അടിയാത്തി മാച്ചിയുടെ ഈറ്റുപുരയും ശ്വേതാമേനോന്റെ പേറും

 
 
 
 
ആണ്‍ ലോകത്തിന് ഇനിയും മനസ്സിലാവാത്ത ഗര്‍ഭത്തിന്റെയും പ്രസവത്തിന്റെയും സങ്കീര്‍ണ വേളകള്‍.. ശ്വേതാ മേനോന്റെ പ്രസവം ഉയര്‍ത്തിയ ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ പൊള്ളുന്ന ചില പറച്ചിലുകള്‍- വി.പി. റജീന എഴുതുന്നു
 
 
പ്രസവ വേദനയെക്കുറിച്ചുള്ള പേടികൊണ്ട് സിസേറിയന്‍ മതി എന്ന് വാശി പിടിച്ച ഒരുവളെ എനിക്കറിയാം. ശ്വേതാ മേനോനും അത് വേണമെങ്കില്‍ ചെയ്യാമായിരുന്നു. അടിയാത്തി മാച്ചിയും ശ്വേതാമേനോനും രണ്ട് പേറ്റുമുറികളിലും രണ്ട് നിലകളിലും ആയിരുന്നെങ്കിലും അവര്‍ രണ്ടുപേരും ഒരു നിമിഷം ഒരേ അവസ്ഥയില്‍ സമാഗമിക്കുന്നത് കാണാം.

കണ്‍മുന്നില്‍ തുറന്നുവെച്ചിരിക്കുന്ന ആര്‍ക്ക് ലൈറ്റുകളുടെ വെളിച്ചമോ ക്യാമറയുടെ മുനകൂര്‍ത്ത നോട്ടമോ എല്ലാം മറന്ന് താനൊരു നടിയാണ് എന്നുകൂടി മറന്ന് ശ്വേതാമേനോന്‍ അടിയാത്തി മാച്ചിയായി മാറുന്ന ഒരു നിമിഷമുണ്ട് പ്രസവത്തില്‍. ഈ ലോകത്തിന്റെ ജീവവായു സ്പര്‍ശത്തിലേക്ക് കുതിച്ചെത്തുന്ന പിറവിയുടെ ആ നിമിഷത്തില്‍ വേഷപ്പകര്‍ച്ചകളില്ലാതെ എല്ലാം മറന്ന് ശ്വേതാ മേനോന്‍ അടിയാത്തി മാച്ചിയായി മാറിയിട്ടുണ്ടാവണം. അവരുടെ ഉള്ളില്‍ അന്നേരം അണപൊട്ടിയ ചോദനകളെ ആര്‍ക്കാണ് മനസ്സിലായിക്കാണുക- വി.പി. റജീന എഴുതുന്നു

 

 

സത്യത്തില്‍, നിങ്ങളില്‍ എത്രപേര്‍ക്ക് അടിയാത്തി മാച്ചി എന്ന പേര് പരിചയമുണ്ട്?

ഉണ്ടാവാന്‍ വഴിയില്ല. കാരണം, അവളുടെ പേറും നോവും മരണവും ആര്‍ത്തിയോടെ പകര്‍ത്താന്‍ ക്യാമറക്കണ്ണുകള്‍ പോയിട്ട് പേനത്തുമ്പുകള്‍ പോലും ഇല്ലായിരുന്നു. അതുകൊണ്ട് അടിയാത്തി മാച്ചി നമുക്കിടയില്‍ ഊരും പേരും ചരിത്രവുമില്ലാത്തവളായി. ഇപ്പോഴില്ലാത്ത, കെ. ജയചന്ദ്രന്‍ എന്ന പത്രപ്രവര്‍ത്തകന്‍, പിന്നീടെപ്പോഴോ വയനാടന്‍ ചുരമിറങ്ങി അടിയാത്തി മാച്ചിയുടെ പൊള്ളുന്ന ജീവിതം പറഞ്ഞുതന്നപ്പോള്‍ മാത്രമാണ് അവളുടെ കഥ പുറംലോകമറിഞ്ഞത്. അതൊരു അടിയാത്തി മാച്ചിയുടെ മാത്രം കഥയായിരുന്നില്ല. വയനാട്ടിലെ മറ്റനേകം അടിയാത്തി മാച്ചിമാരുടെ കണ്ണീരു കൂടിയായിരുന്നു.

മാച്ചിയുടെ വയറില്‍ ഉത്തരമില്ലാത്ത ചോദ്യങ്ങളായി മുഴച്ചുപൊങ്ങിയ അഞ്ചു ഗര്‍ഭങ്ങളും കാടന്‍ രീതിയില്‍ ഒപ്പമുള്ളവര്‍ കലക്കിക്കളയുകയായിരുന്നു. ചില പ്രത്യേകയിനം പച്ചിലകള്‍ വടികൊണ്ട് ഗര്‍ഭാശയത്തിലേക്ക് കുത്തിക്കയറ്റിയായിരുന്നു ഗര്‍ഭഛിദ്രം നടത്തിയതത്രെ. ഒടുവില്‍ ഗര്‍ഭപാത്രം പൊട്ടിത്തകര്‍ന്ന് ചോര വാര്‍ന്നായിരുന്നു മാച്ചിയുടെ മരണം.

ശ്വേതാ മേനോന്റെ പ്രസവം സിനിമക്കായി കാമറയില്‍ പകര്‍ത്തുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പതഞ്ഞുപൊന്തിയപ്പോള്‍ ജയചന്ദ്രനിലൂടെ വായിച്ചറിഞ്ഞ മാച്ചി വീണ്ടും നോവായ് വന്ന് വിളിക്കുകയായിരുന്നു. സുരക്ഷയുടെ കോട്ട കെട്ടി, ഡോക്ടര്‍മാരുടെ വന്‍സംഘത്തെ സാക്ഷിയാക്കി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ നടന്ന ഒരു സെലിബ്രിറ്റി പ്രസവത്തെ കാമറയിലാക്കുക വഴി ബ്ലെസിയെന്ന സംവിധായകനും അങ്ങനെയൊരു പ്രസവത്തിന് തന്റേടം കാണിക്കുക വഴി ശ്വേതാമേനോന്‍ എന്ന നടിയും ചരിത്രത്തിന്റെ ഭാഗമായി. എന്നാല്‍, അടിയാത്തി മാച്ചിമാരോ…?

 

ആര്‍ക്ക് ലൈറ്റുകളുടെ വെളിച്ചമോ ക്യാമറയുടെ മുനകൂര്‍ത്ത നോട്ടമോ എല്ലാം മറന്ന് താനൊരു നടിയാണ് എന്നുകൂടി മറന്ന് ശ്വേതാമേനോന്‍ അടിയാത്തി മാച്ചിയായി മാറുന്ന ഒരു നിമിഷമുണ്ട് പ്രസവത്തില്‍


 

ഗര്‍ഭിണിയുടെ ഉള്ളകം

നൂറായിരം പേറുകള്‍ക്കു നേരെ തിരിച്ചുവെച്ചാലും ഏത് കണ്ണിന് ഒപ്പിയെടുക്കാന്‍ കഴിയും പ്രസവമെന്ന അനിര്‍വചനീയമായ അവസ്ഥയെ, അനുഭൂതിയെ, നോവിനെ, മഹാദ്ഭുതത്തെ?

വയറ്റിനകത്തെ കുഞ്ഞിന്റെ ആദ്യത്തെ ചലനം! കുഞ്ഞിക്കാലുകള്‍ കൊണ്ട് തൊഴിക്കുമ്പോള്‍ ഉള്ളിന്റെ ഉള്ളില്‍ ഉണരുന്ന നൊമ്പരങ്ങള്‍, കിക്കിളികള്‍…അതെങ്ങനെ വിവരിക്കും..അപ്പോഴുണ്ടാവുന്ന നിര്‍വൃതി അതേത് വാക്കുകളില്‍ പകര്‍ത്തും?

ഗര്‍ഭിണിയുടെ ഉള്ളകം അധികമാരും പറഞ്ഞും വായിച്ചും കേട്ടിട്ടില്ല. താനൊരമ്മയായെന്ന് അറിയുന്ന നിമിഷം ഒരു സ്ത്രീക്കുണ്ടാവുന്ന ആത്മനിര്‍വൃതി ഭൂമിയില്‍ ഏതു പുരുഷന് കിട്ടും? ദൈവത്തിന്റെ കൈയ്യൊപ്പ് ഓരോ പെണ്ണിന്റെയും ശരീരത്തില്‍ ചാര്‍ത്തുന്ന നിമിഷം. ഉള്ളിലൊരു ജീവനെ പേറിയ ഒരു പെണ്ണിനും ദൈവത്തെ നിഷേധിക്കാനാവുമെന്ന് തോന്നുന്നില്ല. കാരണം, ഓരോ നിമിഷവും ദൈവത്തിന്റെ മിടിപ്പ് അവളുടെ ഉള്ളില്‍ തുടിച്ചുകൊണ്ടേയിരിക്കും.

ഹൃദയം, ഉള്ളില്‍ മരണം വരെ മിടിച്ചുകൊണ്ടേയിരിക്കുന്ന ഒരു അവയവമാണ്. പക്ഷേ, ഹൃദയത്തിന്റെ ആരോഗ്യത്തെ കുറിച്ച് ആശങ്കപ്പെടുമ്പോഴോ ഭയത്താലോ ആയാസത്താലോ ഉച്ഛസ്ഥായിയില്‍ മിടിപ്പ് കടന്നുകയറുമ്പോഴോ ഒക്കെ ഹൃദയത്തിന്റെ മിടിപ്പ് നമ്മള്‍ ഓര്‍ക്കാറുള്ളു. അതു കഴിയുമ്പോള്‍ അത് മറക്കുകയും ചെയ്യും. പക്ഷേ, ഉള്ളിലിരുന്ന് ഒരു കുഞ്ഞുവാവ നേര്‍ത്ത് ഇളകുമ്പോള്‍ ഏതുറക്കത്തിലായാലും ആ അനക്കം അമ്മയറിയും. അതില്‍ അവള്‍ അലിയും.

 

പേറ്റുനോവിന്റെ കീറിപ്പറിക്കുന്ന വേദന അതേ അളവില്‍, തീവ്രതയില്‍ പിന്നീടൊരിക്കലും ഓര്‍ത്തെടുക്കാന്‍ കഴിയില്ല. അങ്ങനെ കഴിയുമായിരുന്നുവെങ്കില്‍ ഒറ്റ പ്രസവത്തില്‍ ഈ പണിതന്നെ പെണ്ണുങ്ങള്‍ അവസാനിപ്പിക്കുമായിരുന്നു.


 

വേദനയുടെ സൂനാമി
പേറ്റുനോവിനും മരണവേദനക്കും ഇടയില്‍ മൂക്കിന്റെ ‘പട്ട’ ഇളകുന്ന വ്യത്യാസമാണുള്ളതെന്ന് എന്റെ വല്ല്യുമ്മ പറഞ്ഞതോര്‍മയുണ്ട്. കന്നിപ്പേറില്‍ പേറ്റുമേശയില്‍ കിടന്ന് അലറിവിളിക്കുമ്പോള്‍ വല്ല്യുമ്മയുടെ വാക്കുകള്‍ ഓര്‍ത്തുപോയി. അതൊരു വരവായിരുന്നു…ഞരമ്പുകള്‍ പൊട്ടി, കോശങ്ങളില്‍നിന്ന് നുരഞ്ഞ് സുനാമിത്തിരമാലകള്‍ പാഞ്ഞുകയറിവരുന്ന പോലെ വേദനയുടെ വന്‍ കടലലകള്‍.

സഹനത്തിന്റെ മതില്‍ക്കെട്ടുകള്‍ തകര്‍ത്തുകൊണ്ട് അത് ആഞ്ഞു കയറുകയായിരുന്നു. ഒരു നിമിഷം മരണത്തെ മുഖാമുഖം കണ്ടുപോകും. ലോകം അവസാനിച്ചു എന്നുതന്നെ ഉറപ്പിച്ചുപോകും. മരണത്തിന്റെ മുനമ്പിലെ അങ്ങേയറ്റംവരെ ചെന്നുനിന്നിട്ടാണ് ഓരോ പെണ്ണും ഓരോ കുഞ്ഞിനും പിറവിയേകുന്നത്. അവിടെ നിന്ന് തിരിച്ചുവരാന്‍ കഴിയാതെ പോയ എത്രയെത്ര പെണ്ണുങ്ങളാണ് പേറ്റു മുറിയില്‍നിന്ന് മൃതമായി പുറത്തേക്ക് വന്നത്…

ഇത്രമേല്‍ തീവ്രമായ വേദനയുടെ ചുഴിയായിട്ടും പിന്നെയും പിന്നെയും പ്രസവിക്കാന്‍ പെണ്ണ് ഒരുങ്ങുന്നത് എന്തുകൊണ്ടാണ് എന്ന് ചിലര്‍ക്കെങ്കിലും സംശയം തോന്നിയേക്കാം.

അതാണ് പെണ്‍ശരീരത്തിന്റെ, മനസ്സിന്റെ മറ്റൊരു സവിശേഷത. പേറ്റുനോവിന്റെ കീറിപ്പറിക്കുന്ന വേദന അതേ അളവില്‍, തീവ്രതയില്‍ പിന്നീടൊരിക്കലും ഓര്‍ത്തെടുക്കാന്‍ കഴിയില്ല. അങ്ങനെ കഴിയുമായിരുന്നുവെങ്കില്‍ ഒറ്റ പ്രസവത്തില്‍ ഈ പണിതന്നെ പെണ്ണുങ്ങള്‍ അവസാനിപ്പിക്കുമായിരുന്നു. പേറ്റുമുറിയില്‍ ഞാന്‍ അനുഭവിച്ച വേദന അതിന്റെ പൂര്‍ണതയില്‍ ഓര്‍ത്തെടുക്കാന്‍ എനിക്ക് കഴിയുമായിരുന്നെങ്കില്‍ ഒരുപക്ഷേ എന്റെ വാക്കുകള്‍ ഇത്രമേല്‍ ലാഘവത്തോടെയാകുമായിരുന്നില്ല.

അത് എഴുതിയറിയിക്കാന്‍ കഴിയാതെ, എന്റെ വാക്കുകള്‍ ഇതാ അടിയറവ് പറയുന്നു.

ഓരോ മനുഷ്യരും ഓരോ പേറ്റുനോവുകള്‍

പിന്നീട്, ലോകം പഴയതു പോലായിരുന്നില്ല. എന്റെ ഉമ്മയോട് ആദരവില്‍ പൊതിഞ്ഞ സ്നേഹമായിരുന്നു പിന്നീട്. റോഡിലൂടെ നടന്നുപോകുമ്പോള്‍ ഓരോ മനുഷ്യരെ കാണുമ്പോഴും ഓര്‍ത്തുപോവും, ഓരോ മനുഷ്യനും ഓരോ പേറ്റുനോവുകള്‍ ആണല്ലാ എന്ന്.
ഒരിക്കല്‍ പനി പിടിച്ച് അവശയായി ഡോക്ടറുടെ അടുത്തുവന്ന എന്റെ നാത്തൂനോട് ഇഞ്ചക്ഷന്‍ സിറിഞ്ചുയര്‍ത്തി അല്‍പം പഞ്ചാര കലര്‍ത്തി ‘പേടിയുണ്ടോ’ എന്ന് ഡോക്ടറുടെ ചോദ്യം.

‘മൂന്നു പെറ്റ എന്നെയാണോ സാറേ സിറിഞ്ചു കാട്ടി പേടിപ്പിക്കുന്നേ…?’

ചോദ്യം തീരും മുമ്പ് മുഖമടച്ചു കിട്ടിയ മറുപടിയില്‍ അങ്ങോര് വല്ലാതങ്ങു ചൂളിപ്പോയി. എല്ലാ പഞ്ചാരയും അലിഞ്ഞുപോയിട്ടും പ്രമേഹ രോഗിയുടെ മുഖംകണക്കെ അയാള്‍ വിളറി നിന്നു.

ഒറ്റ മറുപടിക്കു മുന്നില്‍ ഏതുകൊമ്പനെയും വീഴ്ത്താവുന്ന പെണ്ണിന്റെ കൈയ്യിലെ തുരുപ്പു ചീട്ട്. അതു തന്നെയല്ലേ അവളുടെ ശക്തിയും. എന്നിട്ടും സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ ,പേറ്റുനോവറിയാത്ത പെമ്പിള്ളേരും പുരുഷ കേസരികളും പ്രസവത്തെക്കുറിച്ച് വലിയ വായില്‍ പറയുന്നതും എഴുതുന്നതും കണ്ടപ്പോള്‍ ഉള്ളില്‍ ചിരിയാണ് പൊട്ടിയത്. കണ്ണുപൊട്ടന്‍ ആനയെ വിവരിക്കുന്നതുപോലെ ഒന്ന്.

 

പ്രസവശേഷം പച്ച ഇറച്ചിയില്‍ സൂചിയും നൂലും കോര്‍ത്തു തുന്നുമ്പോള്‍ പോലും നമ്മള്‍ക്ക് അതൊരു വേദനയായി തോന്നില്ല. അതിനേക്കാള്‍ വലിയ വേദനയില്‍ മുങ്ങിയമര്‍ന്നാണല്ലോ അപ്പോള്‍ വന്നിരിക്കുന്നത്. Painting: Marta L Sanchez


 

വേദനയുടെ വന്‍കര
ശാരീരികമായി ആണിനോളം പോരില്ലെങ്കിലും ഒരാണും വേദനയുടെ ഈ വന്‍കടല്‍ താണ്ടിക്കടക്കാന്‍ പെണ്ണിനോളം കരുത്തുള്ളവരാണെന്ന് തോന്നുന്നില്ല. എന്നിട്ടും, ഏതോ ഒരു മുസ്ലിയാര്‍ പറയുന്നതുകേട്ടു, നരകത്തില്‍ മുഴുവനും പെണ്ണുങ്ങളായിരിക്കുമെന്ന്. അതു കേട്ടപ്പോഴും ചിരിവന്നു. മുസ്ലിയാരുടെ വിചാരം പടച്ചോനും അങ്ങേരെപ്പോലെ പെണ്ണുങ്ങളോട് ദേഷ്യമുള്ള ഒരാണായിരിക്കും എന്നാവണം.

പ്രസവ വേദനയെക്കുറിച്ചുള്ള പേടികൊണ്ട് സിസേറിയന്‍ മതി എന്ന് വാശി പിടിച്ച ഒരുവളെ എനിക്കറിയാം. ശ്വേതാ മേനോനും അത് വേണമെങ്കില്‍ ചെയ്യാമായിരുന്നു. അടിയാത്തി മാച്ചിയും ശ്വേതാമേനോനും രണ്ട് പേറ്റുമുറികളിലും രണ്ട് നിലകളിലും ആയിരുന്നെങ്കിലും അവര്‍ രണ്ടുപേരും ഒരു നിമിഷം ഒരേ അവസ്ഥയില്‍ സമാഗമിക്കുന്നത് കാണാം.

കണ്‍മുന്നില്‍ തുറന്നുവെച്ചിരിക്കുന്ന ആര്‍ക്ക് ലൈറ്റുകളുടെ വെളിച്ചമോ ക്യാമറയുടെ മുനകൂര്‍ത്ത നോട്ടമോ എല്ലാം മറന്ന് താനൊരു നടിയാണ് എന്നുകൂടി മറന്ന് ശ്വേതാമേനോന്‍ അടിയാത്തി മാച്ചിയായി മാറുന്ന ഒരു നിമിഷമുണ്ട് പ്രസവത്തില്‍. ഈ ലോകത്തിന്റെ ജീവവായു സ്പര്‍ശത്തിലേക്ക് കുതിച്ചെത്തുന്ന പിറവിയുടെ ആ നിമിഷത്തില്‍ വേഷപ്പകര്‍ച്ചകളില്ലാതെ എല്ലാം മറന്ന് ശ്വേതാ മേനോന്‍ അടിയാത്തി മാച്ചിയായി മാറിയിട്ടുണ്ടാവണം. അവരുടെ ഉള്ളില്‍ അന്നേരം അണപൊട്ടിയ ചോദനകളെ ആര്‍ക്കാണ് മനസ്സിലായിക്കാണുക…?

വേദനയുടെ ആ വന്‍കരയില്‍ ജാതിയില്ല, മതമില്ല. ഒരേയൊരു ലിംഗമേയുള്ളു. സ്ത്രീലിംഗം. പെണ്ണ് എന്ന ഒരു വര്‍ഗമേ ഈ ദുനിയാവില്‍ അപ്പോഴുള്ളു. അതാണ് പേറ്റുമുറിയിലെ സോഷ്യലിസ്റ് മുഹൂര്‍ത്തം. തൊട്ടരികെ എന്തിനും സന്നദ്ധരായ ഡോക്ടര്‍മാര്‍ പോലും കേവലം കാഴ്ചക്കാര്‍ മാത്രമല്ലേ..?

വരുന്നത് ആണ്‍ കുഞ്ഞാണെങ്കില്‍ അതൊരൊന്നൊന്നര വരവായിരിക്കുമെന്ന് പഴമക്കാര്‍ പറയും. ഭൂമിയുടെ നെഞ്ച് കിടുക്കി പൊട്ടിത്തെറിക്കുന്ന അഗ്നി പര്‍വത സ്ഫോടനം പോലെ. ശരീരത്തെയും മനസ്സിനെയും വിറപ്പിച്ചുകൊണ്ടുള്ള ഒറ്റ കുതിക്കല്‍. വേദനയുടെ എല്ലാ അതിരുകളും അവിടെ തവിടുപൊടിയാകും. പെണ്ണാണെങ്കില്‍ പതിയെ പതിയെ വന്ന് നമ്മെ ആകമാനം കീഴടക്കും. ഉമി നീറി നീറി കത്തി പടരുന്നതുപോലെ. പ്രസവശേഷം പച്ച ഇറച്ചിയില്‍ സൂചിയും നൂലും കോര്‍ത്തു തുന്നുമ്പോള്‍ പോലും നമ്മള്‍ക്ക് അതൊരു വേദനയായി തോന്നില്ല. അതിനേക്കാള്‍ വലിയ വേദനയില്‍ മുങ്ങിയമര്‍ന്നാണല്ലോ അപ്പോള്‍ വന്നിരിക്കുന്നത്.

പ്രസവവേളയില്‍ കരഞ്ഞതോര്‍ത്ത് ചിലര്‍ പിന്നീട് ജാള്യതയോടെ സംസാരിക്കുന്നത് കേട്ടിട്ടുണ്ട്. എന്തിനാണതെന്ന് ഞാന്‍ ചോദിച്ചിട്ടുമുണ്ട്. പ്രസവമെന്ന ആത്മാവിഷ്കാരത്തെ കൂടുതല്‍ മനോഹരമാക്കുന്നത് എല്ലാം മറന്നുള്ള ആ നിലവിളി തന്നെയാണ്. പിറന്നു വീണ കുഞ്ഞിന്റെയെന്നപോലെ. അത് കടിച്ചമര്‍ത്താനുള്ളതല്ല…

ചില ആശുപത്രികളില്‍ കരയുന്നവരെ, അടിക്കുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. എന്തിനാണ് ആ ആവിഷ്കാര സ്വാതന്ത്യ്രത്തെ തടസ്സപ്പെടുത്തുന്നത് എന്നത് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല.

 

Painting: Henry Colchado


 

പ്രസവത്തിന്റെ നേര്‍ക്കാഴ്ച
ബ്ലെസിയൊരുക്കുന്ന ചിത്രത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ സമാന അവസ്ഥയിലൂടെ കടന്നുപോവുന്ന എനിക്ക് വിസ്മയമാണ് തോന്നിയത്. ശ്വേതയുടെ ധൈര്യത്തില്‍ അല്‍പ സ്വല്‍പം അസൂയയും തോന്നാതെയുമിരുന്നില്ല.

പിന്നീട് ചിന്തിച്ചപ്പോഴാണ് അതിലെ പല അപകടങ്ങളും തെളിഞ്ഞുവന്നത്. പെണ്ണുമായി ബന്ധപ്പെട്ടതെന്തും അശ്ലീലമായി കണ്ട് ശീലിച്ച മലയാളിയുടെ മുന്നിലേക്ക് ഒരു പ്രസവത്തിന്റെ നേര്‍ക്കാഴ്ച എന്തെല്ലാം സാധ്യതകളായിരിക്കും തുറന്നിടുക? വാര്‍ത്ത ആദ്യം പുറത്തു വന്നപ്പോള്‍ തന്നെ ഉയര്‍ന്ന പ്രതികരണങ്ങളില്‍ ഒന്ന് ‘അഴിഞ്ഞാട്ടക്കാരിയുടെ താന്തോന്തിത്തരങ്ങള്‍’ എന്നതായിരുന്നു. ആ പറഞ്ഞവരുടെ ഉള്ളില്‍ പോലും സിനിമയില്‍ അതൊന്നു നേരില്‍ കാണാന്‍ കഴിയുമോ എന്ന മറുവിചാരവുമുണ്ടാവണം.

ഈ മനശാസ്ത്രത്തെ എത്രമാത്രം അവഗണിക്കാനാവും..?

ഇത്തരം കാഴ്ചകളുടെ ലോകത്തേക്ക് ഉറ്റുനോക്കാനും ഒളിഞ്ഞുനോക്കാനും മലയാളി ആഗ്രഹിക്കുകയില്ല എന്നത് ചിലരുടെ മൌഢ്യം നിറഞ്ഞ ഭാവന മാത്രമാണ്. വൈകാരികമായും മാനസികമായും പക്വത ആര്‍ജിക്കാത്ത ഒരു സമൂഹത്തിന്റെ കാഴ്ചയിലേക്ക് ഈ രംഗം സമര്‍പ്പിക്കുമ്പോള്‍ ശ്വേതയും ബ്ളസിയും ഉദ്ദേശിച്ച ഫലമാണോ ഉണ്ടാവുക എന്ന് ചിലരെങ്കിലും പങ്കുവെക്കുന്ന ആശങ്ക തള്ളിക്കളയാനാവില്ല. (പ്രസവത്തിന്റെ ശരീര ഭാഷയല്ലാതെ ദൃശ്യം അതേപടി ഒരു ബ്ളസിയും സ്ക്രീനില്‍ അവതരിപ്പിക്കില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. സെന്‍സര്‍ ബോര്‍ഡിലുള്ള വിശ്വാസം കൊണ്ടല്ല ഈ നിഗമനം)

ഗര്‍ഭിണിയായ എനിക്കുപോലും തിരിച്ചറിയാനാവാതെ പോയ കാര്യങ്ങള്‍ ഒരിക്കല്‍ എന്റെ കൂട്ടുകാരി പറഞ്ഞുതന്നപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടിപ്പോയിട്ടുണ്ട്.

”ഗര്‍ഭിണിയുടെ വയറ്റിലേക്ക് ഇവിടുത്തെ ആണുങ്ങള്‍ നോക്കുന്നത് നീ ശ്രദ്ധിച്ചിട്ടുണ്ടോ..?” അവള്‍ ചോദിച്ചു.
”അതിനെന്താ..അവരൊക്കെയും വന്നത് ഇതേ പോലെയല്ലേ.. …ആ നോട്ടത്തിനെന്താ പ്രത്യേകത..?” ഞാന്‍ പറഞ്ഞു.
”എന്നാല്‍, പ്രത്യേകതയുണ്ട്. അവരത് വളരെ അശ്ലീലമായി ആസ്വദിക്കുന്നുണ്ട്. ഏതവനാടാ ഇവക്കിട്ട് പണി കൊടുത്തേ… ആണുങ്ങളോട് കളിച്ചാല്‍ ഇങ്ങനിരിക്കും ഇതാണ് അവരുടെ നോട്ടത്തിന്റെ പൊരുള്‍” – അവള്‍ തിരുത്തി.

ഗര്‍ഭിണിയായ ഞാന്‍ അതില്‍ അഭിമാനം കൊണ്ട് ഒളിച്ചു പിടിക്കാതെ നിവര്‍ന്ന് നടന്നിരുന്നു. അതിനുശേഷം തട്ടത്തിന്റെ തലപ്പുകൊണ്ട് അറിയാതെ എന്റെ വയറ് മൂടാന്‍ തുടങ്ങി. കാരണം അവള്‍ പറഞ്ഞത് സത്യമായിരുന്നു. ഇരുട്ടിയ നേരത്ത് ഓഫീസില്‍ നിന്ന് താമസസ്ഥലത്തേക്ക് തിരിയ്ക്കുമ്പോള്‍ കേട്ട കമന്റും കൂടിയായപ്പോള്‍ എനിക്കവളുടെ വാദം അംഗീകരിക്കാതിരിക്കാനായില്ല. മുമ്പൊരിക്കല്‍ ഒരു പെണ്ണ് പച്ചക്ക് ചോദിക്കുന്നത് കേള്‍ക്കാനിടവന്നിട്ടുണ്ട്..
”നിന്നെയൊക്കെ നിന്റെ തള്ളമാര്‍ തുപ്പിയതാണോടാാാാ….” എന്ന്.
ചിലപ്പോള്‍ അവരും കേട്ടുകാണും ഇത്തരമൊരു കമന്റ്.

ഇതിനേക്കാള്‍ നടുക്കുന്ന മറ്റൊരു അനുഭവം പറയട്ടെ. എന്റെ ഗര്‍ഭിണിയായ കൂട്ടുകാരി സ്കാന്‍ ചെയ്യാന്‍ പോയപ്പോള്‍ ഉണ്ടായ അനുഭവം. സ്കാനിങ് സെന്ററുകളില്‍ ഇരിക്കുന്ന ഡോക്ടര്‍മാരുടെ ഉദ്ദേശ്യശുദ്ധിപോലും സംശയിച്ചുപോകുന്ന ഒന്നായിരുന്നു അത്. സാധാരണഗതിയില്‍ സ്കാന്‍ ചെയ്യുമ്പോള്‍ തൊട്ടടുത്ത് ഒരു ഫീമെയില്‍ നഴ്സ് ഉണ്ടാവാറുണ്ട്. അകത്തു കടന്ന അവള്‍ക്ക് നഴ്സിനെ കാണാനായില്ല. ഉമ്മ പുറത്ത് നില്‍ക്കുകയാണ്. കയറിക്കിടക്കാന്‍ പറഞ്ഞ ഡോക്ടര്‍ ചുരിദാറിന്റെ പാന്റ്സ് താഴ്ത്തിവെക്കാന്‍ പറഞ്ഞു. പൊങ്ങി നില്‍ക്കുന്ന വയറിനു തൊട്ടു താഴെ വരെ പാന്റ്സ് ഇറക്കിയാല്‍ മതി. തുടര്‍ന്നുള്ള ഭാഗം വെള്ളയോ പച്ചയോ നിറത്തിലുള്ള തുണി കൊണ്ട് മറയ്ക്കുകയും ചെയ്യും. പക്ഷേ, അയാള്‍ അങ്ങനെ ചെയ്തില്ലെന്നു മാത്രമല്ല വീണ്ടും താഴ്ത്താന്‍ പറഞ്ഞു. വിസമ്മതിച്ച കൂട്ടുകാരിയോട് ”മടി കാണിക്കേണ്ട ഇവിടെ ഞാനല്ലേ ഉള്ളൂ” എന്ന് പതിഞ്ഞ ശബ്ദത്തില്‍ മറുപടി. പെട്ടെന്ന് അയാളുടെ കൈയുടെ സഥാനം തെറ്റുന്നത് മനസ്സിലാക്കിയ അവള്‍ വലിച്ചൊരടി കൊടുത്ത് ഇറങ്ങിപ്പോയി.

ഇതേക്കുറിച്ചൊന്നും ധാരണയില്ലാത്ത, ചോദ്യം ചെയ്യാന്‍ ധൈര്യമില്ലാത്ത പാവം പെണ്‍കുട്ടികളില്‍ അയാള്‍ എന്തെല്ലാം കൈക്രിയകള്‍ നടത്തിക്കാണണം!

മുമ്പൊരിക്കല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി വിഭാഗം മേധാവിയോട് ഒരു അഭിമുഖ മധ്യേ ഇക്കാര്യം ചൂണ്ടിക്കാട്ടി. ലേബര്‍ റൂമിലുള്ള പുരുഷ ഡോക്ടര്‍മാരെ എങ്ങനെ വിശ്വസിക്കും എന്ന് ചോദിച്ചപ്പോള്‍ അവര്‍ അല്‍പം ഈര്‍ഷ്യയോടെ അത്തമൊരു സാധ്യതയെ തളിക്കളയുകയാണുണ്ടായത്. ഒരിക്കലും ഒരു ഡോക്ടര്‍ക്ക് അങ്ങനെ ചിന്തിക്കാന്‍ കഴിയില്ലെന്ന് അവര്‍ കട്ടായം പറഞ്ഞു.

തല്‍ക്കാലം അവരുടെ വാക്കില്‍ ഞാന്‍ ആശ്വസിച്ചെങ്കിലും കൌമാരക്കാരായ ആണ്‍ ഡോക്ടര്‍മാരില്‍ ചിലരെങ്കിലും പ്രസവം ആസ്വദിക്കുന്നുവെന്ന ഒരു ഡോക്ടര്‍ സുഹൃത്തിന്റെ വെളിപ്പെടുത്തല്‍ പ്രസവം ഒരിക്കലും മെഡിക്കല്‍ കോളജില്‍ വേണ്ട എന്ന തീരുമാനം എടുക്കാന്‍ എന്നെ പ്രേരിപ്പിച്ചു. പുരുഷ ജൂനിയര്‍ ഡോക്ടര്‍ പ്രസവം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയതും ഒരിക്കല്‍ വിവാദമായിരുന്നുവല്ലോ.

നാരങ്ങാ പിഴിയുന്നവര്‍

അടുത്തിടെ ഇറങ്ങിയ ‘ഫ്രൈഡേ’ എന്ന സിനിമയില്‍ ഗര്‍ഭിണിയായ തമിഴ് നാടോടി സ്ത്രീയെ നോക്കി രണ്ടുപേര്‍ നടത്തുന്ന സംഭാഷണത്തില്‍ നിന്ന് ചിതറിത്തെറിച്ച ഒരു ചീള് ഇങ്ങനെയായിരുന്നു.

‘…ഇവളുമാര്‍ക്കൊക്കെ നാരങ്ങാപിഴിയുന്നത് പോലെയല്ലേ ഓരോ പേറും..” സാധാരണ വെച്ചുപുലര്‍ത്തുന്ന ഒരു ധാരണയുണ്ട്. ആടും പൂച്ചയും പശുവുമെല്ലാം പ്രസവിക്കുന്നു. എല്ലാം സാധാരണ പോലെ. അവറ്റകള്‍ക്ക് ഒരു പ്രത്യേക പരിചരണവുമില്ല. ആശുപത്രികളില്ല. സ്കാനിങ് സെന്ററുകള്‍ ഇല്ല..പിന്നെ മനുഷ്യസ്ത്രീക്ക് മാത്രമെന്തിനാ ഇത്രേം പരിചരണവും ശ്രദ്ധയും… പ്രത്യേകിച്ച് കേരളത്തിലെ പെണ്ണുങ്ങള്‍ക്ക് അതിത്തിരി കൂടുതലാ… പ്രസവിച്ചതിനുശേഷം വല്ലാത്തൊരു രക്ഷ.. അതിന്റെയൊക്കെ ആവശ്യമുണ്ടോ..?’

പല ആണുങ്ങളുടെയും വായില്‍നിന്ന് കേള്‍ക്കാറുണ്ട്…
‘തമിഴത്തിപ്പെണ്ണുങ്ങള്‍ പെറുന്നത് കണ്ടിട്ടില്ലേ.. ചെലപ്പോ കല്ല് കൊത്തിക്കൊണ്ടിരിക്കുമ്പോ പേറ്റുനോവ് വന്ന് അപ്പുറത്ത് മാറിക്കിടന്ന് പെറും.. ‘

എത്ര ലാഘവത്തോടെയാണ് ഈ വാക്കുകള്‍. ഒരോ നാടിന്റെ കാലാവസ്ഥയും സംസ്കാരവും വിഭിന്നമായതുപോലെ സ്ത്രീകളുടെ ആരോഗ്യവും ജീവിത സാഹചര്യവും വേറിട്ടു നില്‍ക്കുന്നു. ആരോഗ്യരംഗത്ത് മലയാളിയെ പാശ്ചാത്യരോട് തുലനം ചെയ്യുമ്പോഴും നമ്മുടെ പെണ്ണുങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ..?

പ്രസവശേഷം പതിനഞ്ച് ദിവസംപോലും തികച്ചു കിടക്കാതെ മുതിര്‍ന്നവരുടെ വാക്കുകള്‍ അവഗണിച്ചതിന്റെ ഫലം ഞാനിന്നും അനുഭവിക്കുന്നു. രണ്ടു ചാണ്‍ അധികം നടന്നാല്‍ കാല്‍ കഴച്ചില്‍..പുറംവേദന…

 

കുഞ്ഞു വിത്ത് വയറ്റില്‍ മുള പൊട്ടുന്നതു മുതല്‍ പിന്നെ ഓരോ പെണ്ണും സ്വന്തം ശരീരത്തിന്റെ തടവുകാര്‍ ആണ്. ഒന്ന് ചരിയാന്‍,നടു നിവരാന്‍, വേഗത്തില്‍ നടക്കാന്‍ എന്തിന് അല്‍പം ഉച്ചത്തില്‍ ചുമയ്ക്കാന്‍ പോലും പേടിയാവും. Painting: Erika Hastings


 

ആ കൈകള്‍ എവിടെയാണ്…?
ഗര്‍ഭകാലവും പ്രസവവും എന്നെ സംബന്ധിച്ചിടത്തോളം ഒരു വന്‍ മല കയറ്റം തന്നെയാണ്. ഒരോ ദിവസവും രാവിലെ ഉണരുമ്പോള്‍ ‘പടച്ചവനേ ഒരു മരുഭൂമി ഇന്നും താണ്ടണമല്ലോ..’ എന്ന് ആത്മഗതം ചെയ്യും. ചര്‍ദ്ദിച്ചു ചര്‍ദ്ദിച്ച് അവശയാവുന്ന നിമിഷങ്ങള്‍. ജോലി സ്ഥലത്തെ ടോയ്ലറ്റില്‍ കാലുറക്കാതെ തളര്‍ന്നുപോവുന്ന നിമിഷങ്ങള്‍. തൊണ്ട പൊട്ടി ചോര വരും. അടിവയറ് ഇളകിമറിച്ച് ഓക്കാനിക്കും. ആ നിമിഷം സ്നേഹത്തോടെ പുറത്തു തടവുന്ന കൈകളെ നമ്മള്‍ വല്ലാതെ ആഗ്രഹിച്ചുപോവും. ഭര്‍ത്താക്കന്മാര്‍ അടുത്തില്ലാതെ ഗര്‍ഭകാലവും പ്രസവവും കഴിഞ്ഞുപോവുന്ന എത്രയെത്ര പെണ്ണുങ്ങള്‍. ആടുജീവിതത്തിലെ നജീബിന്റെ ഭാര്യ സൈനുവിനെ പോലുള്ളവര്‍..

എന്റേതുപോലുള്ള ക്ലേശകരമായ ഗര്‍ഭകാലം മറ്റാര്‍ക്കും ഉണ്ടാവില്ലെന്ന് നിനച്ചിരിക്കുമ്പോഴാണ് യാദൃഛികമായി സഹപ്രവര്‍ത്തകന്റെ ഭാര്യയുടെ അനുഭവം കേള്‍ക്കാനിടയായത്. ഗര്‍ഭിണിയാണെന്ന് തിരിച്ചറിയുന്നതു മുതല്‍ തുടങ്ങുന്ന ചര്‍ദ്ദി. പ്രസവം വരെ പിന്നെ കട്ടിലില്‍. ഒരു അറപ്പും കൂടാതെ ചര്‍ദ്ദി കൈകൊണ്ടു വാരി വെടിപ്പാക്കുകയും അടുത്തിരുന്ന് പരിചരിക്കുകയും ചെയ്യുന്ന തന്റെ കൂട്ടുകാരനെക്കുറിച്ച് അത്യധികം സ്നേഹവായ്പോടെ അവള്‍ വാചാലയായിക്കൊണ്ടിരുന്നു. നമ്മില്‍ എത്രപേര്‍ക്ക് കിട്ടുന്നുണ്ട് നല്ല പാതിയുടെ ഈ പരിചരണവും ശ്രദ്ധയും..?

കുഞ്ഞിന്റെ ചലനം തുടങ്ങിയ നാളുകളിലൊന്നില്‍ പെട്ടെന്ന് അനക്കം ഇല്ലാതായപോലെ. ശ്രദ്ധിച്ചപ്പോള്‍ ശരിയാണ്. രാവിലെയും വൈകിട്ടും രാത്രിയും ഇല്ല. എന്റെ പൈതലിന് എന്തു പറ്റിയെന്ന ആധിയില്‍ രാത്രി മുഴുവന്‍ ഉറങ്ങാതെ കഴിച്ചു കൂട്ടി. രാവിലെ ആയപ്പോള്‍ അതാ ഒരു ചവിട്ട്…ആശ്വാസമായി. പാവം, കക്ഷി നേരവും കാലവുമൊന്നും അറിയാതെ ഇന്നലെ ഉറങ്ങിപ്പോയിക്കാണണണം!

അഞ്ചും ആറും മാസത്തില്‍ പല തവണ ഗര്‍ഭം അലസിപ്പോയ ഒരു പെണ്‍കുട്ടിയെയാണ് അപ്പോള്‍ ഞാന്‍ ഓര്‍ത്തത്. എങ്ങനെ സഹിക്കാന്‍ കഴിയുന്നു അവള്‍ക്കത്..?

അറിയില്ല…കുഞ്ഞു വിത്ത് വയറ്റില്‍ മുള പൊട്ടുന്നതു മുതല്‍ പിന്നെ ഓരോ പെണ്ണും സ്വന്തം ശരീരത്തിന്റെ തടവുകാര്‍ ആണ്. ഒന്ന് ചരിയാന്‍,നടു നിവരാന്‍, വേഗത്തില്‍ നടക്കാന്‍ എന്തിന് അല്‍പം ഉച്ചത്തില്‍ ചുമയ്ക്കാന്‍ പോലും പേടിയാവും. എന്റെ കുഞ്ഞിന് എന്തെങ്കിലും സംഭവിച്ചാല്‍ എന്നുള്ള ആധി. ശരീരം പപ്പടം പോലെ നേര്‍മയാവുന്ന അവസാന മാസങ്ങളില്‍, കാലിന്റെ മസില്‍ പെരുത്തു കയറി വേദന കൊണ്ട് പുളയുന്ന രാത്രികളെ എല്ലാം നമ്മള്‍ പെണ്ണുങ്ങള്‍ ആഘോഷമാക്കുന്നു. സ്വന്തം പൈതലിന്റെ മുഖമൊന്നു കാണാനുള്ള ആ നിമിഷത്തിലേക്കായി…

പാത്തുമ്മയുടെ ആട്
ഡോക്ടര്‍മാരുടെ വീടുകളില്‍ തിരക്ക് പതിവെങ്കില്‍ അത് നീണ്ട് അടുത്ത റോഡുവരെ ചെന്നത്തുക ഗൈനക്കോളജിസ്റിന്റെ വീടിനു മുന്നിലായിരിക്കും.
നിറഞ്ഞ വയറുമായി ഡോക്ടറെ കാണാനുള്ള കാത്തിരിപ്പ് അനന്തമായി നീളുമ്പോഴാണ് രസകരമായ പല ചിന്തകളും കാഴ്ചകളും മനസ്സിനെ തണുപ്പിക്കുക. പാത്തുമ്മയുടെ ആടില്‍ ബഷീര്‍ ആടിന്റെ ഗര്‍ഭവും പേറും ചിന്തിച്ച് അസ്വസ്ഥനാവുന്ന രംഗങ്ങളുണ്ട്.

ഒരു ആണിന്റെ പച്ചയായ ആകുലതയാണത്. പെണ്ണുങ്ങള്‍ ഏറെ ലാഘവത്തോടെ ഇതെങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് ബഷീര്‍ അതില്‍ അദ്ഭുതപ്പെടുന്നുണ്ട്. ബഷീറിന്റെ ഇതേ അസ്വസ്ഥതകള്‍ ആണ് ഓരോ തവണയും ഗൈനക്കോളജിസ്റിനെ കാണിക്കാന്‍ പോവുമ്പോള്‍ പുറത്ത് കാത്തുനില്‍ക്കുന്ന പുരുഷാരത്തെയും വേട്ടയാടുന്നത് എന്ന് തോന്നിയിട്ടുണ്ട്.

പെണ്ണുങ്ങള്‍ക്കൊപ്പം കൂട്ടു വന്നവരായിരിക്കും അവര്‍. ലോകത്തിലെ മുഴുവന്‍ ഭീരുത്വവും അവരുടെ കണ്ണുകളില്‍ തളംകെട്ടി കിടക്കുന്നതായി തോന്നും. അടച്ചിട്ട വാതിലിനപ്പുറത്ത് ഡോക്ടര്‍ ഭാര്യയെ പരിശോധിക്കുമ്പോള്‍ വെറും കാഴ്ചക്കാരനായി പുറത്ത് അജ്ഞാതമായ ഒരു ലോകത്തിന്റെ ആശങ്കകളും പേറി ‘വീരശൂര പരാക്രമിയായ’ അയാള്‍ നില്‍ക്കുന്നത് കാണുമ്പോള്‍ അറിയാതെ ഉള്ളില്‍ ചിരിപൊട്ടും.

മുമ്പൊരിക്കല്‍ ഒരു മാധ്യമപ്രവര്‍ത്തകന്റെ കോളത്തില്‍ വായിച്ചതോര്‍മ വരുന്നു.
”മനുഷ്യ വംശത്തിന്റെ ആദ്യ കാലങ്ങളില്‍ ആണും പെണ്ണും ഒരുപോലെ ഇര തേടാനിറങ്ങിയിരുന്നു. പിന്നീട് പ്രസവം എന്ന മഹാദ്ഭുതം സ്ത്രീകളില്‍ സംഭവിച്ചപ്പോള്‍ തന്റെ അശക്തിയുടെ ആഴത്തെ കുറിച്ചുബോധ്യപ്പെട്ട പുരുഷന്‍ ആ അപകര്‍ഷതാ ബോധം മറി കടക്കാന്‍ പെണ്ണിനെ അകത്തിരുത്തി ഉലകസഞ്ചാരത്തിനിറങ്ങുകയായിരുന്നു. അങ്ങനെ അവന്‍ പോരാളിയായി, വിവരമുള്ളവനായി, ഭരിക്കുന്നവനായി…”

എന്നാലും, ഒരോ പേറിലും പുറത്ത് കാഴ്ചക്കാരനായി നില്‍ക്കുന്ന ആ സമയത്ത് പ്രാചീന മനുഷ്യന്റെ അപകര്‍ഷതയും ഭീരുത്വവും ആധുനിക യുഗത്തിലും പുരുഷനെ വേട്ടയാടുന്നുവെന്ന് ആ മുഖങ്ങളില്‍നിന്ന് വായിച്ചെടുക്കാം.

 

വയറുകള്‍ നിറയെ വാവകള്‍. വാവകളുടെ ഒരുകൊച്ചു സമ്മേളനം. എന്തൊരു രസകരമായ കാഴ്ച! Painting: Alexandre Cabanel


 

കുഞ്ഞുവാവമാരുടെ സമ്മേളനം
അമ്മയുടെ വയറ്റിലുള്ള കുഞ്ഞുവാവയെ കാണിക്കാന്‍ ‘കൂട്ടു വന്ന’ അഞ്ചു വയസ്സുകാരി ചേച്ചി ചോദിച്ച ഒരുചോദ്യത്തില്‍ കൊരുത്ത് കുറെ നേരം ചിരിച്ചിരുന്നുപോയി.
”അമ്മേ,ഇതിലൊക്കെ നെറച്ചും വാവകളാ…?”

ആശ്ചര്യം വിടര്‍ത്തിയ കണ്ണുകളോടെ വിവിധ വലിപ്പത്തിലുള്ള വയറുകളിലേക്ക് നോക്കി അവള്‍ ഏറ്റവും നിഷ്കളങ്കമായി എയ്തുവിട്ട ചോദ്യത്തില്‍ പക്ഷേ, രസകരമായ ഒരു ഭാവനാ ചിത്രം (അല്ല യാഥാര്‍ഥ്യം) ഒളിഞ്ഞു കിടപ്പുണ്ടായിരുന്നു. പല വലിപ്പത്തിലും പ്രായത്തിലും ഗര്‍ഭാശയത്തിന്റെ ചൂടറയില്‍ ചുരുണ്ടുകൂടിയും ഞെളിപിരികൊണ്ടും കുസൃതികളൊപ്പിച്ചും കിടക്കുന്ന വാവകളെ അപ്പോള്‍ എന്റെ മനസ് സ്കാന്‍ ചെയ്തു കൊണ്ടിരുന്നു.

വയറുകള്‍ നിറയെ വാവകള്‍. വാവകളുടെ ഒരുകൊച്ചു സമ്മേളനം. എന്തൊരു രസകരമായ കാഴ്ച!

19 കാരിയോടൊപ്പം അടുത്തിരിക്കുന്ന ഉമ്മയുടെ മുഖത്ത് നിറയെ ആശങ്കയായിരുന്നു. മകള്‍ക്കിത് എട്ടാം മാസമേ ആയുള്ളൂ. തലേന്ന് രാത്രി പെട്ടെന്ന് വേദന വന്നു. സ്വന്തം വീട്ടിലേക്ക് ഫോണ്‍ ചെയ്തു ഉമ്മയെ വിളിച്ചുവരുത്തി രായ്ക്ക് രാമാനം ആശുപത്രിയില്‍ എത്തിയപ്പോള്‍ അഡ്മിഷനു പറഞ്ഞു. ഡോക്ടറെ കാണാനിരിക്കുകയാണ് ഇരുവരും.

ഭര്‍ത്താവ് നാട്ടിലില്ല. പെണ്‍കുട്ടിക്ക് പുര നിറച്ചും പണിയാണ്. ഭര്‍ത്താവിന്റെ ഉമ്മക്കും ഉപ്പക്കും കല്ലിലരച്ചുവെച്ച കറിയില്ലാതെ ചോറിറങ്ങില്ല. എന്നും അരച്ചു ചുട്ട പത്തിരിയും വേണം. ഗര്‍ഭിണിയാണെന്നറിഞ്ഞിട്ടും ഇക്കാര്യത്തിലൊന്നും ഒരിളവുമില്ല. കുട്ടി പണിപേറി അവശയായി. സമയത്തിന് ആഹാരവും പോഷകവുമില്ലാതെ വിളറി വെളുത്തു. മാസമെത്തുന്നതിന് മുമ്പേ വേദന വന്നു.

 

ജനിച്ച ഉടനെ പേരക്കുഞ്ഞുങ്ങളുമായി വരുന്ന അമ്മൂമ്മമാരെ ശ്രദ്ധിച്ചിട്ടുണ്ടോ...? അവരുടെ മുഖത്തെ ആ അധികാര ഭാവം, വാല്‍സല്യം എല്ലാം ആ ചേര്‍ത്തുപിടിത്തത്തില്‍ കാണാം... Painting: Alice Mason


 

ഡോക്ടര്‍ മദാമ്മ

ഏറ്റവും ഒടുവില്‍ ചെക്കപ്പിനുപോയ സമയത്താണ് വിമല ബക്ഷി എന്ന ഡോക്ടറെ കുറിച്ച് അറിഞ്ഞത്. കോഴിക്കോട്ടെ ആദ്യത്തെ ഗൈനക്കോളജിസ്റുകളില്‍ ഒരാളായിരുന്നു അവര്‍. മരുമകളുമായി ചെക്കപ്പിനു വന്ന ഒരു അമ്മയാണ് ആ കഥ പറഞ്ഞു തന്നത്. 38 വര്‍ഷം മുമ്പ് മകനെ പ്രസവിക്കനായി അവര്‍ ഇതേ ആശുപത്രിയിലാണ് വന്നത്. ഇംഗ്ളീഷു സംസാരിക്കുന്ന ‘മദാമ്മ ഡോക്ടറെ’ എല്ലാവര്‍ക്കും കൌതുകവും ഏറെ ഇഷ്ടവുമായിരുന്നു. ലണ്ടനില്‍നിന്നും ഡോക്ടര്‍ പഠനം കഴിഞ്ഞ് വന്നതാണ് അവര്‍. രോഗികള്‍ പറയുന്നത് മലയാളീകരിച്ചു കൊടുത്തിരുന്നത് അസിസ്റന്റായിരുന്ന കരുണാകരന്‍ ഡോക്ടര്‍ ആയിരുന്നുവെന്നും ആ അമ്മ ഓര്‍ത്തു പറഞ്ഞു.

സ്കാനിങ്ങും മറ്റും ഇല്ലാതിരുന്ന കാലം. കൈകൊണ്ട് തൊട്ടു നോക്കി വളരെ കൃത്യമായി മാസവും കുഞ്ഞിന്റെ വളര്‍ച്ചയും ഒക്കെ പറഞ്ഞിരുന്നുവത്രെ അവര്‍! ഇന്നും ആ ഡോക്ടറെ കുറിച്ചുപറയുമ്പോള്‍ അവരുടെ മുഖത്ത് സന്തോഷത്തിന്റെ നറുവെട്ടം. കോഴിക്കോടിന്റെ പരിസരങ്ങളിലെവിടെയോ അവര്‍ താമസിക്കുന്നുണ്ടത്രെ. താന്‍ രണ്ടു മക്കളെ പെറ്റ അതേ ആശുപത്രിയില്‍തന്നെ തന്റെ പേരക്കുട്ടിയും പിറക്കണം എന്ന ആ ആശുപത്രിയോട് പണ്ടുമുതല്‍ക്കേ ഉള്ള ആത്മബന്ധത്തില്‍നിന്നാണ് മകന്റെ ഭാര്യയെയും കൂട്ടി അവര്‍ വന്നത്.

പണ്ടുണ്ടായിരുന്ന പേറ്റിച്ചിമാരുടെ കഴിവിനെ കുറിച്ച് പറഞ്ഞ് അവര്‍ വാചാലയായി. പേറെടുക്കുന്ന കാര്യത്തില്‍ ഇന്നത്തെ ഡോക്ടര്‍മാരെയും വെല്ലുന്നവരായിരുന്നുവത്രെ പേറ്റിച്ചിമാര്‍.. ജനിച്ച ഉടനെ പേരക്കുഞ്ഞുങ്ങളുമായി വരുന്ന അമ്മൂമ്മമാരെ ശ്രദ്ധിച്ചിട്ടുണ്ടോ…?

അവരുടെ മുഖത്തെ ആ അധികാര ഭാവം, വാല്‍സല്യം എല്ലാം ആ ചേര്‍ത്തുപിടിത്തത്തില്‍ കാണാം…
ലോകത്തുള്ള ഏത് ആപത്തില്‍നിന്നും കാത്ത് ഒരുകോട്ട പോലെ വളച്ചുവെച്ച കൈകളില്‍ അവന്‍ അല്ലെങ്കില്‍ അവള്‍ സുരക്ഷിതത്ത്വത്തിന്റെ ചൂടില്‍ പുതഞ്ഞുറങ്ങും.

 

അവന്‍ ഇപ്പോള്‍ തൊട്ടിലില്‍ ഉറങ്ങുകയായിരിക്കും. അല്ല,എഴുന്നേറ്റ് പാലിന് കരയുകയായിരിക്കും. ആ കരച്ചില്‍ ഇടയ്ക്കിടെ നമ്മുടെ കാതുകളിലേക്ക് പാഞ്ഞത്തെും. അപ്പോള്‍ നെഞ്ചത്തു നിന്ന് കടച്ചില്‍ വരും. Painting: Pon Raghunathan


 

നെഞ്ചിലൂടെ ഒഴുകിയ മുലപ്പാല്‍

പുതിയ ജീവിത സാഹചര്യങ്ങള്‍ അമ്മമാരായ സത്രീകളെ എന്തു മാത്രം ക്ലേശാവസ്ഥയിലേക്കാണ് തള്ളിവിടുന്നത്?

മറ്റാര്‍ക്കും മനസ്സിലാവാത്ത ആരോടും പങ്കുവെക്കാനാവാത്ത എത്ര ഘട്ടങ്ങളിലൂടെയാണ് അവര്‍ കടന്നുപോവുന്നത്?

ആപ്പീസില്‍ ജോലിചെയ്യുന്നതിനിടെ എത്ര തവണ നമ്മുടെ മനസ്സ് കുഞ്ഞുവാവയുടെ അടുത്തേക്ക് പറന്നുപോവുന്നു…?

അവന്‍ ഇപ്പോള്‍ തൊട്ടിലില്‍ ഉറങ്ങുകയായിരിക്കും. അല്ല,എഴുന്നേറ്റ് പാലിന് കരയുകയായിരിക്കും. ആ കരച്ചില്‍ ഇടയ്ക്കിടെ നമ്മുടെ കാതുകളിലേക്ക് പാഞ്ഞത്തെും. അപ്പോള്‍ നെഞ്ചത്തു നിന്ന് കടച്ചില്‍ വരും. അത് അസഹനീയമായി ഉയരും. പിന്നീട് പാല്‍ തുളുമ്പി ചുരിദാറിന്റെ മുന്‍വശത്തൂടെ ഒലിച്ചിറങ്ങി വസ്ത്രങ്ങളെ നനയ്ക്കും. സഹപ്രവര്‍ത്തകര്‍ കാണാതെ അത് മറച്ചു പിടിക്കാനുള്ള തത്രപ്പാടായിരിക്കും. കടച്ചിലിന്റെ ഊക്കില്‍ ഞെളിപിരികൊള്ളും. ജോലിയില്‍ ശ്രദ്ധിക്കാന്‍ കഴിയില്ല. പതുക്കെ എഴുന്നേറ്റ് ടോയ്ലറ്റില്‍ കയറി പിഴിഞ്ഞു കളയുമ്പോള്‍ കണ്ണില്‍ നിന്ന് ഇറ്റുവീഴുന്ന കണ്ണീരിന് ആസിഡിന്റെ ചൂടായിരിക്കും.

അപ്പോള്‍ ചുണ്ട് പിളര്‍ത്തി നുണയുകയും കരയുകയും ആയിരിക്കും പൈതല്‍. ലോകത്തോടു മുഴുവന്‍ വിദ്വേഷം തോന്നിപ്പോവുന്ന നിമിഷം. എല്ലാം ഇട്ടെറിഞ്ഞ് വീടണയാനുള്ള വെമ്പല്‍. ബാഗ് വലിച്ചെറിഞ്ഞ് കട്ടിലില്‍ കുഞ്ഞിനൊപ്പം കിടന്ന് പാല്‍ കൊടുക്കുമ്പോള്‍ ആവേശത്തോടെ പാല്‍ നുണഞ്ഞുകൊണ്ട് എന്റെ മോള്‍ എന്റെ കണ്ണുകളിലേക്ക് ആഴ്ന്ന് നോക്കിയ ആ നോട്ടത്തോളം വാചാലമായ മറ്റൊന്നും ഈ ലോകത്തിലുണ്ടാവില്ല.

കട് ക്യാപ്ഷന്‍:
ശാസ്ത്രത്തിന്റെ ‘വികൃതി’യിലൂടെ പുരുഷനും പ്രസവിച്ചതായി കേട്ടിട്ടുണ്ട്. പക്ഷേ, അത് പേറായിരുന്നില്ല; കീറായിരുന്നു. കുട്ടിയെ വയറ് കീറി പുറത്തെടുക്കുകയായിരുന്നു. അതുകൊണ്ട് അടുത്ത ഗര്‍ഭിണിയെ കാണുമ്പോള്‍ കമന്റ് പറയാന്‍ നാവെടുക്കുന്നവരോട് ലോകാരംഭം മുതല്‍ നിലനില്‍ക്കുന്ന ആ വെല്ലുവിളി ഇവിടെയും ആവര്‍ത്തിക്കുന്നു…

‘ധൈര്യമുണ്ടെങ്കില്‍ ഒന്ന് നൊന്തുപെറ്റ് കാണിക്കെടോ…!’

 
 
 
 

34 thoughts on “അടിയാത്തി മാച്ചിയുടെ ഈറ്റുപുരയും ശ്വേതാമേനോന്റെ പേറും

 1. നന്നായി എഴുതിയിരിക്കുന്നു. വെറുമൊരു ‘അച്ഛന്‍ ‘ പോലുമല്ലാത്ത ഞാന്‍ അറിവില്ലാത്ത കാര്യങ്ങളെ കുറിച്ച് കൂടുതല്‍ പ്രതികരിക്കുന്നില്ല.

 2. ശ്വേതാ മേനോനില്‍ തുടങ്ങി വളര മനോഹരമായി നിങ്ങള്‍ വരച്ചുകാട്ടിയ ഈ ഗര്‍ഭകാല നോവുകള്‍ തന്നെ
  ആകാം ശ്വേതയും ബ്ളസിയും ഉദ്ദേശിച്ചത .അത്
  തന്നെ പ്രതെഷികുന്നതും………. അല്ലാതെ ഒരു direct deli-seen അല്ല..

 3. സോദരീ…അത് വല്ലാത്തൊരു വെല്ലു വിളി തന്നെ…
  നമ്മള്‍ പുരുഷന്മാര്‍ അറിയാത്ത, മനസ്സിലാക്കാത്ത പല കാര്യങ്ങളും സോദരി വിശദമായി അറിയിച്ചു തന്നതില്‍ നന്ദി…എന്റെ മക്കളെ പ്രസവിച്ചപ്പോള്‍ എന്റെ കുഞ്ഞുങ്ങളുടെ ഉമ്മയും ഇത്രയൊക്കെ അനുഭവിചിരിക്കുമെന്നു അറിയുമ്പോള്‍… ഇങ്ങു ദൂരെ നിന്നും അവളെക്കുറിച്ച് വിവരിക്കാനാവാത്ത മതിപ്പും സ്നേഹവും സഹതാവുമെല്ലാം എന്റെ മനസ്സില്‍ ഉയരുകയാണ്….നന്ദി

 4. അമ്മ ഉമ്മ അമ്മച്ചി ഈ തിരക്കിന്‍റെ കാലത്ത് കണ്ടെത്തുക ഇത്തിരി സമയം ആ സ്നേഹത്തിന്‍റെ മഹാപ്രവാഹത്തിനായി

 5. “കട്ടിലില്‍ കുഞ്ഞിനൊപ്പം കിടന്ന് പാല്‍ കൊടുക്കുമ്പോള്‍ ആവേശത്തോടെ പാല്‍ നുണഞ്ഞുകൊണ്ട് എന്റെ മോള്‍ എന്റെ കണ്ണുകളിലേക്ക് ആഴ്ന്ന് നോക്കിയ ആ നോട്ടത്തോളം വാചാലമായ മറ്റൊന്നും ഈ ലോകത്തിലുണ്ടാവില്ല.”
  ഇന്ന് പല സ്ത്രീകളും പ്രസവ ശേഷം കുഞ്ഞുങ്ങള്‍ക് മുലപാല്‍ നിഷേധിക്കുക ആണ് ചെയ്യുന്നത്..
  പ്രസവ സമയത്ത് ഭാര്യയുടെ കൂടെ നില്‍കാന്‍ പറ്റാത്തതിന്റെ നഷ്ട ബോധം ഇത് വായിച്ചപ്പോള്‍ കൂടി കൂടി വരുന്നു….നന്മകള്‍ നേരുന്നു

 6. അതെ ആണൂം പെണ്ണൂം ഒരുപോലെ പങ്കെടുക്കുന്ന ഒരു പ്രക്രിയയിലൂടെ പക്ഷെ ഒരു കുട്ടി ഗർഭത്തിലുണ്ടായാൽ പിന്നെ ഒരു ചുമതലയും പുരുഷനില്ല എന്ന സാമൂഹ്യ-മത- ആചാരങ്ങളനുസരിച്ച് പുരുഷൻ ഒന്നും അരിയേണ്ട എന്ന ധാരണയുണ്ടായി. അതല്ലാതെ സ്ത്രീയുടെ അവസ്ഥകലെ മനസിലാക്കാൻ ശ്രമിക്കുന്നവന് ആണത്വമില്ല എന്നും ധാരണയയുമുണ്ടായി. അപ്പോൾ പിന്നെ കാര്യങ്ങൾ ഇങ്ങനൊക്കെയല്ലേ സംബവിക്കൂ. പ്രസവം കഴിഞ്ഞ് വീടിനു പോലും അയിത്തം കല്പീച്ചിരുന്നു, ഇന്നും കല്പീക്കുന്നു എന്നു തോന്നുന്നു.

  പക്ഷെ എന്തു കൊണ്ട് പുരുഷൻ ഒന്നും അറിഞ്ഞുകൂടാ? അതാണ് കുടുംബ ജീവിതത്തിൽ തുല്യത എന്ന ക്ലോസിന്റെ ആവശ്യം. അറിയാത്തതു പരസ്പരം പറഞ്ഞും കണ്ടും പങ്കിടുക. നേരിട്ടും അല്ലാതെയും. അവിടെയാണ് ഈ ലേഖനത്തിന്റെ പ്രസക്തി. ഒരു സ്ത്രീ പുരുഷലോകത്തെ അറിയിക്കയാണ് അറിയാതിരുന്ന/ അറിയിക്കെണ്ടാ എന്നു വിലക്കിയിരുന്നതൊക്കെ. പുരുഷന്മാർ മനസിലാക്കുക. ‘എനിക്കു മരത്തേൽ കേറിയിരുന്നു മൂത്രമൊഴിക്കാം നിനക്കു കഴിയുമോ‘ ഈ ചോദ്യത്തിലെ വിഡ്ഡിത്തം ഇനിയെങ്കിലും മനസിലക്കുക.

  ശ്വേതാമേനോന്റെ തീരുമാനങ്ങളെ പല വിധത്തിൽ മൻസിലാക്കാം പക്ഷെ അതിൽ നല്ല കാര്യങ്ങൽ ഉണ്ട്, അതും മനസിലാക്കണം. അതിലും അടങ്ങിയിരിക്കുന്നത് ഇതുപോലെയുള്ള അറിയിക്കലാണ്, തുല്യതയെക്കുറിച്ചറിയിക്കയാണ്.
  ചിലതൊക്കെ ഞാൻ ഇവിടെയും പറഞ്ഞിട്ടുണ്ട്
  http://weddingsandmarriages.blogspot.com/2012/10/actress-delivers-before-camera-new.html

 7. അതിശക്തമായി തന്നെ ഈ വിഷയം റജീന എഴുതിയിരിക്കുന്നു . സ്ത്രീയുടെ കരുത്തിനും ക്ഷമക്കും സഹനത്തിനും മുന്‍പില്‍ ഞങ്ങള്‍ ഒന്നുമല്ല . ലേഖനത്തിലെ പല കാര്യങ്ങളും പലരീതിയില്‍ പല മുഖങ്ങളില്‍ നിന്നും കേട്ടതാണെങ്കിലും അതിനെ ക്രോഡീകരിച്ച രീതിയും വിഷയത്തിന്റെ ആഴവും ഗംഭീരം തന്നെ . പ്രസവത്തിന്റെ നോവ്‌ ഒരു സ്ത്രീ ഓര്‍ക്കില്ലെന്നത് എന്നെ അത്ഭുതപ്പെടുത്തി !ലേഖികക്കു അഭിനന്ദനങ്ങള്‍ ………………….

 8. ക്യമാറയ്ക്കുമുന്നിലെ പ്രസവത്തെക്കുറിച്ചുള്ള പ്രതികരണമറിയാന്‍ ഹെല്‍ത്ത് വാച്ച് മലയാളം വിവിധ മേഖലയിലുള്ളവരുമായി സംവദിച്ചു. അവരുടെ പ്രതികരണങ്ങളിലൂടെ….

  “കലയ്ക്കുവേണ്ടിയാണെങ്കില്‍ ഇതു വേണ്ടിയിരുന്നില്ല”
  **********************************************
  കാനായി കുഞ്ഞിരാമന്‍

  സിനിമ കലയാണ്. സങ്കല്പങ്ങളെ യാഥാര്‍ത്ഥ്യമാണെന്ന് തോന്നിപ്പിക്കുംപോലെ അവതരിപ്പിക്കുന്നിടത്താണ് കലാകാരന്റെ വിജയം. അറിയപ്പെടുന്ന ഒരു നടിയുടെ പ്രസവം ചിത്രീകരിച്ചു സിനിമയെടുക്കുന്നതിന്റെ ഉദ്ദേശം എന്താണെന്ന് എനിക്കു മനസിലായിട്ടില്ല. ഡോക്യുമെന്ററിയാണെങ്കില്‍ അവിടെ കഥയും കഥാപാത്രവുമല്ല. യാഥാര്‍ത്ഥ്യമാണ് ക്യാമറയില്‍ പകര്‍ത്തുക. എന്നാല്‍ സിനിമ തികച്ചും കലാസൃഷ്ടിയാണ്. പ്രസവം എന്ന പ്രതിഭാസത്തെ സിനിമയുടെ സാങ്കേതിക സാധ്യതകളുപയോഗിച്ച് പ്രേക്ഷകരുടെ മുന്നിലെത്തിക്കാന്‍ സംവിധായകന് കഴിയും. പിന്നെ ഇതിന്റെ ഉദ്ദേശം ശാസ്ത്രീയ അവബോധം വളര്‍ത്തുക എന്നതാണെങ്കില്‍ അത് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രയോജനപ്പെടുക. സാധാരണ പൊതുസമൂഹത്തിന് അതിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. മാത്രമല്ല, ഈയൊരു ലക്ഷ്യത്തിന് അറിയപ്പെടുന്ന വ്യക്തിയുടെ പ്രസവംതന്നെ ചിത്രീകരിക്കണമെന്നില്ല. സിനിമ പൊതുജനമാധ്യമമാണ്. സമൂഹത്തിന് ആവശ്യമില്ലാത്തത് ഇത്തരമൊരു മീഡിയയില്‍ക്കൂടി അടിച്ചേല്‍പ്പിക്കേണ്ട ആവശ്യമുണ്ടോയെന്ന് കലാകാരന്‍ ചിന്തിക്കേണ്ട കാര്യമാണ്. ഇതിനു സമ്മതംകൊടുത്തതിനെക്കുറിച്ചു അഭിപ്രായം പറയാന്‍ ഞാന്‍ ആളല്ല. കാരണം അത് അവരുടെ സ്വാതന്ത്യ്രമാണ്.

  “ഭ്രാന്തുള്ളവരാണ് ഇങ്ങനെയൊക്കെ ചെയ്യുക”
  ****************************************
  സ്വപ്ന നന്ദകുമാര്‍, ഗവേഷകവിദ്യാര്‍ത്ഥി, ബെനശങ്കരി, ബാംഗ്ളൂര്‍

  പ്രസവം എന്നത് സ്ത്രീയുടെ സ്വകാര്യതയാണ്. ഇത് ക്യാമറയ്ക്കുമുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതിനോട് യോജിക്കാനാവില്ല. നമ്മുടെ സാമൂഹ്യചുറ്റുപാടില്‍ ഒരു സ്ത്രീക്കും ഇതുപോലൊരു കാര്യം ചിന്തിക്കാന്‍പോലും പറ്റില്ല. ഭ്രാന്തുള്ളവരാണ് ഇങ്ങനെയൊക്കെ ചെയ്യുക.

  “സ്ത്രീകളുടെ സ്വാകാര്യതയിലേക്കുള്ള കടന്നുകയറ്റം”
  *********************************************
  മല്ലികാനമ്പൂതിരി, ഫെഡറല്‍ബാങ്ക്, പേരൂര്‍ക്കട ബ്രാഞ്ച്, തിരുവനന്തപുരം

  സ്ത്രീ അമ്മയായിക്കൊണ്ടിരിക്കുന്ന അസുലഭമുഹൂര്‍ത്തം കലയ്ക്കുവേണ്ടിയാണെങ്കിലും വിജ്ഞാനത്തിനുവേണ്ടിയാണെങ്കിലും പബ്ളിസിറ്റിക്കുവേണ്ടിയാണെങ്കിലും ക്യാമറയില്‍ പകര്‍ത്തി പ്രദര്‍ശിപ്പിക്കുന്നത് അശ്ലീലവും അനാവശ്യവുമാണ്. ഇതിനെ സ്ത്രീകളുടെ സ്വാകാര്യതയിലേക്കുള്ള കടന്നുകയറ്റമായേ എനിക്കു കാണാനാവൂ.

  “ഒരാളുടെ സ്വാതന്ത്യ്രത്തെ ചോദ്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ല”
  ****************************************************
  ഡോ.എസ്.കൃഷ്ണന്‍, അസോസിയേറ്റ് പ്രൊഫസര്‍,
  മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം

  എന്തു കാണണം എന്തു കാണേണ്ട എന്നു തീരുമാനിക്കാനുള്ള അവകാശം ജനത്തിനുണ്ട്. അതുപോലെ ഏതു റോള്‍ ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശം ശ്വേതാമേനോനുമുണ്ട്. ഏതു വേഷവും ചെയ്യാന്‍ മടിയില്ലാത്ത ഒരു അഭിനേത്രിയാണ് ശ്വേതാ മേനോന്‍ എന്ന് അവര്‍ ഇതിനുമുമ്പ് തെളിയിച്ചതുമാണ്. അവരുടെ ആഭാസനൃത്തം കണ്ട് ആസ്വദിച്ചവര്‍ ഇപ്പോള്‍ വിമര്‍ശിക്കുന്നതു ശരിയല്ല. അവരുടെ പ്രൊഫഷന്‍ അഭിനയമാണ്. പ്രസവം എന്ന പ്രക്രിയയെ കാശാക്കിമാറ്റാന്‍ അവര്‍ തീരുമാനിച്ചെങ്കില്‍ അത് അവരുടെ സ്വാതന്ത്യ്രം. ചിത്രീകരിച്ച രീതി എങ്ങനെയാണെന്ന് നമുക്കറിയില്ല. അവരുടെ ലൈംഗിക അവയവങ്ങള്‍ കാണാത്ത രീതിയിലാണ് ചിത്രീകരിച്ചതെങ്കില്‍ തെറ്റുപറയാനൊന്നുമില്ല. മാത്രമല്ല, നവജാതശിശുവിന് ദോഷം സംഭവിക്കുന്ന ലൈറ്റുകളൊന്നും ഉപയോഗിക്കാനുള്ള സാധ്യതയില്ല. മെഡിക്കല്‍ എത്തിക്സുമായി യോജിച്ചുകൊണ്ടല്ലാതെ ഇത്തരമൊരു രംഗം ഷൂട്ട് ചെയ്യാനാവില്ല.

  “ഒളിക്യാമറാദൃശ്യങ്ങള്‍ക്കു സമം”
  *****************************
  കൃഷ്ണകുമാര്‍ പൊതുവാള്‍, എഡിറ്റോറിയല്‍ അസിസ്റന്റ്, ദേശാഭിമാനി, തൃശൂര്‍

  മനുഷ്യജീവിതത്തിലെ രണ്ട് നിര്‍ണ്ണായകമുഹൂര്‍ത്തങ്ങളാണ് പ്രസവവും മരണവും. ഇതിനെ ലാഘവത്തോടെ കാണാന്‍ ആര്‍ക്കും കഴിയില്ല. പ്രാര്‍ത്ഥനകളുടെയും നിലവിളികളുടെയുമിടയിലാണ് ഇതു രണ്ടും നടക്കുക. ഇത്തരം സന്ദര്‍ഭങ്ങളെ കാശാക്കി മാറ്റുന്നത് നമ്മുടെ സാമൂഹ്യനീതിശാസ്ത്രത്തിന് യോജിക്കുന്നതല്ല. അങ്ങനെയെങ്കില്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്താല്‍ കൊലപാതകവും ക്യാമറയില്‍ പകര്‍ത്താമല്ലോ. പത്മനാഭസ്വാമിക്ഷേത്രത്തിലെ പത്മതീര്‍ത്ഥം കുളത്തില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന ഒരു കൊലപാതകം ലൈവായി ക്യാമറയില്‍ പകര്‍ത്തിയ സൂര്യാടി.വി.യുടെ റിപ്പോര്‍ട്ടറെക്കുറിച്ച് ജനം പ്രതികരിച്ചത് ഓര്‍ക്കുക. മനുഷ്യത്വത്തിന് നിരക്കാത്തതായിരുന്നു ആ ചിത്രീകരണമെന്ന് വിലയിരുത്തപ്പെട്ടു. അതുപോലെതന്നെ ശ്വേതയും അവരുടെ ഭര്‍ത്താവും സമ്മതിച്ചുവെന്ന് കരുതി ഇതിനെ ന്യായീകരിക്കാനാവില്ല. ഒളിക്യാമറാദൃശ്യങ്ങള്‍ കണ്ട് ആസ്വദിക്കുന്നവരുടെ മുന്നിലേക്ക് വച്ചുനീട്ടേണ്ടതാണ് ഇത്തരം ചിത്രങ്ങള്‍. അല്ലാതെ ജനകീയ മാധ്യമമായ സിനിയിലൂടെ സമൂഹത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കേണ്ടതല്ല.

  “ഇത് സംവിധായകന്റെ പരാജയം”
  ******************************
  സൂരജ് എല്‍.എസ്. പാരാമെഡിക്കല്‍ സ്റ്റാഫ്‌, തിരുവനന്തപുരം

  പബ്ളിക്കായി ഇങ്ങനെ ചെയ്തതുകൊണ്ട് ആര്‍ക്ക് എന്ത് ഗുണമാണുള്ളതെന്ന് മനസിലാവുന്നില്ല. പ്രസവം എന്നത് പുതിയ കാര്യമല്ല. പ്രസവത്തിന്റെ ശാസ്ത്രീയവശങ്ങള്‍ എല്ലാവര്‍ക്കുമറിയാം. പോപ്പുലാരിറ്റിക്കുവേണ്ടിയുള്ള കാട്ടിക്കൂട്ടലാണിത്. ഇവിടെ ബ്ളസി എന്ന സംവിധായകന്റെ പരാജയമാണ് സംഭവിക്കുന്നത്. ജീവിതത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍ പച്ചയായി ചിത്രീകരിച്ചല്ലല്ലോ പ്രേക്ഷകരില്‍ വികാരം ജനിപ്പിക്കുന്നത്. കലയുടെ സാധ്യത ഉപയോഗിച്ചാണ്. എത്രയോ സിനിമകളില്‍ എത്രയോ പ്രസവങ്ങള്‍ നാം കണ്ടിരിക്കുന്നു. പ്രസവത്തിന്റെ വേദനയും സങ്കീര്‍ണ്ണതയുമൊക്കെ നമുക്കു മനസിലാവുന്നുമുണ്ട്. പിന്നെയെന്തിനാണ് ശ്വേതാമേനോന്റെ പ്രസവം ക്യാമറയില്‍ പകര്‍ത്തുന്നത്? അതിലെ ദുരുദ്ദേശം ആര്‍ക്കാണ് മനസിലാവാത്തത്?

  “ഗവേഷണത്തിനുവേണ്ടിയായിരുന്നെങ്കില്‍ ന്യായീകരിക്കാമായിരുന്നു”
  ***********************************************************
  അജിതകുമാരി, ഉദ്യോഗസ്ഥ, എസ്.എ.ടി. ഹോസ്പിറ്റല്‍

  സങ്കീര്‍ണതകളുടെ നിമിഷങ്ങളാണ് പ്രസവസമയം. അതിനിടയില്‍ ആകസ്മികമായി എന്തും സംഭവിക്കാം. ഒന്നു ബി.പി. കയറിയാല്‍ മതി അല്ലെങ്കില്‍ ബ്ളീഡിങ്ങ് അധികമായാല്‍ മതി അപകടം സംഭവിക്കാന്‍. ഒരു സയന്‍സിനും ഒരു ഡോക്ടര്‍ക്കും ഇവിടെ ഒന്നും ചെയ്യാനാവില്ല. ഇത്തരമൊരു മുഹൂര്‍ത്തത്തെ സിനിമയ്ക്കുവേണ്ടി ഷൂട്ട്ചെയ്യുക എന്നത് എനിക്കു ചിന്തിക്കാന്‍പോലും പറ്റുന്നില്ല. അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം മനസിലാക്കിക്കാന്‍ ഇതിന്റെ ആവശ്യമുണ്ടോ?

  “ഇത് ശ്വേതയ്ക്കു മാത്രം പറ്റുന്ന കാര്യം”
  ***********************************
  ഡോളി ഫിലിപ്പ്, ആര്‍ട്ടിസ്റ്, മഞ്ചേരി

  മഴവില്‍ മനോരമയിലെ ‘വെറുതെയല്ല ഭാര്യ’ യില്‍ അവതാരകയായെത്തുമ്പോള്‍ ശ്വേത ഒരു കുഞ്ഞിനെക്കുറിച്ചു ചിന്തിച്ചിട്ടുപോലുമുണ്ടായിരുന്നില്ല. കരിയറിലായിരുന്നു ശ്രദ്ധ. ഞങ്ങളുടെയൊക്കെ കുട്ടികളെ കാണുമ്പോള്‍ ശ്വേത ശ്രദ്ധിക്കുന്നത് കണ്ടിട്ടുണ്ട്. കുടുംബത്തിന്റെ ഊഷ്മളത അവര്‍ മനസിലാക്കുകയായിരുന്നു. പിന്നീടറിഞ്ഞു ഗര്‍ഭിണിയായെന്ന്. ഞങ്ങളെല്ലാവരുംകൂടി അത് ആഘോഷിക്കുകയും ചെയ്തു. പ്രസവത്തിനായി ലീവില്‍ പോകുംവരെ ഞങ്ങളൊന്നിച്ചുണ്ടായിരുന്നു. ഞങ്ങളെപ്പോലുള്ള കേരളത്തിലെ സ്ത്രീകളില്‍നിന്നും തികച്ചും വ്യത്യസ്തയാണ് ശ്വേതയെന്ന് എനിക്കു തോന്നിയിട്ടുണ്ട്. ഞങ്ങളുടെ മുന്നില്‍വച്ചാണ് അവര്‍ ഒരു സങ്കോചവുമില്ലാതെ ഞങ്ങളുടെ ഭര്‍ത്താക്കന്മാരെ കെട്ടിപ്പിടിച്ചത്. അതില്‍ എന്തെങ്കിലും ദുരുദ്ദേശമുള്ളതായി തോന്നിയിട്ടേയില്ല. വളരെ സ്വതന്ത്രമായിട്ടാണ് അവര്‍ ഇടപെട്ടിരുന്നത്. അതുപോലെയൊന്നും ആവാന്‍ നമുക്കാവില്ല. പ്രസവം ക്യാമറയില്‍ പകര്‍ത്തിയ കാര്യവുംഅതുപോലെയാണ്. ശ്വേതയ്ക്കു മാത്രമേ അതിനു കഴിയൂ. കാണുന്നവരുടെ കാഴ്ചപ്പാടിനനുസരിച്ചാണ് ഇത് വിലയിരുത്തപ്പെടുക. ട്രെയിനില്‍വച്ച് കുഞ്ഞിനു മുല കൊടുക്കാന്‍ വിഷമിച്ചിട്ടുള്ള അമ്മമാര്‍ എത്രയോയുണ്ട്. കാരണം പറയേണ്ടല്ലോ. സ്ത്രീയുടെ മൃതശരീരത്തെപ്പോലും ലൈംഗികമായി ഉപയോഗിച്ചവരെക്കുറിച്ച് വാര്‍ത്തയില്‍ വായിച്ചിട്ടുണ്ട്. ജനം പലവിധമാണല്ലോ. സിനിമ കാണുന്നവരില്‍ എല്ലാവരും പെടും. ചിലര്‍ അശ്ളീലം ആസ്വദിക്കുംപോലെയും അത് ആസ്വദിക്കും.

  തയാറാക്കിയത്
  ജെസ്സി നാരായണന്‍ ( ഹെല്‍ത്ത്‌ വാച്ച് സ്പെഷ്യല്‍ കറസ്പോണ്ടന്‍റ്)
  MADHYAMAM

 9. ഓരോ നോവിനും ഒരു കഥ പറയാനുണ്ട്‌ …………….വാക്കുകള്‍ അതിമനോഹരം ,,,,വായനയുടെ വികരതള്ളിച്ചകളില്‍ മറുപടി വാക്കുകള്‍ നഷ്ടപെടുന്നു

 10. വടക്കന്‍ മലബാര്‍ ഭാഷയില്‍ പറഞ്ഞാല്‍ ‘കുറച്ചെങ്കിലും ഉളുപ്പ് ‘ വേണം .. ആ സംവിധായകനെങ്കിലും..

 11. പിന്നീട്, ലോകം പഴയതു പോലായിരുന്നില്ല. എന്റെ ഉമ്മയോട് ആദരവില്‍ പൊതിഞ്ഞ സ്നേഹമായിരുന്നു പിന്നീട്. റോഡിലൂടെ നടന്നുപോകുമ്പോള്‍ ഓരോ മനുഷ്യരെ കാണുമ്പോഴും ഓര്‍ത്തുപോവും, ഓരോ മനുഷ്യനും ഓരോ പേറ്റുനോവുകള്‍ ആണല്ലാ എന്ന്.ഹൃദയത്തില്‍ എവിടെയൊക്കെയോ സ്പര്‍ശിക്കുന്നു..,റെജീന..,അഭിനന്ദനങ്ങള്‍………,

 12. “എന്റേതുപോലുള്ള ക്ലേശകരമായ ഗര്‍ഭകാലം മറ്റാര്‍ക്കും ഉണ്ടാവില്ലെന്ന് നിനച്ചിരിക്കുമ്പോഴാണ് യാദൃഛികമായി സഹപ്രവര്‍ത്തകന്റെ ഭാര്യയുടെ അനുഭവം കേള്‍ക്കാനിടയായത്. ഗര്‍ഭിണിയാണെന്ന് തിരിച്ചറിയുന്നതു മുതല്‍ തുടങ്ങുന്ന ചര്‍ദ്ദി. പ്രസവം വരെ പിന്നെ കട്ടിലില്‍. ഒരു അറപ്പും കൂടാതെ ചര്‍ദ്ദി കൈകൊണ്ടു വാരി വെടിപ്പാക്കുകയും അടുത്തിരുന്ന് പരിചരിക്കുകയും ചെയ്യുന്ന തന്റെ കൂട്ടുകാരനെക്കുറിച്ച് അത്യധികം സ്നേഹവായ്പോടെ അവള്‍ വാചാലയായിക്കൊണ്ടിരുന്നു.”ഇത് വായിച്ചു കഴിഞ്ഞപ്പോള്‍ എന്റെ ചിന്ത മുഴുവന്‍ എന്റെ ഭാര്യയെ കുറിച്ചായിരുന്നു, ഗര്‍ഭിണിയാണെന്ന് തിരിച്ചറിയുന്നതു മുതല്‍ പ്രസവം വരെ എല്ലാ മാസവും ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ചെയ്യണ്ട അവസ്ഥയായിരുന്നു എന്റെ പ്രിയതമക്ക്.പ്രസവം കഴിഞ്ഞിട്ടും ചര്‍ദ്ദി നില്‍ക്കാതെ ഡോക്റെരെ കാണാന്‍ പോയപ്പോള്‍ മൂക്കത്ത് വിരല്‍ വെച്ച്, 30 വര്‍ഷത്തെ ഔധ്യികിക ജീവിതത്തില്‍ ഇത് പോലെയൊരു അനുഭവം അവര്‍ക്ക് ആദ്യമായിരുന്നു എന്ന് ഡോക്ടര്‍ പറഞ്ഞത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു.10 മാസവും കൂടെ ഉണ്ടായിരുന്നത് കൊണ്ട് എത്ര ക്ലെശകരമായിരുന്നു എന്റെ ഭാര്യയുടെ ഗര്‍ഭകാലം എന്ന് അറിയാന്നും കഴിഞു.ഞാന്‍ കൂടെ ഉണ്ടായിരുന്നതിന്റെ ആശ്വാസം അവള്‍ പലപ്പോഴും എന്നോട് പങ്കു വെച്ചത് ഈ അവസരത്തില്‍ ഞാന്‍ ഓര്‍ക്കുന്നു ….

 13. പ്രസവതിന്റെയും മാതൃത്വത്തിന്റെയും മഹാത്മ്യം മനസ്സിലാക്കാനും സമൂഹത്തെ മനസ്സിലാക്കിക്കൊടുക്കാനും ഒരു പ്രസവം തന്നെ ഷൂട്ട്‌ ചെയ്ത് കാണിക്കേണ്ടതില്ല.അത് അനുഭവിച്ചു തന്നെ മനസ്സിലാക്കണം.അത് സ്ത്രീകള്‍ക്ക് മാത്രം അനുഭവിക്കാന്‍ ബാധ്യതയും അവകാശവും ഉള്ള ഒരു സംഗതിയാണ്.അതിന്റെ മഹാത്മ്യം സിനിമയിലൂടെ കാണിച്ചാല്‍ മാത്രം മനസ്സിലാക്കേണ്ടാതല്ല.സിനിമയില്ലാതെ തന്നെ ഇതിനു മുന്‍പും ഇതിന്റെ മഹാത്മ്യം ഇതിനെക്കാള്‍ ഭംഗിയായി ആസ്വദിച്ചവരാണ് മുന്‍ തലമുറകള്‍ .അതിനാല്‍ ഇതിനായി പ്രത്യേകം സിനിമ പിടിക്കേണ്ട യാതൊരു കാര്യവുമില്ല.

 14. അമ്മക്ക് ഉമ്മ കൊടുക്കാൻ തോന്നുന്നു ..!.അമ്മയുടെ പേറ്റ്നോവ് ഹൃദത്തിൽ കൊള്ളുന്ന എഴുത്ത്..

 15. ഡിയര്‍ റജീന ആദിയമായിഞാന്‍ പറയട്ടെ നിങ്ങള്‍ എഴുത്തുകാരുടെ കനമുള്ള വാക്കുകള്‍ ഒന്നും വായിച്ചു അര്‍ഥം മനസ്സിലാക്കാനുള്ള കഴിവ് എനിക്കില്ല എന്നാലും പലരും പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട് പെണ്ണ് അവളുടെ ഭര്‍ത്താവിന്റെ മടിയില്‍ തലവെച്ചു കിടന്നു പ്രസവിക്കണം എന്ന് സിനിമയെ കുറിച്ച് പറയുകയാനെങ്ങില്‍ ഒരു പെണ്ണിനെ പണത്തിനു വേണ്ടി എങ്ങനെയെല്ലാം ഉപയോഗിക്കാം എല്ലാം കഴിഞ്ഞു ഇതു മാതരമേ ബാക്കിയുണ്ടായിരുന്നുള്ളു അതും കഴിഞ്ഞു ഇനി എന്തെല്ലാം കാണണം എന്റെ ഉമ്മ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട് പണിക്കു പോകുന്ന പെണ്ണുങ്ങള്‍ പണിസ്ഥലത്തു പ്രസവിച്ച കഥ ഇന്നത്തെ അവസ്ഥ അതല്ല സമയ കുറവ് കാരണം നിറുത്തുകയാണ്‌

 16. നൊന്തു പ്രസവിക്കുന അമ്മമാരേ മനസിലാകാന്‍ ഇത് ടരളം മതി,, പക്ഷെ ഒന്ന് പറയട്ടെ സഹോദരി കമന്‍റ് അടിക്കുന്ന പുരുഷന്മാര്‍ക് നേരെ വാളോങ്ങുമ്പോ ലേബര്‍ റൂമിന് പുറത്തു നെഞ്ചില്‍ തീയുമായി കത്ത് നില്‍കുന്ന പുരുഷന്മാരെ കുടി ഓര്‍ക്കണം

 17. വളരെ ഹൃദ്യമായ ഒരു ലേഖനം , മാതൃത്വത്തെ – സ്ത്രീത്വത്തെയും- വളരെ നന്നായി അവതരിപ്പിച്ചു ലേഖനത്തില്‍. പക്ഷെ എന്തിനാണ് ഒരു കാര്യവുമില്ലെങ്കിലും ഇതിലും ഒരു മുസ്ലിയാരെ കരിവാരി തേച്ചത് എന്ന് മനസ്സിലായില്ല. സന്ദര്‍ഭം നോക്കാതെയും അടര്ത്തിയെടുത്തും ഉപയോഗിക്കുന്ന ഇത്തരം പ്രയോഗങ്ങള്‍ , നല്ല ഒരു ലേഖനത്തെ നിറം കെടുത്തുകയും സ്വന്തം അല്പത്തം വെളിവാക്കുകയും ചെയ്യും.

 18. ബാഗ് വലിച്ചെറിഞ്ഞ് കട്ടിലില്‍ കുഞ്ഞിനൊപ്പം കിടന്ന് പാല്‍ കൊടുക്കുമ്പോള്‍ ആവേശത്തോടെ പാല്‍ നുണഞ്ഞുകൊണ്ട് എന്റെ മോള്‍ എന്റെ കണ്ണുകളിലേക്ക് ആഴ്ന്ന് നോക്കിയ ആ നോട്ടത്തോളം വാചാലമായ മറ്റൊന്നും ഈ ലോകത്തിലുണ്ടാവില്ല.
  — blessi ithu ulkondal ……

 19. അസാധാരണമായ ലേഖനം – പ്രസവവേദനയും മരണവേദനയും അധികം വ്യത്യാസമില്ലാത്ത ഒന്നാണെന്ന ഒരു തിരിച്ചറിലേക്ക് ഞാനെത്തുന്നു. ആ അറിവാവട്ടെ പുതിയ ബോധത്തിലേക്കു നയിക്കുന്നു.

 20. മാതൃത്വത്തെ കുറിച്ചും , പ്രസവത്തെ കുറിച്ചും ഒരുപാട് വായിച്ചിട്ടും കേട്ടിട്ടും ഉണ്ട്… പക്ഷെ ഇത്രെയും ഹൃദയസ്പര്‍ശിയായ രീതിയില്‍ ഒരു വായനയോ കേള്‍വിയോ പോലും ഇതിനു മുന്‍പ് ഉണ്ടായിട്ടില്ല.. അമ്മ എന്ന വാക്കിന്റെ അര്‍ത്ഥത്തിന്റെ ആഴവും പരപ്പും വളരെ നന്നായി പ്രതിപാതിച്ചിരിക്കുന്നു…. അഭിനന്ദനങ്ങള്‍…

 21. ആദ്യ പ്രസവത്തിനു തെയ്യാറു എടുക്കുന്ന സമയത്താണ് ഈ ലേഖനം വായിക്കുന്നത്. പ്രസവ വേദന എന്നൊക്കെ പറഞ്ഞു അത്യാവശ്യം ഭയപ്പെടുത്തി കേട്ടോ. എന്നാലും വേദന അറിഞ്ഞു തന്നെ പ്രസവിക്കണമെന്നും പ്രസവസമയത്ത് ഭര്‍ത്താവ് കൂടെ ഉണ്ടാകണമെന്നും ആഗ്രഹിക്കുന്നു. വീട്ടുകാരില്‍ നിന്നും ദൂരെ നഗരത്തില്‍ താമസിക്കുമ്പോള്‍ എന്റെ അമ്മയും അച്ഛനും കൂട്ടുകാരനും എല്ലാം ആണ് ഭര്‍ത്താവ്. ഒരു കുഞ്ഞു ഉള്ളില്‍ വളരുമ്പോള്‍ ഉണ്ടാകുന്ന വികാരങ്ങളെ ദൈവികം എന്ന് മാത്രേ പറയാന്‍ പറ്റൂ. ഓരോ ശ്വാസത്തിലും ഉള്ളില്‍ വളരുന്ന അത്ഭുതത്തിന് ദൈവത്തിനു നന്ദി പറഞ്ഞു പോകുന്നു. ഭര്‍ത്താവിനു അമ്മയോടുള്ള അധികമായ സ്നേഹത്തിന്റെ (അത് എന്നെ കുറച്ചു അസൂയപ്പെടുതിയിട്ടുണ്ട്)കാരണം ഇപ്പോള്‍ കൂടുതല്‍ മനസ്സിലാവുകയും ചെയ്യുന്നു 🙂

 22. ബാഗ് വലിച്ചെറിഞ്ഞ് കട്ടിലില്‍ കുഞ്ഞിനൊപ്പം കിടന്ന് പാല്‍ കൊടുക്കുമ്പോള്‍ ആവേശത്തോടെ പാല്‍ നുണഞ്ഞുകൊണ്ട് എന്റെ മോള്‍ എന്റെ കണ്ണുകളിലേക്ക് ആഴ്ന്ന് നോക്കിയ ആ നോട്ടത്തോളം വാചാലമായ മറ്റൊന്നും ഈ ലോകത്തിലുണ്ടാവില്ല.

  എന്റെ അനുഭവം ആണ് ഇത്..ഒരു പക്ഷെ എല്ലാ അമ്മമാരുടെയും.. വളരെ ഹൃദയ സ്പര്സിയായ ലേഖനം..അഭിനന്ദനങ്ങള്‍..

 23. aniyathi pregnant ayrike kozikode MIMS hospital il poyapo vayaru thaangi nadakkunna sthreekale kandapo manassu kond shapadam cheydu poytn, ‘daivame, njaanayt oru penkuttik ee gathi varuthilla’. Engana ente ammamaare, aniyathimaare saadhikkunnad…??!!

Leave a Reply to ജയചന്ദ്രന്‍ മൊകേരി Cancel reply

Your email address will not be published. Required fields are marked *