ഒരു ഹീറോ ഉണ്ടാക്കപ്പെടുന്ന വിധം

 
 
 
 
കൂടംകുളം കാണാത്ത മാധ്യമങ്ങള്‍ അസീം ത്രിവേദിയുടെ അറസ്റ്റ് കൊഴുപ്പിച്ചതെന്തുകൊണ്ട്?
കാര്‍ട്ടൂണ്‍ വിവാദം ആരുടെ താല്‍പ്പര്യങ്ങളാണ് സംരക്ഷിച്ചത്? ഉദയ് കിരണിന്റെ കോളം തുടങ്ങുന്നു

 

കൂടംകുളത്തെ പൊലീസ് നായാട്ട്,മധ്യപ്രദേശിലെ ഇന്ദിരാസാഗറിലെ ജലസമരം, തൊട്ടടുത്ത ഹാര്‍ദയില്‍ ഇപ്പോഴും തുടരുന്ന ജലസമരം…അതിജീവന സമരങ്ങള്‍ തുടരുകയാണ്. എന്നാല്‍, നമ്മുടെ മാധ്യമ റഡാറുകളില്‍ ഇവയൊന്നും പതിയുന്നേയില്ല. പതിയുന്നത് ഭരണകൂട ഭാഷ്യം മാത്രമാണ്. നമുക്ക് വേണ്ടി ഉറക്കെ സംസാരിക്കുമെന്ന് കരുതുന്ന മാധ്യമങ്ങള്‍ ബോധപൂര്‍വം കണ്ണടക്കുകയാണെന്ന് വ്യക്തം. എന്നാല്‍, മാധ്യമ കണ്ണാടിയില്‍ എല്ലാ സമരങ്ങളും ഒരു പോലെയല്ല. ഇതേ സമയത്ത് തന്നെ നടന്ന കാര്‍ടൂണിസ്റ്റ് അസീം ത്രിവേദിയുടെ അറസ്റ്റ് ആവിഷ്കാര സ്വാതന്ത്യ്രത്തിന്റെ വലിയ കാന്‍വാസിലേക്ക് നീട്ടിപ്പരത്തിയതും മണിക്കൂറുകള്‍ ചര്‍ച്ച ചെയ്ത് വിവാദമായി വളര്‍ത്തിയതും മാധ്യമങ്ങള്‍ തന്നെയാണ്.

എന്തു കൊണ്ടാണിത്? അസീം ത്രിവേദിയുടെ അറസ്റ്റിന്റെ രാഷ്ട്രീയമെന്താണ്? മാധ്യമങ്ങളുടെ ഈ ഇരട്ടത്താപ്പിന്റെ രാഷ്ട്രീയമെന്താണ്? മാധ്യമങ്ങള്‍ എങ്ങനെയാണ് നമ്മുടെ അഭിപ്രായങ്ങളെ മെനഞ്ഞെടുക്കുന്നത്? ഓണ്‍ലൈനിലടക്കം ഉയര്‍ന്നുപൊന്തിയ നമ്മുടെ രോഷപ്രകടനങ്ങള്‍ സത്യത്തില്‍ ആരുടെ താല്‍പ്പര്യങ്ങളായിരുന്നു? ^ഉദയ് കിരണ്‍ എഴുതുന്നു

 
 

 
 
ആയിരങ്ങളുടെ അതിജീവനത്തിന്റെ പ്രശ്നമായ കൂടംകുളം ദേശീയമാധ്യമങ്ങള്‍ക്ക് അത്ര പ്രാധാന്യമുള്ള വിഷയമായിരുന്നില്ല, ഒരിക്കലും. വികസനം മുടക്കികള്‍ എന്ന വിവക്ഷയോടെയാണ് അതേക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നിരുന്നത്. ഇപ്പോഴത്തെ പോലീസ് നടപടിയ്ക്കു ശേഷം കുറച്ചു വാര്‍ത്തകള്‍ വന്നു. എന്നാല്‍ അവയിലൊക്കെ ‘കലാപം’, ‘പോലീസിനു നേരെയുള്ള ആക്രമണം’ മുതലായ പദങ്ങള്‍ നിറച്ചുവെക്കാന്‍ അവര്‍ മറന്നില്ല. ചിത്രം കടപ്പുറത്ത് വലിച്ചിഴയ്ക്കപ്പെടുന്ന വൃദ്ധസ്ത്രീകളുടേതാണെങ്കിലും റിപ്പോര്‍ട്ടില്‍ ‘പൊലീസുമായി ഏറ്റുമുട്ടുന്ന പ്രതിഷേധക്കാര്‍’ എന്നതാവും വിശേഷണം. ഇംഗ്ലീഷ് വാര്‍ത്താ ചാനലുകളിലെ വിശകലന വിശാരദന്മാര്‍ക്കോ, വാര്‍ത്താവതാരകര്‍ക്കോ കൂടുതലൊന്നും പറയാനുമുണ്ടായിരുന്നില്ല. വിദേശശക്തികള്‍ ധനസഹായം നടത്തി ചെയ്യിപ്പിക്കുന്ന സമരം എന്ന ലേബല്‍ ഔദ്യോഗികമായി തന്നെ പതിച്ചുകൊടുക്കുകയും ചെയ്തിട്ടുണ്ട് ആണവനിലയ വിരുദ്ധസമരത്തിന്. നാലാമിടത്തില്‍ ആര്‍. നന്ദലാല്‍ എഴുതിയ ലേഖനത്തില്‍ പറയുന്നതു പോലെ ‘അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചു വിടാന്‍ ഗത്യന്തരമില്ലാതെ പോലീസിന് ചില നടപടികള്‍ സ്വീകരിക്കേണ്ടി വന്നു’ എന്ന സന്ദേശമാണ് അവര്‍ ജനങ്ങളിലെത്തിക്കാന്‍ ശ്രമിച്ചത്. ആണവറിയാക്ടറിന്റെ അപകടസാധ്യതകളെക്കുറിച്ച് ഇനിയൊന്നും സംസാരിക്കേണ്ടതില്ല എന്ന ആത്മവിശ്വാസത്തിന്റെ ലാഘവം ദൃശ്യമാധ്യമങ്ങളിലെ വാര്‍ത്താപ്പുലികളുടെ മുഖാരവിന്ദങ്ങളില്‍ പുഞ്ചിരിപ്പതാകകളായി ഇളകിയാടി. വാര്‍ത്തകള്‍ വായിച്ചുകൊണ്ട് കണ്ണീരൊഴുക്കുകയും, ഉറഞ്ഞുതുള്ളുകയുമൊക്കെ ചെയ്തു ശീലമുള്ളവരാണവര്‍.

മധ്യപ്രദേശിലെ ഇന്ദിരാസാഗര്‍ അണക്കെട്ടിലെ ജലനിരപ്പ് താഴ്ത്തിയില്ലെങ്കില്‍ കിടപ്പാടം മുങ്ങിപ്പോകുമെന്ന അവസ്ഥ നേരിടുന്ന ജനങ്ങള്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ആബാലവൃദ്ധം കഴുത്തറ്റം വെള്ളത്തില്‍ ഇറങ്ങി നിന്ന് നടത്തിയ അതിജീവനസമരവും മുഖ്യധാരാമാധ്യമങ്ങള്‍ക്ക് വിഷയമായിരുന്നില്ല. അതിനെ കുറിച്ചുള്ള വാര്‍ത്ത വരുന്നത് തന്നെ സര്‍ക്കാര്‍ അവരുടെ ആവശ്യം അംഗീകരിച്ചു എന്ന വിവരം അറിയിക്കാനാണ്.സര്‍ക്കാരിന്റെ പ്രസ് റിലീസിന്റെ ഫലം ചെയ്യുന്ന റിപ്പോര്‍ട്ട്. അതേ മധ്യപ്രദേശില്‍ തന്നെ ഹാര്‍ദ എന്ന സ്ഥലത്ത് കഴിഞ്ഞ രണ്ടാഴ്ചയായി സമാനമായ ജലസമരം സമരം നടന്നുകൊണ്ടിരിക്കുന്നു. ഒറ്റച്ചാനലിനും പത്രത്തിനും അത് വാര്‍ത്തയല്ല. ചര്‍ച്ചാവിഷയമല്ല.
 
 

 
 

മാധ്യമ സ്വാതന്ത്യ്രം വാര്‍ത്തയാവുമ്പോള്‍
മാധ്യമങ്ങളുടെ സ്വാതന്ത്യ്രനിഷേധത്തിന്റെ എന്തെങ്കിലും പ്രശ്നം വരുമ്പോള്‍ നമുക്കൊക്കെ അത് നമ്മുടെ തന്നെ സ്വാതന്ത്യ്രനിഷേധത്തിന്റെ പ്രശ്നമായാണ് അനുഭവപ്പെടുക. മാധ്യമങ്ങള്‍ ജനങ്ങളുടെ നാവാകുന്ന ഒരു ജനാധിപത്യാന്തരീക്ഷത്തില്‍ നമ്മുടെ ഈ താദാത്മ്യപ്പെടല്‍ ശരിയുമാണ്. മാധ്യമങ്ങളിലൂടെയല്ലാതെ നാമെങ്ങനെയാണ് ഉറക്കെ സംസാരിക്കുക? എന്നാല്‍ എന്തൊക്കെ വാര്‍ത്തകളാവണം ,എന്തൊക്കെ വാര്‍ത്തകളാവരുത് എന്ന് നിര്‍ണ്ണയിക്കാനുള്ള കുത്തകാവകാശം മാധ്യമങ്ങളുടെ പരസ്പാരാശ്രിത,പരസ്പരസഹായ സ്ഥാപനത്തിനുണ്ടാകുമ്പോള്‍ വാര്‍ത്തകളുടെ മുന്‍ഗണനാക്രമത്തെ കുറിച്ചുള്ള നമ്മുടെ ധാരണകളും നമ്മുടെ അറിവോ ,തീരുമാനമോ ഇല്ലാതെ സ്വാധീനിക്കപ്പെടുന്നു.

മാധ്യമങ്ങള്‍ തമ്മിലുള്ള മല്‍സരം കാണികളെ ഹരം പിടിപ്പിക്കുന്ന ഒരു പ്രദര്‍ശന ഐറ്റം മാത്രമാണ്. പരശãതം ചാനലുകളും, മറ്റു മാധ്യമങ്ങളും വാര്‍ത്തകള്‍ തള്ളുകയും, കൊള്ളുകയും ചെയ്യുന്നതില്‍ ‘മാതൃകാപരമായ’ ഭ്രാതൃത്വം പ്രകടിപ്പിക്കുന്നുണ്ട്. അവര്‍ സംഘടിതമായി തീരുമാനിക്കുന്നവ നമ്മുടെ ചിന്തകളിലും, ആലോചനകളിലും, പ്രതികരണങ്ങളിലും നിറയുന്നു.നമ്മെ തേടി വരുന്ന വാര്‍ത്തകള്‍ അവ മാത്രമാണ്. മാധ്യമങ്ങളുടെ കോര്‍പ്പറേറ്റ് കാലത്ത് ബോധപൂര്‍വ്വമായി തെരഞ്ഞുചെല്ലേണ്ടി വരുന്നു, നമുക്ക്, ജനപക്ഷത്തു നിന്നുള്ള വാര്‍ത്തകള്‍ക്കായി സമാന്തരമാധ്യമങ്ങളില്‍.
 
 

 
 

ആവിഷ്കാര സ്വാതന്ത്യ്രം
അതിജീവനത്തിനു വേണ്ടിയുള്ള ജനകീയസമരങ്ങളും, അവയ്ക്കെതിരെയുള്ള ഭരണകൂടനടപടികളും റിപ്പോര്‍ട്ട് ചെയ്യുന്നതില്‍, പുറമേയ്ക്ക് സര്‍ക്കാര്‍ ഗസറ്റിനേക്കാള്‍ നിര്‍മ്മമതയും, സൂക്ഷ്മമായി കോര്‍പ്പറേറ്റ്മുതലാളിത്തവികസന പക്ഷപാതിത്വവും പുലര്‍ത്തിയ നമ്മുടെ ദേശീയ മുഖ്യധാരാമാധ്യമങ്ങള്‍ ഇതിനിടയില്‍ നമ്മുടെ രക്തം തിളപ്പിക്കാവുന്ന ഒരു വാര്‍ത്ത കൊണ്ടുവന്ന് വിതരണം ചെയ്തു. അതും ആവിഷ്കാരസ്വാതന്ത്യ്രവുമായി ബന്ധപ്പെട്ട ഒരു വാര്‍ത്ത. പ്രശ്നം ആവിഷ്കാരസ്വാതന്ത്യ്രത്തിന്റേതാണെങ്കില്‍ ഉടന്‍ പ്രതികരിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു ഗ്രന്ധി നമ്മുടെ ബോധത്തിന്റെ മെറ്റബോളിസത്തിലുണ്ട്. ‘പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്’ എന്ന രസം ഉല്‍പ്പാദിപ്പിക്കുന്ന ഗ്രന്ധിയുടെ തൊട്ടടുത്തോ മറ്റോ ആണ് അതിന്റെ സ്ഥാനം.

ചെറിയ ഫേസ്ബുക്ക് കമന്റുകളോട് പോലും അസഹിഷ്ണുത പ്രകടിപ്പിക്കുകയും , ഐ. ഡി ബ്ലോക്ക് ചെയ്യുക പോലുള്ള ഫാഷിസ്റ് പാരനോയിക്ക് നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്ന ഭരണകൂടത്തിന്‍റെ നിഴലില്‍ നിന്ന് കൊണ്ട് ആവിഷ്കാരനിഷേധം എന്ന സമൂര്‍ത്ത യാഥാര്‍ത്ഥ്യത്തെ നിസ്സാരവല്‍ക്കരിക്കുകയല്ല ഈ കുറിപ്പെഴുതുന്നയാള്‍. സല്‍മാന്‍ റഷ്ദിയും, എം. എഫ് ഹുസൈനും തൊട്ട് സനല്‍ ഇടമറുകിനേയും, റീനാ ഫിലിപ്പിനേയും, ശിവപ്രസാദിനെയും വരെ തലോടുന്ന ചാട്ടവാറിന്‍റെ തലപ്പിന് നമ്മുടെയോരോരുത്തരുടെയും നെഞ്ചു വരെ നീട്ടമുണ്ട്. എന്നാല്‍ അതിനര്‍ത്ഥം ഇടിന്തകരൈയില്‍ വലിച്ചിഴയ്ക്കപ്പെടുന്ന വൃദ്ധസ്ത്രീകളെ വിട്ട് നാം അസീം ത്രിവേദിയ്ക്കു വേണ്ടി തൊണ്ട കീറണമെന്നല്ല. അയാള്‍ തന്നെ തൊണ്ട കീറുന്ന ഒരു ചിത്രമാണ് നാമിതുവരെ കണ്ടുകൊണ്ടിരിക്കുന്നത്.
 
 

 
 

നിശബ്ദതയുടെ ആനുകൂല്യം
ആവിഷ്കാരസ്വാതന്ത്യ്രത്തിനു വേണ്ടിയുള്ള സമരം ആപേക്ഷികത നിറഞ്ഞ ഒന്നാണ്. തസ്ലീമാ നസ്രീന്റെ ആവിഷ്കാരസ്വാതന്ത്യ്രത്തിനു വേണ്ടി ശബ്ദമുയര്‍ത്തുന്നവര്‍ തന്നെയാണ് എം. എഫ് ഹുസൈന് ജന്മനാട്ടില്‍ വന്ന് മരിക്കാനുള്ള സ്വാതന്ത്യ്രം നിഷേധിക്കുന്നതെന്ന് നമുക്കറിയാം. എന്നാല്‍ തസ്ലീമയ്ക്കും, ഹുസൈനും,ആന്റണിക്കും തങ്ങളുടെ കലയിലൂടെ ആത്മാവിഷ്കാരം നടത്താനുള്ള സ്വാതന്ത്യ്രത്തിനു വേണ്ടി ഉയരുന്ന മതേതരപ്രതികരണത്തിന്റെ ഭൂമികയില്‍ നിന്നു മാത്രമാണ് നാം സംസാരിക്കുന്നത്. അസീം ത്രിവേദിയോ അയാളുടെ കാര്‍ട്ടൂണോ പോലുമല്ല ഇവിടെ, നമ്മുടെ വിഷയം. ദേശീയമാധ്യമങ്ങള്‍ അവരുടെ വാര്‍ത്താതെരഞ്ഞെടുപ്പു രീതിയിലൂടെ നമ്മുടെ മുന്‍ഗണനാക്രമങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു എന്നതാണ്.

ആവിഷ്കാരസ്വാതന്ത്യ്രപ്രശ്നത്തിന്റെ ചരിത്രം നമുക്ക് ഒഴിവാക്കാം. വര്‍ത്തമാനകാലത്തെ ഒരു യാഥാര്‍ത്ഥ്യം മാത്രമെടുക്കാം. സല്‍മാന്‍ റഷ്ദിയുടെ ‘മിഡ്നൈറ്റ്സ് ചില്‍ഡ്രന്‍ ‘ എന്ന നോവലിനെ ആസ്പദമാക്കി ദീപ മെഹ്ത സംവിധാനം ചെയ്ത സിനിമ ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കുമോ എന്ന കാര്യം സംശയമാണ്. ആ പടത്തിന് വിതരണക്കാരെ കിട്ടിയിട്ടില്ല. ചിത്രത്തിന്റെ ഷൂട്ടിംഗ് പോലും ഇന്ത്യയിലല്ല നടന്നത്. ‘മാറ്റത്തിന്‍റെ കാറ്റുകള്‍’ എന്ന ആലോചനാമൃതമായ കള്ളപ്പേരില്‍ ശ്രീലങ്കയില്‍ വെച്ചാണ് അതിന്റെ ചിത്രീകരണം പോലും നടന്നത്. തികച്ചും സൌെകര്യപ്രദമായ ഒരു തെരഞ്ഞെടുക്കലിലൂടെ അത് നമുക്ക് മുന്നില്‍ വാര്‍ത്തയാകാതെ മറഞ്ഞു നില്‍ക്കുന്നു. ഒരു പ്രത്യേകതരം സംയോഗത്തിലൂടെ റഷ്ദി, ദീപാ മേഹ്താ കൂട്ടുകെട്ട് രണ്ടു തരം മതമൌെലികവാദത്തിന്‍റെയും മറുപുറത്ത് നില്‍ക്കുന്നതിനാല്‍ അതേ സൌകര്യപ്രദമായ തെരഞ്ഞെടുപ്പ് പൊതുസമൂഹത്തിനും നിശബ്ദതയുടെ ആനുകൂല്യം തരുന്നു.
 
 

 
 

അസീം ത്രിവേദി വാര്‍ത്തയാവുന്നത്
സൌകര്യപ്രദമായ തെരഞ്ഞെടുക്കലും, അവസരവാദവും മാത്രമാണ് അസീം ത്രിവേദി വിവാദത്തിന് ദേശീയവും , അന്തര്‍ദ്ദേശീയവുമായ പ്രാധാന്യം നേടിക്കൊടുക്കുന്നത്. അമേരിക്കയില്‍ ഏതെങ്കിലും ഒരു മോഡല്‍ ഇന്ത്യയുമായോ , ഭാരതീയ പുരാണങ്ങളുമായോ ബന്ധമുള്ള എന്തെങ്കിലും നിറമോ, ചിഹ്നമോ ഉപയോഗിച്ചാല്‍ പോലും പ്രതിഷേധവുമായി രംഗത്ത് വരുന്ന സംഘപരിവാറില്‍ പെട്ട ബി.ജെ.പിക്ക് തല്‍ക്കാലം ദേശീയ ചിഹ്നങ്ങളെ മോശമായി ചിത്രീകരിച്ചത് ഒരു പ്രശ്നമല്ലാതായിരിക്കുന്നു.

വളരെ പരിമിതമായ ഒരു അജണ്ടയാണ് അവരുടേത്. അസീമിന്റെ കാര്‍ട്ടൂണുകള്‍ യു.പി.എ. സര്‍ക്കാരിന്റെ അഴിമതിക്കെതിരെയാണെന്ന് അവര്‍ തീര്‍ച്ചപ്പെടുത്തി. ഇപ്പോള്‍ കല്‍ക്കരിയിലെത്തി നില്‍ക്കുന്ന അഴിമതി ചരിത്രം യു.പി.എ ക്ക് സ്വന്തമായതിനാല്‍ ആ രാഷ്ട്രീയ സഖ്യത്തെ എതിര്‍ക്കുന്ന എല്ലാവരും അസീം ത്രിവേദിയുടെ ആവിഷ്കാരസ്വാതന്ത്യ്രത്തിന്‍റെ വക്താക്കളായി. അസീമിന്റെ ചിത്രങ്ങളില്‍ അവ കാര്‍ട്ടൂണുകളാണെങ്കില്‍ അവയില്‍ യു. പി. എ എവിടെയാണ് എന്നൊന്നും തിരക്കേണ്ടതില്ല. ചിത്രത്തിനു വെളിയിലുള്ള അടിക്കുറിപ്പുകള്‍ വായിച്ചിട്ടാണല്ലോ സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ നാം അഴിമതിക്കെതിരായ കലയുടെ പോരാട്ടത്തിലെ പുതിയ രക്തസാക്ഷിയെ ചുമന്നുകൊണ്ട് നടക്കുന്നത്.

ഇത്തരം ഒരു കാര്യത്തെ കുറിച്ച് അഭിപ്രായം പ്രകടിപ്പിക്കുന്നതിലുള്ള ഏറ്റവും വലിയ പ്രശ്നം നിങ്ങള്‍ രണ്ടേ രണ്ട് പക്ഷങ്ങള്‍ മാത്രമുള്ള ഒരു സംവാദത്തിന്റെ ഏതെങ്കിലും ഒരു പക്ഷത്ത് ചാവേറായി ചേരണം എന്നതാണ്. ഒരു നാണയം ചുഴറ്റിവീഴ്ത്തി തീര്‍പ്പാക്കാവുന്നതു പോലെ, തല അല്ലെങ്കില്‍ വാല്‍ എന്ന രണ്ടു പുറങ്ങള്‍ മാത്രമുള്ള ഉടലില്ലായ്മയായിത്തീരുന്നുണ്ട് നമ്മുടെ പൊതുവ്യവഹാരമണ്ഡലത്തിലെ മിക്ക വിഷയങ്ങളും.’ഉവ്വ്’ , ‘ഇല്ല’ എന്ന രണ്ട് ബ്രാക്കറ്റുകളിലേതെങ്കിലുമൊന്നില്‍ നിന്നു കൊണ്ട് ‘നിങ്ങള്‍ അമ്മയെ തല്ലുന്നത് നിര്‍ത്തിയോ?’ എന്ന ചോദ്യത്തെ നേരിടേണ്ടിവരുന്നുണ്ട് രാഷ്ട്രീയത്തിന്റെയും, മതത്തിന്‍റെയും,ദേശീയതയുടെയുമൊക്കെ മേഖലകളില്‍ നിരന്തരം നാം.

ഐ.പി.സി 124(എ) വകുപ്പ് ചുമത്താവുന്ന ഒരു പ്രവൃത്തിയല്ല അസീം ത്രിവേദിയുടേതെന്നും , ഇന്ത്യന്‍ പാര്‍ലമെന്ററിജനാധിപത്യ വ്യവസ്ഥയോട് തനിക്കുള്ള എതിര്‍പ്പുകള്‍ വരയിലൂടെ പ്രകടിപ്പിക്കാന്‍ അയാള്‍ക്ക് അധികാരമുണ്ടെന്നും അംഗീകരിക്കാന്‍ നമുക്ക് ബുദ്ധിമുട്ടില്ല. അഴിമതിക്കാരായ ഏതെങ്കിലും കക്ഷികളെ യു.പി.എ യൊ, എന്‍.ഡി എ.യോ ആരെങ്കിലുമാവട്ടെ നിഴലില്‍ നിന്ന് പോലും പിന്തുണക്കാന്‍ നാം ഒരുക്കവുമല്ല. ആകെ പറയാനാഗ്രഹിക്കുന്ന കാര്യങ്ങള്‍ ഇവയാണ്.
 
 

 
 
അസീമിന്റെ ആത്മാവിഷ്കാരം
കലയിലൂടെ നടത്തിയ ആത്മാവിഷ്കാരത്തിന്റെ പേരില്‍ ഭരണകൂടം വേട്ടയാടിയ ഒരാളോ, അങ്ങനെ വേട്ടയാടപ്പെടുന്നവരുടെ പ്രതിനിധിയായി ഉയര്‍ത്തിക്കാട്ടാന്‍ പറ്റിയ ഒരാളോ അല്ല അസീം ത്രിവേദി. കഴിഞ്ഞവര്‍ഷം അണ്ണാ ഹസാരെ മുംബൈയില്‍ സത്യാഗ്രഹമിരുന്നപ്പോള്‍ അവിടെ പന്തലില്‍ പ്രദര്‍ശിപ്പിക്കാന്‍ വരച്ചവയാണ് ഈ ചിത്രങ്ങള്‍. നാഗരിക മധ്യവര്‍ഗ^ഉപരിമധ്യവര്‍ഗ വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് തങ്ങള്‍ പ്രതീക്ഷിക്കുന്നതരം മുതലാളിത്ത സ്വാതന്ത്യ്രം നല്‍കാത്ത വ്യവസ്ഥയോടുള്ള രോഷവും, പ്രതിഷേധവും ഏതു വിധത്തിലും പ്രകടിപ്പിക്കാനുള്ള ഒരു തണലായിരുന്നു പൊതുവെ അണ്ണാ ഹസാരെ സമരം.

പ്രസംഗങ്ങളായും,മുദ്രാവാക്യങ്ങളായുമൊക്കെ യഥേഷ്ടം പ്രകടിപ്പിക്കപ്പെട്ടിരുന്ന ഈ രോഷത്തിന്റെ ചിത്രാവിഷ്കാരങ്ങളായിരുന്നു ഈ വരകള്‍. കോര്‍പ്പറേറ്റ് മീഡിയയുടെ പൂര്‍ണ്ണസഹകരണത്തോടെ, ഇന്ത്യന്‍ ദേശീയതയുടെ ചിഹ്നങ്ങള്‍ ഉപയോഗിച്ചു കൊണ്ട് ,ഹിന്ദുത്വരാഷ്ട്രീയത്തിന്‍റെ തോള്‍ ചാരി നിന്ന് നടന്ന ഈ സമരത്തിന് ഐ.പി.സി യിലെ പല വകുപ്പുകള്‍ക്കുമെതിരെ അപ്രഖ്യാപിതമായ ഒരു പ്രതിരോധശക്തിയുണ്ടായിരുന്നു. ദേശീയ ചിഹ്നത്തില്‍ ചെന്നായ്ക്കളെ വരച്ച് അഴിമതിക്കെതിരെ യുദ്ധം നടത്തിയതിലെ കലയും, ആക്ഷേപഹാസ്യവും മനസ്സിലാകാതെ പോയ ഒരു മുംബൈ വക്കീലാണ് കേസ് കൊടുത്തത്. ആ സ്റ്റേഷനില്‍ ഐ.പി.സി 124 (എ) വകുപ്പനുസരിച്ച് കേസ് രജിസ്റര്‍ ചെയ്യുകയും ചെയ്തു. ഇന്ത്യയിലെ പല പോലീസ് സ്റ്റേഷനുകളിലും രജിസ്റര്‍ ചെയ്തിരിക്കാവുന്ന പലതരം കേസുകളിലൊന്ന്.

‘എന്നെയൊന്ന് ജയിലിലടക്കൂ…’
ഇങ്ങനെയൊരു കാര്‍ട്ടൂണിസ്റിനെ പറ്റിയോ ഇങ്ങനെയൊരു കേസിനെ പറ്റിയോ നാട്ടുകാര്‍ക്കാര്‍ക്കും യാതൊരു വിവരവും ഇതു വരെ ഉണ്ടായിരുന്നില്ല. ഈ അസീമിനെ മുംബൈയില്‍ വെച്ച് അറസ്റ് ചെയ്തില്ല. അണ്ണാ ഹസാരെയുടെ മുംബൈ സത്യാഗ്രഹവും, പിന്നെ ഡെല്‍ഹി സത്യാഗ്രഹവും കഴിഞ്ഞു. ഹസാരെ തന്നെ രംഗത്ത് നിന്ന് അപ്രത്യക്ഷമായി. ഇത്രയും ഗുരുതരമായ വകുപ്പനുസരിച്ച് കേസ് രജിസ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള അസീമിനെ അറസ്റ് ചെയ്യാന്‍ മഹാരാഷ്ട്ര പോലീസ് ഉത്തര്‍ പ്രദേശിലെ കാണ്‍പൂരിലേക്ക് പോയില്ല.

മാസങ്ങളേറെക്കഴിഞ്ഞിട്ടും ഒന്നും സംഭവിക്കാത്തതിനാല്‍ ‘എന്തെങ്കിലുമൊന്നു ചെയ്തില്ലെങ്കില്‍ ശരിയാവില്ലല്ലോ’ എന്ന് അസീമിനും തോന്നിക്കാണും. വീട്ടുകാരുമായൊക്കെ ആലോചിച്ച് അടുത്ത വണ്ടിക്ക് മുംബൈക്ക് കയറി. അസീമിനെ അറസ്റ് ചെയ്തതിന്റെ വിശദാംശങ്ങള്‍ ലഭ്യമല്ല. അതിനു ശേഷമുള്ള മിനിട്ട് ബൈ മിനിട്ട് റിപ്പോര്‍ട്ടുകള്‍ ലഭ്യമാണ്. മഹാരാഷ്ട്രാ പോലീസ് അന്ന് രാത്രി അയാള്‍ക്ക് ഭേല്‍പുരി വങ്ങിക്കൊടുത്തോ എന്നറിയില്ല, പിറ്റേന്ന് രാവിലെ തന്നെ കോടതിയില്‍ ഹാജരാക്കി. ഞങ്ങള്‍ക്ക് ചോദ്യം ചെയ്യാനൊന്നുമില്ല എന്നാണ് പോലീസ് കോടതിയെ അറിയിച്ചത്. വക്കീലിനേയും വെക്കില്ല, ജാമ്യാപേക്ഷയും കൊടുക്കില്ല എന്നായി കാര്‍ട്ടൂണിസ്റ്. ജാമ്യാപേക്ഷ കൊടുത്തു പോകരുത് എന്ന് അയാളുടെ അച്ഛനും വിളിച്ചു പറഞ്ഞു. കോടതി അസീമിനെ ജ്യുഡീഷ്യല്‍ കസ്റഡിയില്‍ വിട്ടു.

ജഗതി അഭിനയിച്ച ഒരു സിനിമയുണ്ട്. പോലീസ് സ്റ്റേഷനായി മാറിയ തന്റെ പഴയ വാടകവീടിന്‍റെ തട്ടിന്‍പുറത്ത് ഒളിപ്പിച്ചു വെച്ച നിധി എടുക്കാന്‍ വേണ്ടി സ്റ്റേഷനിലെ ലോക്കപ്പില്‍ കയറിപ്പറ്റാന്‍ ജഗതി പ്രയോഗിക്കുന്ന പലതന്ത്രങ്ങളുമുണ്ട് അതില്‍. പോലീസുകാരനെ ചീത്ത വിളിച്ചും, നടുറോഡില്‍ പായ വിരിച്ചു കിടന്നുമൊക്കെ ‘എന്നെ ഒന്നു അറസ്റ് ചെയ്യൂ’ എന്ന് ദയനീയമായി യാചിക്കുന്ന ജഗതിയെ ഓര്‍മവരുത്തും മുംബൈയിലെ സംഭവങ്ങള്‍. ആ ചെറുപ്പക്കാരന്‍ മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന ചിത്രങ്ങള്‍ ഉല്‍പ്പാദിപ്പിക്കപ്പെട്ടതോടെ ശേഷം രംഗങ്ങള്‍ക്കായി വാര്‍ത്താചാനലുകളുടെ സ്റുഡിയോകള്‍ ഒരുങ്ങുകയായി. സ്ഥിരം നടന്മാര്‍ ഫുള്‍ മേയ്കപ്പില്‍ റെഡി.
 
 

 
 
വിവാദങ്ങള്‍ കൊണ്ട് മറച്ചുവെച്ചത്
അസീമിന്റെ കലയോ , കലയില്ലായ്മയോ നാം പരിശോധിക്കുന്നില്ല. അയാള്‍ ഒരു ദിവസമെങ്കിലും ജയിലില്‍ കഴിയേണ്ടതുണ്ട് എന്നും കരുതുന്നില്ല. മാധ്യമങ്ങള്‍ നമ്മുടെ ബോധത്തേയും, പ്രതികരണത്തേയും സ്വാധീനിക്കുന്ന രീതികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ മാത്രമാണ് തല്‍ക്കാലം നമ്മുടെ വിഷയം.

ഒന്ന്. ഭരണകൂടത്തിന്റെ ഫാഷിസ്റ് പ്രവണതയുടെ അപലപനീയമായ ഉദാഹരണമായാണ് ഈ സംഭവം അവതരിപ്പിക്കപ്പെടുന്നത്. ഇന്ത്യയിലെ ഒരു സംസ്ഥാനത്തിലെ ഒരു പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ ഒരു കേസില്‍ എഴുതിച്ചേര്‍ത്ത വകുപ്പ് ഇന്ത്യന്‍ ഭരണകൂടത്തിന്റെ അസഹിഷ്ണുതയുടെ മുഴുവന്‍ പ്രാതിനിധ്യത്തിലേയ്ക്ക് വളര്‍ത്തപ്പെടുന്നു. അന്താരാഷ്ട്രമാധ്യമങ്ങള്‍ ഈ വിഷയം എറ്റുപിടിച്ചത് ഈ അര്‍ത്ഥത്തിലാണ്.

എന്നാല്‍ അതേ ഭരണകൂടത്തിന്റെ പരമോന്നതപദവിയിലിരിക്കുന്നയാള്‍ തൊട്ട് സകലരാഷ്ട്രീയാധികാര കേന്ദ്രങ്ങളുടെയും നേരിട്ടുള്ള പങ്കാളിത്തവും, അറിവും, ഇടപെടലുമൊക്കെയുള്ള ഒരു ജീവന്മരണ ‘വികസന’പ്രശ്നത്തില്‍ ആശങ്ക പ്രകടിപ്പിക്കുന്ന സാധാരണക്കാരായ ജനങ്ങളെ തല്ലി എല്ലൊടിക്കുന്ന ദൃശ്യങ്ങളെ തമസ്കരിച്ചിട്ടാണ് ഈ വ്യാജനായകസൃഷ്ടി നടത്താന്‍ മാധ്യമഭ്രാതൃത്വം ആവേശം കാണിക്കുന്നത്. ഇടിന്തക്കരൈയിലും, പരിസരഗ്രാമങ്ങളിലും നായാട്ട് നടത്തിക്കൊണ്ടിരിക്കുന്ന പോലീസിനെ കാണാതെ ‘അക്രമാസക്തമായ ജനക്കൂട്ട’ത്തെ പിരിച്ചുവിടാന്‍ നടത്തിയ കണ്ണീര്‍ വാതകപ്രയോഗത്തെ കുറിച്ച് ഒഴുക്കന്‍ വാചകപ്രയോഗങ്ങള്‍ നടത്തിയ വാര്‍ത്താവതാരകരുടെ മുഖപേശികള്‍ വലിഞ്ഞുപൊട്ടുന്നുണ്ടായിരുന്നു ആവിഷ്കാരസ്വാതന്ത്യ്ര നിഷേധത്തിന്റെ പുതിയ രക്തസാക്ഷിയെ അവതരിപ്പിക്കുമ്പോള്‍.

രണ്ട്. ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച പല നിയമങ്ങളും ഇപ്പോഴും നമ്മുടെ നിയമവ്യവസ്ഥയില്‍ നിലനില്‍ക്കുന്നുണ്ട്. ഇവയില്‍ പലതും വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുമുണ്ട്. മാവോയിസ്റ്റെന്നും, ഇസ്ലാമികതീവ്രവാദിയെന്നുമൊക്കെ സംശയിച്ച് എത്രയൊ പേരെ അറസ്റ് ചെയ്യാന്‍ ഇത്തരം വകുപ്പുകള്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. സോനി സോരിയെന്ന ആദിവാസി അദ്ധ്യാപിക തന്‍റെ മേല്‍ കള്ളക്കേസ് ചുമത്തി പിടിക്കാന്‍ വന്ന ഛത്തീസ്ഗഢ് പൊലീസില്‍ നിന്ന് രക്ഷപ്പെടാന്‍ ഓടിയെത്തിയത് ഡെല്‍ഹിയിലെ ഇതേ മാധ്യമങ്ങളുടെയടുത്താണ്. ഒരു ദിനചര്യ എന്ന പോലെ പൊലീസുകാരാല്‍ നഗ്നയാക്കപ്പെട്ട് ആത്മാഭിമാനം മുറിഞ്ഞു മുറിഞ്ഞ് ഇപ്പോഴും ഛത്തിസ്ഗഢിലെ ജയിലില്‍ കഴിയുന്ന ആ സാധുസ്ത്രീക്കു വേണ്ടി അരമിനിട്ട് ചെലവാക്കാനുണ്ടാകുമോ ‘മനുഷ്യാവകാശ’ത്തിന്റെ അപ്പസ്തോലന്മാരായ ഈ ചാനല്‍ പുലികള്‍ക്ക്? ഐ.പി.സി 124 (ഏ) എന്ന ബ്രിട്ടീഷ് രാജ് അവശിഷ്ടത്തെ കുറിച്ചുള്ള ഒരു പൊതു ചര്‍ച്ചയായി വളര്‍ത്താതെ ഒരു വ്യക്തിയില്‍ ഒതുങ്ങി നിന്നതെന്തു കൊണ്ടാണ്? ആ വകുപ്പ് മറ്റു പലയിടത്തും ഉപയോഗിക്കാമെന്നും, ഈ പ്രത്യേക സന്ദര്‍ഭത്തില്‍ ശരിയായില്ലെന്നും മാത്രമായിരുന്നില്ലേ വാദം?

മൂന്ന്. മാധ്യമദിഗ്വിജയം കഴിഞ്ഞ് പുറത്ത് വന്ന ഉടനേ അസീം പറഞ്ഞത് ‘ഇത്തരം നിയമങ്ങള്‍ ഉപയോഗിക്കേണ്ടത് ദേശവിരുദ്ധര്‍ക്കെതിരെയല്ലേ , ഞാനൊരു ദേശസ്നേഹിയല്ലേ’ എന്നാണ്. അംഗീകൃതമായ ഒരു സ്ഥാനപ്പേരോ ,ജാതിപ്പേരോ പറയുന്നത്ര ആത്മവിശ്വാസത്തോടെയാണ് ‘ദേശസ്നേഹി’ എന്ന ഈ പ്രയോഗം നടത്തപ്പെടുന്നത്. മാധ്യമങ്ങളും പൊതുവെ പങ്കു വെയ്ക്കുന്നത് ഇതേ ധാരണ തന്നെയാണ്.

അശോകസ്തംഭത്തില്‍ ചെന്നായ്ക്കളെ വരച്ചാലെന്താ, പാര്‍ലമെന്റിനെ കക്കൂസാക്കിയാലെന്താ അയാളൊരു ‘ത്രിവേദി’യല്ലേ , അണ്ണാ ഹസാരെയുടെ കൂടെ ചോക്കലേറ്റ് സമരം നടത്തിയ ആളല്ലേ , ദേശസ്നേഹി ആയിരിക്കും എന്നതാണാ നിഗമനം. നേരത്തെ, അജ്മല്‍ കസബ് ഇന്ത്യന്‍ ഭരണഘടനയ്ക്കു മേല്‍ മൂത്രമൊഴിക്കുന്ന കാര്‍ട്ടൂണും വരച്ചിട്ടുണ്ട് ? അപ്പോ സംശയമില്ല. ദേശസ്നേഹി തന്നെ! കാണ്‍പൂരില്‍ നിന്നുള്ള അസീം ത്രിവേദി എന്നതിനു പകരം ലക്നൌവില്‍ നിന്നുള്ള അസീസ് ബുഖാരി എന്നായിരുന്നു കക്ഷിയുടെ ബയോഡാറ്റയെങ്കില്‍ എന്താവുമായിരുന്നു സ്ഥിതി? എല്‍.കെ അദ്വാനി ബ്ലോഗെഴുതി പിന്തുണയ്ക്കുമായിരുന്നോ? രാജ് താക്കറെ? സ്റുഡിയോ വ്യാഘ്രങ്ങള്‍?

നാല്. ഒരു പുതിയ വര്‍ഗ്ഗം വളര്‍ന്നു വന്നിട്ടുണ്ട് നമ്മുടെ സമൂഹത്തില്‍. ഇവരുടെ ലക്ഷണങ്ങള്‍ ഇവയാണ്. നഗരങ്ങളില്‍ വസിക്കുന്നവര്‍, സമ്പന്നര്‍, വിദ്യാഭ്യാസമുള്ളവര്‍, അമേരിക്കന്‍, യൂറോപ്യന്‍ ജീവിതശൈലിയില്‍ കഴിയുന്നവര്‍, ഇന്ത്യ പൂര്‍ണ്ണമായും മുതലാളിത്തവ്യവസ്ഥയിലേക്ക് പരിണമിക്കാത്തതില്‍ അക്ഷമയുള്ളവര്‍, ദളിത് സംവരണവും, ന്യൂനപക്ഷക്ഷേമപദ്ധതികളും, കാര്‍ഷിക സബ്സിഡികളും, സ്കൂളിലെ ഉച്ചക്കഞ്ഞിയുമൊക്കെയാണ് നമ്മുടെ പുരോഗതിക്ക് തടസ്സമായി നില്‍ക്കുന്നത് എന്ന് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നവര്‍. ലക്ഷ്മീപൂജയും, ഫോര്‍മുലാ വണ്‍ കാര്‍ റേസും, പാക്കിസ്ഥാന്‍ വിരോധവും , ഹോട്ട് ഡോഗുമൊക്കെ സമന്വയിപ്പിക്കുന്നവര്‍.

മൃദുഹിന്ദുത്വവും, കടും മുതലാളിത്തവും കലര്‍ത്തിയ കൊടി നാട്ടിയാണ് ഇവര്‍ അതിരുകള്‍ തിരിച്ചിട്ടുള്ളത്. ഇവരാണ് അണ്ണാ ഹസാരെ എന്ന ശുദ്ധമാനസനായ ഗ്രാമീണവൃദ്ധനെ ഉപയോഗിച്ച് സിവില്‍ സൊസൈറ്റിയുടെ കുത്തകാവകാശവും, അതു വഴി അധികാരത്തില്‍ അനുപാതത്തിനു നൂറിരട്ടിയായ വിഹിതവും നേടാന്‍ ശ്രമിച്ചത്. അനിയന്ത്രിതമായ സാമ്പത്തികപ്രവര്‍ത്തനസ്വാതന്ത്യ്രം ലക്ഷ്യമാക്കുന്ന ഇവര്‍ ജനാധിപത്യവ്യവസ്ഥയിലെ ഭരണാധികാരികള്‍ സ്വകാര്യസാമ്പത്തികപ്രവര്‍ത്തനങ്ങളുടെ മാനേജര്‍മാരായി മാത്രം പ്രവര്‍ത്തിക്കണമെന്ന് കരുതുന്നവരാണ്.

രാജ്യരക്ഷ (പാക്കിസ്ഥാനില്‍ നിന്നുള്ള രക്ഷ എന്നര്‍ത്ഥം) അമേരിക്കയെ ഏല്‍പ്പിച്ചു കൊടുത്ത് ഇപ്പോള്‍ നാം അതിനു വേണ്ടി ചിലവഴിക്കുന്ന ഭീമന്‍ തുക ഉപയോഗിച്ച് മാളുകളും, മറ്റു കെട്ടിടങ്ങളും ഉണ്ടാക്കി സുഖിച്ചു കൂടേ എന്നു ചോദിക്കുന്ന ചേതന്‍ ഭഗത് ഈ വര്‍ഗത്തിന്റെ സാഹിത്യ(?)ത്തിലെ പ്രതിനിധിയാണ്. റാലെഗാന്‍ സിദ്ദിയിലെ അണ്ണാ ഹസാരെയും, ജന്തര്‍ മന്തറിലെ അണ്ണാ ഹസാരെയും തമ്മിലുള്ള അന്തരം ഈ വിഭാഗത്തിന്റെ സ്വാധീനത്തിന്‍റെ ഫലമാണ്. അഴിമതിയുടെ സന്ദര്‍ഭങ്ങളെ കണ്ടെത്തി എതിര്‍ക്കുക എന്ന രീതിയില്‍ നിന്ന് തങ്ങള്‍ നിര്‍വ്വചിക്കുന്നതരം അഴിമതിയെ ജനാധിപത്യവ്യവസ്ഥയുമായി കൂട്ടിച്ചേര്‍ത്ത് മൊത്തം വ്യവസ്ഥയുടെ വിശ്വാസ്യതയെ തകര്‍ക്കുക എന്ന നിയോലിബറല്‍ നഗരസമ്പന്നവര്‍ഗത്തിന്‍റെ അജണ്ടയിലേക്ക് മാറിയതാണ് ഹസാരെയുടെ പരാജയമായി തീര്‍ന്നത്. ഈ വര്‍ഗ്ഗത്തിന്റെ ഭാഗം തന്നെയായ കോര്‍പ്പറേറ്റ് മീഡിയ പൂര്‍ണ്ണമായും ഈ വിഭാഗത്തിനു വേണ്ടിയാണ് നിലയുറപ്പിച്ചിട്ടുള്ളത്. ഒരു ന്യൂനപക്ഷത്തിന്റെ താല്‍പര്യങ്ങളെ ഇന്ത്യന്‍ പൊതു സമൂഹത്തിന്‍റെ താല്‍പര്യങ്ങളായി അടിച്ചേല്‍പ്പിക്കുകയും, പൊതു സ്വീകാര്യതയുടെ പ്രതീതി സൃഷ്ടിക്കുകയുമാണ് മീഡിയ നിര്‍വ്വഹിച്ചു വരുന്ന ധര്‍മ്മം.
 
 

 
 

വേട്ടനാടകം, വിനോദയാത്ര
സാധാരണക്കാരന്‍ പറയുകയോ , ആലോചിക്കുകയോ ചെയ്താല്‍ മാവോയിസ്റ് ,അല്ലെങ്കില്‍ തീവ്രവാദി എന്ന നിലയില്‍ ശിഷ്ടകാലം ജയിലില്‍ കിടക്കാവുന്ന തരം പ്രവൃത്തികള്‍ ഹസാരെക്കാലത്ത് ഇക്കൂട്ടര്‍ക്ക് ചെയ്യാനായത് മാധ്യമങ്ങള്‍ സൃഷ്ടിച്ചെടുത്ത അഴിമതിവിരുദ്ധസമരത്തിന്റെ വിശുദ്ധപരിവേഷം കൊണ്ടാണ്. ആ ഓളത്തില്‍ വരച്ചതാണ് അസീമിന്റെ ചിത്രങ്ങളും. ഇപ്പോള്‍ ഒരു ‘വേട്ടനാടകം’ നടന്നപ്പോള്‍ ആ മാധ്യമങ്ങള്‍ ഓടിവന്ന് തങ്ങളുടെ റോളുകള്‍ ഭംഗിയായി ആടിപ്പോയി.

ഒരു വ്യക്തി പ്രശസ്തിക്കു വേണ്ടി സ്വയം വരിച്ച അറസ്റ് ആയിരങ്ങളുടെ കലങ്ങിയ കണ്ണുകള്‍ക്കും, പൊളിഞ്ഞ പുറങ്ങള്‍ക്കും മേല്‍ മഴവില്ലു പോലെ വളഞ്ഞു നിന്നു. ഞങ്ങളുടെ ചെറിയ ഒരു താല്‍പര്യം പോലും നിങ്ങളുടെ എറ്റവും വലിയ താല്‍പര്യത്തേക്കാള്‍ മേലെയാണെന്ന് ദേശീയവാര്‍ത്താമാധ്യമങ്ങള്‍ പ്രത്യേകിച്ചും ദൃശ്യമാധ്യമങ്ങള്‍ കാണിച്ചു തന്നു. മുംബൈയിലേക്ക് കയറി ,’രണ്ടു നാലു ദിനങ്ങള്‍ കൊണ്ട്’ രാഷ്ട്രങ്ങള്‍ ചുറ്റി മടങ്ങിവരാവുന്ന ഒരു വിനോദയാത്രയാണ് ഐ.പി.സി 124 (A) എന്ന ചാര്‍ട്ടേഡ് ഫ്ലൈറ്റ് എന്ന് അവര്‍ ‘സംശയ’ത്തിന്‍റെ പേരില്‍ ഇടിമുറികളില്‍ രാവറുതികള്‍ കരിഞ്ഞു പോയ യൌെവ്വനങ്ങളെ നോക്കി കൊഞ്ഞനം കാട്ടി.

ചീര്‍ത്ത മുതലാളിത്തത്തിന്‍റെ തൊണ്ടയില്‍ നിന്ന് വിപ്ലവമുദ്രാവാക്യം പുറപ്പെടുമ്പോള്‍ കൂടെ കൂകിപ്പോകാനുള്ള സൃഗാലത്വം ഒരു സഹജാവബോധമായി വളരാതിരിക്കാന്‍ നമുക്ക് മാധ്യമവിധേയത്വത്തില്‍ നിന്ന് രക്ഷപ്പെടേണ്ടതുണ്ട്. അതിനു കാശ് കൊടുത്തു വാങ്ങിയ ടി.വി തല്ലിപ്പൊളിക്കേണ്ടി വരുമോ?

അടിയില്‍ കുറിക്കുന്നത് :
ത്രിവേദിയെ ന്യായീകരിക്കാന്‍ വേണ്ടി ‘ഇവര്‍ക്കൊക്കെ എന്തുമാവാമോ?” എന്ന പരമ്പരയില്‍ കുറേ ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്. അതിലൊന്ന് സാനിയാ മിര്‍സയുടേതാണ്. ഏതോ കളിക്കളത്തില്‍ മുന്നിലെ കസേരയിലോ മറ്റോ കാല് കയറ്റിവെച്ചിരിക്കുന്ന സാനിയയുടെ പാദങ്ങള്‍ ദേശീയപതാകയെ സ്പര്‍ശിക്കുന്നതായാണ് ചിത്രം. ഒരു ബേസിക് എസ്.എല്‍.ആര്‍ ക്യാമറയില്‍ ഫോക്കസിംഗും, ഫ്രെയിമിംഗും മാത്രം ശ്രദ്ധിച്ച് ഏത് സ്കൂള്‍ കുട്ടിക്കും എടുക്കാവുന്ന ആ ചിത്രത്തിനൊക്കെ എന്തു ആധികാരികതയാണ് കിട്ടുന്നത്! നമുക്കൊക്കെ എന്താ പറ്റിയത്?

9 thoughts on “ഒരു ഹീറോ ഉണ്ടാക്കപ്പെടുന്ന വിധം

 1. മീഡിയ എന്നേ നാടിന്റെ പരിച്ഛേദമല്ലാതായി.. തലപ്പത്തില്ലാത്തത് പത്രധര്‍മ്മം എന്ന വാക്കാണു.

  ഒരൊറ്റ ലേഖനത്തില്‍ രാജ്യത്തിന്റെ ഒരു നല്ല കീറ് ഭംഗിയായി പ്രദര്‍ശനത്തിനു വച്ച ലേഖനത്തിനു ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. വസ്തുതകള്‍.. ഉണര്‍ന്നിരിക്കുന്ന പൗരബോധം..congrats ഉദയ്കുമാര്‍, നാലാമിടം.

 2. ചീര്‍ത്ത മുതലാളിത്തത്തിന്‍റെ തൊണ്ടയില്‍ നിന്ന് വിപ്ലവമുദ്രാവാക്യം പുറപ്പെടുമ്പോള്‍ കൂടെ കൂകിപ്പോകാനുള്ള സൃഗാലത്വം ഒരു സഹജാവബോധമായി വളരാതിരിക്കാന്‍ നമുക്ക് മാധ്യമവിധേയത്വത്തില്‍ നിന്ന് രക്ഷപ്പെടേണ്ടതുണ്ട്.
  …………………………………………….

  രക്ഷപ്പെടുമോ എന്നത് സംശയമാണ്. എങ്കിലും എഴുത്ത് കലക്കി.

 3. ലക്ഷ്മീപൂജയും, ഫോര്‍മുലാ വണ്‍ കാര്‍ റേസും, പാക്കിസ്ഥാന്‍ വിരോധവും , ഹോട്ട് ഡോഗുമൊക്കെ സമന്വയിപ്പിക്കുന്നവര്‍.

  ഇത് സ്പാറി

 4. ഗംഭീര ലേഖനം . ശരിക്കും ശബ്ദമില്ലാത്തവരുടെ ശബ്ദമാകാന്‍ താങ്കള്ക്കിനിയും കഴിയട്ടെ എന്നാശമ്സിക്കുന്നു.
  എല്ലാ ഭാവുകങ്ങളുമ്.

 5. അസീം ഒരു മുസ്ലിം ആയിരുന്നെങ്കില്‍ നമ്മുടെ പല പത്രങ്ങളും അസീമിന്റെ തീവ്രവാദ ബന്ധത്തെ പറ്റി പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഉന്നത രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്മാരെ ഉദ്ധരിച്ചു റിപ്പോര്‍ട്ടുകള്‍ നല്‍കിയേനെ! അസീമിനെ പ്രശംസകൊണ്ട് മൂടുന്നതിനു പകരം കേരളത്തിലെ ബീ ജെ പിക്കാര്‍ ഒരു പുതിയ വാക്കും കൈരളിക്കു സംഭാവന ചെയ്തേനെ: “കാര്‍ട്ടൂണ്‍ ജിഹാദ്”. ദേശീയ ചിഹ്നങ്ങള്‍ മുസ്ലിമ്കലാല്‍ നിരന്തരം അപമാനിക്കപ്പെടുന്നതിനെ പറ്റി ചാനലുകളിലും സോഷ്യല്‍ മീഡിയകളിലും പലരും നിരന്തരം കണ്ണീര്‍ വാര്‍ത്തേനെ!

 6. ഇന്ത്യ പൂര്‍ണ്ണമായും മുതലാളിത്തവ്യവസ്ഥയിലേക്ക് പരിണമിക്കാത്തതില്‍ അക്ഷമയുള്ളവര്‍ Avide maathram viyojikkunnu. Lokaraajyangalellam muthalalithathileekku parinamikkuka thanne cheyyum. Rando moono dasaabdangalkullil aagola janadhipathyam nilavil varikayum cheyyum.

Leave a Reply

Your email address will not be published. Required fields are marked *