ചുങ്കപ്പിരിവും കോണ്‍ഗ്രസും തമ്മിലെന്ത്?

 
 
 
 
കോണ്‍ഗ്രസ് സ്ഥാപകന്‍ എ.ഒ ഹ്യൂമായിരുന്നു ബ്രിട്ടീഷ് ഇന്ത്യയിലെ കുപ്രശസ്തമായ ചുങ്കപ്പിരിവിന്റെ തലച്ചോര്‍. ഹ്യൂമില്‍നിന്ന് സോണിയാ ഗാന്ധിയിലെത്തുമ്പോഴും അവസ്ഥ മാറുന്നില്ല. ചുങ്കത്തിന്റെ ചരിത്രവും വര്‍ത്തമാനവും. കെ. സഹദേവന്‍ എഴുതുന്നു
 
 
എട്ട് അടി വീതിയും 12 അടി ഉയരവും 4000 കി.മീ നീളവുമുള്ള ഈ ജൈവമതില്‍ നിര്‍മ്മിച്ചിരുന്നത് തദ്ദേശീയമായി വളരുന്ന മുള്‍ച്ചെടികളും മരങ്ങളും ഉപയോഗിച്ചായിരുന്നു. വിവിധ കേന്ദ്രങ്ങളിലെ ചുങ്കപ്പുരകളില്‍ നിന്ന് പണം പിരിക്കുന്നതിനായി 1869 കാലങ്ങളില്‍ വിവിധ റാങ്കുകളില്‍ പെട്ട 14,188 ഉദ്യോഗസ്ഥരെയായിരുന്നു നിയോഗിച്ചിരുന്നത്.
ഈ കസ്റംസ് ലൈനുകളിലൂടെ അക്കാലങ്ങളില്‍ പിരിച്ചെടുത്ത തുക ഞെട്ടിപ്പിക്കുന്നതായിരുന്നു. 1784-85 സാമ്പത്തിക വര്‍ഷത്തിലെ കണക്കനുസരിച്ച് 62,57,470 രൂപയായിരുന്നു ഉപ്പില്‍ നിന്നുമാത്രമായി കമ്പനി പിരിച്ചെടുത്തത്. ഉപ്പിനുവേണ്ടി അന്ന് നല്‍കേണ്ടി വന്ന തുക പ്രതിവര്‍ഷം രണ്ട് രൂപയായിരുന്നു. അതായത് ഒരു ശരാശരി ഇന്ത്യന്‍ തൊഴിലാളിയുടെ രണ്ടു മാസത്തെ വരുമാനം-കെ. സഹദേവന്‍ എഴുതുന്നു

 


 

കോണ്‍ഗ്രസ് സ്ഥാപകനായ അലന്‍ ഒക്ടേവിയന്‍ ഹ്യൂമിനും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്കും തമ്മില്‍ എന്താണ് ബന്ധം? രണ്ടാളും വിദേശികളാണ് എന്നതുമാത്രമോ? അല്ല, എന്നത് ഇന്ത്യന്‍ റോഡുകളിലെ ചുങ്കപ്പിരിവുകള്‍ക്കെതിരെ സമരം ചെയ്യുന്നവരെങ്കിലും അറിയേണ്ടതുണ്ട്.

ചുങ്കപ്പിരിവും ഏ.ഒ.ഹ്യൂമും തമ്മിലെന്ത് എന്ന് നെറ്റി ചുളിക്കാന്‍ വരട്ടെ. ഒരുവേള ഇന്ത്യന്‍ ചരിത്രത്തില്‍ കാര്യമായി പരാമര്‍ശിക്കപ്പെടാത്ത, ചൈനയുടെ വന്‍മതിലിനു സമാനമെന്നു തന്നെ വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ഒറീസ്സ തീരത്തുനിന്നാരംഭിച്ച് പഞ്ചാബ് വരെ നീണ്ട ഒരു വന്‍വേലിയെക്കുറിച്ച് മനസിലാക്കുമ്പോള്‍ കാര്യങ്ങളില്‍ അല്പം തെളിച്ചം വരും.

കേരളത്തിലെ ദേശീയപാതയില്‍ മണ്ണുത്തി-അങ്കമാലിക്കടുത്തുള്ള പാലിയേക്കരയില്‍ ബി.ഒ.ടി അടിസ്ഥാനത്തില്‍ നിര്‍മ്മിച്ച റോഡിന് ചുങ്കം പിരിക്കുന്നതിനെതിരെ ജനകീയ പ്രതിരോധം ശക്തമാവുകയാണ്. ഈ പശ്ചാത്തലത്തില്‍ ചരിത്രത്തിലെ ഈ ചുങ്കപ്പുരകളെക്കുറിച്ച് അറിയേണ്ടത് അനിവാര്യമാണ്. വിദേശാധിപത്യം ഇന്ത്യയില്‍ ആരംഭിച്ചതിന് ശേഷം ഇന്ത്യയുടെ വിഭവങ്ങള്‍ കൊള്ളയടിക്കുവാന്‍ ‘നിയമപരമായി’ നടത്തിയ നീക്കങ്ങള്‍ എന്തൊക്കെയായിരുന്നുവെന്ന് തിരിച്ചറിയുന്നതിനും ഇത് സഹായിക്കും.

 

ബ്രിട്ടീഷ് ഭരണകാലത്തെ കസ്റ്റംസ് ലൈന്‍ കടന്നുപോയ ഇടങ്ങള്‍ image courtesy: wikipedia


 

എ.ഒ ഹ്യൂമിന്റെ ചുങ്കപ്പുര
1803 കാലഘട്ടങ്ങളില്‍ ഇന്ത്യയുടെ നാട്ടുരാജ്യങ്ങളെയും ഈസ്റ് ഇന്ത്യ കമ്പനിയുടെ അധികാര പരിധിയില്‍ പെടുന്ന പ്രദേശങ്ങളെയും വേര്‍തിരിച്ചുകൊണ്ടാണ് ഈ വന്‍വേലി നിലവില്‍വന്നത്. ധനിക-ദരിദ്ര ഭേദമില്ലാതെ എല്ലാവര്‍ക്കും അവശ്യം ആവശ്യമായിരുന്ന ഉപ്പിനുമേല്‍ നികുതി പിരിക്കുന്നതിനായിരുന്നു ഈ കസ്റംസ് ലൈന്‍ പ്രധാനമായും നിര്‍മ്മിച്ചത്. ഈസ്റ് ഇന്ത്യാ കമ്പനി ആരംഭിച്ച ഈ കസ്റംസ് ലൈന്‍ ബ്രിട്ടീഷ് ഭരണത്തിന്‍ കീഴില്‍ വരികയും ഒറീസ്സ തൊട്ട് പഞ്ചാബിലെ വടക്കു പടിഞ്ഞാറന്‍ പ്രദേശം വരെ നീണ്ടുകിടക്കുന്ന ഒന്നായി മാറുകയും ചെയ്തു.

ഏതാണ്ട് 4000കി.മീ നീളത്തില്‍ സ്ഥിതി ചെയ്ത ഈ കസ്റംസ് ലൈന്‍ ഇന്ത്യയെ കുറുകെ വേര്‍തിരിക്കുന്ന ജൈവമതിലായി മാറ്റുന്നതിനു പിന്നില്‍ കോണ്‍ഗ്രസ് സ്ഥാപകന്‍ ഏ.ഒ.ഹ്യൂമിന്റെ പങ്ക് ചില്ലറയല്ല.

എട്ട് അടി വീതിയും 12 അടി ഉയരവും 4000 കി.മീ നീളവുമുള്ള ഈ ജൈവമതില്‍ നിര്‍മ്മിച്ചിരുന്നത് തദ്ദേശീയമായി വളരുന്ന മുള്‍ച്ചെടികളും മരങ്ങളും ഉപയോഗിച്ചായിരുന്നു. വിവിധ കേന്ദ്രങ്ങളിലെ ചുങ്കപ്പുരകളില്‍ നിന്ന് പണം പിരിക്കുന്നതിനായി 1869 കാലങ്ങളില്‍ വിവിധ റാങ്കുകളില്‍ പെട്ട 14,188 ഉദ്യോഗസ്ഥരെയായിരുന്നു നിയോഗിച്ചിരുന്നത്.

ഈ കസ്റംസ് ലൈനുകളിലൂടെ അക്കാലങ്ങളില്‍ പിരിച്ചെടുത്ത തുക ഞെട്ടിപ്പിക്കുന്നതായിരുന്നു. 1784-85 സാമ്പത്തിക വര്‍ഷത്തിലെ കണക്കനുസരിച്ച് 62,57,470 രൂപയായിരുന്നു ഉപ്പില്‍ നിന്നുമാത്രമായി കമ്പനി പിരിച്ചെടുത്തത്. ഉപ്പിനുവേണ്ടി അന്ന് നല്‍കേണ്ടി വന്ന തുക പ്രതിവര്‍ഷം രണ്ട് രൂപയായിരുന്നു. അതായത് ഒരു ശരാശരി ഇന്ത്യന്‍ തൊഴിലാളിയുടെ രണ്ടു മാസത്തെ വരുമാനം!

1867-70 കാലത്ത് അന്നത്തെ ആഭ്യന്തര കസ്റംസ് ഓഫീസറായിരുന്ന ഏ.ഒ.ഹ്യൂം ഈ കസ്റംസ് ലൈന്‍ വിപുലപ്പെടുത്തുന്നതില്‍ സുപ്രധാന പങ്കുവഹിച്ചു. ‘മനുഷ്യനും ചെകുത്താനും നുഴഞ്ഞുകയറാന്‍ സാധ്യമാകാത്തവിധം ശക്തമായ’ ഈ വേലി നിര്‍മ്മാണത്തില്‍ ഹ്യൂം സ്വയം തന്നെ അഭിമാനിച്ചിരുന്നു.
ഉപ്പ് പോലുള്ള അടിസ്ഥാന വിഭവങ്ങളുടെ മേല്‍ ചുങ്കം ഏര്‍പ്പെടുത്തിയാല്‍ ലഭിക്കുന്ന വരുമാനത്തെക്കുറിച്ച് വ്യക്തമായ ബോധ്യമുള്ളതുകൊണ്ടു തന്നെയായിരുന്നു മറ്റേത് വസ്തുവിനെക്കാളും പ്രാധാന്യം നല്‍കിക്കൊണ്ട്, അനധികൃതമായി ഉപ്പ് കടത്തുന്നത് നിയന്ത്രിക്കുന്നതിന് ചുങ്കപ്പുരകള്‍ നിര്‍മ്മിക്കാന്‍ ഈസ്റ് ഇന്ത്യാ കമ്പനിയും തുടര്‍ന്ന് ബ്രിട്ടീഷ് ഭരണകൂടവും തയ്യാറായത്.

 

ഏ.ഒ.ഹ്യൂം


 

ഉമ്മന്‍ചാണ്ടിയുടെ ചുങ്കപ്പുര
ഇന്ത്യന്‍ ജനതയുടെ സഞ്ചാര സ്വാതന്ത്യ്രം നിയന്തിച്ചുകൊണ്ട് റോഡുകളില്‍ ചുങ്കപ്പുരകള്‍ നിര്‍മ്മിക്കാന്‍ സ്വകാര്യ കമ്പനികള്‍ക്ക് അധികാരം നല്‍കുക വഴി സ്വതന്ത്ര ഇന്ത്യയിലെ കോണ്‍ഗ്രസ് ഭരണാധികാരികളും ചെയ്യുന്നത് ഇതു തന്നെയാണ്. കേരളത്തിലെ ദേശീയ പാതകളില്‍ ജനങ്ങളുടെ സ്വൈര്യസഞ്ചാരത്തെ തടസ്സപ്പെടുത്തിക്കൊണ്ട് 17ഓളം ചുങ്കപ്പുരകളാണ് ഉയര്‍ന്നുവരാന്‍ പോകുന്നത്.

മണ്ണുത്തി -അങ്കമാലി ദേശീയപാതയില്‍ പാലിയേക്കരയില്‍ ഉയര്‍ത്തിയിരിക്കുന്ന ടോള്‍ ബൂത്തിനെതിരെ സമര സമിതി നടത്തിക്കൊണ്ടിരിക്കുന്ന സമരം അതി ശക്തമാവുകയാണ്. ബി.ഒ.ടി പാതകള്‍ക്ക് സമാന്തരമായി കടന്നുപോകുന്ന പാതകളിലൂടെ വാഹനങ്ങള്‍ ഓടിച്ചുകൊണ്ട്,സഞ്ചാരസ്വാതന്ത്യ്രം ആര്‍ക്കും പണയപ്പെടുത്തില്ലെന്ന് ജനങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ അത്തരം വഴികള്‍ എല്ലാം അടച്ച് ബി.ഒ.ടി കമ്പനികള്‍ക്ക് വിടുപണി ചെയ്യുന്ന നയമാണ് കേരള സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

 

പാലിയേക്കര ടോള്‍ബൂത്ത്


 

സി.പി.എമ്മിന്റെ ഉല്‍സാഹം
സമാന്തര പാതയിലൂടെ ജനങ്ങള്‍ വാഹനങ്ങള്‍ ഓടിക്കാന്‍ തുടങ്ങിയപ്പോള്‍ ഏതാണ്ട് 50ലക്ഷത്തോളം രൂപയുടെ വരുമാന നഷ്ടമാണ് പ്രതിദിനം കമ്പനിക്ക് സംഭവിച്ചുകൊണ്ടിരുന്നത്. എന്നാല്‍ പാലിയേക്കരയിലെ ടോള്‍ബൂത്ത് കടക്കാതെ തൊട്ടടുത്ത പഴയ ദേശീയപാതയിലൂടെ വാഹനങ്ങള്‍ കടന്നുപോകാന്‍ തുടങ്ങിയപ്പോള്‍ ആ റോഡിലേക്കുള്ള പ്രവേശനദ്വാരത്തില്‍ ‘ഹൈറ്റ് ബാരിയര്‍’ വെച്ച് വന്‍വാഹനങ്ങളുടെ പോക്ക് തടസ്സപ്പെടുത്താനായിരുന്നു അധികൃതര്‍ക്ക് താല്‍പ്പര്യം.

കേരളത്തിലെ വിവിധ റോഡുകള്‍ അപകടരമായ വളവുകളും കുഴികളും കൊണ്ട് നിറഞ്ഞതാണെങ്കിലും അവിടെയൊന്നും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാനോ പോലീസിനെ നിയോഗിക്കുവാനോ ഉത്സാഹം കാട്ടാത്ത സര്‍ക്കാര്‍ പക്ഷേ പാലിയേക്കരയിലെ ടോള്‍ബൂത്തിനടുത്ത് നൂറുകണക്കിന് പോലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്.

ഇതുവഴികടന്നുപോകുന്ന വാഹനങ്ങളെ ടോള്‍ബൂത്ത് വഴി തിരിച്ചുവിടാന്‍ പോലീസിനെയും വാഹനവകുപ്പിനെയും ഉപയോഗപ്പെടുത്തിവരികയാണ്. സര്‍ക്കാരിന് ജനങ്ങളോടാണോ കമ്പനിയോടാണോ താല്‍പ്പര്യം എന്ന് ഇതോടെ വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു. തകര്‍ന്ന സമാന്തര റോഡുകള്‍ നന്നാക്കാന്‍ ഹൈവേ അതോറിറ്റിയോട് ആവശ്യപ്പെടുന്നതിനു പകരം റോഡില്‍ കൂടിയുള്ള ഗതാഗതം നിരോധിക്കുന്നതിനായിരുന്നു സി.പി.എം ഭരിക്കുന്ന പഞ്ചായത്തിന് ഉത്സാഹമെന്നത് കൂടി ഇതിനോട് കൂട്ടിവായിക്കണം.
 
 
കൂടുതല്‍ വിവരങ്ങള്‍::
The Great Hedge of India by Roy Moxham
 
(ജാഗ്രതയുടെ കേരളീയത്തില്‍ പ്രസിദ്ധീകരിച്ചത്)
 
 

One thought on “ചുങ്കപ്പിരിവും കോണ്‍ഗ്രസും തമ്മിലെന്ത്?

  1. സഹദേവന്‍ നല്ലൊരു ലേഖനം ആയിരിന്നു. നമ്മുടെ ഒക്കെ പ്രതികരണ ശേഷി നഷ്ടപ്പെട്ട് എന്ന് വേണം കരുതാന്‍.

Leave a Reply

Your email address will not be published. Required fields are marked *