വിവാദ കാലങ്ങളില്‍ ഗുരുവിന്റെ പ്രസക്തി

 
 
 
 
ശ്രീനാരായണ ഗുരുവിനെ വികലമായി ചിത്രീകരിക്കുന്ന ചരിത്ര പുസ്തകങ്ങളും പാഠപുസ്തകങ്ങളും പങ്കുവെക്കുന്ന രാഷ്ട്രീയമെന്താണ്?
ബിജോ ജോസ് ചെമ്മാന്ത്ര എഴുതുന്നു

 
 
സമീപകാലങ്ങളില്‍ ശ്രീനാരായണ ഗുരുവിനെ വികലമായി ചിത്രീകരിക്കുന്ന ചരിത്ര പുസ്തകങ്ങളും, പാഠപുസ്തകങ്ങളും പ്രചരിക്കുകയുണ്ടായി. കേരള നവോത്ഥാനത്തിനു തുടക്കം കുറിച്ച പ്രതിഭകളെപ്പറ്റി എന്തിനാണ് സത്യവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത്? കേരളീയ സമൂഹം അംഗീകരിച്ചിട്ടുള്ള ചരിത്ര വസ്തുതകളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുവാനും അതിലൂടെ അവയെ കാലക്രമേണ നിരാകരിക്കാനുമുള്ള ബോധപൂര്‍വമായ ശ്രമമായി ഇതിനെ കാണേണ്ടിവരും. ‘ഒരു വേള പഴക്കമേറിയാല്‍ ഇരുളും മെല്ലെ വെളിച്ചമായ് വരാം’ എന്ന കുമാരനാശാന്റെ വരികള്‍ അന്വര്‍ത്ഥമാക്കുന്ന രീതിയിലാണ് മേല്‍ സൂചിപ്പിച്ച പ്രചാരവേല മുന്നേറുന്നത്.

കേരളത്തിന്റെറ സാമൂഹ്യജിവിതത്തില്‍ മറ്റാരെക്കാളുമധികം സ്വാധീനം ചെലുത്തിയിട്ടു പോലും കേരള ദേശീയതയുടെ പ്രതീകമായി എന്തുകൊണ്ട് അദ്ദേഹം മാറിയില്ല എന്നത് ആഴത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. കേരളം ലോകത്തിനു സമര്‍പ്പിച്ച ജീവിതദര്‍ശനമായിരുന്നു ഗുരുവിന്റെ പ്രബോധനങ്ങള്‍. അത് വിപ്ലവകരമായ സാമൂഹ്യവീക്ഷണമായി പരിവര്‍ത്തിപ്പിക്കാന്‍ കഴിയാതിരുന്നത് കേരള സമൂഹത്തിന്റെ വൈകല്യമായി വിലയിരുത്തപ്പെടും-ബിജോ ജോസ് ചെമ്മാന്ത്ര എഴുതുന്നു

 


 

കേരളത്തിലെ നവോത്ഥാനപ്രസ്ഥാനങ്ങള്‍ പകര്‍ന്ന ഉണര്‍വ്വിലൂടെയായിരുന്നു ആധുനിക മലയാളി തന്റെ സ്വത്വത്തിലേയ്ക്ക് ചരിത്രപരമായി ചുവടുവെച്ചത്.സാമൂഹ്യ പരിഷ്കര്‍ത്താക്കളായിരുന്ന ചട്ടമ്പിസ്വാമി,ശ്രീനാരായണഗുരു, അയ്യങ്കാളി, വാഗ്്ഭടാനന്ദന്‍ തുടങ്ങി പല ധിഷണശാലികളും ഈ സാമൂഹ്യനവോത്ഥാനത്തിനു നേതൃത്വം നല്‍കി.കേരളീയ സാമൂഹ്യ നവോത്ഥാനത്തിന്റെ മുഖ്യശില്‍പിയായാണ് ഗുരു വിലയിരുത്തപ്പെടുന്നത്. ഗുരുവിന്റെ ദര്‍ശനങ്ങളില്‍ പ്രകടമായിരുന്ന സാര്‍വത്രിക മാനവികത കേരളത്തിലന്നുവരെ അന്യമായിരുന്ന ബൌദ്ധിക ഉള്‍ക്കാഴ്ചകള്‍ സമൂഹത്തില്‍ വിതയ്ക്കുകയായിരുന്നു.

സമീപകാലങ്ങളില്‍ ശ്രീനാരായണ ഗുരുവിനെ വികലമായി ചിത്രീകരിക്കുന്ന ചരിത്ര പുസ്തകങ്ങളും, പാഠപുസ്തകങ്ങളും പ്രചരിക്കുകയുണ്ടായി. വിവാദപരമായ വാര്‍ത്തകള്‍ മാത്രം വിളവെടുക്കുന്ന വര്‍ത്തമാനകാലത്ത് കാര്യമായി ചര്‍ച്ച ചെയ്യാതെപോയ ഈ വിഷയം ഇവിടെ സൂചിപ്പിക്കേണ്ടതാവശ്യമാണെന്നു കരുതുന്നു.

ഇകഴ്ത്തുന്നതെന്തിന്?
കേരള നവോത്ഥാനത്തിനു തുടക്കം കുറിച്ച പ്രതിഭകളെപ്പറ്റി എന്തിനാണ് സത്യവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നു ആര്‍ക്കും സംശയം തോന്നാം. കേരളീയ സമൂഹം അംഗീകരിച്ച ചരിത്ര വസ്തുതകളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനും അതിലൂടെ അവയെ കാലക്രമേണ നിരാകരിക്കാനുമുള്ള ബോധപൂര്‍വമായ ശ്രമമായി ഇതിനെ കാണേണ്ടിവരും.”ഒരു വേള പഴക്കമേറിയാല്‍ ഇരുളും മെല്ലെ വെളിച്ചമായ് വരാം”എന്ന കുമാരനാശാന്റെ വരികള്‍ അന്വര്‍ത്ഥമാക്കുന്ന രീതിയിലാണ് മേല്‍ സൂചിപ്പിച്ച പ്രചാരവേല മുന്നേറുന്നത്. സ്ഥിരീകരിക്കപ്പെട്ട ചരിത്ര സത്യങ്ങളെ മൂടിവെയ്ക്കുവാനും നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് യാഥാര്‍ത്ഥ്യങ്ങളെ വളച്ചൊടിക്കാനുമുള്ള ശ്രമം പണ്ടേ ഉണ്ടായിരുന്നു.

കഴിഞ്ഞ നാല് വര്‍ഷമായി സി.ബി.എസ്.ഇ സിലബസിലുള്ള എട്ടാം തരത്തിലെ സാമുഹ്യപാഠ പുസ്തകത്തില്‍ ‘Our Past’ എന്ന പാഠഭാഗത്തില്‍ ശ്രീനാരായണ ഗുരുവിനെ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തുന്നതിങ്ങനെ; ‘ഒരേ ഒരു ഗുരുവില്‍ മാത്രമേ വിശ്വസിക്കാവൂ എന്നും അത് താനായിരിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു’. ഗുരുവിനെക്കുറിച്ചുള്ള ഈ പരാമര്‍ശത്തിന് യാഥാര്‍ത്ഥ്യവുമായി എന്ത് ബന്ധമാണുള്ളത്? ഈ പാഠഭാഗം 2008 മുതല്‍ ഇന്ത്യയൊട്ടുക്കുള്ള സി.ബി.എസ്.ഇ സിലബസ് പിന്തുടരുന്ന വിദ്യാലയങ്ങളില്‍ പഠിപ്പിച്ചുവരുന്നു. പഠനമുറിയുടെ പുറത്തേക്കു വ്യാപിക്കുന്ന വിദ്യാര്‍ത്ഥികളുടെ ചിന്തക്കും അന്വേഷണങ്ങള്‍ക്കും ചരിത്രവസ്തുതകളെ കൃത്യമായി രേഖപ്പെടുത്തുന്ന പാഠപുസ്തകം മാത്രമേ ഗുണകരമാകൂ.എന്നാല്‍ വികലമായി രേഖപ്പെടുത്തിയ ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയുമൊക്കെ അറിവിലാണ് ഒരു പുതുതലമുറ ഇവിടെ വളര്‍ന്നു വരുന്നത്.

ബിജോ ജോസ് ചെമ്മാന്ത്ര


കേരള സിലബസില്‍ തയ്യാറാക്കിയ പത്താംതരത്തിലെ സാമൂഹ്യപാഠപുസ്തകത്തിലുമുണ്ടായിരുന്നു ഇത്തരം പിഴവുകള്‍. ചട്ടമ്പിസ്വാമികളുടെ നിലപാടുകള്‍ക്ക് പ്രയോഗിക രൂപം നല്‍കുകകയായിരുന്നു ശ്രീനാരായണഗുരു എന്ന വാദമാണ് പ്രസ്തുത പുസ്തകത്തിലെ പാഠഭാഗം മുന്നോട്ടുവെയ്ക്കുന്നത്.എന്ത് തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത് എന്നൊരു സൂചനയും പാഠപുസ്തകം നല്‍്കുന്നില്ല.പരസ്പരം ആദരിച്ച സമകാലീനരായ ഈ രണ്ട് മഹാത്മാക്കളും അന്ന് നിലനിന്നിരുന്ന സാമൂഹ്യ ഉച്ച നീചത്വങ്ങളെ എതിര്‍ത്തിരുന്നു. ഇവരിലൊരാള്‍ മറ്റൊരാളുടെ ആശയങ്ങള്‍ പിന്തുടരുകയായിരുന്നുവെന്ന് എങ്ങനെയാണ് അനുമാനിക്കാനാവുക? ചരിത്രകാരന്മാരും വിദ്യാഭ്യാസ വിചക്ഷണരുമടങ്ങിയവിദഗ്ദ സമിതി തയ്യാറാക്കുന്ന പാഠപുസ്തകങ്ങളില്‍ ഇത്തരം പിഴവുകള്‍ സംഭവിക്കുന്നതെങ്ങനെയെന്നു ആര്‍ക്കും സംശയം തോന്നാം. പാഠപുസ്തകങ്ങളെ സമഗ്രവും സൂക്ഷ്മവുമായ പരിശോധനക്ക് വിധേയമാക്കി അവ കുറ്റമറ്റതാണെന്നു ഉറപ്പുവരുത്താന്‍ ഉത്തരവാദിത്വമുളള ഭരണകൂടങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

പ്രസിദ്ധ സാമൂഹ്യ ചരിത്രകാരനായ രാമചന്ദ്ര ഗുഹയ്ക്ക് കഴിഞ്ഞവര്‍ഷം കേന്ദ്രസാഹിത്യ അവാര്‍ഡ് നേടിക്കൊടുത്ത ‘ഇന്ത്യ ആഫ്റ്റര്‍ ഗാന്ധി’ എന്ന കൃതിയില്‍ ശ്രീനാരായണഗുരുവിനെ കേരളത്തിലെ കള്ളുചെത്തു കുലത്തൊഴിലാക്കിയഒരു സമുദായത്തിന്റെ നേതാവായി ചിത്രീകരിച്ചിരിക്കുന്നു. ഇത് ഗ്രന്ഥകാരന് അറിയാതെ പറ്റിയ ഒരു പിശകായി കണക്കാക്കാനാവില്ല. അമേരിക്കയിലെ ‘ഫോറിന്‍’ മാഗസിനും ഇഗ്ലണ്ടിലെ ‘പ്രോസ്പെക്ട്’ മാഗസിനും സംയുക്തമായി 2008ല്‍ നടത്തിയ അഭിപ്രായ സര്‍വേയിലൂടെ തിരഞ്ഞെടുത്ത ലോകത്തിലെ പ്രശസ്തരായ നൂറ് ബുദ്ധിജീവി എഴുത്തുകാരിലൊരാളാണ് പദ്മഭൂഷണ്‍ ജേതാവായ രാമചന്ദ്ര ഗുഹ. ഏതു ചരിത്രഗ്രന്ഥത്തെയും മഹത്തരമാക്കുന്നത് അതിന്റെ സത്യസന്ധതയാണ്. അതിവിടെ നഷ്ടമായിരിക്കുന്നു.

ഇനിയും കൂടുതല്‍ പാഠപുസ്തകങ്ങളും ചരിത്ര പുസ്തകങ്ങളും പുതിയ കണ്ടെത്തലുകളുമായി അണിയറയില്‍ തയ്യാറാക്കപ്പെടുന്നുണ്ടാവാം. ഇവിടെ ചരിത്രം പുനര്‍നിര്‍മിക്കപ്പെടുന്നു. എന്തിന്? ആര്‍ക്കുവേണ്ടി? ഉത്തരങ്ങള്‍ എവിടെക്കൊണ്ടെത്തിച്ചാലും സത്യം നിഷേധിക്കുന്ന ചരിത്രത്താളുകള്‍അതര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയേണ്ടതാണ്.

 

 

കേരളീയ സാമൂഹ്യനവോത്ഥാനം
ജാതി ശുദ്ധീകരണത്തിന്റെംയും അയിത്തോച്ചാടനത്തിന്റെയും ഭാഗമായാണ് കേരളത്തില്‍ സാമൂഹ്യ നവോത്ഥാനത്തിനു തുടക്കം കുറിക്കപ്പെട്ടത്. ഉത്തരേന്ത്യയിലെ സാമൂഹ്യ നവോത്ഥാനത്തിന്റെ സ്വഭാവമായിരുന്നില്ല കേരളത്തിലേതിന്. ഇവിടെയിതു കൂടുതല്‍ ശക്തവും വ്യാപകവുമായിരുന്നു. അടിച്ചമര്‍ത്തപ്പെട്ട അധ:സ്ഥിത സമുദായങ്ങളില്‍ നിന്നുള്ളവര്‍ തന്നെയാണ് പ്രധാനമായും ഈ മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് എന്നുള്ളതായിരുന്നു അതിനു കാരണം . അടിച്ചമര്‍ത്തലിനു വശംവദരാകാന്‍ മടിച്ച ഈഴവരുള്‍പ്പെട്ട, അവര്‍ണ്ണരെന്നു മുദ്രകുത്തപ്പെട്ട ജനവിഭാഗങ്ങളുടെ സ്വാതന്ത്യ്രവാഞ്ഛ പൊതുസാംസ്ക്കാരിക വളര്‍ച്ചയായി രൂപാന്തരപ്പെടുകയായിരുന്നു. പിന്നീടത് കേരള നവോത്ഥാനത്തിന്റ്െ ആധാരശിലയായി പരിണമിച്ചു.

ഇന്ത്യയിലെ ദേശീയനവോത്ഥാനം വിദേശങ്ങളിലെ പോലെ അത്ര വിപുലമായിരുന്നില്ല. നവോത്ഥാന പ്രക്രിയയുടെഭാഗമായി പാശ്ചാത്യലോകത്ത് ഉയര്‍ന്നു വന്ന ദര്‍ശനസംഹിതയ്ക്കു സമാനമായ ഒന്ന് ഇന്ത്യയിലുണ്ടായില്ല.കേരളത്തിലാകട്ടെ മതങ്ങളുടെ സംഘടിതവും ജനകീയവുമായ സ്വാധീനത്തെ പൂര്‍ണമായി അതിജീവിക്കാന്‍ നവോത്ഥാനത്തിനായില ്ലതാനും.

കേരളത്തില്‍ സാമൂഹ്യ നവോത്ഥാന പ്രസ്ഥാനങ്ങളുംആശയങ്ങളും ഉഴുതിമറിച്ച മണ്ണിലാണ് പിന്നീട് സോഷ്യലിസ്റ്, കമ്യുണിസ്റു പ്രസ്ഥാനങ്ങള്‍ ആഴത്തില്‍ വേരോടിയത്. ഇന്ന് നഷ്ടമായിക്കൊണ്ടിരിക്കുന്ന നവോത്ഥാനമൂല്യങ്ങളെ പരിരക്ഷിക്കുവാനോ അതിനൊരു തുടര്‍ച്ച സാധ്യമാക്കാനോ സമുദായികരാഷ്ട്രീയ സംഘടനകളോ പൊതുപ്രവര്‍ത്തകരോ പ്രതിബദ്ധമായി മുന്നോട്ടു വരുന്നില്ലെന്നത് ഒട്ടും ശുഭസൂചകമല്ല.

 

 

ഗുരുവും സാമൂഹ്യപരിഷ്കരണവും
കേരളീയ സാമൂഹ്യ നവോത്ഥാന നേതാക്കളില്‍ പ്രധാനിയായിരുന്നുശ്രീനാരായണ ഗുരു. അദ്ദേഹത്തെപ്പോലെ ആധ്യാത്മിക ഭൌതിക തലങ്ങളെ സമന്വയിപ്പിച്ചുകൊണ്ട് ജാതി മതാതീതമായി ഒരു സാമൂഹ്യ പരിവര്‍ത്തനം സാധ്യമാക്കിയവര്‍ കേരള ചരിത്രത്തില്‍ വിരളമാണ്.തന്റെ കാലത്ത് നിലവിലുണ്ടായിരുന്ന സാമുഹ്യ വ്യവസ്ഥയെ പുനര്‍നിര്‍ണയിക്കാനാണ് ഗുരു ശ്രമിച്ചത്. അദ്ദേഹം മുന്നോട്ടുവെച്ച മഹാപ്രബോധനങ്ങള്‍ക്കുപരിയായി മറ്റൊന്നും കേരള സമൂഹത്തിനുമുന്നില്‍ സമര്‍പ്പി ക്കാന്‍ ആര്‍ക്കുമായില്ലെന്നത് കേരളത്തിന്റെ നവോത്ഥാന ചരിത്രം പരിശോധിച്ചാല്‍മനസ്സിലാകും.

സമഗ്രവും നവീനവുമായ ഒരു വിദ്യാഭ്യാസ സങ്കല്‍പമാണ് ഗുരുവിനുണ്ടായിരുന്നത്. വിദ്യകൊണ്ട് സ്വതന്ത്രരാകുവാനും സംഘടനകൊണ്ട് ശക്തരാകുവാനും അദ്ദേഹം ഉദ്ബോധിപ്പിച്ചു. നിരക്ഷരത പിന്നാക്കാവസ്ഥക്ക് പ്രധാന കാരണമാണെന്ന് ഗുരുവിനു തിരിച്ചറിയാനായി. പിന്നീടുള്ള കാലയളവില്‍ കേരളം രാഷ്ട്രീയ,സാമൂഹ്യ മേഖലകളിലൊക്കെയും വരിച്ച പുരോഗതിയുടെ തുടക്കം ശ്രീനാരായണ ഗുരുവില്‍ നിന്നാണെന്ന് മനസ്സിലാക്കാന്‍ കഴിയും.

നാണുവില്‍ നിന്ന് നാരായണഗുരുവിലേക്കുള്ള വളര്‍ച്ചയ്ക്ക് നിദാനം മരുത്വാമലയിലെ ഏകാന്ത ധ്യാനമോ അദ്വൈത ചിന്തയിലധിഷ്ടിതമായ അത്മീയതയോ മാത്രമല്ല, ദുഷിച്ച ജാതിവ്യവസ്ഥയുടെ പിടിയിലകപ്പെട്ട സാമൂഹ്യ സാഹചര്യവും കൂടിയായിരുന്നു. ഗുരു ക്രമേണ ഒരു മതാതീത പ്രവാചകനായി മാറുകയായിരുന്നു.

കേരളത്തിന്റെ സാമൂഹ്യജിവിതത്തില്‍ മറ്റാരെക്കാളുമധികം സ്വാധീനം ചെലുത്തിയിട്ടു പോലും കേരളദേശീയതയുടെ പ്രതീകമായി എന്തുകൊണ്ട് അദ്ദേഹം മാറിയില്ല എന്നത് ആഴത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. കേരളം ലോകത്തിനു സമര്‍പ്പി ച്ച ജീവിതദര്‍ശനമായിരുന്നു ഗുരുവിന്റെ പ്രബോധനങ്ങള്‍. അത് വിപ്ലവകരമായ സാമൂഹ്യവീക്ഷണമായി പരിവര്‍ത്തിപ്പിക്കാന്‍ കഴിയാതിരുന്നത് കേരള സമൂഹത്തിന്റെ വൈകല്യമായി വിലയിരുത്തപ്പെടും.

 

 
മതാതീത ആത്മീയത
‘മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി’ എന്ന പ്രബോധനത്തിലൂടെ ഒരേസമയം മതം ആവശ്യമാണെന്നും അനാവശ്യമാണെന്നും പറയാതെ അത് അപ്രസക്തമാണെന്ന് സൂചിപ്പിക്കുകയും മതത്തിലും വലുതാണ് മനുഷ്യനെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു ഗുരു. അരുവിപ്പുറത്തെ ഈഴവശിവന്റെ പ്രതിഷ്ഠയിലൂടെയും കളവംകോടത്തെ കണ്ണാടി പ്രതിഷ്ഠയിലൂടെയും അദ്ദേഹം ജീര്‍ണ്ണി ച്ച സമൂഹത്തില്‍ മുമ്പെങ്ങും ദര്‍ശിക്കാത്ത വിപ്ലവത്തിന്റെ കൊടുങ്കാറ്റു വീശി.വിശ്വാസത്തിലധിഷ്ഠിതമായ ഒരു സമൂഹത്തില്‍ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ചൂണ്ടിക്കാണിച്ചതിനോടൊപ്പം തന്നെ അദ്ദേഹം മതേതരത്വത്തിന്റെയും സമത്വത്തിന്റൊയും നിറവില്‍ സമാധാനപൂര്‍ണ്ണമായ പുതിയ ലോകം വിഭാവനം ചെയ്തു.

കാലമേറെയായിട്ടും കേരളമണ്ണില്‍ സവര്‍ണ്ണ ഹൈന്ദവ വര്‍ഗ്ഗീയത വേരോടാതിരുന്നതിനു പ്രധാന കാരണം ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങളിലൂടെ രൂപപ്പെട്ട സാംസ്കാരിക ബോധമായിരുന്നു.

മതചിഹ്നങ്ങള്‍ ഉപയോഗിക്കാന്‍ ഗുരു മടിച്ചിരുന്നു. ഒരിക്കല്‍ മാത്രമാണ് ശിഷ്യരുടെ നിര്‍ബന്ധത്തിനു വഴങ്ങി കാവി വേഷം ധരിക്കാന്‍ അദ്ദേഹം തയ്യാറായത്. അതുകൊണ്ട് ഗുരു ദൈവവിശ്വാസത്തെ എതിര്‍ത്തിരുന്നു എന്ന് അനുമാനിക്കാനാവില്ല. ബാഹ്യരൂപങ്ങളിലെ കപടത അദേഹം നിരാകരിക്കുകയാണ് ചെയ്തത്. മതയാഥാസ്ഥിതികതയുടെ പദാവലി അദ്ദേഹത്തിന്റെം ഭാഷണങ്ങളില്‍ അറിയാതെ പോലും കടന്നുവന്നില്ല. മതാതീതമായ ആത്മീയതയുടെ സാധ്യത മുന്‍കൂട്ടിക്കാണുവാന്‍ ഗുരുവിനു സാധിച്ചു.

ജാതിയെന്ന സര്‍പ്പം പല അളവില്‍ അപകര്‍ഷതയായും വികലമായ മിഥ്യാഭിമാനമായും മലയാളിയുടെ ഉള്ളില്‍ ഇന്നും മയങ്ങുന്നു. ഗുരുവിന്റെ പ്രബോധനങ്ങള്‍ ആഴത്തില്‍ മനസിലാക്കുവാനോ അത് പൂര്‍ണ്ണമായി പ്രാവര്‍ത്തികമാക്കാനോ കഴിയാത്തതു കൊണ്ടു കൂടിയാണ് മതതീവ്രവാദവും വര്‍ഗീയകലാപങ്ങളുമൊക്കെ നമുക്കു ചുറ്റും നിറയുന്നത്. സമൂഹത്തിലെ ഇന്നത്തെ അപഭ്രംശങ്ങള്‍ക്ക് കാരണം തേടി കൂടുതല്‍ അലയേണ്ടതില്ല.

 

 

മാറിയ സാമൂഹ്യജീവിതം
ആധുനിക വരേണ്യതയുടെ അളവുകോലായി ധനവും അധികാരവും മാറിക്കഴിഞ്ഞു. അര്‍ഹമായ അധികാരങ്ങള്‍ ഉറപ്പാക്കാന്‍ മാത്രമാണിന്ന് ജാതിമത ചിന്തകള്‍ ഉയര്‍ത്തുന്നതുതന്നെ. വ്യക്തി താല്പര്യങ്ങളെ കഴിഞ്ഞ് മനുഷ്യവിമോചനത്തിലേക്കും സമൂഹനന്മയിലേക്കും ചിന്തകളെ നയിക്കുവാനുള്ള വിശാലത സമൂഹത്തിനു നഷ്ടമായിരിക്കുന്നു. ദാര്‍ശനികമായ ചിന്തകളുടെ അഭാവത്തില്‍ ഇന്ന് വേണ്ടവണ്ണം ചരിത്രത്തിലിടപെടാന്‍ സാമുദായിക നേതൃത്വത്തിനാവുന്നില്ല.

പണ്ട് സാമൂഹ്യമായി പിന്നാക്കം നിന്ന സമുദായംഗങ്ങളെ പുരോഗമനപരമായ ആദര്‍ശങ്ങള്‍ക്കായി സംഘടിപ്പിച്ച് നവോത്ഥാനത്തിലൂടെ പൊതുമണ്ഡലത്തിലേക്ക് ആനയിക്കാന്‍ യത്നിച്ചവരുണ്ടായിരുന്നു. ഇന്നാകട്ടെ, പൊതുവായൊരു സാമൂഹ്യവീക്ഷണം മുന്നോട്ടുവെയ്ക്കാനില്ലാതെ മുഖ്യധാരയില്‍ നിന്നകന്ന് സുരക്ഷിതമായ സ്വന്തം തുരുത്തുകളില്‍ ശക്തി ഉറപ്പിച്ച് സംഘടനാശക്തിയിലൂടെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ നടപ്പിലാക്കാനാണ് സാമുദായിക നേതൃത്വങ്ങള്‍ ശ്രമിക്കുന്നത്. ഗുരുവിലെ സാമൂഹ്യപരിഷ്കര്‍ത്താവിനെ തള്ളുകയും ദിവ്യപുരുഷനെ സ്വീകരിക്കുകയും ചെയ്യുന്നതു വഴി അത് അവര്‍ക്ക് കൂടുതല്‍ എളുപ്പമാകുന്നു.

പൊതുസമൂഹം അംഗീകരിക്കുന്ന ചരിത്രസത്യങ്ങളെ വളച്ചൊടിക്കുന്നത് യാദൃശ്ചികമാണെന്നു കരുതാനാവില്ല. സമൂഹത്തില്‍ കാതലായ വ്യതിയാനങ്ങള്‍ വരുത്തിയ അവര്‍ണ്ണ സമുദായംഗമായി കരുതപ്പെട്ട വിപ്ലവകാരികളുടെ കഴിവുകളെ വിലകുറച്ചു കാണുവാന്‍ ശ്രമിക്കുകയാണിവിടെ. മധ്യകാല കേരളചരിത്രം പക്ഷപാതപരമായി വീക്ഷിക്കുകയും, അതു രേഖപ്പെടുത്തുകയും ചെയ്യുന്നത് സാമൂഹ്യനീതിയായി കണക്കാക്കാനാവില്ല.

ശ്രീനാരായണ ഗുരു വിമര്‍ശനങ്ങള്‍ക്ക് അതീതനാണെന്നോ, സത്യസന്ധമായ ചരിത്രാന്വേഷണത്തെ എതിര്‍ക്കണമെന്നോ ഇവിടെ സൂചിപ്പിച്ചതിനര്‍ത്ഥമില്ല. ചരിത്രത്തെ കാലോചിതമായ വിശകലനങ്ങള്‍ക്കു നിരീക്ഷണങ്ങള്‍ക്കും വിധേയമാക്കാവുന്നതാണ്. എന്നാല്‍, ഉപോദ്ബലകമായ തെളിവുകളുടെ സാന്നിധ്യത്തിലാവണം അത്. അല്ലാതെ ആര്‍ക്കാണ് ചരിത്രം തിരുത്തുവാനാവുക?
 
 
 
 

4 thoughts on “വിവാദ കാലങ്ങളില്‍ ഗുരുവിന്റെ പ്രസക്തി

  1. Thanks for shedding light on the issue of how historians try to depict social leaders to support their own agendas. It is unfortunate that historians like Guha, who has written works like Savaging the Civilized,try to color their writing with limited or no research.

  2. Bijo Jose Chemmanthara ഗുരുവിനെക്കുറിച്ച് വളരെ ആഴത്തില്‍ പഠിച്ചിട്ടുള്ള ഒരാള്‍ക്ക്‌ മാത്രമേ ഇത്രയും മനോഹരമായി എഴുതാന്‍ കഴിയൂ . അഭിനന്ദനങ്ങള്‍ . പണ്ട് ടോണി മാത്യു സാറുമായി സംസാരിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ അദ്ദേഹം പന്കുവചാ വികാരങ്ങള്‍ തന്നെയാണ് താങ്കളുടെ വാക്കുകളിലും മുറ്റിനില്‍ക്കുന്നത് . ഇനിയും എഴുതുക .. മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ സമൂഹത്തിന്‍റെ കണ്ണുതുറപ്പിക്കാന്‍ ഇതുപോലുള്ള ലേഖനങ്ങള്‍ക്ക് കഴിയട്ടെ

  3. Dear Bijo Jose,
    It was really good note.. I have a feeling that last 100 years Sreenarayana organisations should have atleast ensured an integration with “the lower communities” by forced intercaste marriages and made them get integrated… Now the Savarna lineage and “INDIA CHINA BHAI BHAI” will only catalise the drift of the downtrodden population from Guru ..

  4. പ്രിയപ്പെട്ട ബിജോ ജോസ്, താങ്കളുടെ നിരീക്ഷണങ്ങള്‍ തികച്ചും അര്‍ത്ഥവത്തും കാലിക പ്രസക്തി ഉള്ളതും ആകുന്നു. ഇതുപോലെയുള്ള സത്യങ്ങള്‍ സോഷ്യല്‍ നെറ്വോര്‍കിംഗ് സൈറ്റ് കളിലൂടെ പ്രചരിപ്പിക്കുന്നതില്‍ താങ്കള്‍ അങ്ങേയറ്റം അഭിനന്ദനം അര്‍ഹിക്കുന്നു. നന്ദി ഒരായിരം നന്ദി….

Leave a Reply

Your email address will not be published. Required fields are marked *