വേദനയുടെ തീമുറിയില്‍ ഇപ്പോഴുമവള്‍……

 
 
 
 
കേരളത്തില്‍ വെച്ച് കൂട്ടബലാല്‍സംഗം ചെയ്യപ്പെട്ട ബംഗാളി പെണ്‍കുട്ടിയുടെ തീരാവിലാപങ്ങള്‍. പുതിയ അവസ്ഥകളെക്കുറിച്ച തുടരന്വേഷണം. എ.ടി മന്‍സൂര്‍ എഴുതുന്നു
 
 
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 24ന് കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിക്കടുത്ത് വെച്ച് നാല് മലയാളി ചെറുപ്പക്കാരാല്‍ കൂട്ടബലാല്‍സംഗം ചെയ്യപ്പെട്ട ബംഗാളി പെണ്‍കുട്ടി ഇപ്പോഴും കേരളത്തിലുണ്ട്. സാമൂഹിക ക്ഷേമ വകുപ്പിന് കീഴിലുള്ള ഒരഭയകേന്ദ്രത്തിലാണ് അവള്‍. കേസ് നടപടികള്‍ തലശ്ശേരി സെഷന്‍സ് കോടതിയില്‍ ഉടന്‍ ആരംഭിക്കുകയാണ്. കേസിലെ പ്രതികള്‍ക്കെല്ലാം ജാമ്യം ലഭിച്ചു. ഗുണ്ടാ ആക്റ്റ് പ്രകാരം അവരിലൊരാള്‍ വീണ്ടും അകത്തായെങ്കിലും മറ്റുള്ളവരെല്ലാം പുറത്ത് നിര്‍ഭയം നടക്കുന്നു. മാസങ്ങള്‍ക്കു മുമ്പുണ്ടായ ദുരന്തം ഏല്‍പ്പിച്ച മാനസിക , ശാരീരിക ആഘാതങ്ങളില്‍നിന്ന് ഇനിയും പൂര്‍ണമായി മോചിതയാവാത്ത പെണ്‍കുട്ടി അതേ നിലയില്‍ കേസിനെ അഭിമുഖീകരിക്കാനൊരുങ്ങുകയാണ്. ആരോരുമില്ലാത്ത പെണ്‍കുട്ടിയുടെ നിശ്ശബ്ദ വിലാപങ്ങളെക്കുറിച്ച് നേരത്തെ നാലാമിടത്തില്‍ എഴുതിയ എ.ടി മന്‍സൂര്‍ നടത്തുന്ന തുടരന്വേഷണം.
 


 

അവളിപ്പോഴും കേരളത്തിലുണ്ട്. സാമൂഹിക ക്ഷേമ വകുപ്പിന് കീഴിലുള്ള ഒരഭയകേന്ദ്രത്തിന്റെ നാലു ചുവരുകള്‍ക്കകത്ത്. സര്‍ക്കാറിന്റെ സംരക്ഷണയില്‍.
കൌണ്‍സലിങും ചികില്‍സയും തുടരുമ്പോഴും പൂര്‍ണമായി വീണ്ടെടുക്കാനാവാത്ത മാനസികാരോഗ്യത്തോടെ.

മുറിഞ്ഞുപോയ ജീവിതത്തിന്റെ സ്വാഭാവിക താളം വീണ്ടെടുക്കാന്‍ ഇനിയുമേറെ നാളുകള്‍ വേണ്ടിവരും. കൌണ്‍സലിങ് മാത്രം മതിയാവില്ല അതിന്. പൊടുന്നനെ ജീവിതം വലിച്ചെറിയപ്പെട്ട കൊടുംവേദനയുടെയും മുറിവുകളുടെയും ഇരുള്‍മുറികളില്‍നിന്ന് പതിയെ തിരിഞ്ഞുനടക്കാന്‍ സ്വയം പാകമാവേണ്ടതുണ്ട്. അതിന് ഈ നാളുകള്‍ മാത്രം മതിയാവില്ല. ചുറ്റുമുള്ളവരുടെ പിന്തുണയും അതിജീവിക്കാനുതകുന്ന പശ്ചാത്തലവും സ്വന്തം കാലില്‍നില്‍ക്കാനാവുന്ന ജോലിയും അങ്ങനെ പലതും അനിവാര്യമാണ്.

ബംഗാളില്‍നിന്നായിരുന്നു അവള്‍. ആ ഭാഷ മാത്രമറിയാം. ആ സംസ്കാരം മാത്രമറിയാം. അവിചാരിതമായാണ് കേരളത്തില്‍ എത്തിപ്പെട്ടത്. കൂട്ടുകാരനെ തേടിയുള്ള ആ യാത്ര അവസാനിച്ചത് അവളുടെ ജീവിതം തന്നെ മാറ്റിയെഴുതിയ ദുരന്തത്തിലേക്കാണ്. അതിക്രൂരമായൊരു കൂട്ടബലാല്‍സംഗം. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിക്കടുത്തുവെച്ച് നാല് മലയാളി യുവാക്കള്‍ ഒപ്പമുണ്ടായിരുന്നവരെ കെട്ടിയിട്ട് മദ്യം കുടിപ്പിച്ച് ബോധം കെടുത്തിയ ശേഷം അവളെ പൈശാചികമായി പീഡിപ്പിക്കുകയായിരുന്നു. അത് കഴിഞ്ഞ് എത്രയോ നാളുകള്‍ അവള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലായിരുന്നു. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജില്‍. അവിടെനിന്നുമാണ് സാമൂഹിക ക്ഷേമവകുപ്പിന്റെ അഭയകേന്ദ്രത്തിലെത്തിയത്.

എ.ടി മന്‍സൂര്‍


2

അവളുടെ അവസ്ഥ ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്ന് അഭയകേന്ദ്രത്തിലെ ഉദ്യോഗസ്ഥ പറഞ്ഞു. പരസഹായമില്ലാതെ സ്വന്തം കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നുണ്ട്. എന്നാല്‍, ക്രൂരപീഡനം മനസ്സിനേല്‍പ്പിച്ച ആഘാതത്തില്‍നിന്ന് ഇപ്പോഴും പൂര്‍ണമായി കരകയറാനായിട്ടില്ല. എങ്കിലും, ഒമ്പത് മാസങ്ങള്‍ കൊണ്ട്, അവളേറെ മാറിയിട്ടുണ്ട്.

ഇടയ്ക്ക് അമ്മയെ കാണണമെന്ന് പറഞ്ഞ് കൊച്ചുകുട്ടികളെ പോലെ വാശി പിടിച്ചിരുന്നു. തുടര്‍ന്ന്, ഉദ്യോഗസ്ഥര്‍ ഇടപെട്ട് അമ്മയെ ഇവിടെ എത്തിച്ചു. നേരത്തെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു സമയത്തും അമ്മ അവള്‍ക്കരികിലുണ്ടായിരുന്നു.

തലശ്ശേരി സെഷന്‍സ് കോടതിയിലാണിപ്പോള്‍ കേസ്. ആഴ്ചകള്‍ക്കുമുമ്പ് കേസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുമായി സാമൂഹിക ക്ഷേമവകുപ്പ് ഉദ്യോഗസ്ഥര്‍ തലശ്ശേരിയില്‍ എത്തിയിരുന്നു. പെണ്‍കുട്ടിയെ ബംഗാളിലേക്ക് വിട്ടാല്‍ കേസ് നടപടികളെ ബാധിക്കുന്നതിനാലാണ് ഇവിടെ തന്നെ നിര്‍ത്തുന്നതെന്ന് അഭയകേന്ദ്രത്തിലെ ഒരു ഉദ്യോഗസ്ഥ പറഞ്ഞു. കേസ് നടപടികള്‍ കഴിഞ്ഞാല്‍ അവര്‍ക്ക് ജന്‍മനാട്ടിലേക്ക് തിരിച്ചുപോവാനാവും. ഇക്കാര്യം പെണ്‍കുട്ടിയെയും കുടുംബത്തെയും ധരിപ്പിച്ചതായും അവര്‍ പറഞ്ഞു.

സുരക്ഷാപരമായ കാരണങ്ങളാല്‍ പെണ്‍കുട്ടിയെ താമസിപ്പിച്ച അഭയകേന്ദ്രത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെന്നും കേസ് നടത്തിപ്പിനാവശ്യമായ എല്ലാ സഹായങ്ങളും സാമൂഹികക്ഷേമ വകുപ്പ് നല്‍കുമെന്നും അവര്‍ പറഞ്ഞു.

പെണ്‍കുട്ടിയുടെ പീഡനവാര്‍ത്ത മാധ്യമങ്ങളിലൂടെ പുറം ലോകമറിഞ്ഞപ്പോള്‍ നിരവധി സംഘടനകളും വ്യക്തികളും ഇടപെട്ടിരുന്നു. ആദ്യഘട്ടത്തില്‍ അവഗണന പുലര്‍ത്തിയ സര്‍ക്കാര്‍ പിന്നീട് ഉണര്‍ന്നു പ്രവര്‍ത്തിച്ചു. പെണ്‍കുട്ടിക്ക് സംരക്ഷണം നല്‍കുമെന്ന് പിന്നീട് സാമൂഹിക ക്ഷേമമന്ത്രി എം.കെ മുനീര്‍ വ്യക്തമാക്കി. അദ്ദേഹത്തിന്റെ ഇടപെടലുകളെ തുടര്‍ന്നാണ് കുട്ടി ഇപ്പോള്‍ അഭയകേന്ദ്രത്തില്‍ എത്തിയത്.

 

ഈ വര്‍ഷം ജനുവരി നാലിന് നാലാമിടം പ്രസിദ്ധീകരിച്ച കുറിപ്പ്


 

3

ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലെ വിദൂര ഗ്രാമത്തിലാണ് പെണ്‍കുട്ടിയുടെ വീട്. പിതാവ് മരിച്ചതോടെ ആലംബമറ്റ പെണ്‍കുട്ടിയും ഇളയ അഞ്ചു സഹോദരങ്ങളും മാതാവിന്റെ സംരക്ഷണയിലായിലായിരുന്നു. ഭിക്ഷ യാചിച്ചും മറ്റുമാണ് അവര്‍ മക്കളെ വളര്‍ത്തിയതെന്ന് പറയുന്നു.

ആറാംക്ലാസ് വരെ മാത്രമേ പെണ്‍കുട്ടി പഠിച്ചിട്ടുള്ളൂ. കൂട്ടുകാരനെ തേടിയാണ് ബംഗാളില്‍നിന്ന് ഏഴു ദിവസത്തെ അലച്ചിലിനുശേഷം കേരളത്തിലെത്തിയതെന്ന് കേസ് രേഖകള്‍ വ്യക്തമാക്കുന്നു. കണ്ണൂര്‍ ഇരിട്ടിക്കടുത്ത പടിയൂരില്‍ നിര്‍മാണത്തൊഴിലാളിയായ ബന്ധുവിന്റെ അടുത്താണ് അവള്‍ ചെന്നത്. കാമുകന്‍ വീരാജ്പേട്ടയിലുണ്ട് എന്നറിഞ്ഞ് അയാളും ഒരു സുഹൃത്തും അവള്‍ക്കൊപ്പം 2011 ഡിസംബര്‍ 24ന് അവിടേക്കുപോയി. എന്നാല്‍, കാമുകന്‍ നാട്ടില്‍ പോയതിനാല്‍ കാണാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പടിയൂരിലേക്ക് തിരിച്ചുചെല്ലാന്‍ വണ്ടി കാത്ത് നില്‍ക്കുമ്പോഴാണ് പെരുമ്പാടി ചെക് പോസ്റ്റിനടുത്ത് വെച്ച് ആ ലോറിക്കാരെ കണ്ടുമുട്ടിയത്.

ചെങ്കല്ലിറക്കി വരികയായിരുന്ന ലോറിയില്‍ മൂന്നു പേരുണ്ടായിരുന്നു. പടിയൂരില്‍ ഇറക്കി വിടാമെന്ന് പറഞ്ഞാണ് പെണ്‍കുട്ടിയെയും ഒപ്പമുള്ളവരെയും ലോറിയില്‍ കയറ്റിയത്. വണ്ടിയില്‍വെച്ച് പ്രതികള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കൂടെയുണ്ടായിരുന്നവരെ മര്‍ദിച്ചു. പെണ്‍കുട്ടി അടക്കം മൂവരുടെയും വായില്‍ ബലം പ്രയോഗിച്ച് മദ്യമൊഴിച്ചു. ബന്ധുവിനെയും സുഹൃത്തിനെയും ലോറിയില്‍ പൂട്ടിയിട്ടശേഷം അവര്‍ പെണ്‍കുട്ടിയെ വയത്തൂര്‍ പുഴത്തീരത്തുവെച്ച് കൂട്ടബലാല്‍സംഗം ചെയ്തതു.ഇതിനുശേഷം അവര്‍ ഫോണില്‍ അറിയിച്ചതനുസരിച്ച് ഒരാള്‍ കൂടി ബൈക്കിലെത്തി. അയാളും ക്രൂരത ആവര്‍ത്തിച്ചു. തിരികെ ലോറിയില്‍ കയറ്റിയശേഷവും പെണ്‍കുട്ടിയെ ക്രൂരമായി ബലാല്‍സംഗം ചെയ്തു. പെണ്‍കുട്ടിയുടെ ബന്ധുവിനെയും സുഹൃത്തിനെയും റോഡിലിറക്കിയ സംഘം അവളെ വിവസ്ത്രയാക്കി അര കിലോമീറ്റര്‍ അകലെ വഴിയില്‍ തള്ളി. തൊട്ടടുത്ത വീട്ടുകാരാണ് വസ്ത്രങ്ങള്‍ അണിയിച്ചശേഷം അവളെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്.

കേസ് അന്വേഷിച്ച ഇരിട്ടി പൊലീസ് 90 ദിവസത്തിനുള്ളില്‍ മട്ടന്നൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നാല്‍, വിചാരണക്ക് കാലതാമസം നേരിട്ടു. കേസ് പിന്നീട് തലശേãരി സെഷന്‍സ് കോടതിയിലേക്ക് മാറ്റി. വിചാരണ ഉടന്‍ തുടങ്ങും. വിചാരണ ഉടന്‍ തുടങ്ങണമെന്നാവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് ഇരിട്ടി സി.ഐ വി.വി മനോജ് പറഞ്ഞു.

4
ദിവസങ്ങള്‍ക്കുള്ളിലാണ് ഇരിട്ടി സി.ഐയും എസ്.പിയുടെ സ്ക്വാഡിലെ അംഗങ്ങളും ചേര്‍ന്ന് പ്രതികളെ അറസ്റ്റ് ചെയ്തത്. സമീപവാസികളായ പി.ജി ബിജു(30), എന്‍.എം ജംഷീര്‍ (25), മുഹമ്മദ് ശരീഫ്(25), മുഹമ്മദ് സ്വാലിഹ് (30 എന്നിവരാണ് കേസില്‍ അറസ്റ്റിലായത്. തട്ടിക്കൊണ്ടു പോയി ബലാല്‍സംഗം ചെയ്തതിനാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്.

ഇത്ര ഗൌരവമുള്ള കേസായിട്ടും മൂന്ന് പ്രതികള്‍ക്കും ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചു. സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് യഥാസമയം ഇടപെടലുണ്ടാവാത്തതാണ് പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ ഇടയാക്കിയതെന്ന് ആരോപണമുണ്ട്. പ്രതികളെ കസ്റ്റഡിയില്‍ വിചാരണ നടത്തണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. എന്നാല്‍ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതോടെ ഈ നീക്കം പാളി. കേസിലെ ഒരു പ്രതി പി.ജി ബിജു ഗുണ്ടാ ആക്ട്പ്രകാരം വീണ്ടും അറസ്റ്റിലായി. ഇയാള്‍ ഇപ്പോള്‍ ജയിലിലാണ്.

 

കേരളമേ കേള്‍ക്കുക പിച്ചിച്ചീന്തപ്പെട്ട ഈ നിലവിളി എന്ന കുറിപ്പിന്റെ ഇംഗ്ലീഷ് വിവര്‍ത്തനം


 

5
സംഭവത്തിനുശേഷം ശരീരവും മനസ്സും തകര്‍ന്ന പെണ്‍കുട്ടി ഏറെ നാള്‍ ചികില്‍സയിലായിരുന്നു. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ കിടക്കുന്ന സമയത്ത് വനിതാ സംഘടനകളടക്കം നിരവധിപേര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഭക്ഷണം കഴിക്കാന്‍ പോലും ബുദ്ധിമുട്ടിലായിരുന്ന പെണ്‍കുട്ടിയുടെ ചെലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തത് വ്യാപക പ്രതിഷേധങ്ങള്‍ക്കു ശേഷമായിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ ഇടപെട്ട് പെണ്‍കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലാക്കിയത്. അവിടെയും ഏറെ നാളുകള്‍ കഴിഞ്ഞു.

കൌണ്‍സിലിങ് അടക്കമുള്ള ചികില്‍സക്ക് വിധേയയാക്കിയെങ്കിലും അന്ന് കുട്ടിയുടെ അവസ്ഥ പരിതാപകരമായിരുന്നെന്ന് ചികില്‍സാ സംഘത്തിലുണ്ടായിരുന്ന ഡോക്ടര്‍ പറഞ്ഞു. ‘ഭാഷ അറിയാത്തതിനാല്‍ ദ്വിഭാഷിയെ ഏര്‍പ്പെടുത്തിയെങ്കിലും ഒന്നും തെളിച്ചുപറയാന്‍ ആവുന്ന അവസ്ഥയിലായിരുന്നില്ല പെണ്‍കുട്ടി. വല്ലാത്ത ഷോക്കിലായിരുന്നു അവള്‍. ഒരു പാട് നാളുകള്‍ കഴിഞ്ഞിട്ടും മെഡിക്കല്‍ സംഘത്തോട് വേണ്ട വിധം പ്രതികരിക്കാന്‍ അവര്‍ തയ്യാറായില്ല’ – അദ്ദേഹം പറഞ്ഞു.

കോഴിക്കോട് ആയിരിക്കെ വനിതാ സംഘടനകളും മറ്റും ഇടപെടാന്‍ ശ്രമിച്ചെങ്കിലും കുട്ടിയും ഒപ്പമുണ്ടായിരുന്നവരും താല്‍പ്പര്യം കാണിക്കാത്തതിനാല്‍ അത് നടന്നില്ല. കാണുന്നവരെ മുഴുവന്‍ ഭയത്തോടെ കണ്ട, സദാ സമയം മൌനത്തില്‍ പൂണ്ടുകിടന്ന പെണ്‍കുട്ടിയോട് വേണ്ട വിധം സംസാരിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ലെന്ന് കോഴിക്കോട്ടെ പ്രമുഖ വനിതാ സംഘടനയിലെ പ്രവര്‍ത്തക പറഞ്ഞു.

ഇരിട്ടിയില്‍ ഒരു ചെറുകിട കരാറുകാരന് കീഴില്‍ ജോലി ചെയ്യുന്ന ബംഗാളികളായിരുന്നു ആക്രമിക്കപ്പെടുമ്പോള്‍ കുട്ടിക്കൊപ്പമുണ്ടായിരുന്നത്. കരാറുകാരന്റെ നേതൃത്വത്തില്‍ ഇവരാണ് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും മറ്റും കുട്ടിയെ പരിചരിക്കാന്‍ നിന്നത്. ഇവര്‍ തന്നെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലും ഉണ്ടായിരുന്നത്.

എങ്ങനെയെങ്കിലും ബംഗാളിലേക്ക് തിരിച്ചുപോവണമെന്ന് ഇവര്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നതായി വനിതാ സംഘടനാ പ്രവര്‍ത്തകര്‍ പറയുന്നു. കേരളത്തില്‍ തന്നെ നിലനില്‍ക്കാന്‍ ബാധ്യസ്ഥരായിരുന്നു ഈ ബംഗാള്‍ സ്വദേശികള്‍. ഇവിടെ ജോലി ചെയ്ത് ജീവിക്കേണ്ടവര്‍. എളുപ്പം സ്വാധീനിക്കാനാവുന്നവര്‍. ഇവര്‍ വഴി കുട്ടിയെയും കുടുംബത്തെയും സ്വാധീനിക്കാന്‍ ശ്രമങ്ങള്‍ നടന്നതായി പറയുന്നു. കുട്ടിയുടെ വയസ്സു കൂട്ടിപ്പറയുന്നതിന് ഇവര്‍ ശ്രമങ്ങള്‍ നടത്തിയതായി നേരത്തെ ആരോപണമുയര്‍ന്നിരുന്നു. ആര്‍ക്കും വേണ്ടാത്ത ബംഗാളി പെണ്‍കുട്ടിയേക്കാള്‍ നാട്ടുകാരായ പ്രതികള്‍ക്കു വേണ്ടി ചില പ്രമുഖ രാഷ്ട്രീയ കക്ഷികളും ഉദ്യോഗസ്ഥരും നിലപാടെടുക്കുന്നതായും നേരത്തെ ആരോപണമുണ്ടായിരുന്നു.

6
ദാരിദ്യ്രത്തിനും നിരക്ഷരതക്കുമിടയില്‍ കഴിയുന്ന കുട്ടിക്കും അമ്മക്കും കേസ് മുന്നോട്ട് കൊണ്ടുപോവാന്‍ ആവശ്യമായ ഒരു പിന്‍ബലവുമില്ല. ഭാഷ തന്നെയാണ് ഏറ്റവും വലിയ പ്രശ്നം. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ കഴിയുമ്പോള്‍ കുട്ടിക്ക് കൌണ്‍സലിംഗിന് നല്‍കാനെത്തിയത് ബംഗാളി അറിയാത്ത മലയാളി കൌണ്‍സലറായിരുന്നു. ഇതിനെതിരെ വിമര്‍ശനമുയര്‍ന്നപ്പോഴാണ് ബംഗാളി അറിയുന്ന കൌണ്‍സലറെ ഏര്‍പ്പൊടാക്കിയത്.

എങ്ങനെയെങ്കിലും ഇവരെ ബംഗാളിലേക്ക് തിരിച്ചയച്ച് കേസ് ഇല്ലാതാക്കാന്‍ ഏറെ ശ്രമങ്ങള്‍ നടന്നിരുന്നു. പെണ്‍കുട്ടി കേരളം വിടുന്നതോടെ കേസ് കൈവിട്ടുപോവുമെന്നും പ്രതികള്‍ക്ക് എളുപ്പം രക്ഷപ്പെടാന്‍ കഴിയുമെന്നുമുള്ള നിയമോപദേശത്തെ തുടര്‍ന്നായിരുന്നു ഇത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കഴിയുന്ന സമയത്ത്, തന്നെ അനധികൃതമായി തടഞ്ഞുവെച്ചിരിക്കുകയാണെന്ന് കാണിച്ച് കുട്ടി പരാതി നല്‍കിയത് ഈ വഴിക്കുള്ള സമ്മര്‍ദ്ദത്തിന്റെ ഫലമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

എന്നാല്‍, സാമൂഹിക ക്ഷേമ വകുപ്പിന്റെ യഥാസമയത്തു ഇടപെടല്‍ മൂലം ഈ ശ്രമം നടക്കാതെ പോവുകയായിരുന്നു. പക്ഷേ, നിരാലംബയായ ഈ പെണ്‍കുട്ടിക്ക് കേസില്‍ എത്ര മാത്രം ശക്തമായി പിടിച്ചുനില്‍ക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ ആശങ്കയുണ്ട്. സര്‍ക്കാറിന്റെ ഭാഗത്തുനിന്നുള്ള ശക്തമായ ഇടപെടല്‍ ഉണ്ടാവുകയും ആവശ്യമായ നിയമസഹായം അടക്കം ലഭ്യമാക്കുകയും ചെയ്യുക എന്നതു മാത്രമാണ് ഇതിനുള്ള പരിഹാരം.

പ്രതികള്‍ക്ക് കടുത്ത ശിക്ഷ വാങ്ങി കൊടുക്കുന്നതുവരെ പൊതുസമൂഹത്തിന്റെയും മാധ്യമങ്ങളുടെയും ജാഗ്രത ഉണ്ടാവേണ്ടതുണ്ട്. ബംഗാളില്‍ നിന്നെത്തിയ നിസ്സഹായയായ ഒരു പെണ്‍കുട്ടിയോട് നാം ചെയ്യേണ്ട മിനിമം നീതി മാത്രമാണത്. ആറാം ക്ലസ് മാത്രം വിദ്യാഭ്യാസമുള്ള ഈ പെണ്‍കുട്ടിയെ പുനരധിവസിപ്പിക്കേണ്ടതും ആരെയും ആശ്രയിക്കാതെ ജീവിക്കാന്‍ പ്രാപ്തമാക്കേണ്ടതും കരുണ വറ്റാത്തവര്‍ തങ്ങളുടെ ചുമതലയായി ഏറ്റെടുക്കണം. കണ്ണൂരില്‍ പഴയ സാധനങ്ങള്‍ തിരയുന്നതിനിടെ ബോംബ് സ്ഫോടനത്തില്‍ കൈ നഷ്ടപ്പെട്ട പിഞ്ചുബാലനായ തമിഴ്നാട് സ്വദേശി അമാവാസിയെ പൂര്‍ണചന്ദ്രനാക്കി വിദ്യാഭ്യാസവും സര്‍ക്കാര്‍ ജോലിയും നല്‍കി മാതൃക കാണിച്ചവ നമ്മള്‍ ആ കാരുണ്യം ഈ പെണ്‍കുട്ടിയോടും കാണിക്കേണ്ടതുണ്ട്.
 
 
ജനുവരി നാലിന് നാലാമിടം പ്രസിദ്ധീകരിച്ച കുറിപ്പ്:

കേരളമേ കേള്‍ക്കുക, പിച്ചിച്ചീന്തപ്പെട്ട ഈ നിലവിളി

കുറിപ്പിന്റെ ഇംഗ്ലീഷ് വിവര്‍ത്തനം

LEND YOUR EARS ,KERALA , TO THIS MANGLED SCREAM

 
 
 
 

8 thoughts on “വേദനയുടെ തീമുറിയില്‍ ഇപ്പോഴുമവള്‍……

 1. പെണ്‍കുട്ടി അന്വേഷിച്ചു വന്ന ചെറുപ്പക്കാരന് എന്ത് സംഭവിച്ചു? അതേക്കുറിച്ചൊന്നും എഴുതി കണ്ടില്ല. ഇവളുടെ പലായനത്തിനും പിന്നീടുണ്ടായ ദുരന്തത്തിനും അവനും കാരണക്കാരനല്ലേ ?

 2. ഈ തുടരന്വേഷണത്തിനു നന്ദി, മന്‍സൂര്‍, നാലാമിടം.

 3. ഇത്ര ഗൌരവമുള്ള കേസായിട്ടും മൂന്ന് പ്രതികള്‍ക്കും ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചു……….
  സദാചാര പോലീസ് ഇടപെടലുകള്‍ നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരുന്നത് ഇവരെ പോലുള്ള ക്രിമിനലുകള്‍ക്ക് നിയമ വ്യവസ്ഥ ഇത്തരം ഔദാര്യങ്ങള്‍ അനുവദിച്ചു കൊടുക്കുന്നത് കൊണ്ടാണ്….
  തുടരന്വേഷണത്തിന് നന്ദി മന്‍സൂര്‍….

 4. തുടരന്വേഷണം നന്നായി.. പക്ഷെ പെണ്‍കുട്ടി അന്വേഷിച്ചു വന്ന ചെറുപ്പക്കാരന് എന്ത് സംഭവിച്ചു?

 5. ഈ ജാഗ്രതയ്ക്കു ഹൃദയം നിറഞ്ഞ നന്ദി, അഭിനന്ദനങ്ങള്‍- മന്‍സൂറിനും നാലാമിടത്തിനും.

 6. പ്രിയ സുഹൃത്തേ.. ജാഗ്രതക്ക് എല്ലാ നന്ദിയും.. ഒരു കായി സഹായം ചെയ്യാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ആഗ്രഹമുണ്ട് ! അറിയിക്കുക

 7. പ്രിയ സുഹൃത്തേ.. ജാഗ്രതക്ക് എല്ലാ നന്ദിയും.. ഒരു കയ്യി സഹായം ചെയ്യാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ആഗ്രഹമുണ്ട് ! അറിയിക്കുക

 8. മറവികള്‍ അനുഗ്രമാക്കുന്ന ഒരു സമൂഹത്തിനു ഓര്‍മപ്പെടുത്തലുകള്‍ ആവശ്യമാണ് .ഇരിട്ടിയിലെ പെണ്‍കുട്ടിയുടേത് പോലെയുള്ള നിശബ്ദ വിലാപങ്ങള്‍ ഉഗ്ര സ്പോടനം പോലെ കേള്‍ക്കെണ്ടാവരുടെ ചെവിയിലേക്ക് എത്തിക്കാന്‍ ഇത് പോലെയുള്ള ഓര്‍മപ്പെടുത്തലുകള്‍ സഹായിക്കട്ടെ

Leave a Reply

Your email address will not be published. Required fields are marked *