി ഉടന്‍ വരാന്‍ പോകുന്ന വന്‍കിട ഹൈ ടെക് പദ്ധതികള്‍ പ്രഖ്യാപിച്ചു കൊണ്ടിരിക്കുകയും ചെയ്തു. പ്രശ്നങ്ങള്‍ ഇല്ലാത്തിടത്ത് കൂടി പ്രശ്നം ഉണ്ടാക്കുന്നതിന്റെ ഭാഗമായി റെയില്‍വേ സ്റ്റേഷന്‍ പ്ലാററ്ഫോറം നിര്‍മാണത്തിന് മാലിന്യം ഉപയോഗിക്കാനുള്ള ശ്രമങ്ങളും തുടങ്ങി.

ശുചിത്വ മിഷന് മരണം

ഇത്രയുമായപ്പോള്‍ അടുത്ത ഘട്ടം തുടങ്ങി. ത്രിതല പഞ്ചായത്തുകളില്‍ പ്രവര്‍ത്തിച്ചിരുന്ന സാങ്കേതിക സഹായ സമിതികളായിരുന്നു ആദ്യ ഇരകള്‍. (സര്‍ക്കാറിന് ഒരു പൈസ പോലും ചിലവില്ലാത്ത ഏര്‍പ്പാടായിരുന്നു ഏര്‍പ്പാടായിരുന്നു ഈ സമിതികള്‍). എന്നിട്ടും കൂളായി അവ പിരിച്ചു വിട്ടു.

അടുത്ത വെട്ട് കേരള ശുചിത്വ മിഷനു നേരെയായിരുന്നു. അതും പിരിച്ചു വിടാന്‍ തീരുമാനിച്ചു കഴിഞ്ഞു. പകരമായി കേരള വേസ്റ് മാനേജ്മന്റ് എന്ന കമ്പനി രൂപവല്‍കരിക്കാനും തീരുമാനമായി. സര്‍ക്കാറിന് വെറും 26 ശതമാനം ഓഹരി പങ്കാളിത്തമേ ഉണ്ടാവൂ ഈ കമ്പനിയില്‍. ബാക്കി ഓഹരികള്‍ മാലിന്യക്കച്ചവടക്കാര്‍ക്കും സേവന ദാതാക്കള്‍ക്കും ദല്ലാളന്‍മാര്‍ക്കുമായിരിക്കും. അവരെല്ലാം ചേര്‍ന്ന് കേരളത്തിലെ മാലിന്യ നിര്‍മാര്‍ജന പദ്ധതികള്‍ നടപ്പാക്കും. അതിനുള്ള ഫീസ് പിരിക്കും. കച്ചവടം നടത്തും. പണപ്പെട്ടിയുടെ താക്കോല്‍ ഇതാ കാത്തിരുന്ന കറക്കു കമ്പനിയുടെ കൈയില്‍.

 

പെട്ടിപ്പാലം സമരത്തിനിടെയുണ്ടായ പൊലീസ് നടപടിയില്‍ പെണ്‍കുട്ടിയെ പൊലീസ് നീക്കുന്നു


 

വരാനുള്ള ദുരന്തങ്ങള്‍

കാര്യങ്ങള്‍ ആരൊക്കെയോ ആസൂത്രണം ചെയ്ത വഴിക്കു തന്നെ നീങ്ങി. നാടിന്റെ ഭാവി അവരുടെ കൈകളിലാണ്. അവര്‍ തീരുമാനിക്കും, കേരളത്തിന്റെ മാലിന്യ സംസ്കരണം എന്താവണമെന്ന്.

കേരളത്തില്‍ നിലവിലുള്ള ചെറുകിട സേവന ദാതാക്കള്‍ പൂര്‍ണമായി തുടച്ചു മാറ്റപ്പെടുകയായിരിക്കും ആദ്യ ഫലം.ബയോഗ്യാസ് , കമ്പോസ്ററിംഗ് , മണ്ണിര കമ്പോസ്ററിംഗ് എന്നിവ പൂര്‍ണമായും തുടച്ചു മാറ്റപ്പെടും. പുതുതായി നിലവില്‍ വന്ന കമ്പനി സംവിധാനത്തില്‍ കാര്യങ്ങളെല്ലാം സ്വകാര്യ കമ്പനികള്‍ക്ക് അനുകൂലമായിരിക്കും. കോടികളുടെ ആസ്തികളുള്ള വേസ്റ് ടു എനര്‍ജി കമ്പനികള്‍ക്കായിരിക്കും ഓഹരികളുടെ കണ്‍സോളിഡേഷന്‍ എളുപ്പം സാധ്യമാവുക. കേരള വേസ്റ് മാനേജ്മെന്റ് കമ്പനി എന്നത് കുത്തക ആയി മാറും.

കേരളത്തില്‍ ഒട്ടും (ഇന്ത്യയില്‍ തന്നെയും ) വിജയകരമല്ലാത്ത, വളരെയധികം മലിനീകരണവും സാമ്പത്തിക ബാധ്യതകളും വരുത്തി വെക്കുന്ന സാങ്കേതിക വിദ്യകള്‍നടപ്പിലാക്കാനാണ് ഈ സര്‍ക്കാര്‍ ശ്രമിക്കുന്നത്. സ്വാര്‍ത്ഥ താല്‍പര്യത്തിനു വേണ്ടി നാടിനെയും നാട്ടാരെയും ബലികഴിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ ഇപ്പോള്‍ നടക്കുന്ന ജനകീയ സമരങ്ങളില്‍ നിന്നും ഒന്നും പഠിച്ചിട്ടില്ല. പകരം, ഈ സമരങ്ങളെ തന്നെ തങ്ങളുടെ കച്ചവടത്തിനുള്ള മാര്‍ഗമായി ഉപയോഗിക്കുകയാണ് അവര്‍ ചെയ്യുന്നത്. ബഹുജന മുന്നേറ്റങ്ങളെ നിരോധനാജ്ഞകളും നൂറ്റിനാല്‍പ്പത്തിനാലുകളും പ്രയോഗിച്ച് അടിച്ചമര്‍ത്താം. വൈകാതെ അവര്‍ക്ക് മേലെ വന്‍കിട പദ്ധതികള്‍ നടപ്പിലാക്കാം. ഇതാണ് സര്‍ക്കാറിന്റെ കണക്കു കൂട്ടല്‍.

എന്നാല്‍, ഒട്ടും സുതാര്യതയില്ലാത്ത ഈ മൂന്നാം കിട നാടകത്തിന്റെ വരുംവരായ്കള്‍ അധികം വൈകാതെ തുറന്നുകാട്ടപ്പെടുക തന്നെ ചെയ്യും. മാലിന്യ സംസ്കരണമെന്ന ഉത്തരവാദിത്തം സ്വകാര്യ മുതലാളിമാര്‍ക്കു മുന്നില്‍ അടിയറവെച്ച്, കാറ്റുകൊണ്ടിരിക്കാമെന്നാണ് ഭരണകൂടത്തിന്റെ കൌശലമെങ്കില്‍ അത് തകരാന്‍ ഏറെ നേരമെടുക്കില്ല. അങ്ങനെയെങ്കില്‍, ഇനി വരാനുള്ളത് ഈ കണ്ടതിലും തീച്ചൂടുള്ള ജനകീയ പ്രക്ഷോഭങ്ങളാവും. കേരളത്തിന്റെ മാലിന്യ പ്രശ്നത്തിന്റെ ഭാവി നിര്‍ണയിക്കുക ആ നാളുകളാവും.
 
 
മാലിന്യ പ്രശ്നത്തെക്കുറിച്ച് നാലാമിടം പ്രസിദ്ധീകരിച്ച കുറിപ്പുകള്‍
 
വിളപ്പില്‍ശാല: ഈ മനുഷ്യരെ ഇനിയും കൊല്ലരുത്
ജാലിയന്‍ വാലാബാഗ്, കൂടംകുളം, വിളപ്പില്‍ശാല, പെട്ടിപ്പാലം…
 
 
നാലാമിടം ഒന്നാം പിറന്നാള്‍ കുറിപ്പ്:
 
വരൂ, ഇന്ന് നമ്മുടെ ആദ്യ പിറന്നാള്‍…
 
 
 
 

Leave a Reply

Your email address will not be published. Required fields are marked *