ഒറ്റച്ചിറകിനാല്‍ പറക്കുന്ന ദൂരങ്ങള്‍

 
 
 
 
ജന്മത്തിന്റെയും മരണത്തിന്റെയും പടവുകളില്‍ വല്ലാതെ തനിച്ചു നിന്ന രണ്ടു പെണ്‍മുഖങ്ങള്‍. സെറീന എഴുതുന്നു
 
 
അന്നത്തെ ആ ഇത്തിരിപ്പോന്ന കുഞ്ഞാണ് ഇവള്‍, ഞാനും നാത്തൂനും മാറി മാറി മുലയൂട്ടിയ കുഞ്ഞ്. ഈ ഭൂമിയോടും മനുഷ്യരാശിയോടുമുള്ള പ്രതിഷേധം പോലെ സദാ നേരവും അവള്‍ ഉച്ചത്തില്‍ കരഞ്ഞു കൊണ്ടിരുന്നു. ഏതാണ്ട് ഒരു വയസ്സോട് അടുക്കും വരെ അവര്‍ ഞങ്ങളുടെ വീട്ടിലേക്കു വന്നും ഞങ്ങള്‍ അങ്ങോട്ട് പോയും ദിവസത്തില്‍ രണ്ടും മൂന്നും തവണ ആ കുഞ്ഞിനെ പാലൂട്ടി. ഏഴെട്ടു മാസം ആയപ്പോഴേയ്ക്കും അവള്‍ ഒന്നാന്തരം കുശുമ്പത്തിയായി വളര്‍ന്നു. എന്റെ മടിയില്‍ നിന്ന് പാറുവിനെ മാറ്റാന്‍ കരഞ്ഞു, നമ്മള്‍ ഒരുമിച്ചു പ്രസവിച്ചത് നന്നായി എന്ന് പറഞ്ഞു ഞാനും നാത്തൂനും ചിരിച്ചു. പിന്നെ വീടു മാറലുകള്‍ നഷ്ടപ്പെടുത്തിയ പലതിനുമൊപ്പം അവളും പോയി- ജന്മത്തിന്റെയും മരണത്തിന്റെയും പടവുകളില്‍ വല്ലാതെ തനിച്ചു നിന്ന രണ്ടു പെണ്‍മുഖങ്ങള്‍. സെറീന എഴുതുന്നു

 

 

ഒന്ന്

കുടമുല്ലയും മള്‍ബറിയും പടര്‍ന്ന മുറ്റത്തെ ചെടിപ്പടര്‍പ്പുകള്‍ക്കിടയില്‍ വള്ളിയും ചില്ലയും വകഞ്ഞു മാറ്റി എന്തോ നോക്കുമ്പോള്‍ വെള്ളത്തുണി കൊണ്ടൊരു തൊട്ടില്‍, അതില്‍ തല അല്‍പ്പം പുറത്തേയ്ക്കിട്ട് ഒരു കുഞ്ഞ് ഉറങ്ങുന്നു, ചേര്‍ത്ത് പിടിച്ചു നോക്കുമ്പോള്‍ കുഞ്ഞല്ല, ഒരു കുഞ്ഞു ജഡമാണ്, വലിയ ഉറുമ്പുകള്‍ പുറ്റു പോലെ കഴുത്തിലും വായയിലുമൊക്കെ…

നിലവിളിയിലേക്ക് ഉയരാനാകാതെ ഉറക്കം പിടഞ്ഞ് ഉണരുമ്പോള്‍ വെളുക്കാന്‍ ഇനിയും സമയം ബാക്കി. ആ രാത്രിയെ പലതായി മുറിച്ചു കൊണ്ടു ദു:സ്വപ്നങ്ങളുടെ തീവണ്ടി പലകുറി പാഞ്ഞു പോയി. ശേഷം, ഒരു ഞായറിന്റെ അലസതയിലേക്ക് ഉണര്‍ന്നു കിടക്കുമ്പോള്‍ നെഞ്ചില്‍ ആ തുണി തൊട്ടില്‍ വല്ലാത്ത കനമായി തൂങ്ങി നിന്നു. എല്ലാ ദുസ്വപ്നങ്ങളും കൊണ്ടു വരുന്നത്, അരുതാത്തത് എന്തോ വരാന്‍ പോകുന്നു എന്നൊരു ആധിയാണ്. ആ കുഞ്ഞിന്റെ മുഖം മറക്കാനും ചില നേരം ഓര്‍ത്തെടുക്കാനും നോക്കി. മക്കളെ ഇടയ്ക്കിടെ കെട്ടിപ്പിടിച്ചു.

ഊണ് കഴിഞ്ഞു ചെയ്തു തീര്‍ക്കാനുള്ള ഒരു വിവര്‍ത്തനവുമായി ഇരുന്നു. പറയാന്‍ മറന്ന പരിഭവങ്ങള്‍ എന്ന പാട്ട് ഏറെ കാലങ്ങള്‍ക്ക് ശേഷം വീണ്ടും നൂറായിരം തവണ കേട്ടു. ചില വരികള്‍, വാക്കുകള്‍ എങ്ങനെയാണ് നമ്മെ കഴുകി തുടച്ചു തിളക്കിയെടുക്കുന്നതെന്ന് അത്ഭുതപ്പെട്ടു പോകും റഫീക്ക് അഹമ്മദിന്റെ വരികള്‍ പാട്ടുകളാകുമ്പോള്‍ . തബലയുടെ പെരുക്കങ്ങള്‍ക്കൊപ്പം കവിത തന്നെയായ ആ പാട്ടില്‍ വെയില്‍ മാഞ്ഞു തുടങ്ങി…

മായുന്ന വെയില്‍ നാളം പോലെ, എന്ന് തോന്നിപ്പിക്കുന്ന അവള്‍ എന്റെ വീട്ടിലേക്കു വന്നു കയറിയതും അന്ന് തന്നെ, ആ സ്വപ്ന പിറ്റേന്ന് തന്നെ ആയതു യാദൃശ്ചികമാണോ? മകന്റെ വിവാഹം ക്ഷണിക്കാന്‍ വന്ന ബന്ധുവിനൊപ്പം വന്ന അവളെ ഞാനാദ്യം തിരിച്ചറിഞ്ഞില്ല. പിന്നെ, ഇതു നമ്മുടെ സുല്‍ഫത്തിന്റെ മോളാണ് എന്ന് പറഞ്ഞപ്പോള്‍, അറിയാമെന്ന പോലെ ഞാന്‍ ചിരിച്ചു, അടുത്ത് പരിചയമുള്ള പലരെയും പേര് മറന്നും ബന്ധം അറിയാതെയും സല്‍ക്കരിക്കേണ്ടി വന്നു ശീലമുള്ളത് കൊണ്ടു കൂടുതല്‍ ചോദിച്ചില്ല.

മോള്‍ പഠിക്കുകയാണോ എന്ന് വെറുതെ കുശലം ചോദിച്ചപ്പോ, പിന്നെ, നിന്റെ മോള്‍ടെ പ്രായം തന്നെയല്ലേ അവള്‍ക്കു കിട്ടേണ്ട പാല് ഇവളെത്ര കുടിച്ചതാണ് എന്ന് പറയുമ്പോഴേക്കും, ഓര്‍മ്മയില്‍ ഒരു പെണ്ണുടല്‍ മണ്ണെണ്ണ മണവുമായി നിന്ന് കത്തി…

ബോംബെയിലേക്ക് കല്യാണം കഴിഞ്ഞു പോയ സുല്‍ഫത്ത് രണ്ടു പെണ്‍കുഞ്ഞുങ്ങളെയും കൊണ്ടു മടങ്ങി വന്ന് ഒരാഴ്ച തികയും മുന്‍പ് ഇത്തിരി മണ്ണെണ്ണയില്‍ ഒറ്റ ആളലായി ഒടുങ്ങി. ഓര്‍മ്മയില്‍ ഒന്ന് പരതിയാല്‍ അങ്ങനെ എത്ര വിവാഹ ബലികള്‍ ..മൈസൂര്‍ കല്യാണം എന്ന പേരില്‍ ഒരു കാലത്ത് കൊച്ചിയില്‍ വ്യാപകമായി നടന്നിരുന്ന കല്യാണ സമ്പ്രദായത്തിന്റെ ഇരയായിരുന്നു സുല്‍ഫത്ത് നിക്കാഹു കഴിഞ്ഞു പോയി മയ്യത്ത് പോലും നാട്ടിലേക്ക് മടങ്ങി വരാത്ത ഷാഹിന മറ്റൊരു തീച്ചൂടുള്ള ഓര്‍മ്മ. സുല്‍ഫത്തിന്റെ മൂന്നു മാസം പ്രായമുള്ള ഇളയ കുഞ്ഞും രണ്ടു വയസ്സ് തികയാത്ത മൂത്ത കുഞ്ഞും അവളുടെ സഹോദരിയുടെ വീട്ടില്‍ വളര്‍ന്നു.

 

ഒരു ദു:സ്വപ്നപ്പേടിയില്‍ പോലും കൈവിടാന്‍ പേടിക്കുന്ന ഈ കുഞ്ഞു വിരലുകള്‍ അമ്മമാരുടെ ഉള്ളില്‍ മാത്രം വളരുന്നില്ലല്ലോ. അവരെത്ര വളര്‍ന്നാലും... Painting: Erica Hastings


 

അന്നത്തെ ആ ഇത്തിരിപ്പോന്ന കുഞ്ഞാണ് ഇവള്‍, ഞാനും നാത്തൂനും മാറി മാറി മുലയൂട്ടിയ കുഞ്ഞ്. ഈ ഭൂമിയോടും മനുഷ്യരാശിയോടുമുള്ള പ്രതിഷേധം പോലെ സദാ നേരവും അവള്‍ ഉച്ചത്തില്‍ കരഞ്ഞു കൊണ്ടിരുന്നു. ഏതാണ്ട് ഒരു വയസ്സോട് അടുക്കും വരെ അവര്‍ ഞങ്ങളുടെ വീട്ടിലേക്കു വന്നും ഞങ്ങള്‍ അങ്ങോട്ട് പോയും ദിവസത്തില്‍ രണ്ടും മൂന്നും തവണ ആ കുഞ്ഞിനെ പാലൂട്ടി. ഏഴെട്ടു മാസം ആയപ്പോഴേയ്ക്കും അവള്‍ ഒന്നാന്തരം കുശുമ്പത്തിയായി വളര്‍ന്നു. എന്റെ മടിയില്‍ നിന്ന് പാറുവിനെ മാറ്റാന്‍ കരഞ്ഞു, നമ്മള്‍ ഒരുമിച്ചു പ്രസവിച്ചത് നന്നായി എന്ന് പറഞ്ഞു ഞാനും നാത്തൂനും ചിരിച്ചു.

പിന്നെ വീടു മാറലുകള്‍ നഷ്ടപ്പെടുത്തിയ പലതിനുമൊപ്പം അവളും പോയി.

ആ ഇത്തിരിക്കുട്ടിയാണ് ഇങ്ങനെ വല്യ ആളായി , എന്റെ പാറുവിനേക്കാള്‍ മുതിര്‍ന്ന കുട്ടിയായി വന്നു നില്‍ക്കുന്നത്. എനിക്കവളെ ഒന്ന് കെട്ടിപ്പിടിക്കണം എന്ന് തോന്നി. അവള്‍ക്കു പക്ഷെ എന്തൊരു ഗൌരവമാണ് മുഖത്ത്. ഇത്രയും പക്വത പാടുണ്ടോ ഈ പ്രായത്തില്‍ , ഇങ്ങനെ ഒതുക്കിയാണോ ചിരിക്കേണ്ടത് കുട്ടികള്‍ എന്നൊക്കെ ചോദിയ്ക്കാന്‍ തോന്നി.

നീ ഇവളോട് തല്ല് കൂടിയിട്ടുണ്ട്, പാല് കുടിക്കാന്‍ എന്ന് എന്റെ മോളെ കാണിച്ചു സന്തോഷത്തോടെ പറയുമ്പോള്‍ അവളുടെ മുഖത്തെ ഉണ്ടായിരുന്ന ചിരിയും മാഞ്ഞോ. അമ്മയില്ലാത്ത കുട്ടിയെ പോറ്റി വളര്‍ത്തിയ ത്യാഗത്തിന്റെ കഥകളാവും ഇന്നോളമവള്‍ ഏറ്റവുമധികം കേട്ടിട്ടുണ്ടാവുക. പാവം. പറയേണ്ടിയിരുന്നില്ല. ചായ കുടിക്കാന്‍ പോലും നില്‍ക്കാതെ ധാരാളം വീടുകള്‍ ക്ഷണിക്കാനുണ്ടെന്നു പറഞ്ഞു തിരക്കിട്ട് അവര്‍ ഇറങ്ങി പോകുമ്പോള്‍ എന്തിനോ ആ സ്വപ്നം ഓര്‍മ്മയിലേക്ക് വന്നു.

ഒരു ദു:സ്വപ്നപ്പേടിയില്‍ പോലും കൈവിടാന്‍ പേടിക്കുന്ന ഈ കുഞ്ഞു വിരലുകള്‍ അമ്മമാരുടെ ഉള്ളില്‍ മാത്രം വളരുന്നില്ലല്ലോ. അവരെത്ര വളര്‍ന്നാലും…

 

ദൈവമേ, മരണമെത്തിയ നേരത്ത് ആ വലിയ വീടിന്റെ ഏകാന്തതയെ അവര്‍ എങ്ങനെയാവും ഒറ്റയ്ക്ക്, മുറിച്ചു കടന്നിട്ടുണ്ടാവുക. ഒരു പക്ഷേ ഓര്‍മ്മകളുടെ ആളനക്കമുള്ള ആ വീട്ടില്‍ അവര്‍ ഒറ്റയ്ക്കായിരുന്നിരിക്കില്ല,ഒറ്റയ്ക്കാണെന്ന് മറ്റുള്ളവര്‍ വിശ്വസിച്ചെങ്കിലും.. Painting:Jana Reinecke


 

രണ്ട്

നടക്കാനിറങ്ങുന്ന വഴിയില്‍, കെട്ടിടം പണിയ്ക്ക് വന്ന തമിഴര്‍ കൂട്ടമായി താമസിക്കുന്ന ഒരിടമുണ്ട്. വൈകുന്നേരങ്ങളില്‍ കുട്ടികളുടെ ആരവവും പണി കഴിഞ്ഞെത്തുന്ന പെണ്ണുങ്ങളുടെ കലപിലയും ചേര്‍ന്ന് ഒരു തമിഴ് തെരുവ് തന്നെയായി മാറും അവിടം.

പക്ഷെ അടുത്ത ഒരു വളവു തിരിയുമ്പോള്‍ പൊടുന്നനെ കാഴ്ചയുടെ ലോകം മാറും. റോഡിനു ഇരുവശവും നമ്പറുകള്‍ നല്‍കപ്പെട്ട ചെറിയ ചെറിയ ഇടവഴികളാണ്. ഓരോ ഇടവഴിയുടെയും ഇരു വശങ്ങളിലും വലിയ വീടുകള്‍, റോഡിനു ഇരു വശവും ചെറിയ ഫ്ലാറ്റുകള്‍,എന്നും രണ്ടാമത്തെ ഇടവഴിയുടെ ഇങ്ങേയറ്റത്ത് ഊന്നു വടികളില്‍ താങ്ങി നില്‍ക്കുന്നൊരു അമ്മയുണ്ടാകും.

മാലിന്യം നിക്ഷേപിക്കരുത് എന്ന ബോര്‍ഡിനു താഴെ അനുദിനം വളരുന്ന ചവറു കൂനയിലേക്ക് അഭിമുഖമാണ് ആ ഇടവഴി. എല്ലാ വൈകുന്നേരങ്ങളിലും അവരെ പതിവായി കണ്ടു, വഴിയെ പോകുന്ന ഓരോരുത്തരെയും സാകൂതം നോക്കിയുള്ള നില്‍പ്പ്. ഇപ്പോള്‍ കുളി കഴിഞ്ഞതേയുള്ളൂ എന്ന് തോന്നിക്കുന്ന മുഖപ്രസാദം, ഒരു കൊച്ചു പെണ്‍കുട്ടിയുടെ കൌെതുകം.

എന്നും കണ്ടു കണ്ടു പരസ്പരം ഒരു ചെറിയ ചിരി ഞങ്ങള്‍ കൈമാറിതുടങ്ങി. ഒരു ദിവസം കാണാതായാല്‍ എന്തേ ഇന്നലെ കണ്ടില്ലല്ലോ എന്ന് ചോദിക്കും, ഉം, വന്നില്ല എന്ന് മറുപടി പറയും. അത്ര മാത്രം. ഒരിക്കല്‍ കുറച്ചധിക ദിവസം നടത്തം മുടങ്ങി. ഒരിടവേള കഴിഞ്ഞു നടക്കാനിറങ്ങിയ ഒരു വൈകുന്നേരം അവരെ കണ്ടില്ല, പിന്നെ തുടര്‍ച്ചയായി പല ദിവസങ്ങള്‍ അവരെ കാണാതായി.

ആ വളവ് തിരിയുന്നതിന് മുന്‍പേ അറിയാതെ അവരെ തിരയാന്‍ തുടങ്ങി. ഒരിക്കല്‍ ആ ഇടവഴിയുടെ അങ്ങേ തലയ്ക്കല്‍ വരെ പോയി നോക്കി..ഇരു വശവും കൂറ്റന്‍ വീടുകള്‍, മുറ്റം കാണാന്‍ പറ്റാത്ത അത്രയും ഉയരത്തില്‍ പണിതുയര്‍ത്തിയ ഗേറ്റുകള്‍. ഇതിലേതാവും ആ അമ്മയുടെ വീട്..?

പിന്നെ പല ദിവസങ്ങള്‍. ആ വഴി നടക്കുമ്പോഴെല്ലാം അവിടെയെത്തുമ്പോള്‍ ആ അമ്മയെ ഓര്‍ത്തു, അവര്‍ എവിടേയ്ക്കാണ് മാഞ്ഞു പോയത്?

സായാഹ്ന നടത്തയുടെ ആവേശം തീര്‍ന്നു, നടക്കാന്‍ പോകാതായി .അവരെ മറന്നു തുടങ്ങി.

പിന്നെ ഒരു ദിവസം മീനുമായി വരുന്ന സതിചേച്ചി പറയുന്നു, അവിടെ ലൈന്‍ നമ്പര്‍ ഒന്‍പതില്‍ കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് ഒരു സ്ത്രീ വീട്ടിനുള്ളില്‍ ദിവസങ്ങളോളം മരിച്ചു കിടന്ന കഥ. കുറച്ചു നാള്‍ സുഖമില്ലാതെ കിടന്നുവത്രേ. ഒരു വലിയ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. കാലിനു സ്വാധീനമില്ലെങ്കിലും എല്ലാം തനിയെ ചെയ്യണം. നിലം തൂക്കാനും തുടയ്ക്കാനും ഒരു പെണ്ണ് വരും. മീനുമായി ചെല്ലുമ്പോള്‍ എന്തെങ്കിലുമൊന്നു സഹായിക്കാമെന്ന് വെച്ചാല്‍ സമ്മതിക്കില്ല.

രണ്ടു ആണ്‍മക്കളുടെ അമ്മ. ഒരു മകനും ഭര്‍ത്താവും കുറഞ്ഞ വര്‍ഷങ്ങളുടെ ഇടവേളകളില്‍ മരിച്ചു. മറ്റൊരു മകന്‍ വിദേശത്തെങ്ങോ ആണ്..മകന്‍ കൂടെ കൂട്ടാഞ്ഞല്ല, ആ അമ്മ പോകാഞ്ഞിട്ടാണ്. ഇത്തിരി മീന്‍ വാങ്ങുമ്പോള്‍ പോലും വില പേശുന്ന പിശുക്കത്തിയാണ്, പക്ഷെ എന്തെങ്കിലും സങ്കടം പറഞ്ഞാല്‍ നല്ലോണം സഹായിക്കും. സതിചേച്ചി പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.

ദൈവമേ, മരണമെത്തിയ നേരത്ത് ആ വലിയ വീടിന്റെ ഏകാന്തതയെ അവര്‍ എങ്ങനെയാവും ഒറ്റയ്ക്ക്, മുറിച്ചു കടന്നിട്ടുണ്ടാവുക. ഒരു പക്ഷേ ഓര്‍മ്മകളുടെ ആളനക്കമുള്ള ആ വീട്ടില്‍ അവര്‍ ഒറ്റയ്ക്കായിരുന്നിരിക്കില്ല,ഒറ്റയ്ക്കാണെന്ന് മറ്റുള്ളവര്‍ വിശ്വസിച്ചെങ്കിലും..

ജന്മത്തിന്റെയും മരണത്തിന്റെയും പടവുകളില്‍ വല്ലാതെ തനിച്ചു നിന്ന രണ്ടു പെണ്‍മുഖങ്ങളെ ഇങ്ങനെ ഓര്‍ത്തെടുക്കുമ്പോള്‍ ഉള്ളിലിരുന്നു മറ്റാരോ ചോദിക്കുന്നുണ്ട്, അല്ലെങ്കില്‍ ആരാണ് തനിച്ചല്ലാത്തത്…?

 
 
 
 

4 thoughts on “ഒറ്റച്ചിറകിനാല്‍ പറക്കുന്ന ദൂരങ്ങള്‍

  1. . ഒരു പക്ഷേ ഓര്‍മ്മകളുടെ ആളനക്കമുള്ള ആ വീട്ടില്‍ അവര്‍ ഒറ്റയ്ക്കായിരുന്നിരിക്കില്ല,ഒറ്റയ്ക്കാണെന്ന് മറ്റുള്ളവര്‍ വിശ്വസിച്ചെങ്കിലും..

Leave a Reply

Your email address will not be published. Required fields are marked *