മുതുവാന്‍മാര്‍ കാടിറങ്ങുമ്പോള്‍

 
 
 
 
ഇടുക്കിയിലെ മുതുവാന്‍മാര്‍ കാടിറങ്ങുന്നത് എന്തുകൊണ്ടാണ്? എമര്‍ജിങ് കേരളയുടെ കാലത്ത് ഗോത്ര ജനതക്ക് സംഭവിക്കുന്നത് എന്താണ്?
ഗവേഷകനായ ടി.കെ സുനില്‍ എഴുതുന്നു.
ഫോട്ടോകള്‍: ബാബു കാമ്പ്രത്ത്

 
 

ഒടുവില്‍, മുതുവാന്‍മാരും കാടിറങ്ങി തുടങ്ങുന്നു. കാടിനുള്ളില്‍തന്നെ കഴിഞ്ഞിരുന്ന, പുറത്തുവരുന്നത് തന്നെ അപൂര്‍വമായ മുതുവാന്‍ ആദിവാസി വിഭാഗക്കാരാണ് മൂന്നാറിലെ തോട്ടങ്ങളില്‍ ജോലിക്കു വേണ്ടി കാടിറങ്ങി തുടങ്ങിയത്. മൂന്നാറിനടുത്ത ലക്കം കോളനിയിലെ 25 ഓളം മുതുവാന്‍ വിഭാഗക്കാര്‍ ഇപ്പോള്‍ ടാറ്റയുടെ തോട്ടത്തിലെ തൊഴിലാളികളാണ്.

ഇടുക്കിയിലെ വനങ്ങള്‍ക്കും അതിലെ ആദിവാസികള്‍ക്കും എന്താണ് സംഭവിക്കുന്നതെന്ന് കൃത്യമായി വിളിച്ചുപറയുന്നതാണ് മുതുവാന്‍മാരുടെ ഈയനുഭവം. പുതിയ തൊഴില്‍ ഇടങ്ങള്‍ ഗോത്രസംസ്ക്കാരത്തെ എങ്ങനെയൊക്കെ ഇല്ലാതാക്കുന്നു എന്നതിനുള്ള അവസാനത്തെ ഉദാഹരണങ്ങളാണ് ഇപ്പോഴിവര്‍. മുതുവാന്‍മാരുടെ കാടിറങ്ങലിനു പിന്നിലുള്ള കാരണങ്ങള്‍ എന്തൊക്കെയാണ്? കേരളത്തിലെ ഗോത്ര ജന വിഭാഗങ്ങള്‍ക്ക് സംഭവിക്കുന്നത് എന്താണ്?-ഇടുക്കിയിലെ ഗോത്രവര്‍ഗ ജനതയ്ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷകന്‍ ടി.കെ സുനില്‍ എഴുതുന്നു. ഫോട്ടോകള്‍: ബാബു കാമ്പ്രത്ത്

 
 

 
 

മൂന്നാറില്‍നിന്ന് മറയൂരിലേക്കുള്ള വഴിയില്‍ ഇരുപത്തിയഞ്ച് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ലക്കം വെള്ളച്ചാട്ടം എത്താം. അവിടുന്ന് വനത്തിലൂടെ അഞ്ച് കിലോമീറ്റര്‍ നടന്നാല്‍ മുതുവാന്‍ കോളനിയായി. ഇടുക്കി ജില്ലയിലെ ഉള്‍ക്കാടുകളില്‍ ഗോത്രാചാര ചിട്ടകള്‍ കര്‍ശനമായി പാലിച്ചു കഴിയുന്ന ആദിവാസി വിഭാഗമാണ് മുതുവാന്‍മാര്‍. കാടല്ലാതെ മറ്റൊരു ജീവിതമില്ലാത്ത ഗോത്രജനത.

ടി.കെ സുനില്‍

കാടുതെളിയിച്ച് കൃഷി ചെയ്തിരുന്ന സ്ഥലങ്ങളെല്ലാം കുടിയേറ്റക്കാരും സര്‍ക്കാറും കൂടി കൈയടക്കിയതോടെ വനത്തിന്റെ കൂടുതല്‍ കൂടുതല്‍ ഉള്‍വശങ്ങളിലേക്ക് പോവുകയായിരുന്നു ഈ വിഭാഗം. മറ്റ് ആദിവാസി വിഭാഗങ്ങളില്‍നിന്ന് മുതുവാന്‍മാരെ വേറിട്ടു നിര്‍ത്തുന്ന ഘടകം കാടിനോടുള്ള ബന്ധം തന്നെയാണ്. ഒരിക്കലും നാട്ടിലിറങ്ങാതെ, നാട്ടുകാരോട് ഇടപഴകാതെ ഗോത്രാചാരങ്ങള്‍ പാലിച്ചുള്ള ജീവിതം.

53 വീട്ടുകാരാണ് ലക്കം വെള്ളച്ചാട്ടത്തിനടുത്തുള്ള മുതുവാന്‍ കോളനിയില്‍ താമസം. ഗോത്രാചാര പ്രകാരം ഇവരെല്ലാം ഇവിടെത്തന്നെ കഴിയേണ്ടവരാണ്. അവരുടെ ഓരോ ദിവസവും തുടങ്ങുന്നത് ഗോത്രാചരണങ്ങളിലൂടെയാണ്. മുതുവാ സ്ത്രീകള്‍ പുറത്ത് വരുന്നത് തന്നെ അപൂര്‍വ്വമാണ്. എന്നാല്‍, ഈയടുത്തായി കാര്യങ്ങള്‍ മാറുകയാണ്.

ഇവിടെയുള്ള ഇരുപത്തിയഞ്ചോളം പേര്‍ കാടിറങ്ങിക്കഴിഞ്ഞു. ടാറ്റയുടെ തോട്ടത്തില്‍ ജോലിക്കാരാണ് ഇപ്പോള്‍ ഇവരെല്ലാം. ഇടുക്കിയിലെ വനങ്ങള്‍ക്കും അതിലെ ആദിവാസികള്‍ക്കും എന്താണ് സംഭവിക്കുന്നതെന്ന് കൃത്യമായി വിളിച്ചുപറയുന്നതാണ് മുതുവാന്‍മാരുടെ ഈയനുഭവം. പുതിയ തൊഴില്‍ ഇടങ്ങള്‍ ഗോത്രസംസ്ക്കാരത്തെ എങ്ങനെയൊക്കെ ഇല്ലാതാക്കുന്നു എന്നതിനുള്ള അവസാനത്തെ ഉദാഹരണങ്ങളാണ് ഇപ്പോഴിവര്‍.

 
 

ലക്കം കോളനിയിലെ മുതുവാന്‍മാരുടെ വീടുകള്‍.
ഫോട്ടോ: ബാബു കാമ്പ്രത്ത്


 
 

തോട്ടങ്ങളുടെ വിളി
പട്ടിണി മാത്രമല്ല, തോട്ടങ്ങളില്‍നിന്നുള്ള സമ്മര്‍ദ്ദവുംമുണ്ട്, ഇവരുടെ കാടിറങ്ങലിനു പിന്നില്‍. മൂന്നാറിലെ തേയില തോട്ടങ്ങളില്‍ തൊഴിലാളികളെ കിട്ടാനില്ലാതെ വരികയാണ്. പല കാരണങ്ങളാല്‍ പുതു തലമുറ തോട്ടം തൊഴിലുകളില്‍നിന്ന് വിട്ടു നില്‍ക്കുകയാണ്. തമിഴ്നാട്ടില്‍നിന്നുള്ള തൊഴിലാളികളുടെ വരവ് ഏതാണ്ട് നിലച്ചു കഴിച്ചു.

ഇനിയുള്ളത്, ഉള്‍ക്കാടുകളില്‍ ബാക്കിയായ ആദിവാസികള്‍ മാത്രമാണ്. അവരെക്കൂടി വെളിയിലിറക്കി, തൊഴില്‍ ചെയ്യിക്കുക മാത്രമാണ് തോട്ടം മുതലാളിമാരുടെ മുന്നിലുള്ള വഴി.

മൂന്നാര്‍ തോട്ടങ്ങളില്‍ ആദ്യകാല തൊഴിലാളികള്‍ തമിഴ് വംശരായിരുന്നു. അടിമകളെപ്പോലെ വിലക്കുവാങ്ങിയാണ് അവരെ ഇവിടെ കൊണ്ടുവന്നിരുന്നത്. എത്തിക്കഴിഞ്ഞാല്‍ പുറത്തുപോകുക അസാധ്യം.മൂന്നാറിനുള്ളില്‍ മാത്രം വിനിമയം ചെയ്യാന്‍ പറ്റുന്ന നാണയം ഉണ്ടാക്കി ഇവരെ പുറംലോകത്തേക്ക് ബന്ധമില്ലാതാക്കുകയായിരുന്നു.

തൊഴിലാളികളുടെ വന്‍തോതിലുള്ള കുറവ് കാരണമാണ് തോട്ടം മുതലാളിമാര്‍ ഗോത്രജനതയെ തൊഴിലിന് നിര്‍ബന്ധിക്കുന്നത്.. തമിഴ് വംശരായ പുതിയ തൊഴിലാളികള്‍ കുറഞ്ഞു വരികയാണ്. വന്‍തോതിലുള്ള കീടനീശിനി പ്രയോഗം തൊഴിലാളികള്‍ക്ക് മാരകമായ രോഗങ്ങള്‍ ഉണ്ടാക്കുന്നു. അമിത ജോലിയാണിവിടെ. ഒപ്പം കൂലികുറവും. അതിനാല്‍, പുറത്തുനിന്ന് തൊഴിലാളികള്‍ വരുന്നില്ല. ഉള്ളില്‍ കുടുങ്ങി കിടക്കുന്ന തൊഴിലാളികളെ മാത്രം ഉപയോഗിച്ച് തോട്ടങ്ങള്‍ നിലനിര്‍ത്താനുമാവില്ല.

 
 

ഒരു മുതുവാന്‍ കുടുംബം
ഫോട്ടോ: ബാബു കാമ്പ്രത്ത്


 
 

ലയം എന്ന കെണി
തേയില തോട്ടങ്ങളില്‍ പണിചെയ്ത് കോളറയും മലമ്പനിയും പിടിച്ച് മരിച്ചവരുടേയും, കൂലിയില്ലാതെ ജോലി ചെയ്ത കഥകളാണ് ഇപ്പോഴും ഈ മേഖലയില്‍ താമസിക്കുന്നവര്‍ പറയുന്നത്. തോട്ടങ്ങളില്‍ പണി ചെയ്യുന്നവര്‍ക്ക് സ്വന്തമായി വീട് ഇല്ല. വിവിധ കമ്പനികളുടെ ലയങ്ങളിലാണ് ഇവര്‍ താമസിക്കുന്നത്. പാരമ്പര്യമായി തൊഴില്‍ ചെയ്ത് ഇന്നും അവരുടെ ജീവിതം ലയങ്ങളില്‍ തുടരുന്നു .

തൊഴില്‍ ചെയ്യാനുള്ള ശേഷി ഇല്ലാതായാല്‍ അതോടെ ജോലിക്കു പുറത്താവും. ജോലിക്കു പുറത്താവുക എന്നതിന് ഇവിടെ അര്‍ത്ഥം ജീവിതത്തിന് പുറത്താവുക എന്നതു കൂടിയാണ്. ജോലി ഇല്ലാതാവുന്നതോടെ ഇക്കാലമത്രയും താമസിച്ച ലയങ്ങളില്‍നിന്ന് പുറത്താവും. തലമുറകളായി ലയങ്ങളില്‍ മാത്രം താമസിച്ചു പോന്നവര്‍ക്ക് മറ്റെവിടെയും തുണ്ടു ഭൂമി പോലുമുണ്ടാവില്ല.

അതിനാല്‍ ലയം വിട്ടിറങ്ങുന്നവര്‍ പെരുവഴിയിലാവും.പുതു തലമുറയെ അതേ തോട്ടത്തില്‍ നിലനിര്‍ത്തുകയാണ് ലയങ്ങള്‍ നിലനിര്‍ത്താനുള്ള ഒരേയൊരു മാര്‍ഗം. അതിനാല്‍, ഓരോ തലമുറകളും തോട്ടങ്ങളില്‍ തന്നെ ജീവിച്ചു മരിക്കുന്നു. പുറത്തുള്ള മറ്റ് തൊഴില്‍ മാര്‍ഗങ്ങള്‍ ആലോചിക്കാന്‍ പോലും കഴിയാതെ തോട്ടങ്ങളില്‍ത്തന്നെ തുടരുന്നു.

വാസ്തവത്തില്‍, ഈ ലയം സമ്പ്രദായം തന്നെയാണ് തോട്ടങ്ങളെ നിലനിര്‍ത്തുന്നത്. കൊടും ചൂഷണങ്ങള്‍ തുടരുമ്പോഴും തൊഴിലാളികളെ തലമുറകളായി ഇവിടെ നിലനിര്‍ത്തുന്നതും അതു തന്നെ.

 
 

കാടിനു പുറത്തിറങ്ങാത്ത മുതുവാന്‍ സ്ത്രീകള്‍ തേയില തോട്ടത്തില്‍
ഫോട്ടോ: ബാബു കാമ്പ്രത്ത്


 
 

ആദിവാസിയുടെ ദുര്യോഗം
കേരളത്തിലെ ആദിവാസി ജനസംഖ്യയില്‍ രണ്ടാംസ്ഥാനത്ത് നില്‍ക്കുന്ന ജില്ലയാണ് ഇടുക്കി. വിവിധ ഗോത്രവിഭാഗങ്ങളില്‍പ്പെട്ട എഴുപതിനായിരത്തോളം ആദിവാസികള്‍ ഇവിടെ താമസിക്കുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടക്കുകയാണ് ഇവര്‍. മുതുവാന്‍, മന്നാന്‍, മലയരയ, ഉള്ളാടന്‍, ഊരാളി, ഹില്‍പുലയ എന്നീ വിഭാഗങ്ങളാണ് ജില്ലയിലെ പ്രധാനപ്പെട്ട ഗോത്രവിഭാഗങ്ങള്‍.

മറ്റിടങ്ങളിലെല്ലാം ആദിവാസികള്‍ അഭിമുഖീകരിക്കുന്ന അതേ പ്രശ്നങ്ങള്‍ പോലെ തന്നെയാണ് ഇവരും അഭിമുഖീകരിക്കുന്നത്. ഭൂമി കൈയ്യേറ്റം ആണ് മുഖ്യ വിഷയം. ഗോത്രജനതയുടെ ഭൂമി കൈയേറിയവര്‍ക്ക് നിയമസാധുത കൊടുക്കുകയാണ് ജില്ലയിലെ പട്ടയമേളകളുടെ മുഖ്യ കാര്യപരിപാടി. ഇതിനാല്‍, ജില്ലയുടെ ഭൂവിനിമയത്തില്‍ നിയമപരമായി ആദിവാസികള്‍ക്ക് ലഭിക്കേണ്ട ഭൂമിയുടെ തൊണ്ണൂറ് ശതമാനവും കുടിയേറ്റക്കാരുടെ കൈകളിലാണ്.

ഗോത്രജനത വര്‍ഷങ്ങളായി കാട് വെട്ടിത്തെളിച്ച് കൃഷിചെയ്ത് വന്ന ഭൂമിയാണ് ആദിവാസി ഇതരവിഭാഗങ്ങള്‍ കൈയ്യേറുന്നത്. പാട്ടത്തിനെടുത്തും, ബലംപ്രയോഗിച്ചും, ചില്ലിക്കാശ് കൊടുത്തും അവര്‍ ഭൂമി സ്വന്തമാക്കുന്നു. രാഷ്ട്രീയ സാമൂഹിക ഇടപെടലുകളെല്ലാം കുടിയേറ്റക്കാര്‍ക്ക് അനുകൂലമായതിനാല്‍ ഇത് എളുപ്പമാണ്. ആദിവാസികള്‍ വോട്ട് ബാങ്കല്ലല്ലോ.

ഉള്ള ഭൂമി നഷ്ടപ്പെടുന്നതോടെ ആദിവാസി ജനതയ്ക്കു മുന്നില്‍ രണ്ട് മാര്‍ഗങ്ങളാണുള്ളത്. ഒന്ന്, വീണ്ടും ഉള്‍ക്കാടുകളിലേക്ക് പോവുക. രണ്ട്, കാടിറങ്ങി നാട്ടില്‍ ജോലിക്കു പോവുക. ഇതു രണ്ടുമാണ് ഇപ്പോള്‍ ഇടുക്കിയില്‍ നടന്നുകൊണ്ടിരിക്കുന്നത്.

 
 

ഫോട്ടോ: ബാബു കാമ്പ്രത്ത്


 
 

വനം വകുപ്പ് ചെയ്യുന്നത്
ഗോത്രഭൂമി ഒഴിവാക്കി വനങ്ങളോട് ചേര്‍ന്ന് ജണ്ടകെട്ടിയാണ് വനംവകുപ്പ് അതിരുകള്‍ നിശ്ചയിക്കുന്നത് . വനത്തിനുള്ളില്‍ ആദിവാസികളും പുറത്ത് ആദിവാസി ഇതരവിഭാഗങ്ങളും എന്ന മട്ട്.

ആദിവാസി ഭൂമി കൈയേറുന്ന കുടിയേറ്റക്കാര്‍ക്കാണ് പട്ടം നല്‍കുക. മണ്ണിന്റെ ഉടമകളായ ജനങ്ങള്‍ക്ക് പട്ടയമില്ല. അവരുടെ ഭൂമിക്ക് കൈവശ രേഖമാത്രമാണ് ഉടമസ്ഥ അവകാശം. കൈവശരേഖക്ക് ഒരു നിയമസാധുതയും ഇല്ല. ബാങ്ക് വായ്പകള്‍ക്കോ, മറ്റു പണം ഇടപാടുകള്‍ക്കോ സാധുതയുമില്ല.

ഇടുക്കി ജില്ലയുടെ തോട്ടം മേഖലയെല്ലാം ആദിവാസി ഭൂമികളുടെ അതിരുകളാണ്. ഉടുമ്പന്‍ചോലയും പീരുമേടും ഇടുക്കിയും തൊടുപുഴയും ഉദാഹരണങ്ങള്‍. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പട്ടികവര്‍ഗ്ഗങ്ങള്‍ താമസിക്കുന്ന ദേവികുളം താലൂക്കില്‍ ആണ് ടാറ്റയുടെ തേയില തോട്ടവും മറ്റ് നിരവധി തേയില, ഏലതോട്ടങ്ങളും ഉള്ളത്.

ആദിവാസി വിഭാഗങ്ങളുടെ ഭൂമിയോട് ചേര്‍ന്ന് കിടക്കുന്ന തോട്ടങ്ങള്‍ക്ക് സര്‍ക്കാര്‍ പട്ടയം നല്‍കുമ്പോള്‍ അതിനോട് ചേര്‍ന്ന് കിടക്കുന്ന മണ്ണിന്റെ സ്വന്തം അവകാശികള്‍ക്ക് കൈവശരേഖ മാത്രം നല്‍കുകയാണ്.

ഗോത്ര ജനതയുടെ നിലനില്‍പ്പുതന്നെ വനവിഭവശേഖരത്തിലും കൃഷിയിലും ആയിരുന്നു. വനവിഭവങ്ങളുടെ കുറവും കൃഷിചെയ്യാനുള്ള അസൌകര്യവും ഈ വിഭാഗങ്ങളെ കൊടും പട്ടിണിയിലാക്കിയിരിക്കുകയാണ്. മാത്രമല്ല, ആദിവാസി വിഭാഗങ്ങളുടെ മേല്‍ വനംവകുപ്പ് സൃഷ്ടിക്കുന്നത് വലിയ സമ്മര്‍ദ്ദമാണ്. പഴയകൃഷിരീതി ഒന്നും തുടരാന്‍ അനുവദിക്കില്ല. ഒരു കെട്ട് വിറകിനുപോലും വനംവകുപ്പിന്റെ അനുമതി വേണം. കാട്ടില്‍ സ്വതന്ത്രമായി വിഹരിക്കുന്നതിനുള്ള അടിസ്ഥാന സൌകര്യം പോലും വനംവകുപ്പ് ഇല്ലാതാക്കി.

വനഭൂമിയില്‍ കൃഷിചെയ്ത് വന്നവരാണ് ഗോത്രവിഭാഗങ്ങള്‍. ചോളം, ചണപുല്ല്, കരനെല്ല്, തിന മുതലായവ കൃഷി ചെയ്തിരുന്നു. പരിസ്ഥിതിക്ക് അനുകൂലമായി വനനശീകരണമില്ലാതെ ചെറിയ കാട് വെട്ടിത്തെളിച്ചാണ് ഇവര്‍ കൃഷിചെയ്തുകൊണ്ടിരുന്നത്. വര്‍ഷത്തിന്റെ പകുതിയിലേറെ ദിവസങ്ങള്‍ കൃഷിക്കുപയോഗിച്ച് ദൈനംദിന ആഹാരം കണ്ടെത്തിയിരുന്ന സ്വയംപര്യാപ്തത കൈവരിച്ച ജനവിഭാഗങ്ങളായിരുന്നു ഇവര്‍. ഇതാണ് ഇല്ലാതാക്കിയത്. ഇവരെ പട്ടിണിക്കാരാക്കിയത്. നാട്ടുകാരുടെ തോട്ടങ്ങളിലെ അടിമപ്പണിക്കാരാക്കിയതും.

അന്യവല്‍ക്കരിക്കുന്ന കാടുകളും അനുകൂലമാകാത്ത നിയമവ്യവസ്ഥയും ഗോത്ര സമൂഹത്തെ ഒറ്റപ്പെടുത്തുകയാണ്. അതിരുകള്‍ ഇല്ലാത്ത ആവാസ വ്യവസ്ഥയില്‍ നിന്ന് ഇത്തിരി തുണ്ടിന്റെ കോളനി ജീവിതത്തിലേക്ക് ഒതുങ്ങിക്കൂടുകയാണ് അവര്‍. ജീവിതങ്ങള്‍ സങ്കീര്‍ണമാകുന്നു. കുടികളില്‍ വീട് വെക്കാന്‍ കാടിന്റെ മക്കള്‍ക്ക് അവകാശം ഇല്ല.

തോട്ടമേഖലക്കും വനംവകുപ്പിന്റെ അതിര്‍ത്തിക്കും ഇടയില്‍ ഗോത്രജനത ചുരുങ്ങിച്ചുരുങ്ങി പോവുകയാണ്. അവര്‍ക്ക് ഇനി പോവാനിടമില്ല. അതിനാല്‍, ഇനി തിരിച്ചിറങ്ങുക മാത്രമാണ് പോംവഴി. അവസാനത്തെ ഗോത്ര ജന വിഭാഗവും വനവാസിയും കാടിറങ്ങുന്നത് ഈ സാഹചര്യങ്ങളിലാണ്.

 
 
 
 

One thought on “മുതുവാന്‍മാര്‍ കാടിറങ്ങുമ്പോള്‍

  1. നല്ല ലേഖനം, ആദിവാസികള്‍ ഇന്ന് ഒരുപാടു ചൂഷണം ചെയ്യുന്നുണ്ട്. ആരും ഒട്ടും ശ്രദ്ധിക്കാത്തോരു വിഭാഗമാണ് ആദിവാസികള്‍ അതുകൊണ്ട് തന്നെ അവരുടെ പ്രശ്നങ്ങള്‍ പുറത്ത്‌ അറിയാറില്ല. ഇപ്പോള്‍ കാടിനുള്ളില്‍ അധികമൊന്നും ആദിവാസികള്‍ താമസിക്കുന്നില്ല. കാടിനുള്ളില്‍ ഗുഹകളില്‍ താമസിച്ചിരുന്ന കാട്ടുനായ്ക്കരും ചോലനായ്ക്കരും വരെ ഇപ്പോള്‍ ജോലിതേടിയും മറ്റുമായി നാട്ടില്‍ അതിതുടങ്ങി. അവരെയും കുറ്റം പറയാന്‍ പറ്റില്ലല്ലോ കാട്ടില്‍ നിന്നും അവര്‍ക്കും ഒന്നും കിട്ടാതായി പിന്നെ അവര്‍ എങ്ങനെ ജീവിക്കും?? ഇനിയും പുറത്തിറങ്ങാത്തവരെ സര്‍ക്കാര്‍ തേടിപിടിച്ച് വികസനം നടത്തുന്നുമുണ്ടല്ലോ.

Leave a Reply

Your email address will not be published. Required fields are marked *