മങ്കിവീട്

 
 
 
 
വീടിന്റെ സ്വകാര്യതയിലേക്ക് ഏതു നിമിഷവും ചാടിവീഴാവുന്ന കൂട്ടുകാരായിരിക്കുന്നു ഞങ്ങള്‍ക്കിപ്പോള്‍ കുരങ്ങുകള്‍.
എഴുത്തും ചിത്രങ്ങളും റ്റിസി മറിയം തോമസ്

 
 
കുടിയിറക്കപ്പെട്ട കുരങ്ങുകളുടെ പ്രകൃതിയ്ക്കുമേലെയാണ് കുടിയേറുന്ന മനുഷ്യരുടെ സ്വപ്നപ്രകൃതി പണിയപ്പെടുന്നത്. നഷ്ടപ്പെട്ട പരിസ്ഥിതിയ്ക്കുവേണ്ടി ഇപ്പോഴും കുരങ്ങുകള്‍ അലഞ്ഞുതിരിയുമ്പോള്‍ മനുഷ്യര്‍ അതിനുമേലെ തന്റെ വ്യാജപ്രകൃതി നിര്‍മ്മിച്ചെടുക്കുന്നു. എവിടെ നിന്നാണ് നഗരമധ്യത്തില്‍ ഇത്രയധികം കുരങ്ങുകള്‍ എത്തപ്പെടുന്നത്!

കാടുകള്‍ നഷ്ടപ്പെട്ട കുരങ്ങുകള്‍ക്കൊപ്പമാണ് മനുഷ്യര്‍ വീടുതേടുന്നതും ഗൃഹാതുരതയുടെ സമാനതകളെ പുനഃസൃഷ്ടിക്കുന്നതും. നാം പണിതീര്‍ത്ത കോണ്‍ക്രീറ്റ് വനത്തിനുള്ളില്‍ കുരങ്ങുകളാകട്ടെ അവരുടെ പച്ചപ്പ് തിരയുകയും ചെയ്യുന്നു. ബാംഗ്ളൂര്‍ ജീവിതത്തില്‍, വീടിന്റെ സ്വകാര്യതയിലേക്ക് ഏതു നിമിഷവും ചാടിവീഴാവുന്ന കൂട്ടുകാരായിരിക്കുന്നു ഞങ്ങള്‍ക്കിപ്പോള്‍ കുരങ്ങുകള്‍. ജീവിതത്തിലേക്ക് അവ ചാടി വന്ന അനേകം നിമിഷങ്ങളുണ്ട് -എഴുത്തും ചിത്രങ്ങളും റ്റിസി മറിയം തോമസ്

 

 

കാടുമായി ഒരല്‍പമെങ്കിലും അടുപ്പമുള്ള എല്ലായിടങ്ങളിലും നമ്മളെ ആദ്യം വരവേല്‍ക്കുന്നത് കുരങ്ങുകളാണ്. വളരെ വേഗം നമുക്ക് അവരുമായി ഒരുമയിലെത്താനുമാവും. അച്ഛന്‍,അമ്മ,മക്കള്‍,അമ്മാവന്‍,അമ്മായി,കസിന്‍സ് എന്നുവേണ്ട നമുക്കിടയിലെ എല്ലാവിധ ബന്ധങ്ങളെയും അവരിലും കണ്ടെത്താന്‍ ശ്രമിക്കാം. അവരുടെ ഓരോ ചലനങ്ങളും കൌതുകപൂര്‍വം വീക്ഷിക്കാം, ഒരു കൈയില്‍ വടിയും മറുകൈയില്‍ ഭക്ഷണപ്പൊതിയുമായി, ഹാ നമ്മുടെ പൂര്‍വ്വികരല്ലേ എന്നൊരു ദീര്‍ഘനിശ്വാസത്തോടെ.

ഓരോ സ്ഥലത്തുമുള്ള കുരങ്ങുകള്‍ക്ക് ഓരോ പൊതുസ്വഭാവമുണ്ട്. അധികാരത്തിന്റെയും സൌഹൃദത്തിന്റെയും കീഴ്പ്പെടലിന്റെയും ആശ്രിത്വത്തിന്റെയും ഭിന്ന ഭാവങ്ങള്‍. കാലാകാലങ്ങളിലായി മനുഷ്യരുമായി കുരങ്ങുകള്‍ നടത്തിയ സഹവാസത്തില്‍നിന്നും രൂപപ്പെട്ടവയാണവ. ജൈവികഘടനകളും ജനിതകപ്രത്യകതകളും മനുഷ്യര്‍ക്കും കുരങ്ങുകള്‍ക്കും ഏറെക്കുറെ സമാനമാണ്. അതുകൊണ്ടുതന്നെ രണ്ടുകൂട്ടരുടെയും അതിജീവനത്തിന് സഹവര്‍ത്തിത്വമില്ലാതെ മാര്‍ഗ്ഗങ്ങളുമില്ലെന്നു തോന്നിയിട്ടുണ്ട്.

കുടിയിറക്കപ്പെട്ട കുരങ്ങുകളുടെ പ്രകൃതിയ്ക്കുമേലെയാണ് കുടിയേറുന്ന മനുഷ്യരുടെ സ്വപ്നപ്രകൃതി പണിയപ്പെടുന്നത്. നഷ്ടപ്പെട്ട പരിസ്ഥിതിയ്ക്കുവേണ്ടി ഇപ്പോഴും കുരങ്ങുകള്‍ അലഞ്ഞുതിരിയുമ്പോള്‍ മനുഷ്യര്‍ അതിനുമേലെ തന്റെ വ്യാജപ്രകൃതി നിര്‍മ്മിച്ചെടുക്കുന്നു. എവിടെ നിന്നാണ് നഗരമധ്യത്തില്‍ ഇത്രയധികം കുരങ്ങുകള്‍ എത്തപ്പെടുന്നത്!

കാടുകള്‍ നഷ്ടപ്പെട്ട കുരങ്ങുകള്‍ക്കൊപ്പമാണ് മനുഷ്യര്‍ വീടുതേടുന്നതും ഗൃഹാതുരതയുടെ സമാനതകളെ പുനഃസൃഷ്ടിക്കുന്നതും. നാം പണിതീര്‍ത്ത കോണ്‍ക്രീറ്റ് വനത്തിനുള്ളില്‍ കുരങ്ങുകളാകട്ടെ അവരുടെ പച്ചപ്പ് തിരയുകയും ചെയ്യുന്നു. ബാംഗ്ളൂര്‍ ജീവിതത്തില്‍, വീടിന്റെ സ്വകാര്യതയിലേക്ക് ഏതു നിമിഷവും ചാടിവീഴാവുന്ന കൂട്ടുകാരായിരിക്കുന്നു ഞങ്ങള്‍ക്കിപ്പോള്‍ കുരങ്ങുകള്‍. ജീവിതത്തിലേക്ക് അവ ചാടി വന്ന അനേകം നിമിഷങ്ങളുണ്ട്.

 

 

തെന്നിയിറങ്ങി വന്നുകേറി, അവര്‍ ആദ്യം
വര്‍ഷങ്ങളായി പ്രവാസജീവിതമനുഭവിക്കുന്ന മനസിന്റെ ആഗ്രഹമായിരുന്നു സ്വന്തമായൊരു വീട്. വീടിന് മുന്നിലൊരു ചരല്‍മുറ്റവും മുറ്റത്തൊരു മാവും. നിറയെ പൂച്ചെടികളും അവയിലങ്ങനെ പാറി നടക്കുന്ന പൂമ്പാറ്റവണ്ടു സംഘങ്ങളും ചെറിയൊരു അടുക്കളത്തോട്ടവുമൊക്കെയായിരുന്നു നഗരമധ്യത്തില്‍ അന്വേഷിച്ചുകൊണ്ടിരുന്നത്. പ്രോപ്പര്‍ട്ടി എക്സിബിഷനുകളിലൂടെ, ഏജന്റുമാരിലൂടെ, പരിചയക്കാരിലൂടെ സന്ദര്‍ശിച്ചത് എണ്ണമറ്റ അപ്പാര്‍ട്ട്മെന്റുകളായിരുന്നു. അണ്ടര്‍ കണ്‍സ്ട്രക്ഷന്‍, റെഡി ടു ഒക്യുപൈ, കസ്ററമൈസ്ഡ് ഭവനങ്ങള്‍, നിര്‍മ്മാണത്തിന്റെ പലഘട്ടങ്ങളിലുള്ളവ. എന്തെല്ലാമോ പോരായ്മകളുണ്ടായിരുന്നു, കണ്ടവീടുകള്‍ക്കൊക്കെ. മനസിലേക്ക് കടക്കുന്നില്ലായിരുന്നു അവയൊന്നും. ജോലിസ്ഥലത്തേക്കുള്ള ദൂരക്കുറവും, ബജറ്റും മാത്രമായിരുന്നില്ല നിബന്ധനകള്‍.

നിറയെ കാറ്റും വെളിച്ചവും കടക്കുന്ന, ഓടിനടക്കാന്‍ സ്ഥലമുള്ള, സൂര്യോദയവും അസ്തമയവും വീടിനുള്ളിലേക്കെത്തുന്ന,പട്ടണകോലാഹലങ്ങളില്‍ നിന്നൊഴിഞ്ഞ തടാകക്കരയിലുള്ള ആ വീട് കണ്ടെത്തിയത് അത് വാങ്ങുന്നതിനും ഒരു വര്‍ഷം മുന്‍പായിരുന്നു. എന്നിട്ടും വീടുമേളകളുടെ ആകര്‍ഷണങ്ങളിലേക്ക് പോയും വന്നും അസംതൃപ്തരായി മടങ്ങുംവരെ ആ വീട് ഞങ്ങളെ കാത്തു കിടന്നു. രജിസ്ട്രേഷനും കഴിഞ്ഞ് മിച്ചം വെക്കാനായ ലോണ്‍ തുകയില്‍നിന്നും വീടകമൊരുക്കണം. ഭിത്തികള്‍മാത്രമേയുള്ളു വീടിന്.

ഷെല്‍ഫുകളുടെ പണികള്‍ക്കായി ആശാരിമാര്‍ക്കൊപ്പം വന്നപ്പോഴാണ് അവരെ ആദ്യമായി കണ്ടത്. ടെറസ്സില്‍ നിന്നും മഴവെള്ളം ഒഴുകുന്ന കുഴലിനുമേലെ തെന്നിയിറങ്ങുന്ന കുരങ്ങുകളുടെ സംഘം. അവരാ അപ്പാര്‍ട്ട്മെന്റാകെ കീഴടക്കിയതുപോലെയുണ്ട്. സെക്യൂരിറ്റി പറഞ്ഞു ‘മുമ്പ് ഇവിടം കാടായിരുന്നുവല്ലൊ. മനുഷ്യവാസമായിട്ട് അധികം കാലമായിട്ടില്ല. ശല്യമൊന്നുമില്ല കെട്ടോ’.

ഭയന്നുപോയ മകനെ ചേര്‍ത്തുപിടിച്ച് കന്നഡയില്‍ തലയാട്ടി- ‘അവുദു അവുദു’ (അതേയതേ).

ഒരു കാര്യം ഉറപ്പായി, യാതൊരു ഔചിത്യവുമില്ലാതെ ചാടിമറിഞ്ഞു കടന്നുവരുന്ന ഈ മൃഗങ്ങള്‍ ഇനി ഞങ്ങളുടെ സ്ഥിരം അതിഥികളാണ്. ഇനിയെങ്ങനെ ഇവരോടൊപ്പം പുതിയ വീട്ടില്‍ താമസിക്കും എന്നൊരാശങ്ക ഉണ്ടാകാതിരുന്നില്ല. ഒരേസമയം കൌതുകവും ഭയവുമുണ്ടായിരുന്നു, കുരങ്ങുകളുടെ കുസൃതി കണ്ടു നില്‍ക്കെ, എനിക്ക്.

 

 
ഗ്രീന്‍ ഷേഡ്സ്
നിറങ്ങളായിരുന്നു വീടുനിറയെ. അടുക്കളയ്ക്ക് ചെമ്പരത്തിചുവപ്പ്, മാസ്റര്‍ ബെഡ് റൂമിന് തെച്ചിപ്പൂവിന്റെ കടുത്ത പിങ്ക്, പഠനമുറിക്ക് കടല്‍നീല, മകന്റെ മുറിക്ക് സൂര്യകാന്തിമഞ്ഞ. ലിവിങ് റൂമിന് പച്ചപ്പുല്‍നിറം. ഏഷ്യന്‍പെയിന്റ്സില്‍ ചാലിച്ചെടുത്ത ഭിത്തിനിറങ്ങള്‍കൊണ്ട് മുറികള്‍ക്ക് വ്യക്തിത്വം കൊടുത്തു. ഓരോ മുറിയിലും ഓരോ വികാരം, ഊര്‍ജം ,വ്യത്യസ്ഥത. നിറങ്ങളുള്ള കളിമണ്‍ കട്ടകൊണ്ട് വീട്ടുപേരുമെഴുതി ഗ്രീന്‍ ഷേഡ്സ്.(കോറിഡോറില്‍ വെള്ളാരം കല്ലുകളും അവയ്ക്കു നടുവിലൊരു നാട്ടുമാവുകൂടെ കണ്ടുവോ ഞാന്‍ മനക്കണ്ണില്‍!)

വാടകവീട്ടില്‍ നിന്നും ദിവസേന വന്നായിരുന്നു ഈ പണികള്‍ക്ക് മേല്‍നോട്ടം കൊടുക്കേണ്ടിയിരുന്നത്. ആശാരിമാര്‍ ബാല്‍ക്കണി തുറക്കാതെയിരുന്നു-‘മങ്കി ബെറുത്തേ ‘(കുരങ്ങുവരും). പുതിയ അയല്‍ക്കാര്‍ മുന്നറിയിപ്പു നല്‍കി -‘ബി കെയര്‍ഫുള്‍. മങ്കീസ് ആര്‍ ഡെയ്ഞ്ചറസ്’.

മങ്കികളുടെ പ്രോപര്‍ട്ടിയില്‍ അവരുടെ സമ്മതമില്ലാതെ,പുനരധിവാസ ചിന്തപോലുമില്ലാതെ വീടുകള്‍ പണിഞ്ഞ് അതിക്രമിച്ചു താമസിക്കുന്ന മനുഷ്യരെയും, പരിസ്ഥിതി പ്രശ്നത്തെയും കുറിച്ചുള്ള സംഭാഷണം വാടകവീട്ടില്‍ സാധാരണമായി.

വീടിനപ്പുറം കാടാണെന്നും അവിടെയൊരു വന്യജീവിസങ്കേതം ഉണ്ടെന്നും കൂടെ കൂട്ടത്തില്‍ പറഞ്ഞോട്ടെ. ഒരുപക്ഷേ, ആ കാട് ഈ വീടുവരെ വ്യാപിച്ചിരുന്നിട്ടുണ്ടാവാം

ഒരു ദിവസം ഗ്രീന്‍ ഷേഡ്സിലേക്കുള്ള യാത്രയ്ക്ക് തയ്യാറെടുക്കുമ്പോള്‍ മകന്‍ ഇഷാന്‍ ചോദിച്ചു-‘മങ്കി വീട്ടിലേക്കാണോ അമ്മേ’.

അപ്പാര്‍ട്ട്മെന്റിലേക്കുള്ള വളവുമുതല്‍ അവന്‍ അവരെ തെരയുന്നത് ശീലമാക്കി. മടങ്ങുമ്പോള്‍ ‘ബൈ മങ്കി വീടേ, നാളെ കാണാട്ടോ’ എന്ന് യാത്രാമൊഴിയും. മേല്‍വിലാസം പഠിപ്പിക്കുക എന്ന ഗൃഹപാഠത്തിലും അവന്‍ പറയുന്നത് മങ്കിവീട് എന്നതുതന്നെയാണ്. എല്ലാവരെയും ക്ഷണിക്കുന്നത് അവന്റെ മങ്കിവീട്ടിലേക്കാണ്. അവധിക്ക് കേരളത്തില്‍ പോകുമ്പോഴും അവന്‍ ആഗ്രഹിക്കുന്നത് ‘മങ്കിവീട്ടി’ ലേക്ക് മടങ്ങാനാണ്.

കുരങ്ങുകള്‍ കൂടി ഉള്‍പ്പെടുമ്പോഴാണ് വീട് പൂര്‍ണ്ണമാവുന്നതെന്ന് അവന്‍ കരുതുന്നുണ്ടാവുമോ? അതോ, മറ്റാരുടെയും വീട്ടിലില്ലാത്ത, അവന്റെ വീടിന്റെമാത്രം സ്വന്തം സവിശേഷതയായി കുരങ്ങുകളെ കാണുന്നുണ്ടാവുമോ? എല്ലാവരെയും അവന്റെ വീട്ടിലേക്ക് ആകര്‍ഷിക്കാന്‍ കഴിവുള്ള അനന്യമായ അപൂര്‍വത.
 

 

ഒരിക്കലൊരു അമ്മ മങ്കിയും ബേബി മങ്കിയും
വേനലവധികഴിഞ്ഞ് മുന്നാറില്‍ നിന്നും കൊണ്ടുവന്ന സ്പെഷ്യല്‍ ഉണക്കമുന്തിരിങ്ങയും ജൈവവളം കൊണ്ടുമാത്രം വളര്‍ത്തിയെടുത്ത തുടുത്തപേരയ്ക്കയും പാളയംകോടന്‍ പഴവുമായിരുന്നു ഒരിക്കല്‍ കുരങ്ങുകള്‍ വീടുകയറി കൊണ്ടുപോയത്.

ഞങ്ങളൊക്കെ നോക്കിനില്‍ക്കെ തുറന്നു കിടന്ന ബാല്‍ക്കണിയിലൂടെ പാഞ്ഞുവന്നു അവന്‍. ‘ഛീ, പോ , കൂര്‍ ടൂര്‍’ എന്നുള്ള ഞങ്ങളുടെ വിറയാര്‍ന്ന ഭയപ്പെടുത്തലുകളൊക്കെ അവഗണിച്ച് ബാല്‍ക്കണിയിലൊക്കെ അവ വിതറിയിട്ടു. എന്നിട്ട് രണ്ടു കൈയുംകൊണ്ട് ഓരോന്നായി തിന്നാന്‍ തുടങ്ങി. പിറ്റേന്ന് രാവിലെ മകന്‍ വിളിച്ചപ്പോഴാണ് പുതിയ തീറ്റക്കാരെ കണ്ടത്-ഒരമ്മയും കുഞ്ഞും.

ഒരു കൈകൊണ്ട് സ്വന്തം വായിലേക്കും മറുകൈകൊണ്ട് കുഞ്ഞിന്റെ വായിലേക്കും അമ്മക്കുരങ്ങ് ഭക്ഷണം വാരിക്കൊടുക്കുന്നു. ഭക്ഷണം കഴിക്കാന്‍ മടിയുള്ള ഇഷാന്‍ ഈ കാഴ്ചയില്‍ ആകര്‍ഷിക്കപ്പെട്ട് അന്ന് സന്തോഷത്തോടെ പ്രാതല്‍ കഴിച്ചു. എന്നിട്ട് എന്നെ നിലത്തിരുത്തി കെട്ടിപ്പിടിച്ച് ഉമ്മവെച്ചിട്ടു പറഞ്ഞു -‘ഇങ്ങനെയാ ബേബി മങ്കി അമ്മ മങ്കിയേ ചെയ്യുന്നേ’.പിന്നീടൊരിക്കല്‍ പറഞ്ഞു ‘എനിക്കേറ്റവും ഇഷ്ടമുള്ള ആനിമല്‍ മങ്കിയാ, ഏറ്റവും ഇഷ്ടമില്ലാത്തതും മങ്കിയാ’.

 

 
കുടിയിറക്കപ്പെടുന്നവര്‍
കുരങ്ങുകള്‍ എല്ലാവരുടെയും ജീവിതത്തില്‍ കയറിയിറങ്ങാന്‍ തുടങ്ങിയപ്പോള്‍ അപ്പാര്‍ട്ട്മെന്റിലെ അന്തേവാസികളുടെ പരാതിയുമേറിത്തുടങ്ങി. പ്രകൃതിസംരക്ഷകനായ അപ്പാര്‍ട്ട്മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് ശാരീരികോപദ്രവം ചെയ്യാതെ അവയെ ഓടിക്കാനുള്ള വഴി ആലോചിച്ചു തുടങ്ങി.

ബാല്‍ക്കണിയില്‍ തുണിവിരിക്കാന്‍ വയ്യ, അടുക്കളം തോട്ടം വളര്‍ത്താനാവില്ല, അലങ്കാരച്ചെടികള്‍ക്ക് ആയുസ്സില്ല, ധാന്യങ്ങളൊന്നും വെയിലത്ത് ഉണക്കിയെടുക്കാനാവുന്നില്ല, ചപ്പുചവറുകള്‍ ചവറ്റുകൊട്ടയില്‍നിന്നും ബാല്‍ക്കണിയിലിട്ട് വൃത്തികേടാക്കുന്നു^ ഇങ്ങനെ നീളുന്നു പരാതിപ്പട്ടിക.

ഒരിക്കല്‍ ബാല്‍ക്കണിയുടെ വാതിലടക്കാതെ പുറത്തുപോയ ഒരു കുടുംബം തിരിച്ചെത്തിയപ്പോള്‍ വീട്ടിനുള്ളില്‍ കണ്ടത് അതിഥികളായെത്തിയ ഒരു സംഘം കുരങ്ങുകളെയാണ്. സോഫായിലും കട്ടിലിലും അടുക്കളയിലും അവരുണ്ട്. ആരും ആവശ്യപ്പെടാതെതന്നെ അവര്‍ അതിനെ സ്വന്തം വീടുപോലാക്കി. ഫ്രിഡ്ജ് തുറന്ന് സ്ക്വാഷ്, സോഫ്റ്റ് ഡ്രിങ്ക്സ്, പച്ചക്കറികള്‍, ഫ്രൂട്ട്സ്് ഇവകൊണ്ട് സ്വയം സല്‍ക്കരിച്ചു. കട്ടിലില്‍ കുത്തിമറിഞ്ഞു. ഇതു കണ്ട ഗൃഹനാഥന്‍ അലറി. ഭയന്നുപോയ കുരങ്ങുകള്‍ തുറന്നു കിടന്ന വാതിലിലൂടെ കുറച്ചുഭക്ഷണം പാര്‍സലുമാക്കി വാലും പൊക്കിയോടി.

ഈ സംഭവത്തിനുശേഷം അപ്പാര്‍ട്ട്മെന്റിലുള്ളവര്‍ കമ്പിയഴികള്‍ ഘടിപ്പിച്ച് ബാല്‍ക്കണി കാറ്റും വെളിച്ചവും മാത്രം കടക്കുന്നതാക്കി. ചിലര്‍ കലാപരമായി നൈലോണ്‍ വലകള്‍ സ്ഥാപിച്ചു. വീടിനകത്തു നിന്നു നോക്കിയാല്‍ ഏതു നിമിഷവും പാഞ്ഞുവരാവുന്ന പന്തിനെ പ്രതീക്ഷിച്ചു നില്‍ക്കുന്ന ഗോള്‍പോസ്ററ് പോലെ തോന്നിച്ചു അത്.

 

 

ഈ അതിജീവനശ്രമങ്ങള്‍ക്കുപുറമേ പ്രസിഡന്റ് ജലപീരങ്കിയും അതരിപ്പിച്ചു. കുട്ടികളുടെ കളിസ്ഥലത്തൂടെ, സ്വിമ്മിങ്ങ് പൂളിലൂടെ, പാര്‍ക്കിങ്ങ് ഏരിയയിലൂടെ പ്രസിഡന്റ് ജലപീരങ്കിയുമായി കുരങ്ങുകളുടെ പുറകെ അലഞ്ഞു നടന്നു. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് പരമാവധി പ്രചാരണവും നല്‍കി എല്ലാവരുടെയും അഭിനന്ദനങ്ങളും പ്രസിഡന്റ് കരസ്ഥമാക്കി.

അങ്ങനെയിരിക്കെ ഒരിക്കല്‍ ടെലിഫോണ്‍ ഓപ്പറേറ്റര്‍മാര്‍ അടയ്ക്കാന്‍ വിട്ടുപോയ ചെറിയ വിടവിലൂടെ കുരങ്ങുകള്‍ ഇടനാഴിയിലേക്കു കയറി. അതുവരെ തടഞ്ഞുവെച്ചിരുന്ന സ്വാതന്ത്യ്രം അവര്‍ അര്‍മാദിച്ചു. പുറത്തേക്കുള്ള ജനാലകളുടെ ഗ്ളാസുകള്‍ തല്ലിതകര്‍ത്തു, ഇടനാഴിയിലൂടെ അപ്പിയിട്ട് പ്രതിഷേധിച്ചു. ആരെയും വീടിനു പുറത്തിറങ്ങാന്‍ സമ്മതിച്ചില്ല. ആളുകള്‍ പ്രസിഡന്റിനെ തെരഞ്ഞു^അയാള്‍ നോട്ട് റീച്ചബിള്‍!

വീടുനഷ്ടപ്പെട്ടവരുടെ വന്യതകളോടിണങ്ങി ഒരു തലമുറ
ബാല്‍ക്കണിയിലെ കമ്പിയഴികളില്‍ പിടിച്ചുനിന്ന് ഇഷാന്‍ കണ്ണുനിറയെ കാണുകയാണ് സണ്‍ഷെയ്ഡിലേക്കും പൈപ്പുകളിലേക്കും ചാടി തലകുത്തിമറിയുന്ന കുരങ്ങുകളെ. വീടിനകത്തേക്ക് കയറിപ്പോകാനുള്ള ക്ഷണങ്ങളെ (കുരങ്ങള്‍ ചാടിവന്നാലോ, മാന്തിയാലോ, കടിച്ചാലോ എന്ന ഭയമായിരുന്നു എന്റെ മനസ്സില്‍) നിഷേധിച്ചുകൊണ്ട് അവന്‍ പ്രതികരിച്ചു-‘അമ്മ എന്തിനാണ് പേടിക്കുന്നത്? ഞാനില്ലേ. മങ്കി പാവല്ലേ, അവരൊന്നും ചെയ്യൂല. ഞാനില്ലേ’.

അച്ഛനും അമ്മയും അവനെ നോക്കുന്ന ആന്റിയും പിന്നെ കുറെയധികം കുരങ്ങുകളും ഉള്‍പ്പെടുന്ന സന്തുഷ്ടകുടുംബത്തില്‍ ഇഷാന്‍ വളരുകയാണ്. വീടുകള്‍ കാടുകയറുന്ന നഗരത്തില്‍, വീടുനഷ്ടപ്പെട്ടവരുടെ വന്യതകളോടിണങ്ങി ഒരു തലമുറ വളരുകയാണ്.
 
 

 
 

 
 
 
 

9 thoughts on “മങ്കിവീട്

 1. ശരിയാണ്, സുഹൃത്തെ. കുട്ടികള്‍ തന്നെയായിരിക്കും
  ഈ സ്ഥിതികള്‍ മാറ്റുക. അവര്‍ക്കേ കഴിയൂ…

 2. കുരങ്ങുകളും, പക്ഷികളും, കാട്ടു പന്നികളും, കാട്ടാനകളുമെല്ലാം മനുഷ്യനു ശല്യമായി മാറുന്നത് അവര്‍ അതിര്‍ത്തികളെ വികസിപ്പിച്ച് ക്‍ാടിലേക്ക് കയറുമ്പോളാണ്. വന്യജീവികളുടേ ആവാസ വ്യവസ്ഥയിലേക്ക് കടന്നു കയറിക്കൊണ്ട് അന്യന്റെ സ്വകാര്യതയിലേക്ക് കടന്നു കയറിക്കൊണ്ട് സ്വാതന്ത്ര്യത്തിലേക്ക് കടന്നു കയറിക്കൊണ്ട് ലോകത്ത് ജീവിക്കുന്ന ഒരേ ഒരു ജീവി വര്‍ഗ്ഗം മനുഷ്യനാണ്. കുരങ്ങുകള്‍ക്കിടയിലെ സ്നേഹം കണ്ട് അമ്മയ്ക്കൊപ്പം ആഹ്ലാദം പ്രകടിപ്പിക്കുന്ന ഇഷാന്‍. ഒരു പക്ഷെ കമ്പിയഴിയിട്ട് കുരങ്ങുകളില്‍ നിന്നും സം രക്ഷണം ഉറപ്പാക്കിയ ഫ്ലാറ്റില്‍ സ്വന്തം ജീവിതത്തില്‍ അമ്മയില്‍ നിന്നും അച്ഛനില്‍ നിന്നും അത്തരം സ്നേഹപരിചരണങ്ങള്‍ ലഭിക്കാത്ത എത്രയോ കുട്ടികള്‍ ഉണ്ടാകും. ടിസിയുടെ ലേഖനം വളരെ നന്നായിരിക്കുന്നു.

 3. പാവം കുരങ്ങ്…അവര്‍ക്കറിയില്ലല്ലോ
  റിയല്‍ എസ്റ്റേറ്റ് കളി!

 4. ഹി..ഹി..
  അപ്പോള്‍ മങ്കിവീട്ടിലെ കഥകള്‍ ഇനിയും പോരട്ടെ…

 5. ലേഖിക രണ്ടു തലമുറകളെ അവതരിപ്പിക്കുന്നുണ്ട്.
  അകത്തു കുടുങ്ങിപ്പോയവരെയും പുറത്തു കുടുങ്ങിപ്പോയവരെയും.
  ജൈവശേഖരങ്ങളുള്ള നല്ല ഭാഷ.
  ന്ഗുര്‍…. ഖുര്‍…
  എന്നുവെച്ചാല്‍ കുരങ്ങുഭാഷയില്‍
  ആശംസകള്‍…
  ഒരു കുരങ്ങിനെപോലെ താങ്കളുടെ എഴുത്തിനെ പിന്തുടര്‍ന്ന്‍ കൊള്ളാം

 6. കുടിയിറക്കപ്പെടുന്നവര്‍

  കാടുകള്‍ നഷ്ടപ്പെട്ട കുരങ്ങുകള്‍ക്കൊപ്പമാണ് മനുഷ്യര്‍ വീടുതേടുന്നതും ഗൃഹാതുരതയുടെ സമാനതകളെ പുനഃസൃഷ്ടിക്കുന്നതും. നാം പണിതീര്‍ത്ത കോണ്‍ക്രീറ്റ് വനത്തിനുള്ളില്‍ കുരങ്ങുകളാകട്ടെ അവരുടെ പച്ചപ്പ് തിരയുകയും ചെയ്യുന്നു. വളരെ നന്നായിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *