‘മ്യൂസിയം പീസുപോലെ വനത്തില്‍ സൂക്ഷിക്കേണ്ടവരല്ല, ആദിവാസികള്‍’

 
 
 
 
വികസനം,കുടിയൊഴിപ്പിക്കല്‍, ആദിവാസികള്‍, എന്‍.ജി.ഒ…
മൂന്ന് പതിറ്റാണ്ടിലേറെയായി പരിസ്ഥിതി ഗവേഷണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോ. എസ് ശങ്കര്‍ സംസാരിക്കുന്നു.
ഗവേഷകയായ ധന്യ ബാലന്‍ നടത്തിയ അഭിമുഖത്തിന്റെ രണ്ടാം ഭാഗം.

 

 

ആദിവാസി അവിടെത്തന്നെ ഇരുന്നാല്‍ യാതൊരു പ്രശ്നവുമില്ല. പക്ഷേ, അവനിന്ന് വിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടില്‍ പോവാത്തവനാണ്. അവന്‍ പഠിച്ചവനാണ്. നാട്ടിലവന് ഒരു ജോലി വേണം. പക്ഷേ, നാട്ടിലെ ജീവിതത്തിലേക്ക് അവന് ഏറെ സഞ്ചരിക്കാനുണ്ട്. അവന്‍ കാടു വിട്ടിറങ്ങി. പക്ഷേ, നാട്ടിലേക്കെത്തിയില്ല.
മുഖ്യധാരയിലേക്ക് അവനെ കൊണ്ടുവന്ന് വനസംരക്ഷണ ദൌത്യം ഏല്‍പ്പിക്കുക എന്നതാണ് ഏറ്റവും നല്ലത്. ഇമോഷണലായി ചിന്തിച്ച് അവന്‍ കാട്ടില്‍ത്തന്നെ കഴിഞ്ഞോട്ടെ എന്ന് വിചാരിക്കുന്നത്, അവന്‍ അമ്പും വില്ലും മാത്രം ആയുധമായിക്കോട്ടെ എന്ന് വിചാരിക്കുന്നത് – ഒന്നും ശരിയല്ല- ഡോ. എസ് ശങ്കര്‍ സംസാരിക്കുന്നു

 

 

വികസന യുദ്ധങ്ങളുടെ രാഷ്ട്രീയം

പാരിസ്ഥിതിക മാറ്റങ്ങള്‍ക്കൊപ്പം തന്നെ ഇവിടെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ് വികസന വ്യവഹാരങ്ങള്‍. കേരളത്തില്‍ അത് രൂപപ്പെട്ടതും വളര്‍ന്നതും അടുത്തുനിന്ന് കണ്ട, കാണുന്ന ഒരാളാണ് താങ്കള്‍. എങ്ങനെ കാണുന്നു കേരളത്തിന്റെ വികസന ചര്‍ച്ചകളെ. അവയുടെ പരിണാമങ്ങളെ?

വികസനം എന്നത് രണ്ടാം ലോക മഹായുദ്ധത്തിനുശേഷം മനുഷ്യരെ കീഴടക്കാനുള്ള ആയുധമായിട്ടാണ് രൂപപ്പെട്ടത്. യുദ്ധത്തിനുശേഷം വന്ന വികസനത്തെയും മനുഷ്യര്‍ ആയുധമായി കണക്കാക്കി. ‘എങ്ങനെയങ്കിലും ജയിക്കുക’ എന്ന രീതിയിലുള്ള വികസന സമീപനം തന്നെ യുദ്ധ തന്ത്രമാണ് -ഡാം നിര്‍മിക്കുക, സ്ഥലങ്ങള്‍, കാടുകള്‍ ഇവ വെട്ടിപ്പിടിക്കുക, ഫാക്ടറികള്‍ നിര്‍മിക്കുക, ഇറിഗേഷന്‍ കനാല്‍, റോഡ് എന്നിവ നിര്‍മിക്കുക, കമ്യൂണിക്കേഷന്‍ ഉപാധികള്‍ ഉണ്ടാക്കുക, അനേകര്‍ക്ക് തൊഴില്‍ ഉണ്ടാക്കുകഎന്നിങ്ങനെ-ലോകമഹായുദ്ധങ്ങള്‍ക്കുശേഷം യുദ്ധങ്ങളുടെ സ്വഭാവത്തില്‍ ഉണ്ടായ ഈ മാറ്റങ്ങള്‍ കേരളത്തിലേക്ക് വന്നത് തൊണ്ണൂറുകളുടെ മധ്യത്തിലാണ്. ഒരു വികസന യുദ്ധത്തിന്റെ പ്രധാന ഹേതു മറ്റു രാജ്യങ്ങളോടുള്ള അല്ലെങ്കില്‍ സംസ്ഥാനങ്ങളോടുള്ള മല്‍സരമാണ്. തമിഴ്നാട്ടില്‍ അതുണ്ട്. അല്ലെങ്കില്‍ ദല്‍ഹിയില്‍ ഇതുണ്ട്. അതുകൊണ്ട് ,നമുക്കും എന്തു കൊണ്ട് ആയിക്കൂടാ എന്ന ചിന്താഗതി. 90കളില്‍ തുടങ്ങിയ ഈ മല്‍സരം ഇന്ന് അതിന്റെ രൂക്ഷ ഭാവത്തിലാണെന്ന് പറയാം.

വികസന ലോബികള്‍ക്ക് പണമുണ്ടാക്കാനുള്ള പ്രധാനമാര്‍ഗങ്ങളില്‍ മുഖ്യം കമ്യൂണിക്കേഷനാണ്. പരസ്പരം ബന്ധപ്പെടുന്ന എന്തും -റോഡ്, കേബിള്‍, ട്രയിന്‍ മുതല്‍ ഏയര്‍പോര്‍ട്ട് വരെ- ഈ കമ്യൂണിക്കേഷനില്‍ ഉള്‍പ്പെടുന്നു. ആറന്‍മുള മുതല്‍ കണ്ണൂര്‍ വരെയുള്ള അല്ലെങ്കില്‍ നെടുമ്പാശേãരി ഉള്‍പ്പടെയുള്ള വിമാനത്താവളങ്ങള്‍ അതില്‍പ്പെടുന്നു. ഇത്രയും ചെറിയ ഒരു സംസ്ഥാനത്ത് നാലഞ്ച് വിമാനത്താവളങ്ങളും അഞ്ചാറ് റെയില്‍വേ ലൈനുകളും, ഒരു പാട് റോഡുകളും.

നമുക്ക് ഇപ്പോള്‍ അങ്കമാലിയില്‍നിന്ന് ശബരിമലവരെ റെയില്‍ വേണം. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ റെയില്‍ കോറിഡോര്‍ വേണം. നമുക്ക് എകസ്പ്രസ് ഹൈവേ വേണം. എക്സ്പോര്‍ട് പ്രോസസിങ് സോണുകള്‍ വേണം. ഇങ്ങനെ 90കളില്‍ തുടങ്ങിയ വികസന പ്രവൃത്തികള്‍ മുന്നോട്ടുപോവുമ്പോള്‍ എല്ലാ സര്‍ക്കാറുകളും വിശിഷ്യാ ഇടതുപക്ഷം വിചാരിച്ചത് ഇതിന് ഒരു കടിഞ്ഞാണ്‍ ഇടേണ്ട എന്നാണ്. ഇതിന്റെയെല്ലാം ഫലമായി നെല്‍വയലുകളും നീര്‍ത്തടങ്ങളുമാണ് നമുക്കല്ലാം നഷ്ടപ്പെട്ടുപോയത്.

ധന്യ ബാലന്‍


കൃഷിയിടം മാത്രമല്ല വയല്‍

ഈ നെല്‍വയലുകളും നീര്‍ത്തടങ്ങളും സംരക്ഷിക്കുന്നതിനാണ് 2008ല്‍ നിയമം വരുന്നത്. ഈ നിയമം വന്നുവെങ്കിലും ഇതോടൊപ്പം ധാരാളം നിയമലംഘനങ്ങളും ഉണ്ടായി. ഈ നിയമലംഘനങ്ങളെ ന്യായീകരിക്കുവാനാണ് അവരിപ്പോള്‍ 2005 വരെയുള്ള നികത്തലുകളെ ന്യായീകരിക്കാം എന്ന് പറയുന്നത്. എന്തു കൊണ്ട് 2005? അത് എങ്ങനെയാണ് പറയാനാവുക? കാര്‍ബണ്‍ ഡേറ്റിങ് വഴി പോലും 2005, 2006,2007 എന്നൊന്നും കൃത്യമായി പറയാനാവില്ല. എനിക്കു തോന്നുന്നത് ഈ അവസ്ഥ വന്നാല്‍, നമ്മുടെ അവസാനത്തെ നെല്‍വയലും നമുക്ക് നഷ്ടപ്പെടും എന്നാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം അത് അങ്ങേയറ്റം വിനാശകരമാവും.

ഭൂമിശാസ്ത്രപരമായി ചെരിവിലാണ് നാം. വെള്ളം മുഴുവന്‍ ശേഖരിച്ചുവെച്ചിരിക്കുന്നത് തണ്ണീര്‍ തടങ്ങളിലും വയലുകളിലുമാണ്. വയല്‍ എന്നു പറഞ്ഞാല്‍ വെറും കൃഷിയിടം മാത്രമല്ല. ശരിക്കും വെള്ളം ശേഖരിച്ച് വെക്കുന്ന ഒരു തണ്ണീര്‍ത്തടമാണ് അത്. ഇത് ഇല്ലാതാവുമ്പോള്‍ വന്‍തോതില്‍ വെള്ളത്തിന്റെ ദൌര്‍ലഭ്യമുണ്ടാവും. ഇപ്പോള്‍ത്തന്നെ വേനല്‍ക്കാലത്ത് അതിവരള്‍ച്ചയും വര്‍ഷകാലത്ത് വെള്ളപ്പൊക്കവും മാറി വരുന്നത് നാം അനുഭവിക്കുന്നുണ്ട്. ഭൂവിനിയോഗത്തിന്റെ മാറ്റമാണ് ഈ അവസ്ഥക്ക് പ്രധാന കാരണം. നമ്മുടെ 40 ശതമാനം ഭൂമിയുടെയും വിനിയോഗത്തില്‍ മാറ്റം വരാന്‍ പോവുകയാണ്.

തണ്ണീര്‍ത്തട നിയമത്തിനെതിരെ പൂര്‍ണമായും കണ്ണടക്കുമ്പോള്‍ മലനാടും ഇടനാടും തീരപ്രദേശവും മാറ്റപ്പെട്ടേക്കാം. വനപ്രദേശങ്ങളായതിനാല്‍ മലനാട് ഒരുപക്ഷേ, സംരക്ഷിക്കപ്പെട്ടേക്കാം. ഇടനാട്ടില്‍ അതാവില്ല. തണ്ണീര്‍ത്തടങ്ങള്‍ ഇല്ലാതാവുന്നത് ഒരു പാട് പ്രദേശത്ത് ഓരു വെളളം കയറാനിടയാക്കും. കുടിവെള്ളപ്രശ്നങ്ങള്‍ രൂക്ഷമായേക്കാം. ഇപ്പോഴും കണക്കന്‍കടവ്, ഏലൂര്‍ ഭാഗങ്ങളില്‍ ഈ പ്രശ്നമുണ്ട്. പെരിയാര്‍ വഴി ജലം ലഭ്യമാക്കുന്നതില്‍ ചൊവ്വരവരെ ഈ പ്രശ്നം പറയപ്പെടുന്നുണ്ട്. ഭൂതത്താന്‍കെട്ട് തടഞ്ഞുനിര്‍ത്തുന്നത് ഇല്ലായിരുന്നുവെങ്കില്‍ നേര്യമംഗലം വരെ ഉപ്പുവെള്ളം കയറുമായിരുന്നു. ഇത്തരം പ്രശ്നങ്ങള്‍ വീണ്ടും ഉണ്ടായേക്കാം. നമുക്ക് നിയമങ്ങള്‍ ഉണ്ട്.

പിന്നെ, പുഴയുണ്ടാവില്ല

പക്ഷേ അവ പരിപാലിക്കപ്പെടുന്നില്ല. വനനിയമങ്ങള്‍ പരിപാലിക്കപ്പെടുന്നില്ല. റവന്യൂനിയമവും. ഇതിന്റെയെല്ലാം പ്രധാന കാരണം മാഫിയകളാണ്. പുഴയില്‍നിന്ന് മണലെടുക്കരുതെന്ന് ആരും പറയുന്നില്ല. അമിതമായി മണ്ണെടുക്കരുതെന്നേ പറയുന്നുള്ളൂ. സെസിന്റെ പഠനങ്ങളനുസരിച്ച് ഇന്നത്തെ രീതിയില്‍ മണലെടുക്കുന്നത് തുടര്‍ന്നാല്‍ 15 വര്‍ഷം കഴിഞ്ഞാല്‍ ഷൊര്‍ണൂര്‍ വരെ പൊന്നാനി വരെ പുഴ ഉണ്ടാവില്ല. ഭാരതപ്പുഴ ഉണ്ടാവില്ല.

നമ്മള്‍ മനുഷ്യരെ എന്താണ് മനസ്സിലാക്കിക്കേണ്ടത്? മണലാണ് വെള്ളത്തിന്റെ റിസര്‍വോയര്‍. മണലില്ലെങ്കില്‍ പുഴയുണ്ടാവില്ല. അപ്പോള്‍ പ്രശ്നം തൊഴിലാണ്. തൊഴിലാളികളാണ്. തൊഴില്‍നിയമങ്ങളാണ്. പഞ്ചായത്തിന്റെ റവന്യൂവാണ്. ഇതിനെയെല്ലാം ഡീലിമിറ്റ് ചെയ്ത് ഒരു ഒരു greentaxing വരുത്തി മണലിന് അമിത വില ഈടാക്കി റേഷന്‍ സമ്പ്രദായം വരുത്തിയാല്‍ ഇത് മാറും. പക്ഷേ, അത് നടക്കുന്നില്ല എന്നതാണ്സത്യം. നമുക്ക് റിവര്‍ മാനേജ്മെന്റ് കമ്മിറ്റികള്‍ ഉണ്ട്. സെസിന്റെ ഒരു വിഭാഗം നദീതട സംരക്ഷണത്തിനായി പവര്‍ത്തിക്കുന്നുണ്ട്. എന്നിട്ടും ഇതാണ് അവസ്ഥ.

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 2000ല്‍ ഞങ്ങള്‍ ഭാരതപ്പുഴയില്‍ ഇരുവശത്തും 35 കിലോ മീറ്ററില്‍ ഇടതും വലത്തുമായി നീളത്തില്‍ മുള നട്ടു. ഭാരതപ്പുഴ ഉള്‍പ്പടെ നമ്മുടെ നദികള്‍ക്കൊന്നും ഇന്ന് സ്വന്തമായി തീരമില്ല. റവന്യൂ ഭൂമി മുഴുവന്‍ സ്വകാര്യവ്യക്തികള്‍ കൈയടക്കിയിരിക്കുന്നു. സ്വന്തം സ്ഥലത്ത് മുള നടാന്‍ ആരും അനുവദിക്കുന്നില്ല. അത് അവര്‍ക്ക് നടക്കാനുള്ള സ്ഥലമാണ്. കന്നുകാലി മേയ്ക്കുന്ന സ്ഥലമാണ്. അവര്‍ക്കത് നദീതടമല്ല. There is no riverbank in kerala. അവസാനം There is no rivers in kerala എന്ന അവസ്ഥയിലേക്ക് ഇത് എത്തിയേക്കാം.

 

 

കുടിയൊഴിപ്പിക്കലിന്റെ വര്‍ത്തമാനം

വികസനവും വന്‍കിട പദ്ധതികളും വരുമ്പോള്‍ ഉണ്ടാവുന്ന മറ്റൊരു മുഖ്യ പ്രശ്നമാണ് കുടിയൊഴിപ്പിക്കല്‍. കേരളത്തില്‍ ഇതിന്റെഅവസ്ഥ എന്താണ്? കാലാനുസൃതമായി കുടിയൊഴിപ്പിക്കലിലും പുനരധിവാസ പ്രവര്‍ത്തനങ്ങളിലും വന്ന മാറ്റങ്ങളെ എങ്ങനെ കാണുന്നു?

കുടിയൊഴിപ്പിക്കല്‍ രീതികളില്‍ തീര്‍ച്ചയായും മാറ്റം വന്നിട്ടുണ്ട്. 80നു മുമ്പ് ആരെയാണ്, എവിടെയാണ് കുടിയൊഴിപ്പിക്കുന്നതെന്ന് ആര്‍ക്കും അറിഞ്ഞുകൂടായിരുന്നു. സര്‍ക്കാര്‍ ഒരു വിജ്ഞാപനം ഇറക്കുന്നു. ആരും അത് വായിക്കുന്നില്ല. പിന്നീട് സര്‍ക്കാര്‍ ജനങ്ങളോട് ആവശ്യപ്പെടുന്നു-ഡാമിനുവേണ്ടി അല്ലെങ്കില്‍ റെയിലിനുവേണ്ടി നിങ്ങളെ കുടിയൊഴിപ്പിക്കുന്നു. ഒന്നുകില്‍ ഗവര്‍മെന്റ് അവര്‍ക്ക് സ്ഥലം കൊടുക്കുന്നു. അല്ലെങ്കില്‍ അവര്‍ സ്വയം കണ്ടുപിടിക്കുന്നു. പലരും എവിടേക്ക് പോകുന്നുവെന്ന് അറിയുന്നുമില്ല. 80നു മുമ്പ് ഇടുക്കി ഡാമിനായി ഒഴിഞ്ഞുപോയവര്‍ എവിടെയാണെന്ന് ആര്‍ക്കും അറിയില്ല. ആനിയുറങ്കാവ്, കുഞ്ചിത്തണ്ണി, പെരിങ്ങല്‍ക്കുത്ത്, ലോവര്‍ ഷോളയാര്‍, ആറളം, കക്കയം ഇവിടെയൊക്കെ ഇത് സംഭവിച്ചിട്ടുണ്ട്. കക്കയത്ത്നിന്ന് പോയവര്‍ എവിടെയാണ്? ഞാന്‍ തന്നെ അവസാനം തപ്പിപ്പിടിച്ചു.

പീച്ചി ഡാമിന്റെ നടുക്ക് ഒരു മലയ കോളനി ഉണ്ടായിരുന്നു. അവര്‍ എവിടെ പോയന്ന് ആര്‍ക്കും അറിയില്ല. അവര്‍ക്ക് കുണ്ടില്‍ ഒരു ക്ഷേത്രം ഉണ്ടായിരുന്നു. അത് ഇന്ന് ആര്യവല്‍കകരണം വന്ന് തുണ്ടത്തില്‍ അന്നപൂര്‍ണ്ണേശ്വരി ആയി. പക്ഷേ, ആളുകള്‍ എവിടെപ്പോയെന്ന് ആര്‍ക്കും അറിയില്ല. കുണ്ടിലുണ്ടായിരുന്ന മരത്തിന്റെയോ കല്ലിന്റെയോ ഒരു വിഗ്രഹം പഞ്ചലോഹ വിഗ്രഹമായി മാറി.

വേണ്ടത് പാരിസ്ഥിതിക സമീപനം

20,000 ചതുരശ്ര മീറ്റര്‍ ഉള്ള ഏതൊരു കെട്ടിടത്തിനും ഏതൊരു വികസനത്തിനും നമുക്കൊരു പരിസ്ഥിതി പത്രിക വേണം. അതില്‍ സോഷ്യല്‍ ഇംപാക്റ്റ് വളരെ പ്രധാനപ്പെട്ടതാണ്. സാമൂഹ്യപരമായി ഈ പദ്ധതി ആരെയാണ് ബാധിക്കുക-പ്രൊജക്റ്റ് അഫക്റ്റഡ് പീപ്പിള്‍- -അവരെ എങ്ങനെയാണ് പുനരധിവസിപ്പിക്കുക. Relocation and Rehabilitation വളരെ പ്രധാനമാണ്. നമുക്കറിയാം മൂലമ്പിള്ളി ആയാലും ചെങ്ങറ ആയാലും വയനാടോ ആതിരപ്പിള്ളിയോ അയാലും നമുക്ക് കൃത്യമായി അറിയാം ആരെ, എവിടേക്കാണ് മാറ്റേണ്ടതെന്ന്. National Rehabilitation Policy വന്നിട്ടുണ്ട്. അത് പ്രകാരം , ഇവരെ മാറ്റി പഴയതുപോലെ താമസവും ജീവിതവൃത്തിയും കൊടുക്കാതെ ഒരു പുതിയ വികസന പദ്ധതിയും പാടില്ല.

അത് നടപ്പാക്കേണ്ടിയിരിക്കുന്നു. ഉദാഹരണമായി മൂലമ്പിള്ളിയില്‍ 30^40 കുടുംബങ്ങളെ മാറ്റി. ശരിക്കും പറഞ്ഞാല്‍ അവിടെ പുതിയ ലൈനിന്റെ ആവശ്യമില്ലായിരുന്നു. അവിടെ പഴയ അലൈന്‍മെന്റ് ഉണ്ട്. വല്ലാര്‍പാടത്തേക്കുള്ള റെയില്‍ലൈന്‍. വര്‍ഷങ്ങളായി ഉപയോഗിക്കാത്തതിനെ തുടര്‍ന്ന് അവിടെ ഇപ്പോള്‍ ഭൂമാഫിയകള്‍ ഫ്ലാറ്റുകള്‍ കെട്ടിപ്പൊക്കിയിരിക്കുന്നു. ഇതുപയോഗിച്ചാല്‍ ഫ്ലാറ്റുകള്‍ക്കും അവിടെ താമസിക്കുന്നവര്‍ക്കും വിഷമമാവും. അതിനാല്‍ മൂലമ്പിള്ളി പദ്ധതി വന്നു.

ആദ്യം ജനങ്ങളെ ശക്തി ഉപയോഗിച്ച് തട്ടാന്‍ നോക്കി. പിന്നീട്, സമാധാനപരമായി അവിടെനിന്ന് മാറ്റി. ലോകത്തെ ഏറ്റവും നല്ല പാക്കേജ് നല്‍കുമെന്ന് ഇടതുപക്ഷ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തു. പക്ഷേ,ഒന്നും നടന്നില്ല. നമുക്കറിയാം, ഇപ്പോള്‍ ആരാണ് പോവുന്നതെന്ന്. കാരണം എവിടെ ഇത്തരം പ്രശ്നങ്ങള്‍ ഉടലെടുക്കുന്നുവോ അവിടെ ഒരു പ്രതിഷേധം ഉണ്ടാവുന്നുണ്ട്. ആളുകള്‍ കൂട്ടം ചേരുന്നുണ്ട്. ഒരു പരിസ്ഥിതിവാദിയെ-സി.ആര്‍ നീലകണ്ഠനെപ്പോലുള്ളവെരെയൊക്കെ-അല്ലെങ്കില്‍ മേധാപട്കറിനെയോ എന്‍.എപി.എമ്മിനെയോ ഒക്കെ^ആരെയെങ്കിലും കണ്ടെത്തി അവിടെ ഒരു സമരപ്പന്തലുണ്ടാവുന്നു. നമുക്ക് ഇപ്പോള്‍ അറിയാം ഇതെല്ലാം^പക്ഷേ അവരെ മാറ്റുന്ന രീതി, പുനരധിവസിപ്പിക്കുന്ന രീതി ഇതൊന്നും ശരിയായ രീതിയിലല്ല നടക്കുന്നത്.

 

 

ആദിവാസികള്‍ മ്യൂസിയം പീസല്ല

ആദിവാസി ജീവിതത്തെക്കുറിച്ച്, അവരുടെ കൂടെ ജീവിച്ചും അടുത്തറിഞ്ഞും, താങ്കള്‍ ഒരു പാട് പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. അടുത്തു കാലത്തുണ്ടായ മാറ്റങ്ങളുടെ വെളിച്ചത്തില്‍ അവരുടെ മുഖ്യധാരയുമായുള്ള ഇടപെടലുകളെ എങ്ങനെ കാണുന്നു?

രണ്ട് കാര്യങ്ങളിലാണ് പ്രധാന മാറ്റം കണ്ടത്. 20 വര്‍ഷത്തെ ഇടവേളക്കുശേഷം ഈയടുത്ത കാലത്ത് ഞങ്ങള്‍ അട്ടപ്പാടിയില്‍ പോയിരുന്നു. ആനവായ്. എന്റെ ഒരു വിദ്യാര്‍ഥി അഞ്ജലിയുടെ പ്രൊജക്റ്റിനായി. ആദിവാസികളുടെ വനവുമായുള്ള ബന്ധം കുറയുകയും അവര്‍ മുഖ്യധാരയിലേക്ക് അടുക്കുകയും ചെയ്തിട്ടുണ്ട്. എനിക്കതില്‍ പഴയ വിഷമമൊന്നും ഇല്ല. കാരണം അവരെ മ്യൂസിയം പീസ് പോലെ വനത്തിനുള്ളില്‍ തന്നെ സൂക്ഷിക്കേണ്ടതില്ല.

ഉദാഹരണമായി, രണ്ട് വര്‍ഷം മുമ്പ് വയനാട് വന്യജീവി സങ്കേതത്തിനകത്തുള്ള 110 സെറ്റില്‍മെന്റിലെ ആളുകളെ, അവര്‍ സമ്മതിച്ചാല്‍ മാത്രം, മാറ്റി താമസിക്കാനൊരു പദ്ധതി ഞാന്‍ ഉണ്ടാക്കിയിരുന്നു. അവരുടെ ജീവിതം ദുസ്സഹമാണ്. രാത്രിയിലവര്‍ വന്യജീവികളെ ഭയപ്പെടുന്നു. പകല്‍ തങ്ങളുടെ കുട്ടികളെ സ്കൂളില്‍ അയക്കാനും മറ്റും ബുദ്ധിമുട്ടുന്നു. അവര്‍ക്ക് ശരിയായ പാതകളുമില്ല. നല്ല ട്രാന്‍സ്പോര്‍ടേഷന്‍, ആശുപത്രി സൌകര്യങ്ങള്‍ ഒന്നും തന്നെ അവര്‍ക്ക് ലഭിക്കുന്നില്ല.

പക്ഷേ, മറുവശം അവര്‍ കാണുന്നത് സുല്‍ത്താന്‍ ബത്തേരി ആണ്. ഈ നഗരത്തിലും കല്‍പ്പറ്റയിലു മാനന്തവാടിയിലുമെല്ലാം ആളുകള്‍ ‘സുഖമായി’ ജീവിക്കുന്നത് അവര്‍ കാണുന്നു. ‘സുഖമായി’ എന്നുപറഞ്ഞാല്‍ നമ്മള്‍ സിനിമ കാണാന്‍ പോവുന്നു, മികച്ച സൌകര്യങ്ങളോടെ ഗതാഗതം നടത്തുന്നു, സാധനങ്ങള്‍ വാങ്ങാന്‍ പോവുന്നു, ഭക്ഷണം കഴിക്കുന്നു…ഇതെല്ലാം കാണുമ്പോള്‍ അവരും പുറത്തു വരണമെന്ന്ആഗ്രഹിക്കുന്നു.

പക്ഷേ അതിന് പുനരധിവാസം മാത്രം മതിയാവില്ല. അവര്‍ക്ക് പുറത്തു ജീവിതമാര്‍ഗം കൂടി ലഭിക്കുമ്പോഴാണ് ശരിയായ മാറ്റം ആവുകയുളളൂ. എന്റെ അഭിപ്രായതില്‍ അവരെ കാട്ടിനകത്ത് വെറും മ്യൂസിയം പീസ് ആക്കാതെ വനത്തിനകത്തും അവര്‍ക്ക് മെച്ചപ്പെട്ട സൌകര്യങ്ങള്‍ ലഭിക്കണമെന്നു തന്നെയാണ്. സംരക്ഷിക്കേണ്ട കോര്‍ ഏരിയയില്‍നിന്ന് ബഫര്‍ സോണിലേക്ക് അവരെ കൊണ്ടുവന്ന് ഒപ്പം ജീവിതമാര്‍ഗങ്ങളും ഉറപ്പുവരുത്തണം. അവര്‍ക്ക് വിദ്യാഭ്യാസവും വെളിച്ചവുമെല്ലാം ആവശ്യമാണ്.

 

 

സഹവര്‍തിത്വം വരട്ടെ

ഇങ്ങനെ ഒരു മാറ്റംവന്നാല്‍ അവരുടേ indegenous ആയ കാര്യങ്ങള്‍ പലതും നഷ്ടപ്പെടില്ലേ. അവരുടേതായ ഭാഷ, ഭക്ഷണം, ആചാരങ്ങള്‍ കലകള്‍ ഇവയെല്ലാം നഷ്ടമാവില്ലേ?

എനിക്കു തോന്നുന്നത്^നമുക്കും പലതും നഷ്ടപ്പെട്ടില്ലേ? മുന്നോട്ടുപോവുന്തോറും നമുക്ക് പലതിനെയും മറക്കേണ്ടിവരും. അത് ജീവിതത്തിന്റെ ഭാഗമാണ്. ചില convenience വഴി നമ്മള്‍ ഭാഷയെയും അമ്മയെയും അച്ഛനെയുമെല്ലാം ഓര്‍ത്തിരിക്കുന്നുണ്ട്. ഇന്നാരും തന്നെ കഞ്ഞി,കായ, റാഗി, മുത്താറി, കൊള്ള് എന്നൊന്നും ഓര്‍ക്കുന്നില്ല. അവര്‍ക്ക് മാറ്റം വരുമ്പോഴും ഒരു ജീവിതമാര്‍ഗം കിട്ടുന്നുണ്ടോ എന്നാണ് ചിന്തിക്കേണ്ടത്.

ഉദാഹരമായി ഞങ്ങള്‍ ആനത്താരകളില്‍നിന്ന് ആദിവാസികളെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ആനകളുടെ സ്വൈര്യവിഹാരം അനിവാര്യമാണ്. സ്ഥിരമായി പോവുന്ന വഴിയിലൂടെയേ ആനകള്‍ സഞ്ചരിക്കൂ. അത് genetically imprinted ആണ്. 10^300 വര്‍ഷമായി മുന്‍തലമുറ നടന്ന അതേ വഴിയിലാണ് ആന പോവുന്നത്.

ജനവാസം ഉണ്ടായി. മനുഷ്യനും വന്യജീവികളും തമ്മിലുള്ള പ്രതിപവര്‍ത്തനവും. പക്ഷേ, പണ്ട് ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ല. ഇന്ന് ആദിവാസികള്‍ കൂടുതല്‍ ഇടങ്ങളിലേക്കിറങ്ങുന്നു. കൃഷി നടത്തുന്നു. ആദിവാസികളുടെ പിറകെ ആയിരുന്നു അന്ന് മൃഗങ്ങള്‍. ഇന്ന് പക്ഷേ, ആദിവാസികള്‍ നമ്മെ കണ്ടുകൊണ്ടാണ്. ഒരേ സ്ഥലത്ത് ഇരിക്കുന്നു. വിശ്വാമിത്രനായി ഓടി നടന്നവരെല്ലാം വസിഷ്ഠനായി ഒരിടത്ത് തന്നെ സ്ഥിരമായി ഇരുന്നു. അവര്‍ക്കുചുറ്റും അപ്പോള്‍ മൃഗങ്ങള്‍ കൂടി.

വന്യജീവികള്‍ മനുഷ്യന്റെ ജീവിതം ദുസ്സഹമാക്കി. കാരണം അവരുടെ സ്ഥലത്താണ് നമ്മള്‍ കോളനികളും കൃഷിയിടങ്ങളും ഉണ്ടാക്കിയത്. മറ്റൊരു കാരണം, ഇന്ന് വിളവുകള്‍ സ്വാദിഷ്ഠ ഭക്ഷണമാണ്. മൃഗങ്ങള്‍ അതിന് അഡിക്റ്റായി. നല്ല ഭക്ഷണം കിട്ടുമ്പോള്‍ അവര്‍ സ്ഥിരമായി വരുന്നു. ഇവരെ ഓടിക്കുന്നതിന് പകരം പുതിയ കൃഷിരീതി എന്തുകൊണ്ട് ചെയ്ത് കൂടാ. ഒരു സഹവര്‍ത്തിത്വം^interactive^രീതിയിലേക്ക്. എത്തിക്കൂടാ.

ആദിവാസി അവിടെത്തന്നെ ഇരുന്നാല്‍ യാതൊരു പ്രശ്നവുമില്ല. പക്ഷേ, അവനിന്ന് വിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടില്‍ പോവാത്തവനാണ്. അവന്‍ പഠിച്ചവനാണ്. നാട്ടിലവന് ഒരു ജോലി വേണം. പക്ഷേ, നാട്ടിലെ ജീവിതത്തിലേക്ക് അവന് ഏറെ സഞ്ചരിക്കാനുണ്ട്. അവന്‍ കാടു വിട്ടിറങ്ങി. പക്ഷേ, നാട്ടിലേക്കെത്തിയില്ല.

മുഖ്യധാരയിലേക്ക് അവനെ കൊണ്ടുവന്ന് വനസംരക്ഷണ ദൌത്യം ഏല്‍പ്പിക്കുക എന്നതാണ് ഏറ്റവും നല്ലത്. ഇമോഷണലായി ചിന്തിച്ച് അവന്‍ കാട്ടില്‍ത്തന്നെ കഴിഞ്ഞോട്ടെ എന്ന് വിചാരിക്കുന്നത്, അവന്‍ അമ്പും വില്ലും മാത്രം ആയുധമായിക്കോട്ടെ എന്ന് വിചാരിക്കുന്നത് ^ഒന്നും ശരിയല്ല.

 

 

എന്‍.ജി.ഒ പ്രവര്‍ത്തനം മാറി

ഇത് എന്‍.ജി.ഒ കാലമാണ്. ധാരാളം എന്‍.ജി.ഒകള്‍ പ്രവര്‍ത്തിക്കുന്നു. സന്നദ്ധ സംഘടനകള്‍,മത സംഘടനകള്‍, സഭകള്‍ എല്ലാവര്‍ക്കും സന്നദ്ധ പ്രവര്‍ത്തനമുണ്ട്. പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്കും കുട്ടികള്‍ക്കായുള്ള അവബോധ പരിപാടികള്‍ക്കുമെല്ലാം ഇവര്‍ മുന്‍കൈെയടുക്കുന്നു. ഇതിനെ എങ്ങനെ നോക്കിക്കാണുന്നു?

ഇങ്ങനെ ഒരു എന്‍.ജി.ഒകളുടെ ആവശ്യമുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. പ്രശ്നം അതല്ല. 80കളിലെയും 90കളിലെയും എന്‍.ജി. ഒ അല്ല ഇന്നത്തേത്. ഇന്ന് എന്‍.ജി.ഒ എന്നത് ഒരുദ്യോഗമാണ്. ആളുകള്‍ എന്‍.ജി.ഒ ഉണ്ടാക്കുന്നു. ഫണ്ട് നേടുന്നു. അതുവെച്ച് തൊഴില്‍ കൊടുക്കുന്നു.എന്‍.ജി.ഒയെ വളര്‍ത്തുകയും നിലനിര്‍ത്തുകയും അല്ലാതെ അതിന്റെ യഥാര്‍ത്ഥ ലക്ഷ്യം-കാട് സംരക്ഷിക്കുക, പരിസ്ഥിതി സംരക്ഷിക്കുക, നാട്ടുകാര്‍ക്ക് അവബോധം നല്‍കുക -എന്നിവ മറക്കുന്നു. എന്‍.ജി.ഒയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തിലേക്ക് അവര്‍ മാറിയിരിക്കുന്നു.

മാത്രമല്ല, വരുന്നവര്‍ പലരും സന്നദ്ധരായ ആളുകളേയല്ല. പണ്ടൊക്കെ മാസ്റ്റര്‍ ഇന്‍ സോഷ്യല്‍ വര്‍ക്ക് എന്നൊക്കെ പറഞ്ഞാല്‍ ഏറ്റവുമധികം സന്നദ്ധ മനോഭാവമുള്ള, ഏതു പരിസ്ഥിതിയും സഹിക്കുന്ന, കൊതുകുകടി കാള്ളാനും കാട്ടില്‍ പോവാനും വെറും തറയില്‍ ഉറങ്ങാനും കഴിയുന്ന ഡൌണ്‍ റ്റു എര്‍ത്ത് ആണ്‍കുട്ടികളും പെണ്‍കുട്ടികളുമയിരുന്നു. ഇന്ന് ഞാനവരെ മുനിസിപ്പല്‍ സോളിഡ് വേസ്റ്റ് എന്നാണ് വിളിക്കുക. അവര്‍ക്ക് സന്നദ്ധ മനോഭാവം കുറവാണ്. അവര്‍ക്കൊരു ജോലി വേണം. പണം സമ്പാദിക്കണം. അത്രയേയുള്ളൂ.
 
 
(അവസാനിക്കുന്നില്ല)
 
 
 
 

4 thoughts on “‘മ്യൂസിയം പീസുപോലെ വനത്തില്‍ സൂക്ഷിക്കേണ്ടവരല്ല, ആദിവാസികള്‍’

 1. ധന്യ വളരെ നല്ലൊരു അഭിമുഖം ആയിരിന്നു. ഇനിയും പ്രതീക്ഷിക്കുന്നു.

  • എന്റ്റെ നല്ല സുഹൃത്തും, ഗുരു സ്ഥാനീയനുമായ ഡോ ശങ്കർ പറയുന്നത് യാഥാർത്ഥ്യം. നിരീക്ഷണങ്ങളും ശരി. നഷ്ടബോധങ്ങളിൽനിന്നും യാഥാർത്ഥ്യബോധത്തിലെത്തിക്കാൻ നടത്തുന്ന ശ്രമം ശ്ലാഘനീയം.
   മറ്റെല്ലാ മേഖലകളിലും പുലർത്താൻ കാട്ടുന്ന ഈ യാഥാർത്ഥ്യബോധം, സാമൂഹ്യപ്രവർത്തകരുടെ കാര്യത്തിൽ പുലർത്താത്തതെന്തെ? “അവര്ക്ക് സന്നദ്ധ മനോഭാവം കുറവാണ്. അവര്ക്കൊരു ജോലി വേണം. പണം സമ്പാദിക്കണം. അത്രയേയുള്ളൂ.“ ഏത് തൊഴിലിനെ സംബന്ധിച്ച് ഇതു പറഞ്ഞു കൂടാ? വൈദ്യം, അദ്ധ്യാപനം, ആതുരശുശ്രൂഷ, നിയമോപദേശം, വനപരിപാലനം, ദേശരക്ഷ, നിയമപാലനം – ഇതിലെവിടെയാണ് സന്നദ്ധ മനോഭാവം കൂടുതൽ? ഇവർക്കുള്ളതിൽകൂടുതൽ സന്നദ്ധ മനോഭാവം MSW പഠിച്ചവർക്കുണ്ടാകണമെന്നത് ആരുടെ prescription ആണ്?
   1. സന്നദ്ധ മനോഭാവം സകല സേവന മേഖലകൾക്കും അഭികാമ്യം തന്നെ.
   2. പണം നന്നായി നേടുന്നത് ഏതു സേവന മേഖലയ്ക്കും ഉതകും.
   3. സാമൂഹ്യ സേവനം ഏതൊരു വ്യക്തിയുടെയും കടം – കടമ.
   4. ഇന്ന് സാമാന്യം എല്ലാ സേവനമേഖലകളും Municipal Solid Waste (MSW – Municipal or Solid), ആയിട്ടില്ലെങ്കിൽ തന്നെ, waste ആണെന്ന കാര്യം സമ്മതിക്കാതെ തരമില്ല.

   എന്നെല്ലാം ഇരിക്കിലും ഞാൻ ‘മനസ്സിൽ കൊണ്ടു നടക്കുന്ന‘ സാമൂഹ്യപ്രവർത്തനം, വലിയ തോതിൽ ‘സന്നദ്ധ മനോഭാവം‘ പുലർത്തേണ്ട ഒന്നു തന്നെ. MSW പരിശീലനം കൊണ്ട് അത് സിദ്ധിക്കുന്നില്ലെങ്കിൽ, മറ്റു പല കാരണങ്ങൾ ഉണ്ടായിരിക്കെ തന്നെ, ഞാൻ അടക്കമുള്ള സാമൂഹ്യപ്രവർത്തന പരിശീലകർ, ഉത്തരവാദികൾ ആണ് എന്ന് സമ്മതിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *