റഷ്യന്‍ ഭരണകൂടം ഈ പെണ്‍കുട്ടികളെ ഭയക്കുന്നതെന്തിന്?

 
 
 
 
റഷ്യയില്‍ പുസി റയറ്റ് പെണ്‍കൂട്ടായ്മ നടത്തുന്ന സര്‍ഗാത്മക പോരാട്ടങ്ങള്‍ക്ക് ഒരാമുഖം. പി പ്രജിത എഴുതുന്നു

 
 

പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്റെ ഭരണത്തിനെതിരെ സംഗീതത്തിലൂടെ പോരാട്ടം നടത്തുന്ന റഷ്യന്‍ പെണ്‍ ബാന്‍ഡാണ് പുസി റയറ്റ് . മോസ്കോയിലെ ഓര്‍ത്തഡോക്സ് പള്ളിയില്‍ നടത്തിയ പ്രതിരോധ സംഗീത അവതരണത്തെ തുടര്‍ന്ന് കൂട്ടായ്മയിലെ മൂന്ന് പെണ്‍കുട്ടികള്‍ ജയിലിലടക്കപ്പെട്ടു. ബാന്‍ഡിനെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളിലാണ് ഭരണകൂടം. എന്നാല്‍, ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ ഉപയോഗിച്ച്, സംഗീതത്തിന്റെ വിധ്വംസകശേഷിയിലൂടെ അവര്‍ പ്രസരിപ്പിച്ച ഊര്‍ജം റഷ്യയിലാകെ കൊടുങ്കാറ്റ് പോലെ പടരുകയാണ്. സ്വാതന്ത്യ്രത്തിനും ജനാധിപത്യത്തിനും നീതിക്കും വേണ്ടി ലോകമെങ്ങും നടക്കുന്ന പോരാട്ടങ്ങള്‍ക്ക് കരുത്തേകുന്ന പുസി റയറ്റ് പെണ്‍കൂട്ടായ്മയുടെ സര്‍ഗാത്മക പോരാട്ടങ്ങള്‍ക്ക് ഒരാമുഖം. കോഴിക്കോട് വാഴയൂര്‍ സാഫി ഇന്‍സ്റ്റിറ്റ്യുട്ടിലെ എം.സി.ജെ 3ാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിനി പി പ്രജിത എഴുതുന്നു

 


 

അവരുടെ പാട്ടുകള്‍ പാഴായില്ല. റഷ്യയിലെങ്ങും ഭരണകൂട വിരുദ്ധ വികാരം ആളിപ്പടരുകയാണ്. ക്രമക്കേടുകളുടെയും താന്‍പോരിമയുടെയും അധികാരക്കസേരയിലേക്ക് മൂന്നാമതും ചാടിവീണ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനെതിരായ പ്രതിഷേധം നേര്‍ക്കുനേര്‍ തലയുയര്‍ത്തുകയാണ്. ഇക്കഴിഞ്ഞ 16ാം തീയതി മോസ്കോയില്‍ തടിച്ചു കൂടിയ ആയിരങ്ങള്‍ അതിനുദാഹരണമാണ്. ജീവിതത്തിന്റെ പല തലങ്ങളിലുള്ള, ഭിന്ന വിശ്വാസങ്ങളും നിലപാടുകളും പങ്കുവെക്കുന്ന ആള്‍ക്കൂട്ടം ‘പുടിനില്ലാത്ത റഷ്യ’ എന്ന മുദ്രാവാക്യവുമായി തെരുവുകള്‍ കവിയുകയായിരുന്നു. റഷ്യയിലാകെ നിറയുന്ന അസംത്പ്തിയുടെയും വിയോജിപ്പിന്റെയും ഉച്ചസ്വരമായിരുന്നു നിറതോക്കുകള്‍ക്കു മുന്നില്‍ ആ മനുഷ്യര്‍ പ്രകടിപ്പിച്ചത്.

പി പ്രജിത


മോസ്കോയിലെ തടവറയില്‍ കഴിയുന്ന മൂന്ന് പെണ്‍കുട്ടികളാണ് അടക്കിപ്പിടിച്ച ജനകീയ രോഷങ്ങളെ ചേര്‍ത്തുപിടിച്ച് മോസ്കോയുടെ നെഞ്ചിലേക്ക് വഴിനടത്തിയത്. അവരുടെ പാട്ടുകളാണ്, മര്‍ദ്ദക ഭരണകൂടത്തിനെതിരെ അസാമാന്യ ധീരതയോടെ അവര്‍ പറത്തിയ തീപ്പൊരികളാണ് ഒരു ജനതയുടെ കനലുകള്‍ വീണ്ടും ആളിക്കത്തിച്ചത്. സംഗീതത്തിന്റെ വിധ്വംസകശേഷിയെ ഭയക്കുന്ന, തുനീഷ്യയില്‍ തുടങ്ങി ഈജിപ്റ്റിലൂടെ പടരുന്ന പുതുകാലത്തിന്റെ മുല്ലപ്പുവിപ്ളവങ്ങളെ ചങ്കിടിപ്പോടെ കാണുന്ന പുടിന്‍ ഭരണകൂടം നീതിയുടെ സര്‍വവാതിലുകളുമടച്ച് തടങ്കലിലിട്ടിട്ടും ആ സ്വരങ്ങള്‍ റഷ്യന്‍ അതിരുകള്‍ ഭേദിച്ച് ലോകമാകെ പടരുകയാണ്.

 

 

പുസി റയറ്റ്
പറയുന്നത് പുസി റയറ്റിനെക്കുറിച്ചാണ് (Pussy Riot). റഷ്യയിലെ പെണ്‍ സംഗീത ബാന്‍ഡിനെക്കുറിച്ച്. അനീതിക്കും ലിംഗസമത്വത്തിനും ജനാധിപത്യത്തിനും വേണ്ടി കഴിഞ്ഞ വര്‍ഷം ഒരുമിച്ചു ചേര്‍ന്ന ഫെമിനിസ്റ്റ് സംഗീത കൂട്ടായ്മയെക്കുറിച്ച്. രോഗാതുരമായ റഷ്യന്‍ സമൂഹത്തിലെ പുഴുക്കുത്തുകള്‍ക്കും സര്‍വാധികാരങ്ങളും കൈക്കലാക്കാന്‍ മത വിശ്വാസങ്ങളെ കൂട്ടുപിടിക്കുന്ന വ്ലാദിമിര്‍ പുടിന്റെ സ്വേച്ഛാ പ്രവണതകള്‍ക്കുമെതിരെയുള്ള ചെറുത്തുനില്‍പ്പിലാണ് ഈ പങ്ക് ബാന്‍ഡ് (Punk Band) .

സ്ത്രീവാദ രാഷ്ട്രീയത്തിന്റെയും അരാജക സര്‍ഗാത്മകതയുടെയും കരുത്തും ഇന്റര്‍നെറ്റിന്റെ മാധ്യമ സാധ്യതകളും ഉപയോഗിച്ചാണ് ഗ്രൂപ്പ് പൊരുതുന്നത്. വ്യത്യസ്തമായ രീതിയില്‍ പൊതു ഇടങ്ങളില്‍ സംഗീതാവതരണം നടത്തുന്ന ഗ്രൂപ്പ് അതിന്റെ എഡിറ്റ് ചെയ്ത വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്യുകയാണ് ചെയ്യുന്നത്. 15 പേരടങ്ങുന്ന ബാന്‍ഡ് ഇതുവരെ റെയില്‍വേ സ്റ്റേഷനുകളിലും തെരുവുകളിലുമായി 10 അവതരണങ്ങള്‍ നടത്തുകയും ആറോളം വീഡിയോ ഗാനങ്ങള്‍ പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്. വീിഡിയോയുടെ ഷൂട്ടിങ്, എഡിറ്റിങ് വര്‍ക്കുകള്‍ ഇവര്‍ തന്നെയാണ് ചെയ്യുന്നത്.

ഒടുവിലത്തെ ഇവരുടെ അവതരണം ഇക്കഴിഞ്ഞ ഫെബ്രുവരി 21നായിരുന്നു. മോസ്കോയിലെ ഓര്‍ത്തഡോക്സ് പള്ളിയിലാണ് ‘പങക് പ്രാര്‍ത്ഥന’ എന്നവര്‍ പേരിട്ട പ്രതിഷേധ പരിപാടി അരങ്ങേറിയത്. ബാന്‍ഡിലെ അഞ്ച് അംഗങ്ങള്‍ ചേര്‍ന്ന് അവതരിപ്പിച്ച സംഗീത പരിപാടി സെക്കന്റുകള്‍ക്കുള്ളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. ഇതിന്റെ വീഡിയോ ഇന്റര്‍നെറ്റിലൂടെ പരന്നതിനെ തുടര്‍ന്ന് കൂട്ടായ്മയിലെ മൂന്നുപേര്‍ അറസ്റ്റിലായി.

22കാരിയും ഫിലോസഫി ബിരുദധാരിയുമായ നദേദ തോളോകോനിക്കോവ ((Nadezhda Tolokonikova) ),പരിസ്ഥിതി , ജീവകാരുണ്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 24കാരി മരിയ അലേഖിന (MariaAlekhina), കംപ്യൂട്ടര്‍ പ്രോഗ്രാമിംഗ് ബിരുദധാരിയായ 30 കാരി കത്രീന സനുസ്തേവിച്ച് ( Yekatrina Sanustevich) എന്നിവര്‍. റഷ്യന്‍ നീതിന്യായവ്യവസ്ഥയുടെ സമ്പൂര്‍ണപരാജയം വ്യക്തമാക്കിയ വിചാരണ നാടകങ്ങള്‍ക്കുശേഷം ഇവര്‍ക്ക് രണ്ടുവര്‍ഷം തടവ് ശിക്ഷ വിധിക്കപ്പെട്ടു. ലോകമാകെ പ്രതിഷേധം വ്യാപിക്കാനാണ് ഇതിടയാക്കിയത്.

ഈ വരുന്ന രണ്ടാം തീയതിയാണ് ഇവരുടെ കേസ് മോസ്കോ സിറ്റി കോടതി പരിഗണിക്കുന്നത്. നൂറ്കണക്കിന് കിലോമീറ്ററുകള്‍ക്കകലെ, വിദൂരമായ ജയിലറകളിലേക്ക് ഇവരെ മാറ്റാനുള്ള നീക്കം ഇതിനിടെ നടക്കുന്നുണ്ട്. ബലാല്‍സംഗവും മരണവുമടക്കമുള്ള സാധ്യതകളാണ് ജയില്‍ മാറ്റം ഇവര്‍ക്കു മുന്നില്‍ വെക്കുന്നതെന്ന് അഭിഭാഷക പറയുന്നു. തങ്ങളെ മോസ്കോ ജയിലില്‍ തന്നെ കഴിയാന്‍ അനുവദിക്കണമെന്ന ഇവരുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കാനിടയില്ലെന്നാണ് സൂചനകള്‍.

 

മരിയ അലേഖിന , യകത്രീന സനുസ്തേവിച്ച് , നദേദ തോളോകോനിക്കോവ


 

പുടിന്റെ ഭയം
തുടര്‍ച്ചയായി മൂന്നാം തവണയും പ്രസിഡന്റുപദവിയില്‍ പ്രവേശിച്ച പുടിന്‍ എന്തിനാണ് ഈ പാട്ടുകളെ ഭയന്നത്? ഈ പാട്ടുകാരി പെണ്‍കുട്ടികളെ എന്തിനാണ് തടവറയുടെ ഇരുട്ടിലേക്ക് തള്ളിയത്?

ഈ ചോദ്യങ്ങള്‍ക്കുത്തരം ഈ ബാന്‍ഡു തന്നെയാണ്. അവരുടെ സംഗീതം തന്നെയാണ്. അവരുടെ വാക്കുകള്‍ തന്നെയാണ്.

1990 കളില്‍ അമേരിക്കയില്‍ കൊടുങ്കാറ്റഴിച്ചുവിട്ട അണ്ടര്‍ഗ്രണ്ട്് ഫെമിനിസ്റ് റോക് മൂവ്മെന്റ് ആയ Riot Grrrl ന്റെയും അമേരിക്കന്‍ പങ്ക് റോക്ക് ബാന്‍ഡ് ആയ ബിക്കിനി കില്‍ (bikini kill) ന്റെയും സ്വാധീന ഫലമാണ് പുസി റയറ്റ്.

മുഖംമൂടി ധരിച്ചുകൊണ്ട് തെരുവോരങ്ങളിലും റയില്‍വേ സ്റ്റേഷനുകളിലും മറ്റും പ്രതിരോധസംഗീതത്തിന്റെ ശക്തമായ അവതരണങ്ങളാണ് പുസ്സിറയറ്റ് നടത്തുന്നത്. ജനങ്ങളുടെ അവകാശങ്ങള്‍ക്കുമുന്നില്‍ ജനാധിപത്യത്തിന്റെ തന്നെ പേര് പറഞ്ഞ്് പുടിന്‍ തീര്‍ത്ത അവകാശലംഘനങ്ങളുടെ കറുത്ത മറയെ, കപടമായ ആവരണങ്ങളെ പ്രതിനിധാനം ചെയ്യുന്ന മുഖംമൂടികള്‍ ധരിച്ചാണ് ബാന്‍ഡിന്റെ അവതരണം. അറസ്റിനുമുമ്പ് നടത്തിയ അഭിമുഖങ്ങളിലും ഇവരുടെ മുഖത്ത് മുഖം മൂടിയുണ്ടായിരുന്നു.

 

 

പങ്ക് പ്രയര്‍
ഫെബ്രുവരി 12ന് മോസ്കോയിലെ പുരാതനമായ കതീഡ്രല്‍ ഓഫ് ക്രൈസ്ററ് ദ സേവിയര്‍ (Cathedral of Christ the Saviour) ദേവാലയത്തില്‍ പ്രസിഡന്റ് പുടിന്റെ ഏകാധിപത്യഭരണത്തിനെതിരെ ഇവര്‍ പങ്ക് പ്രയര്‍ ( punkprayer) സംഘടിപ്പിച്ചു. പുടിനു ക്ഷോഭം വന്നു. പാട്ടുപാടിയ പെണ്‍കുട്ടികള്‍ ആഗസ്റ് 17ന് രണ്ടുവര്‍ഷത്തെ കഠിനതടവിനു വിധിക്കപ്പെട്ടു.

റഷ്യന്‍ രാഷ്ട്രീയത്തെ നിശിതമായി വിമര്‍ശിക്കുന്ന സംഗീത അവതരണങ്ങള്‍ സംഘം ഇതിനുമുമ്പും നടത്തിയിട്ടുണ്ട്. എങ്കിലും ദേവാലയത്തില്‍ നടന്ന ‘പ്രാര്‍ത്ഥന’ ഭരണകൂടത്തെ അത്രയേറെ പ്രകോപിപ്പിച്ചു. മരം കോച്ചുന്ന തണുപ്പില്‍, വര്‍ണശബളമായ വസ്ത്രങ്ങള്‍ ധരിച്ച് പങക് പ്രാര്‍ത്ഥന നടത്തിയ അഞ്ചംഗ സംഘം അതിനുശേഷം അള്‍ത്താരയിലൂടെ നടന്നുനീങ്ങി. വൈകുന്നേരമാകുമ്പോഴേക്കും സംഘം എഡിറ്റ് ചയ്ത ദൃശ്യങ്ങളുടെ വീഡിയോ പോസ്റ്റ് ചെയ്തു. .”Punk prayer; Holy Mother Chase putin Away” എന്ന തലവാചകത്തോടെ. “Mother of God Drive out Putin” എന്നതാണ് പെര്‍ഫോമന്‍സിന്റെ മുദ്രാവാക്യം.

ബാന്‍ഡിലെ മൂന്ന് പെണ്‍കുട്ടികളെ കൂടി വേട്ടയാടാന്‍ ഇതിനിടെ, പുടിന്‍ ഭരണകൂടം ശ്രമിച്ചിരുന്നെങ്കിലും സാഹസികമായ രീതിയില്‍ അവര്‍ രക്ഷപ്പെടുകയായിരുന്നു. സംഘത്തിലെ 15 പേരെങ്കിലും റഷ്യയില്‍ രഹസ്യമായി പ്രവര്‍ത്തനം തുടരുന്നതായി, തടവില്‍ കഴിയുന്ന നദേദ തോളോകോനിക്കോവയുടെ ഭര്‍ത്താവ് പ്യോര്‍ വെര്‍സിലോവ് പറയുന്നു.

 

 

Punk-Prayer “Virgin Mary, Put Putin Away”

(choir)

Virgin Mary, Mother of God, put Putin away
Рut Putin away, put Putin away

(end chorus) …
Black robe, golden epaulettes
All parishioners crawl to bow
The phantom of liberty is in heaven
Gay-pride sent to Siberia in chains

The head of the KGB, their chief saint,
Leads protesters to prison under escort
In order not to offend His Holiness
Women must give birth and love

Shit, shit, the Lord’s shit!
Shit, shit, the Lord’s shit!

(Chorus)

Virgin Mary, Mother of God, become a feminist
Become a feminist, become a feminist

(end chorus)

The Church’s praise of rotten dictators
The cross-bearer procession of black limousines
A teacher-preacher will meet you at school
Go to class – bring him money!

Patriarch Gundyaev believes in Putin
Bitch, better believe in God instead
The belt of the Virgin can’t replace mass-meetings
Mary, Mother of God, is with us in protest!

(Chorus)

Virgin Mary, Mother of God, put Putin away
Рut Putin away, put Putin away

(end chorus)

 

പോപ് താരം മഡോണ ഒളിമ്പസ് സ്കൈ സ്റേഡിയത്തില്‍ നടത്തിയ മ്യൂസിക് ഷോ. ശരീരത്തിന്റെ പുറം ഭാഗത്ത് 'പുസ്സി റയറ്റ്' എന്ന് എഴുതിയത് കാണാം. പുസ്സി റയറ്റിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ധരിച്ച മാസ്കും കാണാം.


 

പടരുന്ന പോര്‍വീര്യം
സംഗീതം ആയുധമാക്കി ഈ പെണ്‍കുട്ടികള്‍ നടത്തിയ ചെറുത്തുനില്‍പ്പ് വെറുതെയായില്ലെന്ന് തെളിയിക്കുകയാണ് റഷ്യയില്‍നിന്നുള്ള വാര്‍ത്തകള്‍. എഴുത്തുകാരും കലാകാരന്‍മാരും വിമത ലൈംഗിക ആക്റ്റിവിസ്റ്റുകളും വിദ്യാര്‍ത്ഥികളും അധ്യാപകരും തൊഴിലാളികളും പരിസ്ഥിതി പ്രവര്‍ത്തകരുമെല്ലാം ഒന്നിച്ചുള്ള പോരാട്ടങ്ങളുടെ വഴിയിലാണ്. ചെസ് ഇതിഹാസം ഗാരി കാസ്പറോവ് അടക്കമുള്ള പ്രമുഖര്‍ ഈ പെണ്‍കുട്ടികള്‍ക്കായി തെരുവിലിറങ്ങി അറസ്റ്റ് വരിച്ചു കഴിഞ്ഞു. പെണ്‍കുട്ടികളെ മോചിപ്പിക്കണമെന്ന് പ്രധാനമന്ത്രി ദ്മിത്രി മെദ്വദേവ് ആവശ്യപ്പെട്ടിട്ടുണ്ട്.

അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഇതേ ആവശ്യം ഉന്നയിച്ചു കഴിഞ്ഞു. മനുഷ്യാവകാശ സംഘടനകളും ശിക്ഷാവിധിക്കെതിരെ രംഗത്തുണ്ട്.

പോപ് താരം മഡോണ ആഗസ്ററ് 21ന് ഒളിമ്പസ് സ്കൈ സ്റേഡിയത്തില്‍ നടത്തിയ മ്യൂസിക് ഷോയ്ക്കു ശേഷം ജാക്കറ്റഴിച്ചപ്പോള്‍ ശരീരത്തിന്റെ പുറം ഭാഗത്ത് ‘പുസ്സി റയറ്റ്’ എന്ന് എഴുതിയത് കാണാമായിരുന്നു. ഷോയിലുടനീളം പുസ്സി റയറ്റിന് ഐക്യാദാര്‍ഢ്യം പ്രഖ്യാപിച്ച് മാസ്ക് ധരിക്കുകയും ചെയ്തു, മഡോണ.

തടവിലടക്കപ്പെട്ട പുസി റയറ്റ് അംഗം നദേദ തോളോകോനിക്കോവ ജയിലില്‍ ഗാര്‍ഡിയന്‍ പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ ഒരു കാര്യം വ്യക്തമാക്കുന്നുണ്ട്. ‘രാഷ്ട്രീയം തന്നെയാണ് കല’. ഇതു തന്നെയാണ് ഈ കൂട്ടായ്മയുടെ നിലപാട്. അതു തന്നെയാണ്, നാം ജീവിക്കുന്ന കാലത്തിന്റെ ഇതിഹാസമായി ഈ പെണ്‍കുട്ടികളെ മാറ്റുന്നതും.

 
 
 
 

4 thoughts on “റഷ്യന്‍ ഭരണകൂടം ഈ പെണ്‍കുട്ടികളെ ഭയക്കുന്നതെന്തിന്?

  1. ഇന്ത്യന്‍ യുവത്വം ഡൊ.അഴിമതി സിംഗത്തിനെതിരെ ഇത്തരം ഒരു മൂവ്മെന്റ് എന്നു നടത്തും?

  2. Please don’t comment on anything when you are not aware of the truth . Please be aware that when you are living in a country of law, you must obey the law of the country. According to Russian law, tress-passing and vandalising a place of worship is against the law. the Pussy – riots were staging their protest the altar of the church – the most sacred place in a church for a believer. Can you imagine what would have happen if the same thing had happened in the sree-kovil of sabarimala. If you have a minimum level of intelligence you can imagine that. I am not blaming you, you are also a victim of zionist – freemason propaganda.

  3. താങ്കള്‍ ഇത്തരം ഒരു വിഷയം തിരഞ്ഞെടുത്തതില്‍ ആദ്യം അഭിനന്ദിക്കുന്നു. ഒരു വിഷയത്തെപ്പറ്റി പറയുമ്പോള്‍ അതിന്റെ എല്ലാ വശങ്ങളും ചര്‍ച്ച ചെയ്യണം . ഇന്നതാണ് ശരി എന്നതിലേക്ക് എല്ലാം ഒരുമിച്ചുകൂട്ടരുത്‌. റഷ്യ തുമ്മുന്നതുവരെ ഇന്‍റലിജന്‍സ് ഏജെന്‍സികളെയും കൊണ്ട് സസൂക്ഷ്മം വീക്ഷിക്കുന്നവരാണ് അമേരിക്കയും അവരുടെ നിഴലുകളായ യൂറോപ്പും. ഗുജറാത്തില്‍ നരേന്ദ്രമോഡി അധികാരത്തില്‍ റെക്കോര്‍ഡ്‌ തീര്‍ത്തില്ലേ… ഏതായാലും അത്രയും വരുമോ പുട്ടിന്‍? ഈ ലേഖനത്തില്‍ പറയുന്നത് പോലെ അത്രമാത്രം മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നിടമൊന്നുമല്ല റഷ്യ. ചോര ഒഴുകുന്ന മധ്യേഷ്യയിലും ചുവന്ന ചൈനയിലും മനുഷ്യാവകാശങ്ങളുടെ വസന്തമാണോ? ഒരു പക്ഷെ അമേരിക്കന്‍ മുതലാളിത്തം സ്പോണ്‍സര്‍ ചെയ്യുന്നതാണോ ഈ riot band എന്ന് വിചാരിച്ചാലും സംശയലേശമെന്യേ എതിര്‍ക്കാനാവില്ല. ഒരു കാര്യം കൂടി ശീതയുദ്ധം ഇപ്പോഴും ശീതമായിത്തന്നെ ഉണ്ട്‌ എന്ന് ആര്‍ക്കാണ് മനസിലാകാത്തത്.

Leave a Reply

Your email address will not be published. Required fields are marked *