കണ്ണില്ലാത്തവരുടെ കണ്ണു്

 
 
 
 

ഇന്ന് ലോക കാഴ്ച ദിനം. കണ്ണുകാണാത്തവര്‍ക്കായി മലയാളത്തില്‍ രൂപം കൊണ്ട മഹത്തായ ഒരു സാങ്കേതിക മുന്നേത്തെക്കുറിച്ച്, അതിന്റെ രാഷ്ട്രീയ പ്രാധാന്യത്തെക്കുറിച്ച് ചില ആലോചനകള്‍.. ജിനേഷ് ഓര്‍മ്മ ദിനത്തിന്റെ പശ്ചാത്തലത്തില്‍ ഹുസൈന്‍. കെ.എച്ച് എഴുതുന്നു

 
 

സഹജീവികളിലേക്ക് നന്‍മയായി പെയ്യുമ്പോഴാണ് ശാസ്ത്രവും സാങ്കേതിക വിദ്യയും മഹത്വത്തിന്റെ ആകാശങ്ങള്‍ തൊടുന്നത്. എന്നാല്‍, കോര്‍പറേറ്റുകളുടെ പുതുകാലത്ത്, കണ്ടെത്തലുകളുടെ ദൌത്യം സഹജീവികളുടെ നന്‍മയല്ല. കച്ചവടക്കണക്കുകളുടെ കേവല യുക്തിമാത്രം. ശാസ്ത്ര സാങ്കേതികതയുടെ പുത്തന്‍ സാധ്യതകള്‍ പേറ്റന്റുകളുടെ കൂറ്റന്‍ മതില്‍ക്കെട്ടുകളില്‍നിന്നും സഹജീവികള്‍ക്കായി തുറന്നുകൊടുക്കേണ്ടത് ഏറ്റവും അനിവാര്യമായ രാഷ്ട്രീയ സമരമായി മാറുന്നത് ഈ പശ്ചാത്തലത്തിലാണ്.

ഇത്തരമൊരു പോരാട്ടത്തിന് സ്വയം സമര്‍പ്പിച്ച അനേകം മനുഷ്യരുടെ കഠിന പ്രയത്നങ്ങളുടെ ഫലമാണ് നമ്മുടെ ജീവിതത്തെ ഏറ്റവും സൌകര്യപ്രദമാക്കുന്ന പലതും. അത്തരമൊരു കൂട്ടായ്മയിലെ -സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് -മുന്നണിപ്പോരാളികളായിരിക്കെ , പൊടുന്നനെ ഇല്ലാതായ രണ്ട് ചെറുപ്പക്കാരുടെ ഓര്‍മ്മദിനമായിരുന്നു ഇക്കഴിഞ്ഞ സെപ്തംബര്‍ 29. കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിങ് കോളജിലെ പൂര്‍വ വിദ്യാര്‍ഥികള്‍ കൂടിയായ ജിനേഷിന്റെയും ശ്യാമിന്റെയും. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് കൂട്ടായ്മയുടെ വാര്‍ഷിക ഒത്തുചേരലും കോളജ് കമ്പ്യൂട്ടര്‍ സയന്‍സ് അസോസിയേഷനായ മാട്രിക്സിന്റെ ഉദ്ഘാടനവും അതോടൊപ്പം നടന്നു. ജിനേഷിനെക്കുറിച്ച് സുഹൃത്തുക്കള്‍ തയ്യാറാക്കിയ ഓര്‍മ്മപ്പുസ്തകത്തിന്റെ പ്രകാശനവും അന്ന് നടന്നു.

അന്നത്തെ ഏറ്റവും ഹൃദയസ്പര്‍ശിയായ ചടങ്ങ്, ജിനേഷിന്റേതടക്കം മുന്‍കൈയില്‍ ആരംഭിച്ച്, ഇപ്പോള്‍ ഫലപ്രാപ്തിയോടടുത്ത ഒ.സി.ആര്‍ (Optical Character Recognition) പ്രൊജക്ടിന്റെ സോദാഹരണ അവതരണമായിരുന്നു. കണ്ണു കാണാത്തവര്‍ക്ക് കണ്ണായി സാങ്കേതികത മാറുന്ന മഹത്തായ ഒരു മുഹൂര്‍ത്തം. ആ ചടങ്ങിനെക്കുറിച്ചും, സാങ്കേതികത അത്യന്തം മാനുഷികമായി മാറിയ ഒ.സി.ആര്‍ പ്രാജക്റ്റിനെക്കുറിച്ചും, ഹൃദയസ്പര്‍ശിയായ ആ മുഹൂര്‍ത്തത്തെക്കുറിച്ചും ഹുസൈന്‍ കെ.എച്ച് എഴുതുന്നു

 

 

സെപ്റ്റംബര്‍ 29 ജിനേഷിന്റെ ഓര്‍മ്മദിനമായിരുന്നു. അകാലത്തില്‍ മരണമടഞ്ഞ ശ്യാമിനേയും ഓര്‍മ്മിക്കാനായി ഇളംതലമുറക്കാരായ ഐടി വിദ്യാര്‍ത്ഥികള്‍ കുറ്റിപ്പുറം എം.ഇ.എസ്. എന്‍ജിനിയറിംഗ് കോളേജില്‍ ഒത്തുകൂടി. ഐടി ക്ലബ്ബ് Matrics ന്റെ ഉല്‍ഘാടന ദിനം കൂടിയായിരുന്നു അന്നു്. ജിനേഷും ശ്യാമും അവിടുത്തെ പൂര്‍വ്വവിദ്യാര്‍ത്ഥികളായിരുന്നു. സ്വതന്ത്ര സോഫ്റ്റ് വെയറിനും തുറന്നലോകത്തിനും സ്വയംസമര്‍പ്പിച്ച പ്രതിഭകളായിരുന്നു രണ്ടുപേരും.

അന്നു് ഹൃദയസ്പര്‍ശിയായ ഒരനുഭവമുണ്ടായി.

ഹുസൈന്‍. കെ.എച്ച്


ആഡിറ്റോറിയം നിറയെ കുട്ടികളായിരുന്നു. അദ്ധ്യാപകരും സഹപാഠികളും സുഹൃത്തുക്കളും എത്തിചേര്‍ന്നിരുന്നു. ജിനേഷിന്റെ അച്ഛനും അമ്മയും ബന്ധുക്കളും സന്നിഹിതരായിരുന്നു. ശ്യാമുമായുള്ള ഓര്‍മ്മകള്‍ പങ്കുവെയ്ക്കാനും ജിനേഷിന്റെ ലോഗ്ബുക്ക് പ്രകാശനം ചെയ്യാനുമായി കവി പി.പി. രാമചന്ദ്രന്‍ എത്തിയിരുന്നു.
അന്ധരായ കുറെ ആളുകള്‍ തപ്പിത്തടഞ്ഞും മറ്റുള്ളവരുടെ കൈപിടിച്ചും ആഡിറ്റോറിയത്തിലേക്കു് കടന്നുവന്നു. പ്രായംകൊണ്ടു് അവര്‍ വിദ്യാര്‍ത്ഥികളല്ലെന്നു് സ്പഷ്ടം. വിദ്യാര്‍ത്ഥികളുടെ പിതാക്കളോ ബന്ധുക്കളോ ആണെങ്കില്‍ത്തന്നെ, ഐടിയെ സംബന്ധിച്ച പ്രഭാഷണങ്ങളും ഡിമോണ്‍സ്ട്രേഷനുകളും നടക്കുന്നിടത്തു് കണ്ണില്ലാത്തവര്‍ക്ക് എന്തു കാര്യം എന്നു് ഞങ്ങളെല്ലാവരും വിസ്മയിച്ചു.

അനുസ്മരണ പ്രഭാഷണങ്ങളും പ്രകാശനകര്‍മ്മവും കഴിഞ്ഞു. അടുത്തതു് മലയാളം OCR ഡിമോണ്‍സ്ട്രഷന്‍ സത്യന്‍ മാഷ് നിര്‍വ്വഹിക്കുന്നതാണെന്നു് അനൗണ്‍സ്മെന്റ് ഉണ്ടായി.

 

 

സത്യന്‍ മാഷ് സ്റ്റേജിലേക്കു് കയറി.

അദ്ദേഹത്തിനു് കാഴ്ചയുണ്ടായിരുന്നില്ല. കൂടെ സ്റ്റേജിലേക്ക് കൈപിടിച്ചു കൊണ്ടുവന്നതു് അദ്ദേഹത്തിന്റെ മകന്‍ നളിനന്‍ ആണെന്നു് പിന്നീടറിഞ്ഞു.
സത്യശീലന്‍ മാഷ് കേരള ഫെഡറേഷന്‍ ഓഫ് ബ്ലൈന്‍ഡിന്റെ പ്രസിഡന്റാണു്.

കമ്പ്യൂട്ടറും സ്കാനറും ഓണ്‍ ചെയ്തു് അദ്ദേഹം ഡിമോണ്‍സ്ട്രേഷന്‍ ആരംഭിച്ചു. അച്ചടിച്ച ഒരു പുസ്തകം തുറന്നു് സ്കാനറില്‍വച്ച് അദ്ദേഹം സ്കാന്‍ ചെയ്തു. ഏതു് മെനുവില്‍ പോകണമെന്നും ഏതു ഫങ്ഷന്‍ പ്രവര്‍ത്തിപ്പിക്കണമെന്നും ഏതു ബട്ടണ്‍ ക്ലിക്ക് ചെയ്യണമെന്നും ആരും അദ്ദേഹത്തെ പഠിപ്പിക്കേണ്ട ആവശ്യമില്ല.

കണ്ണുള്ളവരേക്കാള്‍ സൂക്ഷ്മതയോടെ അദ്ദേഹം സ്റ്റജിലിരുന്നു് എല്ലാം ഭംഗിയായി കൈകാര്യം ചെയ്യുന്നുണ്ടു്. ചെയ്യുന്ന സ്റ്റെപ്പുകളൊക്കെ കൃത്യതയോടെ, വ്യക്തമായി അദ്ദേഹം മൈക്കിലൂടെ പറയുന്നുണ്ടു്. സ്കാന്‍ ചെയ്തു് കിട്ടുന്ന പേജിന്റെ ഇമേജും പ്രോഗ്രാം മൊഡ്യൂകളിലൂടെയുള്ള മൗസിന്റെ ചലനങ്ങളുമൊക്കെ നാം ഡിസ്‌പ്ലേ സ്ക്രീനില്‍ കാണുന്നുണ്ടു്. കണ്ണുള്ളവര്‍ കാഴ്ചയില്‍ പലതും വിട്ടുപോകുമെന്നു് അദ്ദേഹത്തിനു് നന്നായി അറിയാമെന്നതിനാല്‍ ഒരു സംശയത്തിനും ഇടവരാത്ത വിധത്തില്‍ യുക്തിഭദ്രമായി, സൂക്ഷ്മമായ വിശദീകരണത്തോടെയാണു് ഡിമോ പുരോഗമിക്കുന്നതു്.

അദ്ദേഹത്തിന്റെ പല വാക്കുകളും ഞങ്ങളെ വിഭ്രമിപ്പിച്ചു. “സ്കാന്‍ ചെയ്തു് JPG ല്‍ ഇമേജ് വന്നുകഴിഞ്ഞിരിക്കുന്നു. അതു് നിങ്ങള്‍ക്കു് സ്ക്രീനില്‍ കാണാം. ഇപ്പോള്‍ അക്ഷരങ്ങള്‍ വെറും ചിത്രങ്ങള്‍ മാത്രമാണു്. അതിലെ തെറ്റുകള്‍ തിരുത്താനും എഡിറ്റുചെയ്യാനും സാദ്ധ്യമല്ല. ഇമേജിനെ ടെക്സ്റ്റ് ആക്കി മാറ്റുന്ന സംവിധാനത്തെയാണു് OCR (Optical Character Recognition) എന്നു പറയുന്നതു്. ഇംഗ്ലീഷില്‍ അച്ചടിച്ച പേജുകളെ OCR ചെയ്യാന്‍ പ്രഗത്ഭമായ പ്രോഗ്രാമുകള്‍ ഏറെയുണ്ടു്. മലയാളത്തില്‍ തിരുവനന്തപുരത്തെ സിഡാക്ക് വര്‍ഷങ്ങള്‍ക്കുമുമ്പ് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. എന്നാല്‍ അന്തരിച്ച ജിനേഷ് ഹൈദരാബാദ് IIIT യില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തുടങ്ങിയ ആ വഴിക്കുള്ള ശ്രമങ്ങള്‍ ഇപ്പോള്‍ വിജയത്തിലെത്തിയിരിക്കുന്നു. ജിനേഷിനുശേഷം അവിടെ ചേര്‍ന്ന നവീന്‍ എന്ന മലയാളി വിദ്യാര്‍ത്ഥിയാണു് പ്രോജക്ട് ഇപ്പോള്‍ കൈകാര്യം ചെയ്യുന്നതു്. നവീന്‍ എന്റെയടുത്തു് നില്‍ക്കുന്നുണ്ടു്. മലയാളം ബുക്കിലെ സ്കാന്‍ ചെയ്ത രണ്ടു് പേജുകള്‍ ഇപ്പോള്‍ നിങ്ങള്‍ കാണുന്നുണ്ടല്ലോ. ഇനി ഞാന്‍ ജിനേഷും നവീനും ചെയ്ത OCR പ്രോഗ്രാം അപ്ലൈ ചെയ്യാന്‍ പോകുകയാണു്. അതിനായി പ്രോഗ്രാം ബട്ടണ്‍ ക്ലിക്കു ചെയ്തു കഴിഞ്ഞു. OCR ആരംഭിച്ചിരിക്കുന്നു. ചിത്രങ്ങളില്‍ നിന്നും അക്ഷരങ്ങളും വാക്കുകളും വാചകങ്ങളും രൂപപെട്ടുവരുന്നു. അതു് നിങ്ങള്‍ക്കു് സ്കീനില്‍ കാണാം. മലയാളത്തിന്റെ പഴയ ലിപിയില്‍ മീര ഫോണ്ടിലാണു് അക്ഷരങ്ങള്‍ രൂപംകൊള്ളുന്നതു്. പുസ്തകം പക്ഷെ പരിഷ്കരിച്ച ലിപിയിലാണു്…..”

ലോകത്തിലെ ഒരു രൂപവും കാഴ്ചയും കാണാത്ത ഒരാള്‍, അക്ഷരങ്ങള്‍ ഇതുവരെ കാണാത്ത ഒരാള്‍, കംമ്പ്യൂട്ടറിനേയും സ്ക്രീനിനേയും കീബോര്‍ഡിനേയും മൗസിനേയും കാണാത്ത ഒരാള്‍, തൊട്ടടുത്ത് നില്‍ക്കുന്ന സ്വന്തം മകനെ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാള്‍ അകകണ്ണുകൊണ്ടു് സ്പര്‍ശിച്ചും സങ്കല്പിച്ചും മലയാള ഭാഷാസാങ്കതികതയിലെ വമ്പിച്ചൊരു കുതിച്ചുചാട്ടത്തെ കണ്ണുള്ള നമുക്കുമുമ്പില്‍ അവതരിപ്പിക്കുകയാണു്. നമ്മെ പഠിപ്പിക്കുകയാണു്.

 

 

സത്യന്‍ മാഷ് തുടര്‍ന്നു.

“ഇനി നാം കാണാന്‍ പോകുന്നതു്, ഇങ്ങനെ യൂണികോഡ് അക്ഷരങ്ങളായി തീര്‍ന്ന ടെക്സ്റ്റിനെ ശബ്ദമാക്കി മാറ്റുന്ന പ്രക്രിയയാണു്. Text-to-Speech എന്ന ഈ പ്രക്രിയയ്ക്കു് പല ഇംഗ്ലീഷ് മോഡലുകളുമുണ്ടു്. ഇപ്പോള്‍ ഇവിടെ കാണിക്കുന്ന സ്വരയന്ത്രം വികസിപ്പിച്ചതു് IIIT ഹൈദരാബാദിലെ ഡോ. കിഷോറിന്റെ നേതൃത്വത്തിലാണു്. സ്കാന്‍ ചെയ്ത പേജിലെ വാക്കുകള്‍ ഇപ്പോള്‍ സ്ക്രീനില്‍ നിരനിരയായി, വരികളായി, text ആയി കിടപ്പുണ്ടു്. ഞാന്‍ Text-to-Speech തുടങ്ങാനുള്ള ബട്ടണ്‍ അമര്‍ത്തിക്കഴിഞ്ഞു.”

അദ്ദേഹം ഒരു നിമിഷം നിശ്ശബ്ദനായി. സ്കീനിലെ ആദ്യാക്ഷരത്തില്‍ തുടങ്ങി പതുക്കെപ്പതുക്കെ കഴ്സര്‍ നീങ്ങുന്നതു് ഇപ്പോള്‍ നമുക്കു് കാണാം. ഓരോ അക്ഷരങ്ങളിലൂടെ നീങ്ങുമ്പോഴും വ്യജ്ഞനങ്ങളും സ്വരങ്ങളും സംയോജിച്ചു് ശബ്ദങ്ങളായി പരിണമിച്ചു് കമ്പ്യൂട്ടറിന്റെ സ്പീക്കറിലൂടെ സദസ്സിലേയ്ക്കു് ഒഴുകുകയാണു്. ഒരു വാക്ക് കമ്പ്യൂട്ടര്‍ ഉച്ചരിച്ചു കഴിയുമ്പോള്‍ (ഒരു ഇംഗ്ലീഷുകാരന്റെ ഡയലക്ടിലാണതു്) സത്യന്‍ മാഷ് അതു് സ്പഷ്ടമായി മൈക്കിലൂടെ ഏറ്റുപറയുന്നുണ്ടു്.

കഴ്സര്‍ അടുത്ത വാക്കിലേക്കു് കടക്കുകയാണു്. ശ്രദ്ധാപൂര്‍വ്വം കേട്ടു് സത്യന്‍ മാഷ് അതും പറയുന്നു. ചരിത്രത്തിലാദ്യമായി ബ്രയ്‌ലി അക്ഷരങ്ങളിലൂടെ വിരലോടിക്കാതെ, മറ്റൊരാള്‍ വായിച്ചുകൊടുക്കുന്നതു് കേള്‍ക്കാതെ, ആരുടേയും സഹായമില്ലാതെ, ഒരു കമ്പ്യൂട്ടറും സ്കാനറും രണ്ടു് പ്രോഗ്രാമുകളും ഉപയോഗിച്ചു് ഒരു അന്ധന്‍ മലയാളം വായിക്കുകയാണു്.

മലയാളസാഹിത്യത്തിന്റേയും കവിതയുടേയും വിജ്ഞാന സാഹിത്യത്തിന്റേയും ഇതുവരെ തൊടാന്‍ കഴിയാതിരുന്ന കൃതികളെല്ലാം അവരുടെ ഇരുട്ടിലെ സജീവസാന്നിദ്ധ്യമായി മാറുകയാണു്. കണ്ണുള്ള നാം അവഗണിക്കുന്ന അക്ഷരങ്ങളും അക്ഷരസംസ്കൃതികളും അവര്‍ക്കിനി സ്വന്തം ഹൃദയത്തോടു ചേര്‍ത്തുവയ്ക്കാം. അതു് സത്യന്‍ മാഷിന്റെ പ്രത്യാശ നിറഞ്ഞ ശബ്ദത്തില്‍ സ്പഷ്ടമായുണ്ടു്. സദസ്സിലിരിക്കുന്ന അദ്ദേഹത്തിന്റെ കൂട്ടുകാരായ അന്ധരുടെ പ്രകാശിക്കുന്ന മുഖങ്ങളിലുണ്ടു്.

 

 

സാങ്കേതികത അത്യന്തം മാനുഷികമാകുന്ന ഒരു കാഴ്ചയ്ക്കാണു് ഞങ്ങള്‍ അന്നവിടെ സാക്ഷ്യംവഹിച്ചതു്. മലയാള ഭാഷാസാങ്കേതികതയിലെ അവിശ്വസനീയമായ ഒരു നേട്ടത്തെ മുഖാമുഖം കാണുകയാണു്.

ആറു വര്‍ഷങ്ങള്‍ക്കു മുമ്പു് തിരുവനന്തപുരം സിഡാക്ക് അവതരിപ്പിച്ച മലയാളം OCR എന്ന പ്രഹസനത്തെ ഓര്‍ത്തുപോകുകയാണു്. വിജയകരമായി പൂര്‍ത്തീകരിച്ചിരിക്കുന്നു എന്നായിരുന്നു അവരുടെ അവകാശവാദം. പ്രവര്‍ത്തിച്ചു കാണിക്കുമ്പോള്‍ സ്ക്രീനില്‍ അവിടേയും ഇവിടേയും അ, ക,..എന്നിങ്ങനെ കുറച്ചു് അക്ഷരങ്ങള്‍ ചിതറിക്കിടക്കുന്നു. പരിഹാസ്യമായ ആ പരീക്ഷണത്തിനു് അവര്‍ ലക്ഷങ്ങള്‍ ചിലവഴിച്ചിട്ടുണ്ടു്. ഒട്ടേറെ വിദഗ്ദ്ധരുടെ ശേഷികളെ ദുര്‍വിനിയോഗം ചെയ്തിട്ടുണ്ടു്. ‘മലയാളത്തിന്റെ പഴയ ലിപിയെ കണ്‍വെര്‍ട്ട് ചെയ്യുന്നതു് ഒന്നു കാണിച്ചു തരുമോ?’ എന്ന ചോദ്യത്തിനു് അവരുടെ അജ്ഞതയും ധാര്‍ഷ്ട്യവും നിറഞ്ഞ ഉത്തരം, ‘മലയാളത്തിന്റെ പഴയ ലിപി എന്നേ മരിച്ചു കഴിഞ്ഞു’ എന്നായിരുന്നു.

ആറു വര്‍ഷമേ കഴിഞ്ഞുള്ളൂ. അസാദ്ധ്യമെന്നു് കരുതിയതു് സംഭവിച്ചിരിക്കുന്നു. പരിഷ്കരിച്ച ലിപിയില്‍ അച്ചടിച്ച വാക്കുകളെയാണു് ഇപ്പോള്‍ വായിച്ചു് അക്ഷരങ്ങളാക്കുന്നതു്. 200 ഓളം അക്ഷരങ്ങളേ ഇപ്പോള്‍ വരുതിയിലായിട്ടുള്ളൂ. മലയാളത്തിന്റെ സമഗ്രലിപി സഞ്ചയത്തില്‍ ഇനിയും എണ്ണൂറെണ്ണം ബാക്കികിടപ്പുണ്ടു്. അവയുടെ രൂപങ്ങള്‍ ഒരു നിശ്ചിത ഫോര്‍മാറ്റിലാക്കി കൊടുത്തുകഴിഞ്ഞാല്‍ അതും വേഗത്തില്‍ത്തന്നെ വായിച്ചെടുക്കാവുന്ന തരത്തിലാക്കാമെന്നു് വിനീത് പറയുന്നു. അദ്ദേഹവുമൊത്തു് അതിനുള്ള ശ്രമങ്ങള്‍ക്കു് രൂപംകൊടുത്തുകഴിഞ്ഞു.

 

 

സിഡാക്ക് ഉണ്ടാക്കിയ OCRന്റെ ഗതി എവിടെയുമെത്താതെ വിസ്മൃതമായി. ഗവണ്‍മെന്റ് ഏജന്‍സികളായ ഭാഷാ ഇന്‍സ്റ്റിറ്റൂട്ടിന്റേയും സിഡാക്കിന്റേയും സിഡിറ്റിന്റേയും ഭാഷാസാങ്കേതിക പ്രവര്‍ത്തനങ്ങള്‍ രഹസ്യാത്മകമാണു്. തുറന്ന സ്വതന്ത്രമായ ലോകത്തിന്റെ ചൈതന്യം അവര്‍ക്കു് അന്യമാണു്. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗിലെ കുട്ടികള്‍ സ്വപ്നം കാണുന്ന മഹത്തായ പ്രവര്‍ത്തനങ്ങളില്‍ അവര്‍ പങ്കുചേരുകയോ സഹായിക്കുകയോ ചെയ്യുന്നില്ല.

ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഇപ്പോഴത്തെ പ്രധാന അജണ്ട മലയാളത്തിനു് ക്ലാസ്സിക് പദവി നേടിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങളാണു്. ഒപ്പം മലയാള ലിപിയെ ഒന്നുകൂടി വെട്ടിച്ചെറുതാക്കി പരിഷ്കരിക്കാനുള്ള പദ്ധതികളും അണിയറയില്‍ രൂപംകൊണ്ടിരിക്കുന്നു. ഇവരുടെയൊക്കെ സാമൂഹ്യവിരുദ്ധത അരങ്ങുവാഴുന്ന കാലത്താണു് ജിനേഷും സുഹൃത്തുക്കളും തികച്ചും മാനുഷികമായ മറ്റൊരു ലോകം സൃഷ്ടിക്കാനായി സ്വപ്നം കാണുന്നതും സ്വയം സമര്‍പ്പിക്കുന്നതും.

 

 

അറിവും സാങ്കേതികതയും ഓര്‍മ്മകളും ഞങ്ങള്‍ക്കിടയില്‍ വെളിച്ചമായി ഒഴുകി നടന്നു. ജിനേഷും ശ്യാമും അതാ, അവിടെ കൂട്ടുകാര്‍ക്കിടയിലിരുന്നു് ചിരിക്കുകയും തര്‍ക്കിക്കുകയും ബഹളംവയ്ക്കുകയും ചെയ്യുന്നുണ്ടു്. രാത്രി എല്ലാവരും ഉറങ്ങിക്കഴിയുമ്പോള്‍ മനുഷ്യര്‍ക്കും ഭാഷക്കും ചരിത്രത്തിനുമായി ഉറക്കമിളക്കാന്‍ പുതിയൊരു ചിന്തയുടെ ശകലം അവര്‍ ഇപ്പൊഴേ കുറിച്ചുവച്ചിട്ടുണ്ടു്. നേരം വെളുക്കുമ്പോള്‍ കണ്ടെത്തിയ കാര്യങ്ങള്‍ കൂട്ടുകാര്‍ക്കായി, ലോകത്തിനായി അവര്‍ സമര്‍പ്പിക്കുമെന്നു തീര്‍ച്ച.

സത്യന്‍ മാഷ് തന്റെ അവതരണവും പ്രഭാഷണവും അവസാനിപ്പിച്ചു. “ജിനേഷ് ഇന്നു് നമ്മോടൊപ്പമില്ല. ജീവിച്ചിരുന്നപ്പോഴും ഞങ്ങള്‍ക്കു് അദ്ദേഹത്തെ കാണാന്‍ കഴിയുമായിരുന്നില്ല. അദ്ദേഹത്തിന്റെ പ്രയത്നങ്ങള്‍ നവീനിലൂടെ ഞങ്ങളുടെ വെളിച്ചമായി മാറുകയാണു്. ജിനേഷ് ഞങ്ങളുടെ കണ്ണാണു്”.

 
 

 


 


 


 
 

ജിനേഷിനെക്കുറിച്ച്, ഓര്‍മ്മ ദിനത്തെക്കുറിച്ച് നാലാമിടം പ്രസിദ്ധീകരിച്ച കുറിപ്പ്
വേഗങ്ങള്‍ക്കു മുമ്പേ പറന്നൊരാള്‍
 
സത്യന്‍ മാഷിനെക്കുറിച്ച് ദേശാഭിമാനി പ്രസിദ്ധീകരിച്ച ഫീച്ചര്‍
കണ്ണുകളെന്തിനു വേറെ
 
 
 
 

4 thoughts on “കണ്ണില്ലാത്തവരുടെ കണ്ണു്

 1. ജിനേഷിന്റെ അനുസ്മരണത്തില് നടന്ന സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് പ്രവര്ത്തകരുടെ കൂട്ടായ്മയില് ( http://wiki.smc.org.in/Annual_Meet_2012 ) സത്യശീലന് മാഷ്. രണ്ടാം ദിവസം നടന്ന ഒരു വര്ക്ക്ഷോ പ്പ് സെക്ഷനിടയിലെ ഇടവേളയില് ഞങ്ങള്ക്ക്് വേണ്ടി മനോഹരമായി ഓടക്കുഴല് വായിച്ചു.

  Youtube Link : http://www.youtube.com/watch?v=wrkXEdhDD4I

 2. കണ്ണും മനസും നിറഞ്ഞുപോയി മാഷേ
  നന്ദി, നാലാമിടം, ഹുസൈന്‍ സര്‍

 3. നന്ദി മാഷെ ഇങ്ങനെ ഒരു ലേഖനം എഴുതിയതിനും. ജിമ്നെഷിനെയും ശ്യാമിനെ കുറിച്ചൊക്കെ അറിയാന്‍ കഴിഞ്ഞതിലും നന്ദി.
  c-dac ചിലവഴിച്ച ലക്ഷങ്ങള്‍ നമ്മുടെ ഒക്കെ തന്നെ കാശ് ആണ്. കെടുകാര്യസ്ഥതയുടെ പര്യായം ആണ് നമ്മുടെ സര്‍കാര്‍ സംവിധാങ്ങള്‍ . ഇനി വരുന്ന തലമുറയെങ്കിലും അതൊക്കെ നന്നാകും എന്ന് കരുതാം.

 4. നൂതനമായ ഇത്തരം സാധ്യതകള്‍ തികച്ചും സൌജന്യമായി ലോകത്തിനു കാണിച്ചുകൊടുക്കുന്ന ഇതുപോലുള്ള ആളുകള്‍ക്ക് ആശംസകള്‍ … ഒപ്പം ഹുസൈന്‍ സാറിനും നന്ദി….

  ശ്രീജിത്ത്‌, KSOM

Leave a Reply

Your email address will not be published. Required fields are marked *