ഇല്ല ഷാഹിദ് ബാവ, വേട്ടപ്പട്ടികള്‍ ഉറങ്ങിയിട്ടില്ല…

 
 
 
 
സദാചാര പൊലീസുകാര്‍ കൊന്നുകളഞ്ഞ ഷാഹിദ് ബാവയുടെ കുടുംബം പറയുന്ന തീച്ചൂടുള്ള നേരുകള്‍. സുദീപ് കെ എസ് എഴുതുന്നു

 
 

കോഴിക്കോട് ജില്ലയിലെ കൊടിയത്തൂരില്‍ സദാചാര പൊലീസ് ആക്രമണത്തില്‍ ചെറുവാടി ചുള്ളിക്കാംപറമ്പ് സ്വദേശി ഷാഹിദ് ബാവ എന്ന 26കാരന്‍ കൊല്ലപ്പെട്ടിട്ട് പത്ത് മാസമാവുന്നു. അക്രമി സംഘത്തിന്റെ ക്രൂരമര്‍ദ്ദനമേറ്റ് ഗുരുതരാവസ്ഥയില്‍ നാല് നാള്‍ ആശുപത്രിയില്‍ കഴിഞ്ഞശേഷമായിരുന്നു ഷാഹിദിന്റെ അന്ത്യം. കേസിലെ 15 പ്രതികളില്‍ 14 പേരും ഇപ്പോള്‍ ജാമ്യത്തിലാണ്. കേസ് ഇപ്പോള്‍ എരഞ്ഞിപ്പാലത്തെ മാറാട് സ്പെഷ്യല്‍ കോടതിയുടെ പരിഗണനയിലാണ്. സദാചാര പൊലീസിങ് കേരളത്തില്‍ പൂര്‍വാധികം ശക്തിയോടെ തുടരുന്ന പുതു സാഹചര്യത്തില്‍ ഷാഹിദിന്റെ ഓര്‍മ്മകളിലേക്ക് ഒരു സഞ്ചാരം. ഷാഹിദ് കൊല്ലപ്പെട്ടതിന്റെ പിറ്റേന്ന്, കഴിഞ്ഞ വര്‍ഷം നവംബര്‍ 14ന് നാലാമിടം പ്രസിദ്ധീകരിച്ച കുറിപ്പിന് ഒരു തുടരന്വേഷണം. സുദീപ് കെ.എസ് എഴുതുന്നു

 

 

ഷാഹിദ് ബാവയുടെ വീടന്വേഷിച്ച് പോയത് ഒട്ടൊരു കുറ്റബോധത്തോടെയാണ്. ഞങ്ങള്‍ പാര്‍ക്കുന്നതിന് ഇത്രയുമടുത്ത് ഇങ്ങനെയൊരു സംഭവം നടന്നിട്ട് ഇതുവരെ അവിടെ പോയിരുന്നില്ല. വീട്ടുകാരെയോ നാട്ടുകാരെയോ കണ്ടിരുന്നില്ല. ഒന്നുരണ്ടുതവണ പോകാന്‍ പരിപാടിയിട്ടെങ്കിലും പല കാരണങ്ങളാല്‍ അതെല്ലാം അലസിപ്പോയി.

ചെറുവാടി ചുള്ളിക്കാപ്പറമ്പില്‍ കത്താലിയുടെ വീട് കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടുണ്ടായില്ല. റോഡരികില്‍ത്തന്നെ ഒരു ചെറിയ വീട്. അകത്താരും ഉള്ളതുപോലെ തോന്നിയില്ല. ജനാലച്ചില്ലുകള്‍ പൊട്ടിയിരുന്നത് ശ്രദ്ധയില്‍പ്പെട്ടു. ‘അവിടെ ചിലപ്പോള്‍ ആളുണ്ടാവില്ല’ എന്ന് അതിലേ വന്നവര്‍ പറഞ്ഞു. അപ്പോള്‍ അല്‍പ്പം പ്രായമുള്ള ഒരാള്‍ വന്ന് എന്താണ്, ആരാണ് എന്നൊക്കെ ചോദിച്ചു.

സുദീപ് കെ എസ്


ഷാഹിദ് ബാവയുടെ വീടന്വേഷിച്ച് വന്നതാണ് എന്നും വരുന്നത് എവിടെനിന്നാണ് എന്നുമൊക്കെ പറഞ്ഞപ്പോള്‍ അദ്ദേഹം ഞങ്ങളെ അടുത്തുള്ളൊരു വീട്ടില്‍ കൊണ്ടുപോയിരുത്തി. ബാവയുടെ ഉമ്മ അവിടെയില്ല, പെരുന്നാളിന് മകളുടെ വീട്ടില്‍ പോയതാണ് എന്നും വാപ്പ കത്താലി അടുത്തൊരു വീട്ടിലുണ്ട്, വിളിക്കാം എന്നും പറഞ്ഞു. ഷാഹിദ് ബാവയുടെ വാപ്പയുടെ ജ്യേഷ്ഠനായിരുന്നു അത്. അവര്‍ ജ്യേഷ്ഠാനുജന്മാരുടെ വീടുകള്‍ തന്നെയായിരുന്നു ആ ചുറ്റുവട്ടത്തെല്ലാം. ഞങ്ങള്‍ ഇരുന്നത് സഹോദരങ്ങളില്‍ ഒരാളുടെ വീട്ടിലായിരുന്നു ബാവയുടെ ഇച്ചിയാപ്പ (പിതാവിന്റെ അനുജന്‍) കരീമിന്റെ.

കരീമും അദ്ദേഹത്തിന്റെ ഭാര്യയും സി പി എം പ്രവര്‍ത്തകരാണ്. അവരുടെ മകള്‍ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ബിരുദപഠനം കഴിഞ്ഞ് മൈസൂരില്‍ ഇന്‍ഫോസിസില്‍ ജോലിയ്ക്ക് പോവാന്‍ നില്‍ക്കുന്നു. ഞങ്ങള്‍ക്ക് എന്താണ് അറിയേണ്ടത്, ഞങ്ങള്‍ കുഴപ്പക്കാരാണോ എന്നൊക്കെ ഒരാശങ്ക അവര്‍ക്കുണ്ടോ എന്ന് ആദ്യം സംശയം തോന്നിയെങ്കിലും അദ്ദേഹം ഒരു മണിക്കൂറോളം ഞങ്ങളോട് മനസ്സുതുറന്നു സംസാരിച്ചു. ഷാഹിദ് ബാവയുടെ വാപ്പ കത്താലി ഇതിനിടെ അവിടെവന്നു ഞങ്ങളെ കണ്ടു എങ്കിലും ഈ വിഷയത്തെപ്പറ്റി സംസാരിക്കാനുള്ള ഒരു മാനസികാവസ്ഥയിലായിരുന്നില്ല അദ്ദേഹം.

 

ഷാഹിദ് ബാവ


 

ചതിയുടെ കഥ

‘ഒരു ചതിയിലൂടെയാണ് ഈ കൊലപാതകം നടന്നത്’ -കരീം പറഞ്ഞു തുടങ്ങിയത് അങ്ങനെയാണ്.

‘സംഭവം നടക്കുന്നതിന് ഒരു മാസം മുമ്പ് കൊടിയത്തൂര്‍ നിന്ന് ഷാഹിദ് ബാവയുടെ കാറിനെ കുറച്ച് ചെറുപ്പക്കാര്‍ ബൈക്കില്‍ പിന്തുടര്‍ന്നിരുന്നു. വെള്ളമടിച്ച് ബഹളമുണ്ടാക്കി വന്ന് അവര്‍ ചെറുവാടിയില്‍ ബാവയുടെ വീട്ടിന് മുന്നില്‍ വച്ച് ഒരു സീനുണ്ടാക്കി. ഷാഹിദ് ബാവ കൊടിയത്തൂരില്‍ ഒരു സ്ത്രീയുടെ വീട്ടില്‍ കയറി എന്നതായിരുന്നു അവരുടെ ആരോപണം. ആരുടെ വീട് എന്ന് പറയാന്‍ അവര്‍ തയ്യാറായില്ല.

ഇനി കൊടിയത്തൂര്‍ക്ക് വന്നാല്‍ നിന്റെ മയ്യത്ത് കാണും എന്നൊക്കെ അവര്‍ ഭീഷണി മുഴക്കി. അവരില്‍ രണ്ടുപേരുടെ ബൈക്ക് ബാവയുടെ വീട്ടുകാര്‍ തടഞ്ഞുവെച്ചു. വീട്ടില്‍ വന്ന് പ്രശ്നമുണ്ടാക്കിയ സ്ഥിതിക്ക് ഇവരുടെ വീട്ടുകാര്‍ അറിഞ്ഞിട്ടേ വണ്ടി വിട്ടുകൊടുക്കൂ എന്നായിരുന്നു അവരുടെ നിലപാട്. പിന്നീട് മുസ്ലീം ലീഗുകാരനായ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇടപെട്ടിട്ടാണ് അന്നുരാത്രിതന്നെ ബൈക്കുകള്‍ വിട്ടുകൊടുത്തത്. ഇങ്ങനെ ഒരു ചതി പിന്നീടുണ്ടാവും എന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല’^അദ്ദേഹം പറഞ്ഞു.

നാസര്‍ എന്ന ഓട്ടോക്കാരനും അന്ന് രാത്രി ആ ബഹളത്തിനിടയില്‍ ഉണ്ടായിരുന്നു.’ആഹാ, യ്യും ഇക്കൂട്ടത്തിലുണ്ടോ’^എന്ന് ഷാഹിദ് ബാവ അയാളോട് ചോദിച്ചിരുന്നുവത്രേ. ‘ഉണ്ടായിരുന്നില്ല, ഞാന്‍ ഇപ്പോള്‍ വന്നതാണ’ എന്നാണ് അയാള്‍ മറുപടി പറഞ്ഞത്.

ആ സംഭാഷണത്തില്‍ നിന്ന്, ബാവയ്ക്ക് നാസറിനെ നന്നായി അറിയാം എന്ന് മനസ്സിലാക്കിയ ആരൊക്കെയോ ആകണം പിന്നീട് നാസറിനെക്കൊണ്ട് ബാവയെ ഒരു മാസത്തിനുശേഷം തിരിച്ച് കൊടിയത്തൂരില്‍ എത്തിച്ച് ചതിയില്‍ കുടുക്കിയത് എന്നാണ് ബാവയുടെ വീട്ടുകാര്‍ കരുതുന്നത്. നാസറിന്റെ ഓട്ടോയിലാണ് സംഭവം നടന്ന ഡിസംബര്‍ 9ന് രാത്രി ബാവ കൊടിയത്തൂരില്‍ എത്തിയത്. നാസറും കേസില്‍ പ്രതിയാണ്.

ഞങ്ങള്‍ കണ്ട പൊട്ടിയ ജനാലച്ചില്ലുകള്‍ അന്നത്തെ രാത്രിയിലെ തോന്നിവാസത്തിന്റെ ബാക്കിയാണോ എന്ന് അപ്പോഴാണ് സംശയം തോന്നിയത്. ‘അതെ, അത് തന്നെയാണ്. അന്നു രാത്രി അവര്‍ പൊട്ടിച്ചത്’-ആ സംശയം അദ്ദേഹം തീര്‍ത്തുതന്നു.

അവിഹിതബന്ധം എന്ന ആരോപണത്തെപ്പറ്റി ചോദിച്ചപ്പോള്‍ ‘ബാവയ്ക്ക് അങ്ങനെ ഒരു ബന്ധം ആ സ്ത്രീയുമായി ഉണ്ടായിരുന്നോ എന്നറിയില്ല, അല്ലാതെത്തന്നെ അവരുമായി സാമ്പത്തികമായും കുടുംബപരമായും ബാവയ്ക്ക് ബന്ധങ്ങള്‍ ഉണ്ടായിരുന്നു’ എന്നാണ് കരീം പറഞ്ഞത്. ഈ പറഞ്ഞ രണ്ട് ദിവസവും അവരുടെ വീട്ടില്‍ ബാവ പോയി എന്നതിന് തെളിവൊന്നുമില്ല.

‘അവന്‍ കല്യാണം കഴിക്കാന്‍ പെണ്ണന്വേഷിച്ചു കൊണ്ടിരിക്കുന്ന സമയമായിരുന്നു. ഞാനായിരുന്നു അവന്റെ കൂടെ പെണ്ണുകാണാന്‍ പോവുന്നത്. അവന്‍ എനിക്കൊരു സുഹൃത്തിനെപ്പോലെയായിരുന്നു’-കരീം പറഞ്ഞു.

വലിയ വായില്‍ സദാചാരത്തിന്റെയും പവിത്രതയുടെയുമൊക്കെ വീരവാദം പറയുന്ന കൊടിയത്തൂരിലെ നാട്ടുകാരെയും അദ്ദേഹം വെല്ലുവിളിച്ചു : ‘കൊടിയത്തൂരാണോ അവിഹിതബന്ധങ്ങള്‍ നടക്കാത്തത്? ചെറുവാടിയില്‍ നിന്നുള്ള ഒരാള്‍ അവിടെ വന്നതായിരിക്കും അവരെ ചൊടിപ്പിച്ചത്. ആദ്യത്തെ ആ സംഭവം കഴിഞ്ഞ് പിറ്റേന്നുതന്നെ അവിടെയുള്ള ഒരാള്‍ ഈ സ്ത്രീയെ വിളിച്ച് ‘ഞങ്ങള്‍ നാട്ടുകാരൊക്കെ ഇവിടെ ഉള്ളപ്പോള്‍..’ എന്ന രീതിയില്‍ ചില അനാവശ്യസംസാരങ്ങള്‍ നടത്തിയിരുന്നു’-കരീം പറഞ്ഞു.

 


 

നിയമത്തിന്റെ വഴികള്‍
15 പ്രതികളില്‍ 14 പേരും പോലീസ് പിടിയിലായി. മുഖ്യപ്രതികളില്‍ ഒരാള്‍ ഗള്‍ഫിലേയ്ക്ക് കടന്നിരുന്നു. ഇയാളെ നാട്ടിലേയ്ക്ക് തിരിച്ചുകൊണ്ടുവന്ന് നെടുമ്പാശേãരി വിമാനത്താവളത്തില്‍ വച്ച് കൊടുവള്ളി സി ഐ യുടെ നേതൃത്വത്തില്‍ പോലീസ് അറസ്റ് ചെയ്തു. ഇനിയും പിടിയിലാകാത്ത ഒരാള്‍ ഇപ്പോഴും വിദേശത്താണ് ഉള്ളത്. അയാളുടെ വിസയും ടിക്കറ്റുമെല്ലാം സംഭവത്തിന് മുമ്പുതന്നെ ഒ കെ ആയിരുന്നതിനാല്‍ അയാളെ തിരിച്ചുകൊണ്ടുവരിക ബുദ്ധിമുട്ടായിരുന്നു. പിടിയിലായ പതിനാലുപേരും ഇപ്പോള്‍ ജാമ്യത്തിലാണ്. ഇവര്‍ അധികമൊന്നും പുറത്തിറങ്ങാറില്ല എന്നാണ് കരീം പറഞ്ഞത്. കാലതാമസമില്ലാതെ നിയമം നടപ്പിലാക്കുന്നതിനുവേണ്ടി ഇപ്പോള്‍ കേസ് എരഞ്ഞിപ്പാലത്തെ മാറാട് സ്പെഷ്യല്‍ കോടതിയ്ക്ക് കൈമാറിയിരിക്കുകയാണ്.

താമരശേരി രണ്ടാം ക്ലാസ് ജുഡീഷ്യല്‍ ഫസ്റ് ക്ലാസ് കോടതിയില്‍ നിന്ന് മേല്‍ക്കോടതിയായ കോഴിക്കോട് ഒന്നാം അഡീഷനല്‍ ജില്ലാ കോടതിയിലേക്ക് വിചാരണ മാറ്റിയിരുന്നു. അവിടെ ധാരാളം കേസുകള്‍ ഉള്ളതുകൊണ്ട് താരതമ്യേന തിരക്കു കുറഞ്ഞ ഏതെങ്കിലും കോടതിയിലേക്ക് ഈ കൊലക്കേസ് മാറ്റണമെന്ന് ആവശ്യപ്പെട്ട് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കെ.വി. ജോസഫ് അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്ന് കോഴിക്കോട് ജില്ലാ ജഡ്ജി പി. ഉബൈദ് മാറാട് പ്രത്യേക കോടതിയിലേക്ക് കേസ് മാറ്റുകയായിരുന്നു.

മുസ്ലീം ലീഗ് അനുഭാവി കൂടിയായ പബ്ലിക് പ്രോസിക്യൂട്ടറില്‍ വലിയ വിശ്വാസം തോന്നാഞ്ഞതുകൊണ്ടാണ് സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ ആവശ്യപ്പെട്ടത് എന്ന് കരീം പറഞ്ഞു. അതിനുവേണ്ടി രണ്ടുമൂന്നുതവണ തിരുവനന്തപുരത്ത് പോവേണ്ടിവന്നു എന്നും. മാറാട് കോടതി രണ്ടുതവണ വാദം കേട്ട്. അടുത്ത ഹിയറിങ്ങ് വെച്ചിട്ടുള്ളത് സെപ്തംബര്‍ ആറാം തീയ്യതിയാണ്. 83 സാക്ഷികളുണ്ട് കേസില്‍. അധികവും കൊടിയത്തൂര്‍ സ്വദേശികള്‍ തന്നെയാണ്. ഏറെ വൈകാതെ നീതി ലഭിക്കും എന്നുതന്നെയാണ് ബാവയുടെ വീട്ടുകാര്‍ പ്രതീക്ഷിക്കുന്നത്.

ബാവയുടെ വിയോഗത്തില്‍ മുഴുവനായി തളര്‍ന്നു പോയ ഒരു കുടുംബത്തെയല്ല, നീതിയ്ക്കുവേണ്ടി പോരാടാന്‍ വീര്യം കാത്തുസൂക്ഷിക്കുന്നവരെയാണ് കാണാന്‍ കഴിഞ്ഞത് എന്ന ഒരു സന്തോഷമുണ്ടായിരുന്നു അവിടെനിന്ന് തിരിച്ചുപോരുമ്പോള്‍.

എന്നാല്‍, ആ സന്തോഷം പൊടുന്നനെ ഇല്ലാതാക്കുന്ന ചിലത് ഓര്‍മ്മകളില്‍ ബാക്കിയുണ്ടായിരുന്നു. ബാവയുടെ കൊലക്കു ശേഷവും കേരളത്തിലാകെ സദാചാര പൊലീസിന്റെ കുപ്പായവുമിട്ട്, ആക്രോശങ്ങളോടെ പാഞ്ഞടുത്ത അനേകം ആള്‍ക്കൂട്ടങ്ങള്‍. ക്രൂരമര്‍ദ്ദനത്തിനും അപമാനങ്ങള്‍ക്കും ഇരയായ ഒരുപാട് സ്ത്രീ പുരുഷന്‍മാര്‍.ഇളം ചോരകളിലേക്ക് നാവു നുണച്ച് വരും നാളുകളിലേക്ക് പാഞ്ഞടുക്കുന്ന മറ്റനേകം വേട്ടനായ്ക്കള്‍.

ഇല്ല ബാവ, ഒന്നും അവസാനിക്കുന്നില്ല. ഒരു കോടതിക്കുംതടഞ്ഞുനിര്‍ത്താനാവില്ല ചോരക്കൊതിയുമായി പാഞ്ഞെത്തുന്ന ഈ ചെന്നായ്ക്കളെ…
 
 

(സംഭാഷണത്തില്‍, കൂടെയുണ്ടായ ബേനസീറിന് നന്ദി)
 
 

ഷാഹിദ് കൊല്ലപ്പെട്ടതിന്റെ പിറ്റേന്ന് നാലാമിടം പ്രസിദ്ധീകരിച്ച കുറിപ്പ്
 
ഷാഹിദ് ബാവ: ഈ കണ്ണീര്‍ കാപട്യം

 
 
 
 

5 thoughts on “ഇല്ല ഷാഹിദ് ബാവ, വേട്ടപ്പട്ടികള്‍ ഉറങ്ങിയിട്ടില്ല…

 1. കമന്റുകള്‍ക്ക് നന്ദി സരിത, സെബിന്‍. ഫെയ്ബുക്കില്‍ നടന്ന ഒരു സംഭാഷണം താഴെ.

  x: “ശാഹിദ് ബാവയെ കൊന്നത് പെണ്ണ് പിടിച്ച കേസില്‍ അല്ല. നാട്ടുകാരുടെ നേരെ കാര്‍ ഓടിച്ചു കയട്ടിയത്തിനും അത് അന്വേഷിക്കാന്‍ ചെന്ന യുവാക്കളെ തല്ലിച്ചതച്ചതിനും ഉള്ള തിരിച്ചടിയായിരുന്നു. കേരള ശബ്ദം റിപ്പോര്‍ട്ട് – അത് കൂടി അന്വേഷിക്കാമായിരുന്നു നിങ്ങള്‍ സദാചാര ഇന്വെസ്ടിഗഷന്‍ നടത്തുന്നതിനുമുമ്പായി”

  സുദീപ് : “ആ കഥയും അന്വേഷണത്തില്‍ അറിഞ്ഞിരുന്നു.. ഒരു മാസം മുമ്പുണ്ടായ സംഭവം ഈ കുറിപ്പില്‍ സൂചിപ്പിച്ചിട്ടുണ്ട്, അന്ന് കൊടിയത്തൂര്‍ നിന്ന് കാറില്‍ കയറിയ ഷാഹിദ് ബാവയെ തടയാന്‍ ശ്രമിച്ചവരെ വക വയ്ക്കാതെ വണ്ടി എടുത്തുപോന്നപ്പോള്‍ പിന്നാലെ ബൈക്കില്‍ വന്നവര്‍ അവരെ വണ്ടി കയറ്റാന്‍ ശ്രമിച്ചു എന്ന് ആരോപിച്ച കാര്യം ഞങ്ങളോട് ബാവയുടെ ഇച്ചിയാപ്പ പറഞ്ഞതാണ്. അങ്ങനെയുള്ള ഒരു വാദത്തില്‍ വലിയ കാര്യമൊന്നും തോന്നിയില്ല എന്നതുകൊണ്ട്‌ വിട്ടുകളഞ്ഞു എന്നെ ഉള്ളൂ. വേറെയും കാര്യങ്ങള്‍ കുറിപ്പില്‍ നിന്ന് വിട്ടുകളഞ്ഞിട്ടുണ്ട്, ഉദാഹരണത്തിന് ടി വി പരിപാടിയില്‍ സദാചാരവും പവിത്രതയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി വാചാലനാവാറുള്ള ഒരാളെപ്പറ്റിയുള്ള വ്യക്തിപരമായ ചില പരാമര്‍ശങ്ങള്‍.”

  x: “ഞാന്‍ ആ നാട്ടുകാരനില്‍ നിന്നും അറിഞ്ഞത്, മരിച്ചയാളുടെ അച്ഛന്റെ അനുജന്മാരും കൂട്ടരും കൊടിയത്തൂരിലെ യുവാക്കളെ മര്‍ദ്ദിച്ചു അവശരാക്കിയിരുന്നു. അതുകൊണ്ട് തന്നെ യുവാക്കള്‍ ശാഹിദ് ബാവയ്ക്ക് വേണ്ടി കാത്തിരുന്നു – പകവീട്ടാന്‍ – ബാവയെ കെട്ടിയിട്ടു മര്‍ദ്ദിക്കുകയും വിട്ടയക്കണമെങ്കില്‍ ബാവയുടെ ബന്ടുക്കള്‍ വരണം എന്ന് ആവശ്യപ്പെട്ടു. അവരാരും വന്നില്ല. മരണ ശേഷം ‘സദാചാരം’ സംഭവത്തില്‍ കയറികൂടുകയയിരുന്നു.”

  സുദീപ് : “പക വീട്ടലുകള്‍ നടക്കട്ടെ.. ഷാഹിദ് ബാവയെ കൊന്നാല്‍ തീരുന്നതല്ലല്ലോ അത്, അതിന്റെ പകയും വീടണമല്ലോ. അതുകൊണ്ടുതന്നെ പക വീട്ടലുകളുടെ പിന്നാലെ അന്വേഷണവുമായി പോവാന്‍, ആ ഒരു ‘ലോജിക്കിനെ’ ന്യായീകരിക്കാന്‍, എനിക്ക് ബുദ്ധിമുട്ടുണ്ട്. പിന്നെ, സി പി എം, ലീഗ്, ആര്‍ എസ് എസ്, പി എഫ് ഐ ഒക്കെ അടക്കമുള്ള നാട്ടിലെ രാഷ്ട്രീയ/സാംസ്കാരിക ഗ്രൂപ്പുകള്‍ക്കൊക്കെ പക വീട്ടലും അതിനുള്ള പക വീട്ടലും ഒക്കെ സ്വാഭാവികമായി തോന്നുന്ന കാലത്ത് തന്നെയാണ് നമ്മള്‍ ജീവിക്കുന്നത് എന്ന് ഞാന്‍ മറക്കുന്നില്ല. കോടതികളെങ്കിലും അത്തരം വാദങ്ങള്‍ക്ക് പിന്നാലെ പോകാതിരിക്കട്ടെ എന്നാശിക്കാനേ എനിക്ക് കഴിയൂ.

  മരണ ശേഷമാണ് ‘സദാചാരം’ കയറിവന്നത് എന്നും ഞാന്‍ കരുതുന്നില്ല. ഷാഹിദ് ബാവയെ ആക്രമിക്കാന്‍, തല്ലി ഒതുക്കാന്‍ (കൊല്ലണം എന്ന് ഒരുപക്ഷേ പരിപാടി ഉണ്ടാവില്ല) തീരുമാനിച്ചവര്‍ അതിന്‌ ‘നാട്ടുകാരുടെ അംഗീകാരം’ കിട്ടാനും കൂടുതല്‍ പേരെ അതില്‍ പങ്കാളികളാക്കാനും വേണ്ടി ഇയാള്‍ ആ വീട്ടില്‍ വന്നതാണെന്നും കള്ള് കുടിച്ച് വഴിയില്‍ കിടക്കുകയാണ് എന്നും ഒക്കെ പറഞ്ഞുണ്ടാക്കിയതാണ് എന്നതാണ് ഞാന്‍ കാണുന്ന സാധ്യത.”

  x: “അതെ അത് തന്നെയാണ് പ്രശ്നം. ഇവിടെ കൊലയും കാരണങ്ങളും പകരം കൊലയും സാധാരണ സംഭവമായി തുടരുന്നു. ബാവയുടെ കൊലയില്‍ സദാചാര പോലീസ് കയറിയപ്പോള്‍ അത് കൂടുതല്‍ വിവാദം ആയി എന്ന് മാത്രം.

  അത്തരം കാര്യങ്ങള്‍ വാദിക്കാന്‍ ഞാനില്ല. ബാവ മരിച്ചു പോയി. എന്തായാലും ദൌര്ഭ്യഗ്യകരം.”

  സുദീപ് : ” ‎”സദാചാര പോലീസ് കയറിയപ്പോള്‍ അത് കൂടുതല്‍ വിവാദം ആയി എന്ന് മാത്രം.” –> കൂടുതല്‍ വിവാദമായി എന്ന് മാത്രമല്ല, തല്ലാന്‍ കൂടുതല്‍ ആളെ കിട്ടുകയും അതിന്‌ ഒരു ‘സാമൂഹിക’ അംഗീകാരം ലഭിക്കുകയും ഗള്‍ഫ് നാടുകളില്‍ കഴിയുന്നവരുടെ ഭാര്യമാരുടെ ചാരിത്ര്യം, പാതിവ്രത്യം ഒക്കെ നാട്ടുകാര്‍ സംരക്ഷിക്കേണ്ടതിനെപ്പറ്റി ടി വി യില്‍ പറയാന്‍ ആളുണ്ടാവുകയും ഒക്കെ ചെയ്തു. അതെല്ലാം കൊണ്ടുതന്നെ സദാചാരം ഈ കേസില്‍ ഒരു വലിയ വിഷയം തന്നെയാണ് എന്ന് ഞാന്‍ കരുതുന്നു.”

 2. People should stop calling them “Police”, It was suggested by home minister Thiruvanchoor.
  They are sadaachara gundakal.

Leave a Reply to saritha k venu Cancel reply

Your email address will not be published. Required fields are marked *