അയ്യോ പാവം അമേരിക്ക

അമേരിക്കയോടുള്ള നമ്മുടെ നിലപാട് എന്തായിരിക്കണം. വി.എസ് അച്യുതാനന്ദന്‍ പറഞ്ഞതിനേക്കാള്‍ അക്കാര്യത്തില്‍ ശരി വി.വി ദക്ഷിണാ മൂര്‍ത്തി
പറഞ്ഞതല്ലേ. വിക്കിലീക്സ് വെളിപ്പെടുത്തല്‍ കാണുമ്പോള്‍ സത്യത്തില്‍ അമേരിക്കയോട് പാവം തോന്നേണ്ടതല്ലേ-പ്രശസ്ത വാര്‍ത്താ അവതാരകന്‍ ഇ
സനീഷിന്റെ നിരീക്ഷണം

വിഎസ്സല്ല, മൂര്‍ത്തി മാഷാണ് ശരി…

മൂര്‍ത്തി മാഷ് തന്നെയാണ് ശരി.
വി വി ദക്ഷിണാമൂര്‍ത്തിയുടെ ബൈറ്റ് ടിവിയില്‍ കണ്ടയുടനെ എന്നെ ഫോണില്‍വിളിച്ച് അദ്ദേഹത്തെ പുച്ഛിച്ച പഴയ എസ് എഫ് ഐക്കാരന്‍ സുഹൃത്തിനെ
ഞാന്‍ അപ്പോള്‍തന്നെ തിരുത്തി.അമേരിക്കയോട് സിപിഐഎമ്മിന് യാതൊരു വിരോധവുമില്ല, എന്ന് പറഞ്ഞ മൂര്‍ത്തി മാഷാണ് ശരി.അമേരിക്കയെ
കുറ്റപ്പെടുത്തുകയോ ഒറ്റപ്പെടുത്തുകയോ അരുത്.അവര്‍ സിപിഐഎമ്മിന്റെ മാത്രമല്ല, നമ്മുടെയെല്ലാം പിന്തുണ അര്‍ഹിക്കുന്നുണ്ട്.

എന്തു കൊണ്ടെന്നോ…
അന്നാ ഹസാരെയുടെ സമരം ഇന്ന് തീരും നാളെ തീരും എന്ന തലക്കെട്ടുകളുടെ ദിവസങ്ങളിലൊന്നിലാണ് അനു വിളിച്ചത്. അമേരിക്കയില്‍ നിന്ന്. “എടാ… നാളെ ഉച്ചയ്ക്കാണത്രേ ഐറീന്‍ വരിക” .അവള്‍ പറഞ്ഞു.“ജാഗ്രതാ നിര്‍ദ്ദേശം ഉണ്ട്,വീട്ടിനകത്ത് അടച്ചിരിപ്പാണ്. ഞാനും ശങ്കറും മാത്രമല്ല ഇവിടെ താമസിക്കുന്നവരെല്ലാം”.
നാളെ ഉച്ചയ്ക്ക് കൊടുങ്കാറ്റ് വരുമെന്ന് ഇന്ന് തന്നെ നാട്ടുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ സാധിക്കുന്ന ആ നാട്ടിലെ സര്‍ക്കാരിനോട് സ്നേഹം തോന്നി.  ലോക് പാല്‍ ബില്‍  എന്ന് വരും എന്നത് പോയിട്ട്, ആ സമരം തീര്‍ക്കാന്‍ എന്ന് സഭയില്‍  ചര്‍ച്ച നടക്കുമെന്നതില്‍ പോലും ഇവിടെ ഉറപ്പില്ല. അവിടെ കൊടുങ്കാറ്റ് വരുന്ന സമയത്തിന്റെ കാര്യത്തില്‍ പോലും കൃത്യമായ ഉറപ്പ്. കൊള്ളാം.
പറഞ്ഞ സമയത്ത് തന്നെ വന്ന ഐറീന്‍ ദുരന്ത തലക്കെട്ടുകള്‍ ഉണ്ടാക്കാതെ തന്നെ തിരിച്ച് പോയി.
പിന്നീടിപ്പോള്‍ വിക്കിക്കാറ്റ് വീശുന്നു അമേരിക്കയില്‍ നിന്നിങ്ങോട്ട്.  പിണറായി വിജയന്‍, എംഎ ബേബി, തോമസ് ഐസക്, എംഎം ഹസ്സന്‍, അങ്ങനെ
ഏതാണ്ടെല്ലാവരോടും സംസാരിച്ച നിസ്സാരകാര്യങ്ങള്‍ വരെ അമേരിക്കക്കാര്‍ മുകളിലേക്ക് അയച്ചിരിക്കുന്നു. ചെന്നൈയിലെ ആസ്ഥാനത്ത് നിന്ന് ചിലര്‍
കേരളത്തിലേക്ക് വരും,  ചിലരോടൊക്കെ ചുമ്മാ എന്ന മട്ടില്‍ സംസാരിക്കും, എന്നിട്ട് അത് രേഖയാക്കി മേലേക്ക് അയച്ചു കൊടുക്കും ഇതാണത്രെ രീതി.
മലപ്പുറത്തെയും കണ്ണൂരിലെയും പ്രാദേശിക തെരഞ്ഞെടുപ്പിലെ ചെറു വിവരങ്ങള്‍ വരെ ഇങ്ങനെ ഒബാമയ്ക്കും ബുഷിനും അയച്ചു കൊടുത്തവയില്‍ ഉണ്ട്. കേബിളുകള്‍ നെറ്റില്‍ വായിച്ച് രസിച്ചിരിക്കുമ്പോഴാണ് ശരിക്കും ആ രാജ്യത്തോട് പാവം തോന്നിയത്.ലോകത്തെല്ലായിടത്തും ആളുകളെ വിട്ട്
ഇങ്ങനെ വിവരങ്ങള്‍ ശേഖരിച്ച് , അത് സംസ്കരിച്ച്, എന്താണ് തങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുക എന്ന് നോക്കിക്കൊണ്ടിരിക്കുന്ന  ഒബാമയെ ഓര്‍ത്ത്
സങ്കടവും തോന്നി. അരക്ഷിതരുടെയും, ആശങ്കാകുലരുടെയും പാവം രാജ്യം.അപ്പുറത്തെ വീടുകളില്‍ എന്ത് നടക്കുന്നു എന്ന് ആലോചിച്ചിരിക്കുന്ന, നമുക്കെല്ലാവര്‍ക്കുമുള്ള പാവം പരിചയക്കാരുമായി അമേരിക്കക്ക്് താരതമ്യമില്ല.അതില്‍  പരദൂഷണത്തിന്റെ ആനന്ദമുണ്ട് , ഇവിടെ അത്പോലുമില്ല. പേടിയും , സുരക്ഷിതരല്ലെന്ന നിതാന്തമായ തോന്നലും മാത്രം.എത്ര സ്വത്തും, സൈന്യവും  ഉണ്ടായിട്ടെന്ത്..? കൊടുങ്കാറ്റുകളെ നേരത്തെ അറിയാവുന്ന സാങ്കേതിക സംവിധാനങ്ങള്‍ ഉണ്ടായിട്ടെന്ത്..?

അത് കൊണ്ട്…

വിഎസ് അല്ല ഇക്കാര്യത്തിലെങ്കിലും ശരി,മൂര്‍ത്തി മാഷാണ്.

അമേരിക്ക എന്ന ആശങ്കാകുലരുടെ കൂട്ടത്തിന് സിപിഎമ്മിനെ പോലെ ശക്തരായ ഒരു കൂട്ടരുടെ പിന്തുണ ശരിക്കും ആവശ്യമുണ്ട്. അരക്ഷിതരുടെ രഹസ്യസന്ദേശങ്ങള്‍  വായിച്ച് അമേരിക്കയോട് പാവം തോന്നിയ മൂര്‍ത്തി മാഷെ എനിക്ക് മനസ്സിലാക്കാനാകുന്നുണ്ട്.ദുര്‍ബ്ബലരുടെ കൂടെ നില്‍ക്കാനല്ലെങ്കില്‍ പിന്നെ എന്തിനാണ്  സഖാവേ പാര്‍ട്ടി?.

………………………………….

പാവം തോന്നുന്നുണ്ടെങ്കിലും ആ അരക്ഷിതരുടെ രാജ്യത്ത് നിന്ന് തിരിച്ചു വരൂഎന്ന് അനുവിനോട്  പറയാന്‍ തോന്നുന്നു. അരക്ഷിതര്‍ അപകടകാരികള്‍ കൂടെയായിരിക്കും. എന്തിന് അവര്‍ക്കിടയില്‍ ജീവിക്കണം?. നിന്റെ നാടായ നെമ്മാറയിലും, എന്റെ നാടായ മൊകേരിയിലും കുട്ടികള്‍ ഈ ഓണക്കാലത്ത് ആരാന്റെ പറമ്പില്‍ നിന്നും ബേജാറില്ലാതെ പൂക്കള്‍ (ഇപ്പോഴും ബാക്കിയുള്ള) പറിക്കുന്നുണ്ട്.ഇവിടെ കൊച്ചിയിലെ നിരത്തുകളില്‍, മുന്നില്‍ വരുന്നവന്‍ എന്നെ തല്ലാനാണോ പുറപ്പാട് എന്ന ആശങ്കയില്ലാതെ ആളുകള്‍ നടന്നു പോകുന്നുണ്ട്. കുഴപ്പങ്ങള്‍ ഇല്ലെന്നല്ല. അന്യനെ പേടിച്ച് കൊണ്ട് ജീവിക്കേണ്ടി വരില്ല ഇവിടെ. അതു കൊണ്ട് തിരിച്ചു വരൂ… അമേരിക്കയിലെ ഏതോ പഞ്ചായത്തില്‍ എന്ത് നടക്കുന്നു എന്നതും ആലോചിച്ച് കൊണ്ടല്ലാതെ ഇവിടെ ജീവിക്കാംജീവിക്കാം.

5 thoughts on “അയ്യോ പാവം അമേരിക്ക

 1. കേരളത്തിലെ സിപിഎമ്മുമായി ബന്ധപ്പെട്ട വിക്കിലീക്സ് രഹസ്യ കേബിളുകള്‍ പുറത്തുവന്നതോടെ സത്യത്തില്‍ സൃഷ്ടിക്കപ്പെട്ടത് പാര്‍ട്ടിയുടെ ആശയപരമായ ദൃഢത ചോര്‍ന്നുപോയെന്ന പ്രതീതിയാണ്. അമേരിക്കയെ കുറിച്ചുള്ള സിപിഎമ്മിന്‍റെ നിലപാട് എന്തുമാകട്ടെ അത് രണ്ടു നേതാക്കള്‍ പറയുമ്പോള്‍ രണ്ടായി മാറുന്നത് വിചിത്രമേല്ലേ. വിഎസ്സിന്‍റെ ലക്ഷ്യം ക്ഷണികമാണ്. പാര്‍ട്ടിസമ്മേളനങ്ങളില്‍ തന്‍റെ ഗ്രൂപ്പിനൊപ്പം ആളെ ചേര്‍ക്കുക എന്നതാണ് അത്.
  അതിനെല്ലാം അപ്പുറം പാര്‍ട്ടി പ്രവര്‍ത്തകരെ സന്ദേഹത്തിലാക്കിയെന്നതാണ് വിവാദം ബാക്കിയാക്കിയത്. പാര്‍ട്ടി പരിപാടികള്‍ മുറക്ക് നടത്താനെങ്കിലും സിപിഎം മിനക്കെട്ടിരുന്നെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നു. സത്യത്തില്‍ തേഞ്ഞുപോകാത്തതായി ഒന്നുമില്ല. വലിയ പാറക്കൂട്ടങ്ങള്‍ പോലും തേഞ്ഞ് മണ്ണായി മാറുന്നില്ലേ. അത് പോലെ പ്രത്യയശാസ്ത്രങ്ങളുടെ വാഹകര്‍ ചിന്തിക്കുന്നുണ്ടെങ്കിലും അവരുടെ ചിന്തകള്‍ക്ക് തേയ്മാനം വരുന്നു.

 2. സി പി എം ഒരു സോഷ്യല്‍ ഡെമോ ക്രട്ടിക് പ്രസ്തനമായിട്ടു കാലം കുറെ ആയി അതിന്റെ പ്രത്യഷത്രപരമായ അടിസ്തര തന്നെ തകര്‍ന്നു പകരം അത് കോര്പരെട്റ്റ് നിലപാടിലേക്ക് വന്നു ,,,,, നല്ല ഒരു കൊണ്ഗ്രെസ്സ് അത് മാത്രമാണ് പറയാന്‍ കഴിയുക ….

 3. സനീഷ് ……………..
  “ലോകത്തെല്ലായിടത്തും ആളുകളെ വിട്ട്
  ഇങ്ങനെ വിവരങ്ങള്‍ ശേഖരിച്ച് , അത് സംസ്കരിച്ച്, എന്താണ് തങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുക എന്ന് നോക്കിക്കൊണ്ടിരിക്കുന്ന ഒബാമയെ ഓര്‍ത്ത്
  സങ്കടവും തോന്നി. അരക്ഷിതരുടെയും, ആശങ്കാകുലരുടെയും പാവം രാജ്യം”..
  കൊള്ളാം കേട്ടോ..!! അല്ലെങ്കിലും ഉള്ളവനല്ലേ ഉള്ളത് നഷ്ടപെടുന്നതിനെകുരിച്ചുള്ള ആധി ഉണ്ടാകു

 4. അമേരിക്കന്‍ സാമ്രാജ്യത്യനിലപാടുക്കളെ ആണ് ലോകതു എതിര്‍ക്കപെടുനത് അത് പോലെ നമുക്ക് സ്വാതന്ത്ര്യം കിട്ടുനതിനു മുന്നേ തന്നെ ലോകത് കോക്ക കോള യെ എതിര്‍ക്കാനുള്ള കാരണം ലോകം കോക കൊളോണി(coca colanization ) വല്കരണത്തിന് എതിരെ ആണ് എന്നുളത് ആണ് …സാമ്രാജ്യത്തിനു കോളനിവല്കരന്തിനു എതിരെ ശക്തമായ സമരം നടത്തിയ ഒരു രാജ്യം ഇന്ന് ഇവ രണ്ടിനെയും ചുകപ്പ് പരവതാനി നിരത്തി കൊണ്ട് സ്വാഗതം ചെയ്യുന്നു എന്നുളത് , ഇവ രണ്ടു അവരുടെ പഴയ നിലപാട് മാറ്റി എന്നുളത് അല്ല സൂചിപിക്കുനത് മറിച്ചു നമ്മളുടെ സമൂഹം മുന്നേ നടത്തിയ സമരങ്ങളെ അത് പോലെ ത്യഗങ്ങളെ ഒകൈ മറന്നു കൊണ്ടുള്ള ഒരു പ്രവര്‍ത്തനം എന്നെ കാണുവാന്‍ പറ്റുകയുള്ളൂ

Leave a Reply

Your email address will not be published. Required fields are marked *