കടല്‍ കടന്നുപോയ ഗാന്ധി

 
 
 
 
പ്രവാസി എന്ന നിലയില്‍ ഗാന്ധിജിയുടെ ജീവിതം. പ്രവാസത്തിന്റെ പശ്ചാത്തലത്തില്‍ ഗാന്ധിയുടെ പില്‍ക്കാലം.
ഗാന്ധിയന്‍ പരിണാമങ്ങളുടെ മഹാ ആഖ്യാനത്തില്‍ പ്രവാസ ജീവിതത്തിന്റെ ഇടം. സര്‍ജു എഴുതുന്നു

 
 
പ്രവാസ രാഷ്ട്രീയ പശ്ചാത്തലമാണ് ഒരു പക്ഷേ ഗാന്ധിയന്‍ രാഷ്ട്രീയത്തെ പ്രായോഗിക രാഷ്ട്രീയമാക്കിമാറ്റുന്നത്.കരാര്‍ കുടിയേറ്റ നിരോധനത്തിനായുള്ള പ്രക്ഷോഭത്തില്‍ ബോബെയില്‍ യോഗം ചേര്‍ന്നത് സാമ്രാജ്യത്വ പൌരത്വ സംഘടനയുടെ പേരിലാണ്. അങ്ങനെയൊരു സംഘം തന്നെ ഇന്ന് അസംബന്ധമായ് തോന്നും. എന്നാല്‍ മറ്റൊരു ദിശയില്‍ നോക്കിയാല്‍ അതില്‍ ഉള്ളില്‍ കടന്നുള്ള ഒരു കളിയുണ്ട്. ഇന്ത്യയില്‍ നിന്നുള്ള കരാര്‍ കുടിയേറ്റം 1917ല്‍ നിരോധിക്കപ്പെട്ടു. 1894ലാണ് ഗാന്ധി അതിനെതിരെ ആദ്യ ഹര്‍ജി തയ്യാറാക്കിയത് .

1849 മുതല്‍ 1883 വരെ ലണ്ടനില്‍ 34 വര്‍ഷം പ്രവാസ ജീവിതം നയിച്ച ഒരു ജര്‍മ്മന്‍കാരനുണ്ട്, കാള്‍ മാര്‍ക്സ്. പല ദേശങ്ങളില്‍ നിന്ന് നാടുകടത്തപ്പെട്ട ഒരു രാഷ്ട്രീയ അഭയാര്‍ഥി ആയിരുന്നു അദ്ദേഹം.സമാനതകളില്ലാത്ത വിചാരലോകത്തിന്റെ ഉടമയും. ദക്ഷിണാഫ്രിക്കയില്‍ ഗാന്ധി എത്തുന്നതാകട്ടെ വാഗ്ദാനം ചെയ്യപ്പെട്ട ഒരു തൊഴില്‍ സ്വീകരിച്ചുകൊണ്ടും. ലോകരാഷ്ട്രീയത്തില്‍ പ്രവാസ രാഷ്ട്രീയം സവിശേഷ പ്രാധാന്യം നേടുന്ന പുതിയ ഘട്ടത്തില്‍ പ്രവാസ രാഷ്ട്രീയത്തിന്റെ പിതാവ് എന്നാവും ഗാന്ധിയെ കൃത്യമായി വിശേഷിപ്പിക്കാനാവുക-ഗാന്ധിയന്‍ പരിണാമങ്ങളുടെ മഹാ ആഖ്യാനത്തില്‍ പ്രവാസ ജീവിതത്തിന്റെ ഇടം. സര്‍ജു എഴുതുന്നു

 

 

ഇന്‍ലന്റില്‍ ഗാന്ധിശിരസിന് കീഴെ അച്ചടിച്ച, Untouchability is a crime against man and God എന്ന വാക്യം യൌവനാരംഭത്തില്‍, തൊട്ടാല്‍ കുതറുന്ന കൂട്ടുകാരിയോട്, ഏറ്റവും കനം കുറഞ്ഞ ശബ്ദത്തില്‍ ഉരുവിട്ടിട്ടുണ്ട്.അതുകൊണ്ടുതന്നെ രണ്ടു പെഗുകഴിഞ്ഞാല്‍ ഗാന്ധിസാഹിത്യം വായിക്കുകയും കരയുകയും ചെയ്യുന്ന ഒരാളെ യു എ ഇ യില്‍ പരിചയപ്പെട്ടപ്പോള്‍ മനസ്സിലേയ്ക്കെടുക്കാന്‍ പ്രയാസമുണ്ടായില്ല. രാജ്യാതിര്‍ത്തിയ്ക്ക് പുറത്ത് വച്ച് ഒരാള്‍ ഗാന്ധിയുമായി സന്ധിക്കുന്നത് പതിവ് രീതിയില്‍ ആയിരിക്കുകയില്ല. ദേശാന്തരങ്ങളിലെ ഗാന്ധി ചിലര്‍ക്ക് മനസിന്റെ പുറം ചേരികള്‍ വെടിപ്പാക്കാന്‍ സവിശേഷസിദ്ധിയുള്ള ഒരാള്‍.. മറ്റുചിലര്‍ക്ക് ചവിട്ടിനില്‍ക്കാവുന്ന ആത്മവിശ്വാസത്തിന്റെ മണ്ണ്. അരാഷ്ട്രീയ ജീവിതത്തെ പുണരുന്ന ഒരു രാഷ്ട്രീയ ശരീരം.

ഗാന്ധിയുടെ ആത്മകഥയിലൂടെ പോകുമ്പോള്‍ നാം പ്രവാസ രാഷ്ട്രീയ ചരിത്രത്തിലൂടെ ഏറെ ദൂരം സഞ്ചരിയ്ക്കും. അത് സാര്‍വ്വദേശീയ രാഷ്ട്രീയത്തില്‍ നിന്ന് എങ്ങനെ വ്യത്യസ്തമാകുന്നു എന്നറിയും. മൂന്നുകൊല്ലം ഇംഗ്ലണ്ടിലും 1893 മുതല്‍ 1914 വരെ ഇരുപത്തൊന്നുകൊല്ലം ദക്ഷിണാഫ്രിക്കയിലും ജീവിച്ചൊരാള്‍ രാഷ്ട്രപിതാവായിരുന്നിട്ടും മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ പ്രവാസി സമൂഹം എന്തുകൊണ്ട് രാഷ്ട്രീയമായി നിശബ്ദമാക്കപ്പെട്ടു എന്ന് അമ്പരക്കും.

 

 

പുറപ്പാടുകളുടെ വേരുകള്‍
ഇന്ത്യയിലെ ചലനശേഷി കൂടിയ ഭാഷാസമൂഹങ്ങളിലൊന്നാണ് ഗുജറാത്തികള്‍. ആഫ്രിക്കയിലും അമേരിക്കയിലും മിഡില്‍ ഈസ്റിലുമായി വ്യാപിച്ചുകിടക്കുന്ന അവരുടെ സ്വാധീന വലയങ്ങള്‍ക്ക് പല നൂറ്റാണ്ടിന്റെ ചരിത്രമുണ്ട്.എങ്കിലും1888ല്‍ എം കെ ഗാന്ധി എന്ന പതിനെട്ടുവയസുകാരന്‍ ഇംഗ്ലണ്ടില്‍ നിയമപഠനത്തിനു പോകാന്‍ ആഗ്രഹിക്കുകയും അദ്ദേഹത്തിന്റെ കുടുംബം അതിന് വേണ്ട തയ്യാറെടുപ്പുകള്‍ നടത്തുകയും ചെയ്തപ്പോള്‍ മോത്ബനിയകള്‍ എന്ന സ്വജാതിക്കാര്‍ എതിര്‍പ്പുകളുമായി രംഗത്തു വന്നു. അവര്‍ സമുദായ യോഗം വിളിച്ചു ചേര്‍ക്കുകയും അതില്‍ ഹാജരാകാന്‍ ഗാന്ധിയോട് ആവശ്യപ്പെടുകയും ചെയ്തു.

‘നമ്മുടെ സമുദായക്കാരുടെ അഭിപ്രായത്തില്‍ ഇംഗ്ലണ്ടില്‍ പോകാനുളള നിന്റെ ഉദ്ദേശം ഉചിതമല്ല.വിദേശത്തേയ്ക്ക് സമുദ്രയാത്രചെയ്യുന്നത് നമ്മുടെ മതം വിലക്കിയിരിക്കുന്നു’ സമുദായത്തലവനായ സേട്ടിന്റെ ഈ വാക്കുകള്‍ ഗാന്ധിയ്ക്ക് സ്വീകാര്യമായിരുന്നില്ല.

‘നീ സമുദായത്തിന്റെ കല്‍പ്പനകളെ അവഗണിക്കുമോ?’ എന്ന ചോദ്യത്തിന് ഞാന്‍ തീര്‍ച്ചയായും നിസ്സഹായനാണ് ഇക്കാര്യത്തില്‍ സമുദായം ഇടപെടരുതെന്ന് എനിക്ക് തോന്നുന്നു, എന്ന് ഗാന്ധി മറുപടി നല്‍കി. കുപിതനായ സേട്ടുവിന്റെ പ്രഖ്യാപനം ഇങ്ങനെയായിരുന്നു.
‘ഇന്നുമുതല്‍ ഈ കുട്ടിയെ സമുദായ ഭ്രഷ്ടനായി കണക്കാക്കണം അവനെ സഹായിക്കുകയോ യാത്ര അയയ്ക്കാന്‍ തുറമുഖത്തേയ്ക്ക് പോവുകയോ ചെയ്യുന്നവര്‍ ഒന്നേകാല്‍ രൂപവീതം പിഴ അടയ്ക്കാന്‍ ശിക്ഷിക്കപ്പെടും.

സമുദായ സേട്ടുമാരുടെ തീട്ടൂരങ്ങളെ, ഭീഷണികളെ,ശക്തിപ്രകടനങ്ങളെ പത്തൊമ്പതാം നൂറ്റാണ്ടില്‍ മോഹന്‍ദാസ് കരംചന്ദ് എന്നപയ്യന്‍ എങ്ങനെ നേരിട്ടു,എന്ത് വിലകല്‍പ്പിച്ചു എന്നത് ഏറെ കാലിക പ്രാധാന്യമുള്ള വിഷയമാണ്.

തിണ്ണമിടുക്കുകളല്ല,മറ്റിടങ്ങളേയും അവിടങ്ങളിലെ മനുഷ്യരേയും ജീവിതത്തേയും കുറിച്ചുള്ള അറിവ്, അന്വേഷണം,പറ്റിപ്പിടിച്ചുനില്‍ക്കുന്നതിനെ വിട്ടുപോകാനുള്ള ആഗ്രഹം, സന്നദ്ധത, പരിശ്രമം, പ്രാപ്തി ഇതൊക്കെയും പ്രവാസ പഠനങ്ങളുടെ അടിസ്ഥാനമാണ്. ജീവിതം പ്രതിസന്ധിയില്‍ ആകുന്നതിന്റെ കാരണങ്ങളുടെ അടിത്തട്ടില്‍ തെളിയുന്നത് രാഷ്ട്രീയ പ്രശ്നങ്ങളാണെന്നതുകൊണ്ട് അതിജീവനപ്രവര്‍ത്തനങ്ങളും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളാകും.ഇവിടെ മനുഷ്യരുടെ ജന്മവാസനകള്‍ക്കും സഞ്ചാരസ്വാതന്ത്യ്രത്തിനുമാണ് ഊന്നല്‍.അതിനെ ഒളിച്ചോട്ടമായോ പലായനമായോ വിലയിരുത്തുന്നത് കാലഹരണപ്പെട്ട ഒരു കാഴ്ചപ്പാടാണ്.

 

ഗാന്ധിയും കസ്തൂര്‍ബയും


 

കസ്തൂര്‍ബയുടെ സഞ്ചാരസ്വാതന്ത്യ്രം
സമുദായ നേതൃത്വത്തോട് ഗാന്ധി കലഹിക്കുന്നതുപോലെ തന്നെ ഭര്‍ത്താവ് എന്ന അധികാര രൂപത്തോട് പതിമൂന്നാം വയസില്‍ കസ്തൂര്‍ബ കലഹിച്ചതും സഞ്ചാരസ്വാതന്ത്യ്രം മുന്‍നിര്‍ത്തിയായിരുന്നു..മോഹന്‍ദാസ് എന്ന പയ്യനെ ആദര്‍ശവല്‍ക്കരിക്കാന്‍ താത്പര്യമില്ലാത്തതുകൊണ്ടാകണം ഗാന്ധി അത് വിവരിക്കുന്നുണ്ട്.

“അവളുടെ ഓരോ ചലനവും നിരീക്ഷിച്ചിരിക്കുക എന്റെ കടമയായി ഞാന്‍ കണക്കാക്കി. അതിനാല്‍ എന്റെ അനുവാദംകൂടാതെ അവള്‍ക്കെങ്ങും പോകാനാവില്ലെന്ന അവസ്ഥയായി.ഇതു ഞങ്ങള്‍ തമ്മില്‍ കടുത്ത കലഹത്തിന് വിത്തുപാകി.എന്റെ നിയന്ത്രണം ഫലത്തില്‍ അവളെ ഒരു തടവുകാരിയാക്കി.അതു സഹിക്കുന്ന കൂട്ടത്തിലായിരുന്നില്ല കസ്തൂര്‍ബ.അവള്‍ക്കിഷ്ടമുള്ളപ്പോള്‍ ഇഷ്ടമുള്ളിടത്തുപോകുക അവളൊരു പതിവാക്കി.ഞാന്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയപ്പോള്‍ അവള്‍ കൂടുതല്‍ സ്വാതന്ത്യ്രമെടുക്കുകയാണുണ്ടായത്” (അധികാരം പ്രയോഗിക്കുന്ന ഭര്‍ത്താവ്)

 

 

ചെന്നെത്തുന്നിടം കൂടാവുംവിധം
1888 നും1891 നുമിടയ്ക്കുള്ള ഗാന്ധിയുടെ ഇംഗ്ലണ്ടിലെ ജീവിതം മുന്നോട്ടു വച്ച ചില വസ്തുതകളുണ്ട്. അതില്‍ ആദ്യത്തേത്, എത്തിച്ചേരുന്ന ദേശത്ത് ആശയ വിനിമയത്തിനുള്ള ഭാഷ സ്വായത്തമാക്കുന്നതിനൊപ്പം അവരുടെ സാമൂഹിക സാംസ്കാരിക ജീവിതം പഠിക്കാനുള്ള ശ്രമങ്ങളാണ്.നിയമത്തിനൊപ്പം ഗാന്ധി ഫ്രഞ്ചും പ്രസംഗവും നൃത്തവും വയലിനും പഠിക്കാന്‍ തുടങ്ങുന്നു.എന്നാല്‍ നൃത്തവും സംഗീതവും തനിക്ക് വഴങ്ങുന്നില്ലെന്നും ഇങ്ങനെ ചെയ്യുന്നതില്‍ ഇംഗ്ലീഷ് മാന്യനാകാനുള്ള ഭ്രമങ്ങളാണുള്ളതെന്നും അതിനപ്പുറം എല്ലാറ്റിനും കൂടിയുള്ള ഫീസ് നല്‍കാനുള്ള സാമ്പത്തിക ഭദ്രത തനിക്കില്ലെന്നും തിരിച്ചറിയുന്നു.

തുടര്‍ന്ന് നൃത്തവും സംഗീതവും പ്രസംഗപഠനവും ഉപേക്ഷിച്ച് ലളിത ജീവിതവും മിതവ്യയവും ശീലിക്കുന്നു. വരവ് ചെലവുകളുടെ കണക്ക് സൂക്ഷിക്കാന്‍ തുടങ്ങുന്നു.സ്വയം പാചകം ചെയ്യാന്‍ പഠിക്കുന്നു. ഇംഗ്ലണ്ടിലെ മെട്രിക്കുലേഷന്‍ പരീക്ഷക്ക് ചേര്‍ന്ന് ഫ്രഞ്ചിനൊപ്പം ലാറ്റിന്‍ ഭാഷകൂടി അഭ്യസിക്കുന്നു.സ്ത്രീകളും പുരുഷന്മാരുമായ ഇംഗ്ലീഷ് സുഹൃത്തുക്കളുമായി ഇടപഴകുകയും ബന്ധങ്ങളില്‍ സത്യസന്ധത പുലര്‍ത്തുകയും ചെയ്യുന്ന ഗാന്ധി വായിച്ചും ചര്‍ച്ചചെയ്തും വ്യത്യസ്ത ആശയങ്ങളേയും വിശ്വാസധാരകളേയും അറിയാന്‍ ശ്രമിക്കുന്നുണ്ട്.സസ്യാഹാരത്തില്‍ താത്പ്പര്യമുള്ളതിനാല്‍ അത് പ്രചരിപ്പിക്കുന്ന സംഘടനയില്‍ അംഗത്വമെടുത്തു പ്രവര്‍ത്തിക്കുന്നു. ഒരാഴ്ചക്കാലത്തെ പാരീസ് സന്ദര്‍ശനമായിരുന്നു ഇക്കാലയളവിലെ ഗാന്ധിയുടെ മറ്റൊരു വിദേശാനുഭവം.

1891 ജൂണ്‍ 11ന് ബാരിസ്ററായി സന്നതെടുത്ത ഗാന്ധി തൊട്ടടുത്ത ദിവസം നാട്ടിലേയ്ക്ക് കപ്പല്‍ കയറി.ഇംഗ്ലണ്ടിലെ ജീവിതം ഗാന്ധിയെ ബാരിസ്ററാക്കുക മാത്രമായിരുന്നില്ല. അത് രണ്ട് പതിറ്റാണ്ടു നീണ്ട ദക്ഷിണാഫ്രിക്കന്‍ ജീവിതത്തിന് സവിശേഷമായ ഒരു അടിത്തറ ഒരുക്കി.പ്രവാസിയായ ഒരാള്‍ വിയോഗങ്ങള്‍ക്കപ്പുറം ഒട്ടേറെ വൈകാരിക പ്രതിസന്ധികളെ അഭിമുഖീകരിക്കും. ഇവ പില്‍ക്കാലത്ത് ഒരു തരം പക്വത നല്‍കുമെങ്കിലും ആ അവസ്ഥകളെ കടന്നുപോവുക അത്ര എളുപ്പമല്ല

ഗാന്ധിയുടേത് ശൈശവ വിവാഹം ആയിരുന്നതിനാല്‍ കസ്തൂര്‍ബയേയും ഒരു കൈക്കുഞ്ഞിനേയും നാട്ടിലാക്കിയിട്ടാണ് മോഹന്‍ദാസ് ഇംഗ്ലണ്ടിലേയ്ക്ക് കപ്പല്‍ കയറിയത്.നേരത്തെ തന്നെ അച്ഛന്‍ മരിച്ചിരുന്നു. അമ്മ മരിക്കുന്നതാകട്ടെ അദ്ദേഹം ഇംഗ്ലണ്ടിലായിരുന്നപ്പോഴും. അത് അറിയിക്കാതെ മറച്ച് വച്ച് നാള്‍കഴിച്ച ഏട്ടന്‍ കപ്പലിറങ്ങുമ്പോള്‍ ആ വാര്‍ത്ത കൈമാറുകയായിരുന്നു.

 

 

വിലക്കപ്പെട്ട വഴികളില്‍
ദാദാ അബ്ദുള്ള ആന്റ് കമ്പനി അവരുടെ ഒരു കേസ് നടത്തിപ്പില്‍ സഹായിക്കാനുള്ള ആളെന്ന നിലയില്‍ ഗാന്ധിയെ ക്ഷണിച്ചതാണ് ദക്ഷിണാഫ്രിക്കന്‍ ജീവിതത്തിന് തുടക്കമിട്ടത്.നിയമ ബിരുദത്തിനൊപ്പം ലോകത്തെക്കുറിച്ച് താന്‍ നേടിയിട്ടുള്ള അറിവും അനുഭവങ്ങളും തുണയ്ക്കുമെന്ന വിശ്വാസമാണ് ദാദാ അബ്ദുള്ള ആന്റ് കമ്പനിയുടെ ഒരു വര്‍ഷത്തേയ്ക്കുള്ള തൊഴില്‍ വാഗ്ദാനം സ്വീകരിക്കാന്‍ പ്രേരണയായത്.എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ ജീവിതത്തിലെ ദുരിതവും പീഡനങ്ങളും പ്രതീക്ഷിക്കാവുന്നതിലും സങ്കല്‍പ്പിക്കാവുന്നതിലും അപ്പുറത്തായിരുന്നു.

റെയിവേ സ്റ്റേഷനിലും കോടതി മുറിയിലും ഹോട്ടലിലും അപമാനിക്കപ്പെടുക മാത്രമല്ല പലപ്പോഴും മര്‍ദ്ദനമേറ്റുവാങ്ങുകയും ചെയ്തു. മാരിറ്റ്സ് ബര്‍ഗില്‍ റെയില്‍വെ പൊലീസുകാരന്‍ ഗാന്ധിയെ തീവണ്ടിയില്‍ നിന്ന് പുറത്തേയ്ക്ക് തള്ളി. ജോഹനാസ്ബര്‍ഗിലേയ്ക്ക് കുതിരവണ്ടിയില്‍ യാത്ര ചെയ്യുമ്പോള്‍ അതിലെ ജോലിക്കാരന്‍ പൊതിരെ തല്ലി. പ്രസിഡന്‍സി സ്ട്രീറ്റിലെ പാറാവുകാരന്‍ ചവിട്ടി നിലത്തിട്ടു. കരാര്‍ജോലിക്കാരനായാലും കച്ചവടക്കാരനയാലും ഗുമസ്തനായാലും വക്കീലായാലും ഇന്ത്യക്കാരെ മുഴുവന്‍ കൂലികളായി പരിഗണിക്കുന്ന കടുത്ത വര്‍ണ്ണ വിവേചനമായിരുന്നു ഈ പീഡനങ്ങളുടെ കാരണം.ഇന്ത്യന്‍ കൂലികള്‍ക്ക് വിലക്കപ്പെട്ട നടവഴികള്‍ പോലുമുണ്ടായിരുന്നതിനാല്‍ ഗാന്ധിക്കിത് സഞ്ചാര സ്വാതന്ത്യ്രത്തിന്റെ തുടര്‍പ്രശ്നമായിരുന്നു.അതിനപ്പുറം ദേശാന്തരങ്ങളിലെ അയിത്തമായിരുന്നു.

 

അഭിഭാഷക കാലം. ചിത്രീകരണം: ആദിമൂലം


 

ബാലസുന്ദരത്തിന്റെ ചോര
വാസസ്ഥലങ്ങളിലും (കൂലിലൊക്കേഷന്‍സ്), തൊഴിലിടങ്ങളിലും ഇതേ അവസ്ഥ തന്നെയായിരുന്നു.ബാലസുന്ദരമെന്ന ഒരു കരാര്‍ തൊഴിലാളിയുടെ അനുഭവം
ഗാന്ധി തന്നെ വിവരിച്ചിട്ടുണ്ട്.

“ആ ഘട്ടത്തിലാണ് ഒരു തമിഴന്‍ വിറച്ചും കരഞ്ഞുംകൊണ്ട് എന്റെ മുമ്പില്‍ വന്നു നിന്നത്. അയാളുടെ വസ്ത്രങ്ങ?ള്‍ കീറിപ്പറിഞ്ഞിരുന്നു.തലേക്കെട്ടെടുത്തു കയ്യില്‍ പിടിച്ചിരുന്നു. അയാളുടെ മുന്‍ വശത്തെ രണ്ടു പല്ലുകള്‍ തകര്‍ന്ന് വായില്‍ നിന്നും രക്തം ഒലിച്ചിരുന്നു. തമിഴനായ എന്റെ ക്ലാര്‍ക്കില്‍ നിന്നും അയാളെക്കുറിച്ചുള്ള എല്ലാ വിവരവും ഞാന്‍ ഗ്രഹിച്ചു. ബാലസുന്ദരം എന്നാണ് പേര്. അയള്‍ ഡര്‍ബനിലെ അറിയപ്പെടുന്ന ഒരു യൂറോപ്യന്‍ താമസക്കാരന്റെ കീഴില്‍ കരാര്‍ ജോലിചെയ്യുകയായിരുന്നു. കോപം വന്ന യജമാനന്‍ ആത്മ നിയന്ത്രണം വിട്ട് ബാലസുന്ദരത്തെ ശക്തിയായി അടിച്ച് പല്ലു തകര്‍ക്കുകയാണുണ്ടായത്.

ഗാന്ധി ഒരു ഡോക്റ്ററുടെ സര്‍ട്ടിഫിക്കറ്റ് വാങ്ങിയശേഷം ബാലസുന്ദരത്തെ കോടതിയില്‍ ഹാജരാക്കി.കോടതി ബാലസുന്ദരത്തിന്റെ സ്പോണ്‍സര്‍ക്ക് സമന്‍സ് അയച്ചു.തുടര്‍ന്ന് ബാലസുന്ദരത്തിന്റെ സ്പോണ്‍സറില്‍ നിന്ന് റിലീസ് വാങ്ങിയ ഗാന്ധി അയാള്‍ക്ക് മറ്റൊരു യൂറോപ്യന്റെ കീഴില്‍ ജോലി തരപ്പെടുത്തി. കരാര്‍ത്തൊഴിലാളികള്‍ക്കിടയില്‍ ഗാന്ധിയ്ക്ക് വലിയ സ്വീകാര്യതയുണ്ടാക്കിയ ഈ സംഭവത്തിന് നൂറ്റി ഇരുപത് വര്‍ഷം പഴക്കമുണ്ടെങ്കിലും സ്പോണ്‍സറും പീഡനവും റിലീസും വലിയ മാറ്റമില്ലാതെ ഇന്നും തുടരുന്നു.ഗള്‍ഫുകാര്‍ക്ക് ചിരപരിചിതങ്ങളായ ഈ പദങ്ങള്‍ ഗള്‍ഫിന്റേതല്ല. ഒരു ഇന്ത്യന്‍ തൊഴിലാളിയ്ക്ക് വിദേശത്ത് തൊഴില്‍ നഷ്ടപ്പെടാതെ റിലീസ് വാങ്ങിയ ആദ്യത്തെയാള്‍ ഒരു പക്ഷേ മോഹന്‍ ദാസ് കരം ചന്ദ് എന്ന വക്കീലാകണം.

 

നെറ്റാള്‍ ഇന്ത്യന്‍ കോണ്‍ഗ്രസ് കാലം


 

സ്വാതന്ത്യ്രത്തിന്റെ ചിറകുകള്‍
ഇംഗ്ലണ്ടില്‍ വച്ച് പലപ്പോഴും പ്രസംഗിക്കാന്‍ ശ്രമിച്ച് ഗാന്ധി പരാജയപ്പെട്ടിരുന്നു. എഴുതിവായിക്കാന്‍ ശ്രമിച്ചപ്പോഴും ഫലം മറിച്ചായിരുന്നില്ല. പ്രിട്ടോറിയയിലെ ഇന്ത്യക്കാരെ അഭിസംബോധന ചെയ്തുള്ള പ്രസംഗമായിരുന്നു ഗാന്ധിയുടെ ആദ്യ പൊതുപ്രസംഗം.ഹിന്ദുക്കള്‍, മുസ്ലിങ്ങള്‍, പാഴ്സികള്‍, കൃസ്ത്യാനികള്‍, ഗുജറാത്തികള്‍. മദ്രാസികള്‍, പഞ്ചാബികള്‍, സിന്ധികള്‍, കച്ചികള്‍, സൂറത്തികള്‍ ഇങ്ങനെ പലവിഭാഗങ്ങളായി വിഘടിച്ചുനിന്നവരെ ഏകോപിപ്പിച്ചുകൊണ്ട് ഗാന്ധി 1894 ല്‍ നെറ്റാള്‍ ഇന്ത്യന്‍ കോണ്‍ഗ്രസ് രൂപികരിച്ചു. ഇന്ത്യന്‍ കുടിയേറ്റക്കാരുടെ അവകാശങ്ങള്‍ക്കായുള്ള സമരവും വര്‍ണ്ണ വിവേചനത്തിനെതിരായ പോരാട്ടവും ഒന്നിച്ചു നയിച്ചു.

പൊതു സംഘടനയ്ക്ക് കീഴില്‍ ജനങ്ങളെ ഒന്നിപ്പിക്കുകയും ബോധവല്‍ക്കരിക്കുകയും അവരുമായി ആത്മാര്‍ത്ഥവും സത്യസന്ധവുമായ ബന്ധം സൂക്ഷിക്കുകയും ചെയ്യല്‍, നിവേദനങ്ങളും പരാതികളും നല്‍കിക്കൊണ്ട് അധികാരത്തോട് സംസാരിക്കുകയും ചര്‍ച്ച നടത്തുകയും ചെയ്യല്‍, മാധ്യമങ്ങളെ ഉപയോഗിച്ചും ഇന്ത്യന്‍ ഒപിനിയന്‍ പോലുള്ള പ്രസിദ്ധീകരണങ്ങള്‍ സ്ഥാപിച്ചും പ്രശ്നങ്ങളെ ലോകശ്രദ്ധയില്‍ കൊണ്ടുവരല്‍, സത്യാഗ്രഹം പോലുള്ള അക്രമ രഹിതമായ സമരമാര്‍ഗങ്ങള്‍ തേടല്‍ -പ്രധാമായും ഈ നാല് വഴികളാണ് ഗാന്ധി അവലംബിച്ചത്. ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാരുടെ അവസ്ഥയെക്കുറിച്ച് ഒരു പ്രമേയം അവതരിപ്പിക്കുന്നതിനുവേണ്ടിയാണ് ഗാന്ധി ആദ്യമായി ഒരു കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുത്തത്. 1901ല്‍ കല്‍ക്കത്തയിലായിരുന്നു ഇത്.

 

 

പ്രവാസ രാഷ്ട്രീയത്തിന്റെ പിതാവ്
ഇംഗ്ലണ്ടിലെ ജീവിതം ഗാന്ധിയ്ക്ക് അടിത്തറ ഒരുക്കി എന്നപോലെ ഒരു പരിമിതിയാകുകയും ചെയ്തു.ദീര്‍ഘകാലം അദ്ദേഹം ബ്രിട്ടിഷ് സാമ്രാജ്യത്തിന്റെ ഒരു പ്രജയും വിശ്വാസിയും വിധേയനുമായിരുന്നു. ഗാന്ധിതന്നെ സ്വയം വിമര്‍ശനപരമായി കാണുന്നപോലെ ഒരു ഭക്തനുമായിരുന്നു. നിവേദനങ്ങളും കൂടിയാലോചനകളും ഒരു തുടര്‍പ്രക്രീയ ആയിരുന്നു. പ്രവാസ രാഷ്ട്രീയ പശ്ചാത്തലമാണ് ഒരു പക്ഷേ ഗാന്ധിയന്‍ രാഷ്ട്രീയത്തെ പ്രായോഗിക രാഷ്ട്രീയമാക്കിമാറ്റുന്നത്.കരാര്‍ കുടിയേറ്റ നിരോധനത്തിനായുള്ള പ്രക്ഷോഭത്തില്‍ ബോബെയില്‍ യോഗം ചേര്‍ന്നത് സാമ്രാജ്യത്വ പൌരത്വ സംഘടനയുടെ പേരിലാണ്. അങ്ങനെയൊരു സംഘം തന്നെ ഇന്ന് അസംബന്ധമായി തോന്നും. എന്നാല്‍ മറ്റൊരു ദിശയില്‍ നോക്കിയാല്‍ അതില്‍ ഉള്ളില്‍ കടന്നുള്ള ഒരു കളിയുണ്ട്. ഇന്ത്യയില്‍ നിന്നുള്ള കരാര്‍ കുടിയേറ്റം 1917ല്‍ നിരോധിക്കപ്പെട്ടു. 1894ലാണ് ഗാന്ധി അതിനെതിരെ ആദ്യ ഹര്‍ജി തയ്യാറാക്കിയത് .

1849 മുതല്‍ 1883 വരെ ലണ്ടനില്‍ 34 വര്‍ഷം പ്രവാസ ജീവിതം നയിച്ച ഒരു ജര്‍മ്മന്‍കാരനുണ്ട്, കാള്‍ മാര്‍ക്സ്. പല ദേശങ്ങളില്‍ നിന്ന് നാടുകടത്തപ്പെട്ട ഒരു രാഷ്ട്രീയ അഭയാര്‍ഥി ആയിരുന്നു അദ്ദേഹം.സമാനതകളില്ലാത്ത വിചാരലോകത്തിന്റെ ഉടമയും. ദക്ഷിണാഫ്രിക്കയില്‍ ഗാന്ധി എത്തുന്നതാകട്ടെ വാഗ്ദാനം ചെയ്യപ്പെട്ട ഒരു തൊഴില്‍ സ്വീകരിച്ചുകൊണ്ടും. ലോകരാഷ്ട്രീയത്തില്‍ പ്രവാസ രാഷ്ട്രീയം സവിശേഷ പ്രാധാന്യം നേടുന്ന പുതിയ ഘട്ടത്തില്‍ പ്രവാസ രാഷ്ട്രീയത്തിന്റെ പിതാവ് എന്നാവും ഗാന്ധിയെ കൃത്യമായി വിശേഷിപ്പിക്കാനാവുക. ഒരേ സമയം പലതുറമുഖങ്ങളില്‍ വന്നു നിന്ന് അദ്ദേഹം വ്യക്തിയോടും സമൂഹത്തോടും ഒരേപോലെ സംസാരിച്ചുകൊണ്ടിരിക്കുന്നു.
 
 
 
 

3 thoughts on “കടല്‍ കടന്നുപോയ ഗാന്ധി

 1. പ്രവാസ രാഷ്ട്രീയത്തിന്റെ പിതാവ് എന്ന നിരീക്ഷണം ഗാന്ധി പഠനത്തില്‍ ആദ്യമായിട്ടായിരിക്കണം. തുടര്‍ന്നുള്ള ഒരു ചര്‍ച്ചക്ക് ഈ നിരീക്ഷണം ഉതകുമായിരിക്കും. എല്ലാ രാഷ്ട്രീയ ഇടപെടലുകളും അടിച്ചമര്‍ത്തി വീര്‍ക്കുന്ന ഗള്‍ഫുകാരന്റെ ജീവിതത്തില്‍ ഇടക്കിടെ ഗാന്ധി തല പൊങ്ങിവരുന്നത് ഇതുകൊണ്ടൊക്കെ ആയിരിക്കാം..
  അഭിവാദ്യങ്ങള്‍

  • പ്രവാസിയുടെ രാഷ്ട്രീയം വിട്ടുപോന്ന ഇടത്തിന്റെയോ എത്തിച്ചേർന്ന ഇടത്തിന്റെയോ രാഷ്ട്രീയം അല്ല.മൂന്നാമതൊന്നു രൂപപ്പെടുന്നു. ആ മാറുന്ന രാഷ്ട്രീയത്തിന് പിന്നിൽ ഒരു രാഷ്ട്രം ഇല്ല.ജൂലായ് വെയ് ലിൽ വെന്തുനിൽക്കുന്ന ഗൾഫ് തെഴിലാളി ദുബായിലെ പലസ്തീനിയെ എങ്ങനെ കാണും? ഒരു കാലില്ലാത്തയാൾ മുടന്തുള്ളൊരാളെ നോക്കുന്നപോലെ.ഈ നോട്ടം നമ്മുടെ രാജ്യാന്തര രാഷ്ട്രീയത്തിൽ ചെറുതെങ്കിലും ഒരു വ്യത്യാസത്തെ രേഖപ്പെടുത്തും.മറ്റൊരു രാജ്യത്തുപോയി ജോലി എടുത്ത് ധനം നേടി മടങ്ങി വന്ന് നല്ലൊരു ജീവിതം കരുപ്പിടിപ്പിക്കാമെന്നത് അപ്രായോഗികമാണെന്ന് അനുഭത്തിലൂടെ അറിയും. മറ്റെങ്ങോ നടക്കുന്ന കളിയ്ക്ക് അകലത്തിരുന്ന് അമ്പയറാകാൻ ആവില്ലെന്നും.അപ്പോഴാണ് പല ഇടങ്ങളിൽ ജീവിച്ച് മുൻ പരിചയമുള്ളവർ തലപൊന്തിക്കുക.

 2. നന്നായിരിക്കുന്നു
  പ്രവാസ
  കണ്ണിലുടെയുള്ള ഈ
  ഗാന്ധി നിരീഷണം

Leave a Reply

Your email address will not be published. Required fields are marked *