ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ കാലത്ത് കേരളത്തിലെ പാരിസ്ഥിതിക ആത്മഹത്യകള്‍

 
 
 
 
ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ ‘രാക്ഷസീയ’മെന്ന് വിളിക്കുകയും അവശേഷിക്കുന്ന പച്ചപ്പുപോലും വില്‍പ്പനക്ക് വെക്കുകയും ചെയ്യുന്നതിന്റെ രാഷ്ട്രീയമെന്ത്? ഗോവര്‍ദ്ധന്‍ എഴുതുന്നു

 
 

ഗാഡ്ഗില്‍ കമീഷന്‍ റിപ്പോര്‍ട്ടിനെതിരെ നടക്കുന്ന പ്രചാരണങ്ങള്‍ തുടരുകയാണ്. കഴിഞ്ഞ ദിവസവും ഇടുക്കിയില്‍ റിപ്പോര്‍ട്ടിനെതിരെ കൊലവിളികളുണ്ടായി. റിപ്പോര്‍ട്ടിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു എന്ന വ്യാജേന സ്ഥലം എം.പി കട്ടപ്പനയില്‍ വിളിച്ചുകൂട്ടിയ യോഗം അടിസ്ഥാനരഹിതമായ ആശങ്കകള്‍ വിതച്ച് ജനങ്ങളെ ഇളക്കിവിടുകയായിരുന്നു. റിപ്പോര്‍ട്ട് മുന്നോട്ടുവെക്കുന്നത് എന്തെന്ന് കൃത്യമായി ജനങ്ങളോട് പറയാതെ ഊഹാപോഹങ്ങള്‍ വിതക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും സജീവമാണെന്ന് വ്യക്തമാക്കുന്നതാണ് കട്ടപ്പനയിലെ യോഗം.

റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവന്ന് ദിവസങ്ങളായിട്ടും, കൃത്യമായ ലക്ഷ്യങ്ങളോടെ മെനഞ്ഞെടുത്ത ആശങ്കകള്‍ക്കും കള്ള പ്രചാരണങ്ങള്‍ക്കും തന്നെയാണ് പൊതുമധ്യത്തില്‍ മുന്‍തൂക്കം ലഭിക്കുന്നത്. ഈ സാഹചര്യത്തില്‍ റിപ്പോര്‍ട്ടിനെക്കുറിച്ചും പശ്ചാത്തലങ്ങളെക്കുറിച്ചും ഒരു വിശകലനം. ശേഷിക്കുന്ന പച്ചപ്പ് പോലും വില്‍പ്പനക്കു വെച്ച എമര്‍ജിങ് കേരളയുടെയും, പരിസ്ഥിതി സംരക്ഷണത്തിനായുള്ള നിയമങ്ങള്‍ മറികടക്കാ’ സര്‍ക്കാര്‍ തലത്തില്‍നടക്കുന്ന ബോധപൂര്‍വമായ ശ്രമങ്ങളുടെയും പശ്ചാത്തലത്തില്‍ റിപ്പോര്‍ട്ടിനെ വായിക്കുന്നു, ഗോവര്‍ദ്ധന്‍

 

 

വികസനമെന്നത് പ്രധാന രാഷ്ട്രീയ അജണ്ടയായ കാലം മുതല്‍ പരിസ്ഥിതി സംരക്ഷണവും വികസന സങ്കല്‍പങ്ങളും ആശയപരവും പ്രായോഗികവുമായ തലങ്ങളില്‍ വിയോജിച്ച് നിലനിന്നിരുന്നു. വികസനമെന്നത് അനന്തമായി മുന്നേറാവുന്ന പ്രക്രിയയാണെന്നും അങ്ങിനെയല്ല, പരിസ്ഥിതി അനുവദിക്കുന്നിടത്തോളമേ അതിനു പോകാനാവുകയുള്ളൂ എന്നും വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉണ്ടായിരുന്നത്.

ഈ സന്ദേഹമെല്ലാം ഇന്ന് തെക്കേ ഇന്ത്യയില്‍ പൊതുവേയും കേരളത്തില്‍ സവിശേഷവുമായി ഇന്ന് മൂര്‍ത്തമായ നിലപാടുകളില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. കഴിഞ്ഞവര്‍ഷം പ്രസിദ്ധീകൃതമാവുകയും കുറേക്കാലം ആര്‍ക്കുമറിയാതെയിരിക്കുകയും പിന്നീട് കോടതിവിധിയിലൂടെ പരസ്യമാക്കപ്പെടുകയും ചെയ്ത പ്രൊഫ. മാധവ് ഗാഡ്ഗില്‍ അദ്ധ്യക്ഷനായിരുന്ന പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ പാനല്‍ റിപ്പോര്‍ട്ട് ആണ് ഇത്തരത്തില്‍ സര്‍ക്കാര്‍ വകുപ്പുകളേയും പരിസ്ഥിതി സംഘടനകളേയും സ്ഥാപനങ്ങളേയും വികസനത്തിനും പരിസ്ഥിതിസംരക്ഷണത്തിനുമിടയില്‍ കൃത്യമായ നിലപാടെടുക്കുവാന്‍ നിര്‍ബന്ധിതമാക്കിയത്.

 

മാധവ് ഗാഡ്ഗില്‍


 

അന്വേഷണ വഴികള്‍
പശ്ചിമഘട്ട മലനിരകളുടെ ലോലമായ പരിസ്ഥിതിയെയും വ്യത്യസ്ത സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടുന്നതിനാലുള്ള അതിന്റെ സംരക്ഷണത്തിന്റെ സങ്കീര്‍ണ്ണതയേയും ഈ പ്രദേശത്ത് കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകാവുന്ന പ്രത്യാഘാതങ്ങളേയും മുന്‍നിര്‍ത്തി, താഴെപ്പറയുന്ന കാര്യങ്ങളാണ് പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതിയോട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ചെയ്യാന്‍ ആവശ്യപ്പെട്ടത്:

1. പശ്ചിമഘട്ട മലനിരകളുടെ ഇപ്പോഴത്തെ പാരിസ്ഥിതികാവസ്ഥ വിലയിരുത്തുക.

2. ഈ പ്രദേശത്ത് സംരക്ഷിക്കപ്പെടേണ്ട പാരിസ്ഥിതികലോല പ്രദേശങ്ങള്‍കണ്ടെത്തുക.

3. പശ്ചിമഘട്ടപ്രദേശത്തിന്റെ സംരക്ഷണത്തിനു വേണ്ടി രൂപീകരിക്കേണ്ട പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റിയുടെ പ്രവര്‍ത്തനരീതികളും നിര്‍ദ്ദേശിക്കുക.

4. ഈ പ്രദേശത്തിന്റെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട മറ്റേതൊരു പ്രശ്നത്തെക്കുറിച്ചും പഠിക്കുകയും പരിഹാരം നിര്‍ദ്ദേശിക്കുകയും ചെയ്യുക.

5. പശ്ചിമഘട്ട പ്രദേശത്തിന്റെ സംരക്ഷണത്തിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഈ പ്രദേശത്തെ ജനങ്ങളും സര്‍ക്കാറുകളുമായി സംവദിച്ച് നിര്‍ദ്ദേശിക്കുക.

6. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിച്ച സ്ഥലങ്ങളുടെ സംരക്ഷണത്തിനായുള്ള നിര്‍ദ്ദേശങ്ങള്‍ നല്കുക.

7. അതിരപ്പള്ളി, ഗുണ്ടിയ എന്നീ ജലവൈദ്യുത പദ്ധതികളെക്കുറിച്ചും ഗോവയിലെ ഖനനത്തെക്കുറിച്ചും സവിശേഷമായി പഠിക്കുകയും ഈ പ്രോജക്റ്റുകളെക്കുറിച്ച് എടുക്കേണ്ട നിലപാടുകള്‍ വ്യക്തമാക്കുകയും ചെയ്യുക.

 

 

പാരിസ്ഥിതിക ജാഗ്രത
മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ഇത്രയും സവിശേഷ വിശകലനം നടത്തിയത് പതിനാലംഗ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ പാനലാണ്. പശ്ചിമഘട്ട പ്രദേശത്തെക്കുറിച്ച് കിട്ടാവുന്നത്ര വിവരങ്ങള്‍ ശേഖരിച്ചതിനുശേഷം അവയുപയോഗിച്ചുകൊണ്ട് ഈ പ്രദേശത്തെ പാരിസ്ഥിതി ലോലതയെ അളക്കാനാവശ്യമായ വൈവിദ്ധ്യമാര്‍ന്ന നിദാനങ്ങളെ സമിതി കണ്ടെത്തി.

അതോടൊപ്പം ഈ പ്രദേശങ്ങളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, നിയമസഭാസാമാജികര്‍, പാര്‍ലമെന്റംഗങ്ങള്‍ എന്നിവരുമായി ചര്‍ച്ച നടത്തുകയും ചെയ്തു. പരിസ്ഥിതി ലോല പ്രദേശങ്ങള്‍ കണ്ടെത്തുന്നതിനുള്ള രീതിശാസ്ത്രം ആദ്യമേ തന്നെ കറന്റ് ഡയല്‍സ് എന്ന ശാസ്ത്രജേര്‍ണലില്‍ പ്രസിദ്ധീകരിക്കുകയും നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്തു. അതോടൊപ്പം പുതുതായി പഠിക്കേണ്ട മേഖലകളില്‍ പ്രത്യേക പഠനങ്ങള്‍ കമ്മിഷന്‍ ചെയ്യുകയും ചെയ്തു. റിപ്പോര്‍ട്ട് തയ്യാറാക്കുന്ന ഘട്ടങ്ങളിലത്രയും മീറ്റിങ്ങുകളുടെ മിനുറ്റ്സും പഠനറിപ്പോര്‍ട്ടുകളും കമ്മിറ്റിയുടെ വെബ്സൈറ്റില്‍ വന്നുകൊണ്ടേയിരുന്നു. നിരവധി ആളുകള്‍ക്ക് അതിനോടു യോജിക്കാനും വിയോജിക്കാനും നിര്‍ദ്ദേശങ്ങള്‍ വെക്കുവാനും ഇത് സഹായകരമായി.

പശ്ചിമഘട്ട പ്രദേശമാകെ പാരിസ്ഥിതിക സൂക്ഷ്മവേദിയായ പ്രദേശമായി നിര്‍വചിക്കുന്നതോടൊപ്പം അതിലെ വ്യത്യസ്ത ഭൂവിഭാഗങ്ങള്‍ക്ക് മൂന്നു തലത്തിലുള്ള സുരക്ഷാനിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെക്കുകയും ചെയ്തു. സമിതിയോട് അഭിപ്രായം ആരാഞ്ഞ ഗുണ്ടിയ, അതിരപ്പള്ളി എന്നീ പദ്ധതികള്‍ ഒന്നാം പരിസ്ഥിതി ലോല മേഖലയിലായതു കാരണം അവയ്ക്ക് അനുമതി കൊടുക്കേണ്ടതില്ലെന്ന് സമിതി നിര്‍ദ്ദേശിക്കുന്നു.

ഗ്രാമപഞ്ചായത്തിലെ ജൈവവൈവിദ്ധ്യ നിരീക്ഷണ കമ്മിറ്റി മുതല്‍ സംസ്ഥാനതല പശ്ചിമഘട്ട അതോറിറ്റി വരെ നീളുന്ന ഔദ്യോഗിക സംവിധാനങ്ങളുടെ മേല്‍നോട്ടങ്ങളില്‍ നടത്തപ്പെടേണ്ട പാരിസ്ഥിതിക ജാഗ്രതയാര്‍ന്ന വികസന കാഴ്ചപ്പാടാണ് ഗാസ്ഗില്‍ കമ്മിറ്റി മുന്നോട്ട് വച്ചിട്ടുള്ളത്.

 

കട്ടപ്പനയില്‍ കഴിഞ്ഞ ദിവസം നടന്ന ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അവലോകന യോഗത്തിനിടെ ഉണ്ടായ സംഘര്‍ഷം


 

എതിര്‍പ്പുകളുടെ രാഷ്ട്രീയം
ഈ റിപ്പോര്‍ട്ട് മുന്നോട്ട് വയ്ക്കപ്പെട്ട അവസരത്തില്‍ തന്നെയാണ് സമീപഭാവിയില്‍ കാണാത്തത്ര വ്യാപകമായ പാരിസ്ഥിതികാഘാതം കേരളത്തില്‍ സംഭവിച്ചത് പാട്ടഭൂമിയില്‍ നിന്നും മരം മുറിക്കാനുള്ള അനുവാദവും നെല്‍വയല്‍ നികത്താനുള്ള പരോക്ഷാനുവാദവും കേരളത്തില്‍ അഭൂതപൂര്‍വ്വമായ മാറ്റങ്ങളാണ് ചെറിയൊരു കാലയളവില്‍ ഉണ്ടാക്കിയത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം സാമാന്യജനതയുടെ പ്രാതിനിധ്യമുള്ള ഗ്രാമസഭകള്‍ക്ക് തീരുമാനമെടുക്കാനുള്ള അധികാരം കൊടുക്കണമെന്നാവശ്യപ്പെടുന്ന ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ ‘രാക്ഷസീയം’ എന്നാണ് കേരള മുഖ്യമന്ത്രി വിശേഷിപ്പിച്ചത്.

സര്‍ക്കാര്‍ വകുപ്പുകളാകട്ടെ ഓരോന്നോരോന്നായി തങ്ങള്‍ക്ക് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. എന്തുകൊണ്ടാണ് ഇങ്ങിനെ സംഭവിക്കുന്നത്? ഏറെ പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം ശാസ്ത്രീയമായി തയ്യാറാക്കപ്പെട്ട ഒരു റിപ്പോര്‍ട്ട് തല്‍ക്ഷണം തള്ളിക്കളയാന്‍ സംസ്ഥാന സര്‍ക്കാരിനേയും അതിന്റെ വകുപ്പുകളേയും പ്രേരിപ്പിച്ചത് എന്താകും? എന്താണ് ഈ റിപ്പോര്‍ട്ടിന്റെ രാഷ്ട്രീയം? അതിനെ എതിര്‍ക്കുന്നവരുടേയും?

റിപ്പോര്‍ട്ടിനെ ഭയക്കുന്നതെന്തിന്?
വികേന്ദ്രീകൃത ജനാധിപത്യത്തിന്റെ സാദ്ധ്യതകള്‍ ഒരു പരിധിവരെ പരിസ്ഥിതി സംരക്ഷണത്തിനായി ഉപയോഗപ്പെടുത്തുന്നു എന്നതാണ് ഈ റിപ്പോര്‍ട്ടിന്റെ സവിശേഷത.

ധനകാര്യത്തിലധിഷ്ഠിതമായ ഭരണത്തില്‍ നിന്നും പരിസ്ഥിതിയെ അടിസ്ഥാനമാക്കുന്ന ഭരണരീതിയിലേക്കുള്ള മാറ്റമാണ് ഈ റിപ്പോര്‍ട്ട് ലക്ഷ്യമാക്കുന്നത്.

പാരിസ്ഥിതിക ഘടനകളെ നശിപ്പിക്കുന്ന തരത്തിലുള്ള വികസനമാതൃകകളുടെ തിരിച്ചടി നേരിട്ട രാജ്യങ്ങളിലൊക്കെ ഈ മാറ്റം തുടങ്ങിക്കഴിഞ്ഞു. കേരളത്തെ സംബന്ധിച്ചിടത്തോളം ഇത്തരത്തിലൊരു മാറ്റത്തിനുള്ള വലിയൊരു സാദ്ധ്യതയാണ് ഈ റിപ്പോര്‍ട്ടിനെ തള്ളിക്കളയുന്നതിലൂടെ ഇല്ലാതാക്കപ്പെടുന്നത്.

വനങ്ങളില്‍ ജീവിക്കുന്നവരുടേയും ഗ്രാമങ്ങളില്‍ ജീവിക്കുന്നവരുടേയും കാര്യങ്ങളില്‍ നഗരങ്ങള്‍ തന്നെ തീരുമാനമെടുക്കുമെന്ന ധാര്‍ഷ്ട്യമാണ് സര്‍ക്കാര്‍ വകുപ്പുകളുടെ നിലപാടിനാസ്പദം. അധികാരം സാധാരണ മനുഷ്യന് കൈമാറുന്നത്, തീരുമാനമെടുക്കാനുള്ള സ്വാതന്ത്യ്രം ഗ്രാമസഭകള്‍ക്ക് കൈവരുന്നത് ഓരോ വകുപ്പിന്റേയും ഉറക്കം കെടുത്തുന്നുണ്ട്. സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഓരോ പ്രോജക്റ്റിലും അടങ്ങിയിട്ടുള്ള അഴിമതിക്കുള്ള സാദ്ധ്യത നഷ്ടമാകുമെന്ന ഭീഷണിയെ അതിജീവിക്കുന്നതിന്റെ ഭാഗമാണ് ഈ റിപ്പോര്‍ട്ടിനെ അധിക്ഷേപിക്കല്‍.

 

 

തീന്‍മേശയില്‍ പരിസ്ഥിതി
ഈ സന്ദര്‍ഭത്തിലാണ് എമര്‍ജിംഗ് കേരള എന്ന വിരുന്നില്‍ പരിസ്ഥിതിയും വില്പനയ്ക്കായി വെച്ചത്. നെല്ലിയാമ്പതിയിലും ഇതര വനപ്രദേശങ്ങളിലും ടൂറിസം പ്രോജക്റ്റുകള്‍, നിലവിലുള്ള എസ്റ്റേറ്റുകളുടെ അഞ്ച് ശതമാനം സ്ഥലം മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനുള്ള അനുവാദം എന്നിങ്ങനെ പരിസ്ഥിതി സന്തുലനത്തെ തകര്‍ക്കുന്ന പ്രോജക്റ്റുകള്‍ ഔദ്യോഗികമായിത്തന്നെ പ്രഖ്യാപിക്കപ്പെടുകയാണ്.

നിലനില്ക്കുന്ന പരിസ്ഥിതി നിയമങ്ങളെ കാറ്റില്‍പ്പറത്തുകയും വനസംരക്ഷണവുമായി ബന്ധപ്പെട്ട കേസുകളില്‍ സ്വമേധയാ തോറ്റുകൊടുക്കുകയും ചെയ്യുന്നതിലൂടെ ഈ സര്‍ക്കാര്‍ തെളിയിക്കുന്നത് കേരളത്തിന്റെ സുസ്ഥിര വികസനം തങ്ങളുടെ അജണ്ട അല്ലെന്നു തന്നെയാണ്.

നന്നായി മഴ ലഭിക്കുന്ന, നന്നേ ചരിഞ്ഞു കിടക്കുന്ന, നന്നായി കൃഷി ചെയ്യാനാകുന്ന, മലനിരകളിലെ വനമത്രയും മുഴുവന്‍ ജനതയ്ക്കുമാവശ്യമായ പാരിസ്ഥിതിക സേവനങ്ങള്‍ നിര്‍വചിക്കുന്ന, പ്രകൃതിദുരന്തങ്ങള്‍ അപൂര്‍വ്വമായ, ഇനിയും പേരിട്ടിട്ടില്ലാത്തത്ര ജീവജാലങ്ങളടങ്ങുന്ന ജൈവ വൈവിധ്യം സംരക്ഷിക്കപ്പെടുന്ന ഇടമായ കേരളം ഭീകരമായ പാരിസ്ഥിതിക ദുരന്തമാണ് ഇന്ന് മുന്നില്‍ കാണുന്നത്.

താണു താണു പോകുന്ന ഭൂഗര്‍ഭജനിരപ്പ്, കടല്‍വെള്ളം വന്നു കയറുന്ന തീരദേശ കിണറുകള്‍, ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഇടനാടന്‍ കുന്നുകള്‍, നിരപ്പാക്കപ്പെടുന്ന വന്‍കിട തോട്ടങ്ങള്‍, ശുദ്ധജലത്തെ വിഷമയമാക്കുന്ന രാസകീടനാശിനികളും വ്യവസായ മലിനീകരണവും, ഏതൊരിടവും ചവറ്റുകൂനയാക്കുന്ന ചെറു നഗരങ്ങള്‍, ഭൂമിയെ വലിയ തോതില്‍ മാറ്റിമറിക്കാനാകുന്ന കൂറ്റന്‍ ഉപകരണങ്ങള്‍, വനത്തില്‍ നിന്ന് കുടിയിറക്കപ്പെടുന്ന ആദിവാസികള്‍, കൃഷി ചെയ്ത് ഉപജീവനം നടത്താനാവാത്തവിധമുള്ള കാര്‍ഷികവിളകളുടെ വിലയിടിവ് എന്നിങ്ങനെ കേരളം ഇന്നഭിമുഖീകരിക്കുന്ന ഒരു പ്രശ്നത്തിനും ഉത്തരമല്ല എമര്‍ജിംഗ് കേരളയിലെ പ്രൊജക്റ്റുകള്‍.

അതിനപ്പുറം, ഇപ്പോഴും നിലനില്ക്കുന്ന ഇത്തിരിപ്പച്ചപ്പിനെപോലും ഉന്മൂലനം ചെയ്തു ലാഭമുണ്ടാക്കാന്‍ ശ്രമിക്കുന്ന പ്രൊജക്റ്റുകളാണ് എമര്‍ജിങ് കേരളയുടെ തീന്‍മേശയില്‍ നിരന്നത്. ഈ അപകടത്തെ തിരിച്ചറിഞ്ഞുകൊണ്ടാവണം എമര്‍ജിംഗ് കേരളയ്ക്കെതിരെയുള്ള പരിസ്ഥിതിയുടെ രാഷ്ട്രീയം മനസ്സിലാക്കപ്പെടേണ്ടത്.
 
 

(എമര്‍ജിങ് കേരളയോടനുബന്ധിച്ച് മുന്നണിപ്പോരാളി പ്രസിദ്ധീകരിച്ച വിനാശവികസനം: വികസനത്തെകുറിച്ച വേറിട്ട ചിന്തകള്‍ വിശേഷാല്‍ പതിപ്പില്‍ നിന്ന്)
 
 
 
 

One thought on “ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ കാലത്ത് കേരളത്തിലെ പാരിസ്ഥിതിക ആത്മഹത്യകള്‍

  1. ഇനിയുള്ള മനുഷ്യന്റെ നിലനില്പ് വളരെ അധികം കഷ്ടപാട് നിരഞ്ഞതായിരിക്കാന്‍ സാധ്യത കൂടുതല്‍ ആണ്. ഇപ്പോള്‍ തന്നെ നമുക്ക് നല്ല വെള്ളം കുടിക്കാന്‍ കിട്ടുന്നില്ല. കുടിവെള്ളം വരെ കാശ് കൊടുത്തു വങ്ങേണ്ടി വരുന്ന അവസ്ഥ ആണ്.

Leave a Reply

Your email address will not be published. Required fields are marked *