കുടംകുളത്തിന് രണ്ട് കവിതകള്‍

 
 
 
 
ഇടിന്തകരയുടെ വിങ്ങലുകളിലേക്ക് മലയാളത്തില്‍ നിന്ന് രണ്ട് കവിതകള്‍.
പി.ഇ ഉഷ, വി.ടി ജയദേവന്‍ എന്നിവര്‍ എഴുതുന്നു

 


 

മരണവും ദുരന്തവുമായി സുനാമി ഈയടുത്ത്
കയറിയിറങ്ങിയ കരയില്‍ എന്തിനാണ് നിങ്ങള്‍ മരണത്തിന്റെ
യന്ത്രക്കോട്ടകള്‍ സ്ഥാപിക്കുന്നതെന്ന ചോദ്യങ്ങള്‍ ചോദിച്ചതിന്
കൂടംകുളം ആണവനിലയത്തിനടുത്ത ഇടിന്തകരൈയിലും സമീപപ്രദേശങ്ങളിലും
ഭരണകൂടം നടത്തിയ നായാട്ടിന്റെ അലകള്‍ ഇപ്പോഴും ഒഴിഞ്ഞിട്ടില്ല.
കൈയൂക്ക് കൊണ്ട് എല്ലാ വിയോജിപ്പുകളും രോഷവും വിങ്ങലുകളും ഇല്ലാതാക്കാമെന്ന
സര്‍ക്കാര്‍ ധാര്‍ഷ്ഠ്യം ഇപ്പോഴും പത്തി വിടര്‍ത്തിയാടുകയാണ്.
രണ്ടു പേരുടെ മരണത്തിനും നിരവധി ഉടലുകളിലെ പരിക്കുകള്‍ക്കും
സ്ത്രീകളടക്കം നിരവധി ഗ്രാമീണരുടെ കാരാഗൃഹ വാസങ്ങള്‍ക്കും
നിയമപാലകരുടെ അസഭ്യം പറച്ചിലുകള്‍ക്കും ഇടയിലും
ഇടിന്തകരൈ ഇപ്പോഴും ഉണര്‍ന്നിരിക്കുക തന്നെയാണ്.

ദുരന്തത്തിന്റെ ചെറിയ അല പോലും
കൂട്ടമായി ഇല്ലാതാക്കിയേക്കുമെന്ന് ഉറപ്പുള്ള കേരളത്തിന്റെ മണ്ണ്
എന്നാല്‍, നിരാശജനകമാംവിധം നിസ്സംഗത കൊണ്ടാണ്
ഈ പോരാട്ടവും പീഡനവേളകളും കണ്ടുകൊണ്ടിരിക്കുന്നത്.
പ്രതികരണത്തിന്റെ സമയകാലങ്ങളെക്കുറിച്ച് വലിയ വായില്‍ നിലവിളിക്കാറുള്ള
സാംസ്കാരിക ജീവികളില്‍ പലരും കുറ്റകരമായ അനാസ്ഥ തുടരുമ്പോഴും
നമ്മുടെ എഴുത്തുകാരില്‍ ചിലര്‍
ഈ വിങ്ങലുകള്‍ നെഞ്ചിലേറ്റു വാങ്ങിയിട്ടുണ്ട്.
 

അവരില്‍ രണ്ടു പേരുടെ കവിതകള്‍.
പി.ഇ ഉഷയുടെ ‘ഇടിന്തകരയില്‍ കുട്ടികള്‍ ഉറങ്ങുന്നില്ല’
വി.ടി ജയദേവന്റെ ‘ഒരാള്‍ക്കെത്ര വൈദ്യുതി വേണം’,
നാലാമിടം പ്രസിദ്ധീകരിക്കുന്നു.

 
 
 
ഇടിന്തകരയില്‍ കുട്ടികള്‍ ഉറങ്ങുന്നില്ല
 
പി.ഇ. ഉഷ

പി.ഇ. ഉഷ


ഇടിന്ത കരയില്‍ കുട്ടികള്‍ ഉറങ്ങുന്നില്ല
മുലപ്പാല്‍ ചോദിച്ചാണോ അവര്‍ കരയുന്നത്?
അവിടെ അമ്മമാര്‍ മുലപ്പാലില്‍ നിന്ന്
മരണത്തെ പിഴിഞ്ഞ് കളയുകയാണ്

എരിയാത്ത അടുപ്പില്‍ നിന്ന് മാംസം കരിയുന്ന മണം,
കാറ്റില്‍ ഉലയുന്നത് മരണ വാതിലുകളോ?
കടല്‍ തിരകളില്‍ ചില ജാപനിസ് ചിത്രങ്ങള്‍
ഭാഷ അറിയാതെയും അത് വായിച്ച് അലറി വിളിക്കുന്നു
ഞങ്ങള്‍ പ്രസവിച്ച കുഞ്ഞുങ്ങള്‍ ?
ഞങ്ങള്‍ വളര്‍ത്തിയ പൂച്ചെടികള്‍ !
ഞങ്ങള്‍ക്കായി ജനിച്ച മീന്‍കുഞ്ഞുങ്ങള്‍?

അവര്‍ക്കറിയാത്ത ഭാഷയില്‍ പലതും പറഞ്ഞു കേള്‍ക്കുമ്പോഴും
അവര്‍ ചോദിക്കുന്നത് ആരാണ് ഞങ്ങളുടെ അമ്മയെ
കെട്ടിയിട്ട് തല്ലി ചതക്കുന്നത് എന്നാണ് ?
അമ്മയെ കെട്ടിയിട്ട് വായും കണ്ണും മൂടി കെട്ടി
ആകാശം കാണിക്കാതെ തല്ലി ചതക്കുമ്പോള്‍
എല്ലാരും കണ്ടു നില്‍ക്കുന്നതെന്താണ് ?
അമ്മയെ കെട്ടിയിട്ട് കുട്ടികളെ ഓരോരുത്തരെ
നിങ്ങള്‍ എങ്ങോട്ട് നാടു കടത്തുന്നു?

ആരും പോകില്ല
ഇവിടെ ഞങ്ങള്‍ ഉറങ്ങാതെ ഇരിക്കും
കുഞ്ഞുങ്ങളെ അവരുടെ വായില്‍ നിന്ന് മുല ഞെട്ട് വലിച്ച്
ഊരി എടുത്തു കൊണ്ട് പോകാനാവുമോ?

ഈ കടല്‍ ഞങ്ങളെ ചേര്‍ത്ത് പിടിച്ച ഇങ്ങനെ കടുപ്പിച്ച്
നിങ്ങളോട വിട്ടു പോകാന്‍ പറയുമ്പോള്‍
നിങ്ങള്‍ക്ക് പോകാതിരിക്കാന്‍ ആകുമോ?
ഞങ്ങളുടെ ആകാശവും, ഞങ്ങളെ
നിങ്ങള്‍ക്ക് മുകളില്‍ നിന്ന് അതെ ഞങ്ങളെ മാത്രം
സ്നേഹത്തോടെ നോക്കുന്നുണ്ടാവണം

മറ്റെന്തൊക്കെയായാലും നിങ്ങള്‍ കൊണ്ട് വന്ന
മരണത്തെ നിങ്ങള്‍ തിരിച്ചു കൊണ്ട് പോകുക
ഇവിടെ ഞങ്ങള്‍ക്ക് ഞങ്ങളുടെ ആകാശം ,
ഞങ്ങളുടെ ജീവിതക്കടല്‍ പച്ചകള്‍ ..

 
 
 
ഒരാള്‍ക്കെത്ര
വൈദ്യുതിവേണം?

 
വി.ടി ജയദേവന്‍

വി.ടി ജയദേവന്‍


ഒരാള്‍ക്കെത്ര വൈദ്യുതി വേണം?
പറയൂ സാര്‍,
ഒരാള്‍ക്കെത്ര വൈദ്യുതി വേണം?

ആദ്യത്തെ കരച്ചില്‍ തൊട്ട്
യാത്രാമൊഴിയുമായി
അവസാനത്തെ നനഞ്ഞ പുഞ്ചിരിയോളം
എത്ര മെഗാവാട്ട്?

കണ്ണു തുറക്കാന്‍,
പിച്ച വെക്കാന്‍,
ചിത്രശലഭങ്ങളോടൊപ്പം തേനുണ്ണാന്‍,
ദേശാടകപ്പറവകളോടൊപ്പം അതിരു കടക്കാന്‍…

പ്രസവിക്കാന്‍
രമിക്കാന്‍,
രോഗവും വേദനയും മാറ്റാന്‍,
ശാന്തനായിരിക്കാന്‍
പാടാന്‍, നൃത്തം ചെയ്യാന്‍
ഉറങ്ങാന്‍
ദൈവത്തിലൂടെയും
പിശാചിലൂടെയും യാത്ര ചെയ്യാന്‍

ശരിക്കും ഒരാള്‍ക്ക് വേണ്ടത്
എത്ര വൈദ്യുതി?

എത്ര മെഗാവാട്ട് വൈദ്യുതി കൊണ്ടുപറ്റും
പറന്നുമറഞ്ഞ ഒരു കിളിക്കൂവല്‍
തിരികെക്കൊണ്ടു വരാന്‍?
തളംകെട്ടിയ ജലത്തെ
ഒരോളക്കുത്തിലേക്ക് പരിണമിപ്പിക്കാന്‍?
ഒരു തളിര്‍പ്പിനെ,
പൂമൊട്ടിനെ,
ഊതിയൂതി ഉണ്‍മവരുത്താന്‍?

പറയൂ, എത്ര മെഗാവാട്ട്
വൈദ്യുതി പ്രവഹിച്ചാല്‍ പറ്റും
ഒരാളുടെ വാടിക്കരിഞ്ഞ തീച്ചുണ്ടില്‍
ഒരു കുഞ്ഞിന്റെ തണുത്ത,
നാണം പുരണ്ട
ഒരു ചിരി തിരികെ വിടര്‍ത്താന്‍?

എത്രവേണം ഒരു നഗരജീവിയെ
വിനയമുള്ളവനാക്കാന്‍,
മര്യാദയുള്ളവനാക്കാന്‍,
സ്നേഹമുള്ളവനാക്കാന്‍?

എത്ര മെഗാവാട്ട് വൈദ്യുതി കൊണ്ടു പറ്റും
ഒരു പ്രസിഡന്റിനെ
മന്ത്രിയെ
രാഷ്ട്രീയ നേതാവിനെ
മനുഷ്യത്വത്തിലേക്ക് തിരികെക്കൊണ്ടുവരാന്‍?

 
 

(പരിസ്ഥിതി മാസികയായ സൂചീമുഖിയില്‍ പ്രസിദ്ധീകരിച്ചതാണ് ജയദേവന്റെ കവിത. സുഹൃത്തുക്കള്‍ക്കിടയില്‍ വിതരണം ചെയ്യപ്പെട്ടതാണ് പി.ഇ ഉഷയുടെ കവിത)
 
 
 
 

2 thoughts on “കുടംകുളത്തിന് രണ്ട് കവിതകള്‍

  1. ഹൃദയസ്പര്‍ശിയും അഗാധവുമായ ഈ രണ്ട് രണ്ട് കവിതകള്‍ പ്രസിദ്ധീകരിച്ച നാലാമിടത്തിന് നന്ദി. ആണവയുഗത്തിന്റെ അന്ത്യം കുറിക്കുന്ന ലോക സമരങ്ങള്‍ക്ക് വഴി കാട്ടിയാകുന്ന കുടംകുളം സമരത്തിന് നമ്മുടെയെല്ലാം ഹൃദയവും ആത്മാവും ഐക്യദാര്‍ഢ്യവും ശക്തികളും വിഭവങ്ങളും ഒഴുകണം. നമുക്കു വേണ്ടി , എല്ലാ ജീവനും വേണ്ടി, ഭൂമിക്കു വേണ്ടി ആണീ സത്യഗ്രഹം.

    ശാന്തി എസ്

  2. കൂടം കുളത്തിന്റെ മാത്രമല്ലാത്ത നൊമ്പരങ്ങളിലേക്ക് കണ്ണീര്‍ യാത്ര നടത്തുന്ന രണ്ടു കവിതകള്‍ .കൂടുതല്‍ അക്ഷര ഗര്‍ജ്ജനങ്ങള്‍ ഉണ്ടാവട്ടെ .

Leave a Reply

Your email address will not be published. Required fields are marked *