എന്തു പറ്റി, മമ്മൂട്ടിക്ക്?

 
 
 
 
സമീപകാല ചിത്രങ്ങളുടെ പരാജയത്തിന്റെ വെളിച്ചത്തില്‍ മമ്മൂട്ടിയുടെ താരജീവിതത്തെക്കുറിച്ച അവലോകനം.
സഞ്ജീവ് സ്വാമിനാഥന്‍ എഴുതുന്നു

 
 

തനിക്ക് പറ്റിയ കഥയും കഥാപാത്രങ്ങളും കണ്ടെത്താന്‍ ചെറുപ്പക്കാരോട് പറഞ്ഞുനോക്കൂ. അവര്‍ വരട്ടെ, പ്രായത്തിന് പറ്റിയ വേഷങ്ങളുമായി. ഹാരിസണ്‍ ഫോര്‍ഡും, ക്ലിന്റ് ഈസ്റ്റ് വുഡുമൊക്കെ വയസാംകാലത്തും നായകരായി വിലസുന്നത് പ്രായത്തെ മറച്ചുകൊണ്ടല്ല; പ്രായത്തെ തെളിച്ചുകൊണ്ടാണ്. ഭരത് ഗോപി പോലും നായകനായത് വയസ്സാംകാലത്തായിരുന്നുവല്ലോ. അതും കഷണ്ടിത്തല വിഗ്ഗില്‍ പൊതിഞ്ഞുവെക്കാതെ. അല്ലെങ്കില്‍തന്നെ, പ്രായമാവുക എന്നത് ക്രിമിനല്‍ കുറ്റമൊന്നുമല്ലല്ലോ?

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി രംഗപ്രവേശം ചെയ്തിരിക്കുന്ന കാലമാണിത്. രണ്ട് ചിത്രങ്ങളിലൂടെ തന്റെ സാന്നിധ്യം അറിയിച്ചുകഴിഞ്ഞു, അയാള്‍. മമ്മൂട്ടിയെ ഇനിയും ചെറുപ്പക്കാരനായി നടത്തിക്കാനായിരിക്കും വിപണിക്ക് താല്‍പ്പര്യം. സാറ്റലൈറ്റ് റൈറ്റ് അടക്കമുള്ള സാധ്യതകള്‍ മാത്രം മുന്നില്‍കാണുന്ന മുന്‍നിര സംവിധായകര്‍ക്കും അതായിരിക്കും പഥ്യം. ഒരു പക്ഷേ, മമ്മൂട്ടിക്കും അതാവാം താല്‍പ്പര്യം. എന്നാല്‍, സ്വന്തം സാധ്യതകള്‍ അടച്ചു കളയല്‍ മാത്രമാണ് അതെന്ന് മമ്മൂട്ടിയെങ്കിലും തിരിച്ചറിഞ്ഞില്ലെങ്കില്‍, മാറിച്ചിന്തിക്കാന്‍ തയാറായില്ലെങ്കില്‍, ഫാന്‍സിന്റെ വളിപ്പന്‍ ഫ്ലക്സുകളിലെ അയഥാര്‍ത്ഥമായ വാചകങ്ങളില്‍ അഭിരമിക്കാന്‍ മാത്രമായിരിക്കും ആ നടന് വിധി- സഞ്ജീവ് സ്വാമിനാഥന്‍ എഴുതുന്നു

 

 

കഴിഞ്ഞ ദിവസം ചാനലില്‍ ‘കറുത്തപക്ഷികള്‍ ‘ എന്ന സിനിമ വീണ്ടും കാണുകയായിരുന്നു. എത്ര തവണ കണ്ടാലും മതിവരാത്ത ആ സീനില്‍ എത്തിയപ്പോള്‍ സത്യത്തില്‍ അറിയാതെ കണ്ണുനിറഞ്ഞുപോയി. സിനിമയിലെ വൈകാരിക രംഗങ്ങള്‍ വരുമ്പോള്‍ അമ്മയും ചേച്ചിയും സ്ക്രീനിലായിരിക്കില്ല നോക്കുക; എന്റെ മുഖത്തായിരിക്കും. അച്ഛനും അമ്മയും ചേച്ചിയുമൊത്ത് സെക്കന്റ് ഷോ കാണാന്‍ പോകുന്ന കാലത്തേ അത് പതിവുള്ളതാണ്. സ്ക്രീനില്‍നിന്നുള്ള വെളിച്ചത്തില്‍ തിളങ്ങുന്ന എന്റെ കണ്ണീര്‍ ചാലുകള്‍ക്ക് നീളം കൂടുമ്പോള്‍ കളിയാക്കാനായി ചേച്ചി കൈലേസ് നീട്ടും. തിയറ്ററിലെ ഇരുട്ടില്‍ ഓരോരുത്തരും തനിച്ചാണ് എന്ന ഫിലോസഫി എന്റെ കാര്യത്തിലെങ്കിലും വെറുതെയാവാറുണ്ട്.

വീട്ടില്‍ ടി.വിയില്‍ പഴയ സിനിമകള്‍ വീണ്ടും കാണുമ്പോഴും ഇങ്ങനെ കണ്ണ് നിറയും. കുറച്ചുനേരത്തേക്ക് ചിലപ്പോള്‍ ഒന്നും മിണ്ടാന്‍ പോലും കഴിയാതാകും. അപ്പോഴൊക്കെ സൂത്രത്തില്‍ വാഷ് ബേസിനില്‍ പോയി കണ്ണും മുഖവും കഴുകിയാണ് സന്ദര്‍ഭത്തിന്റെ ചളിപ്പില്‍നിന്ന് രക്ഷപ്പെടുക.

പക്ഷേ, കറുത്ത പക്ഷികളിലെ ആ സീനില്‍നിന്ന് അത്രവേഗം രക്ഷപ്പെടാന്‍ കഴിയുമായിരുന്നില്ല. ഭാര്യ മരിച്ചത് എങ്ങനെയായിരുന്നു എന്ന് മീനയുടെ കഥാപാത്രം ചോദിക്കുമ്പോള്‍ ചോര വാര്‍ന്നാണ് എന്ന് പറയുന്ന സീനുണ്ട്. മുഖം പൊത്താതെ മുഖത്ത് നോക്കി കണ്ണ് കലങ്ങി തൊണ്ടയിടറി തമിഴന്റെ മലയാളത്തില്‍ മമ്മൂട്ടി ആ രംഗം അവതരിപ്പിക്കുമ്പോള്‍ അയാളില്‍ ശരിക്കും മുരുകന്‍ എന്ന തമിഴന്‍ ആവേശിച്ചിരിക്കുകയാണോ എന്ന് തോന്നിപ്പോകും. ആ രംഗം തിയറ്ററിലെ സ്ക്രീനില്‍ നിറഞ്ഞപ്പോള്‍ ഞാന്‍ സീറ്റിലിരുന്ന് കരഞ്ഞിട്ടുണ്ട്. തൊട്ടടുത്ത് ആരോ ഇരുന്ന് കൂവുന്നുണ്ടായിരുന്നു. പതിവ് മമ്മൂട്ടി ചിത്രം പ്രതീക്ഷിച്ചെത്തിയ അയാള്‍ക്ക് സലിം കുമാറിന്റെപോലും തല്ലുകൊള്ളുന്ന കുത്തേല്‍ക്കുന്ന മമ്മൂട്ടിയെ ഉള്‍ക്കൊള്ളാനായില്ലെന്ന് തോന്നി. പാതിവഴിയില്‍ അയാള്‍ അരിശത്തോടെ ഇറങ്ങിപ്പോകുന്നതും കണ്ടു.

 

 

അഭിനയം നൃത്തമാവുന്ന നേരം
സങ്കടത്തിന്റെ ആ ഒരു നിമിഷത്തെ സ്ക്രീനില്‍ ഇത്ര സൂക്ഷ്മമായി പകര്‍ത്താന്‍ മമ്മൂട്ടി എന്ന ഒരൊറ്റ നടനേ മലയാളത്തിലുള്ളു. അഭിനയത്തിന്റെ ഇത്തരം വേളകളില്‍ മമ്മൂട്ടിയുടെ ശരീരം ഫ്ലെക്സിബിലിറ്റിയില്ലായ്മ എന്ന സ്ഥിരം ആക്ഷേപത്തിന്റെ പടികടന്ന് ഒരൊന്നാന്തരം നൃത്തം കാഴ്ചവെയ്ക്കുന്നത് കാണാം. സത്യത്തില്‍ അതല്ലേ നൃത്തം? സന്തോഷം വരുമ്പോള്‍ നൂറ്റൊന്നുപേര്‍ക്കൊപ്പം കെട്ടിപ്പിടിച്ച് ആടുന്നതല്ലല്ലോ.

പാലേരി മാണിക്യത്തില്‍ ശ്വേതാ മേനോന്‍ കുളിച്ചീറനണിഞ്ഞ് പോകുമ്പോള്‍ ”ഒള്ള ചീത്തപ്പേര് കൂട്ടാനായിട്ട് ഈ പെണ്ണുങ്ങളിങ്ങനെ ഇറങ്ങി നടന്നാല്‍ എന്താ ചെയ്ക..?” എന്നു പറഞ്ഞ് അസ്സല്‍ വിടനായി ചിരിച്ചുലയുന്ന അഹമ്മദ് ഹാജിയുടെ മുഖത്ത് നിറയുന്നത് അസാധ്യമായ അത്തരമാരു നൃത്തമാണ്. അതുകൊണ്ടായിരിക്കാം താന്‍ കണ്ട ഏറ്റവും ഫ്ലക്സിബിളായ നടന്‍ മമ്മൂട്ടിയാണ് എന്ന് മരിച്ചുപോയ ലോഹിതദാസ് പറഞ്ഞത്.

പക്ഷേ, ആ പശു ചത്തു; മോരിലെ പുളിയും പോയി എന്നു പറയുന്ന രീതിയിലേക്കാണോ കാര്യങ്ങള്‍ പോകുന്നത്. വരിവരിയായി പൊട്ടിയ എട്ടു ചിത്രങ്ങളുടെ ഉശിരന്‍ റെക്കോര്‍ഡുമായി മമ്മൂട്ടി നില്‍ക്കുമ്പോള്‍, അത്തരമൊരു ആശങ്കയാണ് ചോദ്യ ചിഹ്നമായിമുന്നില്‍ നില്‍ക്കുന്നത്.

 

 

എട്ടുനിലയില്‍ പൊട്ടുന്ന വിധം
1986ലെ ഓണക്കാലം ഓര്‍മിക്കുക. അഞ്ച് ചിത്രങ്ങളില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. അതില്‍ ആവനാഴി എന്ന ചിത്രം മമ്മൂട്ടി എന്ന നടന്റെ മാത്രം പെര്‍ഫോമന്‍സില്‍ വിജയിച്ച പടമായിരുന്നു. പൂവിന് പുതിയ പൂന്തെന്നല്‍, സായംസന്ധ്യ, ന്യായവിധി, നന്ദി വീണ്ടും വരിക എന്നിവയായിരുന്നു മറ്റുള്ള ചിത്രങ്ങള്‍. സുഖമോ ദേവി, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ എന്നീ ചിത്രങ്ങളുമായി മോഹന്‍ലാലുമുണ്ടായിരുന്നു ഒപ്പം. ഒന്നിനൊന്ന് വ്യത്യസ്തമായ ആ അഞ്ച് ചിത്രങ്ങളും വിജയമായിരുന്നു. ആവനാഴിയായിരുന്നു വമ്പന്‍ ഹിറ്റ്.

ആ നടനാണ് കഴിഞ്ഞ രണ്ട് വര്‍ഷമായി ഒരു ചിത്രം പോലും ഹിറ്റാക്കാന്‍ കഴിയാതെ കെട്ട് പൊട്ടിയ പട്ടം കണക്കെ വട്ടം കറങ്ങുന്നത്! എന്താണ് സംഭവിക്കുന്നത്? മമ്മൂട്ടി എന്ന നടന്റെ കാലം കഴിയുകയാണോ? മലയാളത്തിന്റെ വെള്ളിത്തിരയില്‍ മമ്മൂട്ടി യുഗം അവസാനിക്കുകയാണോ….? എട്ടാമത്തെ ചിത്രം പൊട്ടുമ്പോഴെങ്കിലും എട്ടുനിലയില്‍ പൊട്ടി എന്ന് പറയാനുള്ള ആ സ്വാതന്ത്യ്രമുണ്ടല്ലോ, ഒരു പ്രേക്ഷകനു മാത്രം കഴിയുന്ന ആ സ്വാതന്ത്യ്രത്തില്‍ ചിന്തിക്കുമ്പോള്‍ അങ്ങനെയൊക്കെയാണ് തോന്നിപ്പോവുന്നത്.

ഏറ്റവുമൊടുവില്‍ ഇറങ്ങിയ താപ്പാന എന്ന സിനിമയും ബോക്സ് ഓഫീസില്‍ മൂക്കും കുത്തി വീണിരിക്കുന്നു. അതിന് മുമ്പ് ഇറങ്ങിയ തുടര്‍ച്ചയായ ഏഴ് ചിത്രങ്ങളും പരാജയപ്പെടുകയായിരുന്നു. 2010 ഡിസംബര്‍ ഒമ്പതിന് റിലീസായ ‘ബെസ്റ്റ് ആക്ടറി’ന് ശേഷം ഒരൊറ്റ ചിത്രം പോലും ക്ലച്ച് പിടിച്ചിട്ടില്ല. താപ്പാനയ്ക്ക് മുമ്പിറങ്ങിയ കോബ്ര, കിംഗ് ആന്റ് ദ കമ്മീഷണര്‍, വെനീസിലെ വ്യാപാരി, ബോംബേ മാര്‍ച്ച് 12, ദ ട്രയിന്‍, ഡബിള്‍സ്, ആഗസ്റ്റ് 15 എന്നീ എഴ് ചിത്രങ്ങളും കരിയറിലെ വന്‍ പരാജയങ്ങളായിരുന്നു.

 

 

സാധ്യതകളുടെ പര്യവേക്ഷകന്‍
സാമ്പത്തികമായി വിജയങ്ങളാകാത്ത എത്രയോ മികച്ച സിനിമകള്‍ മമ്മൂട്ടി ചെയ്തിട്ടുണ്ട്. നടന്‍ എന്ന നിലയില്‍ മമ്മൂട്ടിയുടെ മാറ്റുരച്ച ചിത്രങ്ങളായിരുന്നു അത്. സാമ്പത്തികമായി പരാജയപ്പെട്ടെങ്കിലും മമ്മൂട്ടിയുടെ പൊട്ടന്‍ഷ്യല്‍ ഏറെ ഉപയോഗിച്ച, വ്യത്യസ്തമായ അഭിനയ മുഹൂര്‍ത്തങ്ങള്‍ കാഴ്ചവെച്ച ചിത്രങ്ങള്‍. തീര്‍ച്ചയായും ആ പട്ടികയിലാണ് കറുത്ത പക്ഷികള്‍ക്കും ഇടം.

പൊന്തന്‍മാടയും വിധേയനും കൈയൊപ്പും ഡാനിയും ഭൂതക്കണ്ണാടിയും സൂര്യമാനസവും മതിലുകളുമൊന്നും സാമ്പത്തിക വിജയമായിരുന്നില്ലെങ്കിലും മമ്മൂട്ടി എന്ന നടനെ കാലവും ചരിത്രവും ഓര്‍മിക്കുന്ന കഥാപാത്രങ്ങളിലൂടെ ഷോകേസ് ചെയ്തത് അവയായിരുന്നു. അത്തരം ചിത്രങ്ങളില്‍ മമ്മൂട്ടി താരത്തിന്റെ ആടയാഭരണങ്ങള്‍ കൈയൊഴിഞ്ഞാണ് നടനിലേക്ക് ഇറങ്ങിവന്നിരുന്നത്. തോര്‍ത്തുടുത്ത് ചെളി പുരണ്ട് പാളത്തൊപ്പിയുമിട്ട് മമ്മൂട്ടി പൊന്തന്‍മാടയുടെ സെറ്റിലിരിക്കുന്നത് കണ്ടപ്പോള്‍ നസറുദ്ദീന്‍ ഷായുടെ കണ്ണ് നിറഞ്ഞുപോയതായി കേട്ടിട്ടുണ്ട്.

സമാന്തര സിനിമയും മുഖ്യധാരാ സിനിമയുമായി എണ്ണയും വെള്ളവും കണക്കെ വേറിട്ട് നിന്ന കാലത്ത് രണ്ടിന്റെയും അതിര്‍വരമ്പുകളെ സമര്‍ത്ഥമായി നേര്‍പ്പിച്ച് ഒന്നുചേര്‍ത്തതില്‍ മുഖ്യപങ്ക് വഹിച്ചത് മമ്മൂട്ടിയും മോഹന്‍ലാലുമായിരുന്നു. അതില്‍ ഒരുപടി മുകളില്‍ മമ്മൂട്ടിതന്നെയായിരുന്നു. ‘ആര്‍ക്കും മനസ്സിലാവാത്ത അവാര്‍ഡ് പടങ്ങള്‍’ എന്ന് വിളിപ്പേരുണ്ടായിരുന്ന അത്തരം സിനിമകളില്‍ അഭിനയിക്കാന്‍ താരങ്ങള്‍ മുതിരാതിരുന്ന കാലത്ത് മമ്മൂട്ടി കാണിച്ച ധൈര്യമായിരുന്നു അദ്ദേഹത്തിന് ദേശീയ പുരസ്കാരങ്ങള്‍ നേടിക്കൊടുത്തത്. ഒന്നിലേറെ ദേശീയ പുരസ്കാരങ്ങള്‍ കിട്ടുമായിരുന്ന ചിത്രങ്ങളില്‍ ഒരേസമയത്ത് അഭിനയിച്ച് ഒറ്റ അവാര്‍ഡില്‍ ഒതുങ്ങിപ്പോകേണ്ടിവന്നയാളുമാണ് മമ്മൂട്ടി.

 

 

പ്രായം ക്രിമിനല്‍ കുറ്റമല്ല
പക്ഷേ, കഴിഞ്ഞ കുറച്ചു കാലമായി ഇതാണോ അവസ്ഥ? മമ്മൂട്ടിയിലെ അഭിനയ പ്രതിഭ ഒട്ടും പരീക്ഷിക്കപ്പെടുന്നില്ല. പകരം കുറേ അഴകിയ രാവണന്മാരെ ആവര്‍ത്തിച്ച് സ്ക്രീനില്‍ പതിപ്പിക്കുകയാണ് ഈ വലിയ നടന്‍. സ്വാഭാവിക നടനല്ലാത്ത മമ്മൂട്ടി കഠിനാധ്വാനത്തിലൂടെയാണ് അഭിനയം പഠിച്ചത്. ഇന്ത്യയിലെ തന്നെ മികച്ച നടനായി തീര്‍ന്നത്. പക്ഷേ, കാലം ശരീരത്തിലും ഭാവത്തിലും ഏല്‍പ്പിക്കുന്ന അപ്രതിരോധ്യമായ തിരിച്ചടികളെ തിരിച്ചറിഞ്ഞ് ആ ട്രാക്കിലൂടെ മുന്നോട്ട് പോകാന്‍ മമ്മൂട്ടി തയാറാവാത്തതാണ് ഇപ്പോള്‍ അദ്ദേഹം നേരിടുന്ന മുഖ്യപ്രശ്നമെന്നാണ് ഇത്രകാലവും ആ മഹാപ്രതിഭയെ വെള്ളിത്തിരയില്‍ പിന്തുടര്‍ന്ന എന്റെ വിശ്വാസം.

1987ല്‍ മമ്മൂട്ടി പരാജയത്തിന്റെ വക്കില്‍ നിന്നിരുന്ന ഘട്ടത്തില്‍ തിരിച്ചുവന്നത് ‘ന്യൂഡല്‍ഹി’യിലെ പത്രാധിപര്‍ കൃഷ്ണമൂര്‍ത്തിയിലൂടെയായിരുന്നു. വടക്കന്‍ വീരഗാഥയിലെ ചന്തുവും പൊന്തന്‍മാടയിലെ മാടയും വിധേയനിലെ പട്ടേലരും പലേരി മാണിക്യത്തിലെ മുരിക്കുംകുന്നത്ത് അഹമ്മദ് ഹാജിയും പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റിലെ പ്രാഞ്ചിയേട്ടനുമെല്ലാം പൊതുവായ ഒന്നുണ്ട്. പ്രായത്തെക്കാള്‍ കവിഞ്ഞ പാകത വന്ന കഥാപാത്രങ്ങളാണത്. അത്തരം ചിത്രങ്ങളിലൂടെയാണ് മമ്മൂട്ടി അഭിനയത്തിന്റെ പരകോടിയില്‍ കയറിയത്.

കീര്‍ത്തിചക്രയിലും പ്രണയത്തിലും ഗ്രാന്റ്മാസ്റ്ററിലും സ്വന്തം പ്രായത്തെയും നരയെയും വെളിപ്പെടുത്തുന്ന കഥാപാത്രങ്ങളെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. പ്രായത്തിനിണങ്ങുന്ന കഥാപാത്രങ്ങളിലൂടെ സ്വയം ബോധ്യം വന്ന് അഭിനയിച്ചാണ് അടുത്ത കാലത്ത് മോഹന്‍ലാല്‍ തുടരന്‍ പരാജയങ്ങളില്‍നിന്ന് തിരിച്ചുകയറിയത്.

എന്നാല്‍, സ്വന്തം ഇമേജില്‍ കുടുങ്ങിക്കിടക്കുകയാണ് മമ്മൂട്ടിയെന്നാണ് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നത്. ഒരിക്കല്‍ മോഹന്‍ലാലിന്റെയും (പടയോട്ടം) പഴയ നായകന്‍ ശങ്കറിന്റെയും (അന്തിച്ചുവപ്പ്) അച്ഛനായി പോലും അഭിനയിച്ചിട്ടുള്ള മമ്മൂട്ടി ഇപ്പോള്‍ ദുല്‍ഖര്‍ സല്‍മാന്റെ അച്ഛനായി പോലും അഭിനയിക്കാന്‍ തയ്യാറാവണമെന്നില്ല. വയസ്സായി എന്ന് ഈ 60കളിലും സമ്മതിക്കാന്‍ മമ്മൂട്ടി തയാറാകുന്നില്ല. കോബ്ര പൊട്ടിയപ്പോള്‍ നേരത്തേ സമ്മതിച്ചിരുന്ന ഒരുപിടി സിനിമകളില്‍നിന്ന് മമ്മൂട്ടി പിന്മാറിയെന്നാണ് അറിവ്. പക്ഷേ, അത് താപ്പാന പോലുള്ള ദുരിതങ്ങള്‍ക്ക് വേണ്ടിയാണെങ്കില്‍ മമ്മൂട്ടിയുടെ തീരുമാനം തെറ്റായിപ്പോയി എന്നു പറയേണ്ടിയിരിക്കുന്നു.

 

 

തിരിച്ചറിവുകള്‍ അനിവാര്യമാണ്
മമ്മൂട്ടി ഏറ്റവും അടിയന്തിരമായി ചെയ്യേണ്ടത് തന്റെ പ്രായത്തിനിണങ്ങാത്ത കോപ്രായങ്ങള്‍ പടച്ചുണ്ടാക്കുന്ന ജോണി ആന്റണിയെപ്പോലുള്ളവരുടെ സിനിമകളില്‍ അഭിനയിക്കില്ലെന്ന് തീരുമാനിക്കുകയാണ്. ഹിന്ദി സിനിമയില്‍ ഇപ്പോഴും അമിതാഭ് ബച്ചന്‍ താരമായി നിലനില്‍ക്കുന്നത് തന്റെ പ്രായത്തിനനുസരിച്ച കഥാപാത്രങ്ങളെ കണ്ടെത്തിക്കൊണ്ടാണ്.

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പുതുമുഖ സംവിധായകരെ കണ്ടെത്തിയത് മമ്മൂട്ടിയാണ്. ലാല്‍ ജോസ്, അന്‍വര്‍ റഷീദ്, അമല്‍ നീരദ്, ആഷിഖ് അബു, വൈശാഖ്, മാര്‍ട്ടിന്‍ പ്രാക്കാട്ട്, ബ്ലെസി തുടങ്ങിയവരുടെയൊക്കെ ആദ്യ ചിത്രത്തിന് ഡേറ്റ് നല്‍കാന്‍ ധൈര്യം കാണിച്ച മമ്മൂട്ടിക്ക് അവരുടെ കഴിവില്‍ അത്രയും വിശ്വാസവും അവര്‍ പറഞ്ഞ കഥകളില്‍ മികച്ച സിനിമ കണ്ടെത്താനുള്ള കണ്ണുമുണ്ടായിരുന്നു.

പക്ഷേ, സോഹന്‍ സീനുലാലിനെപ്പോലുള്ളവരും (ഡബിള്‍സ്) തോമസ് സെബാസ്റ്റ്യനെ പോലുള്ളവരും (മായാബസാര്‍) കൊണ്ടുവരുന്ന കഥകളില്‍ കഴമ്പില്ലെന്ന് കണ്ട് തള്ളിക്കളയാന്‍ മമ്മൂട്ടിക്ക് എന്തുകൊണ്ടോ കഴിയാതെ പോയി. കാല്‍ നൂറ്റാണ്ട് പിന്നിടുന്ന ഈ അഭിനയപ്രതിഭയ്ക്ക് തിരിച്ചറിയാന്‍ കഴിയുന്നില്ലേ വെനീസിലെ വ്യാപാരി, ലൌ ഇന്‍ സിംഗപൂര്‍, കോബ്ര, കിംഗ് ആന്റ് കമ്മീഷണര്‍, ദ്രോണ തുടങ്ങിയവയൊക്കെ തന്നിലെ നടനെ വീഴ്ത്തുന്ന വാരിക്കുഴികള്‍ ഉണ്ട് എന്ന്?

 

 

ഇനിയെന്ത്?
തനിക്ക് പറ്റിയ കഥയും കഥാപാത്രങ്ങളും കണ്ടെത്താന്‍ ചെറുപ്പക്കാരോട് പറഞ്ഞുനോക്കൂ. അവര്‍ വരട്ടെ, പ്രായത്തിന് പറ്റിയ വേഷങ്ങളുമായി. ഹാരിസണ്‍ ഫോര്‍ഡും, ക്ലിന്റ് ഈസ്റ്റ് വുഡുമൊക്കെ വയസാംകാലത്തും നായകരായി വിലസുന്നത് പ്രായത്തെ മറച്ചുകൊണ്ടല്ല; പ്രായത്തെ തെളിച്ചുകൊണ്ടാണ്. ഭരത് ഗോപി പോലും നായകനായത് വയസ്സാംകാലത്തായിരുന്നുവല്ലോ. അതും കഷണ്ടിത്തല വിഗ്ഗില്‍ പൊതിഞ്ഞുവെക്കാതെ. അല്ലെങ്കില്‍തന്നെ, പ്രായമാവുക എന്നത് ക്രിമിനല്‍ കുറ്റമൊന്നുമല്ലല്ലോ?

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി രംഗപ്രവേശം ചെയ്തിരിക്കുന്ന കാലമാണിത്. രണ്ട് ചിത്രങ്ങളിലൂടെ തന്റെ സാന്നിധ്യം അറിയിച്ചുകഴിഞ്ഞു, അയാള്‍. മമ്മൂട്ടിയെ ഇനിയും ചെറുപ്പക്കാരനായി നടത്തിക്കാനായിരിക്കും വിപണിക്ക് താല്‍പ്പര്യം. സാറ്റലൈറ്റ് റൈറ്റ് അടക്കമുള്ള സാധ്യതകള്‍ മാത്രം മുന്നില്‍കാണുന്ന മുന്‍നിര സംവിധായകര്‍ക്കും അതായിരിക്കും പഥ്യം. ഒരു പക്ഷേ, മമ്മൂട്ടിക്കും അതാവാം താല്‍പ്പര്യം. എന്നാല്‍, സ്വന്തം സാധ്യതകള്‍ അടച്ചു കളയല്‍ മാത്രമാണ് അതെന്ന് മമ്മൂട്ടിയെങ്കിലും തിരിച്ചറിഞ്ഞില്ലെങ്കില്‍, മാറിച്ചിന്തിക്കാന്‍ തയാറായില്ലെങ്കില്‍, ഫാന്‍സിന്റെ വളിപ്പന്‍ ഫ്ലക്സുകളിലെ അയഥാര്‍ത്ഥമായ വാചകങ്ങളില്‍ അഭിരമിക്കാന്‍ മാത്രമായിരിക്കും ആ നടന് വിധി.
 
 
 
 

15 thoughts on “എന്തു പറ്റി, മമ്മൂട്ടിക്ക്?

 1. കീര്‍ത്തിചക്രയിലും പ്രണയത്തിലും ഗ്രാന്റ്മാസ്റ്ററിലും സ്വന്തം പ്രായത്തെയും നരയെയും വെളിപ്പെടുത്തുന്ന കഥാപാത്രങ്ങളെയാണ് അദ്ദേഹം അവതരിപ്പിച്ചത്. പ്രായത്തിനിണങ്ങുന്ന കഥാപാത്രങ്ങളിലൂടെ സ്വയം ബോധ്യം വന്ന് അഭിനയിച്ചാണ് അടുത്ത കാലത്ത് മോഹന്‍ലാല്‍ തുടരന്‍ പരാജയങ്ങളില്‍നിന്ന് തിരിച്ചുകയറിയത്.
  something missing

 2. സംവിധായകന്റെ നടനാണ് മമ്മൂട്ടി. ഒരു സിറ്റ്വേഷന്‍ കൊടുത്ത് പൂണ്ടുവിളയാടാന്‍ പറഞ്ഞാല്‍ അദ്ദേഹത്തിന് അത്ര നന്നായി വഴങ്ങി എന്നു വരില്ല. അവിടെ ലാല്‍ തകര്‍ക്കും.മമ്മൂട്ടിയാണെങ്കില്‍ അദ്ധ്വാനഭാരം കൂടുതലും ലാല്‍ ആണെങ്കില്‍ ഈസിയാണെന്നും ഒരു സംവിധായകന്‍ പറഞ്ഞതായോര്‍ക്കുന്നു.മറിച്ച് കെ ജി ജോര്‍ജ്, അടൂര്‍ തുടങ്ങി സംവിധായകന്‍ തീരുമാനിക്കുന്നതാണ് സിനിമ എന്നു കരുതുന്നവര്‍ക്ക് മമ്മൂട്ടിയാണ് പഥ്യം.
  രാജമാണിക്യത്തില്‍ ഹാലിളകി ജോണ് ആന്റണി മമ്മൂട്ടിയെക്കൊണ്ട് കാണിച്ചുകൂട്ടുന്ന കോപ്രായം അസഹ്യമാണ്.മമ്മൂട്ടിയുടെ സമീപകാല പരാജയങ്ങള്‍ക്കു കാരണം നടനെ ഒരുക്കുന്ന സംവിധായകരുടെ അസാന്നിദ്ധ്യം/പിന്‍വാങ്ങല്‍ ആണെന്നു പറയാം.

 3. ഇതില്‍ ബോംബെ മാര്‍ച്ച്‌ 12 നല്ല സിനിമ ആയിരുന്നു. അത് നമ്മുടെ പ്രശ്നം കൊണ്ട് പരാജയ പെട്ടതന്നു. ഇനി മമ്മുട്ടിയുടെ ഇരഗനുള്ള സിനിമകള്‍ പ്രതീക്ഷ നല്കുന്ന്ട്. ജവാന്‍ ഓഫ് വെള്ളിമല, ബാപ്പ്ട്ട്യികയുടെ നാമത്തില്‍, പിന്നെ സലിം അഹമാടിന്റെ സിനിമ ഇത് പ്രതീക്ഷ നല്‍കുന്നു .ഇവയും പരാജയാപെട്ടാല്‍ ഡിയര്‍ മമ്മ്ട്ടുടി താങ്കള്‍ വീട്ടില്‍ ഇരികുക ആകും ഉത്തമം

 4. ethu vayikkumbol chiriyanu varunnathu mammoottyude padam pottiyennu sammathikkatha kure per ulla kalatholam e komalitham thudaruka thanne cheyyum

 5. ലേഖനം വായിച്ചു.ലേഖകന് ആദ്യമേ ഒരു കാല്‍പനിക സ്വത്വം മമ്മൂട്ടിക്ക് നല്‍കിയത് വലിയൊരു പരിധി വരെ ശരി തന്നെ എന്ന് ഞാന്‍ വിശ്വസിക്കുന്നു. അഥവാ, മമ്മൂട്ടിയോളം വൈവിധ്യ കഥാപാത്രങ്ങളെ അവതരിപിച്ച വേറൊരു നടന്‍ മലയാളത്തില്‍ ഇല്ല.പക്ഷെ അടുത്തകാലത്തെ അദ്ധേഹത്തിന്റെ സിംഹാസനത്തിന്റെ ഇളക്കം ഗുരുതമായത് തന്നെയാണ്. എവിടെയോ കേട്ട പോലെ, അതായതു പ്രേം നസീര്‍ നു അവസാന സിനിമയില്‍ അഭിനയിക്കാന്‍ നേരത്ത് സെറ്റില്‍ ഇരിക്കാന്‍ഒരു കസേര നല്കതിരുന്നിട്ടുണ്ട് സിനിമാക്കാര്‍‍. മമ്മൂട്ടി അത് മനസ്സില്‍ കണ്ട്, മറ്റൊരു മഹാനടന്‍, നായകന്‍ ആയ മധു ചെയ്ത പോലെ പ്രായമായ കഥാപാത്രങ്ങള്‍ തിരെഞ്ഞെടുത്തു സ്വയം മാറിയില്ലെങ്കില്‍, മറ്റൊരു ദുരന്തം കൂടി സ്വയം ഒഴിവാക്കാം..വിപണിയില്‍ വേണ്ടത്ര വില്‍ക്കപെട്ടില്ലെങ്കില്‍ ഉത്പന്നത്തെ ഉപേക്ഷിക്കുക എന്നത് ഉദാരവല്‍കൃത സാമ്പത്തിക വ്യവസ്ഥിതിയിലെ ഒരു പൊതു നിയമമാണല്ലോ..

 6. മോഹന്‍ ലാല്‍ എന്ന അഭിനെതാവിലെ ലാലിനെ തന്നെ മലയാളികള്‍ ഇഷ്ടപെടുന്നു… അഥവാ സാമാന്യ മലയാളികള്‍ എന്താണോ ആഗ്രഹിക്കുന്നത് അത് തന്നെയാണ് ലാലിന്റെ വ്യക്തിത്വവും സംസാരവും, ശരീരഭാഷയും . അതിനാല്‍ അദ്ദേഹത്തിനു ഒരു ചിത്രത്തിലും അഭിനയിക്കേണ്ടി വരുന്നില്ല..എല്ലാ ജനപ്രിയ മോഹന്‍ലാല്‍ ചിത്രങ്ങളിലും ഇതേ മോഹന്‍ലാലിനെ തന്നെ അതിനാല്‍ നമുക്ക് കാണാന്‍ കഴിയും..

  • ഇത് ഒരേസമയം അദേഹത്തിന്റെ ശക്തിയും ന്യൂനതയും ആണ്. മോഹന്‍ലാലിന്റെ ടിപ്പിക്കല്‍ മാനറിസങ്ങള്‍ തന്നെയായിരിക്കും അദ്ദേഹം ഇതു വേഷം ചെയ്താലും അതില്‍ കാണാന്‍ കഴിയുക. മോഹന്‍ലാലിനെ ജനസാമാന്യത്തിന്റെ ഇഷ്ട താരമാക്കിയതും ഈ മാനറിസങ്ങള്‍ ഉള്‍പെട്ട അദ്ദേഹത്തിന്റെ അനായാസമായ പ്രകടനം ആണ്. എന്നാല്‍ ഇതില്‍ നിന്നും വിട്ടു ഒരു പ്രത്യേക കഥാപാത്രമായി മാറുക എന്നത് അതിനാല്‍ തന്നെ ബുദ്ധിമുട്ട് ആണ് അദേഹത്തിന്! ഏതു കഥാപാത്രത്തിലും അദ്ദേഹത്തിന്റെ ട്രേഡ്‌ മാര്‍ക്ക്‌ ചിരിയും മുഖഭാവവും തിരുവനന്തപുരം ചുവയുള്ള സംസാരവും സ്പഷ്ടമായിരിക്കും.

 7. Wish to see the greatest actor of all times doing rough and complicated characters to please the cine goers of tomorrow. As he always did on trouble times, expecting to see him only once or twice in a year. In my view, there is no one else to portray Vadakkan Chandhu & Vaarunni at the same year.!!
  things mammooty need to avoid doing are 1] sequels 2] 90’s sorta mimicry comedy!!

 8. മമ്മുട്ടി പുതിയ ഐഫോണും വാങ്ങി ഞെക്കി വീട്ടിലിരിക്കാന് സമയമായി.

 9. എന്തിനു മമ്മൂട്ടിയെ മാത്രം കുടം പറയണം. നല്ല സ്ക്രിപ്റ്റ് എവിടെ…. നല്ല കഥയും നല്ല സംവിധായകന് ഒത്തു ചേര്‍ന്നാല്‍ മമ്മൂട്ടി ഇനിയും തകര്‍ക്കുമെന്ന് ആര്‍ക്കാണ് അറിയാത്തത്..
  .

Leave a Reply

Your email address will not be published. Required fields are marked *