ചില നിഴലുകള്‍ ഉടലുകളെ അല്ല പകര്‍ത്തുന്നത്

 
 
 
 
ഏതു ഓര്‍മ്മയും കണ്ണുകള്‍ അടക്കുമ്പോള്‍ പിറകോട്ടു മാത്രമല്ല, മുമ്പോട്ടും വഴികള്‍ വെട്ടുന്നു. അത് ഓര്‍മ്മയുടെ അസാധ്യമായ സാധ്യതയും ആണ്. കരുണാകരന്‍ എഴുതുന്നു
 
 
നമ്മുടെ ആലോചനകളെ, കലയെ, “ആധുനികത”യുടെ ആഴങ്ങള്‍ കാണിച്ചു തന്ന എഴുപതുകള്‍ ഇങ്ങനെ അതിനേക്കാള്‍ പഴക്കമുള്ള ഒരു അധികാര സംവിധാനത്തോട് സമരസപ്പെടുമ്പോള്‍ പ്രധാനമായും നടന്നത്, അധികാരത്തെ പറ്റിയുള്ള ഏത് പുതിയ അന്വേഷണങ്ങളില്‍ നിന്നും മാറി നില്‍ക്കുക എന്നായിരുന്നു. തൊണ്ണൂറുകളെ തുടര്‍ന്ന് ലോകം കടന്നുപോയ അനവധി മാറ്റങ്ങള്‍, ആശയങ്ങളിലും സാങ്കേതികവിദ്യയിലും അടക്കം, നമ്മുടെ കലയെ, സാഹിത്യത്തെ, കലാ വിചാരങ്ങളെ, രാഷ്ട്രീയ വിചാരങ്ങളെ മാറ്റിയത് ഇന്നും ചര്‍ച്ച ചെയ്യാന്‍ പറ്റാത്ത ഒരു ഭാഷയാണ് നമ്മുടേത്. അങ്ങനെ ഒരു ശ്രമത്തെ പോലും നിശബ്ദമാക്കാന്‍ , നമ്മുടെ പല എഴുത്തുകാരും, സാഹിത്യ വാരികകള്‍ അടക്കം, ശ്രമിക്കുകയും ചെയ്യും- പ്രമുഖ എഴുത്തുകാരന്‍ കരുണാകരന്‍ എഴുതുന്നു

 

 

ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പാണ്, താരിഖ് അലിയുടെ ഒരു പ്രബന്ധം (Where has all the rage gone – Tariq Ali, Guardian, March, 2008) വായിച്ചു, അറുപതുകളുടെ ചുവന്ന ഓര്‍മ്മയൊക്കെയുള്ള, ലോകം അന്ന് യുവാക്കളുടെ നെഞ്ചില്‍ എങ്ങനെയാണ് എരിഞ്ഞിരുന്നത് എന്നൊക്കെ ഓര്‍ക്കുന്ന ഒന്ന്. ഏതു ഓര്‍മ്മയും കണ്ണുകള്‍ അടക്കുമ്പോള്‍ പിറകോട്ടു മാത്രമല്ല, മുമ്പോട്ടും വഴികള്‍ വെട്ടുന്നു. അത് ഓര്‍മ്മയുടെ അസാധ്യമായ സാധ്യതയും ആണ്. എന്തായാലും എനിക്ക് ആ പ്രബന്ധം പിടിച്ചു. ആ കാലത്തെ ഓര്‍ത്തത് കൊണ്ട് മാത്രമല്ല, ആ കാലം പിന്നെ എങ്ങനെ മുമ്പോട്ട് സഞ്ചരിച്ചു എന്നത് ഇപ്പോഴും ഓര്‍മിപ്പിക്കും എന്നത് കൊണ്ടും.

കരുണാകരന്‍


ഇന്ത്യയും കേരളവും അറുപതുകളുടെ അവസാനത്തിലും എഴുപതുകളിലും അങ്ങനെ ചില കാലങ്ങളിലൂടെ പോയിരുന്നു. വിശേഷിച്ചും, നക്സല്‍ബാരിയിലെ കര്‍ഷക കലാപം ഇന്ത്യയില്‍ ഉടനീളം ഉണ്ടാക്കിയ രാഷ്ട്രീയ ചലനങ്ങള്‍, പിന്നീട് നമ്മുടെ തന്നെ രാഷ്ട്രീയത്തിന്റെ ഭാഗമാവുകയായിരുന്നു. പിന്നീട് വന്ന തലമുറകളിലെ പലരെയും പോലെ അങ്ങനെ ഒരു വിചാരലോകത്തിലൂടെ പോയ എനിക്ക് ആ കാലം അതിന്റെ നേരോടെ അനുഭവിച്ചവരിലൂടെ പറഞ്ഞു കേള്‍ക്കാന്‍ തോന്നി : ഏതു ഓര്‍മ്മയും കണ്ണുകള്‍ അടക്കുമ്പോള്‍ പിറകോട്ടു മാത്രമല്ല, മുമ്പോട്ടും വഴികള്‍ വെട്ടുന്നു.

 

Painting: Ben Shahn


 

ഒരൊറ്റ മരം മാത്രം പണിക്ക് കിട്ടിയ ആശാരിമാര്‍
താരിഖ് അലിയുടെ ലേഖനം വച്ച് ഞാന്‍ ആ കാലത്തോടൊപ്പം നമ്മുടെ ഭാഷയിലും ജീവിതത്തിലും വന്ന ചിലര്‍ക്ക്, ചില ചോദ്യാവലികളോടെ അയച്ചു. അവരില്‍ പലരും എനിക്ക് മുമ്പേ അത് വായിച്ചിരുന്നു. കെ. വേണു, കെ. സച്ചിദാനന്ദന്‍, ബി. രാജീവന്‍, കെ. ജി. ശങ്കരപ്പിള്ള, എന്‍. എസ് മാധവന്‍, ടി. കെ അരുണ്‍ തുടങ്ങിയവര്‍, ആ കാലത്തെ തങ്ങളുടെ ഭാവനയായി തന്നെ സ്വീകരിച്ചവര്‍, അങ്ങനെ എന്റെ ശ്രമത്തോട് സഹകരിക്കാന്‍ തയ്യാര്‍ ആയി, ആദ്യം എല്ലാവരും പ്രതികരിച്ചു..ഞാന്‍ അവ അപ്പപ്പോള്‍ എല്ലാവര്‍ക്കുമായി പങ്കു വെച്ചു. ഓര്‍മകളും ഉണര്‍ച്ചകളും ഒരു കാലത്തെ കാണുന്നത് ഞാന്‍ കണ്ടു. പിന്നെ എന്തുകൊണ്ടോ പെട്ടെന്ന് എല്ലാവരും തങ്ങളുടെ ഒച്ച പൂട്ടി. ഞാന്‍ കാത്തിരുന്നു, കാണാതായപ്പോള്‍ ചോദിച്ചു. ഇപ്പോള്‍ തിരക്കാണ് എന്ന് ചിലര്‍ പറഞ്ഞു. ചിലര്‍ ഒന്നും ഞാന്‍ പറഞ്ഞില്ല എന്ന പോലെ മിണ്ടാതെയിരുന്നു. വേണു കുറച്ചു ദൂരം കൂടെ വന്നു, പിന്നെ ഞാനും ആ ശ്രമം ഉപേക്ഷിച്ചു.

ഇതിനെ പറ്റി ഒരിക്കല്‍ വേണുവിനോട് ചോദിച്ചപ്പോള്‍ “അത് നടക്കില്ല എന്ന് എനിക്ക് അന്നേ തോന്നിയിരുന്നു” എന്ന് ചിരിച്ചു. ഒരൊറ്റ മരം മാത്രം പണിക്ക് കിട്ടിയ ആശാരിമാരില്‍ ആര്, ആദ്യം, എന്ത് കൊത്തും? നമ്മുടെ ബൌെദ്ധിക ജീവിതത്തിന്റെ ഈ ജാഗ്രത, തീര്‍ച്ചയായും, എനിക്കും ഇത് വായിക്കുന്ന മറ്റു പലര്‍ക്കും എന്ന പോലെ പരിചയമായത് കൊണ്ട് ഇതിനെ പറ്റി അധികം പറയേണ്ടിവരില്ല.

 

Painting: Ognian Kuzmanov


 
വിമോചനാശയങ്ങള്‍ക്ക് കാറ്റുപിടിക്കുമ്പോള്‍
വിമോചനാശയങ്ങള്‍ പലപ്പോഴും സ്ഥാപനവല്‍ക്കരിക്കപെടുന്നത് ലോകം നമുക്ക് കാണിച്ചു തരുന്നു. വ്യക്തികള്‍, പ്രസ്ഥാനങ്ങള്‍ ആ ആശയങ്ങള്‍ പിന്നീട് ഉപേക്ഷിക്കുന്നതും. അതിലൊന്നും അത്ഭുതമില്ല. ലോകം അങ്ങനെ നമ്മെ എപ്പോഴും നേരിടുന്നു. മനുഷ്യരെ കുറിച്ചുള്ള ഒരു വലിയ ഉത്കണ്ഠ, അവര്‍ എങ്ങനെ തങ്ങളെ തന്നെ ‘നിയന്ത്രിക്കും’ എന്നത് ആയതുകൊണ്ട് ‘അധികാര’ത്തെ കുറിച്ചുള്ള അവരുടെ അന്വേഷണങ്ങള്‍ക്ക് അവസാനമില്ലതന്നെ.

എന്നാല്‍, അധികാരവിരുദ്ധമായ ആശയങ്ങളെ തങ്ങളുടെ തന്നെ ഭാവനയുടെ രാഷ്ട്രീയമാക്കുന്ന എഴുത്തുകാരും ചിന്തകരും വാസ്തവത്തില്‍ ചെറുക്കുന്നത് തങ്ങളുടെ തന്നെ ഭാവന ഒരു സ്ഥാപനം പോലെ ജീര്‍ണിക്കുന്നതിനെയാണ്. അങ്ങനെയാണ് അവര്‍ തങ്ങളുടെ സ്വത്വത്തെ അനിശ്ചിതത്വത്തിന്റെ കൈകളില്‍ വളരാന്‍ വിടുന്നത്. അധികാരത്തെ പറ്റിയുള്ള അവരുടെ കണ്ടെത്തലുകള്‍ അങ്ങനെ എപ്പോഴും വീണ്ടുവിചാരത്തിനു പ്രേരകമായ അവരുടെ തന്നെ വിചാരലോകം തന്നെയാണ്.

പക്ഷെ , ഈ വിമോചനാശയങ്ങള്‍ക്ക് നമ്മുടെ സാഹിത്യത്തില്‍, ചിന്തയില്‍, കഠോരമായ നാടുവാഴിത്തത്തിന്റെ രുചി ഓര്‍മ്മിക്കുന്ന വിധം ഒരു സ്ഥാന പരിണാമം, പിന്നെ, നമ്മുടെ തന്നെ “മുന്നണി രാഷ്ട്രീയ”ത്തിന്റെ തന്നെ അധികാര പര്‍വ്വത്തില്‍ ലയിച്ചു കൊണ്ട്, കൈവരുകയായിരുന്നു. അങ്ങനെയാണ്, തങ്ങള്‍ ‘ഇടതുപക്ഷ’ത്താണെന്ന് അവര്‍ പെട്ടെന്ന് ഒറ്റ ഒറ്റ സ്ഥാപനങ്ങള്‍ പോലെ ‘സ്വതന്ത്രര്‍” ആയത് : അതുകൊണ്ടാണ്, എഴുപതുകളെ തുടര്‍ന്ന് ലോകത്തുണ്ടായ ചിന്താജീവിതത്തിനൊപ്പം സഞ്ചരിക്കുന്ന ഒരു ബൌെദ്ധിക മാതൃക പോലും, അതിനുള്ള പൊട്ടന്‍ഷ്യല്‍ പലരും കാണിച്ചിരുന്നെങ്കിലും, നമ്മുക്ക് പിന്നെ ഇല്ലാതെ പോയത്.

അതുകൊണ്ടാണ്, പലപ്പോഴും തങ്ങളുടെ കവിതയിലും കഥയിലും ആ പഴയ ഓര്‍മ്മയെ ഒരു അരഞ്ഞാണം പോലെ തൊട്ടും പിടിച്ചും നില്‍ക്കേണ്ടി വന്നത്. വേണു പോലും തന്റെ ചിന്താജീവിതത്തിന്റെ പുതിയ ഘട്ടം ഈ മുന്നണി രാഷ്ട്രീയത്തിന്റെ അധികാര കൌെശലങ്ങള്‍ നിരീക്ഷിക്കാന്‍ മാത്രം ചിലവഴിക്കുമ്പോള്‍ നമ്മുടെ ഈ (മുന്നണി രാഷ്ട്രീയ) ബൌദ്ധിക പ്രതിസന്ധിയുടെ ആഴം മനസിലാവും: ജനാധിപത്യ സംവിധാനങ്ങളെ പറ്റി തന്റെ പുതിയ കല്‍പ്പനകള്‍ സസൂക്ഷ്മം അവതരിപ്പിക്കുമ്പോഴും.

 

 

സമവായങ്ങളുടെ കുതിരകളി
നമ്മുടെ ആലോചനകളെ, കലയെ, “ആധുനികത”യുടെ ആഴങ്ങള്‍ കാണിച്ചു തന്ന എഴുപതുകള്‍ ഇങ്ങനെ അതിനേക്കാള്‍ പഴക്കമുള്ള ഒരു അധികാര സംവിധാനത്തോട് സമരസപ്പെടുമ്പോള്‍ പ്രധാനമായും നടന്നത്, അധികാരത്തെ പറ്റിയുള്ള ഏത് പുതിയ അന്വേഷണങ്ങളില്‍ നിന്നും മാറി നില്‍ക്കുക എന്നായിരുന്നു. തൊണ്ണൂറുകളെ തുടര്‍ന്ന് ലോകം കടന്നുപോയ അനവധി മാറ്റങ്ങള്‍, ആശയങ്ങളിലും സാങ്കേതികവിദ്യയിലും അടക്കം, നമ്മുടെ കലയെ, സാഹിത്യത്തെ, കലാ വിചാരങ്ങളെ, രാഷ്ട്രീയ വിചാരങ്ങളെ മാറ്റിയത് ഇന്നും ചര്‍ച്ച ചെയ്യാന്‍ പറ്റാത്ത ഒരു ഭാഷയാണ് നമ്മുടേത്. അങ്ങനെ ഒരു ശ്രമത്തെ പോലും നിശബ്ദമാക്കാന്‍ , നമ്മുടെ പല എഴുത്തുകാരും, സാഹിത്യ വാരികകള്‍ അടക്കം, ശ്രമിക്കുകയും ചെയ്യും.

നോക്കു, കഴിഞ്ഞ അര നൂറ്റാണ്ടിലധികം “തുറന്ന ഒരു ജനാധിപത്യ സമൂഹ”മായി ജീവിച്ച കേരളീയ സമൂഹത്തിന്റെ ഏറ്റവും വലിയ പ്രശനം , കഴിഞ്ഞ അഞ്ചു വര്‍ഷമായി നമ്മുടെ ചാനലുകളും മാസികകളും നിരന്തരം ചര്‍ച്ച ചെയുന്നതു പോലെ, ഒരു കമ്മ്യൂണിസ്റ് പാര്‍ട്ടിയിലെ രണ്ടു നേതാക്കള്‍ തമ്മിലുള്ള, അറപ്പിക്കുന്ന, അധികാര തര്‍ക്കം ആയിരുന്നു. അതും ലെനിന്റെ കാലത്തെ ആണയിട്ടുകൊണ്ട്.

നമ്മുടെതു അങ്ങനെ ഒരു സമൂഹമാണോ? വാസ്ലേവ് ഹവേല്‍ അടക്കമുള്ളവര്‍ നേരിട്ട ഒരു സമഗ്രാധിപത്യ സമൂഹമാണോ നമ്മുടെ ബുദ്ധിജീവിയുടെ കേരളം? എന്തുകൊണ്ടാണ്, ഇവര്‍ക്ക് നമ്മുടെ രാഷ്ട്രീയജീവിതത്തെ പറ്റി, അതിന്റെ അധികാര സംവിധാനത്തെ പറ്റി ഉള്‍കാഴ്ച്ചയോടെ സംസാരിക്കാന്‍ കഴിയാത്തത്? ബുദ്ധി ഇല്ലാത്തതു കൊണ്ടല്ല, അതിനു നമ്മുടെ “സാക്ഷരത”യില്‍ വില്‍പ്പന ഇല്ലാത്തതുകൊണ്ടല്ലേ അത്?

 

Painting: Pi Luna


 
ഒരു ദേശത്തിന്റെ അന്ത്യ ഭാവന
സാഹിത്യത്തെ ഒരു ദേശത്തിന്റെ അന്ത്യ ഭാവന എന്ന് മനസിലാക്കുന്നത്രതോളം യാഥാസ്ഥികികത വേറെ ഇല്ല എന്ന് തോന്നുന്നു. പകരം, എഴുത്തിനെ ലോകത്തിന്റെ ഓര്‍മയിലേക്ക് ചിതറിയ ഒരു ദേശത്തിന്റെ ഭാവന എന്ന് മനസിലാക്കുമ്പോള്‍, വാസ്തവത്തില്‍, നാം ചെന്ന് പെടുക ആ പഴയ സമസ്യയില്‍ തന്നെയാണ് : എഴുത്തിന്റെ രാഷ്ട്രീയം.

അത് എന്തായാലും ഒരു പഴയ ഓര്‍മ്മ അല്ല തന്നെ. അത്, അതേ ഓര്‍മ്മയുമായി ഒരു സംവാദം ആണ്, മുഴുമിപ്പിക്കാതെ തുടരുന്നത്. എന്നാല്‍, നമ്മുടെ മിക്ക എഴുത്തുകാരും, പഴയ ആ രാഷ്ട്രീയക്കാര്‍ വരെ, ആ ഓര്‍മ്മയെ ഒസ്യത്ത് ആയി എഴുതി വച്ചവരും. അവര്‍ എങ്ങനെ ഓര്‍മ്മയെ വര്‍ത്തമാനത്തിന്റെ സംവാദം ആയി കാണും, ആത്മഗതങ്ങളില്‍ തുളുമ്പും എന്നല്ലാതെ?

അല്ലെങ്കിലും ചില നിഴലുകള്‍ ഉടലുകളെ അല്ലല്ലോ പകര്‍ത്തുന്നത്.
 
 
നാലാമിടം പ്രസിദ്ധീകരിച്ച, കരുണാകരന്റെ മറ്റ് കുറിപ്പുകള്‍
 
ഉദാസീനതയുടെ മലയാളി ആണ്‍സദസ്സുകള്‍

നമ്മുടെ പൌരജീവിതവും രാഷ്ട്രീയവും

മലയാളി എഴുത്തുകാര്‍ ഇങ്ങനെയാണ് അവരുടെ പേടി പ്രഖ്യാപിച്ചത്

 
 
 
 

Leave a Reply

Your email address will not be published. Required fields are marked *