മരണത്തിനും ജീവിതത്തിനുമിടയില്‍ ഒരു ചതുരംഗക്കളം 

 
 
 
 
ഇങ്മര്‍ ബെര്‍ഗ് മാന്റെ സെവന്‍ത് സീല്‍ എന്ന സിനിമയിലെ ആത്മീയ വഴികളിലൂടെ ഒരു യാത്ര. എം. നൌഷാദ് എഴുതുന്നു

 
 
സ്നേഹത്തെ സംബന്ധിച്ച ആലോചനകളാണ് മറ്റൊരു ഇതിവൃത്തം. ഒരു നടന്റെ കൂടെ ഒളിച്ചോടിപ്പോയ ഭാര്യയെച്ചൊല്ലി പരിഭവിക്കുന്ന കര്‍ഷകനെ ജോണ്‍ ആശ്വസിപ്പിക്കുന്നത്, പ്രണയമാണ് ഏറ്റവും ഇരുണ്ട പ്ലേഗ് എന്നു പറഞ്ഞാണ്. പ്രണയത്തിലെ ഏക ആഹ്ലാദം അതിനുവേണ്ടി മരിക്കുന്നതിലാണ് എന്നും പക്ഷേ വളരെ വേഗം പ്രണയം നീങ്ങിപ്പോകുന്നുവെന്നും ജോണ്‍ പറയുന്നു.

തന്റെ സ്നേഹം അനശ്വരമാണ്, അത് നശിക്കയില്ല എന്ന കര്‍ഷകന്റ അവകാശവാദത്തെ ജോണ്‍ ഖണ്ഡിക്കുന്നുണ്ട്. അഭിശപ്തമായ ഏതാനും വിഡ്ഢികള്‍ മാത്രമേ സ്നേഹത്തിനു വേണ്ടി മരിക്കുകയുള്ളൂ എന്നയാള്‍ വിശദീകരിക്കുന്നു. അനേകം മരണങ്ങള്‍ക്ക് നിമിത്തവും സാക്ഷിയുമായ ഒരാളുടെ മനുഷ്യരിലുള്ള അവിശ്വാസം. ഇതേ അവിശ്വാസത്തിന്റെ മറുപാതിയാണ് അന്റോണിയോയുടെ ദൈവത്തിലുള്ള അവിശ്വാസം എന്ന് നിരീക്ഷിക്കാവുന്നതാണ്-സിനിമയിലെ ആത്മീയ വഴികളെക്കുറിച്ചുള്ള ആലോചനയില്‍ ഇത്തവണ ഇങ്മര്‍ ബെര്‍ഗ് മാന്റെ ലോകപ്രശസ്ത ചിത്രം സെവന്‍ത് സീല്‍. എം. നൌഷാദ് എഴുതുന്നു

 


 

സെല്ലുലോയിഡില്‍ ദാര്‍ശനികതയുടെ ആഴിയും ആകാശവും പകര്‍ത്തിയ സ്വീഡിഷ് ചലച്ചിത്ര ഇതിഹാസം ഇങ്മര്‍ ബെര്‍ഗ് മാനില്‍ ഒഴിഞ്ഞുപോകാത്ത ആധിയായി മരണവും ദൈവാസ്തിത്വത്തെക്കുറിച്ച സന്ദേഹങ്ങളും എപ്പോഴും പാര്‍ത്തിരുന്നു. പാതിരിയായിരുന്ന അച്ഛന്റെ കര്‍ശനമായ മതനിഷ്കര്‍ഷകള്‍ ആ കുട്ടിയെ ചെറുപ്പത്തിലേ ദൈവത്തില്‍നിന്നകറ്റി. എന്നിട്ടും അനൌപചാരികവും വൈയക്തികവുമായ തലങ്ങളില്‍ അയാള്‍ ദൈവത്തിലേക്കും പിശാചിലേക്കും നിസ്സഹായമായി തിരിച്ചു വന്നു കൊണ്ടേയിരുന്നു. ഓരോ കലാസൃഷ്ടിയിലും , ഏറക്കൂറെ അശുഭകരവും ഇരുണ്ടതുമായ പര്യവസാനങ്ങളോടെയെങ്കിലും അയാള്‍ മരണത്തെയും ദൈവത്തെയും പറ്റി നിരന്തരം വേവലാതിപ്പെട്ടു.

ആത്മീയ വേദനകളുടെ പ്രഹരം അനുഗ്രഹമായിക്കിട്ടിയ എല്ലാ കലാകാരന്‍മാരെയും മരണത്തിന്റെ നിഗൂഢത അലട്ടിയിട്ടുണ്ട്. ഉള്ളു പൊള്ളയല്ലാത്ത ഏതു മനുഷ്യന്റെയും ആഴത്തെ, (അ) ബോധത്തെ , ഭയമോ പ്രതീക്ഷയോ സമാശ്വാസമോ ആയി മരണം അനുനിമിഷം തലോടുന്നുണ്ട്. മരണത്തോടു മുഖാമുഖം നില്‍ക്കുമ്പോഴും ജീവിതത്തിന്റെ സന്ദേഹങ്ങളാല്‍ പീഡിപ്പിക്കപ്പെടുകയും അതിന്റെ അര്‍ത്ഥാനര്‍ത്ഥങ്ങള്‍ തേടിയോടാന്‍ നിരന്തരം പ്രേരിപ്പിക്കപ്പെടുകയും ചെയ്യുന്ന സകല മനുഷ്യരുടെയും കഥയാണ് ബെര്‍ഗ് മാന്റെ അതിപ്രസിദ്ധ ചലച്ചിത്രം സെവന്‍ത് സീല്‍ (1957).

 

സെവന്‍ത് സീലിലെ രംഗം


 

കറുത്ത വേഷത്തില്‍, ശാന്തഭാവിയായി മരണം
മരണം കഥാപാത്രമായി വരുന്ന സൃഷ്ടികള്‍ക്ക് ഏറെ അനുയോജ്യമായ പശ്ചാത്തലം തന്നെ സംവിധായകന്‍ തെരഞ്ഞെടുത്തു. 14ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ യൂറോപ്പില്‍ പടര്‍ന്നു പിടിച്ച പ്ലേഗിന്റെയും കുരിശുയുദ്ധത്തിന്റെയും രക്തപങ്കിലമായ അന്ധകാരം. മരണത്തിന് നടനമാാന്‍ പറ്റിയ ഇടവും കാലവും.!
മരണവുമായി സുദീര്‍ഘമായ ഒരു ചെസ് മല്‍സരത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ബെര്‍ഗ്മാന്റെ നായകന്‍ അന്റോണിയോ ബ്ലോക്ക്. ആ കളിയുടെ ഇടര്‍ച്ചയും തുടര്‍ച്ചയുമാണ് സിനിമ എന്നു പറയാം. ആ ചതുരംഗപ്പലക ജീവിതമല്ലേ, എന്നും ആലോചിക്കാം.

പത്തുവര്‍ഷം മുമ്പേ വീടിനെയും ഭാര്യയെയും ഉപേക്ഷിച്ചുപോന്ന ഒരു സാധാരണ കുരിശു യുദ്ധ പോരാളിയാണയാള്‍. സുഹൃത്ത് ജോണിനോടൊത്തുള്ള മടക്കയാത്രയില്‍ , ഒരു കടല്‍ത്തീരത്ത്, പ്രതാപങ്ങളറ്റ് തകര്‍ന്നു തുടങ്ങിയ ഒരു കോട്ടയുടെ ചാരത്തുവെച്ച് മരണം അയാളെ നേരിടുന്നു. ക്രൂദ്ധമോ രൌദ്രമോ ആയല്ലാതെ, കറുത്ത വേഷത്തില്‍ ശാന്തഭാവിയായാണ് മരണമെത്തുന്നത്.

 

സെവന്‍ത് സീലിലെ രംഗം


 

സന്ദേഹങ്ങളുടെ ചതുരംഗം
‘എന്റെ മരണ സമയമായിട്ടില്ലെന്ന’ നായകന്റെ പരിഭവം മരണം പരിഹസിച്ചു തള്ളുന്നു. തന്റെ ജീവിത നിയോഗങ്ങള്‍ അനന്തമാണെന്ന ഈ വ്യാമോഹം ഭൂമുഖത്തെ എല്ലാ മനുഷ്യരുടേതുമാണ്. മരിക്കാന്‍ ഇനിയും സമയമുണ്ടെന്ന നമ്മുടെ ഓരോരുത്തരുടെയും അടിസ്ഥാനമില്ലാത്ത ആത്മവിശ്വാസമാണത്. നിരത്തിവെച്ച ചതുരംഗപ്പലകയിലേക്ക് നായകന്‍ മരണത്തെ ക്ഷണിക്കുന്നു. തോല്‍ക്കാത്ത കാലത്തോളം ജീവിക്കാാന്‍ അനുവദിക്കണമെന്ന ഉപാധിയില്‍ അയാള്‍ കളി തുടങ്ങുന്നു. മരണത്തിന്റെ അഭൌമമായ അജയ്യതക്കു മുന്നില്‍ തന്റെ ചതുരംഗ പ്രാവീണ്യത്തിന്റെ അല്‍പ്പത്തം അയാള്‍ തിരിച്ചറിയുന്നുണ്ട്.

ഈ മല്‍പ്പിടിത്തത്തിലൂടെയുള്ള ജീവിത യാത്രയില്‍ -മരണയാത്രയെയാണ് നമ്മള്‍ ജീവിതയാത്രയെന്നു പറയുന്നത്-അന്റോണിയോ പല ഇടങ്ങളിലെത്തുന്നു. പല മനുഷ്യരെ കണ്ടുമുട്ടുന്നു. അയാളുടെ സന്ദേഹങ്ങള്‍ പലയിടങ്ങളില്‍ ഉത്തരമില്ലാതെ വിഷമിക്കുന്നു. ദൈവത്തെയും പിശാചിനെയും സ്നേഹത്തെയും നന്‍മ തിന്‍മകളെയും കുറിച്ചുള്ള കാലാതീതമായ ചോദ്യങ്ങളുടെ അപരിഹൃതത്വവും അനിശ്ചിതത്വവും കൂടിയാണ് ജീവിതം നീട്ടിക്കിട്ടാനുള്ള വ്യര്‍ത്ഥ സാഹസങ്ങളിലേക്ക് അയാളെ നയിക്കുന്നതെന്ന് നമ്മള്‍ അറിയുന്നു.

സത്യത്തില്‍ ഈ സന്ദേഹങ്ങള്‍ മനുഷ്യ സമുദായത്തിലെ ഓരോ അംഗത്തിന്റേതുമല്ലേ? മരണം അടുത്തെത്തുമ്പോള്‍ മാത്രം ആത്മാര്‍ത്ഥമാകുന്ന അന്വേഷണങ്ങള്‍, പ്രയത്നങ്ങള്‍ ആരിലാണ് ഉറങ്ങിക്കിടക്കാത്തത്? നിഷ്കളങ്കമായ സത്യസന്ധത കൊണ്ടുമാത്രം എത്തിച്ചേരാവുന്ന ഉത്തരങ്ങള്‍ ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത്?

 

സെവന്‍ത് സീലിലെ രംഗം


 

ദൈവവും പിശാചും തമ്മില്‍
ദാര്‍ശനിക വ്യാപ്തി നിറഞ്ഞ അനേകം സംഭാഷണങ്ങളുണ്ടീ സിനിമയില്‍. കഥയുടെയും കഥാപാത്രങ്ങളുടെയും അസാധാരണത്വം അവയെ സ്വാഭാവികവും സംഗതവുമാക്കുന്നു. വഴിമധ്യോ ഒരു ചര്‍ച്ചിനകത്ത് കുമ്പസാരം നടത്തുന്നുണ്ട് നായകന്‍. അവനവന്റെ ഇന്ദ്രിയങ്ങള്‍ കൊണ്ട് അറിയാനാവാത്ത വിധം ക്രൂരമായ അപ്രാപ്യത ദൈവത്തിനുണ്ടാവേണ്ടതുണ്ടോ എന്നയാള്‍ ചോദിക്കുന്നു. അര്‍ദ്ധ വാഗ്ദാനങ്ങളുടെയും അദൃശ്യ ദിവ്യാത്ഭുതങ്ങളുടെയും മൂടല്‍ മഞ്ഞിനകത്ത് ദൈവമെന്തിന് മറഞ്ഞിരിക്കണം?

നമുക്ക് നമ്മില്‍ത്തന്നെ വിശ്വാസമില്ലാത്തപ്പോള്‍ പിന്നെ വിശ്വാസികളെ എങ്ങനെ വിശ്വസിക്കാനാണ്? വിശ്വസിക്കണമെന്നാഗ്രഹിച്ചിട്ടും വിശ്വസിക്കാനാവാത്തവരുടെ വിധി എന്താകും? അയാള്‍ ചോദിച്ചു കൊണ്ടേയിരിക്കുന്നു. മുഴുവനും ഉള്‍ക്കൊള്ളാനാവാതെ, എന്നിട്ടും എത്ര ശ്രമിച്ചിട്ടും കുടഞ്ഞെറിയാനാവാതെ അംശാംശമായി ദൈവം തന്റെയുള്ളില്‍ത്തന്നെ പാര്‍ക്കുന്നതില്‍ നാഗരിക ജ്ഞാനങ്ങളാല്‍ മൌഢ്യസ്നാനം ചെയ്യപ്പെട്ട അയാള്‍ അസ്വസ്ഥനാണ്. വിശ്വാസത്തേക്കാളും ഊഹത്തേക്കാളൂം തനിക്കുവേണ്ടത് ജ്ഞാനമാണ് എന്നയാള്‍ പറയുന്നു.

ഏറ്റവും രസകരമായ കാര്യം, കുമ്പസാരക്കൂടിനകത്ത് അയാളെ കേള്‍ക്കുന്നത് മരണമാണ് എന്നതാണ്. മരണവുമായുള്ള ചതുരംഗത്തില്‍ തന്റെ രഹസ്യതന്ത്രം കൂടി വെളിപ്പെടുത്തിയതിനു ശേഷമാണ് കുമ്പസാരക്കൂടിനകത്ത് പാതിരിയുടെ മരണമാണ് എന്നയാള്‍ തിരിച്ചറിയുന്നത്.

പിശാചുമായി ബന്ധം പുലര്‍ത്തിയെന്നാരോപിച്ച് മതഭരണകൂടം തീയിട്ടു കൊല്ലുന്ന ചെറുപ്പക്കാരിയാണ് നായകന്‍ കണ്ടുമുട്ടുന്ന മറ്റൊരാള്‍. ഭടന്മാരുടെ കണ്ണുവെട്ടിച്ച് അന്റോണിയോ അവളോട് പറയുന്നത്, തനിക്കും പിശാചിനെ കാണണമെന്നാണ്. അതെന്തിനാണെന്ന അവളുടെ ചോദ്യത്തിന് ദൈവത്തെപ്പറ്റി ചോദിക്കാന്‍ ഏറ്റവും നല്ലത് പിശാചാണെന്നയാള്‍ പറയുന്നു. എപ്പോള്‍ വേണമെങ്കിലും പിശാചിനെ കാണാമല്ലോ എന്നവള്‍ പറയുന്നു. പീഡിതയും നിന്ദിതയും ആയിക്കിടക്കുന്ന യുവതിക്ക് മരണവേളയില്‍ സ്നേഹത്തിന്റെ സമാശ്വാസം നല്‍കാനുള്ള അയാളുടെ കാരുണ്യപൂര്‍ണമായ പ്രവൃത്തികള്‍ നായകന്റെ ആത്മീയ വിതാനം വല്ലാതെ ഉയര്‍ത്തുന്നുണ്ട്.

 

ഇങ്മര്‍ ബെര്‍ഗ് മാന്‍


 

വാള്‍മുനയുടെ നിരര്‍ത്ഥകത
കുരിശുയുദ്ധത്തോട് നായകന്റെയും സുഹൃത്ത് ജോണിണ്‍െറയും മടുപ്പാണ് ചിത്രത്തിന്റെ മറ്റൊരു പരാമര്‍ശ ഘടകം. പത്തുവര്‍ഷത്തെ യുദ്ധത്തിനുശേഷമുള്ള ഏകാന്തവും വിരസവും വിഷാദഭരിതവുമായ മടങ്ങിവരവില്‍ മതത്തിന്റെയോ രാഷ്ട്രത്തിന്റെയോ വംശത്തിന്റെയോ പേരില്‍ നമ്മള്‍ നടത്തിയ എല്ലാ യുദ്ധങ്ങളുടെയും നിരര്‍ത്ഥകത നിഴലിക്കുന്നു.ഒരാദര്‍ശവാദിക്കു മാത്രം ചിന്തിക്കാവുന്നത്ര വിഡ്ഢിത്തം നിറഞ്ഞത് എന്ന് ജോണ്‍ കുരിശു യുദ്ധത്തെ പരിഹസിക്കുന്നുണ്ട്.

യാത്രാമധ്യേ, പ്ലേഗ് ഏതാണ്ട് മനുഷ്യവാസം പൂര്‍ണമായി തുടച്ചുനീക്കിയ ഒരു ഗ്രാമത്തില്‍ കുടിവെള്ളമെടുക്കാന്‍ ഒരു വീടിനകത്തു കയറുന്ന ജോണ്‍ യാദൃശ്ചികമായി, മരിച്ച സ്ത്രീകളുടെ ആഭരണങ്ങള്‍ മോഷ്ടിക്കുകയും ജീവനുള്ള ഒരുവളെ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരു കള്ളനെ കാണുന്നു. പത്തുവര്‍ഷം മുമ്പ് ഒരു സെമിനാരിയില്‍വെച്ച് തന്റെ മേധാവിയെ കുരിശുയുദ്ധത്തിലണിനിരക്കാന്‍ പ്രേരിപ്പിച്ച മനുഷ്യനാണിവിടെ കള്ളനും തെമ്മാടിയുമായി വന്നുനില്‍ക്കുന്നത്. ആ രൂപാന്തരം ജോണിനു നല്‍കുന്ന തിരിച്ചറിവുകള്‍ കഠിനമാണ്. ‘എന്റെ പാഴായിപ്പോയ 10 വര്‍ഷങ്ങളുടെ അര്‍ത്ഥം ഞാനിപ്പോള്‍ പൊടുന്നനെ തിരിച്ചറിയുന്നു’ എന്നയാള്‍ കയര്‍ക്കുന്നു.

 

സെവന്‍ത് സീലിലെ രംഗം


 

ഏറ്റവും ഇരുണ്ട പ്ലേഗ്-പ്രണയം
സ്നേഹത്തെ സംബന്ധിച്ച ആലോചനകളാണ് മറ്റൊരു ഇതിവൃത്തം. ഒരു നടന്റെ കൂടെ ഒളിച്ചോടിപ്പോയ ഭാര്യയെച്ചൊല്ലി പരിഭവിക്കുന്ന കര്‍ഷകനെ ജോണ്‍ ആശ്വസിപ്പിക്കുന്നത്, പ്രണയമാണ് ഏറ്റവും ഇരുണ്ട പ്ലേഗ് എന്നു പറഞ്ഞാണ്. പ്രണയത്തിലെ ഏക ആഹ്ലാദം അതിനുവേണ്ടി മരിക്കുന്നതിലാണ് എന്നും പക്ഷേ വളരെ വേഗം പ്രണയം നീങ്ങിപ്പോകുന്നുവെന്നും ജോണ്‍ പറയുന്നു.

തന്റെ സ്നേഹം അനശ്വരമാണ്, അത് നശിക്കയില്ല എന്ന കര്‍ഷകന്റ അവകാശവാദത്തെ ജോണ്‍ ഖണ്ഡിക്കുന്നുണ്ട്. അഭിശപ്തമായ ഏതാനും വിഡ്ഢികള്‍ മാത്രമേ സ്നേഹത്തിനു വേണ്ടി മരിക്കുകയുള്ളൂ എന്നയാള്‍ വിശദീകരിക്കുന്നു. അനേകം മരണങ്ങള്‍ക്ക് നിമിത്തവും സാക്ഷിയുമായ ഒരാളുടെ മനുഷ്യരിലുള്ള അവിശ്വാസം. ഇതേ അവിശ്വാസത്തിന്റെ മറുപാതിയാണ് അന്റോണിയോയുടെ ദൈവത്തിലുള്ള അവിശ്വാസം എന്ന് നിരീക്ഷിക്കാവുന്നതാണ്.

മരണത്തോട് തോല്‍വി പിണയാറാകുമ്പോള്‍ ചതുരംഗപ്പലക അബദ്ധത്തിലെന്നോണം തട്ടിമറിച്ചിടാനുള്ള അന്റോണിയോയുടെ ശ്രമവും ഒരു കൊലപാതകത്തില്‍നിന്ന് രക്ഷപ്പെടാനായി ആത്മഹത്യ ചെയ്തതായി അഭിനയിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന നടന്റെ കുസൃതിയും നമ്മെ ആഴത്തില്‍ ചിരിപ്പിക്കുകയും അവയ്ക്കു തുടര്‍ച്ചയായി വരുന്ന ക്രൂര പരിണതികളെ ഓര്‍ത്ത് വിഷമിപ്പിക്കുകയും ചെയ്യും.

 

ഇങ്മര്‍ ബെര്‍ഗ് മാന്‍


 

നിഗൂഢ വിതാനങ്ങളില്‍ മരണം
തീര്‍ച്ചയായും, ബെര്‍ഗ്മാന്‍ സ്വയം സമ്മതിച്ചിട്ടുള്ളതു പോലെ, ആഹ്ലാദദായകമല്ല അദ്ദേഹത്തിന്റെ സിനിമകള്‍. അവ നമ്മെ വിഷമിപ്പിക്കുന്നു. രാപ്പകലില്ലാതെ മരണഭീതി വേട്ടയാടിയ കാലത്ത് അതില്‍നിന്ന് രക്ഷപ്പെടാനാണ് താന്‍ ‘സെവന്‍ത് സീല്‍’ എഴുതുകയും സിനിമ എടുക്കുകയും ചെയ്തതെന്ന് പില്‍ക്കാലത്ത് ബെര്‍ഗ്മാന്‍ പറഞ്ഞിട്ടുണ്ട്. മരണവും ആത്മാവിന്റെ അലച്ചിലുകളും ഒരിക്കലും അദ്ദേഹത്തെ ഉപേക്ഷിച്ചില്ല.

അസ്തിത്വവാദപരമായ ദാര്‍ശനിക പ്രശ്നങ്ങള്‍ക്ക് സഹജമായ കടുത്ത അശുഭാപ്തിബോധത്തില്‍നിന്ന് നേരിയ വിടുതലുകള്‍ അദ്ദേഹത്തിന്റെ അവസാന രചനകളില്‍ കണ്ടതിന്റെ അത്ഭുതം ചില നിരൂപകര്‍ പങ്കുവെച്ചിട്ടുണ്ട്. പ്രത്യേകിച്ച് ‘ഫാനി ആന്റ് അലക്സാണ്ടര്‍’ പോലുള്ള തികച്ചും വൈയക്തികമായ ആത്മാന്വേഷണ രചനകളെപ്പറ്റി.

നിഗൂഢമായ വിതാനങ്ങളില്‍, വിധിയെ, നിയോഗങ്ങളെ മാറ്റിവരക്കാനുള്ള മനുഷ്യന്റെ പ്രതീക്ഷയറ്റ പ്രയത്നങ്ങള്‍ കൂടിയാകാം ബെര്‍ഗ്മാന്‍ മരണവുമായുള്ള ചതുരംഗ കളിയിലൂടെ സൂചിപ്പിച്ചിരിക്കുക. അത് ജീവിതത്തിന്റെ ഏറ്റവും സര്‍റിയലിസ്റ്റിക്കായ, ഏറെ വിഷാദിപ്പിക്കുന്ന ഒരു അതിരൂപകമോ ബിംബസമുച്ചയമോ ആയി ലോക സിനിമയെ പിന്തുടരുന്നു. ഓരോ പ്രേക്ഷകനോടും അനന്തകാലം സംവദിച്ചു കൊണ്ടേയിരിക്കുന്നു.

 
 

തിരമരങ്ങളില്‍ മുമ്പു വീശിയത്

മൂവീ ക്യാമറയുമായി ഒരു സൂഫി

മാജിദ് മജീദിയുടെ സ്വര്‍ണ മീനുകള്‍

മനുഷ്യവ്യഥകളുടെ യേശു

 
 
 
 

2 thoughts on “മരണത്തിനും ജീവിതത്തിനുമിടയില്‍ ഒരു ചതുരംഗക്കളം 

  1. “അസ്തിത്വവാദപരമായ ദാര്‍ശനിക പ്രശ്നങ്ങള്‍ക്ക് സഹജമായ കടുത്ത അശുഭാപ്തിബോധത്തില്‍നിന്ന് നേരിയ വിടുതലുകള്‍” എന്നൊക്കെ ഒഴിച്ചാല്‍ വായനക്ക് പറ്റുന്ന ഒരു സിനിമ ലേഖനം. ‘ദാര്‍ശനികത’ കുറച്ചാല്‍ ദുരൂഹതയും കുറയും എന്നാണല്ലോ ! ഇനിയും വരട്ടെ ഈ ടൈപ്പ് കുറിപ്പുകള്‍ 🙂

Leave a Reply

Your email address will not be published. Required fields are marked *