ഇടിന്തകരൈ എങ്ങനെയാവും ഈ രാവു വെളുപ്പിക്കുക?

 
 
 
 
അവരുടെ തെളിഞ്ഞ ഭംഗിയുള്ള കണ്ണുകള്‍ ഈ രാത്രി ഭയത്താലും കണ്ണീരാലും നിറഞ്ഞിരിക്കുമോ?
കണ്ണീര്‍ വാതകത്തിന്റെ പുക നിറഞ്ഞ അവരുടെ ശ്വാസനാളികള്‍ പൊള്ളി അടര്‍ന്നിരിക്കുമോ ?
റബര്‍ ബുള്ളറ്റേറ്റ് ഗുരുതരാവസ്ഥയിലായ ചങ്ങാതിയെ ഓര്‍ത്ത് അവരുടെ ഉറക്കങ്ങള്‍ മുറിഞ്ഞിട്ടുണ്ടാവുമോ ?
എസ് അനിത എഴുതുന്നു

 
 
ഇടിന്തകരൈയില്‍ പൊലീസ് ഭീകരത തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എല്ലാ വിപല്‍സൂചനകളെയും കാറ്റില്‍പറത്തി വികസിത രാജ്യങ്ങളെല്ലാം സംശയത്തോടെ നോക്കുന്ന ആണവഭീകരനെ എന്തുവിലകൊടുത്തും കൂടംകുളത്ത് കുടിയിരുത്തുമെന്ന പിടിവാശിയിലാണ് ഭരണകൂടം. ആണവനിലയം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ഇന്നലെ നിലയത്തിലേക്ക് സമാധാനപരമായി മാര്‍ച്ച് നടത്തിയവരെ ലാത്തികൊണ്ടും കണ്ണീര്‍വാതകം കൊണ്ടും വെടിയുണ്ടകൊണ്ടും നേരിടുകയായിരുന്നു സര്‍ക്കാര്‍. അതിന്റെ വിശദാംശങ്ങള്‍ ഇപ്പോള്‍ പോലും പൂര്‍ണമായി ലഭിച്ചിട്ടില്ല.
പേക്കിനാവുകള്‍ക്കു മധ്യേയാണ് ഒരു ജനതയിപ്പോള്‍. അവരെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെക്കുകയാണ്, ഇടിന്തകരൈയില്‍നിന്ന് മൂന്നുനാള്‍ മുമ്പ് മാത്രം മടങ്ങിയെത്തിയ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക എസ് അനിത. പൊലീസ് ഭീകരതയുടെ സാക്ഷ്യമായി മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ചിത്രത്തിലുള്ള സേവിയറമ്മയെയും സഹപ്രവര്‍ത്തകരെയും ലഭ്യമായ വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ ഓര്‍ക്കുന്നു. സമാധാനപരമായ സമരംചെയ്യുന്ന ഈ മനുഷ്യര്‍ക്കായി നമ്മുടെ ശബ്ദമുയരാനുള്ള നേരമാണിതെന്ന് ഓര്‍മ്മിപ്പിച്ച് dianuke.org dianuke.orgല്‍ എഴുതിയ കുറിപ്പിന്റെ സ്വതന്ത്ര വിവര്‍ത്തനം.ല്‍ എഴുതിയ കുറിപ്പിന്റെ സ്വതന്ത്ര വിവര്‍ത്തനം.

 

 

സേവിയറമ്മയുടെ, തെളിഞ്ഞ, ഉച്ചത്തിലുള്ള മുദ്രാവാക്യം വിളി കേട്ടാണ് സ്വപ്നത്തില്‍നിന്ന് ഞാന്‍ ഉണര്‍ന്നത്. ആഗസ്ത് 15ന്റെ കരിദിനാചരണത്തിനിടെ, തന്റെ നോട്ടുബുക്ക് നോക്കി ‘ഇന്ത്യന്‍ ജനാധിപത്യം നാം പുനസ്ഥാപിക്കും’എന്ന് അവര്‍ വിളിച്ചുപറഞ്ഞ അതേ ഉച്ചസ്വരത്തില്‍.

എസ് അനിത


തിരുവനന്തപുരത്താണ് ഞാനിന്ന്. തിടുക്കത്തില്‍ വീട് പൂട്ടി പുറത്തേക്ക് ഇറങ്ങുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമൊപ്പം ഇടിന്തക്കരയിലായിരുന്നു മൂന്നു നാള്‍ മുമ്പ് വരെ ഞാനും എന്‍റെ സുഹൃത്തും. പോരാന്‍ തുടങ്ങുമ്പോള്‍ ചിലരൊക്കെ അവിടെത്തന്നെ നില്‍ക്കാന്‍ പറഞ്ഞു. എന്നാല്‍, ഭൂരിഭാഗമാളുകളും പറഞ്ഞത് ഞങ്ങള്‍ പുറത്തായിരിക്കണമെന്നും, പുറത്തു നിന്ന് അവര്‍ക്കു വേണ്ട പിന്തുണയും, സഹായവും സ്വരൂപിക്കണമെന്നുമാണ്‌ . ഇനി അഥവാ…….

ഇനി അഥവാ‍…… ഞാന്‍ സ്വയം ചോദിച്ചു. ഇനി അഥവാ ……..‍… ആ വാക്യം അവരും മുഴുമിപ്പിച്ചില്ല.
ഞങ്ങള്‍ കണ്ടുമുട്ടിയ ഊര്‍ജസ്വലയായ മെല്‍റിറ്റിന്‍റെയും കാര്യമാത്രപ്രസക്തയായ സുന്ദരിയുടെയും, സുസ്മേരവദനയായ സഹായം ഇനിതയുടെയും, ദയാലുവായ സേവിയറമ്മയുടെയും,തമിഴ് സെല്‍വിയുടെയും, ചെല്ലമ്മയുടെയും, ഫ്രാന്സിസ്കയുടെയും, അണ്ണമ്മാളിന്‍റെയും, റാണിയുടേയും, ഇസബെല്ലായുടെയും വര്‍ത്തമാനങ്ങളില്‍ നിശ്ശബ്ദതയുടെ ഒരു അണുനിമിഷം ഒളിച്ചുവെച്ചിരുന്നു.

എന്നാല്‍, 72 മണിക്കൂര്‍ തികയുന്നതിനു മുമ്പ് ,ആ നിശ്ശബ്ദത ഇത്രയേറെ പടര്‍ന്നു പിടിക്കുമെന്ന് ഞാന്‍ കരുതിയിരുന്നില്ല.

 

Image Courtesy: Counter Currents


 

ഇന്ന് കാലത്ത് പത്തു മണിക്കുശേഷം എനിക്കാരുമായും ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. കാലത്ത് എട്ടു മണിക്ക് മെല്‍റിറ്റ് പതിഞ്ഞ സ്വരത്തില്‍ പറഞ്ഞവസാനിപ്പിച്ചത് ഇങ്ങനെയാണ് “ധൈര്യമായിരിക്കൂ. ഇത് ഞങ്ങള്‍ നോക്കിക്കോളാം. ഞങ്ങള്‍ പുറത്താണുറങ്ങിയത്. ഇനി എന്താണെന്ന് നോക്കിയിരിക്കുന്നു.”
യഥാര്‍ത്ഥ പോര്‍ക്കളത്തില്‍നിന്നകലെ, അവരുടെ അവസ്ഥയെയും, ജീവനേയും കുറിച്ച് അവരേക്കാള്‍ ഭീതിയോടെ ഇരിക്കുകയാണ് ഞാനെന്ന് എങ്ങനെയാണവള്‍ക്ക് മനസ്സിലായത്?

രണ്ട് ദിവസം മുമ്പ്, പള്ളിപ്പന്തലില്‍ സ്ത്രീകള്‍ക്കൊപ്പം, തുറസ്സായ നിലത്ത് കിടക്കുന്ന ഞങ്ങളെ വിട്ട്, കുഞ്ഞുങ്ങളെ നോക്കാന്‍ വീട്ടില്‍ പോകാന്‍ മടിയായിരുന്നു സുന്ദരിക്ക്. പല സ്ത്രീ സുഹൃത്തുക്കളും ഞങ്ങളെ അവരുടെ വീടുകളില്‍ താമസിക്കാന്‍ ക്ഷണിച്ചുകൊണ്ടിരുന്നു.
അവരോട് എന്റെ സുഹൃത്ത് പറഞ്ഞു: ‘നാം വിജയിക്കട്ടെ, സമരം അവസാനിക്കട്ടെ, ആണവനിലയം അടക്കട്ടെ, ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പം വന്ന് നിങ്ങളുടെ വീട്ടിലുറങ്ങാം’.
ഈ അണുനിലയം ഒരിക്കലും തുറക്കില്ലെന്നും, സ്വാതന്ത്യ്രവും സുരക്ഷയും നിറഞ്ഞൊഴുകുമെന്നുമുള്ള ഒരു വെറും വിചാരത്തിന്റെ ആനന്ദത്തില്‍ ഞങ്ങളൊരു പുഞ്ചിരി പങ്കിട്ടു.

 

Image Courtesy: Counter Currents


 

സുന്ദരി ഇന്ന് നിശ്ശബ്ദയാണ്. കാലത്ത് അവളുടെ ഫോണ്‍ റിങ് ചെയ്യുന്നുണ്ടായിരുന്നു. ഇപ്പോള്‍ സ്വിച്ച്ഡ് ഓഫ് ആയി.

ആറാം തീയതി രാത്രി ,മേരിയോടും വിവേകിനോടും ഞങ്ങള്‍ സംസാരിക്കുമ്പോള്‍ അടുത്തുള്ള തൂണില്‍ ചാരി സേവിയറമ്മ ഇരിക്കുന്നുണ്ടായിരുന്നു. പതിവില്ലാത്ത വിധം ക്ഷീണിതയും, മൌനിയുമായിരുന്നു മേരി. എന്തു പറ്റിയെന്നു ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞു, ഇന്ന് പകല്‍ മുഴുവന്‍ പണിയായിരുന്നു. ദിവസം നൂറു രൂപ കിട്ടുന്ന തൊഴിലുറപ്പുപദ്ധതി. പുലര്‍ച്ചെ എണിറ്റ് രണ്ട് കിലോമീറ്റര്‍ നടന്ന് വേണം സുനാമി കോളനിയിലെ വീട്ടിലെത്താന്‍. ചെറിയ മകനെയും ചേര്‍ത്ത്കിടന്ന് അവളുറങ്ങി. സേവിയറമ്മ ബീഡി തെരുക്കുന്നതില്‍ മുഴുകിയിരുന്നു. ആഗസ്ത് മാസം മുഴുവന്‍ ഡല്‍ഹിയിലേക്കും, കൊല്‍ക്കത്തയിലേക്കും യാത്രചെയ്ത അവര്‍ അടുത്ത ദിവസം, കുട്ടികള്‍ക്കൊപ്പം ചെന്നൈയിലേക്ക് പോവാനുള്ള ഒരുക്കത്തിലായിരുന്നു. അവരുടെ കൂടെ കഴിയുന്ന ആ രാത്രിയില്‍ ഞങ്ങളുടെ സുഖസൌകര്യങ്ങളില്‍ അവര്‍ ശ്രദ്ധ കാണിച്ചു. പുലര്‍ച്ചെ നാലുമണിക്ക് പള്ളിയുടെ വലിയ വാതില്‍ തുറക്കുന്ന ശബ്ദം കേട്ടുണര്‍ന്ന ഞാന്‍ കണ്ടത് ഒരു ചെറു പുഞ്ചിരിയോടെ തന്‍റെ ബാഗുകള്‍ ഒരുക്കുന്ന സേവിയറമ്മയെയാണ്‌. സ്വന്തമായി മൊബൈല്‍ ഫോണ്‍ ഇല്ലാത്തതിനാല്‍, മെല്‍റിറ്റിനടുത്തുള്ളപ്പോള്‍ മാത്രമേ ഞങ്ങള്‍ക്ക് സേവിയറമ്മയോട് സംസാരിക്കാന്‍ കഴിയൂ. ഇന്ന് രാവിലെ അതിനും പറ്റിയില്ല. മെല്‍റിറ്റിനോട് സംസാരിച്ചപ്പോള്‍ സേവിയറമ്മയെ കാണാനില്ലെന്നാണ് അവള്‍ പറഞ്ഞത്.

മഞ്ഞപ്പിത്തം പിടിപെട്ടതിനാല്‍ തങ്ങള്‍ക്കൊപ്പം വരാന്‍ കഴിയാത്ത മകളെ കുറിച്ചോര്‍ത്തു സങ്കടപ്പെട്ടിരിക്കുകയായിരുന്നു മെല്‍റിറ്റ്. അവളുടെ ആശങ്ക കലര്‍ന്നതും, എന്നാല്‍ ആത്മവിശ്വാസം വിടാത്തതുമായ ശബദം രാവിലെ മുതല്‍ എന്റെ ചെവിയില്‍ മുഴങ്ങുകയാണ്.
ഇതെഴുതുമ്പോള്‍ മണല്‍പ്പുറത്ത് വീണുകിടക്കുന്ന സേവിയറമ്മയെ പൊലീസ് വലിച്ചിഴക്കുന്ന ദൃശ്യം എന്‍റെ മനസ്സില്‍ തെളിയുന്നു. ഇന്ന് വൈകിട്ട് കണ്ട നിലവിളിക്കുന്ന സേവിയറമ്മയുടെ ചിത്രം അവരുടെ ശക്തിയും, ഊര്‍ജ്ജസ്വലതയും അറിയുന്ന ആരേയും അടിമുടി പിടിച്ചുലയ്ക്കാതിരിക്കില്ല.

 

പൊലീസ് നടപടിക്കിടെ സേവിയറമ്മ. Image Courtesy: Counter Currents


 
 

പൊലീസ് നടപടിക്കിടെ സേവിയറമ്മ. Image Courtesy: Counter Currents


 
 

പൊലീസ് നടപടിക്കിടെ സേവിയറമ്മ. Image Courtesy: Counter Currents


 
 

 
 

പൊലീസ് നടപടിക്കിടെ സേവിയറമ്മ. Image Courtesy: Counter Currents


 
അഴുക്ക് നിറഞ്ഞ്, തകര്‍ന്നു കിടക്കുന്ന കടല്‍ത്തീരത്തിന്റെ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ ഉച്ചയ്ക്ക് മുഖ്യമന്ത്രിയെ കാണാന്‍ ചെന്നൈയിലേക്ക് രഹസ്യയാത്ര നടത്താനിരിക്കുന്ന മൂന്നു സുന്ദരികള്‍ക്കൊപ്പം അന്നു രാവിലെ നടന്നതോര്‍ത്തു. ഒരു വിനോദയാത്രയ്ക്കെന്ന പോലെ ആവേശഭരിതരായിരുന്ന അവര്‍ തങ്ങളിലേല്‍പ്പിക്കപ്പെട്ട ഉത്തരവാദിത്തത്തെ കുറിച്ച് പറയുമ്പോള്‍ മാത്രം ഗൌരവഭാവം പ്രകടിപ്പിച്ചു. ലബിഷയും, ഷിജിയും, ശോഭനയുമായിരുന്നു അവര്‍. അവര്‍ കടലും കടല്‍ സമ്പത്തും കാണിച്ച് തന്നു. ഞണ്ടുമാളങ്ങളും, ഞണ്ടു കൂട്ടങ്ങളും പായല്‍ അടിഞ്ഞ കടല്‍ത്തീരവും, പവിഴപ്പുറ്റുകളും, നക്ഷത്ര മല്‍സ്യങ്ങളും‍…

ഞാന്‍ എന്റെയാ സുഹൃത്തുക്കളെ തിരയുകയായിരുന്നു, അവരുടെ പാട്ടും നൃത്തവും നിറഞ്ഞ അതേ തീരമാണ്‌ ഇപ്പോള്‍ കാണുന്നതെന്ന് സങ്കല്‍പ്പിക്കാന്‍ കഴിയുന്നില്ല. ലബിഷയുടെ മാത്രമല്ല അവളുടെ അമ്മയുടെയും ഫോണ്‍ നിശബ്ദമാണ്‌– സ്വിച്ച്ഡ് ഓഫ്. അവരുടെ ഭംഗിയുള്ള, തെളിഞ്ഞ കണ്ണുകള്‍ ഈ രാത്രി ഭയത്താലും കണ്ണീരാലും നിറഞ്ഞിരിക്കുമോ? കണ്ണീര്‍ വാതകത്തിന്റെ പുക നിറഞ്ഞ് അവരുടെ ശ്വാസനാളികള്‍ പൊള്ളി അടര്‍ന്നിരിക്കുമോ ? റബര്‍ ബുള്ളറ്റേറ്റ് ഗുരുതരാവസ്ഥയിലായ ചങ്ങാതിയെ ഓര്‍ത്ത് അവരുടെ ഉറക്കങ്ങള്‍ മുറിഞ്ഞിട്ടുണ്ടാവുമോ ?

എങ്ങനെയാണ് ഞാനവരോട് മിണ്ടുക?

 

 

കുഞ്ഞ് ഷിജിയും,അവളുടെ അമ്മ സഹായം ഇനിതയും അന്നു ഞങ്ങളെ സുന്ദരിക്കൊപ്പം അവിടെ കണ്ടപ്പോള്‍ ഏറെ സന്തോഷത്തിലായിരുന്നു. എല്ലാ തിരക്കുകള്‍ക്ക് മേലേയും ഇനിത ഞങ്ങള്‍ക്ക് ചായ ചൂടാറ്റി തന്നു. കൂടം കുളത്തേയ്ക്കുള്ള യാത്രയില്‍ ഇനിതയും ബസ്സില്‍ കൂടെയുണ്ടായിരുന്നു. ഇറങ്ങുമ്പോള്‍ അവള്‍ ഞങ്ങള്‍ക്ക് കൈവീശി. ഇപ്പോഴിതാ ആ വാര്‍ത്ത വരുന്നു, ഇനിതയ്ക്കും പരുക്കേറ്റിരിക്കുന്നു…
ഇടിന്തകര ഇപ്പോള്‍ ഇരുട്ടിലാണ്. നിശ്ശബ്ദവും.
ആ നിശ്ശബ്ദത ഭേദിക്കാന്‍ നമ്മുടെ ശബ്ദങ്ങള്‍ ഉയരേണ്ടിയിരിക്കുന്നു.
സമാധാനപരമായ ഈ സമരത്തിനു വേണ്ടി നമുക്ക്, ഇനിയെങ്കിലും വാ തുറക്കാം.

 
 
 
 

4 thoughts on “ഇടിന്തകരൈ എങ്ങനെയാവും ഈ രാവു വെളുപ്പിക്കുക?

  1. Xavierammayude karayunna mukham ende hridayathe haunt cheyyunnu. Aavesathode mudravaakyangal vilikkunna Xavierammaye aanu njaanariyuka. Neethikkum jeevasurakshakkum vendiyulla ee aitihasika samaram jayiche mathiyaavoo.

  2. Anitha Madam,Eventhough I didnt see them before, I touch their feelings through your words…they are fighting not only for their life..its for a clean water, clean soil , for a green life..may the ultimate success be with them……

  3. enthinanu manushyan prakruthiyodum sahajeevikalodum etra kruratha kattunnathu………..sudhavayu swasichu jeevikkanulla avakasam ellavarkkum undu

  4. sahana samarathinte yadhartha mukhamanu vivarichathu. Xavierammayeyum mattum njan randu moonu thavana kanditte ullu. enikku pinneedu pokan pattathathinte vishamathilanu ippolum. pakshe avarude koode ennum njangale polullavar undakum…athanu avarku dhairyam pakarnnu nalkunnathum…

Leave a Reply

Your email address will not be published. Required fields are marked *